Tuesday, December 15, 2009

ഒരു പാതിരാകൊലപാതകത്തിന്റെ കഥ.ലബാറിലെ പാലേരിയെന്ന ഗ്രാമത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന സുന്ദരിയുടെ കൊലപാതകരഹസ്യങ്ങള്‍ ഹരിദാസ് എന്ന ഡിറ്റക്റ്റീവ് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ചുരുളഴിക്കാന്‍ എത്തുന്നതോടെയാണ് പാലേരി മാണിക്യം എന്ന പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങുന്നത്.

ടി.പി രാജീവിന്റെ നോവലിനു സംവിധായകന്‍ കൂടിയായ രഞ്ജിത്ത് സിനിമാ പരിഭാഷ്യം രചിക്കുന്നു. മലയാള സാഹിത്യം സിനിമാ തിരക്കഥക്കൊപ്പം പോകാത്ത നവ മലയാള സിനിമാ കാലത്താണ് ഒരു പാട് നാളുകള്‍ക്ക് ശേഷം ഒരു നോവല്‍ സിനിമയാകുന്നത്. നോവലുകള്‍ സിനിമകളാകുമ്പോള്‍ വായനക്കാരനും പ്രേക്ഷകനും ഒരാളാണെങ്കില്‍ കൂടിയും വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ ഉണ്ടാവുന്നത് വര്‍ഷങ്ങളായുള്ള സമീപന രീതിയാണ്. നോവലുകള്‍ സിനിമയാക്കിയപ്പോള്‍ എന്നും ഈയൊരു വേര്‍തിരിവ് വായനക്കാരന്/പ്രേക്ഷകനു ഉണ്ടായിട്ടുണ്ട് (ഉദാ: ദൈവത്തിന്റെ വികൃതികള്‍, അഗ്നിസാക്ഷി) ഇതെഴുതുന്നയാള്‍ നോവല്‍ വായിച്ചിട്ടില്ല എങ്കിലും നോവലും സിനിമയും സാദ്ധ്യതകളും പരിമിതികളും ഉള്ള രണ്ടു മാധ്യമമാണെന്നു തന്നെ കരുതുന്നു.

മലയാള സിനിമയില്‍ പൊതുവേ അപരിചിതമായ ഒരു രീതിയിലൂടെയാണ് ഈ കഥയുടെ ദൃശ്യാവിഷ്ക്കാരം. പ്രധാന കഥാപാത്രം നരേറ്റ് ചെയ്യുന്ന രീതിയില്‍ തുടങ്ങുന്ന കഥ അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഈ കാലഘട്ടത്തിലെ നായകനെക്കൂടി ഫ്രെയിമില്‍ നിര്‍ത്തി പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിലുള്ള ദൃശ്രാവിഷ്കാരം പുതുമയുണ്ട്. പാലേരിയിലെ ഇന്ന് ജീവിച്ചിരിക്കുന്ന പല ഗ്രാമീണരുമായുള്ള സംഭാഷണങ്ങളിലൂടെ കൊലപാതകിയെകുറിച്ചുള്ള ഒരു നിഗമനത്തിലേക്കെത്തുകയാണ് ഹരിദാസ്. ഈ കൊലപാതക രഹസ്യം ഹരിദാസിനെ സംബന്ധിച്ച് കൊലപാതകിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനോ, നീതി നടപ്പാക്കാനോ വേണ്ടിയല്ല. കാരണം ഹരിദാസ് (മമ്മൂട്ടി അവതരിപ്പിക്കുന്നു) ജനിച്ചതും പാലേരിയിലാണ്. തന്റെ ജനനം നടന്ന രാത്രിയില്‍ പാലേരിയില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നു. അതിലൊന്ന് മാണിക്യത്തിന്റേതാണ്. തന്റെ ജനനത്തോടൊപ്പം നടന്ന ഈ മരണം അന്നുമുതലേ ഒരു അസ്വസ്ഥതയായി ഹരിദാസിനൊപ്പമുണ്ട്. ദല്‍ഹിയിലെ ഫ്ലാറ്റില്‍ ഉറക്കം നഷ്ടപ്പെടുന്ന ഓരോ രാത്രിയും ഹരിദാസിനെ അലട്ടൂന്നത് മാണിക്യത്തിന്റെ ദുരൂഹതയാണ്. തന്റെ മനസാക്ഷിക്കു വേണ്ടി തന്റെ തന്നെ നിയോഗമായി ആ മരണത്തിന്റെ കാര്യ-കാരണങ്ങള്‍ അന്വേഷിച്ചിറങ്ങുക എന്ന് ദൈത്യമാണ് പിന്നെ ഹരിദാസിനുണ്ടാവുന്നത്. കൂട്ടിനു തന്റെ സുഹൃത്ത് സരയൂവും(ഗൌരി മുഞ്ചാല്‍). അമ്പതു വര്‍ഷം പിന്നിട്ട് ഹരിദാസ് ഗ്രാമത്തിലേക്കെത്തുമ്പോഴേക്കും പാലേരിയിലെ മാണിക്യം ഒരു മിത്തായി വളര്‍ന്നു കഴിഞ്ഞിരുന്നു.

