Thursday, April 22, 2010

ആറ് ബി-യിലെ ടി.ഡി ദാസനുള്ള കത്തുകള്‍





ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി മലയാളത്തിലിന്നേവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായ കലാ സൃഷ്ടിയൊന്നുമല്ല. പക്ഷെ, 2010ല്‍ ഇറങ്ങിയ മലയാള സിനിമയിലെ ഒരേയൊരു നല്ല സിനിമയാണ്. പുതുമയാര്‍ന്ന പ്രമേയം കൊണ്ടും ഔചിത്യമാര്‍ന്ന തിരക്കഥകൊണ്ടും അമാനുഷികമല്ലാത്ത കഥാപാത്ര സൃഷ്ടികൊണ്ടും അതിനിണങ്ങുന്ന അഭിനേതാക്കളേക്കൊണ്ടും നിര്‍മ്മിക്കപ്പെട്ട; നന്മയിലും സ്നേഹത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, അതിനെ പൂര്‍ത്തീകരിക്കുന്ന ഒരു നല്ല സിനിമ.

തൊട്ടടുത്ത കഥാപാത്രത്തോട് പോലും അലറിവിളിച്ചും അണ്ടര്‍വെയര്‍ കാണിച്ചുകൊണ്ടും ആറിലധികം ഭീമന്മാരെ ഒരൊറ്റയിടിയാല്‍ പറത്തിവിട്ടും നായികയുമൊത്ത് മൌറീഷ്യസിലും മലേഷ്യയിലും ആടിപ്പാടുന്ന സ്വത്വം നഷ്ടപ്പെട്ട, ആത്മാവില്ലാത്ത സമകാലീന മലയാള സിനിമയില്‍; വേനലിലെ കുളിര്‍മഴപോലെ അല്ലെങ്കില്‍ പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ആത്മാവും ജീവനും ഊര്‍ജ്ജവുമായി മോഹന്‍ രാഘവനെന്ന ഫിലിം ഇന്‍സ്റ്റിട്യൂട്ട് സന്തതി മലയാളിക്കുവേണ്ടി സ്നേഹത്തിന്റേയും സ്നേഹ നിരാസത്തിന്റെയും, പ്രകൃതി പരിചരണത്തിന്റേയും ചൂഷണത്തിന്റേയുമൊക്കെ ഒരു കഥ പറഞ്ഞു തന്നിരിക്കുകയാണ്. അതും സൂപ്പര്‍ സ്റ്റാറുകളുടെ എന്നല്ല വലിയ പോപ്പുലാരിറ്റി പോലുമില്ലാത്ത താരങ്ങളെ വെച്ചും പുതിയ കുട്ടികളെ ഉപയോഗിച്ചും.

