Sunday, March 28, 2010

‘കുറസോവ‘യുടെ പ്രമാണി!

.
ഒരുപാട് വര്‍ഷങ്ങള്‍ സിനിമാ നിരൂപകനായിരിക്കുകയും, പിന്നീട് ജലമര്‍മ്മരം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവെങ്കിലും ശിവം, കവര്‍ സ്റ്റോറി, ദി ടൈഗര്‍ തുടങ്ങിയ കമേഴ്സ്യല്‍ ചിത്രങ്ങളിലൂടേ മലയാള സിനിമയിയുടെ മുഖ്യധാരയില്‍ ചുവടുറപ്പിക്കുകയും 'സ്മാര്‍ട്ട് സിറ്റി' എന്ന ചിത്രത്തിലൂടെ തിരക്കഥക്കു പുറമേ സ്വതന്ത്ര സംവിധായകനാവുകയും ചെയ്ത എക്സ് ജേര്‍ണ്ണലിസ്റ്റ് - എക്സ് സിനിമാ നിരൂപകന്‍ - തിരക്കഥാകൃത്ത് - സംവിധായകനാണ് ഉണ്ണികൃഷ്ണന്‍. ബി.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റില്‍ വിജി തമ്പിയുടെ സംവിധാനത്തില്‍ സമ്പ്രേഷണം ചെയ്ത ബ്ലാക്ക് & വൈറ്റ് എന്ന ആക്ഷന്‍/പോലീസ് സീരിയലിന്റെ തിരക്കഥാകൃത്തായിരുന്നു ബി ഉണ്ണിക്രഷ്ണന്‍. അമൃത ടി വി ടെലികാസ്റ്റ് ചെയ്ത ‘അന്നും മഴയായിരുന്നു’ എന്ന ടെലിസിനിമയുടെ തിരക്കഥകൃത്തും സംവിധായകനും കൂടിയായിരുന്നു എന്നറിയുമ്പോഴാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ/സിനിമാക്കാരന്റെ പശ്ചാത്തലം എത്രമാത്രം സമ്പുഷ്ടവും ക്രിയേറ്റീവ് ആയിരുന്നുവെന്നും നമ്മള്‍ മനസ്സിലാക്കുന്നത്.