പാലേരിമാണീക്യത്തിന്റെ കഥാവസാനത്തില്‍ ഉള്ള ചില പോരായ്മകളാണ് ചിത്രത്തെ ചെറുതെങ്കിലും അലോസരമാക്കുന്നത്. എങ്ങിനെ ഏതുരീതിയില്‍ ഹരിദാസ് ഈയൊരു നിഗമനത്തില്‍ എത്തി എന്നുള്ളത് വിഷ്വലി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് തോന്നിയത്. മാത്രമല്ല താരങ്ങളില്ലാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയെ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതും അവസാന നിമിഷം കല്ലുകടിയായി. എങ്കില്‍ തന്നെയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ (പ്രത്യേകിച്ച് മലബാറിലെ) പഴയ-പുതിയ നാടക നടന്മാരെ ഉപയോഗിച്ചതും, കൊമേഴ്സ്യല്‍ ചേരുവകള്‍ കുത്തി നിറക്കാഞ്ഞതുമൊക്കെ രഞ്ജിത് അഭിനന്ദനം ഏറ്റുവാങ്ങുന്ന കാര്യങ്ങളാണ്. ഒരുപാട് പോരായ്മകള്‍ ഈയൊരു ബ്രഹദ് സംരഭത്തില്‍ ഉണ്ടെങ്കിലും നല്ല ഒരു അറ്റെമ്പ്റ്റ് എന്ന നിലയില്‍ ആ പോരായ്മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ പൊറുക്കാവുന്നതേയുള്ളു. ദൃശ്യഭംഗിയും അര്‍ത്ഥഗര്‍ഭമായ ചില ഷോട്ടൂകളും അഹമ്മദ് ഹാജിയായി വരുന്ന മമ്മൂട്ടിയുടെ പെര്‍ഫൊര്‍മന്‍സും ഒക്കെ ചിത്രത്തെ വിജയിപ്പിച്ച ഘടകങ്ങള്‍ തന്നെയാണ്. അതുപോലെ പൊക്കന്‍ ആയി അഭിനയിച്ച ശ്രീജിത്ത് കൈവേലി, എടത്തേത്തൊടി കുഞ്ഞിക്കണ്ണനായി വരുന്ന ബെന്‍പാല്‍, തെങ്ങുകയറ്റക്കാരന്‍ വേലായുധനായി വരുന്ന വിജയന്‍ വി.നായര്‍, കെ.പി. ഹംസയായി വരുന്ന ടി.ദാമോദരന്‍ തുടങ്ങിയവരൊക്കെ നല്ല അഭിനയം കാഴ്ചവെച്ചവരാണ്. മലയാള സിനിമയിലെ കണ്ടുമടുത്ത താരങ്ങള്‍ ഈ സിനിമയിലില്ലാത്തത് സിനിമക്കൊരു ഫ്രെഷ്നെസ്സ് നല്‍കുന്നുണ്ട്. സംഗീതം നല്‍കിയ ബിജിപാല്‍, ഛായാഗ്രാഹകന്‍ മനോജ് പിള്ള, രഞ്ജിത് അമ്പാടിയുടെ ചമയം എല്ലം സിനിമക്കു സപ്പോര്‍ട്ട് നല്‍കിയ ഘടകങ്ങളായിരുന്നു. ഇതില്‍ മനോജ് പിള്ളയുടെ കഴിവ് എടുത്തു പറയേണ്ടതാണ്.

ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്‍ന്നാല്‍ മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാം. തീര്‍ച്ചയായും അത്തരമൊരു സ്ഥിതി വിശേഷത്തിന് മലയാള സിനിമ കൊതിക്കുന്നുണ്ട്; ഏതര്‍ത്ഥത്തിലും.

ഇത്തരമൊരു നല്ല സംരഭത്തിനു അനിവാര്യമായ ഒന്നാണ് പ്രൊമോഷന്‍ & മാര്‍ക്കറ്റിങ്ങ്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ സംരഭകരുടെ ഭാഗത്ത് നിന്ന് പൊറുക്കാനാവത്ത തരത്തിലുള്ള രീതിയിലാണ് ഈയൊരു ചിത്രത്തിന്റെ പ്രൊമോഷന്‍ ഉണ്ടായിട്ടുള്ളത്. രണ്ടു പ്രാവശ്യം മാറ്റിവെക്കേണ്ടി വന്ന റിലീസ് ഡെയ്റ്റ് ആദ്യം കരാര്‍ ചെയ്തിരുന്ന 70 തിയ്യറ്ററില്‍ നിന്ന് 45 മാറിയതും ഏറ്റവും മോശമായ തരത്തിലുള്ള പ്രൊമോഷന്‍ ഡിസൈനും മാര്‍ക്കറ്റിങ്ങും ഈ ചിത്രത്തെ സാധാരണപ്രേക്ഷകനെ സിനിമകാണുന്നതില്‍ നിന്നും കുറച്ചെങ്കിലും പിന്‍ വലിക്കുന്നുണ്ട്. ഷൂട്ടിങ്ങിനു മുന്‍പ് തന്നെ “പാലേരി മാണിക്യം” എന്ന പേരില്‍ പ്രശസ്തമായ ഈ സിനിമാ പേര്‍ ചിത്രത്തിന്റെ റിലീസോടെ “ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന്‍ പേരില്‍ പ്രൊമോട്ട് ചെയ്യപ്പെടുകയാണുണ്ടായത് പാലേരി മാണിക്യം എന്ന്‍ പേര് പോസ്റ്ററില്‍ വായിച്ചെടുക്കാന്‍ പാകത്തിനു അച്ചടിക്കപ്പെടാത്തതും ആ ചിത്രത്തിന്റെ ആകെത്തുകയൊ കഥാംശമോ അതിന്റെ ട്രീറ്റ്മെന്റോ ഒന്നും വെളിവാക്കപ്പെടാവുന്ന തരത്തില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാതിരുന്നതും ചിത്രത്തെ പരാജയത്തിലേക്ക് വിളിച്ചു വരുത്തുന്ന ഒന്നായി. മറ്റു ഭാഷകളില്‍ (തമിഴിലടക്കം) പ്രചാരത്തിലുള്ള സിനിമ പ്രൊമോഷന്‍ & മാര്‍ക്കറ്റിങ്ങ് എന്ന വിഭാഗത്തെക്കുറിച്ച് എന്നാണാവോ ഇനി മലയാള സിനിമ കേള്‍ക്കാനെങ്കിലും പോകുന്നത്?

