Friday, November 30, 2012

സീൻ ഒന്ന് നമ്മുടെ വീട് - സിനിമാ റിവ്യൂ


ഷൈജു ഷാജി എന്ന ഇരട്ട സംവിധായകരുടേ ആദ്യ ചിത്രമായ “ഷേക്സ്പിയർ എം എ മലയാളം” എന്ന സിനിമക്ക് ശേഷം ഇരുവരും വഴി പിരിഞ്ഞു സ്വതന്ത്ര സംവിധായകരായി ഓരോ പടം ചെയ്തു. ഷാജി, ഷാജി അസീസ് എന്ന പേരിൽ ‘ഒരിടത്തൊരു പോസ്റ്റുമാനും” ഷൈജു, ഷൈജു അന്തിക്കാട് എന്ന പേരിൽ ‘ഒരു ബ്ലാക്ക് & വൈറ്റ് കുടൂംബ‘വും. ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രമാണ് ‘സീൻ ഒന്ന് നമ്മുടെ വീട്”

സിനിമക്കുള്ളിലെ കഥപറയുന്ന സിനിമ തന്നെയാണ് സീൻ ഒന്ന് നമ്മുടെ വീട്. ഒരു സ്വതന്ത്ര സംവിധായകനാകൻ ശ്രമിക്കുന്ന സഹ സംവിധായകന്റേയും അയാളുടെ ലക്ഷ്യത്തിലേക്കെത്താൻ പരിപൂർണ്ണ പിന്തുണയോടെ നിൽക്കുന്ന കുടുംബത്തിന്റേയും ഒടുക്കം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് വിജയം കൊയ്യുന്നതിന്റേയും കഥ തന്നെയാണ് ഷൈജുവിന്റെ പുതിയ സിനിമക്കും.

മലയാളത്തിൽ ഒരുപാടാവർത്തിച്ച വിഷയം തന്നെയാണ് ഷൈജു ഈ സിനിമക്കുവേണ്ടി കരുതിയിരിക്കുന്നത്. സ്വതന്ത്ര സംവിധായകനാകാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകളും അലച്ചിലുകളും നടത്തിയ ഉദയഭാനുവിന്റെ കഥപറഞ്ഞ ‘ഉദയനാണ് താരം’ മുതൽ നടനാവാൻ മോഹിച്ച സ്ക്കൂൾ അദ്ധ്യാപകന്റെ കഥ പറഞ്ഞ ‘ബെസ്റ്റ് ആക്ടറും’ സിനിമ പിടിക്കാനിറങ്ങിയ മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി ഓ യും, സൂപ്പർ താരത്തിന്റെ ജാഡ കാരണം സ്റ്റിൽ ഫോട്ടോഗ്രാഫറെ നായകനാക്കിയ ‘ജോസേട്ടന്റെ ഹീറോ‘യും, സിനിമ പിടിക്കാനിറങ്ങിയ കോളേജ് കൂട്ടുകാർ സംഘത്തിന്റെ ‘സിനിമാ കമ്പനി’യും അങ്ങിനെ ഈയടുത്തു വന്ന പല ‘സിനിമാ വിഷയ സിനിമ’കളുടേയും ചേരുവകളും സാമ്യവും അതിലൊക്കെപ്പറഞ്ഞ വിഷയങ്ങളും തന്നെയാണ് ‘സീൻ ഒന്ന് നമ്മുടേ വീട്’ലെ പ്രമേയവും. പക്ഷെ, സുഖകരമായൊരു കുടുംബാന്തരീക്ഷത്തിൽ വലിയ തെറ്റില്ലാതെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു എന്നതാണ് ഈ സിനിമയുടെ ഗുണം. ഷൈജു അന്തിക്കാട് എന്ന സംവിധായകൻ തന്റെ മൂന്നാം ചിത്രത്തിൽ വലിയ പാകപ്പിഴകളില്ലാതെ ഭേദപ്പെട്ട ചിത്രം അണിയിച്ചൊരുക്കി, പ്രമേയത്തിൽ പുതുമയില്ലെങ്കിലും.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബി റിവ്യൂ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Tuesday, November 27, 2012

