Monday, March 19, 2012

ഓർഡിനറി-സിനിമാറിവ്യു


പഴമയുള്ളൊരു പ്രമേയം പുതുമയുള്ള അന്തരീക്ഷത്തിൽ പറഞ്ഞതാണ് നവാഗതനായ സുഗീതിന്റെ “ഓർഡിനറി” സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. കൺകുളിർപ്പിക്കുന്ന ഗ്രാമീണ ദൃശ്യങ്ങളും, കോടമഞ്ഞും, താഴ്വാരവും അതിനിടയിലൂടെയുള്ള ഒരു ഓർഡിനറി കെ എസ് ആർ ടി സി ബസ്സും അതിന്റെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ഗവിയെന്ന ഗ്രാമവുമാണ് സിനിമയുടെ പശ്ചാത്തലം കഥയോട് ചേർന്നു നിൽക്കുന്ന സ്വാഭാവിക നർമ്മങ്ങളോടെ തുടങ്ങുന്ന സിനിമ പക്ഷെ അവസാനത്തിലെത്തുമ്പോൾ അപ്രതീക്ഷമായി ഒന്നും കാണിച്ചു തരുന്നില്ല, കാണിച്ചതിനു പുതുമയേറെയുമില്ല.

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന ‘സുഗീതി‘ന്റെ ആദ്യ സിനിമ, ക്യാമറാമാൻ ഫൈസൽ അലിയുടെ ആദ്യ സിനിമ യുവ-സഹ-പുതുമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി വരുന്നു എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഒരു പാടുണ്ട് ഓർഡിനറിക്ക്. അതുകൊണ്ട് തന്നെ ഓർഡിനറി പുതുതലമുറയുടെ സിനിമയായേക്കാം എന്ന് കരുതുന്നതിൽ തെറ്റില്ല. പക്ഷേ പ്രേക്ഷകന്റെ പ്രതീക്ഷക്ക് വക തരാതെ പഴയ രീതിയിലുള്ള പ്രമേയവും ആഖ്യാനവുമാണ് ഓർഡിനറിക്ക് അണിയറപ്രവർത്തകർ നൽകിയത്. ഫൈസൽ അലിയുടേ സുന്ദര ദൃശ്യങ്ങളും വിദ്യാസാഗറിന്റെ സംഗീതവും, സ്വാഭാവിക നർമ്മങ്ങളും ബിജുമേനോൻ, കുഞ്ചാക്കോ ബോബൻ, ബാബുരാജ് എന്നിവരുടെ പെർഫോർമൻസ് എന്നിവയൊക്കെ ചിത്രത്തിന്റെ മുതൽക്കുട്ടാണെന്നു എടുത്തുപറഞ്ഞു കൊണ്ടു തന്നെ പറയട്ടെ, ആസ്വദിച്ചു കണ്ട ആദ്യപകുതി പിന്നിട്ട് രണ്ടാം പകുതിയിലും സിനിമാന്ത്യത്തിലുമെത്തുമ്പോൾ അവിശ്വസനീയതയും അതിനാടകീയതയും സിനിമയെ ദുർബലപ്പെടുത്തുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും. സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാനും ഇവിടെ ക്ലിക്കുക

Thursday, March 15, 2012

പകർന്നാട്ടം - സിനിമ റിവ്യൂ


തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ജയരാജിന്റെ പുതിയ ചിത്രമായ “പകർന്നാട്ടം”. വധശിക്ഷക്ക് വിധിക്കപ്പെട്ട തോമസിന്റെ ജീവിതം മാത്രമല്ല, വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടേയും രാഷ്ട്രീയ പാർട്ടികളുടെ ആക്രമണ-പ്രത്യാക്രമണങ്ങളിൽ ബലിയാടാവുകയും ചോരതെറിക്കുന്ന ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് പിന്നീടുള്ള ജീവിതമത്രയും മരവിപ്പോടെ ജീവിച്ചു തീർക്കേണ്ടിവരുന്നവരുടേയുമൊക്കെ പകർന്നാട്ടങ്ങളാണ് ഈ സിനിമ.

1990 ൽ വിദ്യാരംഭം എന്ന സിനിമയോടെയാണ് ജയരാജ് മലയാള സിനിമയിൽ സംവിധായകനായി സജീവമാകുന്നത്. സിനിമാ കരിയർ 2012-ലെത്തുമ്പോൾ നിരവധി സംസ്ഥാന-ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ ജയരാജിനെ തേടിവന്നിട്ടുണ്ട്. പല ജനുസ്സിലും തരത്തിലുമുള്ള നിരവധി സിനിമകളും (അത് കച്ചവടമായാലും കലയായാലും) സൂപ്പർ ഹിറ്റുകളുംസൂപ്പർ ഫ്ലോപ്പുകളും ജയരാജിന്റെ ലിസ്റ്റിലുണ്ട്. മലയാള മുഖ്യധാരാ സിനിമയിൽ വൈവിധ്യങ്ങളായ ഒരുപാ‍ട് ചിത്രങ്ങളൊരുക്കിയ സംവിധായകൻ.