കഥാസാരം
ബാംഗ്ലൂരില്‍ ആഡ് ഫിലിം മേക്കറായ നന്ദകുമാറിന്റെ വീട്ടിലേക്ക് ദിവാകരന്‍ എന്ന മേല്‍ വിലാസത്തില്‍ ഒരു കത്തു വരുന്നു. യാദൃശ്ചിയാ ആ കത്തു വായിച്ച് നന്ദകുമാര്‍ അതിലെ അച്ഛന്‍ നഷ്ടപ്പെട്ട ഒരു കുഞ്ഞു മനസ്സിന്റെ വേദന മനസ്സിലാക്കുന്നു. ദിവാകരനെ അന്വേഷിച്ച് കത്തേല്‍പ്പിക്കുവാന്‍ കാര്യസ്ഥനെ ഏല്‍പ്പിച്ചെങ്കിലും കാര്യസ്ഥന്‍ അത് ചവറ്റുകൊട്ടയില്‍ എറിയുന്നു, അമ്മയെ വേര്‍പിരിഞ്ഞ് അച്ഛനൊപ്പം താമസികുന്ന നന്ദകുമാറിന്റെ മകള്‍ അമ്മു ആ കത്ത് വായിച്ച് ടി.ഡി ദാസന്‍ എന്ന കുട്ടിക്ക് മറുപടി എഴുതി തുടങ്ങുന്നു; അവന്റെ അച്ഛനായി. ആ കത്തിലെ വരികള്‍ ഹോണ്ട് ചെയ്ത നന്ദകുമാര്‍ അതിലൊരു സിനിമാ സാദ്ധ്യത കാണുകയും അതിന്റെ സ്റ്റോറി ഡിസ്കഷന്‍ തുടങ്ങുകയും ചെയ്യുന്നു. പാലക്കാട് ചിറ്റൂര്‍ എന്ന ഗ്രാമത്തിലെ ടി ഡി ദാസന്‍, എപ്പോഴും ദ്വേഷ്യപ്പെടുന്ന തന്റെ അമ്മയറിയാതെ ആ കത്തുകളെ നിധിപോലെ സൂക്ഷിക്കുന്നു. സ്കൂളിലെ കൂട്ടുകാരന്റെ ‘തന്തയില്ലാത്തവനെ’ എന്ന വിളിക്ക് ഈ കത്തുകൊണ്ടൊരു മറുപടി കൊടുക്കണം എന്നതാണ് ദാസന്‍ അച്ഛന് കത്തെഴുതുന്നതിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്.തീപ്പെട്ടിക്കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മക്കൊപ്പവും ദാസനോട് അധിക വാത്സല്യമുള്ള മുത്തശ്ശിക്കൊപ്പം ദരിദ്രമായ കൊച്ചു വീട്ടിലാണ് ദാസന്റെ താമസം. ഗ്രാമത്തിലെ വേലകളും, പുഴയിലെ കുളിയും കളികളും മലമുകളിലിരുന്നു ഗ്രാമത്തിന്റെ വിശാലതയേയും, ഗ്രാമത്തിന്റെ പച്ചപ്പിനെ കീറിമുറിച്ചുപോകുന്ന തീവണ്ടിയേയും വീക്ഷിച്ചാണ് അവന്റെ ജീവിതചക്രം തിരിയുന്നത്. അതിനിടയിലാണ് അച്ഛന്റെ മറുപടികളും സമ്മാനങ്ങളും. ഇതോ‍ടൊപ്പമാണ് ദാസന്റെ ഗ്രാമത്തില്‍ കോള കമ്പനിക്കെതിരെയുള്ള സമരവും മറ്റും. ദാസന്റെ കത്തുകളും അമ്മുവിന്റെ ‘അച്ഛനാ’യുള്ള മറുപടികളും മുന്നോട്ട് നീങ്ങവേ ദാസന്‍ ഒരാഗ്രഹം പറയുന്നു, ‘ഈ വരുന്ന വെക്കേഷന് അച്ഛനെ കാണാന്‍ ഞാന്‍ ബാംഗ്ലൂര്‍ക്ക് വരട്ടെ’ എന്ന്. സിനിമ അവിടന്നങ്ങോട്ട് വൈകാരികമായ തലങ്ങളിലേക്ക്.