ലോക ക്ലാസിക് സിനിമളുടെ നല്ലൊരു ആസ്വാദകനും നല്ലൊരു നിരൂപകനും അപസര്‍പ്പക കഥകളുടെ ഇഷ്ടക്കാരനും, സമകാലീന രാഷ്ടീയ-സാമൂഹ്യ-സാംസ്ക്കാരിക മാറ്റങ്ങളെ മനസ്സിലാക്കുകയും, ഉള്‍ക്കൊള്ളൂന്നയാളുമായ ഉണ്ണികൃഷണന്‍ പക്ഷെ മുഖ്യധാരാസിനിമയുടെ കുത്തൊഴുക്കിനൊപ്പം ഒഴുകിപോകുന്നത് തന്റെ സ്മാര്‍ട്ട് സിറ്റി സിനിമ മുതലേ കാണാവുന്നതാണ്. സ്മാര്‍ട്ട് സിറ്റി വലിയ വിജയമായിരുന്നില്ലെങ്കിലും അതിലൂടെ ഉണ്ണികൃഷണന്‍ കാണിച്ച പുതുമയും കഴിവും മുഖ്യധാരയില്‍ പരാമര്‍ശിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതുമായിരുന്നു. മുരളി എന്ന നടന്റെ ശേഖരേട്ടന്‍ എന്ന കഥാപാത്രത്തിന്റെ അപ്പിയറന്‍സും കോസ്റ്റൂസും, തിരക്കഥയുടെ ഘടനയും, സുരേഷ് ഗോപി എന്ന കഥാപാത്രത്തിന്റെ ഇന്‍ഡ്രൊഡ്യൂസ് സീനും വളരെ വിത്യസ്ഥമായിരുന്നു. നിലവില്‍ പൊളിറ്റിക്കല്‍-ആക്ഷന്‍-ഫാമിലി ഡ്രാമ ചെയ്തിരുന്ന ഷാജി കൈലാസ്, ജോഷി ചിത്രങ്ങളുടെ സ്ഥിരം വാര്‍പ്പു മാതൃകളില്‍ നിന്നും തികച്ചും വ്യത്യസ്ഥവും പുതുമയുമുള്ളതായിരുന്നു സ്മാര്‍ട്ട് സിറ്റി, പക്ഷെ ആ ചിത്രത്തിന്റെ പരാജയം ഈ സംവിധായകന്റെ മുഖ്യധാരയില്‍ ഇനിയൊരു പരീക്ഷണത്തിനോ മാറ്റത്തിനോ തുനിഞ്ഞിറങ്ങേണ്ട എന്നു തീരുമാനിച്ചുവോ ആവോ?! അതിനുശേഷം വന്ന മാടമ്പി അത്രയൊന്നും അവകാശപെടാനില്ലാത്ത ഒരു ചിത്രമായിരുന്നു. (ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തു എന്നു പറഞ്ഞപോലെ മാടമ്പി സൂപ്പര്‍ഹിറ്റാവുകയായിരുന്നു) എങ്കിലും മാടമ്പിയില്‍ കെപി എസിയുടെ അമ്മയും മോഹന്‍ലാലിന്റെ മകനും മലയാള സിനിമയിലെ സ്ഥിരം അമ്മ-മകന്‍ ബന്ധത്തില്‍ നിന്നും എതിര്‍ നില്‍ക്കുന്നതായിരുന്നു. ‘മോനേ...ഉണ്ണീ....ന്റെ കുട്ടാ..’ എന്നുള്ള അമ്മ വിളികള്‍ക്കു പകരം, അമ്മയെക്കൊണ്ട് മകനെ ‘കഴുവേര്‍ടെ മോനേ...” എന്നുവിളിപ്പിക്കാനുള്ള ചങ്കുറപ്പ് കാട്ടുകയും ചെയ്തു ഉണ്ണികൃഷ്ണന്‍. പേരക്കിടാവിന്റെ പ്രായമുള്ള നായികയെ സൂപ്പര്‍ താരത്തിന്റെ ചുറ്റും വട്ടം ചുറ്റിപ്പിക്കുമ്പോള്‍ പക്ഷെ, മാടമ്പിയില്‍ നായകന്‍ -നായികാ പ്രണയത്തെ ദൃശ്യവല്‍ക്കരിക്കാതിരിക്കാനുമുള്ള വിവേകവും കാണിച്ചു. പക്ഷെ അതിനുശേഷം വന്ന ഐ ജി എന്ന പോലീസ് സ്റ്റോറി ബി. ഉണ്ണികൃഷ്ണനെ മുഖ്യധാരയില്‍ പണം കൊണ്ടും പടം കൊണ്ടും എന്നും സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ഒരു ‘നമ്പരാ’യി ബെഞ്ചു മാര്‍ക്ക് ചെയ്യുന്നു. പോക്കറ്റ് കാലിയായ ഒരു പ്രൊഡ്യൂസറെക്കൊണ്ട് നിശ്ചിതസമയത്തിനുള്ളില്‍ തട്ടിക്കുട്ടിയെടുത്ത ഒരു തട്ടിക്കൂട്ട് ചിത്രമായിരുന്നു ഐ.ജി. തിരക്കഥയും സംവിധാനവും ഒരുമിച്ചുകൊണ്ടുപോകുമ്പോള്‍ ഏതൊരു സംവിധായകനു/തിരക്കഥാകൃത്തിനു സംഭവിക്കുന്നതു ഉണ്ണികൃഷ്ണനും സംഭവിച്ചു. മാത്രമല്ല ‘എ വെന്‍സ് ഡേ’ എന്ന ചിത്രത്തിലെ രംഗങ്ങളും പശ്ചാത്തലവും ഉളുപ്പില്ലാതെ കോപ്പിയടിക്കുകയും ചെയ്തു. എങ്കിലും ക്ലൈമാക്സില്‍ ചെയ്ത പ്രവചനാതീതമായ ടിസ്റ്റ് ആ സിനിമയെ തെല്ലൊന്നു രക്ഷിച്ചു എന്നു വേണം പറയാന്‍.

സ്മാര്‍ട്ട് സിറ്റി മുതല്‍ ഐജി വരെ വിശകലനം ചെയ്യുമ്പോള്‍ ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഗ്രാഫില്‍ ഒട്ടും ഉയര്‍ച്ചയുണ്ടായിട്ടില്ല എന്നു മാത്രമല്ല, സംവിധാനത്തില്‍ താന്‍ അത്രകണ്ട് കേമനുമല്ല എന്നു തെളിയിക്കാനുമായി. എങ്കിലും ഭദ്രവും ചടുലവും ഒതുക്കവുമുള്ള തിരക്കഥയുടെ സൃഷ്ടി തനിക്ക് എളുപ്പം വഴങ്ങുമെന്ന് ഉണ്ണികൃഷ്ണനു തെളിയിക്കാനായി. (പുതുമയും വ്യത്യസ്ഥവുമല്ല )

