Saturday, January 28, 2012

കാസനോവ - റിവ്യൂ


ണ്ണഞ്ചിപ്പിക്കുന്ന വിദേശ ലൊക്കേഷനുകൾ, ക്രെയിനും ജിപ്പുമായി ചാഞ്ഞും ചെരിഞ്ഞുമുള്ള ഷോട്ടുകൾ, (സീനുകൾക്കും ഷോട്ടൂകൾക്കും ഹോളിവുഡ് സിനിമകളുടെ ഡിവിഡി റെഫറെൻസാകാം) വിദേശ കാറുകൾ, (ഹെലികോപ്ടറും കൂടീ ഉണ്ടായാൽ നല്ലത്) മലയാളത്തിനുപുറമേ ഇടക്കിടക്ക് അറബി, ഹിന്ദി, ഇംഗ്ലീഷ് ഡയലോഗുകൾ, ബിക്കിനിയണിഞ്ഞ സുന്ദരി(?)കൾ, ഒന്നിലധികം നായികമാർ, നായകനായി മോഹൻലാൽ മാത്രം, ഇടക്കിടക്ക് അദ്ദേഹം വാ തുറക്കണം ഫിലോസഫി പറയാൻ മാത്രം അതും പ്രണയത്തെക്കുറിച്ചായാൽ വളരെ നല്ലത്. എല്ലാത്തിനും കൂടി പത്തു പതിനഞ്ചു കോടിയിലധികം മുടക്കാൻ ഒരു നിർമ്മാതാവിനെക്കൂടി കിട്ടിയാൽ ‘കാസനോവ’ എന്ന ചിത്രമായി.

മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമെന്നും മൂന്നുവർഷമായി ഷൂട്ട് ചെയ്തെടുത്ത ചിത്രമെന്നുമുള്ള ഖ്യാതിയുമായി വമ്പൻ പ്രചരണത്തോടെ റിലീസ് ചെയ്ത കാസനോവ കേവലം വിനോദോപാധിക്കുള്ള വകപോലും നൽകുന്നില്ല എന്നതാണ് ദു:ഖകരം. ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ നൽകിയ റോഷൻ ആൻഡ്രൂസും ‘ട്രാഫിക്കി‘ലൂടേ പുതിയ പ്രമേയവും ആഖ്യാനശൈലിയുമൊക്കെ പകർന്ന ബോബി സഞ്ജയും പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്നു. അഭിനയത്തിൽ മോഹൻലാലും. തനിക്ക് ഇനിയുള്ള സിനിമാ ജീവിതത്തിൽ പഴയൊരു തിരിച്ച് വരവ് ആകില്ലെന്ന സൂചനയായും അതു കാണാം. അത്രമാത്രം നിരാശാജനകമാണ് ലാലിന്റെ പ്രകടനം. തടിച്ചു വീർത്ത കവിളും കുടവയറും ദുർമ്മേദസ്സും കൊണ്ട് ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ലാൽ അവശനാകുന്നുണ്ട്. ഈ സിനിമയിൽ കഥയില്ല പകരം കഥാപാത്രങ്ങളേയുള്ളു അവയ്ക്കാവട്ടെ പശ്ചാത്തലമോ ഭൂതകാലമോ വ്യക്തിത്വമോ ഇല്ല.കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളോ മറ്റോ ഒരു വിശ്വസനീയതും ജനിപ്പിക്കുന്നില്ല. മാറി മാറി സ്യൂട്ട് ധരിച്ചു വരുന്ന നായകനു ചുറ്റും വട്ടമിടുന്ന വെറും ഉപഗ്രഹങ്ങൾ മാത്രമാണ് മറ്റു കഥാപാത്രങ്ങൾ. നായകനാകട്ടെ എല്ലാം തികഞ്ഞ, വായ് തുറന്നാൽ ഫിലോസഫി മാത്രം ഉരുവിടുന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരൻ. സ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, പ്രേക്ഷകനെ ഒരു നിമിഷം പോലും സ്പർശിക്കാത്ത ഈ കഥയില്ലായ്മയാണ് കോൺഫിഡന്റ് ഗ്രൂപ്പിനു വേണ്ടീ ഡോ.സി ജെ റോയ് യും ആന്റണി പെരുമ്പാവൂരും സംയുക്തമായി നിർമ്മിച്ച “കാസനോവ” എന്ന ബ്രഹ്മാണ്ഡ ചിത്രം.