സിനിമയില്‍ നിന്ന് :
ഹരിദാസ്, സരയൂ, ബാര്‍ബര്‍ കേശവന്‍.
ബാര്‍ബര്‍ കേശവന്‍ : “അയാള്‍ (ഹാജി)ചെയ്തു കൂട്ടിയതിനൊക്കെ അയാള്‍ അനുഭവിക്കാതിരിക്കില്ല. തന്റെ ദുഷ്പ്രവൃത്തികള്‍ക്കൊക്കെ അയാള്‍ പിന്നീട് അനുഭവിക്കുക തന്നെ ചെയ്യും.“

ഹരിദാസ് (നേര്‍ത്ത പുഞ്ചിരിയോടെ) “കേശവന്റെ ഈ വാക്കുകള്‍ ഒരു കമ്മ്യൂണിസ്റ്റിന്റേതല്ല, ഒരു വിശ്വാസിയുടേതാണ്.“

എഴുന്നേറ്റ് ദൂരെ ചുവന്ന ചക്രവാളത്തിലേക്ക് നോക്കി ബാര്‍ബര്‍ കേശവന്‍ : “ഞാനിപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റല്ല, വിശ്വാസിയുമല്ല, ഇതിനു രണ്ടിനുമിടയിലുള്ള വെറുമൊരു ക്ഷുരകന്‍”
.
.

Monday, December 7, 2009

ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ


ന്ത്യന്‍ പരസ്യരംഗത്ത് വളരെയധികം ശ്രദ്ധേയനായ ഡയറ്കടര്‍ ആയിരുന്നു വി. കെ പ്രകാശ്. 1999ല്‍ ആണ് ‘പുനരധിവാസം’ എന്ന മനോഹര ചിത്രത്തിലൂടെ വി കെ പി മലയാളത്തില്‍ വരുന്നത്. കെ. ബാലചന്ദ്രന്റെ നല്ലൊരു സ്ക്രിപ്റ്റോടെ നന്ദിതാ ദാസ്, മനോജ് കെ ജയന്‍, പ്രവീണ എന്നീ താരനിരകളോടെ രവി.കെ. ചന്ദ്രന്റെ കാമറാ മികവോടെ ഇറങ്ങിയ ചിത്രം പക്ഷെ നല്ല സിനിമയെന്ന് പേരെടുത്തെങ്കിലും സാമ്പത്തിക വിജയം നേടിയില്ല ( മലയാളത്തിലെ എക്കാലത്തേയും മികച്ച ടൈറ്റില്‍ ഡിസൈന്‍ കൂടിയായിരുന്നു പുനരധിവാസത്തിന്റേത്)

മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി വി കെ പി നിരവധി ചിത്രങ്ങള്‍ ചെയ്തു. 2003 ല്‍ ചെയ്ത ‘ഫ്രീക്കി ചക്ക്ര’ ശ്രദ്ധേയമാകുകയും ചെയ്തു. അതേ വര്‍ഷം തന്നെ മലയാളത്തിലിറങ്ങിയ ‘മുല്ലവള്ളിയും തേന്മാവും’ പിന്നീടുവന്ന ‘പോലീസ്’ ‘മൂന്നാമതൊരാള്‍’ ‘പോസറ്റീവ്’ എന്നീ മലയള ചിത്രങ്ങളൊന്നും സാമ്പത്തിക വിജയമായിരുന്നില്ല എങ്കിലും ആ ചിത്രങ്ങളില്‍ വി കെ പി അവതരിപ്പിച്ച ട്രീറ്റ് മെന്റും സാങ്കേതികത്തികവും മലയാളത്തില്‍ അന്നുവരെ കാണത്തതായിരുന്നു. മുല്ലവള്ളിയൂം തേന്മാവും എന്ന സിനിമയിലെ ദൃശ്യങ്ങള്‍, ഗാന ചിത്രീകരണം തുടങ്ങിയവ എക്കാലത്തേയും മികച്ച അവതരണമായിരുന്നെങ്കിലും ബലവത്തായ ഒരു സ്ക്രിപ്റ്റ് ഇല്ലാത്തത് ആ ചിത്രത്തെ ദുര്‍ബലപ്പെടുത്തി. പിന്നീടുള്ള ‘പോലീസ്‘ എന്ന സിനിമയിലെ ആക്ഷന്‍ സീനുകള്‍, (മലയാളത്തില്‍ ആദ്യമായി 500 ഫ്രെയിം സ്ലോമോഷന്‍ ചിത്രീകരിച്ചത് ഈ സിനിമയിലാണ്) മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ ഫോര്‍മാറ്റ് സിനിമ ‘മൂന്നാമതൊരാള്‍’. പിന്നെ ‘പോസറ്റീവി‘ലും വി കെ പി മാജിക് ആവര്‍ത്തിച്ചു. പക്ഷെ സാങ്കേതിക മികവില്‍ അഗ്രഗണ്യരായ മറ്റു സംവിധായകരെപ്പോലെ (മറ്റൊരാള്‍ അമല്‍ നീരദ്) വി കെ പിക്കും സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടേണ്ടിവന്നു. നല്ലൊരു തിരക്കഥ ലഭികുമെങ്കില്‍ നല്ല ട്രീറ്റ്മെന്റോടെ മികച്ച ചിത്രങ്ങള്‍ ഒരുക്കാന്‍ വികെപിക്കാവുമെന്നതില്‍ സംശയമില്ല.

