Wednesday, April 18, 2012

22 ഫീമെയിൽ കോട്ടയം - സിനിമാ റിവ്യൂ

സിനിമയുടെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുന്നതിനു എം3ഡിബിയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

സോൾട്ട് & പെപ്പർ എന്ന ആസ്വാദ്യകരമായ സിനിമാസദ്യക്കു ശേഷം ആഷിക് അബുവും സംഘവും ഫിലിം ബ്രുവറിയുടേ ബാനറിൽ ഒരുക്കിയ “22 ഫീമെയിൽ കോട്ടയംഎന്ന സിനിമ പേരു പോലെ തന്നെ ഒരല്പം വ്യത്യസ്ഥവും തൃപ്തികരവുമാണ്. മുഖ്യധാരാസിനിമകളിലെ കണ്ടുമടുത്ത രുചി ശീലങ്ങളെ ഏറെയൊക്കെ കഴുകിക്കളയാൻ ശ്രമിച്ചതായിരുന്നു മുൻ ചിത്രമായിരുന്ന സോൾട്ട് & പെപ്പർ. താര രഹിതവും ഇങ്ങിനെയേ കഥ പറയാവൂ/ ആവിഷ്കരിക്കാവൂ എന്നുള്ള ടിപ്പിക്കൽ മലയാള സിനിമാ ധാരണകളെ പൊളിച്ചടുക്കാനുള്ള ധൈര്യവും പ്രയത്നവും സോൾട്ട് & പെപ്പറിൽ സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ ‘22 ഫീമെയിൽ കോട്ടയത്തിലെത്തുമ്പോൾ പുതു രീതികളെ പിന്തുടരുന്നതോടൊപ്പം കുറച്ചു കൂടി മുന്നോട്ടു പോകുവാനായതും ആഷിക് അബുവിലെ സംവിധായകനു തിളങ്ങുന്ന മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞതും ഗുണങ്ങളായിട്ടുണ്ട്.

കോട്ടയത്ത് നിന്നും ബാങ്കളൂരുവിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ടെസ്സ കെ എബ്രഹാം എന്ന ഇരുപത്തിരണ്ടുകാരിയുടെ സ്വപ്നങ്ങളും പ്രണയവും കനത്ത ജീവിതാനുഭവങ്ങളും അതിലൂടെ ഉൾക്കരുത്ത് നേടുന്നതുമാണ് മുഖ്യ പ്രമേയം.

ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട നിരവധി പഴങ്കഥകൾ ഇപ്പോഴും ഉളുപ്പില്ലാതെ വഴറ്റിയെടുത്തുകൊണ്ടിരിക്കുന്ന മലയാള സിനിമയിൽത്തന്നെയാണ് കോട്ടയംകാരിയായ ഒരു നഴ്സിന്റെ ജീവിതവും മോഹഭംഗവുമെല്ലാം പുതു രീതിയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് എന്നത് സന്തോഷകരമായ കാര്യമാണ്. ഹിന്ദിയിലും ഇടക്ക് തമിഴിലുമൊക്കെയായി രൂപം പ്രാപിച്ച പുതുതലമുറാ സിനിമകളുടെ ശ്രേണിയിൽത്തന്നെയാണ് 22കാരി ടെസ്സയുടേ സിനിമയും. കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ വിജയിച്ചും പരാജയപ്പെട്ടും പുറത്തുവന്ന ചില പുതു ധാരാ സിനിമകൾ, ഊർദ്ധ്വശ്വാസം വലിക്കുന്ന മലയാള സിനിമക്ക് ആശ്വാസമേകുമെന്ന് മലയാള സിനിമാ പ്രേക്ഷകർ കരുതിയിരുന്നു. അതിന്റെ പരിണിതമെന്നോണം ഇപ്പോൾ തയ്യാറാക്കുന്ന പുതിയ ആളുകളുടെ സിനിമകൾ കമേഴ്സ്യൽ വിജയം എന്നതിലുപരിസിനിമകൾഎന്നു വിളിക്കാവുന്ന രീതിയിലേക്ക് മാറ്റിയൊരുക്കപ്പെടുന്നുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും കൃത്യമായും വ്യക്തമായും ഒരു തിരിച്ചറിവ് സംഭവിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. അതുകൊണ്ട് തന്നെ പ്രമേയപരമായി ഏറ്റവും മികച്ചത് എന്നൊന്നും അടയാളപ്പെടുത്താൻ കഴിയില്ലെങ്കിലും സിനിമയുടെ സങ്കേതങ്ങളെ അട്ടിമറിക്കുകയോ പുതുതായി ആവിഷ്കരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും “22 ഫീമെയിൽ കോട്ടയംമലയാള സിനിമയിൽ സമീപകാലത്തായി പുറത്തു വന്ന ഭേദപ്പെട്ട സിനിമകളിലൊന്നാണെന്ന് പറയാൻ മടിയേതുമില്ല. സാങ്കേതികമായും പ്രകടനം കൊണ്ടും മികച്ചതായും പ്രമേയപരമായി വ്യത്യസ്ഥത പുലർത്തുകയും ചെയ്യുന്നുണ്ട് സിനിമ. സാമ്പത്തിക വിജയത്തെ ലക്ഷ്യം വെച്ചുകൊണ്ട് മാത്രം സിനിമകളിറങ്ങുന്ന മലയാള മുഖ്യധാരാ സിനിമകളിൽ പ്രമേയപരവും ആഖ്യാനപരവുമായ ഇടങ്ങളിലും, താര നിർണ്ണയത്തിലും സാങ്കേതികത്വത്തിലുമൊക്കെഗുഡ് ഫീൽനൽകാൻ സിനിമക്ക് സാധിക്കുന്നുണ്ട്.

അഭിലാഷ് എസ് കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും. നിത്യ ജീവിതത്തിലെ സംഭാഷണങ്ങളും സന്ദർഭങ്ങളും കൃത്യമായും വ്യക്തമായും പകർത്തപ്പെടുന്ന ചില സന്ദർഭങ്ങളുണ്ട് സിനിമയിൽ. കഥ പറച്ചിലിൽ പരമാവധി ക്ലീഷേകളെ ഒഴിവാക്കാൻ ശ്രമിച്ചതും നായികപക്ഷത്തു നിന്ന് പറഞ്ഞതുമൊക്കെ ഉചിതമായിട്ടുണ്ട്. നന്മയും തിന്മയും നായകനും വില്ലനും എന്നിങ്ങനെയുള്ള പതിവു സിനിമാ രീതികളെ നിഷ്കരുണം തള്ളിയരിഞ്ഞിട്ടുണ്ട് തിരക്കഥാകൃത്തുക്കൾ. നന്മതിന്മകളുള്ള മനുഷ്യർ,സന്ദർഭങ്ങൾ, ചതികൾ, തുറന്ന പ്രണയപ്രകടനങ്ങൾ. നായകനോട് മനസ്സു തുറക്കുന്ന നായികയുടേ സംഭാഷണത്തിന്റെ തുടക്കംഅയാം നോട്ട് വെർജിൻഎന്നാണ്. കല്യാണമെത്ര കഴിഞ്ഞാലും, പോസ്റ്റ് മോഡേൺ നായികയായാലും നായിക നായകന്റെ നെഞ്ചത്ത് വീഴുംവരെ നായികയുടെ കന്യകാത്വം കാത്തുസൂക്ഷിക്കുന്ന മലയാള സിനിമയിൽ (‘കാസനോവസിനിമയിൽ ശ്രേയയുടേ സമീര മോഹൻലാലിന്റെ കാസനോവയോട് പറയുന്ന ഡയലോഗ് ഓർക്കുക) പതിവു സിനിമാ രീതികളെ ഒഴിവാക്കാനും സിനിമയെ ഇന്നത്തെ ജീവിതത്തിന്റെ പ്രതിഫലനമാക്കാനും തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ആഷിക് അബുവിന്റെ മൂന്നാമത്തെ ചിത്രത്തിലെത്തുമ്പോൾ തീർച്ചയായും ആഷിക് അഭിനന്ദനമർഹിക്കുന്ന നിരയിലേക്ക് ഉയർന്നിട്ടുണ്ട്. ഒരുകൊമേഴ്സ്യൽ ചേരുവക്ക്വേണ്ട സാദ്ധ്യതകൾ ഉണ്ടായിട്ടും അതിനെ വാണിജ്യവൽക്കരിക്കാൻ ശ്രമിക്കാതെ നല്ല സിനിമയുടെ ഒരുക്കത്തിലേക്ക് കൊണ്ടുവരാൻ ആഷിക്കിനായി. അതുകൊണ്ട്തന്നെ ഇതൊരു സംവിധായകന്റെ ചിത്രമെന്നും അടയാളപ്പെടുത്തുന്നതിൽ തെറ്റില്ല