ഇതൊക്കെയാണെങ്കിലും തികച്ചും പുതുമയുള്ള ഒരു കഥയും, ഫ്രെഷ്നസ്സ് അനുഭവപ്പെടേണ്ട പശ്ചാത്തലവും കണ്ടു മടുത്ത അവതരണത്തില്‍ നിന്ന്‍ തികച്ചും അകന്നു മാറിയുള്ള ട്രീറ്റ് മെന്റും വേണം ഒരു സിനിമയെ പ്രേക്ഷകന്റെ ഇഷ്ടത്തിലേക്ക് അടുപ്പിക്കുവാനും സാമ്പത്തികമായി വിജയിപ്പിക്കാനും എന്ന ലളിതമായ സത്യം ഉണ്ണികൃഷ്ണനും മറന്നിരിക്കുന്നു എന്നു വേണം ‘പ്രമാണി‘ എന്ന തന്റെ പുതിയ ചിത്രം കാണുമ്പോള്‍ മനസ്സിലാവുന്നത്.

താഴെ കീഴ്പ്പാടം പഞ്ചായത്തിന്റെ അഴിമതിക്കാരനായ പ്രസിഡണ്ട് വിശ്വനാഥപണിക്കരുടെ പഞ്ചായത്തിലെ അഴിമതിയും തന്നിഷ്ടമായ ജീവിതവുമാണ് കഥാ പശ്ചാത്തലം. മമ്മൂട്ടിയുടെ പണിക്കര്‍ക്ക് അച്ഛനുമമ്മയോ കുടുംബക്കാരോ ആരുമില്ലെങ്കിലും അമ്മാവനും അമ്മായിയും കൂടപ്പിറപ്പുകളുമുണ്ട്. (നായകന്‍ അനാഥനോ മറ്റോ ആകുമ്പോഴാണല്ലോ ഹീറോയിസത്തിനു സകല സാദ്ധ്യതകളും!) സകല കൊള്ളരുതായ്മകളുമായി നടക്കുന്ന ആളാണെങ്കിലും സുഹൃത്ത് വര്‍ക്കിച്ചന്റെ വീട്ടിലും വര്‍ക്കിച്ചന്റെ അമ്മയുടെ അടുത്തുമെത്തുമ്പോള്‍ പണിക്കര്‍ നല്ലവനാകും (അഭിനയിച്ചത് യഥാക്രമം : പ്രഭുവും ലക്ഷ്മിയും) പണിക്കരുടെ ഈ അഴിമതി ഭരണത്തിലും ദുര്‍നടപ്പിനിടയിലുമാണ് വര്‍ക്കിച്ചന്റെ മകന്‍ ബോബി (ഫഹദ് ഫാസില്‍) പഞ്ചായത്ത് സെക്രട്ടറി ജാനകിയും(സ്നേഹ) താഴെ കീഴ്പാടത്തില്‍ സല്‍ഭരണത്തിനും പണിക്കരുടെ അഹമ്മതിക്കു അറുതിവരുത്തുവാനും ശ്രമിക്കുന്നത്. തുടര്‍ന്നങ്ങോട്ട് പ്രേക്ഷകനു ഊഹിക്കാനും, പ്രവചിക്കാന്‍ കഴിയുന്ന ട്വിസ്റ്റു(?)കളുമായി ചിത്രം പുരോഗമിക്കുന്നു. മറ്റു മലയാള സിനിമളെന്ന പോലെ, ഉണ്ണികൃഷ്ണന്റെ തന്നെ മാടമ്പിയിലെന്നപോലെ നായകനെ തെറ്റിദ്ധരിക്കുകയും ഒടുക്കം തെറ്റിദ്ധാരണമാറുകയും (മാറണമല്ലോ!) എല്ലാം കലങ്ങിതെളിഞ്ഞ് പണിക്കര്‍ ഒരു പഞ്ചപ്പാവം നന്മ നിറഞ്ഞ പണിക്കരുകുട്ടിയാണെന്നു പ്രസ്താവിക്കുകയും പഞ്ചായത്തിലെ ജനങ്ങള്‍ കയ്യടിച്ച് അത് സ്വീകരിക്കുന്നതോടെ പ്രേക്ഷകന്‍ ‘എക്സിറ്റ്’ എന്നെഴുതിയ വാതിലിനു നേരേക്ക് ഓടുന്നു.