ഇഡിയറ്റ്സ് - സിനിമാ റിവ്യൂ


സിനിമ കാണുന്ന പ്രേക്ഷകനേയും ‘ഇഡിയറ്റ്സ്’ ആക്കാനുള്ള ശ്രമമാണോ നവാഗതനായ കെ എസ് ബാവ എന്ന സംവിധായകന്റെ ശ്രമം എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോയാൽ കുറ്റം പറയാനാവില്ല. അത്രമേൽ അസഹ്യവും ബോറിങ്ങുമാകുന്നുണ്ട് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെ ‘ഇഡിയറ്റ്സ്’ വ്യക്തമായൊരു കഥാതന്തുവോ പ്രമേയമോ ഈ സിനിമക്കില്ല, അതു വേണമെന്നു നിർബന്ധമൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂറിൽ കാണിക്കുന്ന സിനിമക്ക് എന്തെങ്കിലും പറയുവാനോ  പറയുന്നത് രസംകൊല്ലിയാകാതെ പ്രേക്ഷകനെ പിടിച്ചിരുത്താനോ മിനിമ സാധിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഇഡിയറ്റ്സിനു അത് സാധിക്കുന്നില്ല.

പ്രണയ നൈരാശ്യം മൂലം ജീവിതം മടുത്ത് തന്നെത്തന്നെ കൊലപ്പെടുത്തുവാൻ ഒരു പെൺകുട്ടി ഗുണ്ടാസംഘത്തിനു ക്വൊട്ടേഷൻ കൊടുക്കുകയും വിഡ്ഢിയായൊരു കില്ലർ ദൈത്യമേൽക്കുകയും ആ പെൺകുട്ടിയെ രക്ഷപ്പെടുത്താനും പ്രണയിക്കാനും മറ്റൊരു ചെറുപ്പക്കാരൻ ശ്രമിക്കുകയും ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ(മാകേണ്ട) സന്ദർഭങ്ങളാണ് സിനിമ.

റിവ്യൂ മുഴുവനായി വായിക്കുവാൻ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, November 24, 2012

101 വെഡ്ഡിങ്ങ്സ് - സിനിമാ റിവ്യൂ


കോമഡി ചിത്രങ്ങളുടെ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രം ‘101 വെഡ്ഡിങ്ങ്സ്’ പേരു സൂചിപ്പിക്കുന്നതുപോലെ കല്യാണത്തെചുറ്റിപ്പറ്റിയുള്ള കോമഡി സിനിമയാണ്. ( അല്ലെങ്കിലും മലയാളസിനിമയി കല്യാണം എന്നതിനേക്കാൾ വലിയൊരു കോമഡിയുണ്ടോ, കല്യാണമെന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങൾ, കല്യാണത്തിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന സിനിമകൾ, കല്യാണപ്പന്തലിലെ കൂട്ടത്തല്ല്, കോമഡി എന്നുമാത്രമല്ല കല്യാണമേ കഴിഞ്ഞൊരു കഥയോ സിനിമയോ മലയാളത്തിലില്ല!) എന്തായാലും ഷാഫി നായകന്റേയും നായികയുടേയും മാത്രം കല്യാണമല്ല, മൊത്തം 101 കല്ല്യാണങ്ങളാണത്രെ ഈ സിനിമയിൽ നടത്തുന്നത്.!!