വിശദമായ റിവ്യൂവിനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക
Sunday, January 22, 2012

സ്പാനിഷ് മസാല−സിനിമാറിവ്യു

തൊണ്ണൂറുകളുടെ അവസാനത്തിലാണ് ലാൽ ജോസ് എന്ന കമൽ ശിഷ്യൻ സംവിധായകനായി മലയാളസിനിമയിൽ അവതരിക്കുന്നത്. അന്നത്തെ കൊമേഴ്സ്യൽ സിനിമകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളാലും പുതുമകളാലും ഏറെ അഭിപ്രായമുണ്ടാക്കിയ, ഭാവി സംവിധായകൻ എന്ന ഇമേജ് ഉണ്ടാക്കിയ സംവിധായകനായിരുന്നു ലാൽ ജോസ്. 'രണ്ടാം ഭാവം" എന്നൊരു ഭേദപ്പെട്ട ചിത്രം ബോക്സ് ഓഫീസിൽ നിലം പൊത്തിയതോടെ ഇനി 'വ്യത്യസ്ഥത' വേണ്ട എന്ന് തീരുമാനിച്ചതായി ലാൽ ജോസ് തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് 'മീശ മാധവൻ' മുതലിങ്ങോട്ട് കൊമേസ്ഴ്യൽ ചേരുവകളാൽ സൂപ്പർ ഹിറ്റുണ്ടാക്കുകയായിരുന്നു ലാൽ ജോസിന്റെ ലക്ഷ്യം. അതിൽ നല്ലൊരു ശതമാനം വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകൻ ആദ്യം നൽകിയ ഇഷ്ടം ഇപ്പോഴും ലാൽ ജോസിനു കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലാൽ ജോസിന്റെ ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടിയുണ്ട്, അഭിനയിക്കുന്നത് താരങ്ങളായാലും പുതുമുഖങ്ങളായാലും.

പക്ഷെ വർഷങ്ങൾ മുന്നോട്ട് പോകുന്തോറും ലാൽജോസിന്റെ ക്രാഫ്റ്റ് പിന്നോട്ട് പോകുന്നതായാണ് കാണുന്നത് എന്ന് ഏതൊരു പ്രേക്ഷകനും മനസ്സിലാകും. മുല്ലയും, നീലത്താമരയും, എൽസമ്മയുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. ദൃശ്യ സൗന്ദര്യത്തിന്റേയും ഗാന ചിത്രീകരണത്തിന്റേയുംമൊക്കെ ഭംഗിയാർന്ന വരച്ചുകാട്ടലുകൾ ഓരോ ചിത്രം കഴിയുമ്പോഴും ലാൽ ജോസിൽ നിന്നും അപ്രത്യക്ഷമാകുന്നതും നമുക്ക് കണ്ടെടുക്കാം. തന്റെ കരിയറിലെ പതിനഞ്ചാമത്തെ (കേരള കഫെയിലെ 'പുറം കാഴ്ചകൾ' അടക്കം) ചിത്ര(സ്പാനിഷ് മസാല)ത്തിലെത്തുമ്പോൾ ലാൽ ജോസ് എന്ന മലയാള മുഖ്യധാരയിലെ പ്രതീക്ഷയുള്ള സംവിധായകൻ തികച്ചും അസ്തമിച്ചു എന്നു തോന്നുകയാണ്. ഏറെ പറഞ്ഞു പഴകിയ ത്രികോണ പ്രേമ കഥ യാതൊരു പുതുമയോ കഥാഗതിയോ ഇല്ലാതെ ദുർബലമായ ക്ലൈമാക്സിൽ അവസാനിക്കുന്ന ഒന്നായി. ഈ മസാലയിൽ രുചിയൊത്ത മസാലക്കൂട്ടോ നിറമോ മണമോ ഗുണമോ ഇല്ല. ഉള്ളത് പഴകിയ മസാല മാത്രം.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, January 13, 2012