സിനിമ, കലയായാലും കച്ചവടമായാലും അതിന്റെ ‘വഴികൾ’ എന്തൊക്കെയെന്ന് ജയരാജിനറിയാം. തുടർച്ചയായ കൊമേഴ്സ്യൽ പരാജയങ്ങളാവാം ഒരു പക്ഷെ ജയരാജിലെ ‘ബുദ്ധിജീവി’യെ ഉണർത്തിയത്. അതിന്റെ പരിണിത ഫലമെന്നോണം അവാർഡുകളോ, പ്രശംസയോ ലക്ഷ്യം വെച്ചുകൊണ്ടെടുത്ത സിനിമ തന്നെയാണ് “പകർന്നാട്ടം”(അവാർഡുകളും നിരൂപക പ്രശംസയുമൊക്കെ കിട്ടുമോ എന്ന് കാത്തിരുന്നുതന്നെ കാണണം)

റിവ്യൂ കൂടുതലായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, March 12, 2012

ക്രൈം സ്റ്റോറി - സിനിമ റിവ്യൂ

മറ്റു ഭാഷാചിത്രങ്ങൾ കണ്ട് നാണിച്ചു നിൽക്കുകയായിരുന്നു ഇത്രനാളും, എങ്കിലും ഈയിടെയായി അവിടവിടെ ചെറിയ ചില മാറ്റങ്ങൾ മലയാള സിനിമയിൽ കാണാനുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ വിപ്ലവകരമായൊരു മാറ്റം ഇപ്പോഴുമെത്തിയില്ലെങ്കിലും വരും നാളുകളിൽ അങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം മുതലേ മലയാള കമേഴ്സ്യൽ സിനിമകളിൽ സൂചനകളുണ്ട്. പക്ഷെ, മുച്ചൂടും മുടിഞ്ഞ മലയാള സിനിമയെ ഒരു കാരണവശാലും മാറ്റത്തിലേക്കോ നവ സിനിമകളിലേക്കോ കടന്നു ചെല്ലാൻ സമ്മതിക്കില്ലെന്ന വാശിയിൽ ഏറെപ്പേരുണ്ടെന്നു തോന്നുന്നു ചില സിനിമകൾ കാണുമ്പോൾ. ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്എന്ന രീതിയിലേക്ക് സിനിമ വലിച്ചിഴക്കുന്ന അത്തരം ചില പ്രതിഭാ ശാലികളുടെ പുതിയ സംരഭമാണ്. മൂവി മാജിക്കും റെഡ് ലൈൻ എന്റർടെയ്മെന്റും ചേർന്നൊരുക്കിയക്രൈം സ്റ്റോറിയെന്ന പുതിയ സിനിമ. ഇറച്ചിക്കടയിൽ നല്ല ഇറച്ചി വിറ്റതിനുശേഷം അവശിഷ്ടങ്ങൾ പെറുക്കിക്കൂട്ടിവെട്ടിക്കൂട്ട്എന്ന പേരിൽ നാട്ടിൻപുറത്ത് വിൽക്കാറുണ്ട്. ഒരുവെട്ടിക്കൂട്ടാണ്ക്രൈം സ്റ്റോറിയെന്നും പറയാം.

ബാനർ ‘മൂവി മാജിക്’ന്റേതു തന്നെയാണ് കഥ എന്നാണ് ക്രെഡിറ്റിൽ. എന്നു വെച്ചാൽ നിർമ്മാണ കമ്പനിയിലെ എല്ലാവരും കൂടി തുന്നിക്കെട്ടിയ കഥയെന്നർത്ഥം. തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണൻ, സംവിധാനിച്ചത് അനിൽ തോമസ്. മുൻ കാലങ്ങളിൽ മലയാളത്തിലിറങ്ങിയിരുന്ന ബി ഗ്രേഡ് സിനിമകളുടെ കഥയുടെ തുടർച്ചയാണിതും. ബിസിനസ്സ് തിരക്കിനാൽ ഭാര്യക്ക് ശയ്യാസുഖം നൽകാൻ വയ്യാത്ത ഭർത്താവിനോട് നായികക്ക് വെറുപ്പും അയല്പക്കത്തെ സുന്ദര-മസിൽമാനായ ചെറുപ്പക്കാരനോട് ഭ്രമവും.! പി ചന്ദ്രകുമാറും ജയദേവനും നൂറ്റൊന്നാവർത്തിച്ച കഥ(?) Schizophreniaയുടേയും ക്രിമിനോളജിയുടേയുമൊക്കെ നുള്ളു ചേർത്താൽ പ്രേക്ഷകൻ വായും പൊളിച്ചിരുന്നു കണ്ടോളും എന്ന മിഥ്യാധാരണയിൽ സിനിമക്ക് പണമിറക്കിയവരോട് സഹതാപം പോലുമില്ല.