സിനിമയുടെ വിജയത്തിനു സൂപ്പർ താരങ്ങൾ നിർബന്ധമില്ല എന്ന് തെളിഞ്ഞ ഈ കാലയളവിൽ സൂപ്പറല്ലാത്ത താരങ്ങൾ കൊയ്ത വിജയചിത്രങ്ങളിലൂടെ മിനിമം ഗ്യാരണ്ടിയും പോപ്പുലാരിറ്റിയും കിട്ടിയ ചെറുതാരങ്ങളായ കുഞ്ഞാക്കോബോബൻ, ബിജുമേനോൻ, ജയസൂര്യ എന്നിവരാണ് ഷാഫിയുടെ പുതിയ ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. ഒപ്പം സംവൃതാ സുനിൽ, ഭാമ, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ എന്നിവരും. സിദ്ധിക്ക് ലാൽ ചിത്രങ്ങളൂം അവയുടെ ചുവട് പിടിച്ച് വന്ന റാഫി മെക്കാർട്ടിൻ, ഷാഫി ചിത്രങ്ങളുമൊക്കെ ഏതാണ്ട് ഒരേ ജനുസ്സിൽ പെട്ടവയാണ്. ഗഹനമായ പ്രമേയമോ ആവിഷ്കാരമോ ഒന്നുമില്ലാതെ പ്രേക്ഷകരെ ഏതുവിധേനയും പൊട്ടിച്ചിരിപ്പിക്കുകയും അതുവഴി തിയ്യറ്ററുകൾ ഉത്സവപ്പറമ്പുകളാക്കിയും ചിത്രം വിജയം നേടുക എന്നൊരു മിനിമം ലക്ഷ്യമേ അതിനുള്ളു. ഇവരുടെ ആദ്യകാല ചിത്രങ്ങൾ പലതിനും ആ ധർമ്മം നിറവേറ്റാനും കഴിഞ്ഞു. എന്നാൽ ഷാഫിയുടെ അവസാന ചിത്രങ്ങളിൽ പലതും പഴയപോലെ ഏശുന്നില്ലെന്ന് സമീപകാല ചരിത്രം. ഷാഫിയുടെ ആവനാഴിയും ഒഴിഞ്ഞു തുടങ്ങിയെന്നു വ്യക്തം. സംവിധാനത്തോടൊപ്പം നിർമ്മാണപങ്കാളിയായതുകൊണ്ടുകൂടിയാകാം ഷാഫിയുടേ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് കലവൂർ രവികുമാറാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക. : http://www.m3db.com/node/30062

Thursday, November 22, 2012

തീവ്രം - സിനിമാറിവ്യൂ


 രൂപേഷ് പീതാംബരൻ എന്ന നവാഗത സംവിധായകന്റെ “തീവ്രം” എന്ന ആദ്യ സിനിമ വ്യത്യസ്ഥ ട്രീറ്റുമെന്റിനാലും സാങ്കേതികപരമായും മികച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രതിലോമകരമെന്നു സൂചിപ്പിക്കാവുന്ന പ്രമേയം കൊണ്ട് പിന്നിലാകുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് തന്റെ ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത്.

ഹരിനായരുടെ ക്യാമറ, സിറിൽ കുരുവിളയുടെ കലാസംവിധാനം, ഡി ഐ / കളറിങ്ങ് , ദുൽഖർ സൽമാന്റെ അഭിനയം, വ്യത്യസ്ഥമായ കഥപറച്ചിൽ എന്നിവയാണ് സിനിമയുടെ എടുത്തുപറയാവുന്ന ഘടകങ്ങൾ. പക്ഷെ പ്രമേയത്തിലെ ന്യൂനത അഥവാ വില്ലൻ കഥാപാത്രത്തിനു വേണ്ടത്ര വിശദീകരണമില്ലായ്മ കൊലക്ക് കൊല, ചോരക്ക് ചോര എന്ന മട്ടിൽ നാട്ടിലെ നിയമങ്ങൾ നടപ്പാക്കണം,അതിനനുകൂലമായി നിയമങ്ങൾ മാറ്റിയെഴുതണം എന്നമട്ടിലുള്ള പ്രമേയത്തെ എങ്ങിനെ സാധൂകരിക്കാനാണ്?

തന്റെ ജീവിതത്തിൽ സംഭവിച്ച കനത്ത നഷ്ടത്തിനു കുറച്ചു വർഷങ്ങൾക്കു ശേഷം പ്രതിനായകനോട് പകരം വീട്ടുന്ന നായകൻ ഹർഷവർദ്ധന്റെ ജീവിതമാണ് മുഖ്യപ്രമേയം

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബി പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, November 11, 2012

മൈ ബോസ് - സിനിമാ റിവ്യൂ


ഡിറ്റക്ടീവ് എന്ന ആദ്യചിത്രത്തിലൂടെ തന്റെ കഴിവു തെളിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. കച്ചവടസിനിമയുടെ തന്ത്രം അറിയാവുന്ന മാസ്സ് എന്റർടെയ്നർ ഒരുക്കുന്ന ജിത്തു ജോസഫ് ഡിറ്റക്ടീവും പിന്നീട് മമ്മീ & മി എന്ന ചിത്രത്തിലും വിജയങ്ങളൊരുക്കി. ജീത്തുജോസഫിന്റെ മൂന്നാം ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് ദിലീപ് മമതാ മോഹന്ദാസ് എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച “മൈ ബോസ്”.

ഈ ചിത്രവും സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കർക്കശക്കാരിയായ ബോസിന്റേയും അസിസ്റ്റന്റിന്റേയും ഈഗോ ക്ലാഷ്,  കോമഡി ട്രീറ്റ്മെന്റിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. മമതയുടെ നല്ല പ്രകടനവും ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇവരൊരുക്കുന്ന നർമ്മ മുഹൂർത്തങ്ങളും തിയ്യറ്ററിലെ പ്രേക്ഷകനെ തികച്ചും രസിപ്പിക്കുന്നുണ്ട്. അവിശ്വസനീയമായ കഥയാണെങ്കിലും പ്രേക്ഷകനും മറ്റൊന്നും ആലോചിക്കാനിടകൊടുക്കാതെ നർമ്മ സംഭാഷണങ്ങളെ ഇടമുറിയാതെ പറയിപ്പിച്ചുകൊണ്ടുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ്  കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദാംശങ്ങളും കഥാസാരവും അറിയുവാനും ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Friday, November 2, 2012

പ്രഭുവിന്റെ മക്കൾ - സിനിമാ റിവ്യൂ


മലയാള സിനിമയിലാദ്യമായിട്ടായിരിക്കാം വിശ്വാസങ്ങളെ പൂർണ്ണമായി എതിർക്കുന്നതും യുക്തിവാദത്തെ പരിപൂർണ്ണമായും പിന്തുണക്കുന്നതുമായൊരു സിനിമ. നവാഗതനായ സംവിധായകൻ ‘സജ്ജീവൻ അന്തിക്കാട്’ സംവിധാ‍നം ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ മലയാളിയുടെ അന്ധവിശ്വാസത്തേയും (കപട)ഭക്തിയേയും ആൾദൈവങ്ങളുടെ തട്ടിപ്പിനേയും പരാമർശിക്കുന്നൊരു സിനിമയാണിത്. രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ പുരോഗമനമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നു എന്നതു മാത്രമായി സിനിമ അല്ലാതാവുന്നു എന്നതാണ് ദുര്യോഗം. സിനിമയുടെ ലാവണ്യരീതികളെ കൃത്യമായും ഫലപ്രദമായും പിന്തുടരാനാവാതെ കേവലമൊരു കവലപ്രസംഗത്തിന്റെ രീതിയിലേക്ക് പോയി അമച്ച്വറിഷ് മേക്കിങ്ങ് മൂവി ആയി മാറി.

ഏതാണ്ട് കഴിഞ്ഞ മുപ്പതു വർഷത്തോളമുള്ള കേരളത്തിലെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങളും മറ്റും പരാമർശിക്കുന്ന സിനിമയാണ് പ്രഭുവിന്റെ മക്കൾ. യുക്തിവാദിയായ സംവിധായകന്റെ സ്വാനുഭവങ്ങളും ഇതിലേറെയുണ്ടെന്ന് കാണാം.  വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തെ ഏറെ ആഴത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്ന/കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമ പ്രസക്തം തന്നെ. 

റിവ്യൂ പൂർണ്ണമായും വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.