മുഖ്യകഥാപാത്രമായ ദാസനെ അവതരിപ്പിച്ച അലക്സാണ്ടര്‍ അസാമാന്യമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്ന നിര്‍ദ്ധനകുടുംബാംഗമായ ദാസനേയും അവന്റെ വികാരങ്ങളേയും രൂപം കൊണ്ടും ഭാവം കൊണ്ടും അലക്സാണ്ടര്‍ തെളിമയുള്ളതാക്കി. (അവന്റെ മൌനത്തിനുപോലുമുണ്ട് നാനാര്‍ത്ഥങ്ങള്‍) ദാസനൊപ്പം അമ്മുവായി അഭിനയിച്ച ടീന റോസും നന്നായി. ദാസന്റെ അമ്മയായി വന്ന ശ്വേതാ മേനോന്‍ നന്നായിത്തന്നെ അഭിനയിച്ചെങ്കിലും അവരുടെ മുന്‍ കാല ചിത്രങ്ങളുടെ പ്രകടനത്തിലേക്ക് ഉയരുന്നില്ല എന്നു മാത്രമല്ല, അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് വളരെ നല്ലൊരു സാദ്ധ്യതയുമുണ്ടായിരുന്നു ഈ കഥാപാത്രത്തിന്. എടുത്തു പറയേണ്ട രണ്ടു പെര്‍ഫോര്‍മന്‍സ് ദാസന്റെ മുത്തശ്ശിയായി വരുന്ന വത്സലാമേനോന്റേയും, സ്ക്കൂള്‍ അദ്ധ്യാപകനായ മാള അരവിന്ദന്റേയും, ദാസന്റെ കൂട്ടുകാരന്‍ തോമാസുകുട്ടിയായി അഭിനയിച്ച തടിയന്‍ കുട്ടിയു (ആ കുട്ടിയുടെ പേര്‍ അറിയില്ല) ടേതുമാ‍ണ്. ദാസന്റെ അച്ഛന്റെ കൂട്ടുകാരനായെത്തിയ സുരേഷ് കൃഷ്ണയുടെ അഭിനയം ആകാരം കൊണ്ടും മിതത്വമാര്‍ന്ന ശൈലി കൊണ്ടും നന്നായി. ഏറെ സാദ്ധ്യതകളുണ്ടായിരുന്നിട്ടും അതിന്റെ വൈകാരിക ഭാവങ്ങളുടെ ഏറ്റക്കുറച്ചിലുകളിലേക്ക് വരാതിരുന്ന ബിജുമേനോന്റെ അഭിനയം അതുകൊണ്ട് തന്നെ ഉള്ളില്‍ തട്ടിയില്ല (ബിജുമേനോന്‍ മോശമായി എന്നല്ല, പക്ഷെ നല്ല സാദ്ധ്യകളുണ്ടായിരുന്ന പല ഭാഗങ്ങളും അദ്ദേഹം വേണ്ടവിധം ഉപയോഗിച്ചില്ല) ശ്രുതി മേനോന്‍, ജഗതി എന്നിവരുടെ കഥാപാത്രങ്ങളും അഭിനയവും അത്ര നന്നായില്ല എന്നുമാത്രമല്ല ചിത്രത്തിന് ആവശ്യമാണെന്നു പോലും തോന്നിയില്ല. പക്ഷെ ഇടക്കു വന്നു പോകുന്ന ചില കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വളരെ നന്നായി (ദാസനും തോമസുകുട്ടിയും വഴിയില്‍ വഴക്കു കൂടുമ്പോള്‍ പനചെത്തുകാരന്‍ അവരെ വഴക്കു പറഞ്ഞു ഓടിക്കുന്നത്)

ടി.ഡി ദാസന്റെ കഥയും തിര നാടകവും അതിന്റെ ആവിഷ്കാരവും എടൂത്തു പറയേണ്ടതാണ്. അധികം പരത്തിപറഞ്ഞു പോകാതെ മുഖ്യപ്രമേയത്തിലേക്ക് കോണ്‍സെണ്ട്രേറ്റ് ചെയ്ത തിരക്കഥ അടക്കവും ഔചിത്യവും കൊണ്ട് മികച്ചു നിന്നു, സാമൂഹ്യപ്രശ്നങ്ങള്‍ മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം നിര്‍ത്തിക്കൊണ്ട് സിനിമയില്‍ മുഴച്ചു നില്‍ക്കാതെ അവതരിപ്പിക്കാനുമായി. അതുപോലെ മുഖ്യപ്രമേയത്തിനോട് ചേരാത്ത നന്ദകുമാറിന്റെ സിനിമാ കഥാ ചര്‍ച്ച 35 എം എം ഫോര്‍മാറ്റില്‍ ട്രീറ്റ് ചെയ്തതും കൌതുകവും ഭംഗിയുള്ളതുമായി. ശ്രീവത്സന്‍ ജെ മേനോന്റെ സംഗീത സംവിധാനം എടുത്തു പറയേണ്ടതാണ്. അരുണ്‍ വര്‍മ്മയുടെ കാമറയും വിനോദ് സുകുമാരന്റെ എഡിറ്റിങ്ങും ചിത്രത്തിനോട് ചേര്‍ന്നു നില്‍ക്കുന്നു. മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ പ്രതിഭയുടെ കയ്യൊപ്പു തന്നെയാണ് ഈ പുതുമകള്‍. ആദ്യ സിനിമയില്‍ തന്നെ തന്റെ കയ്യൊപ്പു ചാര്‍ത്താനായതില്‍ സംവിധായകന് ഏറെ അഭിമാനിക്കാം.