22 ഫീമെയിൽ കോട്ടയത്തെ മികച്ചൊരു കാഴ്ചയാക്കുന്നതിൽ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനു വലിയൊരു പങ്കുണ്ട്. ടെസ്സയുടേ ജീവിതം പകർത്തുന്നതിലും ആഷിക് അബുവിനു തുണയായിരിക്കുന്നത് ഷൈജു ഖാലിദിന്റെ ക്യാമറ തന്നെ. ഒപ്പം എടുത്തു പറയേണ്ടവ എം ബാവയുടേ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവുമാണ്. ചിത്രത്തെ മികച്ച കാഴ്ചയാക്കിയതിൽ ഷൈജു ഖാലിദിനൊപ്പം ബാവക്കും സമീറക്കും വലിയൊരു പങ്കുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിങ്ങും അവിയൽ & ബിജിബാലിന്റെ സംഗീതവും ചിത്രത്തിനു ചേർന്നു നിൽക്കുന്നു.

ഈയടുത്തു കണ്ട സിനിമകളിൽ മികച്ച കാസ്റ്റിങ്ങാണ് ഈ സിനിമയിലേത്. റിമ കല്ലിങ്കൽ, ഫഹദ് ഫാസിൽ, ടി ജി രവി, പ്രതാപ് പോത്തൻ, സത്താർ ചില പുതുമുഖങ്ങൾ എന്നിവർ തങ്ങളുടെ ഭാഗങ്ങൾ വെടിപ്പായി ചെയ്തു. ടെസ്സയായി റിമ കല്ലിങ്കൽ തിളങ്ങി, പ്രത്യേകിച്ച് ആദ്യ പകുതിയിൽ. രണ്ടാം പകുതിയിൽ പലയിടങ്ങളിൽ പ്രകടനത്തിലും സംഭാഷണ ശൈലിയിലും പിന്നോട്ട് പോകുന്നുണ്ട്. ഫഹദ് ഫാസിലിന്റെ സിറിളും വളരെ നന്നായിട്ടൂണ്ട്. ടി ജി രവിയുടെ രവിയങ്കിൾ മികച്ചൊരു കഥാപാത്രമാണ്. പ്രേക്ഷകരെ -പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരെ- രസിപ്പിക്കുന്നതിൽ ആ കഥാപാത്രം വിജയിച്ചിട്ടൂണ്ട്. ഗായികയായ രശ്മിയുടെ തടവുകാരി സുബൈദയും നല്ലൊരു പ്രകടനമാണ്. വീണ്ടും തിരശ്ശീലയിലെത്തിയ പ്രതാപ് പോത്തനും സത്താറും ഒട്ടും മോശമാക്കിയില്ല.