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് - സിനിമാറിവ്യു

ആധുനിക ലോകത്ത് നഗരത്തിലെ (നഗരം എന്നു പറഞ്ഞാൽ മലയാള സിനിമയിൽ കൊച്ചി...കൊച്ചി മാത്രമാണ്) ഫ്ലാറ്റുകളിൽ താമസിക്കുന്ന സമ്പന്നരായ കൗമാരക്കാർ അനുഭവിക്കുന്ന വേദന, സങ്കടം, എന്തായിരിക്കും? സംശയമില്ല 'സ്നേഹം' തന്നെ. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന, ബൈക്കും മറ്റു സൗകര്യങ്ങളും ഉള്ള, ഇന്റർനെറ്റ് ഉപയോഗിക്കുന്ന, തരം കിട്ടിയാൽ ബാറിലിരുന്നോ മറ്റോ ബിയർ നുണയുന്ന എല്ലാ സൗകര്യങ്ങളുമുള്ള കുട്ടികൾക്ക് ഒന്നു മാത്രം കിട്ടില്ല. സ്നേഹം! അവരുടേ അച്ഛനമ്മമാർ ബിസിനസ്സ് തിരക്കുകൾ ഉള്ളവരോ, വിദേശത്ത് വലിയ ജോലി ചെയ്യുന്നവരോ ആയിരിക്കും. ഈ കുട്ടികൾ ഇങ്ങിനെ സ്നേഹം കിട്ടാതെ, മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ 'എവിടെ കിട്ടും സ്നേഹം, എവിടെ കിട്ടും സ്നേഹം' എന്ന മട്ടിൽ ദാഹിച്ചങ്ങിനെ നടക്കും. മിക്കവാറും അവർ വല്ല പെൺകുട്ടികളെ വളച്ചെടുക്കുകയോ അല്ലെങ്കിൽ ലഹരി മരുന്നിനു അടിമയാകുകയോ ഒളിഞ്ഞുനോട്ടക്കാരാകുകയോ ചെയ്യും! ഇതൊക്കെ അവർ വേണമെന്നു വെച്ചു ചെയ്യുന്നതോ ആകുന്നതോ അല്ല. സ്നേഹം! അതൊരൊറ്റ സംഗതി ഇല്ലാത്തതു കാരണമാണ്. തികച്ചും "പുതുമയാർന്നതും ആരും ഒരിടത്തും പറയാത്തതുമായ" ഈ ത്രെഡ് കിട്ടിയാൽ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന സിനിമയുടേ ബേസിക് ത്രെഡ് ആയി.

ആ കുട്ടികൾ (മിക്കവാറും നാലു കൂട്ടുകാരായിരിക്കും, ഇതിലും അങ്ങിനെ തന്നെ) ഇങ്ങിനെ അടിച്ചു പൊളിച്ചും വായ് നോക്കിയും നടക്കുമ്പോൾ, നമ്മുടെ തനതു സംസ്ക്കാരത്തെ നശിപ്പിക്കുന്ന ഈ തലമുറയുടെ ഇത്തരം ചെയ്തികളെ വിമർശിക്കാനും ഒരു കഥാപാത്രം വേണം. തീർച്ചയായും അത് മദ്ധ്യവയസ്കനോ അതിനുമപ്പുറം പ്രായമുള്ള ഒരാളോ ആയിരിക്കും ഉറപ്പായും അയാളൊരു എഴുത്തുകാരനായിരിക്കും (ലോകമറിയുന്ന, ഇംഗ്ലീഷ് ഭാഷയിലടക്കം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടൂള്ള ടിയാനെ താമസിക്കുന്ന അപ്പാർട്ട് മെന്റിലെ ആർക്കും അറിയുകയേയില്ല! ഫ്ലാറ്റിൽ താമസിക്കുന്നവർ പുസ്തകം വായിക്കില്ലല്ലോ!!!) അപ്പാർട്ട്മെന്റിനു വാച്ച്മാൻ ഉണ്ടെങ്കിൽ (ഉണ്ടാവുമല്ലോ!) അയാൾ മണ്ടത്തരം പറയുന്നവനും ചെയ്യുന്നവനും രാത്രി വെള്ളമടിക്കുന്നവനുമായിരിക്കും. സ്ത്രീകളോട് പഞ്ചാരയടിക്കുന്നതും അവരുടെ നഗ്നത കാണുന്നതും ഒരു വീക്നസ്സായിരിക്കണം. ഈയൊരു കഥാ പശ്ചാത്തലത്തെ ആധുനികകാലവുമായി ബന്ധിപ്പിക്കണമെങ്കിൽ സമകാലിക വിഷയവും കൂടി വരണം. ലോകമെങ്ങും സ്വാധീനം ചെലുത്തിയിട്ടുള്ള "ഓർക്കുട്ട്" എന്ന സോഷ്യൽ നെറ്റ് വർക്ക് ആയാൽ ഇതിൽപ്പരം സമകാലികത വേറേ എന്തുണ്ട് ( കഥ എഴുതിയപ്പോഴും സിനിമ ഷൂട്ട് ചെയ്തപ്പോഴും ഓർക്കുട്ടായിരുന്നു പ്രചാരത്തിൽ, പക്ഷെ പടം റിലീസായപ്പോഴേക്കും ഓർക്കുട്ടിന്റെ ശവമടക്ക് കഴിഞ്ഞു!! വിധി വൈപരീത്യം!! അല്ലാതെന്തു പറയാൻ!) ഇത്രയും ആയാൽ "ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന സിനിമയുടെ ആദ്യ പകുതിയായി. സിനിമ ഇന്റർവെൽ ആക്കണമെങ്കിൽ ഒരു ഇന്റർവെൽ പഞ്ച് വേണ്ടേ? ഒരു ട്വിസ്റ്റ്?! അപ്പോഴതാ...........