എങ്കിലും...
പാലക്കാട് ചിറ്റൂര്‍ എന്ന ഗ്രാമം കഥയില്‍ എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് പാലക്കാടന്‍ ഭാഷ കൊണ്ടു വരാന്‍ തിരക്കഥാകൃത്തിനും സംവിധായകനുമായില്ല. (വത്സലാമേനോനും മാള അരവിന്ദനുമാണ് ഗ്രാമ്യ ഭാഷ പലപ്പോഴും പറയുന്നത്, അത് പക്ഷേ തൃശ്ശൂര്‍ സ്ലാങ്ങിനോട് ചേര്‍ന്നു നില്‍ക്കുന്നു. ശ്വേതയുടെ കഥാപാത്രം പലപ്പോഴും ഗ്രാമ്യ ഭാഷ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അത് കൈമോശം വരുന്നു.) ജഗതിയുടെ സംഭാഷണങ്ങള്‍ മുഖ്യധാരാസിനിമയിലെ സ്ഥിരം പാറ്റേണ്‍ ആണ്. ഇതൊക്കെ പറയാന്‍ കാരണം ചിറ്റൂര്‍ എന്നൊരു ഗ്രാമത്തെ കഥയില്‍/സിനിമയില്‍ വ്യക്തമായി എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട് എന്നുള്ളതുകൊണ്ടാണ്. ഗ്രാമത്തിന്റെ പുരാവൃത്തങ്ങള്‍, വിശ്വാസം, ലാന്‍ഡ് സ്കേപ്പ്, ഗ്രാമ ജീവിതങ്ങള്‍ ഇതൊക്കെ വരുമ്പോള്‍ ഭാഷക്കും തികച്ചും പ്രാധാന്യമുണ്ട്.

അതുപോലെ സിനിമയിലെ സീനുകളില്‍ നിന്ന് സീനുകളിലേക്കുള്ള വളര്‍ച്ചയില്‍ സമയം-ദിവസം എന്നിവയുടെ വ്യത്യാസങ്ങളെ/മാറ്റങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാനോ (അതിനിടയില്‍ ഫില്ലര്‍ ഫ്രെയിംസ് ഉപയോഗിക്കാനോ) സംവിധായകന്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു ‘ജമ്പ്’ ഫീല്‍ ചെയ്യുന്നു. (ഒരു ഉദാഹരണം പറയാം. ശ്രുതി മേനോന്റെ കഥാപത്രം സിനിമയില്‍ വന്ന് അടുപ്പിച്ചുള്ള മൂന്നാമത്തെ സീനില്‍ അവരുടെ അമ്മയോട് പറയുന്നു.” അമ്മ ടെന്‍ഷന്‍ അടിക്കണ്ട, ഞാന്‍ വന്നിട്ട് രണ്ടു മാസമല്ലേ ആയുള്ളു” എന്ന്. ഈ രണ്ടു മാസത്തെ ദൈര്‍ഘ്യം കാണിക്കാന്‍/പറയാന്‍ സംവിധായകന്‍ ശ്രമിക്കാത്തത് പ്രേക്ഷകനു കണ്‍ഫ്യ്യൂഷനുണ്ടാക്കുന്നു)

ടി ഡി ദാസന്‍ ഒരു പുതിയ സംവിധായകന്റെ ആദ്യ സിനിമയാണ്. അതുകൊണ്ട് തന്നെ കൈകുറ്റപ്പാടുകള്‍ അനേകമായുണ്ട്. അത് പക്ഷെ പൊറുക്കാവുന്നതാണ് (25 വര്‍ഷമായി അമ്പതോളം സിനിമകള്‍ ചെയ്തിട്ടും ഇനിയും നല്ലൊരു സിനിമ ക്രെഡിറ്റിലില്ലാത്ത സ്റ്റാര്‍ ഡയറക്റ്റേഴ്സ്, 20 വര്‍ഷം കഴിയുമ്പോള്‍ ന്യൂമറോളജി പ്രകാരം പേരിന്റെ സ്പെല്ലിങ്ങ് മാറ്റുന്നവര്‍, കഴിഞ്ഞ 10 വര്‍ഷമായി അച്ചിലിട്ട് വാര്‍ത്ത ഒരേ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതുന്നവരും അതിനു വേഷം കെട്ടുന്ന സൂപ്പര്‍ സ്റ്റാര്‍സുമുള്ള ഈ മലയാള സിനിമയില്‍ പുതു സംവിധായകന്റെ ആദ്യ സിനിമയുടെ പോരായ്മകള്‍ ഒരു വിഷയമേ അല്ല എന്നുള്ളതാണ് സത്യം) എങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കാതെ, ഇടക്ക് നന്മയുടെ രൂപങ്ങളെ മുന്നില്‍ കണ്ട് കണ്ണീരിന്റെ ഉറവയെ ഉണര്‍ത്തിയും, ശാന്തമായും സ്വച്ഛന്ദമായും ടി ഡി ദാസന്‍ കണ്ട് പുറത്തിറങ്ങുമ്പോള്‍ ഏറെക്കാലത്തിനു ശേഷം സംതൃപ്തി തന്ന ഒരു മലയാള സിനിമയാണിതെന്ന് മനസ്സ് ഉറപ്പിച്ചു പറയുന്നു.