വികെപിയുടെ പുതിയ സിനിമ ‘ഗുലുമാല്‍’ പക്ഷെ, ഇതില്‍ നിന്നും അല്പം വ്യത്യസ്ഥമാണ്. കൊച്ചി നഗരത്തില്‍ ഫ്രോഡ് ജീവിതം നയിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ രണ്ടു മൂന്നു ദിവസത്തെ കഥയാണ് ‘ഗുലുമാല്‍ ദ എസ്കേപ്പി‘ലൂടെ പറയുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ജെറി മാത്യു എന്ന കഥാപാത്രം ജന്മാനാ ഫ്രോഡാണ്. ജോലിയെടുക്കാതെ തരികിടകളിലൂടെ ജീവിക്കുന്ന ജെറിയുടെ മുന്നില്‍ ഒരു ദിവസം കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രവി വര്‍മ്മ പ്രത്യക്ഷപ്പെടുന്നു. അവിടുന്നങ്ങോട്ട് രവി വര്‍മ്മ ജെറിയുടെ പാര്‍ട്ടണറാകാന്‍ ശ്രമിക്കുകയാണ്. ജീവിതാവസ്ഥകൊണ്ട് രവിക്കും തരികിടകളുമായി പണം ഉണ്ടാക്കണം. വീടുമായും കൂടപ്പിറപ്പുകളുമായി യാതൊരു അറ്റാച്ച്മെന്റും ഇല്ലാത്ത ജെറിയുടെ മുന്നില്‍ രവി തന്റെ കഥപറയുന്നു. ഒരു ചീറ്റിങ്ങ് കേസില്‍ റിമാന്റിലായ അച്ഛനെ പുറത്തിറക്കാന്‍ 25 ലക്ഷം എത്രയും പെട്ടെന്ന് ഉണ്ടാക്കണം ആകെ 5 ലക്ഷം മാത്രമാണ് തന്റെ കയ്യിലുള്ളതെന്ന് തുറന്നുപറയുമ്പോള്‍ പണക്കൊതിയനായ ജെറി അവനോട് അടുക്കുന്നു. പിന്നീട് ജെറിയുടെ പഴയ മിത്രമായ കള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മികുന്ന ആര്‍ട്ടിസ്റ്റ് പുല്ലേപ്പടി ബോസ് ഒരു രഹസ്യം അറിയിക്കുന്നു. കൊച്ചിയിലെ ഒരു റിസോര്‍ട്ടീല്‍ തങ്ങിയിരിക്കുന്ന ഒരു എന്‍ ആര്‍ ഐ ബിസിനസ്സ് പേഴ്സണ്‍ വിലപിടിച്ച അപൂര്‍വ്വമായ പെയിന്റിങ്ങുകള്‍ ശേഖരിക്കുന്നുണ്ടെന്നും തന്റെ കയ്യില്‍ അത്തരം ഒരു ചിത്രത്തിന്റെ കോപ്പി ഉണ്ടെന്നും അത് അയാള്‍ക്ക് കൈമാറിയാല്‍ ലക്ഷങ്ങള്‍ കിട്ടുമെന്നും. പിന്നീട് ജെറിയും രവിയും എന്‍ ആര്‍ ഐയുമായി ഒരു ഡീല്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. പക്ഷെ മുന്നോട്ടുള്ള അവരുടെ കാര്യങ്ങള്‍ തകിടം മറിയുകയും വീണ്ടും അതിനു വേണ്ടിയുള്ള ശ്രമവുമാണ്. ഒടൂവില്‍ ഡീല്‍ ഉറപ്പിക്കാറാകുമ്പോള്‍ എന്‍ ആര്‍ ഐ (അവതരിപ്പിച്ചിരിക്കുന്നത് ദേവന്‍) ഒരു ആവശ്യം പറയുന്നു. ജെറീയെ മാനസികമായി തകര്‍ക്കുന്ന ഒന്നാണെങ്കിലും പണത്തിനോട് അത്യാര്‍ത്തിയുള്ള ജെറി അതിനു സമ്മതിക്കുന്നു. പിന്നീട് വികാരമുഹൂര്‍ത്തങ്ങള്‍ നിറയുന്ന സ്വീക്കന്‍സിലൂടെ സിനിമ മുന്നോട്ട് പോകുന്നു. ഒടുവില്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് സിനിമയുടെ ക്ലൈമാക്സ്.

ജയസൂര്യയും കുഞ്ചാക്കോയും ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ അപാര റേഞ്ചിലേക്ക് വരുവാനൊന്നും ആയിട്ടില്ലെങ്കിലും അവരുടെ ഇതുവരെയുള്ള പെര്‍ഫോര്‍മന്‍സില്‍ നിന്ന് വളരെ മുന്നിട്ടു നില്‍ക്കുന്നു. രണ്ടു നായകന്മാരുമായി രസകരമായി മുന്നേറുന്ന സിനിമയുടെ അവസാനഭാഗത്ത് നമ്മള്‍ തിരിച്ചറിയുന്നുണ്ട് ആരാണ് നായകന്‍ ആരാണ് വില്ലന്‍. ചില ഭാഗങ്ങളില്‍ ജയസൂര്യയും കുഞ്ചാക്കോയും പ്രേക്ഷകരുടെ നല്ല കയ്യടി നേടുന്നുമുണ്ട്.