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം 3 ഡി ബിയുടെ ഈ പേജിലേക്ക് പോകുക.

Wednesday, January 11, 2012

അസുരവിത്ത്-സിനിമാറിവ്യു

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ് ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്. രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു. പക്ഷെ 2012 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സാത്താന്റെ മകൻ അസുരവിത്തിന് പൗരുഷവും കാർക്കശ്ശ്യവും തീരെയില്ലെന്നു മാത്രമല്ല, രണ്ടര മണിക്കൂർ മുഷിപ്പില്ലാതെ കൂടെയിരുത്താനുള്ള ത്രാണി പോലുമില്ല.

ഫോർട്ട്കൊച്ചിയിലും പരിസരപ്രദേശത്തുമായി ഷൂട്ടു ചെയ്തെടുത്ത കുറേ ക്യാമറാ ദൃശ്യങ്ങൾ ഡബിൾ ഫ്രെയിമായോ മൾട്ടി ഫ്രെയിമായോ എഡിറ്റിങ്ങ് എഫക്റ്റും കളർ കറക്ഷനുംചെയ്തെടുത്താൽ തികഞ്ഞ സാങ്കേതികവിദ്യയായി എന്നു എ കെ സാജൻ കൂട്ടരും കരുതുന്നുണ്ടെന്നു തോന്നുന്നു. അതിനൊപ്പം കുറേ ചെറുപ്പക്കാരെ നിരത്തി നിർത്തി എല്ലാവർക്കും കറുത്ത കൂളിംഗ്ലാസ്സുകളും(എത്രയെണ്ണമെങ്കിലുമാവാം) കറുത്ത കോട്ടുകളും നൽകണം (വസ്ത്രത്തിന്റെ നിറം എല്ലാവർക്കും കറുപ്പാകാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇതൊരു മാഫിയാ ചിത്രമാണ്!) ഇടക്കിടക്ക് സ്കെച്ച്, കലിപ്പ്, തുളയിടുക, ഓഡിയോ മ്യൂട്ട് ചെയ്ത 'ഫക്ക്', ക്വൊട്ടേഷൻ എന്നീ വാക്കുകൾ ആവർത്തിപ്പിക്കുക. ഇടക്ക് ഗുണ്ടാ ചരിത്രം പറയുന്നപോലെ ചെങ്കീരി ജോസ്, മട്ടഞ്ചേരി മമ്മദ്, വല്ലാർപാടം ഔസേപ്പ്, കോടാലി, മരപ്പട്ടി അങ്ങിനെ എന്തെങ്കിലും ഇടിവെട്ടു പേരുകളും, ഇടക്ക് വല്ല ഗോഡൗണുകളിൽ സംഘട്ടനങ്ങൾ (ഗോഡൗണുകളിൾ ഒഴിഞ്ഞ വീപ്പകൾ നിരത്തിവെക്കാൻ മറക്കരുത്) ഇവയൊക്കെയായാൽ ഏകദേശം കൊച്ചി കേന്ദ്രമായ ഒരു ക്വൊട്ടേഷൻ സിനിമയായി. എ കെ സാജന്റെ അസുരവിത്തിനും ഇതിനപ്പുറം കൂടുതലുമൊന്നും പറയാനുമില്ല കാണിക്കാനുമില്ല.