തികഞ്ഞ കാഴ്ച്ചപ്പാടുകളുള്ള ഒരു സംവിധാ‍യകന്റെ സിനിമയാണ് ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി. നന്മയും സ്നേഹവും അടിയൊഴുക്കായുള്ള, സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ക്ക് കണ്ണടക്കാതെ പ്രധാന കഥക്കൊപ്പം എന്നാല്‍ തെല്ലും അലോസരപ്പെടൂത്താതെ അതിനെ വിമര്‍ശികാനുള്ള ഔചിത്യവും, കഥയുടെ ‘ധാരാളിത്ത’ത്തിനു വേണ്ടിയും കൊമേഴ്സ്യലിസത്തിനുവേണ്ടിയും പാട്ടുകളും ആട്ടവും കുത്തിനിറക്കാതെ, കോമാളിത്താരങ്ങളെ വേഷം കെട്ടിച്ചിറക്കാതെ ഏതൊരു കേരള ഗ്രാമീണന്റെ ജീവിതത്തില്‍ നിന്ന് ഒരേട് ചീന്തിയെടുത്തതാണ് ടി. ഡി. ദാസന്‍.

പിന്‍ കുറിപ്പ് : പഴയൊരു മലയാള സിനിമാപരസ്യത്തിലെ വാചകം കടമെടുത്തു പറഞ്ഞാല്‍ ‘ ഈ സിനിമ കണ്ടില്ല്ലെങ്കില്‍ മലയാളത്തില്‍ 2010 ഇതുവരെ ഇറങ്ങിയ നല്ലൊരു സിനിമ നിങ്ങള്‍ കണ്ടിട്ടില്ല’

Friday, April 9, 2010

ജനകന്‍ - സിനിമ-പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍




ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ ഒരു പരാമര്‍ശത്തില്‍ നിന്നാണ് എന്‍ എസ് സ്വാമി ഈ തിരനാടകം രചിച്ചിരിക്കുന്നത് എന്ന് വ്യക്തം. അല്ലാതെ നല്ലൊരു കഥയില്‍ നിന്നല്ല. കോടതിയുടെ ആ പരാമര്‍ശം കൌതുകകരമാണെന്നതില്‍ സംശയമില്ല. ആ ഒരു കൌതുകവും ആശ്ചര്യവുമാണ് അതിനെ ചുറ്റിപ്പറ്റി കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിനെ കേരളത്തിലെ പെണ്‍ വാണിഭത്തിന്റെ അന്തരീഷവും സിനിമാ ഹീറോയിസവും ചേര്‍ത്ത് മലയാളി പ്രേക്ഷകന്റെ മുന്നില്‍ വിളമ്പിയത്.

ജനകന്‍ എന്ന സിനിമയില്‍ സംവിധായകന്‍ ഒഴിച്ച് ബാക്കി എല്ലാവരും മലയാള സിനിമയില്‍ ‘തയക്കവും പയക്കവും’ വന്ന പുലി ജന്മങ്ങള്‍. എന്നാല്‍ ഒരു പുതുമുഖ സംവിധായകന്‍ എന്നതുകൊണ്ട് സംവിധായകനോട് തോളില്‍ തട്ടി ‘പോട്ടെ മോനെ, സാരല്യ. അടുത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ മതി’ എന്നു പറയാം. പക്ഷെ, ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായും അതിനൊപ്പവും ഈ രംഗത്തുനില്‍ക്കുന്ന എസ് എന്‍ സ്വാമി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സജ്ജീവ് ശങ്കര്‍, രാജാമണി എന്നിവരെ എന്തു പറയും? സംശയമില്ല പ്രേക്ഷകന്റെ മുന്നില്‍ ഇവരെകിട്ടിയാല്‍ നാലുവരി കൊടുങ്ങല്ലൂര്‍ പൂരപ്പാട്ട് പാടി കേള്‍പ്പിക്കണം.