നടി രേവതിയുടെ ‘മിത്ര് മൈ ഫ്രെണ്ടി’ലൂടെ ശ്രദ്ധേയയായ ഫൈസിയ ഫാത്തിമയാണ് ഗുലുമാലിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മൂന്ന് എച്ച്.ഡി കാമറകളിലാണ് ഗുലുമാല്‍ ചിത്രീകരിച്ചിരിക്കുന്നത്.കൂടുതല്‍ സമയവും കൊച്ചി നഗരത്തിലും നഗരത്തിന്റെ പുറം ഭാഗങ്ങളിലും ചിത്രീകരിച്ച ഈ ചിത്രം ഒരു റോഡ് മൂവി എന്നവകാശപ്പെടുന്നുണ്ടെങ്കിലും ആ റേഞ്ചിലുള്ളതല്ല. പക്ഷെ, റോഡുകളിലും, ഷോപ്പിങ്ങ് കോമ്പ്ലക്സുകളുലും മറ്റും സ്വാഭാവിക വെളിച്ചത്തില്‍ ചിത്രീകരിച്ചിരിക്കുന്ന, സ്റ്റഡി കാം കാമറയുടെ മോഡില്‍ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്ന കാമറ തികച്ചും വ്യത്യസ്ഥമായ ഒരു ദൃശ്യ സാന്നിദ്ധ്യമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. അതുപോലെ മലയാള സിനിമയുടെ സ്ഥിരം ഇടങ്ങളില്‍/ഫ്രെയിമുകളില്‍ കാമറ വെക്കാതെ, ഹോട്ടലിന്റെ അരണ്ട ഇടനാഴി, മൂത്രപ്പുര, ലിഫ്റ്റ്, തെരുവ്, അങ്ങിനെ പുതുമകള്‍ സമ്മാനിക്കുന്ന രീതി ഓരോ സ്വീക്കന്‍സും സമ്മാനിക്കുന്നുണ്ട്.

എടുത്തു പറയേണ്ട ചില സീനുകളുണ്ട്. പക്ഷെ കഥാഗതിയുടെ രസം പോകുമെന്നതിനാള്‍ അത് പറയുന്നതില്‍ ഔചിത്യകുറവുണ്ട്. എങ്കിലും; ദേവന്റെ എന്‍ ആര്‍ ഐ ഡീല്‍ ഉറപ്പിക്കുവാന്‍ പോകുന്ന സമയത്ത് ജയസൂര്യയുടെ ജെറിയോട് ആവശ്യപ്പെടുന്ന സീന്‍ അതിലൊന്നാണ്. ആവശ്യം കേട്ട പാടെ ജെറിയുടെ മാനസിക നില കാണിക്കുന്ന സ്വീക്കന്‍സ് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ഒന്നാണ്. അതുപോലെ എന്‍. ആര്‍. ഐ കഥാപാത്രത്തിന്റെ ആവശ്യം വീട്ടില്‍ സഹോദരിയോട് പറയുന്നതും, അവളുടെ ആവശ്യപ്രകാരം അമ്മയുടേയും സഹോദരിയുടേയും അനിയന്റേയും മുന്നില്‍ വെച്ച് പറയുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സീനുകള്‍ വി കെ പിയുടെ സംവിധാനമികവിന് ഉദാഹരണങ്ങളാണ്.പിന്നെ ജെറിയുടെ പപ്പ മരിച്ചത് തന്റെ പെങ്ങള്‍ മൂലമാണെന്ന് കള്ളം പറയുന്നതും മറ്റംഗങ്ങളുടെ ദു:ഖഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഇടുങ്ങിയ അരണ്ട ലിഫ്റ്റ് റൂമില്‍ വെച്ചാണ്. മറ്റൊന്ന് ക്ലൈമാക്സ് ആണ്. അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലേക്ക് ക്ലൈമാക്സ് മാറുമ്പോള്‍ അതിനു ഉപയോഗിച്ചിരിക്കുന്ന ട്രീറ്റ്മെന്റ് വളരെ അഭിനന്ദാര്‍ഹമാണ്.

സൈമണ്‍ പാലുവായും എസ്. രമേശന്‍ നായരും രചിച്ച ഗാനങ്ങള്‍ക്ക് മനു രമേശ്‌ ഈണം പകര്‍ന്നിരിക്കുന്ന, 2ഡി അനിമേഷനും ‘ക്രോമ’യും ഉപയോഗിച്ച് ചെയ്തതടക്കമുള്ള ഗാനങ്ങളെല്ലാം പ്രത്യേകിച്ചൊരു പുതുമയുമില്ല, നല്ല നിലവാരം പുലര്‍ത്തുന്നുമില്ല.

‘ഗുലുമാല്‍ ദി എസ്കേപ്പ്‘ മലയാള സിനിമയിലെ വളരെ മികച്ച സിനിമയൊന്നുമല്ല. ലോജിക്കിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടെങ്കിലും രസച്ചരട് പൊട്ടിക്കാതെ അത് പറഞ്ഞിരിക്കുന്നതിനാല്‍ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാകുന്നില്ല. വി കെ പിയുടെ മുന്‍ ചിത്രങ്ങളുടെ (ഉദാ:പുനരധിവാസം) നിലവാരം ഇതിനില്ലെങ്കിലും വെറും നേരമ്പോക്കിനായി, ചിരിക്കുവാന്‍ മാത്രം സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ ഈ ചിത്രം നിരാശപ്പെടുത്തുന്നില്ല. പ്രധാന കഥയോടൊപ്പം സൂരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന തമാശയും സമാന്തര ട്രാക്കില്‍ ഉണ്ട്. സിനിമയില്‍ അല്ലെങ്കിലും പണ്ടുമുതലേ പോലീസുകാര്‍ മണ്ടന്മാരാണല്ലോ, ഇതിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ട് പേരുടേയും തമാശ എനിക്ക് വെറുപ്പ് സമ്മാനിച്ചെങ്കിലും തിയ്യറ്ററില്‍ പലപ്പോഴും കയ്യടി വീഴുന്നുണ്ട്. ദ്വായാര്‍ത്ഥങ്ങളൊ അശ്ലീലമോ ഇല്ല എന്നതാണൊരാശ്വാസം.