സോൾട്ട് & പെപ്പർ എന്ന സിനിമ അവിയൽ ബാൻഡിന്റെ “ആനക്കള്ളൻ’ എന്നൊരു ഗാനത്തോടെ അവസാനിക്കുന്നുവെങ്കിൽ അവിയലിന്റെ മറ്റൊരു ഗാനത്തോടെ 22 ഫീമെയിൽ തുടങ്ങുകയാണ്. ടൈറ്റിൽ ഗാനവും ചിത്രത്തിലെ ഒരു പ്രണയ ഗാനവും ഇമ്പമാർന്നതാണ്.(സംഗീതം അവിയൽ & ബിജിബാൽ) നിശബ്ദത അടക്കമുള്ള പശ്ചാത്തല സംഗീതവും മെച്ചമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ സിനിമയുടെ ടൈറ്റിൽ ഡിസൈനും പ്രൊമോഷണൽ ഡിസൈൻസും ട്രെയിലറുകളുമാണ്. ഇത്ര ഭംഗിയായും ശക്തമായും പ്രൊമോഷൻ ചെയ്തിട്ടുള്ള സിനിമ സമീപകാലത്ത് ആഷിക് അബുവിന്റെ തന്നെ സോൾട്ട് & പെപ്പർ തന്നെയാകും. ഓൺലൈനുകളിലും മറ്റും ഏറെ ഹിറ്റാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഇതിന്റെ ഡിസൈനുകളും പ്രൊമോയും സിനിമയെ മാർക്കറ്റ് ചെയ്യുന്നതിൽ ഏറെ സഹായിച്ചിരിക്കണം.

2004ൽ പുറത്തിറങ്ങിയ ഏക് ഹസീനാ ഥീ എന്ന ശ്രീറാം രാഘവന്റെ ഹിന്ദി ചിത്രവുമായാണ് ഈ ചിത്രത്തിനു സാമ്യമേറെ [ ഏക്‌ ഹസീനാ ഥീ, ക്യാബ്രേ ഡാൻസർ, കില്‍ ബില്‍ എന്നീ ചിത്രങ്ങളിൽ നിന്ന് പ്രചോദനം എന്ന് സിനിമക്കൊടുവിൽ എഴുതിക്കാണിക്കുന്നുണ്ട്. അങ്ങിനെയൊരു മാറ്റം ഉണ്ടായതും അഭിനന്ദാർഹം :) ] ആദ്യ പകുതിയിലെ ആസ്വാദ്യതയും പ്രധാന പ്രമേയത്തിനോട് അത്ര ചേർന്നു നിൽക്കാത്തതെന്നു തോന്നിപ്പിക്കുന്നതുമായ രണ്ടാം പകുതി ചിത്രത്തിനു അല്പമൊരു അഭംഗി ഉണ്ടാക്കുന്നുണ്ട്. രണ്ടാം പകുതിയിൽ നായിക ടെസ്സ-ക്കു വന്നു ചേർന്ന മേക്ക് ഓവറും ടെസ്സയുടെ ചില പ്രതികാര നടപടികളും വിശ്വസനീയമാക്കാൻ പരമാവധി ശ്രമിച്ചിട്ടും പൂർണ്ണതയിലെത്തിയില്ല എന്ന് കണ്ടെത്താം.

എങ്കിലും പൂർണ്ണമായും ഒരു മാറ്റത്തിനു വഴിപ്പെടാത്ത മലയാള സിനിമയിൽ, മാറ്റങ്ങൾക്ക് വിധേയമാകാൻ ശ്രമിക്കാത്ത സിനിമാ പ്രവർത്തകർക്കിടയിൽ ഒരു കൂട്ടം നവപ്രതിഭകളുടെ കൂട്ടായശ്രമങ്ങൾക്ക് പിന്തുണ കൊടുക്കേണ്ടതുണ്ട്. കാഴ്ചപ്പാടുകളും നിലപാടുകളും ഇനിയും ഒരുപാട് അരിച്ചെടുക്കലിനു വിധേയമാകേണ്ടതുണ്ടെങ്കിലും, കെട്ടുറച്ചുപോയ ഒരു മുഖ്യധാരാ മാധ്യമത്തിൽ ഇത്രയെങ്കിലുമൊക്കെ വിപ്ലവപ്രവർത്തനങ്ങൾ ചെയ്തുകൂട്ടാൻ ചങ്കുറപ്പും കൂസലില്ലായ്മയുമൊക്കെ കാണിക്കാൻ നവാഗതർ ശ്രമിക്കുമ്പോൾ നമ്മൾ പ്രേക്ഷകർ ഇരുകൈകളും ചേർത്തൊരു കയ്യടിയോ, തോളിൽ കൈ തട്ടി ഒരു അഭിനന്ദനമോ കൊടുത്താൽ ഒരു പക്ഷേ, പുതു സിനിമകളും പുതു കാഴ്ചപ്പാടുകളും തിരശ്ശീലയിൽ കാണില്ലെന്നാരു കണ്ടു?