കുറച്ചു നാള്‍ മുന്‍പ് റിലീസായ വൈരം എന്ന സിനിമയുടെ കഥ തന്തുവായി സാമ്യമുള്ള ജനകന്‍ കഥാ പാത്രങ്ങളും ഡയലോഗുകളും മാത്രമുള്ള സിനിമയാണ്. കഥാപാത്രങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ടോ ഇന്‍ഡ്രൊഡ്ക്ഷനോ ഇല്ല. കഥാപാത്രങ്ങള്‍ നേരെയങ്ങ് നമ്മുടെ മുന്നില്‍ വന്നു വീഴുകയാണ്. മലയാളത്തില്‍ ഈയടുത്തകാലത്ത് ഇതാദ്യമായാവും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലാത്ത ഒരു സിനിമ. ഉള്ളവരില്‍ തന്നെ ജ്യോതിര്‍ മയി അവതരിപ്പിക്കുന്ന ഡോക്ടര്‍ക്ക് മാത്രമാണ് അല്പം പ്രാധാന്യം. പക്ഷെ അവര്‍ക്കും യാതൊരു പശ്ചാത്തലവുമില്ല. ഇത്രയും വര്‍ഷം തിരക്കഥയെഴുതിയിട്ടൂം കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെകുറിച്ചോ, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, അതിന്റെ ന്യായീകരണങ്ങള്‍, സംഭവങ്ങളോടൊപ്പം നില്‍ക്കുന്ന പശ്ചാത്തല വിശദീകരണങ്ങള്‍ ഒന്നും ഈ സിനിമയില്‍ വരാത്തത് തിരക്കഥാകൃത്തിന്റെ അജ്ഞതയോ വിട്ടുപോയതോ?

സിനിമയുടെ ടൈറ്റില്‍ സീന്‍ കാണുമ്പോഴേ മിനിമം ബോധമുള്ള ഒരു പ്രേക്ഷകനു ഈ സിനിമയുടെ ഭാവി മണക്കും. അത്രമാത്രം ഉദാസീനമായാണ് ഈ ത്രില്ലര്‍(?) സിനിമ തുടങ്ങുന്നത് . അതും പഴകിപഴകി ദ്രവിച്ച് അളുത്തുപോയ ‘കറുപ്പില്‍ വെളുത്ത അക്ഷരങ്ങളും അവക്കിടയില്‍ ചുവന്ന വരയുമായി.‘ പാണ്ടിപ്പടമെന്നു നമ്മള്‍ കളിയാക്കുന്ന തമിഴ് പടങ്ങളെങ്കിലും ഈ പുങ്കവന്മാ‍ര്‍ കാണുന്നില്ലേ എന്ന് പ്രേക്ഷകന്‍ സംശയിച്ചാല്‍ തെറ്റില്ല.