Tuesday, November 17, 2009

ഒരു വ്യാജ സിഡി തരൂ, ഞാനൊന്നു സിനിമ കാണട്ടെ

"watching a movie at home is a lot more fun than going out" എന്നത് ഏതു സിഡി/വീഡിയോ കമ്പനിയുടെ പരസ്യ വാചകമെന്നറിയില്ല. പക്ഷെ ആ ഒരു ബോധത്തിലാണ് ഇന്ന് കേരളത്തിലെ മിക്ക പ്രേക്ഷകരും. അല്ലായിരുന്നെങ്കില്‍ ഈ കൊച്ചു കേരളത്തില്‍ വ്യാജസിഡികള്‍ നിര്‍ബാധം വിലസുകയോ പ്രചരിക്കുകയോ ചെയ്യുമായിരുന്നില്ല. സിനിമ എന്ന വ്യവസായം തഴച്ചു വളര്‍ന്നതിനൊപ്പം പഴയ ഗള്‍ഫുകാരന്റെ ടിവി വീസിയാര്‍ തരംഗത്തിലൂടെ കേരളത്തില്‍ വീഡിയോ അഥവാ സിനിമാ വീഡിയോ കാസറ്റ് തരംഗവും വന്നെത്തി. പിന്നീട് അതൊരു വ്യവസായമാകുകയാണ് ചെയ്തത്. കേരളത്തില്‍ മുക്കിനുമുക്കിന് കാസറ്റ് കടകള്‍ (റെന്റ്) മുളച്ചുപൊന്തി. അതോടൊപ്പം വ്യാജ കാസറ്റുകളും. പഴയ വി എച്ച് സി യില്‍ നിന്ന് സിഡി തരംഗത്തിലേക്ക് വന്നപ്പോള്‍ ഈ വ്യവസായം കൂടുതല്‍ വിപുലപ്പെടൂകയാണുണ്ടായത്. മാത്രമല്ല സീഡി കമ്പനികളും സിനിമാ സീഡി റിലീസിങ്ങ് കമ്പനികളും ഒരുപാട് കൂടി, പിന്നീട് നടന്നതൊക്കെ ചരിത്രം. മലയാള സിനിമാവ്യവസായത്തെ തകര്‍ക്കുമാറ് വ്യാജസീഡികള്‍ പെരുകി. സിനിമാ നിര്‍മ്മാതാക്കള്‍ അതേക്കുറിച്ച് വ്യാകുലരായി, പൈറസി സെല്‍ നിലവില്‍ വന്നു. ഒടുക്കം ഉത്തരേന്ത്യയില്‍ നിന്ന് തലപ്പാവണിഞ്ഞ സിങ്ങ് തലപ്പത്തെത്തി കേരളം അരിച്ചു പെറൂക്കി. (അതിനു പുറകിലെ രാഷ്ട്രീയമവിടെ നിക്കട്ടെ, എന്തെങ്കിലുമുണ്ടെങ്കില്‍) പൈറസി തലവന്‍ ചോദ്യം ചെയ്യപ്പെട്ടു. വ്യാജ സീഡി കമ്പനികള്‍/മാഫിയകള്‍ കച്ചവടം നിര്‍ത്തി ഇരുളിലേക്ക് പോയി. എങ്കിലും ഇന്നും ഹിന്ദി-തമിഴ്-മലയാളം റിലീസുകളുടെ പുതുപുത്തന്‍ സീഡികള്‍ റിലീസ് ദിവസം പല മലയാളിയുടേയും കയ്യിലെത്തുന്നു, പ്രചരിക്കപ്പെടുന്നു. മലയാള സിനിമയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് സിനിമാപ്രവര്‍ത്തകര്‍ പ്രേക്ഷകനോട് കരഞ്ഞു പറഞ്ഞു, എങ്കിലും പല മലയാളിയും പുതിയ റിലീസിന്റെ സിഡി (വ്യാജന്‍ തന്നെ) കിട്ടിയാല്‍ അതിനെ നിയമത്തിന്റെ കയ്യിലേല്‍പ്പിക്കുകയല്ല മറിച്ച് വീട്ടിലിരുന്ന് കാണാനും കൂടുതല്‍ പേര്‍ക്ക് എത്തിച്ചു കൊടുക്കാനും തയ്യാറാവുന്നു. watching a movie at home is a lot more fun than going out... കാരണം??

ഈ ഞാനും വ്യാജ സിഡി കാണാന്‍ താല്‍പ്പര്യപ്പെടൂന്നു. കാരണം???

എന്തിനാണ് സുഹൃത്തേ ഞാന്‍ തിയ്യറ്ററില്‍ പോയി റിലീസ് സിനിമ കാണുന്നത്? ഞാനെന്ന, സിനിമയെ പ്രേമിക്കുന്ന പ്രേക്ഷകനു വേണ്ടി സിനിമാ തിയ്യറ്ററുകാരനും സിനിമാ നിര്‍മ്മാതക്കളും വിതരണക്കാരനും എന്താണ് എനിക്ക് തരുന്നത്?

തിയ്യറ്ററിലെ അസഹ്യമായ തിക്കും തിരക്കും സഹിക്കുന്നത് പോട്ടെ, ഒരു സിനിമാപ്രേമി എന്ന നിലയില്‍ അതുള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. റിലീസ് ദിവസങ്ങളില്‍ (ഒരാഴ്ചയോളമെങ്കിലും) ഫാന്‍സുകാരുടെ പേക്കുത്തു കാണണം , സഹിക്കണം, അമ്മ പെങ്ങന്മാരെ കണ്ണുകൊണ്ടും കയ്യുകൊണ്ടുമുഴിയുന്ന തെമ്മാടികളെ പേടിക്കണം, അവരില്‍ നിന്നെന്റെ അമ്മ പെങ്ങന്മാരെ രക്ഷിച്ചെടുക്കണം, അമിതമായ പാര്‍ക്കിങ്ങ് ചാര്‍ജ്ജ് കൊടുക്കണം. ഇതൊക്കെ സഹിച്ച് തിയ്യറ്ററിനകത്ത് കടന്നാല്‍ പ്രവര്‍ത്തിപ്പിക്കാത്ത ഏ.സി (ആ നിരക്കും നമ്മള്‍ കൊടൂക്കണം) കറങ്ങാത്ത ഫാന്‍, ഫാന്‍സിന്റെ അസഭ്യവര്‍ഷം, കടലാസ്സേറ്, ഇടക്കൊന്നു മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൃത്തിയും വെടുപ്പുമുള്ള എത്ര റ്റോയ്ലറ്റുകള്‍ കേരളത്തിലെ തിയ്യറ്ററുകളില്‍ ഉണ്ട്? ഇടവേളക്ക് എനിക്കോ എന്റെ കൂടെയുള്ളവര്‍ക്കോ വല്ലതും വാങ്ങിക്കഴിക്കണമെന്നു തോന്നിയാല്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്ന കാന്റീനുകള്‍. സാങ്കേതിക വിദ്യയുടെ ജാജ്വലപ്രകടനങ്ങള്‍ ഉള്ള തമിഴ് / ഹിന്ദി സിനിമകള്‍ കാണിക്കാന്‍ പര്യാപ്തമായ ദൃശ്യ-ശ്രാവ്യ സൌകര്യമുള്ള എത്ര തിയ്യറ്ററുകള്‍ കേരളത്തിലുണ്ട്? എത്ര തിയ്യറ്റര്‍ ഉടമകള്‍ അതിനെക്കുറിച്ച് ബോധവാരാണ്? ടിക്കറ്റ് കൊടുത്തു തുടങ്ങുമ്പോഴേക്കും ‘ബാല്‍ക്കണി ഫുള്‍’ എന്ന ബോര്‍ഡ് വെക്കാത്ത എത്ര തിയ്യറ്ററൂകള്‍ കാണും? തിയ്യറ്ററുകാരുടെ ഒത്താശയോടേയും അല്ലാതേയും ടിക്കറ്റ് കരിഞ്ചന്ത കച്ചവടം നടത്തുന്ന ഫാന്‍സുകാരും മാഫിയക്കാരും..

ഈ തെരുക്കൂത്തുകള്‍ക്കിടയിലേക്ക് ഞാനും എന്റെ കുടുംബവും എന്തിനു സിനിമ കാണാന്‍ പോണം? അതിനു പകരം എന്റെ മുന്നിലെത്തുന്ന സിഡി അത് വ്യാജനോ ഒറിജിനലോ ആകട്ടെ അത് കാണാന്‍ ഞാനെന്തിനു മടിക്കണം? തിയ്യറ്ററിലെത്തുന്ന ലക്ഷക്കണക്കിന് പ്രേക്ഷകനെക്കുറിച്ച് യാതൊരു ആലോചനയുമില്ലാത്ത അവന്റെ സൌകര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്ത സിനിമാ പ്രവര്‍ത്തകരുടെ പ്രഘോഷണത്തിന് ഞാനെന്തിന് ചെവി കൊടുക്കണം? (കഴിഞ്ഞ മാസം തിരുവനന്തപുരത്തും എറണാകുളത്തും ‘പഴശ്ശിരാജ’ സിനിമ റിലീസ് കണ്ടവര്‍ക് അനുഭവമുണ്ടാകും; ആദ്യ ഒന്നര മണിക്കൂര്‍ എ സി പ്രവര്‍ത്തിപ്പിക്കാതെ സിനിമ പ്രദര്‍ശിപ്പിച്ചത്.)

ഇതെല്ലാം എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി. സിനിമാ നിര്‍മ്മാതക്കള്‍ക്കും വിതരണക്കാര്‍ക്കും തിയ്യറ്റര്‍ ഉടമകള്‍ക്കും പ്രേക്ഷകന്റെ കാശ് മതി. അവന്റെ സൌകര്യങ്ങളെക്കുറിച്ച് ബോധവാനാകേണ്ട, അവന്‍ തരുന്ന കാശിനു സൌകര്യങ്ങള്‍ കൊടൂക്കണ്ട. എന്തായാലും പ്രേക്ഷകന്‍ സിനിമ വന്ന് കണ്ടോളുമല്ലോ!!

പ്രേക്ഷകന്റെ മുന്നില്‍ ഈ ഗീര്‍വാണങ്ങള്‍ ഉയര്‍ത്തുന്നതിനു മുന്‍പ് പ്രേക്ഷകനെ പറ്റി ഒരു വട്ടം, ഒരുവട്ടമെങ്കിലും ചിന്തിക്കാന്‍ ഇവിടത്തെ സിനിമപ്രവര്‍ത്തകര്‍ക്കു കഴിയട്ടെ, അല്ലെങ്കില്‍ കേരളത്തില്‍ ഇനി അവശേഷിക്കുന്ന തിയ്യറ്ററുകളെങ്കിലും കല്യാണമണ്ഡപങ്ങളാകും. കാരണം, ഈ പേക്കുത്തുകള്‍ക്കിടയിലിരുന്ന് ഞങ്ങള്‍ക്ക് സിനിമ കാണണ്ട പകരം ഞങ്ങള്‍ക്ക് വ്യാജ സിഡി മതി.

Saturday, October 31, 2009

ടാക്കീസിലേക്ക്...

അറുപതുകളും എഴുപതുകളും മുഖ്യധാരാസിനിമകള്‍ നമ്മളറിയാതെ ഒരു ബോധത്തിനു വിത്തുപാകിയെന്നതു സത്യമാണ്. സിനിമാ ശാലകള്‍ വന്നതിനുശേഷമാണല്ലൊ നമ്മുടെ ചിരിക്കും ഉടലിനും പ്രവൃത്തിക്കും വരെ റോള്‍ മോഡലുകള്‍ ഉണ്ടാവാന്‍ തുടങ്ങിയത്. കൊട്ടകകള്‍ അല്ലെങ്കില്‍ ടാക്കീസുകള്‍ കേരള ഗ്രാമങ്ങളില്‍ സന്ധ്യകളേയും രാത്രികളേയും ധന്യമാക്കിയ ആ കാലങ്ങള്‍ ഓരോ ആണിന്റേയും പെണ്ണിന്റേയും ഉടലുകളും അതിനുള്ളിലെ മനസ്സിനേയും ചിന്തകളേയും ഒരു പാടു സ്വാധീനിച്ചെന്നതും വിസ്മരിക്കാവതല്ല. ടാക്കീസുകളും അതിലെ തിരശ്ശീലയിലെ ഭംഗിയേറിയ മേനികളുമാണ് നമ്മുടെ ‘അപ്പിയറന്‍സ്’ എന്ന കാഴ്ചപ്പാടിനെ വളര്‍ത്തിയതും. നസീറിനേപ്പോലെയും ഷീലയേപ്പോലെയും താന്താങ്ങളെ താരതമ്യപ്പെടൂത്തിയതും നഗരങ്ങളെക്കുറിച്ചുള്ള ആശകളും അതിരുകളില്ലാത്ത സ്വപ്നങ്ങളും കേരളീയ സമൂഹത്തില്‍ വേരു പടര്‍ന്നതില്‍ ഈ ടാക്കീസുകള്‍ രൂപപ്പെടുത്തിയ സ്വാധീനം ചെറുതല്ല.

മതങ്ങളും ജാതികളും സമ്പത്തും തൊലിനിറവും വിദ്യാഭ്യാസവും വേര്‍തിരിവു കാട്ടാതിരുന്ന, ഒരു ‘റിയല്‍ സോഷ്യലിസ്റ്റ് സമൂഹ’മായിരുന്ന ആ ഓലക്കൊട്ടക്കകം ഇന്ന് മലയാളിക്കില്ല. ഒരു ഇരുളില്‍, മുന്‍പു പറഞ്ഞ വകഭേദങ്ങളൊന്നുമില്ലാതെ ആഹ്ലാദാരവങ്ങള്‍ പുലര്‍ത്തിയ സമൂഹം പല പരീക്ഷണങ്ങള്‍ക്കും ജീവിതപാച്ചിലിലും ബഹുദൂരം മുന്നോട്ടു പോയി. നല്ലതെന്നോ ചീത്തയെന്നോ അത് കാലം കണക്കെഴുതും. അപ്പോള്‍ പറഞ്ഞു വന്നത് ആ ഇരുള്‍ സമൂഹത്തില്‍ ഒത്തിരി ജീവിച്ചിരുന്ന ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്‍; സിനിമയെക്കുറിച്ച് കുറച്ചു പറയാന്‍ ശ്രമിക്കുകയാണീ ടാക്കീസിലൂടെ...

അവകാശ വാദങ്ങളില്ല, നല്ലതും ചീത്തയുമായതോ ഒരു ഇരുള്‍വെളിച്ചത്തില്‍ തലയില്‍ കയറിയ സിനിമാ ചിന്തയോ എന്തുമാവട്ടെ...സമാന മനസ്കരോടും അല്ലാത്തവരോടും പങ്കുവെക്കാനാഗ്രഹിക്കുന്നു. വിയോജിപ്പുകളുണ്ടാവാം. ഉണ്ടാവണം. എങ്കിലും ഊര്‍ദ്ധ്വന്‍ വലിക്കുന്ന (എന്ന് പലരെങ്കിലും കരുതുന്ന) ഒരു സിനിമാ സംസ്കാരത്തിനു ചേര്‍ന്നു നിന്നുകൊണ്ട്, അതിനോടൊപ്പമോ തൊട്ടു പിന്നിലോ സഞ്ചാരം നടത്തുന്ന ഒരു സിനിമാപ്രേമിയുടെ ഈ ഇ-താളുകളില്‍ സിനിമാ ചിന്തകളും അഭിപ്രായങ്ങളും വിലയിരുത്തലുകളുമെല്ലാമുണ്ടാവണമെന്നു കരുതുന്നു,

കാത്തിരുപ്പുകളോടെ...
സിനിമാടാക്കീസിലേക്ക്....എല്ലാവര്‍ക്കും സ്വാഗതം.