കൂടുതൽ വായനക്ക് :


Wednesday, March 7, 2012

തൽസമയം ഒരു പെൺകുട്ടി-സിനിമാറിവ്യു


1989 ൽ “ചാണക്യൻ“ എന്ന സിനിമയോടെ മലയാള സിനിമയിൽ സംവിധായകനായി ഉദയം കുറിച്ച ടി കെ രാജീവ് കുമാർ 2011ലെ “രതിനിർവ്വേദം“ റീമേക്കിനുശേഷം സംവിധാനം ചെയ്ത ചിത്രമാണ് റീൽ 2 റീൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി ജോസഫും മാനുവൽ ജോർജ്ജും തിരക്കഥയെഴുതിയ “തത്സമയം ഒരു പെൺകുട്ടി” പേരു പോലെ തന്നെ ഒരു ചാനൽ റിയാലിറ്റി ഷോയെ മുൻ നിർത്തിയുള്ള സമ്പൂർണ്ണ സിനിമയാണിത്. ഒരു പെൺകുട്ടിയുടേ ഏതാനും നാളത്തെ ജീവിതം ലൈവായി ടെലികാസ്റ്റ് ചെയ്യുന്ന ഈ പരിപാടിയിലെ വിജയിക്ക് ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് സമ്മാനം.

സമകാലിക മലയാള സിനിമയിൽ തികച്ചും പുതുമയുള്ളൊരു പ്രേമേയം (കഥാതന്തു) തന്നെയാണിത് ( 1998ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ജിം കാരിയുടേ “ദി ട്രൂമാൻ ഷോ” എന്ന സിനിമയുടെ വികല അനുകരണമാണിത് എന്നും സൂചിപ്പിക്കട്ടെ) തികച്ചും പുതുമയും ആകർഷകവുമായ “തത്സമയം ഒരു പെൺകുട്ടി” എന്ന സിനിമാ ടൈറ്റിലും സ്ഥിരം കഥകളിൽ നിന്നുള്ള വ്യത്യാസവും പുതിയ ചില അഭിനേതാക്കളുമായി വന്ന ഈ സിനിമക്ക് മികച്ച വാണിജ്യ വിജയവും അഭിപ്രായവും നേടാമായിരുന്നു. പക്ഷെ, പുതിയ കഥാസന്ദർഭങ്ങളും നിരീക്ഷണങ്ങളും എഴുതിപ്പിടിപ്പിക്കുവാനുള്ള കഴിവു കുറവും എളുപ്പത്തിൽ ചുട്ടെടുക്കാവുന്ന ഒന്നാണീ സംവിധാനവുമെന്ന് ധരിച്ചു വെച്ചിരിക്കുന്ന തിരക്കഥാ-സംവിധായക ത്രയങ്ങളിൽ കുടുങ്ങി ഈ സിനിമ സറ്റയറോ, കോമഡിയോ, ഏതാണെന്നുപോലും തിട്ടപ്പെടുത്താനാവതെ തികഞ്ഞ പരിഹാസ്യമായിപ്പോയി.

ആബാലവൃദ്ധം ജനങ്ങളെ ഇന്ന് ചാനൽ റിയാലിറ്റി ഷോകൾ വളരെയധികം സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ തിരുവനന്തപുരത്തെ വെള്ളായനിക്കടുത്തുള്ളൊരു കുഗ്രാമത്തിലെ മഞ്ജുളാ ഹോട്ടലും ഉടമ അയ്യപ്പൻ പിള്ളയും (മണിയൻ പിള്ള രാജു) മകൾ മഞ്ജുള എന്ന മഞ്ജുവും (നിത്യാമേനോൻ) മറ്റു പരിസരവാസികളുമാണ് സിനിമയിലെ പരിസരം. റിയാലിറ്റി ഷോകൾ ഹോട്ടലിലെ ടിവിയിൽ നിന്ന് സ്ഥിരം കാണുന്ന ടിവി പ്രേമികളായ നാട്ടുകാരും ലോക്കൽ നേതാവുമൊക്കെ നല്ല കാരിക്കേച്ചറുകളാണ്. ഒരു പ്രമുഖ ചാനൽ ഉടൻ ആരംഭിക്കാൻ പോകുന്ന പുതിയ ഒരു റിയാലിറ്റി ഷോയിലേക്ക് ഈ ഗ്രാമത്തിലെ മഞ്ജുള തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഗ്രാമവും ഗ്രാമവാസികളും മഞ്ജുളയും ആകെ മാറിപോകുന്നത്.

തത്സമയം ഒരു പെൺകുട്ടിയുടേ മുഴുവൻ റിവ്യൂവുംകഥാസാരവും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക് ചെയ്യുക.