കണ്ടു മടുത്ത മലയാള സിനിമയില്‍ നിന്ന് പ്രത്യേകിച്ചൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം ഇടക്കിടെ ചില ചെറിയ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും കൌണ്ടര്‍ ഡയലോഗുകളുടെ ധാരാളിത്തത്തിലും ഹീറോയിസത്തിന്റെ തിളക്കത്തിലും അതെല്ലാം മുങ്ങിപ്പോകുന്നു. സമകാലിക രാഷ്ട്രീയത്തേയും പ്രത്യേകിച്ച് നിലവിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തേയും പാര്‍ട്ടിയേയുമെല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ (ഇതേ സംവിധായകന്റെ നേതൃത്വത്തിലല്ലേ സിനിമാ സാങ്കേതിക വിദഗ്ദരേ വിളിച്ചു കൂട്ടീ മാര്‍ച്ച് ചെയ്യിച്ച് പിണറായി വിജയന്റെ കാല്‍ക്കീഴില്‍ ഒരിക്കല്‍ ‘അഭയം തരണേ’ എന്നു വിളിച്ച് സാഷ്ടാങ്കം മുട്ടുകുത്തിച്ചത് എന്നാരും ചോദിക്കല്ല്!)

ഏതൊരു സിനിമാ നിരൂപകനും പിന്നീട് സിനിമാ മാധ്യമത്തിന്റെ ഉള്ളിലേക്ക് /സിനിമാ പ്രവര്‍ത്തകനായി വരുമ്പോഴാണ് മുന്‍പ് താന്‍ തന്നെ പറഞ്ഞ കാര്യങ്ങളെ വിഴുങ്ങേണ്ടി വരികയും തകിടം മറിയേണ്ടി വരുന്നതും (മറ്റൊരു ഉദാഹരണം - വിജയകൃഷ്ണന്‍) ഉണ്ണികൃഷ്ണനും പറ്റിയതും പറ്റുന്നതും മറ്റൊന്നുമല്ല. ജലമര്‍മ്മരം എന്ന തന്റെ സിനിമ മുതല്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന ഈ ‘ഡയലോഗ് സിംഹം’ (അഹങ്കാരിയെന്ന് അണിയറക്കാര്‍) മലയാള സിനിമയെ വിമര്‍ശിച്ചും, പുതുമകളെ പരീക്ഷിച്ച് തിരക്കഥകളെഴുതിയും നീണ്ട വര്‍ഷങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ മുഖ്യധാരാ സിനിമയുടെ കെട്ടുപാടുകളെ , ചിട്ടവട്ടങ്ങളെ പുല്‍കാതെ, പുണരാതെ, അനുഗമിക്കാതെ കാത്തിരുന്നാല്‍ തനിക്ക് മലയാള സിനിമയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാനാവില്ലെന്ന് മനസ്സില്ലാക്കികൊണ്ടാണ് ഇപ്പോള്‍ ഈ ഒഴുക്കിനൊപ്പം നീന്തുന്നത്. ( മലയാള സിനിമയില്‍ സമൂലമായ ഒരു മാറ്റം പെട്ടെന്ന് ഉണ്ടാക്കാനാവില്ലെന്നും ചെറിയ ചെറിയ സംരംഭങ്ങളിലൂടെയോ മാറ്റങ്ങളിലൂടെ അതു സാധ്യമാകൂ അല്ലെങ്കില്‍ പ്രേക്ഷക നിരാസമുണ്ടാകുമെന്നും മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ മാസികയില്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു - ഓര്‍മ്മയില്‍ നിന്നെഴുതിയത്- )

എന്തായാലും ബി. ഉണ്ണികൃഷ്ണന്‍ എന്ന മലയാളത്തില്‍ പുതുതായി അവരോധിക്കപ്പെട്ട ‘അക്കിരാ കുറസോവ‘ തന്റെ പ്രസ്ഥാവനകളില്‍ മാത്രമാണ് തിളങ്ങുന്നതെന്ന് പ്രേക്ഷകനു മനസ്സിലാവാന്‍ ഈ ‘പ്രമാണി’ എന്നൊരു ചിത്രം മാത്രം മതി. പ്രസ്ഥാവനകളും ഗീര്‍വാണങ്ങളുമല്ല കലാകാരന്റെ കലാസൃഷ്ടിയാണ് കാലത്തെ അതിജീവിക്കുക എന്ന സത്യം എന്നാണാവോ ബി. ഉണ്ണികൃഷ്ണനൊക്കെ മനസ്സിലാവുക?!