സജ്ജീവ് ശങ്കര്‍ മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ കാമറാമാനാണ്. ഒരു തുടക്കക്കാരന്റെ സിനിമയില്‍ പലപ്പോഴും അയാളെ സഹായിക്കാനെത്തുക കാമറാമാനാണ് ( പരിചയ സമ്പന്നന്നനും കഴിവുമുള്ള ഒരു അസോസിയേറ്റ് ഡയറക്റ്ററും , കാമറാമാനും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു സിനിമ സംവിധാനം ചെയ്യാം, പക്ഷെ ഒരെണ്ണം മാത്രം, പിന്നീടങ്ങോട്ട് ചെയ്യണമെങ്കില്‍ തലക്കകത്ത് ആള്‍താമസം വേണം. ഉദാ: വിനയന്‍, ജോണി ആന്റണി) ഈ സിനിമയിലെ പല ദൃശ്യങ്ങളും പ്രത്യേകിച്ച് മിഡ് ഷോട്ട് & ലോങ്ങ് ഷോട്ടുകള്‍ ‘ഔട്ട്’ ആയി കാണാം. മോഹന്‍ലാലിന്റെ വീട്ടിലെ ഒരു ഇന്റീരിയര്‍ ഷോട്ടുണ്ട്, സുരേഷ് ഗോപിയും മോഹന്‍ലാലും ജ്യോതിര്‍മയിയും ബിജുമേനോനും എല്ലാവരും ചേര്‍ന്നുള്ള ഒരു കോമ്പാക്റ്റ് ഷോട്ട്. മോഹന്‍ലാല്‍ കാമറക്ക് തൊട്ടുമുന്നിലും മറ്റുള്ളവര്‍ പുറകിലുമായി ഫോക്കസ് പാന്‍ ഉപയോഗിച്ചെടുത്ത ആ ഷോട്ടില്‍ എല്ലാവരും ബ്ലര്‍ഡ് (ഔട്ട്) ആയി തന്നെ കാണുന്നു. ചിത്രീകരണ സമയത്തോ എഡിറ്റിങ്ങ് ടേബിളിലോ എന്തിനു പ്രിവ്യുവില്‍ പോലും ശ്രദ്ധിക്കാത്ത ആ ഷോട്ട് പ്രേക്ഷകനു നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇതുപോലെയും ഇതിനോടിണങ്ങും വിധവും നിരവധി ഫ്രെയിമുകള്‍ ഈ സിനിമയിലുണ്ട്. പുതുമുഖ സംവിധായകന്‍ എന്ന ഡിസ്കൌണ്ട് കൊടുത്താലും കാമറാമന്റെ പരിചയസമ്പത്തിനെ നമ്മളെന്തുവിളിക്കും?

രാജാമണി എന്ന പശ്ചാത്തല സംഗീത സംവിധായകന്‍ കുറേനാള്‍ എനിഗ്മ, മറ്റു വെസ്റ്റേണ്‍ ആല്‍ബങ്ങള്‍ എന്നിവയില്‍ നിന്നുമായി ‘പ്രചോദനം’ ഉള്‍ക്കൊണ്ട് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് (ഉദാ: ദി ട്രൂത്ത്, ദി കിംഗ്) പ്രേക്ഷകര്‍ വെസ്റ്റേണ്‍ മ്യൂസിക് കേള്‍ക്കുന്നില്ല എന്നൊരു തെറ്റിദ്ധാരണയാവണം അദ്ദേഹത്തിന്. ഈ ചിത്രത്തിലും തന്റെ പതിവു സിനിമകളിലെപോലെ ശബ്ദബാ‍ഹുല്യം ഉപയോഗിച്ചിട്ടുണ്ട്. കണ്ണടച്ച് ബാഗ്രൌണ്ട് സ്കോര്‍ കേട്ടാല്‍ പണ്ട് കൊടമ്പാക്കത്തു നിന്നു നിര്‍മ്മിച്ചു വരുന്ന തുണ്ട് (സെക്സ്) പടങ്ങളുടെ നിലവാരമുണ്ട്.

തുടക്കം മുതല്‍ വിരസമായി നീങ്ങുന്ന ജനകനില്‍ പ്രേക്ഷകന്‍ കയ്യടിക്കുന്നതു ഒരേയൊരു സീനിലാണ്,. ഇന്റര്‍വെല്‍ പഞ്ചില്‍. പിന്നീടും ഈ സിനിമ വിരസമായി നീങ്ങുന്നു. യാതൊരു ബഹളങ്ങളുമില്ലാതെ അവസാനിക്കുന്നു.