കുഞ്ഞളിയൻ-സിനിമാറിവ്യു'ജനപ്രിയ സിനിമ' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന "അന്തവും കുന്തവുമില്ലാത്ത മലയാള സിനിമ"കൾക്ക് തിരക്കഥ എഴുതാൻ കൃഷ്ണ പൂജപ്പുരയേയും അവ സംവിധാനിക്കാൻ സജി സുരേന്ദ്രനേയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഇരുവരും മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുമായി സ്ഥിരസാന്നിദ്ധ്യമാണ്. അവരുടെ ആഗ്രഹപ്രകാരമെന്നോണം പ്രേക്ഷകർ ഇത്തരം സിനിമകളെ കയ്യടിച്ച് വിജയിപ്പിക്കുന്നുമുണ്ട്. കുടുംബവുമൊത്ത് ഒഴിവു ദിവസം നഗരത്തിലൊരു കറക്കം, കറക്കത്തിനൊടുവിൽ ബിരിയാണി അതു കഴിഞ്ഞാൽ ഒരു സിനിമ എന്ന രീതിയിലും സിനിമയെ ഒരു 'വിനോദോപാധി'യായുമൊക്കെ കണക്കാക്കുന്ന നല്ലൊരു ശതമാനം പ്രേക്ഷകരും, ചാനലുകളിലെ മിമിക്രിയെ ആസ്വദിക്കുന്നതുപോലെ ഇത്തരം സിനിമകളെ തിയ്യറ്ററിൽ കണ്ട് തിയ്യറ്ററിലുപേക്ഷിച്ച് തങ്ങളുടെ ആസ്വാദക വൃന്ദത്തിന്റെ ശതമാനക്കണക്കുയർത്തുന്നുണ്ട് ദിനം തോറും. എന്തായാലും അത്തരം പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സജി സുരേന്ദ്രനും സുഹൃത്തുക്കളും മുളകുപാടം ഫിലിംസിനു വേണ്ടി അണിയിച്ചൊരുക്കിയ അന്തവും കുന്തവുമില്ലാത്ത ഏറ്റവും പുതിയ മഹാകാവ്യമാണു 'കുഞ്ഞളിയൻ'

പേരു സൂചിപ്പിക്കുന്നതുപോലെ ഒന്നിലധികം സഹോദരിമാരുടെ ഭർത്താക്കന്മാർക്ക് ഉള്ള ഒരേയൊരു കുഞ്ഞളിയനാണു കഥാനായകൻ. ചിരി അവിടെത്തന്നെ തുടങ്ങുമല്ലോ! സഹോദരിമാരിൽ ബിന്ദുപണിക്കരും തെസ്നിഖാനും അളിയന്മാരിൽ ജഗദീഷും അശോകനുമൊക്കെയാകുമ്പോൾ സിനിമ കാണാതെ തന്നെ നമ്മൾ ചിരിച്ചു തുടങ്ങുന്നില്ലേ? അദ്ദാണ്. ബാക്കിയെല്ലാം പിന്നെ നമുക്ക് ഊഹിച്ചെടുക്കാം. പ്രിയദർശന്റെ സിനിമകളിൽ ലോജിക് നോക്കാനില്ല എന്നതുപോലെ സജി സുരേന്ദ്രൻ - കൃഷ്ണ പൂജപ്പുര കളുടെ സിനിമകളിൽ വിവരക്കേടുകളും നോക്കാനില്ല എന്നൊരു 'അലിഖിത നിയമം' ( കുറേ കണ്ടു ശീലമാകുമ്പോൾ അതങ്ങ് നിയമമാകുകയാണ്. അല്ല പിന്നേ) ഇന്നാട്ടിൽ ഉള്ളതായിട്ടു എല്ലാവർക്കും അറിയാമല്ലോ. ദോഷം പറയരുത്, സ്വന്തമായിട്ട് സാമാന്യ ബോധം, സിനിമാ സങ്കല്പം, അല്പമെങ്കിലും പ്രമേയ-ആഖ്യാന-സാങ്കേതിക ജഞാനം എന്നിവ ഇല്ലാത്ത, നേരത്തെ പറഞ്ഞ 'ആഫ്റ്റർ ബിരിയാണി-വിനോദോപാധി' പ്രേക്ഷകനു ചിരിക്കാനും ആസ്വദിക്കാനും വിനോദിക്കാനുമുള്ള 'വഹകൾ' ഈ സിനിമയിലുണ്ട്. പ്രത്യേകിച്ച് ആദ്യപകുതി. അലിഞ്ഞലിഞ്ഞ് മധുരം തീരുന്ന ഒരു റബ്ബർ മിട്ടായി (ബബിൾഗം)കണക്കേ.

റിവ്യൂ മുഴുവനായും ഇവിടെയുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക