Thursday, September 27, 2012

പുതിയ തീരങ്ങൾ - സിനിമാ റിവ്യൂ

ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ദങ്ങളും സ്വപ്നങ്ങളും പ്രണയങ്ങളും കൊച്ചു കൊച്ചു കുസൃതികളുമൊക്കെ നാട്ടു പച്ചയുടെ പശ്ചാത്തലത്തിൽ നർമ്മ മധുരമായ മുഹൂർത്തങ്ങൾ കൊണ്ട് കോറിയിട്ടവയായിരുന്നു സത്യൻ അന്തിക്കാടിന്റെ പഴയ കാല സിനിമകൾ. ഇന്നും ഓൺലൈനിലും പുറത്തും ഗൃഹാതുരതയോടെ മലയാള സിനിമാ പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുന്ന സിനിമാ മുഹൂർത്തങ്ങളും സത്യന്റെ പഴയ സിനിമകളാണ്. മലയാളിയുടെ ജീവിത ഭാഷണങ്ങളിൽ പലപ്പോഴും സന്ദർഭങ്ങളെ വ്യക്തമാക്കുന്ന സംഭാഷണങ്ങൾ പോലും ആ സിനിമകളിൽ നിന്നു തന്നെയാണ്. ‘പവനായി ശവമായി’, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്”,‘ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല’ ഇങ്ങിനെ പോകുന്നു. ദാസനും വിജയനും, തങ്കമണിയും, തട്ടാനും, വെളിച്ചപ്പാടും, ഹാജ്യാരുമൊക്കെ മലയാളി ജീവിതത്തിന്റെ സിൽ വർ സ്ക്രീൻ കാരിക്കേച്ചറുകളായിരുന്നു. കാലം മാറവേ, സിനിമയും മാറി, ശരിക്കും പറഞ്ഞാൽ സത്യൻ അന്തിക്കാടും മാറി.പക്ഷെ, “മണ്ണിലിറങ്ങിയ കഥാപാത്രങ്ങളുള്ള ഗ്രാമീണ നന്മ” എന്ന ബ്രാൻഡു മാത്രം ബാക്കിയായി.‘സുരക്ഷിതവിജയം’ നേടുന്ന പാതിവെന്ത പിന്തിരിപ്പൻ സിനിമകൾ,  പ്രചരിച്ചു പോയ ആ ബ്രാൻഡിന്റെ പുറത്ത് നിർമ്മിച്ച് വിൽക്കുന്ന അസ്സലൊരു ബ്രാൻഡ് മുതലാളി മാത്രമായി സത്യൻ അന്തിക്കാട്. ബ്രാൻഡിന്റെ പഴയ ക്വാളിറ്റിയും ഈടുമൊക്കെ ഇപ്പോഴുമുണ്ടാവുമെന്ന് വിശ്വസിക്കുന്ന  ഒരു കൂട്ടം ഉപഭോക്താക്കൾ ഇപ്പോഴുമുണ്ടെന്ന് ഒരു പക്ഷെ സത്യൻ അന്തിക്കാട് വിശ്വസിക്കുന്നുണ്ടാവണം.

നീണ്ട ഇടവേളക്കു ശേഷം ഇത്തവണ മറ്റൊരു തിരക്കഥാകൃത്താണ് (ബെന്നി പി നായരമ്പലം) സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. അഭിനയിക്കുന്നവരിൽ പലരും സത്യന്റെ സ്ഥിരം സിനിമാ അഭിനേതാക്കളല്ല. സൂപ്പറോ അല്ലാത്തതോ ആയ നായക നടനുമില്ല. മാത്രമല്ല ഇതൊരു ന്യൂ ജനറേഷൻ മൂവി കൂടിയാണെന്ന് സംവിധായകൻ സിനിമക്കു മുൻപിറങ്ങിയ പ്രൊമോഷനിലും പറഞ്ഞിരിക്കുന്നു. ഇതൊക്കെത്തന്നെ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ആകർഷക ഘടകങ്ങൾ തന്നെയാണ്. മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഇറങ്ങിയ സിനിമകളൊക്കെത്തന്നെ സത്യൻ അന്തിക്കാടിനോടുള്ള പ്രേക്ഷകന്റെ പ്രിയം കുറക്കുന്നതും സത്യൻ അന്തിക്കാട് ഇനി മറ്റാരുടേയെങ്കിലും തിരക്കഥ സിനിമയാക്കണം എന്ന അഭിപ്രായം ഉണ്ടാക്കുന്നവയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ ബെന്നി പി നായരമ്പലവും സത്യൻ അന്തിക്കാടും പുതിയ താരങ്ങളും കൂടി ചേരുന്ന ‘പുതിയ തീരങ്ങൾക്ക്” പുതുമയുണ്ടാകേണ്ടതും സത്യനിലെ പഴയ സംവിധായകനെ കാണിച്ചു തരേണ്ടതുമാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, September 26, 2012

ഹസ്ബന്റ്സ് ഇൻ ഗോവ - സിനിമാ റിവ്യൂ


തിരക്കഥ കൃഷ്ണ പൂജപ്പുരയും സംവിധാനം സജി സുരേന്ദ്രനുമാണെങ്കിൽ ചിത്രത്തെക്കുറിച്ച് കൂടുതലായും ഒന്നും പറയേണ്ടല്ലോ. ഇവർക്കൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും ആസിഫ് അലിയും റീമയും, രമ്യയും ഭാമയും ഭാര്യാഭർത്താക്കന്മാരായി വന്നാൽ സിനിമയിൽ എന്തൊക്കെ സംഭവിക്കുന്നറിയാൻ സിനിമയുടെ പോസ്റ്ററുകൾ മാത്രം നോക്കിയാൽ മതിയാകും. അതിലപ്പുറമൊന്നും ഈ സിനിമയിൽ കാണിക്കുന്നുമില്ല. ഒരു കാര്യം പറയാം. ക്ലൈമാക്സ് ഒഴിച്ചു നിർത്തി സിനിമയുടേ ആദ്യ മുക്കാൽ ഭാഗത്തോളം സജി സുരേന്ദ്രൻ ഇതുവരെ ചെയ്ത സിനിമകളിൽ സഹനീയവും കണ്ടിരിക്കാവുന്നതുമാണ്. അത്രയും ആശ്വാസമുണ്ട്.

സീരിയൽ രംഗത്തു നിന്നു വന്നതുകൊണ്ടാകാം കൃഷ്ണ പൂജപ്പുരക്കും സജി സുരേന്ദ്രനും കുടൂംബവും ഭാര്യയും ഭർത്താവും അവരുടെ പ്രശ്നങ്ങളുമല്ലാതെ മറ്റൊരു കഥയില്ല.ഇതിലും തഥൈവ. ജോലിയുണ്ടെങ്കിലും ഭാര്യമാരെ പേടിക്കുന്ന (എന്തിനാ പേടിക്കുന്നത് എന്ന് സിനിമയിൽ പറയുന്നില്ല. അങ്ങിനെ കുഴപ്പക്കാരികളായ ഭാര്യമാരുമില്ല. എന്നാലും ഭർത്താക്കന്മാർ ചുമ്മാ അങ്ങ് പ്യാടിക്കുകയാണ്) മൂന്ന് ഭർത്താക്കന്മാർ ഭാര്യമാരറിയാതെ ഒരാഴ്ച ആഘോഷിക്കാൻ ഗോവയിലേക്ക് പോകുന്നു. ട്രെയിൻ യാത്രക്കിടയിൽ വെച്ച് സണ്ണി(ലാൽ)യെന്ന മദ്യപനെ കിട്ടുന്നു. പിന്നെ ഗോവയിലെ ആഘോഷങ്ങളാണ്. മദ്യപാനവും മിമിക്രി തമാശകളും, ദ്വയാർത്ഥപ്രയോഗങ്ങളും നടീ നടന്മാരുടെ കളർഫുൾ ഡ്രെസ് -ഫാഷൻ പരേഡുമായി നീങ്ങവേ അപ്രതീക്ഷിതമായൊരു ട്വിസ്റ്റിൽ(എന്ന് കഥാകൃത്തും സംവിധായകനും മാത്രം വിചാരിക്കും! പ്രേക്ഷകൻ ചോറുണ്ണുന്നവനാ അതിനുള്ള മിനിമം ബുദ്ധി പ്രേക്ഷകനുണ്ട്) സിനിമയങ്ങ് മൂർദ്ധന്യത്തിൽ എത്തുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Tuesday, September 25, 2012

ട്രിവാൻഡ്രം ലോഡ്ജ് - സിനിമാ റിവ്യൂ


അവിവാഹിതനായ ഒരു ശരാശരി മലയാളി യുവാവിന് സ്ത്രീകളെക്കുറിച്ചുള്ള അരാജക ഭാവനകളുടെ ദൃശ്യ സംഭാഷണ സങ്കലനമാണ്  വികെ പ്രകാശ് സംവിധാനവും പുതിയ പത്മരാജനാകാൻ കച്ചകെട്ടിയിറങ്ങിയ അനൂപ് മേനോനും നടൻ ജയസൂര്യയും ചേർന്നൊരുക്കിയ “ട്രിവാണ്ട്രം ലോഡ്ജ് “ എന്ന് ചുരുക്കിപ്പറയാം.

സ്ത്രീ വെറും ഭോഗ ശരീരമെന്നു കരുതുന്ന ഒരുപാട് അന്തേവാസികളുടെ താമസസ്ഥലമായ ഒരു ലോഡ്ജാണ് കഥാപരിസരം. സമ്പന്നനായ ഈ ലോഡ്ജ് ഉടമ രവിശങ്കറാകട്ടെ(അനൂപ് മേനോൻ) അന്തരിച്ച ഭാര്യയുടെ  ‘ഈ ലോഡ്ജ് ഇതേപോലെ നിലർത്തണം’ എന്ന ആഗ്രഹത്തിനു വാക്കു കൊടൂത്തതുകൊണ്ട് ലൈംഗികദാഹികളായ പുരുഷന്മാരെ മാത്രം താമസിപ്പിച്ച് ലോഡ്ജ് നില നിർത്തുകയാണത്രേ. അന്തേവാസികളിൽ മിക്കവരും സ്ത്രീയെന്ന ‘മിത്തിനു’ ചുറ്റും വട്ടമിട്ടു പറക്കുന്നവരാണ്. ആഗ്രഹം തീർക്കുന്നവരും തീർക്കാനിരിക്കുന്നവരും., അവസരം ലഭിക്കാത്തവരുമായി നിരവധി പേർ. ഇതിൽ അബ്ദു (ജയസൂര്യ) ഒരു പേടിത്തൊണ്ടനും സെക്സ് മാനിയാക്കുമാണ്. അവനു അവസരങ്ങൾ ലഭിക്കുന്നില്ല, ലഭിച്ചാലും ഉപയോഗപ്പെടൂത്താൻ പറ്റുന്നില്ല. സെക്സ് കഥകൾ നിറഞ്ഞ കൊച്ചുപുസ്തകങ്ങളാണവന്റെ ലൈംഗിക വിശപ്പ് തീർക്കുന്നത്..അന്തേവാസികൾ ഇങ്ങിനെയെങ്കിൽ ലോഡ്ജിനു പുറത്തുള്ള കഥാപാത്രങ്ങളിലും ഈ കാര്യത്തിൽ മാറ്റമൊന്നുമില്ല.വിവാഹമോചനത്തോടെ കൊച്ചിയിലെത്തി താമസം തേടുന്ന നായികക്ക് മോഹം രണ്ടാണ്. ഒന്ന് കൊച്ചിയെ പശ്ച്ചാത്തലമാക്കി നോവലെഴുതണം, മറ്റൊന്ന് ‘ഒരുത്തന്റെ’ ഒപ്പം ശയിക്കുക, പലരേയും പ്രലോഭിപ്പിക്കുക അങ്ങിനെ അതിന്റെ സുഖം അനുഭവിക്കുക. നായികയെ സഹായിക്കുന്ന കൂട്ടുകരി സെറീന(ദേവി അജിത്)യാകട്ടെ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ടെക്കിയേയോ, ഡോക്ടറേയോ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ കിടപ്പറയിൽ, കരിമ്പിൻ കാട്ടിൽ ഇറങ്ങുന്ന ആനയുടെ ശൌര്യം പ്രകടിപ്പിക്കുന്ന മണ്ടനും പണക്കാരനുമായ ഭർത്താവുമൊത്ത് സുഖ ജീവിതം നയിക്കുന്നവളത്രേ! ഇതിനിടയിൽ വരുന്ന സ്ത്രീ കഥാപാത്രമാകട്ടെ കന്യകയെന്ന (തെസ്നി ഖാൻ) ഒരു തെരുവു വേശ്യയും

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും. എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Monday, September 17, 2012

ചട്ടക്കാരി - സിനിമാ റിവ്യൂ


മലയാള സിനിമയിലിപ്പോൾ റീമേക്കുകളുടെയും രണ്ടാംഭാഗത്തിന്റേയും കാലമാണ്. റീമേക്കുകളെന്നാൽ പഴയ ക്ലാസിക് ചിത്രങ്ങളെ പുനരവതരിപ്പിക്കുന്നു എന്നൊന്നുമല്ല, വില്പന സാദ്ധ്യതയുള്ള, സ്ത്രീ ശരീരങ്ങളെ തുറന്നു കാണിക്കാൻ കഴിയുന്ന പല ചിത്രങ്ങളും സാമ്പത്തിക നേട്ടം മോഹിച്ച് വീണ്ടും ചിത്രീകരിക്കുന്നു എന്നേയുള്ളൂ. സോഫ്റ്റ് പോൺ (അത്തരമെന്ന് കരുതുന്ന)  ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും മാർക്കറ്റുണ്ടല്ലോ ഈ കേരളത്തിൽ. 1974ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന സിനിമയാണ് ഇത്തരം റീമേക്കുകൾ തുടർച്ചയായിറക്കുന്ന സുരേഷ് കുമാർ നിർമ്മിച്ച് കെ എസ് സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ 2012ൽ പുറത്തിറക്കിയ പുതിയ ചട്ടക്കാരി.

ഇത്തരം ചിത്രങ്ങളുടെ വില്പന സാദ്ധ്യതക്കു വേണ്ടിത്തന്നെയുള്ള ശ്രമങ്ങളൊക്കെത്തന്നെയേ ഈ സിനിമയിലും ഉള്ളു. നീലത്താമരയും, രതിനിർവ്വേദവും പുനർ സൃഷ്ടിച്ചപ്പോൾ കാലഹരണപ്പെട്ട വിഷയമായിട്ടും പഴയ ചിത്രങ്ങളുടെ നിലവാരമില്ലാഞ്ഞിട്ടും ഒരു എന്റർടെയ്നർ എന്ന നിലയിൽ പല പ്രേക്ഷകർക്കെങ്കിലും കണ്ടിരിക്കാവുന്ന സിനിമകളായിരുന്നു. എന്നാൽ ചട്ടക്കാരിയുടെ പുതിയ നിർമ്മിതിക്ക് സിനിമയെടുത്തു പഠിക്കാൻ ശ്രമിക്കുന്ന ഒരു സംവിധായകന്റെ പാതി പോലും വേവാത്ത സൃഷ്ടിയെന്ന നിലവാരമേയുള്ളു. ദശാബ്ദങ്ങൾക്ക് മുൻപ് പറഞ്ഞു പഴകിയ പ്രമേയം, അഭിനേതാക്കളുടെ പരിതാപകരമായ അഭിനയം, സമയ-കാല തുടർച്ചപോലുമില്ലാത്ത അമെച്ചെറിഷ് ആയ മേക്കിങ്ങ്. കുഞ്ഞുടുപ്പിട്ട നായികയുടെ നഗ്നത കാണിക്കാനുള്ള ശ്രമം. ഇതൊക്കെയാണ് ചട്ടക്കാരി.

റിവ്യൂ വിശദമായി വായിക്കുവാനും വിശദാംശങ്ങൾക്കും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, September 16, 2012

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം - സിനിമാ റിവ്യൂ

വിടപറയും മുൻപേ, ഓർമ്മയ്ക്കായി തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച നിർമ്മാതാവാണ് ഡേവീഡ് കാച്ചപ്പിള്ളി. ചെറിയൊരു ഇടവേളക്കു ശേഷം ‘ഡേവീഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസി‘ന്റെ ബാനറിൽ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം” എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ഡേവീഡ് കാച്ചപ്പിള്ളി വീണ്ടുമെത്തുന്നത്. ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സേതുവിന്റേതാണ്.  സിനിമയുടെ പേരു പോലെത്തന്നെ മലയാളത്തിന്റെ സിനിമാഭൂപടത്തിൽ ഒരിടം ഇല്ലാതാകുന്ന സിനിമയാണിതെന്ന് നിശ്ശംസയം പറയാം. വളരെ ദുർബലമായ തിരക്കഥ, ബോറടിപ്പിക്കുന്ന കഥാഗതി, പരിതാപകരമായ മേക്കിങ്ങ്, അഭിനേതാക്കളുടെ മോശം പ്രകടനം എന്നിവയാൽ മലയാള സിനിമാപ്രേക്ഷകന്റെ മനസ്സിൽ ഒരിടം തേടുന്നതിൽ ഈ സിനിമ ഒരു ശതമാനം പോലും വിജയിക്കുന്നില്ല.

ഗ്രാമത്തിൽ നടന്നൊരു മോഷണത്തിന്റെ പേരിൽ മോഷ്ടാവിനെ കണ്ടുപിടിക്കാൻ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും (ഇന്നസെന്റ്) ഗ്രാമത്തിൽ വർഷങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന പ്രസിഡണ്ട് എഴുത്തച്ഛനും (നെടൂമുടി വേണു) ഈ പ്രശ്നത്തിനു പരിഹാരം കാണുന്നത് ഏതെങ്കിലുമൊരു സ്ഥിരം മോഷ്ടാവിനെ കണ്ടുപിടിച്ച് കേസിന്റെ ബലത്തിനു ക്രെഡിബിലിറ്റിയുള്ള ഒരാളുടെ സാക്ഷിമൊഴി ഉണ്ടാക്കുക എന്ന തന്ത്രമാണ്. അതിനു വേണ്ടി ഇവർ കണ്ടെത്തുന്ന മാധവൻ കുട്ടീ മാഷാ(ശ്രീനിവാസൻ)കട്ടെ, തന്റെ മനസാക്ഷിയെ വഞ്ചിച്ച് കള്ള സാക്ഷി പറയാൻ തയ്യാറാവുന്നില്ല. പോലീസിന്റെ ഭീഷണിയിൽ ഭയന്ന മാഷ്, പക്ഷെ സാക്ഷിമൊഴി കള്ളമാണെന്ന് കോടതിയറിഞ്ഞാൽ ജയിൽ ശിക്ഷക്ക് വിധേയനാകുമെന്നതും അറിഞ്ഞതോടെ ഭയത്താലും അസ്വസ്ഥതകളാലും വ്യക്തിജീവിതവും കുടൂംബജീവിതവും തകരാറിലാവുന്നതാണ് സിനിമയുടെ ഏറിയ ഭാഗവും. 

റിവ്യൂ വിശദമായി വായിക്കുവാനും മറ്റു വിശദാംശങ്ങൾക്കും എം 3 ഡി ബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
 

Saturday, September 15, 2012

മോളി ആന്റി റോക്സ് - സിനിമാ റിവ്യൂ


2009 ൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘പാസഞ്ചർ” എന്ന സിനിമയാണ് മലയാളത്തിൽ നവതരംഗത്തിനും ന്യൂ ജനറേഷൻ സിനിമകൾക്കും തുടക്കം കുറിച്ചതെന്ന് പലരും പലയിടങ്ങളിലായി പറയുന്നുണ്ട്. താരങ്ങൾക്ക് ചുറ്റും വട്ടമിടുന്ന സ്ഥിരം താരകേന്ദ്രീകൃത ഫോർമുലകളിൽ നിന്നൊരു വ്യത്യാസമായിരുന്നു പാസഞ്ചർ എന്നതിനപ്പുറം നവതരംഗസിനിമകളെന്നു പറയുന്ന പുതിയകാല സിനിമകളുടെ യാതൊരു ലക്ഷണവും ആ സിനിമയിലില്ല എന്നു മാത്രമല്ല, രഞ്ജിത് ശങ്കറിന്റെ രണ്ടാമത്തെ ചിത്രമായ ‘അർജ്ജുനൻ സാക്ഷി’ പൂർണ്ണമായും താരകേന്ദ്രീകൃതവും ഹീറോയിസം തുളുമ്പുന്നതുമായിരുന്നു. ഇതേ സംവിധായകന്റെ മൂന്നാമത്തേയും പുതിയതുമായ “മോളി ആന്റി റോക്സ്” താര രഹിതമല്ല, പക്ഷേ നായീകാപ്രാധാന്യവും (അതും മദ്ധ്യവയസ്ക) ഹീറോയിസമോ, മറ്റു നായക പ്രഭാവ സിനിമകളുടെ പരിവേഷമോ ഇല്ലാത്തതുമാണ്.

പക്ഷെ നല്ലൊരു സിനിമക്ക് ഇതുമാത്രം പോരല്ലോ. 

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Saturday, September 8, 2012

ഒഴിമുറി - സിനിമാ റിവ്യൂ

2008ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ മധുപാലിന്റെ രണ്ടാമത്തെ സിനിമയായ “ഒഴിമുറി”യിൽ സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ നേടിയ ലാൽ, ശ്വേതാമേനോൻ, മല്ലിക എന്നിവർ പ്രധാനവേഷങ്ങണിയുന്നു എന്നൊരു പ്രത്യേകയുണ്ട്.  ‘അങ്ങാടിത്തെരു‘, ‘നാൻ കടവുൾ‘, തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയ തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹൻ തിരക്കഥയെഴുതുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഭാഷാപോഷിണി വാരികയിൽ വന്ന ജയമോഹന്റെ ഓർമ്മക്കുറിപ്പുകളുടെ സമാ‍ഹാ‍രമായ ‘ഉറവിടങ്ങളി’ലെ ‘എന്നിരിക്കിലും’ എന്ന സ്വാനുഭവം കൂടിയായ ഒരു ഓർമ്മക്കുറിപ്പാണ് ‘ഒഴിമുറി’ സിനിമയായി വികസിപ്പിച്ചിരിക്കുന്നത്.പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം തെക്കൻ പ്രദേശങ്ങളിലാണ്  ഒഴിമുറിയുടെ കഥ നടക്കുന്നത്. തമിഴ് നാടിന്റെ ഭാഗമാണെങ്കിലും ഇപ്പോഴും മനസ്സുകൊണ്ടും പഴയ രാജഭക്തികൊണ്ടും തിരുവിതാംകൂറിനോട് അടുപ്പമുള്ള മലയാളികളൂടെ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റേയും ഭാഷയുടേയുമൊക്കെ സമ്മിശ്രഭാവമാണ് ഒഴിമുറി. കുടുംബങ്ങളിൽ സ്ത്രീകൾക്ക്  പ്രാധ്യാന്യമുണ്ടായിരുന്ന പഴയ മരുമക്കാത്തായ സമ്പ്രദായവും സ്ത്രീകളുടെ അധികാരവും പിന്നീടുവന്ന മക്കത്തായ സമ്പ്രദായവുമൊക്കെ കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെ ദൃശ്യവൽക്കരിക്കുന്നുണ്ട്. തെക്കൻ തിരുവിതാംകൂറിൽ പ്രബലമായ നായർ - നാടാർ സമുദായത്തിന്റെ ജീവിതരീതികളുമായും സിനിമ ബന്ധപ്പെട്ട് കിടക്കുന്നു. ഒരു പ്രദേശത്തിന്റെ/കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ് ‘ഒഴിമുറി’.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, September 1, 2012

റൺ ബേബി റൺ - സിനിമാ റിവ്യൂ


പഴയ സംവിധായകർ പലരും പത്തിമടക്കിയിരിക്കുന്ന ഈ കാലത്ത് പുതിയ ജനറേഷനൊപ്പവും പിടിച്ചു നിൽക്കുന്നൊരു മാസ്റ്റർ ഡയറക്ടറാണ് ജോഷി - എന്നാണ് സിനിമക്കകത്തും പുറത്തും മീഡിയയും നടത്തുന്ന വിശേഷണം. അതിലൊരു സത്യമില്ലാതില്ല. നസീർ യുഗം മുതൽ സംവിധാനം ചെയ്യാൻ തുടങ്ങി കുഞ്ചാക്കോബോബനിലും നിവിൻ പോളിയിലുമെത്തിയിട്ടും ജോഷിയുടെ ജനപ്രിയതക്ക് കുറവൊന്നുമില്ല, മാത്രമല്ല കാലത്തിനനുസരിച്ച് കാലികവിഷയത്തിലേക്കും പുതിയ സാങ്കേതികത്വത്തിലേക്ക് മാറാനും ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.  താരങ്ങളുടെ സിനിമക്കപ്പുറം ജോഷിക്കൊരു സിനിമയില്ലെന്ന ആവർത്തിച്ച വിമർശനത്തിലാണ് ജോഷിയും യുവതലമുറക്കൊപ്പം എന്നൊരു സവിശേഷതയോടെ 2011ൽ സെവൻസ് എന്നൊരു യുവതാര ചിത്രം അണിയിച്ചൊരുക്കിയത്. പക്ഷെ, ബോക്സോഫീസിൽ പരാജയപ്പെട്ടു. ജോഷി വീണ്ടും സൂപ്പർ താരത്തിലേക്ക് മടങ്ങി. എങ്കിലും എഴുത്തുകാരനും ക്യാമറാമാനുമടക്കം മൊത്തം ക്രൂവിനെ പുതിയ ശ്രേണിയിൽ നിന്നും പങ്കെടുപ്പിക്കാൻ ജോഷിക്കു മടിയൊന്നുമില്ല. അതുകൊണ്ടുതന്നെയാവണം ജോഷി കൊമേഴ്സ്യൽ സിനിമയിൽ ഇപ്പോഴും വിജയം കൊയ്യുന്ന അപ്ഡേറ്റിങ്ങ് ആയ ഡയറക്ടർ ആയി നിൽക്കുന്നത്.

ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത പുതിയ മോഹൻലാൽ ചിത്രം “റൺ ബേബി റൺ” ജോഷിയുടെ സ്ഥിരം പാറ്റേണിലുള്ള ചിത്രം തന്നെയാണ്. ആക്ഷൻ ത്രില്ലർ ജനുസ്സിൽ‌പ്പെട്ട ഈ ചിത്രം ടിവി ചാനൽ മത്സരങ്ങളുടേയും സ്റ്റിങ്ങ് ഓപ്പറേഷന്റേയും കഥ പറയുന്നു. പ്രമേയത്തിനു വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും രണ്ടാം പകുതിയോടേ സിനിമ പറഞ്ഞു പഴകിയ സ്ഥിരം വിഷയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുണ്ടെങ്കിലും സിനിമക്ക് ചേർത്ത പശ്ചാത്തലം കൊണ്ടും അവതരണ രീതികൊണ്ടും ഒരു ക്ലീൻ എന്റർടെയ്നർ സസ്പെൻസ് ത്രില്ലർ ആയിട്ടുണ്ട്. എന്റർടെയ്ൻ ചെയ്യേണ്ടുന്ന പ്രേക്ഷകനു തികച്ചും സംതൃപ്തി നൽകും. 

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.