ജനകന്റെ കഥ ഒരുപാട് റിവ്യൂകളില്‍ വന്നതുകൊണ്ട് ഞാനിവിടെ വിവരിക്കുന്നില്ല. പക്ഷെ, ഇതിന്റെ റിവ്യുവോ ഷൂട്ടിങ്ങ് റിപ്പോര്‍ട്ടോ വായിക്കാതെ ഈ സിനിമ കാണാനെത്തുന്ന പ്രേക്ഷകന്‍ ഇതിലെ കഥാപാത്രങ്ങളേയോ അവരുടെ ഗരിമയോ ബന്ധമോ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടും എന്നാണെന്റെ നിഗമനം. കാരണം അതിനുള്ള വിവരണമോ, ഇന്‍ഡ്രൊഡ്യുസ് സീനോ സംവിധായകന്‍ കാണിക്കുന്നില്ല. തികച്ചും ഈ സിനിമ സംവിധായകന്റെ പരാജയമാണ്. എഴുതിപൂര്‍ത്തിയാക്കിയ ഒരു സ്ക്രിപ്റ്റും(അങ്ങിനെയാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്) രണ്ടു സൂപ്പര്‍ താരങ്ങളും ഉണ്ടായിട്ടും ഒരു ശരാശരി കൊമേഴ്സ്യല്‍ ചിത്രമൊരുക്കാന്‍ ഈ സംവിധായകനു കഴിഞ്ഞിട്ടീല്ല, മാത്രമല്ല, സീനുകളുടെ ഡിലേ, ഷോട്ടൂകളുടെ പഴമ (അഡ്വ. സൂര്യനാരയണന്‍ എന്ന പ്രശസ്തനായ ക്രിമിനല്‍ വക്കീലിനെ -മോഹന്‍ലാല്‍ അഭിനയിക്കുന്നു- ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്ന സീന്‍ ഉദാഹരണം. വീട്ടുപടിക്കലെ അഡ്വക്കേറ്റിന്റെ നെയിം ബോര്‍ഡ് ക്ലോസപ്പില്‍ കാണിക്കുന്നു -ടു - വീട്ടിനകത്ത് മോഹന്‍ലാല്‍ ഇരിക്കുന്ന ക്രെയിന്‍ ഷോട്ട്. തീര്‍ന്നു. )

സൂര്യനാരായണനായി മോഹന്‍ലാല്‍ അനായാസം ആടി തീര്‍ക്കുന്നു. അദ്ദേഹത്തിന്റെ റേഞ്ച് അളക്കുന്ന കഥാപാത്രമല്ലെങ്കിലും. സുരേഷ് ഗോപിയെന്ന നടന്‍(?) ഇനിയും താന്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടാക്കിയാല്‍ കൊള്ളാം. പ്രൊഫഷണല്‍ നാടകങ്ങളിലെ ഭാവാഭിനയവുമായി ക്ലോസ് അപ് ഷോട്ടുകളില്‍ പോലും വരുന്നതാണ് അഭിനയം എന്ന് അദ്ദേഹവും സിനിമാ പ്രവര്‍ത്തകരും ധരിച്ചുവെച്ചിട്ടുണ്ടേങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു!

കൂടുതല്‍ പറയാനില്ല, മൈനസ് പോയന്റുകള്‍ പറയണമെങ്കില്‍ മിനിമം രണ്ടു പോസ്റ്റെങ്കിലും വേണം. പെണ്‍ വാണിഭവും, അച്ഛന്റെ ദു:ഖവും,മകളുടെ മരണവും, സമൂഹ മനസ്സാക്ഷിയും, നീതി നിഷേധവും, ഉപദേശവുമെല്ലാം ഇഷ്ടപെടുന്ന പ്രേക്ഷകരുണ്ടെങ്കില്‍ ചിലപ്പോള്‍ ജനകന്‍ ഇഷ്ടപ്പെടും അതല്ലാ എന്നുള്ളവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നായകന്‍‘ കാണുക. കാരണം, ആരുടെയും ദീര്‍ഘകാല അസിസ്റ്റന്റാകാതെ, പരിമിതമായ ബഡ്ജറ്റില്‍, പോപ്പുലര്‍ താരങ്ങളില്ലാതെ എങ്ങിനെ ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാം എന്ന് ആ പുതുമുഖ സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. സ്റ്റാര്‍ ഡയറക്ടര്‍മാര്‍ എന്ന് വിശേഷിക്കപ്പെടൂന്ന ജോഷിയേക്കാളും ഷാജികൈലാസിനേക്കാളും ഒരു പാട് ഒരുപാട് മുകളില്‍...

പിന്‍ കുറിപ്പ് : സജ്ജീവ് എന്ന ഡയറക്ടര്‍ കുറച്ചു കാലം കൂടി അസോസിയേറ്റ് ഡയറക്ടര്‍ ആയി നില്‍കുന്നതാകും അദ്ദേഹത്തിനും മലയാള സിനിമക്കും നല്ലത്.