Sunday, April 1, 2012

മാസ്റ്റേഴ്സ് - സിനിമാറിവ്യു


സി ഐ ഡി മൂസ, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങൾക്കും ചെറിയൊരു ഇടവേളക്ക് ശേഷവും പൃഥീരാജിനെ നായകനാക്കി സംവിധായകൻ ജോണി ആന്റണി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ്-ആക്ഷൻ-ത്രില്ലർ ചിത്രമാണ് ‘മാസ്റ്റേഴ്സ്’. പ്രമുഖ തമിഴ് സംവിധായകൻ ശശികുമാറും, ഹിന്ദി മോഡലും നടിയുമായ പിയാ ബാജ്പായിയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ ജിനു എബ്രഹാമാണ് തിരക്കഥാകൃത്ത്. തന്റെ ഇതുവരെയുള്ള ഹാസ്യ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ട്രീറ്റ്മെന്റാണ് ജോണി ആന്റണി ‘മാസ്റ്റേഴ്സിൽ’ ഒരുക്കുന്നത്. പ്രമേയം ഏറെ വ്യത്യസ്ഥമൊന്നുമല്ലെങ്കിലും തിരക്കഥാരചനയുടെ വേറിട്ടൊരു രീതി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുകയും മൊത്തത്തിൽ രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആക്ഷൻ-ത്രില്ലർ പാക്കിലുള്ള ചിത്രം സംവിധായകന്റെ കയ്യടക്കത്തെ ബാധിക്കുന്നുണ്ടെങ്കിലും തിരക്കഥയുടെ കെട്ടുറപ്പ് ചിത്രത്തെ കൊമേഴ്സ്യൽ ഘടനയിൽ വിജയിപ്പിക്കുന്നുണ്ട്. സംവിധായകൻ ജോണി ആന്റണിയുടെ ചിത്രം എന്നതിലുപരി തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ മിടുക്കാണ് ‘മാസ്റ്റേഴ്സ്’ എന്നു പറയുന്നതിലും തെറ്റില്ല. ഇൻവെസ്റ്റിഗേറ്റീവ്-ആക്ഷൻ-ത്രില്ലർ ചിത്രങ്ങളുടെ ‘എഴുത്ത് തമ്പുരാക്കന്മാർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരക്കഥാകൃത്തുക്കളൊക്കെ പ്രേക്ഷകനു രസം കൊല്ലിയാകുന്ന ഈ റിട്ടയർമെന്റ് പിരീഡിൽ നവാഗതനായ ജിനു എബ്രഹാമിനു തന്റെ പണി വെടിപ്പായി ചെയ്യാനറിയാമെന്നും തെളിയിക്കുന്നുണ്ട്.

കോട്ടയം നഗരത്തിലെ ഏ എസ് പി ശ്രീരാമ കൃഷ്ണനും (പൃഥീരാജ്) നഗരത്തിലെ ജേർണ്ണലിസ്റ്റ് മിലൻ പോളും (ശശികുമാർ) തമ്മിലുള്ള ആത്മാർത്ഥസൌഹൃദവും സമൂഹ തിന്മകൾക്കെതിരെ ഒപ്പം നിന്നും പോരാടുന്നവരുമാണ്. പുതിയൊരു കൊലപാതകപരമ്പരയുടെ അന്വേഷണം ഇരുവരും ചേർന്ന് നടത്തുന്നതാണ് ‘മാസ്റ്റേഴ്സ്.’

റിവ്യൂ വിശദമായി വായിക്കാനും കഥാസാരവും വിശദവിവരങ്ങളും വായിക്കുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക