Thursday, August 5, 2010

പെണ്‍പട്ടണം

താന്തോന്നി
കളും
പോക്കിരിരാജമാരുംഅരങ്ങുവാഴുന്നമലയാളസിനിമയെന്ന ചട്ടമ്പി നാട്ടില്‍ '
ഇതാ ഞങ്ങളുടെനായികമാര്‍' എന്ന് സധൈര്യംഉദ്ഘോഷിച്ച് ഒട്ടും പോപ്പുലറോഗ്ലാമറോ ഇല്ലാത്ത നാലുനായികമാരെ മുന്‍ നിര്‍ത്തി ഒരുസിനിമയെടുക്കാന്‍ കാണിച്ചചങ്കൂറ്റത്തിനു കഥാകൃത്ത് രഞ്ജിത്തിനേയും സംവിധായകന്‍വി.എം. വിനുവിനേയും ഒപ്പംനിര്‍മ്മാതാവ് മഹാസുബൈറിനേയും സ്തുതിക്കണം. മാത്രമല്ല, പ്രമുഖതാരങ്ങള്‍ക്കൊപ്പം പ്രധാനവുംഅപ്രധാനവുമായ വേഷങ്ങളില്‍പാലേരി മാണിക്യം എന്ന സിനിമ സംഭാവന ചെയ്ത എണ്ണം പറഞ്ഞപ്രതിഭാശാലികളായനാടകനടന്മാരെ കൂടിഉള്‍പ്പെടുത്തിയപ്പോള്‍ മലയാളസിനിമ പാലേരി മാണിക്യം എന്നസിനിമക്കുശേഷം തികച്ചും ഒരുഫ്രഷ്നെസ്സ് അനുഭവപ്പെടുത്തി.


സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്ന നാലു സ്ത്രീകള്‍. കുടുംബശ്രീ പ്രവര്‍ത്തകരായ അവര്‍ കോഴിക്കോട് നഗരത്തിന്റെ മാലിന്യം തുടച്ചു നീക്കുന്നവരാണ്. നാലുപേര്‍ക്കും അവരവരുടേതായ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളുമുണ്ട്. എങ്കിലും എല്ലാ കണ്ണീരും പങ്കുവെച്ച് നല്ലൊരു സുഹൃദ് സംഘമായി ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ പരസ്പരം സഹായിച്ചും ജീവിച്ചു പോകുന്നു. അതിനിടയിലാണ് യാദൃശ്ചികമായി ചവറുകൂനയില്‍ നിന്ന് അവര്‍ക്ക് സ്വപ്നം കാണുന്നതിനപ്പുറമുള്ളൊരു പണക്കെട്ട് ലഭിക്കുന്നത്, കണ്ണീരും വിഷമങ്ങളും പങ്കുവെച്ചിടത്ത് പണം വന്നപ്പോള്‍ പരാതികളും പരിഭവങ്ങളുമാകുന്നു. അത് സൃഷ്ടിക്കുന്ന നിയമപരവും വ്യക്തിപരവുമായ നൂലാമാലകള്‍. അതിനിടയില്‍ കൈവിട്ടുപോകുമോയെന്ന മുള്‍മുനയില്‍ സ്വജീവതവും. പ്രേക്ഷകന്‍ പ്രവചിക്കുന്നതിനുമപ്പുറത്തേക്ക് കഥയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നു.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ഭരതന്റേയും പത്മരാജന്റേയും കെജി ജോര്‍ജ്ജിന്റേയുമൊക്കെ സുവര്‍ണ്ണകാലത്ത് റിയലിസ്റ്റിക്കായ കേരളീയ ജീവിതങ്ങളെ തിരശ്ശീലയില്‍ വരച്ചു കാണിച്ചിരുന്നു. പത്മരാജന്റെകള്ളന്‍ പവിത്രന്‍എന്ന സിനിമ (പവിത്രനായ കള്ളന്‍! എത്ര ദാര്‍ശനികമായ പേര്) തുടങ്ങുന്നത് ഒരു ലക്ഷം വീട് കോളനിയുടെ ദൃശ്യത്തില്‍ നിന്നാണ്. പിന്നീട് വള്ളുവനാടന്‍ ജീവിതവും കോവിലകവും മലയാള സിനിമയില്‍ ചേക്കേറിയപ്പോള്‍ ലക്ഷംവീട് കോളനിയോ അതിലധിവസിക്കുന്ന ജനതയോ ഒന്നും മലയാള സിനിമക്ക് വിഷയങ്ങളല്ലാതായി. കൊച്ചി കേന്ദ്രീകൃതമാകുന്ന സിനിമകളില്‍ ക്വൊട്ടേഷന്‍ ടീമിന്റെ വാസസ്ഥലം കാണിക്കാന്‍ മാത്രം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചില തെരുവുകള്‍ ചിത്രീകരിക്കപ്പെട്ടു. തികച്ചും ഗ്ലാമറസ്സായ സമീപ കാല മലയാള സിനിമയിലേക്കാണ് മലപോലുള്ള ഒരു മാലിന്യക്കൂമ്പാരത്തിന്റെ വിദൂര ദൃശ്യവുമായിപെണ്‍പട്ടണംതുടങ്ങുന്നത്. ഡീ ഗ്രാമറൈസ്ഡ് ആയ കഥാപാത്രങ്ങള്‍ അവരുടെ ഭൂമികകള്‍. തികച്ചും മലയാളത്തില്‍ ലക്ഷണയുക്തമായ ഒരു നവതരംഗത്തിന്റെ തറക്കല്ലിടല്‍ സിനിമ പകര്‍ന്നു തരുമായിരുന്നു. പക്ഷെ..........

ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഒട്ടും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രേവതി, കെപി എസി, ശ്വേത, വിഷ്ണുപ്രിയ. എങ്കിലും സൂക്ഷഭാവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും നാലു നായികമാരില്‍ ഒരുപാട് സൃഷ്ടിച്ചെടുക്കാമായിരുന്നെങ്കിലും അത്തരം ഒരു അവസരത്തിനു തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചില്ല. ലാല്‍ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും വളരെ നാള്‍ക്കുശേഷം ലാല്‍ ചെയ്തൊരു നല്ല കഥാപാത്രമാണ്. നെടുമുടിയുടെ ഉണ്ണിത്താന്‍ മുതലാളിയും മികച്ചതു തന്നെ. എടുത്ത് പറയേണ്ടുന്ന മറ്റൊരു കാര്യം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നു വിളീക്കാവുന്ന പലരുടേയും പ്രകടനമാണ്, സ്ഥലം എം എല്‍ , കോണ്‍സ്റ്റബിള്‍, വാഹനകച്ചവടവും മോഷണവും ചെയ്യുന്ന ചെറുപ്പക്കാരന്‍, കെ പി എസി ലളിതയുടെ മകന്‍ ആയി വരുന്ന കഥാപാത്രം, ഡോക്ടര്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്ക് പാലേരി മാണിക്യം എന്ന സിനിമയിലൂടെ രംഗത്ത് വന്ന നാടക നടന്മാര്‍ അപാരമായ അഭിനയസിദ്ധി കാണിച്ചിരിക്കുന്നു. ഇത്തരം വേഷങ്ങളില്‍ കണ്ടു മടുത്ത സ്ഥിരം നടന്മാരെ ഉപയോഗിക്കാതിരുന്നതിനു ഇതിന്റെ അണിയറശില്പികള്‍ക്ക് അഭിനന്ദനം കൊടൂക്കണം, ജീവിതത്തില്‍ നിന്നിറങ്ങി വന്നെന്ന പോലെ കഥാപാത്രങ്ങളെ പൂര്‍ണ്ണമാക്കിയ നടന്മാരെ വേണ്ടവിധം ഉപയോഗിച്ചാല്‍ മലയാള സിനിമക്ക് നല്ലൊരു മുതല്‍ക്കൂട്ടാകും എന്നതില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.

മലയാളത്തില്‍സമീപകാലത്തിറങ്ങിയിനിമകളില്‍ നിന്നും തികച്ചുംവ്യത്യസ്ഥമായ കഥയുംകഥാപാത്രങ്ങളുംപശ്ചാത്തലങ്ങളും, സ്ഥിരംചേരുവകളില്‍ നിന്നുള്ളബോധപൂര്‍വ്വമായ മാറ്റവും, മൂന്നാനിര അഭിനേതാക്കളുടെറിയലിസ്റ്റിക്ക് ആയപെര്‍ഫോര്‍മന്‍സ് എന്നിട്ടുംപെണ്‍പട്ടണംഎന്ന സിനിമപ്രേക്ഷകനുഅനുഭവവേദ്യമായില്ലെങ്കില്‍അതിന്റെ ഉത്തരവാദിത്വംതിരക്കഥകൃത്ത് ടി. എംറസാക്കിനും സംവിധായകന്‍വി.എം. വിനുവിനുമാണ്. മനോഹരമായി ഡെവലപ്പ്ചെയ്തെടുക്കാന്‍ പറ്റാവുന്ന കഥയുംകഥാസന്ദര്‍ഭങ്ങളുംഉണ്ടായിട്ടുപോലും അതിനെപലപ്പോഴും ലോജിക്കില്ലായ്മയിലുംഅവിശ്വസനീയതയിലും കൊണ്ടുതളച്ചിട്ടതില്‍ നിന്ന് ഒരിക്കലുംതിരക്കഥാകൃത്തിനുഒഴിഞ്ഞുമാറാനാവില്ല. അതുപോലെ നല്ലൊരു കഥയെതികച്ചും പുതുമയോടെയോവൈകാരികതയോടെയോ ഒരുസ്റ്റെപ്പ് മുകളിലേക്ക് ഉയര്‍ത്താന്‍കഴിയാതിരുന്ന സംവിധായകന്‍വി എം വിനുവും തികച്ചുംമാപ്പര്‍ഹിക്കുന്നില്ല

വിഷ്ണുപ്രിയയും കൈലേഷുംതമ്മിലെ പ്രണയ ഗാന രംഗം, ജയിലിലെ സംഘട്ടനം, തുടക്കംമുതല്‍ അവസാനം വരെഅരോചകമാകുന്ന പശ്ചാത്തലസംഗീതം, ഓര്‍മ്മയില്‍ ഒരിക്കലുംവരാനാകാത്ത ഗാനങ്ങള്‍, ആവശ്യമില്ലാതെ ഏച്ചുകെട്ടിയഇഫക്റ്റ്സ് ഇതൊക്കെ തന്നെഒഴിവാക്കിയിരുന്നെങ്കില്‍ സിനിമ നല്ലൊരുനിലവാരത്തിലേക്ക്വരുമായിരുന്നു. ‘പെണ്‍പട്ടണമെന്ന നല്ലസിനിമയെ മോശമാക്കിയതിനു തിരക്കഥാകൃത്തിനും സംവിധായകനുമൊപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍കൂടിയുണ്ട്.

വാല്‍ക്കഷ്ണം : പെണ്‍പട്ടണത്തിന്റെ ഷൂട്ടുനടക്കുന്ന സമയത്ത് കോഴിക്കോട് ചെന്ന് ഷൂട്ടു കാണാന്‍ആഗ്രഹിക്കുകയും പെണ്‍പട്ടണത്തില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരന്റെ മൊബൈലി ല്‍വിളിക്കുകയും ചെയ്തു. അവന്റെ മറുപടിഇന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല റസാക്കിന്റെറൂമില്‍ അസിസ്റ്റന്റ് കാത്തിരിക്കുകയാണ്എന്ന്. സീനുകള്‍ എഴുതാത്ത കാരണംഒന്നര ദിവസം ഷൂട്ടു മുടങ്ങി എന്നാണ് അറിഞ്ഞത്. മലയാളസിനിമ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും സിനിമയോടുള്ള ഇവരുടെയൊക്കെ സമീപനംഇതില്‍ നിന്നും വ്യക്തമാണല്ലോ

Monday, May 24, 2010

കഥ തുടരുന്നു. സത്യന്‍ അന്തിക്കാടിന്റെ മാജിക്!


ലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പരാജയങ്ങളുടെ ആക്കങ്ങളില്ലാതെ ജനപ്രിയതയുടെ പര്യായമായി സാധാരണ കേരള ജീവിതത്തിന്റെ പരിച്ഛേദമെന്ന ഖ്യാതിയില്‍ ലളിതരില്‍ ലളിതനും സാധാരണക്കാരില്‍ സാധാരണക്കാരനുമായ അന്തിക്കാട്ടുകാരന്‍ എന്ന മീഡിയയുടെ ഇമേജ് ഐക്കന്‍. 1982 ല്‍ കുറുക്കന്റെ കല്യാണമെന്ന സിനിമയിലൂടെ ഹരിശ്രീ കുറിച്ച ഈ ഹരിഹര ശിഷ്യന്‍ 28 വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ അമ്പതാമത്തെ ചിത്രത്തില്‍ എത്തിനില്‍ക്കുന്നു. ഇനിയും സത്യന്റെ കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഒരുകാലത്ത് ലളിതമായ ആഖ്യാന ശൈലി കൊണ്ട് ചിരിയും ചിന്തയും നിറച്ച സംവേദനങ്ങളായിരുന്നു സത്യന്‍ സിനിമകള്‍. സത്യനോടൊപ്പം പ്രഗത്ഭ എഴുത്തുകാരും നടീ നടന്മാരും അതിനു പിന്തുണയായും ഉണ്ടായിരുന്നു. പക്ഷെ, മലയാള സിനിമയിലെ കൊമേഡിയന്‍ താരം സലീം കുമാര്‍ പറഞ്ഞതു പോലെ ‘എന്നും ഒരേ റൂട്ടില്‍ ഓടൂന്ന ബസ്സിനേ‘പ്പോലെയായി മാറി സത്യന്‍ സിനിമകള്‍.പക്ഷെ, കേരളത്തില്‍ ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും എല്ലാ തിരഞ്ഞെടുപ്പിലും സ്ഥിരം ജയിച്ചു കയറുന്ന ചില രാഷ്ട്രീയക്കാരുണ്ട് , അതുപോലെ എല്ലാ കാലാവസ്ഥയിലും സത്യന്‍ സിനിമകള്‍ വിജയം കണ്ടെത്തി, ജനപ്രിയത കൊണ്ടാടി, മീഡിയാ ഇമേജ് കാത്തു സൂക്ഷിക്കപ്പെട്ടു. അവിടെയാണ് സത്യന്‍ അന്തിക്കാട് എന്ന ബുദ്ധിമാനായ സംവിധായകന്റെ (കു) ബുദ്ധി. രാഷ്ട്രീയക്കാരന് വോട്ട് ബാങ്ക് എന്നപോലെ കൃത്യമായ ‘ആസ്വാദക ബാങ്ക്’ കഴിഞ്ഞ 28 വര്‍ഷം കൊണ്ട് ക്രിയേറ്റു ചെയ്യുന്നതിലും അതിനെ തെല്ലും അലോസരപ്പെടൂത്താതെ, വിഷമിപ്പിക്കാതെ പ്രീണിപ്പിച്ചു നിര്‍ത്തുന്നതിലും ഈ സംവിധായകന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ പല പഴയ പുലികളും സടകൊഴിഞ്ഞ് മാളത്തിലൊളിച്ചപ്പോഴും, തനിക്ക് ശേഷം വന്ന രഞ്ജിത്ത് അടക്കമുള്ള സംവിധായകര്‍ പരീക്ഷണങ്ങളുടെ പുറകെ പോയപ്പോഴും ‘അന്തിക്കാട്ടുകാരന്‍’ എന്ന ലേബലില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഈ സംവിധായകനു കഴിഞ്ഞു.

സത്യന്റെ പുതിയ സിനിമയായ ‘കഥ തുടരുന്നു’ വും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത സത്യന്‍ സിനിമ തന്നെയാണ്. തീര്‍ച്ചയായും അത് ‘സത്യന്‍ പ്രേക്ഷകരെ’ സന്തോഷിപ്പിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് വിജയ സിനിമയുമാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി (രസതന്ത്രം എന്ന സിനിമ മുതല്‍) സത്യന്‍ സിനിമകള്‍ നിലവാരത്തിന്റെയും പ്രമേയത്തിന്റേയും കാര്യത്തില്‍ താഴേക്കാണെന്നും പിന്തിരിപ്പന്‍ ആശയങ്ങളുടെ കൊട്ടയില്‍ അടയിരിക്കുകയാണെന്നതും ഒരു പക്ഷേ, സത്യനും സത്യന്റെ പ്രേക്ഷക സമൂഹവും മാത്രമേ തിരിച്ചറിയാതുള്ളു എന്നതാണ് സത്യം. മാത്രമല്ല പഴയ കാല സത്യന്‍ സിനിമകളേയും സത്യന്റെ കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷത്തെ സിനിമകളേയും തമ്മില്‍ താരതമ്യം ചെയ്താല്‍ പണ്ട് പറഞ്ഞിരുന്ന പല ആശയ-കാഴ്ചപ്പാടുകളില്‍ നിന്നും ഈ അന്തിക്കാട്ടുകാരന്‍ പിറകോട്ട് പോകുന്നതായും പിന്തിരിപ്പന്‍ ചിന്താഗതിയുടേയും ‘സെയ്ഫ് കളി’കളുടേയും കൂടുകളിലേക്ക് പതുങ്ങിക്കയറുന്നതും കാണാം. ഒറ്റ നോട്ടത്തില്‍ സത്യന്‍ സിനിമകള്‍ പുരോമന ചിന്തകള്‍ പേറുന്നതായും സ്ത്രീ പക്ഷ സിനിമകളായുമൊക്കെ തന്റെ (മാത്രം) പ്രേക്ഷക സമൂഹത്തില്‍ കൊണ്ടാടപ്പെടുന്നുണ്ട്. പക്ഷേ പലപ്പോഴും വ്യവസ്ഥാപിത കുടുംബ- സമൂഹ-പുരുഷ കേന്ദ്രീകൃതമായ ഇടങ്ങളില്‍ തന്നെയാണ് സത്യന്‍ സിനിമകള്‍ കെട്ടിയിടപ്പെട്ടിരിക്കുന്നത് എന്ന് സൂക്ഷ്മായി നോക്കിയാല്‍ കാണാം. എങ്കിലും പല ‘നല്ല’ ഇമേജുകളുടെ ബ്രാന്‍ഡ് അംബാസഡറായ സത്യന്റെ സിനിമകളുടെ ഈ വിരുദ്ധത പലപ്പോഴും വെളിയില്‍ (തന്റെ തന്നെ പ്രേക്ഷക സമൂഹത്തിലും) ചര്‍ച്ചയായിപ്പെടുന്നില്ല എന്നതാണ് രസകരം. അതുകൊണ്ട് തന്നെ സത്യന്‍ അന്തിക്കാട് ഇന്നും വിശുദ്ധതയുള്ള- പുണ്യാളനായ സംവിധായകനായി അറിയപ്പെടുന്നു,

കഥ തുടരുന്നു എന്ന ചിത്രത്തിലേക്ക് വരാം. മുസ്ലീമായ ഷാനവാസ് അഹമ്മദിനെ (ആസിഫ് അലി) വിവാഹം കഴിച്ച വിദ്യാലക്ഷ്മി അഞ്ചുവയസ്സായ മകളുമൊത്ത് സന്തോഷ ജീവിതം നയിക്കുമ്പോള്‍ അവിചാരിതമായി ഭര്‍ത്താവ് ഷാനവാസ് കൊല്ലപ്പെടുന്നു, തന്റേയും ഭര്‍ത്താവിന്റേയും കുടുംബങ്ങള്‍ സഹായിക്കാനില്ലാതെ ആവുമ്പോള്‍ വാടകവീട്ടില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടി വരുമ്പോള്‍ ജീവിക്കാന്‍ റെയില്‍ വേ സ്റ്റേഷനില്‍ അഭയം തേടുന്നു. അവിടെ നിന്നു ഇറക്കിവിടുമ്പോള്‍ അവശേഷിക്കുന്ന സ്വര്‍ണ്ണം വിറ്റ് ചിലവു നടത്താന്‍ ശ്രമിക്കവേ തന്റെ ബാഗും കള്ളന്‍ അപഹരിക്കുന്നു. തെരുവില്‍ അനാഥയായി നില്‍ക്കുമ്പോളാണ് രക്ഷകനായി ഈശ്വരഭക്തനും ജ്യോതിഷ്യ വിശ്വാസിയും ദുശ്ശീലങ്ങളില്ലാത്തവനും ദുഷ്ചിന്തകളൊന്നുമില്ലാത്തവനുമായ നായകന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ വരുന്നത്. നായികക്ക് നായകനെ കണ്ടുമുട്ടാനുള്ള എളുപ്പ വഴി. നായകന്‍ നായികയേയും മകളേയും ചേരിയില്‍ താമസിക്കുന്ന വീട്ടുവേലക്കാരിയുടെ (ലക്ഷ്മിപ്രിയ) കൂടെ താമസിപ്പിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കപ്പുറം ചേരിയിലെ മറ്റൊരു താമസക്കാരി കുഞ്ഞമ്മ(കെ പി എ സി ലളിത)ക്ക് ഹൃദയാഘാതം വന്ന് ആശുപത്രിയിലെത്തിക്കുമ്പോഴാണ് ചേരി നിവാസികള്‍ ആ സത്യം മനസ്സിലാക്കുന്നത്. നായികയായ വിദ്യാലക്ഷ്മി എം ബി ബി എസ് പഠിച്ചിരുന്നു വെന്നും പഠനം ഇടക്ക് വെച്ച് നിര്‍ത്തിയെന്നും. ചേരിക്കാര്‍ക്ക് സഹിക്കാനായില്ല അവരുടെ തുച്ഛശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് അവര്‍ വിദ്യാലക്ഷ്മിയെ പഠിപ്പിക്കുന്നു. ഡോക്ടര്‍ പഠനം മുഴുമിപ്പിക്കുന്നു. ആ പണച്ചെലവിനു വേണ്ടി കുടിയന്മാര്‍ കുടി നിര്‍ത്തി. ദുശ്ശീലങ്ങള്‍ പലതും നിര്‍ത്തി (ആ കോളനിയൊന്ന് നേരില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്!) കഥ ദീര്‍ഘിപ്പിക്കുന്നില്ല - ദീര്‍ഘിപ്പിക്കുവാന്‍ മാത്രം അതിലൊന്നുമില്ല എന്നതാണ് സത്യം.


സത്യന്റെ ഈ സിനിമയില്‍ നിരീക്ഷിച്ച ചില കാര്യങ്ങള്‍ പരാമര്‍ശിച്ച് നിര്‍ത്താം.:

ചേരിയില്‍ തന്റേടിയായ ഒരു വീട്ടുവേലക്കാരി (മല്ലിക)-ലക്ഷ്മി പ്രിയ-യുടെ വീട്ടീലാണ് നായികക്ക് അഭയം. ഈ കഥാപാത്രം തന്റേടിയും ഒറ്റക്ക് ജീവിക്കുന്നവളുമാണ്. പണത്തിനു വേണ്ടി മറ്റുള്ളവരുടെ കിടപ്പറയില്‍ പോകുന്ന സ്വന്തം അമ്മയെ ഉപേക്ഷിച്ച് അവള്‍ ചേരിയില്‍ ഒറ്റക്കു താമസിക്കുന്നു. ജീവിക്കാന്‍ വീട്ടുവേല ചെയ്യുന്നു. ആരോടും തന്റേടത്തോടേ മറുപടി പറയുന്ന ‘ജ്വലിക്കുന്ന സ്ത്രീ‘ കഥാപാത്രം. ‘നിന്നെ ഞാന്‍ കെട്ടിക്കൊട്ടെ?’ എന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന കോര്‍പ്പറേഷന്‍ വാട്ടര്‍ സപ്ലൈയുടെ ടെമ്പോ ഡ്രൈവറോട് അവളുടെ മറുപടി ‘ എന്റെ കയ്യിന്റെ ചൂടറിയണ്ട എങ്കില്‍ മുന്നില്‍ നിന്നു മാറിക്കോ’ എന്നാണ്. കഥാഗതിയില്‍ അതാ ‘ജ്വലിക്കുന്ന സ്ത്രീ’ ടെമ്പോ ഡ്രൈവറോട് ഇഷ്ടമാണോ എന്ന നായികയുടെ ചോദ്യം മുതല്‍ ഉരുകിത്തീരുന്നു. ഡ്രൈവറുമായി അവളുടെ വിവാഹം നിശ്ചയിക്കാന്‍ തീരുമാനിക്കുന്നതോടെ ഈ സ്ത്രീ കഥാപാത്രം “വിവാഹമേ ജീവിത ലക്ഷ്യം“ എന്ന പഴയ കാല പൈങ്കിളി നോവലിലെ നായികയേപ്പോലെ നാണത്താല്‍ (സ്വഭാവികമായ നാണമല്ല..അങ്ങേയറ്റം) തല നിവര്‍ത്താന്‍ പോലും സാധിക്കാതെ തന്റെ തന്റേടത്തെയൊക്കെ കുഴിച്ച്മൂടി ചിത്രാന്ത്യം വരെ വുഡ് ബിയുടെ നിഴലില്‍-പുറകില്‍ നിലകൊള്ളൂകയാണ്. തന്റേടിയായ സ്ത്രീ കഥാപാത്രമെന്ന പുകമറ സൃഷ്ടിച്ച് പുരുഷന്റെ തണലില്‍ പെണ്ണിനെ കൊണ്ടെത്തിച്ച് കെട്ടിയിടുന്ന സത്യന്‍ മാജിക്!

സ്ത്രീയെ കളിയാക്കുന്ന സിനിമാ തമാശകള്‍ക്ക് അന്നുമിന്നും മാര്‍ക്കറ്റുണ്ട്. പ്രേക്ഷകരില്‍ കൂടുതലും പുരുഷരായതുകൊണ്ടാകാം. നായികയേയോ ഉപനായികമാരേയോ പരിഹസിക്കുന്ന /ദ്വയാര്‍ത്ഥം വരുന്ന തമാശകള്‍ക്ക് മലയാളത്തില്‍ ഇന്നും പഞ്ഞമില്ല. പക്ഷെ കുടുംബ സംവിധായകനായ സത്യന്റെ സിനിമയില്‍ തന്റെ സ്ത്രീ പ്രേക്ഷകരെകൂടി കണക്കിലെടുത്ത് സത്യന്‍ പ്രയോഗിച്ച മാജിക്ക് കാണൂ. പെണ്ണിന്റെ കണ്ണീര് പൂങ്കണ്ണിരാണെന്നും, പെണ്ണിനു കണ്ണീരു വരുത്താന്‍ നിമിഷാര്‍ദ്ധം പോലും വേണ്ടെന്നും ഒരു സ്ത്രീ കഥാപാത്രത്തെക്കൊണ്ട് പറയിക്കുകയും മാത്രമല്ല അത് ഡെമോന്‍സ്രേറ്റ് ചെയ്യിക്കുക കൂടി ചെയ്യുന്നു മാജിഷ്യന്‍ സത്യനന്തിക്കാട്. പെണ്ണിന്റെ കണ്ണീരിനെ പൂങ്കണ്ണീരെന്ന് പുരുഷ കഥാപാത്രം പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ സ്ത്രീ/അമ്മ കഥാപാത്രം പറഞ്ഞാല്‍ തന്റെ സ്ത്രീ പ്രേക്ഷകരടക്കുമുള്ളവര്‍ കയ്യടിക്കുമെന്ന് സത്യനിലെ ബുദ്ധിമാന് നന്നായറിയാം.

സിനിമയുടെ കഥാന്ത്യത്തിലും ഈ തരത്തിലുള്ള സൂത്രപ്പണികളും (അതോ എസ്കേപ്പിസമോ?) കാണാം. മുസ്ലീം ചെറുപ്പക്കാരനെ വിവാഹം കഴിച്ചെങ്കിലും താമസിയാതെ അയാള്‍ മരണപ്പെട്ടതുകൊണ്ട് അവര്‍ക്ക് ജനിച്ച കുഞ്ഞിനുവേണ്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവകാശം ഉന്നയിക്കുമ്പോള്‍ സംവിധായകന്‍ കണ്ടെത്തുന്ന പരിഹാരം രസാവഹം. നായികയുടെ കൂട്ടുകാരി ഭാവിയിലെ അരക്ഷിതാവസ്ഥയേക്കുറീച്ചും മതം കുട്ടുപിടിച്ച് ചിലര്‍ നടത്തുന്ന പ്രശ്നങ്ങളേയും കുറിച്ച് നായികയെ ബോധവല്‍ക്കരിച്ച് ‘വിദേശത്തേക്ക് പോയി ജോലി ചെയ്ത് ജീവിക്കുക’ എന്ന ഒരു ശാശ്വത പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത്. (മതപരവും വര്‍ഗ്ഗീയപരവും മറ്റുമായ സാമൂഹ്യപ്രശ്നങ്ങളാല്‍ ഈ നാടുവിട്ട് വിദേശത്ത് പോകേണ്ട ഗതികേട് നമ്മള്‍ മലയാളികള്‍ക്കുണ്ടോ എന്ന് സംവിധായകന്‍ ഒന്നു ആലോചിക്കുന്നത് നന്നായിരിക്കും.) മാത്രമല്ല ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളതിനാല്‍ എം ബി ബി എസ് പഠനം കഴിഞ്ഞ് ഡോക്ടറാവുന്ന നായികയെ ചേരിയിലെ അനാഥനും നിരക്ഷരനുമായ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കുമോ എന്ന സത്യന്റെ സ്ത്രീ പ്രേക്ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് ‘കൃത്യവും യുക്തിയും‘ നിറഞ്ഞ പരിഹാരവും സത്യന്‍ കാണുന്നു, മാത്രമല്ല ‘ഞാന്‍ വിളിച്ചാല്‍ പറന്ന് പറന്ന് വരണം’ എന്ന നായികയുടെ ഇഷ്ടം കലര്‍ന്ന ആവശ്യവും തുടര്‍ന്ന് പക്ഷി നോട്ടക്കാരന്റെ ‘കടല്‍ കടക്കാന്‍ യോഗം കാണുന്നല്ലോ’ എന്ന പ്രവചനത്താല്‍ കടല്‍ത്തീരത്ത് തിരയെണ്ണിയിരിക്കുന്ന നായകനെ കാണിച്ച് തന്റെ പുരുഷ പ്രേക്ഷകരേയും സത്യന്‍ തൃപ്തനാക്കുന്നു. ചങ്കുറപ്പില്ലാത്ത ഒരു എഴുത്തുകാരന്റെ/സംവിധായകന്റെ ദയനീയതയക്ക് നല്ലൊരു ഉദാഹരണമാണ് ഈ ചിത്രത്തിന്റെ അവസാനം.

ഫാന്‍സുകളുടെ ബഹളത്തിലും തെറിവിളിയിലും കല തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില സിനിമാകഷ്ണങ്ങള്‍ക്കിടയിലും ‘കഥ തുടരുന്നു‘ ഒരു ആശ്വാസമാകാം. പക്ഷേ,അങ്ങിനെ ഒരു താല്‍ക്കാലിക ആശ്വാസങ്ങള്‍ മാത്രം മതിയോ എന്നുകൂടി ചിന്തിക്കണം. മുഴുവന്‍ അവിശ്വസനീയത നിറഞ്ഞതും യുക്തിസഹമല്ലാത്തതും യാതൊരു പുതുമയോ ധാരണയോ ഇല്ലാത്ത ഇത്തരം സിനിമകള്‍ 28 വര്‍ഷമായി സംവിധായക രംഗത്ത് നിലനില്‍ക്കുന്ന ഒരാളില്‍ നിന്നു വരുന്നത് തികച്ചും കഷ്ടമാണെന്നു മാത്രമല്ല, ഇതാണ് നല്ല സിനിമകളെന്നും ഇത്തരം സിനിമകളാണ് നമുക്ക് വേണ്ടതെന്നും പറയേണ്ടിവരുന്ന പ്രേക്ഷകരുള്ളതും സിനിമ എന്ന കലക്കും ആസ്വാദനത്തിനും ഒട്ടും നല്ലതല്ല എന്നു കൂടി ചേര്‍ക്കേണ്ടിവരും.

Thursday, April 22, 2010

ആറ് ബി-യിലെ ടി.ഡി ദാസനുള്ള കത്തുകള്‍

ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി മലയാളത്തിലിന്നേവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായ കലാ സൃഷ്ടിയൊന്നുമല്ല. പക്ഷെ, 2010ല്‍ ഇറങ്ങിയ മലയാള സിനിമയിലെ ഒരേയൊരു നല്ല സിനിമയാണ്. പുതുമയാര്‍ന്ന പ്രമേയം കൊണ്ടും ഔചിത്യമാര്‍ന്ന തിരക്കഥകൊണ്ടും അമാനുഷികമല്ലാത്ത കഥാപാത്ര സൃഷ്ടികൊണ്ടും അതിനിണങ്ങുന്ന അഭിനേതാക്കളേക്കൊണ്ടും നിര്‍മ്മിക്കപ്പെട്ട; നന്മയിലും സ്നേഹത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, അതിനെ പൂര്‍ത്തീകരിക്കുന്ന ഒരു നല്ല സിനിമ.

തൊട്ടടുത്ത കഥാപാത്രത്തോട് പോലും അലറിവിളിച്ചും അണ്ടര്‍വെയര്‍ കാണിച്ചുകൊണ്ടും ആറിലധികം ഭീമന്മാരെ ഒരൊറ്റയിടിയാല്‍ പറത്തിവിട്ടും നായികയുമൊത്ത് മൌറീഷ്യസിലും മലേഷ്യയിലും ആടിപ്പാടുന്ന സ്വത്വം നഷ്ടപ്പെട്ട, ആത്മാവില്ലാത്ത സമകാലീന മലയാള സിനിമയില്‍; വേനലിലെ കുളിര്‍മഴപോലെ അല്ലെങ്കില്‍ പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ആത്മാവും ജീവനും ഊര്‍ജ്ജവുമായി മോഹന്‍ രാഘവനെന്ന ഫിലിം ഇന്‍സ്റ്റിട്യൂട്ട് സന്തതി മലയാളിക്കുവേണ്ടി സ്നേഹത്തിന്റേയും സ്നേഹ നിരാസത്തിന്റെയും, പ്രകൃതി പരിചരണത്തിന്റേയും ചൂഷണത്തിന്റേയുമൊക്കെ ഒരു കഥ പറഞ്ഞു തന്നിരിക്കുകയാണ്. അതും സൂപ്പര്‍ സ്റ്റാറുകളുടെ എന്നല്ല വലിയ പോപ്പുലാരിറ്റി പോലുമില്ലാത്ത താരങ്ങളെ വെച്ചും പുതിയ കുട്ടികളെ ഉപയോഗിച്ചും.

കഥാസാരം
ബാംഗ്ലൂരില്‍ ആഡ് ഫിലിം മേക്കറായ നന്ദകുമാറിന്റെ വീട്ടിലേക്ക് ദിവാകരന്‍ എന്ന മേല്‍ വിലാസത്തില്‍ ഒരു കത്തു വരുന്നു. യാദൃശ്ചിയാ ആ കത്തു വായിച്ച് നന്ദകുമാര്‍ അതിലെ അച്ഛന്‍ നഷ്ടപ്പെട്ട ഒരു കുഞ്ഞു മനസ്സിന്റെ വേദന മനസ്സിലാക്കുന്നു. ദിവാകരനെ അന്വേഷിച്ച് കത്തേല്‍പ്പിക്കുവാന്‍ കാര്യസ്ഥനെ ഏല്‍പ്പിച്ചെങ്കിലും കാര്യസ്ഥന്‍ അത് ചവറ്റുകൊട്ടയില്‍ എറിയുന്നു, അമ്മയെ വേര്‍പിരിഞ്ഞ് അച്ഛനൊപ്പം താമസികുന്ന നന്ദകുമാറിന്റെ മകള്‍ അമ്മു ആ കത്ത് വായിച്ച് ടി.ഡി ദാസന്‍ എന്ന കുട്ടിക്ക് മറുപടി എഴുതി തുടങ്ങുന്നു; അവന്റെ അച്ഛനായി. ആ കത്തിലെ വരികള്‍ ഹോണ്ട് ചെയ്ത നന്ദകുമാര്‍ അതിലൊരു സിനിമാ സാദ്ധ്യത കാണുകയും അതിന്റെ സ്റ്റോറി ഡിസ്കഷന്‍ തുടങ്ങുകയും ചെയ്യുന്നു. പാലക്കാട് ചിറ്റൂര്‍ എന്ന ഗ്രാമത്തിലെ ടി ഡി ദാസന്‍, എപ്പോഴും ദ്വേഷ്യപ്പെടുന്ന തന്റെ അമ്മയറിയാതെ ആ കത്തുകളെ നിധിപോലെ സൂക്ഷിക്കുന്നു. സ്കൂളിലെ കൂട്ടുകാരന്റെ ‘തന്തയില്ലാത്തവനെ’ എന്ന വിളിക്ക് ഈ കത്തുകൊണ്ടൊരു മറുപടി കൊടുക്കണം എന്നതാണ് ദാസന്‍ അച്ഛന് കത്തെഴുതുന്നതിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്.തീപ്പെട്ടിക്കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മക്കൊപ്പവും ദാസനോട് അധിക വാത്സല്യമുള്ള മുത്തശ്ശിക്കൊപ്പം ദരിദ്രമായ കൊച്ചു വീട്ടിലാണ് ദാസന്റെ താമസം. ഗ്രാമത്തിലെ വേലകളും, പുഴയിലെ കുളിയും കളികളും മലമുകളിലിരുന്നു ഗ്രാമത്തിന്റെ വിശാലതയേയും, ഗ്രാമത്തിന്റെ പച്ചപ്പിനെ കീറിമുറിച്ചുപോകുന്ന തീവണ്ടിയേയും വീക്ഷിച്ചാണ് അവന്റെ ജീവിതചക്രം തിരിയുന്നത്. അതിനിടയിലാണ് അച്ഛന്റെ മറുപടികളും സമ്മാനങ്ങളും. ഇതോ‍ടൊപ്പമാണ് ദാസന്റെ ഗ്രാമത്തില്‍ കോള കമ്പനിക്കെതിരെയുള്ള സമരവും മറ്റും. ദാസന്റെ കത്തുകളും അമ്മുവിന്റെ ‘അച്ഛനാ’യുള്ള മറുപടികളും മുന്നോട്ട് നീങ്ങവേ ദാസന്‍ ഒരാഗ്രഹം പറയുന്നു, ‘ഈ വരുന്ന വെക്കേഷന് അച്ഛനെ കാണാന്‍ ഞാന്‍ ബാംഗ്ലൂര്‍ക്ക് വരട്ടെ’ എന്ന്. സിനിമ അവിടന്നങ്ങോട്ട് വൈകാരികമായ തലങ്ങളിലേക്ക്.

മുഖ്യകഥാപാത്രമായ ദാസനെ അവതരിപ്പിച്ച അലക്സാണ്ടര്‍ അസാമാന്യമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്ന നിര്‍ദ്ധനകുടുംബാംഗമായ ദാസനേയും അവന്റെ വികാരങ്ങളേയും രൂപം കൊണ്ടും ഭാവം കൊണ്ടും അലക്സാണ്ടര്‍ തെളിമയുള്ളതാക്കി. (അവന്റെ മൌനത്തിനുപോലുമുണ്ട് നാനാര്‍ത്ഥങ്ങള്‍) ദാസനൊപ്പം അമ്മുവായി അഭിനയിച്ച ടീന റോസും നന്നായി. ദാസന്റെ അമ്മയായി വന്ന ശ്വേതാ മേനോന്‍ നന്നായിത്തന്നെ അഭിനയിച്ചെങ്കിലും അവരുടെ മുന്‍ കാല ചിത്രങ്ങളുടെ പ്രകടനത്തിലേക്ക് ഉയരുന്നില്ല എന്നു മാത്രമല്ല, അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് വളരെ നല്ലൊരു സാദ്ധ്യതയുമുണ്ടായിരുന്നു ഈ കഥാപാത്രത്തിന്. എടുത്തു പറയേണ്ട രണ്ടു പെര്‍ഫോര്‍മന്‍സ് ദാസന്റെ മുത്തശ്ശിയായി വരുന്ന വത്സലാമേനോന്റേയും, സ്ക്കൂള്‍ അദ്ധ്യാപകനായ മാള അരവിന്ദന്റേയും, ദാസന്റെ കൂട്ടുകാരന്‍ തോമാസുകുട്ടിയായി അഭിനയിച്ച തടിയന്‍ കുട്ടിയു (ആ കുട്ടിയുടെ പേര്‍ അറിയില്ല) ടേതുമാ‍ണ്. ദാസന്റെ അച്ഛന്റെ കൂട്ടുകാരനായെത്തിയ സുരേഷ് കൃഷ്ണയുടെ അഭിനയം ആകാരം കൊണ്ടും മിതത്വമാര്‍ന്ന ശൈലി കൊണ്ടും നന്നായി. ഏറെ സാദ്ധ്യതകളുണ്ടായിരുന്നിട്ടും അതിന്റെ വൈകാരിക ഭാവങ്ങളുടെ ഏറ്റക്കുറച്ചിലുകളിലേക്ക് വരാതിരുന്ന ബിജുമേനോന്റെ അഭിനയം അതുകൊണ്ട് തന്നെ ഉള്ളില്‍ തട്ടിയില്ല (ബിജുമേനോന്‍ മോശമായി എന്നല്ല, പക്ഷെ നല്ല സാദ്ധ്യകളുണ്ടായിരുന്ന പല ഭാഗങ്ങളും അദ്ദേഹം വേണ്ടവിധം ഉപയോഗിച്ചില്ല) ശ്രുതി മേനോന്‍, ജഗതി എന്നിവരുടെ കഥാപാത്രങ്ങളും അഭിനയവും അത്ര നന്നായില്ല എന്നുമാത്രമല്ല ചിത്രത്തിന് ആവശ്യമാണെന്നു പോലും തോന്നിയില്ല. പക്ഷെ ഇടക്കു വന്നു പോകുന്ന ചില കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വളരെ നന്നായി (ദാസനും തോമസുകുട്ടിയും വഴിയില്‍ വഴക്കു കൂടുമ്പോള്‍ പനചെത്തുകാരന്‍ അവരെ വഴക്കു പറഞ്ഞു ഓടിക്കുന്നത്)

ടി.ഡി ദാസന്റെ കഥയും തിര നാടകവും അതിന്റെ ആവിഷ്കാരവും എടൂത്തു പറയേണ്ടതാണ്. അധികം പരത്തിപറഞ്ഞു പോകാതെ മുഖ്യപ്രമേയത്തിലേക്ക് കോണ്‍സെണ്ട്രേറ്റ് ചെയ്ത തിരക്കഥ അടക്കവും ഔചിത്യവും കൊണ്ട് മികച്ചു നിന്നു, സാമൂഹ്യപ്രശ്നങ്ങള്‍ മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം നിര്‍ത്തിക്കൊണ്ട് സിനിമയില്‍ മുഴച്ചു നില്‍ക്കാതെ അവതരിപ്പിക്കാനുമായി. അതുപോലെ മുഖ്യപ്രമേയത്തിനോട് ചേരാത്ത നന്ദകുമാറിന്റെ സിനിമാ കഥാ ചര്‍ച്ച 35 എം എം ഫോര്‍മാറ്റില്‍ ട്രീറ്റ് ചെയ്തതും കൌതുകവും ഭംഗിയുള്ളതുമായി. ശ്രീവത്സന്‍ ജെ മേനോന്റെ സംഗീത സംവിധാനം എടുത്തു പറയേണ്ടതാണ്. അരുണ്‍ വര്‍മ്മയുടെ കാമറയും വിനോദ് സുകുമാരന്റെ എഡിറ്റിങ്ങും ചിത്രത്തിനോട് ചേര്‍ന്നു നില്‍ക്കുന്നു. മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ പ്രതിഭയുടെ കയ്യൊപ്പു തന്നെയാണ് ഈ പുതുമകള്‍. ആദ്യ സിനിമയില്‍ തന്നെ തന്റെ കയ്യൊപ്പു ചാര്‍ത്താനായതില്‍ സംവിധായകന് ഏറെ അഭിമാനിക്കാം.

എങ്കിലും...
പാലക്കാട് ചിറ്റൂര്‍ എന്ന ഗ്രാമം കഥയില്‍ എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് പാലക്കാടന്‍ ഭാഷ കൊണ്ടു വരാന്‍ തിരക്കഥാകൃത്തിനും സംവിധായകനുമായില്ല. (വത്സലാമേനോനും മാള അരവിന്ദനുമാണ് ഗ്രാമ്യ ഭാഷ പലപ്പോഴും പറയുന്നത്, അത് പക്ഷേ തൃശ്ശൂര്‍ സ്ലാങ്ങിനോട് ചേര്‍ന്നു നില്‍ക്കുന്നു. ശ്വേതയുടെ കഥാപാത്രം പലപ്പോഴും ഗ്രാമ്യ ഭാഷ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അത് കൈമോശം വരുന്നു.) ജഗതിയുടെ സംഭാഷണങ്ങള്‍ മുഖ്യധാരാസിനിമയിലെ സ്ഥിരം പാറ്റേണ്‍ ആണ്. ഇതൊക്കെ പറയാന്‍ കാരണം ചിറ്റൂര്‍ എന്നൊരു ഗ്രാമത്തെ കഥയില്‍/സിനിമയില്‍ വ്യക്തമായി എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട് എന്നുള്ളതുകൊണ്ടാണ്. ഗ്രാമത്തിന്റെ പുരാവൃത്തങ്ങള്‍, വിശ്വാസം, ലാന്‍ഡ് സ്കേപ്പ്, ഗ്രാമ ജീവിതങ്ങള്‍ ഇതൊക്കെ വരുമ്പോള്‍ ഭാഷക്കും തികച്ചും പ്രാധാന്യമുണ്ട്.

അതുപോലെ സിനിമയിലെ സീനുകളില്‍ നിന്ന് സീനുകളിലേക്കുള്ള വളര്‍ച്ചയില്‍ സമയം-ദിവസം എന്നിവയുടെ വ്യത്യാസങ്ങളെ/മാറ്റങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാനോ (അതിനിടയില്‍ ഫില്ലര്‍ ഫ്രെയിംസ് ഉപയോഗിക്കാനോ) സംവിധായകന്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു ‘ജമ്പ്’ ഫീല്‍ ചെയ്യുന്നു. (ഒരു ഉദാഹരണം പറയാം. ശ്രുതി മേനോന്റെ കഥാപത്രം സിനിമയില്‍ വന്ന് അടുപ്പിച്ചുള്ള മൂന്നാമത്തെ സീനില്‍ അവരുടെ അമ്മയോട് പറയുന്നു.” അമ്മ ടെന്‍ഷന്‍ അടിക്കണ്ട, ഞാന്‍ വന്നിട്ട് രണ്ടു മാസമല്ലേ ആയുള്ളു” എന്ന്. ഈ രണ്ടു മാസത്തെ ദൈര്‍ഘ്യം കാണിക്കാന്‍/പറയാന്‍ സംവിധായകന്‍ ശ്രമിക്കാത്തത് പ്രേക്ഷകനു കണ്‍ഫ്യ്യൂഷനുണ്ടാക്കുന്നു)

ടി ഡി ദാസന്‍ ഒരു പുതിയ സംവിധായകന്റെ ആദ്യ സിനിമയാണ്. അതുകൊണ്ട് തന്നെ കൈകുറ്റപ്പാടുകള്‍ അനേകമായുണ്ട്. അത് പക്ഷെ പൊറുക്കാവുന്നതാണ് (25 വര്‍ഷമായി അമ്പതോളം സിനിമകള്‍ ചെയ്തിട്ടും ഇനിയും നല്ലൊരു സിനിമ ക്രെഡിറ്റിലില്ലാത്ത സ്റ്റാര്‍ ഡയറക്റ്റേഴ്സ്, 20 വര്‍ഷം കഴിയുമ്പോള്‍ ന്യൂമറോളജി പ്രകാരം പേരിന്റെ സ്പെല്ലിങ്ങ് മാറ്റുന്നവര്‍, കഴിഞ്ഞ 10 വര്‍ഷമായി അച്ചിലിട്ട് വാര്‍ത്ത ഒരേ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതുന്നവരും അതിനു വേഷം കെട്ടുന്ന സൂപ്പര്‍ സ്റ്റാര്‍സുമുള്ള ഈ മലയാള സിനിമയില്‍ പുതു സംവിധായകന്റെ ആദ്യ സിനിമയുടെ പോരായ്മകള്‍ ഒരു വിഷയമേ അല്ല എന്നുള്ളതാണ് സത്യം) എങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കാതെ, ഇടക്ക് നന്മയുടെ രൂപങ്ങളെ മുന്നില്‍ കണ്ട് കണ്ണീരിന്റെ ഉറവയെ ഉണര്‍ത്തിയും, ശാന്തമായും സ്വച്ഛന്ദമായും ടി ഡി ദാസന്‍ കണ്ട് പുറത്തിറങ്ങുമ്പോള്‍ ഏറെക്കാലത്തിനു ശേഷം സംതൃപ്തി തന്ന ഒരു മലയാള സിനിമയാണിതെന്ന് മനസ്സ് ഉറപ്പിച്ചു പറയുന്നു.

തികഞ്ഞ കാഴ്ച്ചപ്പാടുകളുള്ള ഒരു സംവിധാ‍യകന്റെ സിനിമയാണ് ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി. നന്മയും സ്നേഹവും അടിയൊഴുക്കായുള്ള, സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ക്ക് കണ്ണടക്കാതെ പ്രധാന കഥക്കൊപ്പം എന്നാല്‍ തെല്ലും അലോസരപ്പെടൂത്താതെ അതിനെ വിമര്‍ശികാനുള്ള ഔചിത്യവും, കഥയുടെ ‘ധാരാളിത്ത’ത്തിനു വേണ്ടിയും കൊമേഴ്സ്യലിസത്തിനുവേണ്ടിയും പാട്ടുകളും ആട്ടവും കുത്തിനിറക്കാതെ, കോമാളിത്താരങ്ങളെ വേഷം കെട്ടിച്ചിറക്കാതെ ഏതൊരു കേരള ഗ്രാമീണന്റെ ജീവിതത്തില്‍ നിന്ന് ഒരേട് ചീന്തിയെടുത്തതാണ് ടി. ഡി. ദാസന്‍.

പിന്‍ കുറിപ്പ് : പഴയൊരു മലയാള സിനിമാപരസ്യത്തിലെ വാചകം കടമെടുത്തു പറഞ്ഞാല്‍ ‘ ഈ സിനിമ കണ്ടില്ല്ലെങ്കില്‍ മലയാളത്തില്‍ 2010 ഇതുവരെ ഇറങ്ങിയ നല്ലൊരു സിനിമ നിങ്ങള്‍ കണ്ടിട്ടില്ല’

Friday, April 9, 2010

ജനകന്‍ - സിനിമ-പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍
ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ ഒരു പരാമര്‍ശത്തില്‍ നിന്നാണ് എന്‍ എസ് സ്വാമി ഈ തിരനാടകം രചിച്ചിരിക്കുന്നത് എന്ന് വ്യക്തം. അല്ലാതെ നല്ലൊരു കഥയില്‍ നിന്നല്ല. കോടതിയുടെ ആ പരാമര്‍ശം കൌതുകകരമാണെന്നതില്‍ സംശയമില്ല. ആ ഒരു കൌതുകവും ആശ്ചര്യവുമാണ് അതിനെ ചുറ്റിപ്പറ്റി കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിനെ കേരളത്തിലെ പെണ്‍ വാണിഭത്തിന്റെ അന്തരീഷവും സിനിമാ ഹീറോയിസവും ചേര്‍ത്ത് മലയാളി പ്രേക്ഷകന്റെ മുന്നില്‍ വിളമ്പിയത്.

ജനകന്‍ എന്ന സിനിമയില്‍ സംവിധായകന്‍ ഒഴിച്ച് ബാക്കി എല്ലാവരും മലയാള സിനിമയില്‍ ‘തയക്കവും പയക്കവും’ വന്ന പുലി ജന്മങ്ങള്‍. എന്നാല്‍ ഒരു പുതുമുഖ സംവിധായകന്‍ എന്നതുകൊണ്ട് സംവിധായകനോട് തോളില്‍ തട്ടി ‘പോട്ടെ മോനെ, സാരല്യ. അടുത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ മതി’ എന്നു പറയാം. പക്ഷെ, ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായും അതിനൊപ്പവും ഈ രംഗത്തുനില്‍ക്കുന്ന എസ് എന്‍ സ്വാമി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സജ്ജീവ് ശങ്കര്‍, രാജാമണി എന്നിവരെ എന്തു പറയും? സംശയമില്ല പ്രേക്ഷകന്റെ മുന്നില്‍ ഇവരെകിട്ടിയാല്‍ നാലുവരി കൊടുങ്ങല്ലൂര്‍ പൂരപ്പാട്ട് പാടി കേള്‍പ്പിക്കണം.

കുറച്ചു നാള്‍ മുന്‍പ് റിലീസായ വൈരം എന്ന സിനിമയുടെ കഥ തന്തുവായി സാമ്യമുള്ള ജനകന്‍ കഥാ പാത്രങ്ങളും ഡയലോഗുകളും മാത്രമുള്ള സിനിമയാണ്. കഥാപാത്രങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ടോ ഇന്‍ഡ്രൊഡ്ക്ഷനോ ഇല്ല. കഥാപാത്രങ്ങള്‍ നേരെയങ്ങ് നമ്മുടെ മുന്നില്‍ വന്നു വീഴുകയാണ്. മലയാളത്തില്‍ ഈയടുത്തകാലത്ത് ഇതാദ്യമായാവും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലാത്ത ഒരു സിനിമ. ഉള്ളവരില്‍ തന്നെ ജ്യോതിര്‍ മയി അവതരിപ്പിക്കുന്ന ഡോക്ടര്‍ക്ക് മാത്രമാണ് അല്പം പ്രാധാന്യം. പക്ഷെ അവര്‍ക്കും യാതൊരു പശ്ചാത്തലവുമില്ല. ഇത്രയും വര്‍ഷം തിരക്കഥയെഴുതിയിട്ടൂം കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെകുറിച്ചോ, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, അതിന്റെ ന്യായീകരണങ്ങള്‍, സംഭവങ്ങളോടൊപ്പം നില്‍ക്കുന്ന പശ്ചാത്തല വിശദീകരണങ്ങള്‍ ഒന്നും ഈ സിനിമയില്‍ വരാത്തത് തിരക്കഥാകൃത്തിന്റെ അജ്ഞതയോ വിട്ടുപോയതോ?

സിനിമയുടെ ടൈറ്റില്‍ സീന്‍ കാണുമ്പോഴേ മിനിമം ബോധമുള്ള ഒരു പ്രേക്ഷകനു ഈ സിനിമയുടെ ഭാവി മണക്കും. അത്രമാത്രം ഉദാസീനമായാണ് ഈ ത്രില്ലര്‍(?) സിനിമ തുടങ്ങുന്നത് . അതും പഴകിപഴകി ദ്രവിച്ച് അളുത്തുപോയ ‘കറുപ്പില്‍ വെളുത്ത അക്ഷരങ്ങളും അവക്കിടയില്‍ ചുവന്ന വരയുമായി.‘ പാണ്ടിപ്പടമെന്നു നമ്മള്‍ കളിയാക്കുന്ന തമിഴ് പടങ്ങളെങ്കിലും ഈ പുങ്കവന്മാ‍ര്‍ കാണുന്നില്ലേ എന്ന് പ്രേക്ഷകന്‍ സംശയിച്ചാല്‍ തെറ്റില്ല.

സജ്ജീവ് ശങ്കര്‍ മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ കാമറാമാനാണ്. ഒരു തുടക്കക്കാരന്റെ സിനിമയില്‍ പലപ്പോഴും അയാളെ സഹായിക്കാനെത്തുക കാമറാമാനാണ് ( പരിചയ സമ്പന്നന്നനും കഴിവുമുള്ള ഒരു അസോസിയേറ്റ് ഡയറക്റ്ററും , കാമറാമാനും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു സിനിമ സംവിധാനം ചെയ്യാം, പക്ഷെ ഒരെണ്ണം മാത്രം, പിന്നീടങ്ങോട്ട് ചെയ്യണമെങ്കില്‍ തലക്കകത്ത് ആള്‍താമസം വേണം. ഉദാ: വിനയന്‍, ജോണി ആന്റണി) ഈ സിനിമയിലെ പല ദൃശ്യങ്ങളും പ്രത്യേകിച്ച് മിഡ് ഷോട്ട് & ലോങ്ങ് ഷോട്ടുകള്‍ ‘ഔട്ട്’ ആയി കാണാം. മോഹന്‍ലാലിന്റെ വീട്ടിലെ ഒരു ഇന്റീരിയര്‍ ഷോട്ടുണ്ട്, സുരേഷ് ഗോപിയും മോഹന്‍ലാലും ജ്യോതിര്‍മയിയും ബിജുമേനോനും എല്ലാവരും ചേര്‍ന്നുള്ള ഒരു കോമ്പാക്റ്റ് ഷോട്ട്. മോഹന്‍ലാല്‍ കാമറക്ക് തൊട്ടുമുന്നിലും മറ്റുള്ളവര്‍ പുറകിലുമായി ഫോക്കസ് പാന്‍ ഉപയോഗിച്ചെടുത്ത ആ ഷോട്ടില്‍ എല്ലാവരും ബ്ലര്‍ഡ് (ഔട്ട്) ആയി തന്നെ കാണുന്നു. ചിത്രീകരണ സമയത്തോ എഡിറ്റിങ്ങ് ടേബിളിലോ എന്തിനു പ്രിവ്യുവില്‍ പോലും ശ്രദ്ധിക്കാത്ത ആ ഷോട്ട് പ്രേക്ഷകനു നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇതുപോലെയും ഇതിനോടിണങ്ങും വിധവും നിരവധി ഫ്രെയിമുകള്‍ ഈ സിനിമയിലുണ്ട്. പുതുമുഖ സംവിധായകന്‍ എന്ന ഡിസ്കൌണ്ട് കൊടുത്താലും കാമറാമന്റെ പരിചയസമ്പത്തിനെ നമ്മളെന്തുവിളിക്കും?

രാജാമണി എന്ന പശ്ചാത്തല സംഗീത സംവിധായകന്‍ കുറേനാള്‍ എനിഗ്മ, മറ്റു വെസ്റ്റേണ്‍ ആല്‍ബങ്ങള്‍ എന്നിവയില്‍ നിന്നുമായി ‘പ്രചോദനം’ ഉള്‍ക്കൊണ്ട് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് (ഉദാ: ദി ട്രൂത്ത്, ദി കിംഗ്) പ്രേക്ഷകര്‍ വെസ്റ്റേണ്‍ മ്യൂസിക് കേള്‍ക്കുന്നില്ല എന്നൊരു തെറ്റിദ്ധാരണയാവണം അദ്ദേഹത്തിന്. ഈ ചിത്രത്തിലും തന്റെ പതിവു സിനിമകളിലെപോലെ ശബ്ദബാ‍ഹുല്യം ഉപയോഗിച്ചിട്ടുണ്ട്. കണ്ണടച്ച് ബാഗ്രൌണ്ട് സ്കോര്‍ കേട്ടാല്‍ പണ്ട് കൊടമ്പാക്കത്തു നിന്നു നിര്‍മ്മിച്ചു വരുന്ന തുണ്ട് (സെക്സ്) പടങ്ങളുടെ നിലവാരമുണ്ട്.

തുടക്കം മുതല്‍ വിരസമായി നീങ്ങുന്ന ജനകനില്‍ പ്രേക്ഷകന്‍ കയ്യടിക്കുന്നതു ഒരേയൊരു സീനിലാണ്,. ഇന്റര്‍വെല്‍ പഞ്ചില്‍. പിന്നീടും ഈ സിനിമ വിരസമായി നീങ്ങുന്നു. യാതൊരു ബഹളങ്ങളുമില്ലാതെ അവസാനിക്കുന്നു.

ജനകന്റെ കഥ ഒരുപാട് റിവ്യൂകളില്‍ വന്നതുകൊണ്ട് ഞാനിവിടെ വിവരിക്കുന്നില്ല. പക്ഷെ, ഇതിന്റെ റിവ്യുവോ ഷൂട്ടിങ്ങ് റിപ്പോര്‍ട്ടോ വായിക്കാതെ ഈ സിനിമ കാണാനെത്തുന്ന പ്രേക്ഷകന്‍ ഇതിലെ കഥാപാത്രങ്ങളേയോ അവരുടെ ഗരിമയോ ബന്ധമോ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടും എന്നാണെന്റെ നിഗമനം. കാരണം അതിനുള്ള വിവരണമോ, ഇന്‍ഡ്രൊഡ്യുസ് സീനോ സംവിധായകന്‍ കാണിക്കുന്നില്ല. തികച്ചും ഈ സിനിമ സംവിധായകന്റെ പരാജയമാണ്. എഴുതിപൂര്‍ത്തിയാക്കിയ ഒരു സ്ക്രിപ്റ്റും(അങ്ങിനെയാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്) രണ്ടു സൂപ്പര്‍ താരങ്ങളും ഉണ്ടായിട്ടും ഒരു ശരാശരി കൊമേഴ്സ്യല്‍ ചിത്രമൊരുക്കാന്‍ ഈ സംവിധായകനു കഴിഞ്ഞിട്ടീല്ല, മാത്രമല്ല, സീനുകളുടെ ഡിലേ, ഷോട്ടൂകളുടെ പഴമ (അഡ്വ. സൂര്യനാരയണന്‍ എന്ന പ്രശസ്തനായ ക്രിമിനല്‍ വക്കീലിനെ -മോഹന്‍ലാല്‍ അഭിനയിക്കുന്നു- ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്ന സീന്‍ ഉദാഹരണം. വീട്ടുപടിക്കലെ അഡ്വക്കേറ്റിന്റെ നെയിം ബോര്‍ഡ് ക്ലോസപ്പില്‍ കാണിക്കുന്നു -ടു - വീട്ടിനകത്ത് മോഹന്‍ലാല്‍ ഇരിക്കുന്ന ക്രെയിന്‍ ഷോട്ട്. തീര്‍ന്നു. )

സൂര്യനാരായണനായി മോഹന്‍ലാല്‍ അനായാസം ആടി തീര്‍ക്കുന്നു. അദ്ദേഹത്തിന്റെ റേഞ്ച് അളക്കുന്ന കഥാപാത്രമല്ലെങ്കിലും. സുരേഷ് ഗോപിയെന്ന നടന്‍(?) ഇനിയും താന്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടാക്കിയാല്‍ കൊള്ളാം. പ്രൊഫഷണല്‍ നാടകങ്ങളിലെ ഭാവാഭിനയവുമായി ക്ലോസ് അപ് ഷോട്ടുകളില്‍ പോലും വരുന്നതാണ് അഭിനയം എന്ന് അദ്ദേഹവും സിനിമാ പ്രവര്‍ത്തകരും ധരിച്ചുവെച്ചിട്ടുണ്ടേങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു!

കൂടുതല്‍ പറയാനില്ല, മൈനസ് പോയന്റുകള്‍ പറയണമെങ്കില്‍ മിനിമം രണ്ടു പോസ്റ്റെങ്കിലും വേണം. പെണ്‍ വാണിഭവും, അച്ഛന്റെ ദു:ഖവും,മകളുടെ മരണവും, സമൂഹ മനസ്സാക്ഷിയും, നീതി നിഷേധവും, ഉപദേശവുമെല്ലാം ഇഷ്ടപെടുന്ന പ്രേക്ഷകരുണ്ടെങ്കില്‍ ചിലപ്പോള്‍ ജനകന്‍ ഇഷ്ടപ്പെടും അതല്ലാ എന്നുള്ളവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നായകന്‍‘ കാണുക. കാരണം, ആരുടെയും ദീര്‍ഘകാല അസിസ്റ്റന്റാകാതെ, പരിമിതമായ ബഡ്ജറ്റില്‍, പോപ്പുലര്‍ താരങ്ങളില്ലാതെ എങ്ങിനെ ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാം എന്ന് ആ പുതുമുഖ സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. സ്റ്റാര്‍ ഡയറക്ടര്‍മാര്‍ എന്ന് വിശേഷിക്കപ്പെടൂന്ന ജോഷിയേക്കാളും ഷാജികൈലാസിനേക്കാളും ഒരു പാട് ഒരുപാട് മുകളില്‍...

പിന്‍ കുറിപ്പ് : സജ്ജീവ് എന്ന ഡയറക്ടര്‍ കുറച്ചു കാലം കൂടി അസോസിയേറ്റ് ഡയറക്ടര്‍ ആയി നില്‍കുന്നതാകും അദ്ദേഹത്തിനും മലയാള സിനിമക്കും നല്ലത്.

Sunday, March 28, 2010

‘കുറസോവ‘യുടെ പ്രമാണി!

.
ഒരുപാട് വര്‍ഷങ്ങള്‍ സിനിമാ നിരൂപകനായിരിക്കുകയും, പിന്നീട് ജലമര്‍മ്മരം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവെങ്കിലും ശിവം, കവര്‍ സ്റ്റോറി, ദി ടൈഗര്‍ തുടങ്ങിയ കമേഴ്സ്യല്‍ ചിത്രങ്ങളിലൂടേ മലയാള സിനിമയിയുടെ മുഖ്യധാരയില്‍ ചുവടുറപ്പിക്കുകയും 'സ്മാര്‍ട്ട് സിറ്റി' എന്ന ചിത്രത്തിലൂടെ തിരക്കഥക്കു പുറമേ സ്വതന്ത്ര സംവിധായകനാവുകയും ചെയ്ത എക്സ് ജേര്‍ണ്ണലിസ്റ്റ് - എക്സ് സിനിമാ നിരൂപകന്‍ - തിരക്കഥാകൃത്ത് - സംവിധായകനാണ് ഉണ്ണികൃഷ്ണന്‍. ബി.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റില്‍ വിജി തമ്പിയുടെ സംവിധാനത്തില്‍ സമ്പ്രേഷണം ചെയ്ത ബ്ലാക്ക് & വൈറ്റ് എന്ന ആക്ഷന്‍/പോലീസ് സീരിയലിന്റെ തിരക്കഥാകൃത്തായിരുന്നു ബി ഉണ്ണിക്രഷ്ണന്‍. അമൃത ടി വി ടെലികാസ്റ്റ് ചെയ്ത ‘അന്നും മഴയായിരുന്നു’ എന്ന ടെലിസിനിമയുടെ തിരക്കഥകൃത്തും സംവിധായകനും കൂടിയായിരുന്നു എന്നറിയുമ്പോഴാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ/സിനിമാക്കാരന്റെ പശ്ചാത്തലം എത്രമാത്രം സമ്പുഷ്ടവും ക്രിയേറ്റീവ് ആയിരുന്നുവെന്നും നമ്മള്‍ മനസ്സിലാക്കുന്നത്.

ലോക ക്ലാസിക് സിനിമളുടെ നല്ലൊരു ആസ്വാദകനും നല്ലൊരു നിരൂപകനും അപസര്‍പ്പക കഥകളുടെ ഇഷ്ടക്കാരനും, സമകാലീന രാഷ്ടീയ-സാമൂഹ്യ-സാംസ്ക്കാരിക മാറ്റങ്ങളെ മനസ്സിലാക്കുകയും, ഉള്‍ക്കൊള്ളൂന്നയാളുമായ ഉണ്ണികൃഷണന്‍ പക്ഷെ മുഖ്യധാരാസിനിമയുടെ കുത്തൊഴുക്കിനൊപ്പം ഒഴുകിപോകുന്നത് തന്റെ സ്മാര്‍ട്ട് സിറ്റി സിനിമ മുതലേ കാണാവുന്നതാണ്. സ്മാര്‍ട്ട് സിറ്റി വലിയ വിജയമായിരുന്നില്ലെങ്കിലും അതിലൂടെ ഉണ്ണികൃഷണന്‍ കാണിച്ച പുതുമയും കഴിവും മുഖ്യധാരയില്‍ പരാമര്‍ശിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതുമായിരുന്നു. മുരളി എന്ന നടന്റെ ശേഖരേട്ടന്‍ എന്ന കഥാപാത്രത്തിന്റെ അപ്പിയറന്‍സും കോസ്റ്റൂസും, തിരക്കഥയുടെ ഘടനയും, സുരേഷ് ഗോപി എന്ന കഥാപാത്രത്തിന്റെ ഇന്‍ഡ്രൊഡ്യൂസ് സീനും വളരെ വിത്യസ്ഥമായിരുന്നു. നിലവില്‍ പൊളിറ്റിക്കല്‍-ആക്ഷന്‍-ഫാമിലി ഡ്രാമ ചെയ്തിരുന്ന ഷാജി കൈലാസ്, ജോഷി ചിത്രങ്ങളുടെ സ്ഥിരം വാര്‍പ്പു മാതൃകളില്‍ നിന്നും തികച്ചും വ്യത്യസ്ഥവും പുതുമയുമുള്ളതായിരുന്നു സ്മാര്‍ട്ട് സിറ്റി, പക്ഷെ ആ ചിത്രത്തിന്റെ പരാജയം ഈ സംവിധായകന്റെ മുഖ്യധാരയില്‍ ഇനിയൊരു പരീക്ഷണത്തിനോ മാറ്റത്തിനോ തുനിഞ്ഞിറങ്ങേണ്ട എന്നു തീരുമാനിച്ചുവോ ആവോ?! അതിനുശേഷം വന്ന മാടമ്പി അത്രയൊന്നും അവകാശപെടാനില്ലാത്ത ഒരു ചിത്രമായിരുന്നു. (ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തു എന്നു പറഞ്ഞപോലെ മാടമ്പി സൂപ്പര്‍ഹിറ്റാവുകയായിരുന്നു) എങ്കിലും മാടമ്പിയില്‍ കെപി എസിയുടെ അമ്മയും മോഹന്‍ലാലിന്റെ മകനും മലയാള സിനിമയിലെ സ്ഥിരം അമ്മ-മകന്‍ ബന്ധത്തില്‍ നിന്നും എതിര്‍ നില്‍ക്കുന്നതായിരുന്നു. ‘മോനേ...ഉണ്ണീ....ന്റെ കുട്ടാ..’ എന്നുള്ള അമ്മ വിളികള്‍ക്കു പകരം, അമ്മയെക്കൊണ്ട് മകനെ ‘കഴുവേര്‍ടെ മോനേ...” എന്നുവിളിപ്പിക്കാനുള്ള ചങ്കുറപ്പ് കാട്ടുകയും ചെയ്തു ഉണ്ണികൃഷ്ണന്‍. പേരക്കിടാവിന്റെ പ്രായമുള്ള നായികയെ സൂപ്പര്‍ താരത്തിന്റെ ചുറ്റും വട്ടം ചുറ്റിപ്പിക്കുമ്പോള്‍ പക്ഷെ, മാടമ്പിയില്‍ നായകന്‍ -നായികാ പ്രണയത്തെ ദൃശ്യവല്‍ക്കരിക്കാതിരിക്കാനുമുള്ള വിവേകവും കാണിച്ചു. പക്ഷെ അതിനുശേഷം വന്ന ഐ ജി എന്ന പോലീസ് സ്റ്റോറി ബി. ഉണ്ണികൃഷ്ണനെ മുഖ്യധാരയില്‍ പണം കൊണ്ടും പടം കൊണ്ടും എന്നും സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ഒരു ‘നമ്പരാ’യി ബെഞ്ചു മാര്‍ക്ക് ചെയ്യുന്നു. പോക്കറ്റ് കാലിയായ ഒരു പ്രൊഡ്യൂസറെക്കൊണ്ട് നിശ്ചിതസമയത്തിനുള്ളില്‍ തട്ടിക്കുട്ടിയെടുത്ത ഒരു തട്ടിക്കൂട്ട് ചിത്രമായിരുന്നു ഐ.ജി. തിരക്കഥയും സംവിധാനവും ഒരുമിച്ചുകൊണ്ടുപോകുമ്പോള്‍ ഏതൊരു സംവിധായകനു/തിരക്കഥാകൃത്തിനു സംഭവിക്കുന്നതു ഉണ്ണികൃഷ്ണനും സംഭവിച്ചു. മാത്രമല്ല ‘എ വെന്‍സ് ഡേ’ എന്ന ചിത്രത്തിലെ രംഗങ്ങളും പശ്ചാത്തലവും ഉളുപ്പില്ലാതെ കോപ്പിയടിക്കുകയും ചെയ്തു. എങ്കിലും ക്ലൈമാക്സില്‍ ചെയ്ത പ്രവചനാതീതമായ ടിസ്റ്റ് ആ സിനിമയെ തെല്ലൊന്നു രക്ഷിച്ചു എന്നു വേണം പറയാന്‍.

സ്മാര്‍ട്ട് സിറ്റി മുതല്‍ ഐജി വരെ വിശകലനം ചെയ്യുമ്പോള്‍ ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഗ്രാഫില്‍ ഒട്ടും ഉയര്‍ച്ചയുണ്ടായിട്ടില്ല എന്നു മാത്രമല്ല, സംവിധാനത്തില്‍ താന്‍ അത്രകണ്ട് കേമനുമല്ല എന്നു തെളിയിക്കാനുമായി. എങ്കിലും ഭദ്രവും ചടുലവും ഒതുക്കവുമുള്ള തിരക്കഥയുടെ സൃഷ്ടി തനിക്ക് എളുപ്പം വഴങ്ങുമെന്ന് ഉണ്ണികൃഷ്ണനു തെളിയിക്കാനായി. (പുതുമയും വ്യത്യസ്ഥവുമല്ല )

ഇതൊക്കെയാണെങ്കിലും തികച്ചും പുതുമയുള്ള ഒരു കഥയും, ഫ്രെഷ്നസ്സ് അനുഭവപ്പെടേണ്ട പശ്ചാത്തലവും കണ്ടു മടുത്ത അവതരണത്തില്‍ നിന്ന്‍ തികച്ചും അകന്നു മാറിയുള്ള ട്രീറ്റ് മെന്റും വേണം ഒരു സിനിമയെ പ്രേക്ഷകന്റെ ഇഷ്ടത്തിലേക്ക് അടുപ്പിക്കുവാനും സാമ്പത്തികമായി വിജയിപ്പിക്കാനും എന്ന ലളിതമായ സത്യം ഉണ്ണികൃഷ്ണനും മറന്നിരിക്കുന്നു എന്നു വേണം ‘പ്രമാണി‘ എന്ന തന്റെ പുതിയ ചിത്രം കാണുമ്പോള്‍ മനസ്സിലാവുന്നത്.

താഴെ കീഴ്പ്പാടം പഞ്ചായത്തിന്റെ അഴിമതിക്കാരനായ പ്രസിഡണ്ട് വിശ്വനാഥപണിക്കരുടെ പഞ്ചായത്തിലെ അഴിമതിയും തന്നിഷ്ടമായ ജീവിതവുമാണ് കഥാ പശ്ചാത്തലം. മമ്മൂട്ടിയുടെ പണിക്കര്‍ക്ക് അച്ഛനുമമ്മയോ കുടുംബക്കാരോ ആരുമില്ലെങ്കിലും അമ്മാവനും അമ്മായിയും കൂടപ്പിറപ്പുകളുമുണ്ട്. (നായകന്‍ അനാഥനോ മറ്റോ ആകുമ്പോഴാണല്ലോ ഹീറോയിസത്തിനു സകല സാദ്ധ്യതകളും!) സകല കൊള്ളരുതായ്മകളുമായി നടക്കുന്ന ആളാണെങ്കിലും സുഹൃത്ത് വര്‍ക്കിച്ചന്റെ വീട്ടിലും വര്‍ക്കിച്ചന്റെ അമ്മയുടെ അടുത്തുമെത്തുമ്പോള്‍ പണിക്കര്‍ നല്ലവനാകും (അഭിനയിച്ചത് യഥാക്രമം : പ്രഭുവും ലക്ഷ്മിയും) പണിക്കരുടെ ഈ അഴിമതി ഭരണത്തിലും ദുര്‍നടപ്പിനിടയിലുമാണ് വര്‍ക്കിച്ചന്റെ മകന്‍ ബോബി (ഫഹദ് ഫാസില്‍) പഞ്ചായത്ത് സെക്രട്ടറി ജാനകിയും(സ്നേഹ) താഴെ കീഴ്പാടത്തില്‍ സല്‍ഭരണത്തിനും പണിക്കരുടെ അഹമ്മതിക്കു അറുതിവരുത്തുവാനും ശ്രമിക്കുന്നത്. തുടര്‍ന്നങ്ങോട്ട് പ്രേക്ഷകനു ഊഹിക്കാനും, പ്രവചിക്കാന്‍ കഴിയുന്ന ട്വിസ്റ്റു(?)കളുമായി ചിത്രം പുരോഗമിക്കുന്നു. മറ്റു മലയാള സിനിമളെന്ന പോലെ, ഉണ്ണികൃഷ്ണന്റെ തന്നെ മാടമ്പിയിലെന്നപോലെ നായകനെ തെറ്റിദ്ധരിക്കുകയും ഒടുക്കം തെറ്റിദ്ധാരണമാറുകയും (മാറണമല്ലോ!) എല്ലാം കലങ്ങിതെളിഞ്ഞ് പണിക്കര്‍ ഒരു പഞ്ചപ്പാവം നന്മ നിറഞ്ഞ പണിക്കരുകുട്ടിയാണെന്നു പ്രസ്താവിക്കുകയും പഞ്ചായത്തിലെ ജനങ്ങള്‍ കയ്യടിച്ച് അത് സ്വീകരിക്കുന്നതോടെ പ്രേക്ഷകന്‍ ‘എക്സിറ്റ്’ എന്നെഴുതിയ വാതിലിനു നേരേക്ക് ഓടുന്നു.

കണ്ടു മടുത്ത മലയാള സിനിമയില്‍ നിന്ന് പ്രത്യേകിച്ചൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം ഇടക്കിടെ ചില ചെറിയ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും കൌണ്ടര്‍ ഡയലോഗുകളുടെ ധാരാളിത്തത്തിലും ഹീറോയിസത്തിന്റെ തിളക്കത്തിലും അതെല്ലാം മുങ്ങിപ്പോകുന്നു. സമകാലിക രാഷ്ട്രീയത്തേയും പ്രത്യേകിച്ച് നിലവിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തേയും പാര്‍ട്ടിയേയുമെല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ (ഇതേ സംവിധായകന്റെ നേതൃത്വത്തിലല്ലേ സിനിമാ സാങ്കേതിക വിദഗ്ദരേ വിളിച്ചു കൂട്ടീ മാര്‍ച്ച് ചെയ്യിച്ച് പിണറായി വിജയന്റെ കാല്‍ക്കീഴില്‍ ഒരിക്കല്‍ ‘അഭയം തരണേ’ എന്നു വിളിച്ച് സാഷ്ടാങ്കം മുട്ടുകുത്തിച്ചത് എന്നാരും ചോദിക്കല്ല്!)

ഏതൊരു സിനിമാ നിരൂപകനും പിന്നീട് സിനിമാ മാധ്യമത്തിന്റെ ഉള്ളിലേക്ക് /സിനിമാ പ്രവര്‍ത്തകനായി വരുമ്പോഴാണ് മുന്‍പ് താന്‍ തന്നെ പറഞ്ഞ കാര്യങ്ങളെ വിഴുങ്ങേണ്ടി വരികയും തകിടം മറിയേണ്ടി വരുന്നതും (മറ്റൊരു ഉദാഹരണം - വിജയകൃഷ്ണന്‍) ഉണ്ണികൃഷ്ണനും പറ്റിയതും പറ്റുന്നതും മറ്റൊന്നുമല്ല. ജലമര്‍മ്മരം എന്ന തന്റെ സിനിമ മുതല്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന ഈ ‘ഡയലോഗ് സിംഹം’ (അഹങ്കാരിയെന്ന് അണിയറക്കാര്‍) മലയാള സിനിമയെ വിമര്‍ശിച്ചും, പുതുമകളെ പരീക്ഷിച്ച് തിരക്കഥകളെഴുതിയും നീണ്ട വര്‍ഷങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ മുഖ്യധാരാ സിനിമയുടെ കെട്ടുപാടുകളെ , ചിട്ടവട്ടങ്ങളെ പുല്‍കാതെ, പുണരാതെ, അനുഗമിക്കാതെ കാത്തിരുന്നാല്‍ തനിക്ക് മലയാള സിനിമയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാനാവില്ലെന്ന് മനസ്സില്ലാക്കികൊണ്ടാണ് ഇപ്പോള്‍ ഈ ഒഴുക്കിനൊപ്പം നീന്തുന്നത്. ( മലയാള സിനിമയില്‍ സമൂലമായ ഒരു മാറ്റം പെട്ടെന്ന് ഉണ്ടാക്കാനാവില്ലെന്നും ചെറിയ ചെറിയ സംരംഭങ്ങളിലൂടെയോ മാറ്റങ്ങളിലൂടെ അതു സാധ്യമാകൂ അല്ലെങ്കില്‍ പ്രേക്ഷക നിരാസമുണ്ടാകുമെന്നും മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ മാസികയില്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു - ഓര്‍മ്മയില്‍ നിന്നെഴുതിയത്- )

എന്തായാലും ബി. ഉണ്ണികൃഷ്ണന്‍ എന്ന മലയാളത്തില്‍ പുതുതായി അവരോധിക്കപ്പെട്ട ‘അക്കിരാ കുറസോവ‘ തന്റെ പ്രസ്ഥാവനകളില്‍ മാത്രമാണ് തിളങ്ങുന്നതെന്ന് പ്രേക്ഷകനു മനസ്സിലാവാന്‍ ഈ ‘പ്രമാണി’ എന്നൊരു ചിത്രം മാത്രം മതി. പ്രസ്ഥാവനകളും ഗീര്‍വാണങ്ങളുമല്ല കലാകാരന്റെ കലാസൃഷ്ടിയാണ് കാലത്തെ അതിജീവിക്കുക എന്ന സത്യം എന്നാണാവോ ബി. ഉണ്ണികൃഷ്ണനൊക്കെ മനസ്സിലാവുക?!

Sunday, January 17, 2010

ഹാപ്പി ഹസ്ബെന്‍ഡ്സ്! അണ്‍ഹാപ്പി പ്രേക്ഷകന്‍!!
മറ്റു ഭാഷകളില്‍ ടി വി സീരിയല്‍ രംഗത്ത് നിന്ന് ഒരുപാട് പേര്‍ സിനിമയിലേക്ക് വന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ അങ്ങിനെ ഒരു തരംഗം ഉണ്ടായിട്ടില്ല. മലയാളത്തില്‍ ഇപ്പോഴും സിനിമ എ ഗ്രേഡും സീരിയല്‍ ബി ഗ്രേഡുമാണ്. അതുകൊണ്ടാവാം സീരിയല്‍ രംഗത്ത് നിന്ന് നല്ല സംവിധായകരോ മറ്റു ടെക്നീഷ്യന്മാരോ മുഖ്യധാരാ മലയാള സിനിമയിലേക്ക് കടന്നു വരാത്തത്. (ശ്യാമപ്രസാദ്, അഴകപ്പന്‍ എന്നിവരെ മറക്കുന്നില്ല) വന്നവര്‍ അധികം വിജയം കൊയ്തിട്ടുമില്ല. പക്ഷെ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമാ വിജയത്തിലൂടെ മുന്‍ സീരിയല്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ മലയാള മുഖ്യാധാരാ സിനിമയില്‍ ഇടം പിടിച്ചു, കോമഡി-ഫാമിലി-മെലോഡ്രാമയായിരുന്നു ഇവര്‍ വിവാഹിതരായാലിന്റെ അടിസ്ഥാനം.

തന്റെ പുതിയ സിനിമയായ ‘ഹാപ്പി ഹസ്ബെന്‍ഡ്സും’ ഇതേ ചേരുവയില്‍ തന്നെ വാര്‍ത്തെടൂത്തതാണ്. ഫാമിലി മെലോഡ്രാമയെ കോമഡിയുടെ മസാലപുരട്ടി ത്രൂ ഔട്ട് നോന്‍സെന്‍സ് സിറ്റുവേഷന്‍സ് - ഡയലോഗ് കൌണ്ടര്‍ കൊണ്ട് വറുത്തെടുത്തിരിക്കുന്നു. മുകുന്ദന്‍ മേനോന്‍, ജോണ്‍, രാഹുല്‍ എന്നീ കഥാപാത്രങ്ങളെ യഥാക്രമം ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ അവതരിപ്പിക്കുന്നു. ജയറാമിന്റെ ഭാര്യാവേഷം കൃഷ്ണേന്ദുവായി ഭാവനയും, ഇന്ദ്രജിത്തിന്റെ ഭാര്യാവേഷം ശ്രേയയുമായി സംവൃതാസുനിലും.ജയറാമിന്റെ ഓഫീസിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജയസൂര്യുയുടെ ജോണും അവന്റെ കാമുകിയായി വന്ദനയും അവര്‍ക്കിടയില്‍ വന്നെത്തുന്ന ഡയാന എന്ന ബാര്‍ ഡാന്‍സറായി റിമാ കല്ലിങ്കലും.

സിനിമയുടെ പേര്‍ കേള്‍ക്കുമ്പോഴേ പ്രവചിക്കാനാവുന്ന ചിത്രം തന്നെയാണ് ഇതും. പഴയ മലയാള സിനിമയിലെ സാജന്‍,ജോഷി, ശശികുമാര്‍ എന്നിവരുടേ ഫാമിലി ചിത്രങ്ങളുടെ പഴക്കം ചെന്ന കഥാതന്തുവും കഥാപാത്രങ്ങളും. സ്നേഹനിധിയായ ഭര്‍ത്താവും അയാളെ സംശയിക്കുന്ന ഭാര്യയും, ഫ്രോഡായ ഭര്‍ത്താവും അതറിയാതെ അയാളെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയും, യുവതിയുടെ പ്രേമാര്‍ഭ്യത്ഥനയില്‍ വീഴുന്ന പാവം സുന്ദരനായ മറ്റൊരു നായകനും. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ബാര്‍ ഡാന്‍സറായ സെക്സി ഗേളും. കുടുംബം താളം തെറ്റാന്‍ മറ്റെന്ത് വേണം? ഒടുവില്‍ ഭാര്യമാര്‍ പിണങ്ങുന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കെട്ടിപുണര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ രണ്ടര മണിക്കുറ് നീളുന്ന മലയാള സിനിമാ കോപ്രായം ശുഭപര്യവസാനിക്കുന്നു.

തമിഴിലെ ‘ചാര്‍ലി ചാപ്ലിന്‍ എന്ന കൊമേഴ്സ്യല്‍ സിനിമയുടെ ഇന്‍സ്പിറേഷന്‍ ആണീ സിനിമ എന്ന് പിന്നാമ്പുറക്കാര്‍ പറയുന്നു,. (ഹിന്ദിയിലെ ‘നോ എണ്ട്രി’ എന്ന സിനിമയും ഇതുതന്നെ)

സിനിമയുടെ ആദ്യ പകുതി പ്രേക്ഷകനെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയാണ് അല്പമെങ്കിലും കോമഡികള്‍ നിറഞ്ഞത്. കോമഡി സീനുകളില്‍ ജയറാം നന്നായി സ്കോര്‍ ചെയ്യുന്നുമുണ്ട്. അരമണിക്കൂറീലോ കൂടിവന്നാല്‍ ഒരു മണിക്കൂറിലോ പറഞ്ഞു തീര്‍ക്കാവുന്ന സിനിമ പക്ഷെ രണ്ടര മണിക്കൂറില്‍ വലിച്ചു നീട്ടുന്നുണ്ട്. അതിന് ചേര്‍ത്തെടുത്ത പല സീനുകളും സീരിയല്‍ നിലവാരത്തിന്റെ അത്രയുമേ ഉള്ളൂ (നായകരുടെ കള്ളി വെളിച്ചത്താവുന്നതിനു തൊട്ടുമുന്‍പുള്ള സീന്‍ നോക്കുക, കൃഷ്ണേന്ദു മലേഷ്യയില്‍ വെച്ച് തനിക്ക് കുളിക്കുന്നതിനു മുന്‍പ് ദേഹത്തു പുരട്ടാന്‍ കാച്ചെണ്ണ അന്വേഷിച്ച് ശ്രേയയുടേയും ജോണിന്റെ റൂമിലും ചെന്നെത്തുന്ന സീന്‍. അസഹനീയമാണത്)

സുരാജ് വെഞ്ഞാറമൂടിന്റെ പതിവു വളിപ്പുകള്‍ പ്രേക്ഷകനെ നന്നായിത്തന്നെ ബോറടിപ്പിക്കുന്നുണ്ട്. പഴകിപ്പഴകി തേഞ്ഞുപോയ പല മിമിക്രി തമാശകളും ചിത്രത്തില്‍ ധാരളമായുണ്ട്. സലിംകുമാറിന്റെ ഇരട്ട വേഷം, മണിയന്‍ പിള്ള രാജു, ഷാജു അങ്ങിനെ പലരും വന്നുപോകുന്നുണ്ട് ചിത്രത്തില്‍. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ചാനലിലെ സിനിമാലയും, രസികരാജയും തിയ്യറ്റര്‍ സ്ക്രീനില്‍ കണ്ട അവസ്ഥ!! അതാണീ ഹാപ്പി ഹസ്ബെന്‍ഡ്സ്.

ആന്തരാവയങ്ങള്‍ മുഴുവന്‍ പഴുത്ത്, അരക്കു താഴെ മുഴുവനും തളര്‍ന്ന് മുഖത്ത്മാത്രം പൌഡറും സ്പ്രേയും പൂശി നില്‍ക്കുന്ന ഒന്നാണ് മലയാള സിനിമ. മുഖം മാത്രം സുന്ദരം. ഊര്‍ദ്ധന്‍ വലിക്കുന്ന മലയാള സിനിമക്ക് അതിജീവനത്തിനു ചികിത്സിക്കേണ്ടതിനു പകരം, ചികിസ്തക്കു കൊടുക്കുന്ന മരുന്നുകളില്‍ വിഷം കലക്കുന്ന പ്രതീതിയാണ് ഇത്തരം സിനിമകള്‍ പടച്ചു വിടുന്നത്.

ഹിന്ദി സിനിമയും തമിഴ് സിനിമയും കുറച്ചു കാലം മുന്‍പ് വരെ ഗാന രംഗങ്ങളും (ചിലപ്പോള്‍ മുഴുവന്‍ സിനിമയും) വിദേശത്തായിരുന്നു ചിത്രീകരിച്ചിരുന്നത്. അന്നൊക്കെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും തമ്പടിച്ചിരിക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ ആ ഭാഷകള്‍ വിദേശത്തുനിന്നു തിരിച്ചെത്തി മലയാളിയുടെ ആതിരിപ്പിള്ളി വെള്ളച്ചാട്ടത്തിലും, കുമരകം കായലിലും, മൂന്നാറിലെ എസ്റ്റേറ്റിലും പീരുമേട്ടിലെ ഹൈറേഞ്ചിലും, വാഴച്ചാലിലെ കൊടുംകാട്ടിലും അവരുടെ സിനിമ ചിത്രീകരികുമ്പോള്‍ മലയാള സിനിമ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും കോലാലമ്പൂരിലേക്കും വിസ എടൂത്തിരിക്കുകയാണ് , പുതിയ സിനിമകള്‍ ചിത്രീകരിക്കാന്‍!

മലേഷ്യയിലെന്നല്ല ലോകത്തിന്റെ ഏതു സുന്ദര കോണില്‍ വെച്ചെടുത്താലും സൂരാജ് വെഞ്ഞാറമൂടീന്റെ തിരോന്തരം ഭാഷയും ജയസൂര്യയുടെ കൊച്ചി സ്ലാങ്ങും, സലിംകുമാറിന്റെ വിഡ്ഡിത്തവും മാറ്റപ്പെടാതെ ചിത്രീകരിക്കപ്പെടൂന്നുണ്ടോ? ഇതേ വളിപ്പുകള്‍ അവതരിപ്പിക്കാന്‍ അവരെന്തിന് മലേഷ്യയില്‍ പോണം? ലൊക്കേഷന്‍ മാറൂന്നതുകൊണ്ട് മാത്രം സിനിമ വ്യത്യസ്ഥമാകുന്നുണ്ടൊ? 70കളുടെ അവസാനത്തിലേയും 80 കളിലേയും പഴയ ഫാമിലി മെലോഡ്രാമ സിനിമകള്‍ പൊടിതട്ടിയെടൂത്ത് ഏത് വിദേശ ലൊക്കേഷനില്‍ ചിത്രീകരിച്ചിട്ടെന്ത് കാര്യം?

എങ്കിലും, വളരെ ഫാസ്റ്റ് കട്ടിങ്ങും വര്‍ണ്ണശബളമായ കോസ്റ്റൂംസും, സുന്ദരമായ മലേഷ്യയും, പാട്ടുമെല്ലാം ചില പ്രേക്ഷകരെയെങ്കിലും സംതൃപ്തിപ്പെടൂത്തുന്നുണ്ട്. മലയാള മനോരമയിലേയും മംഗളത്തിലേയും തുടരന്‍ നോവലുകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്ന ഏത് പ്രേക്ഷകനും മാനസപുത്രി, ജ്വാലയായ് അങ്ങിനെ ഒരുപാടൂള്ള ടി വി സീരിയലുകള്‍ കണ്ണ് തള്ളി കണ്ടിരുന്ന പ്രേക്ഷകനും ഈ സിനിമ വല്ലാതെ ഇഷ്ടപ്പെടൂം. അവര്‍ക്കുംകൂടി വേണ്ടിയാണല്ലോ ഇമ്മാതിരി സിനിമകള്‍ മലയാളത്തില്‍ പടച്ചുവിടൂന്നത്.വാല്‍കഷണം : മലയാള സിനിമ വളര്‍ന്ന് വളര്‍ന്ന് എവിടം വരെയെത്തിനില്‍ക്കുന്നു എന്ന കാഴ്ചപ്പാടുകള്‍ എന്റെ മുന്‍പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം അതും ചേര്‍ത്തു വായിച്ചാല്‍ മലയാള സിനിമ എവിടം വരെയെത്തി എന്നതിനു പൂര്‍ണ രൂപം കിട്ടും.

Saturday, January 16, 2010

മലയാള സിനിമ എത്തിനില്‍ക്കുന്നത്

മലയാള സിനിമ 2009 കഴിഞ്ഞ് 2010ലേക്കെത്തി. തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം 75 സിനിമകളിറങ്ങിയതില്‍ മൂന്നെണ്ണം സൂപ്പര്‍ഹിറ്റ്, നാലോളം ആവറേജ് വിജയം. ഭൂരിഭാഗവും പരാജയങ്ങള്‍. എന്തായിരിക്കും കാരണം? പ്രേക്ഷകനിരാസം? എങ്കില്‍ എങ്ങിനെ എന്തുകൊണ്ട്?

മലയാള സിനിമയെപ്പറ്റി പ്രേക്ഷകന്‍ ആകുലപ്പെടുന്നത്ര ഒരു മലയാള സിനിമാ പ്രവര്‍ത്തകനും ആകുലപ്പെടുന്നുണ്ടാവില്ല. എങ്കില്‍ വര്‍ഷാ വര്‍ഷം ചര്‍വ്വിതചര്‍വ്വണങ്ങള്‍ ഇങ്ങിനെ പ്രേക്ഷകന്റെ മുഖത്തേക്ക് തുപ്പില്ലായിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ‘ഋതു, കേരള കഫേ, പാലേരിമാണിക്യം, പാസഞ്ചര്‍’ തുടങ്ങിയ ചിത്രങ്ങള്‍ കമേര്‍സ്യല്‍ പാതയില്‍ വ്യത്യസ്ഥപാതയില്‍ വന്ന പ്രമേയങ്ങളാണ്. അവാര്‍ഡ് സിനിമ എന്ന മുന്‍ വിധി ആദ്യ മൂന്നു ചിത്രങ്ങളേയും സാമ്പത്തിക വിജയത്തില്‍ നിന്നും അകറ്റി. വ്യത്യസ്ഥ ട്രീറ്റ് മെന്റും, താരങ്ങളേക്കാള്‍ കഥയും കഥാപാത്രങ്ങളും മേല്‍കൈ കൊണ്ടതും ‘പാസഞ്ചര്‍’ എന്ന ചിത്രത്തെ അത്ഭുത വിജയത്തിലേക്കെത്തിച്ചു. പതിനാലോളം നവാഗത പ്രതിഭകള്‍ കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിട്ടും പലര്‍ക്കും തന്റെ പേര് പതിപ്പിക്കാനായില്ല. അങ്ങിനെ ആലോചിച്ചു നോക്കുമ്പോള്‍ മലയാള സിനിമ മുന്നോട്ടോ പിന്നോട്ടോ?

അല്പം ഹോളിവുഡ്...
2154 ല്‍ നടക്കുന്ന ഒരു സംഭവം എന്ന രീതിയില്‍ വന്ന സയന്‍സ് ഫിക്ഷന്‍ ആയിരുന്നു ‘അവതാര്‍‘ എന്ന ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം. 2129 ല്‍ കണ്ടുപിടിച്ച പോളിഹിമിസ് എന്ന ആകാശഗംഗയിലെ പന്ദോര എന്ന ഉപഗ്രഹത്തില്‍ ഉള്ള നിരവധി ധാതുലവണങ്ങളും മറ്റു സംഗതികളും ഉണ്ടെന്ന് മനുഷ്യന്‍ പഠിച്ചെടുക്കുകയും ഈ നാവികളെ കുറിച്ചും ,മറ്റുസ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും വന സമ്പത്തും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു .......

ഈ സയന്‍സ് ഫിക്ഷന്‍ സിനിമയെ അതര്‍ഹിക്കുന്ന ടെക്നോളജി ഉപയോഗിച്ച് (അനിമേഷനും മറ്റും) അതിന്റെ അങ്ങേയറ്റത്തെ പെര്‍ഫക്ഷന്‍ നിലയില്‍ ‘അവതാര്‍’ എന്ന ചിത്രം അവതരിപ്പികുന്നു; അതും ത്രീ ഡി ഫോര്‍മാറ്റില്‍. മലയാളത്തില്‍ കാണിച്ചിരുന്ന ഫോഴ്സ് പേര്‍സ്ഫെക്റ്റീവ് തരത്തിലല്ല. സിനിമക്കുള്ളിലേക്ക് പ്രേക്ഷകന്‍ പ്രവേശിക്കുന്ന അനുഭവമുണ്ടാക്കുന്ന മനോഹര ദൃശ്യാനുഭവത്തിലൂടെയാണ് ഈ ചിത്രം.


അല്പം ബോളി വുഡ്
“പാ” എന്ന ചിത്രം അതിന്റെ വ്യത്യസ്ഥതകൊണ്ട് ശ്രദ്ധ നേടിയതാണ്. കാരണം അതിലഭിനയിച്ചിരിക്കുന്നത് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ആണെന്നതുകൊണ്ടല്ല. അച്ഛന്‍ അമിതാഭ് മകന്‍ അഭിഷേകിന്റെ ‘മകന്‍’ ആയി ഈ സിനിമയില്‍ അഭിനയിക്കുന്നു എന്നതുകൊണ്ടാണ്. ഹിന്ദി സിനിമയില്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള അമിതാഭ് വ്യത്യസ്ഥമായ മേക്കപ്പിലൂടെയും പെര്‍ഫോര്‍മന്‍സിലൂടെയും മകനാകുന്നു ഈ സിനിമയില്‍. ഇതില്‍ ഗ്ലാമര്‍, എലഗന്റ്, ക്ലാസ്സിക്ക് എന്നീ പദങ്ങളോടെ വിശേഷിക്കാറുള്ള അമിതാഭ് ബച്ചന്‍ ഇല്ല, പകരം രോഗബാധിതനായ വിചിത്രരൂപമുള്ള അഭിതാബ് ആണ് ഉള്ളത്.

ലോക സിനിമയും, പഴയ ഗോസായി സിനിമ എന്ന ലേബലില്‍ നിന്നു മാറി ഹിന്ദി സിനിമയും, കുചേലന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ സിനിമയെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുബ്രഹ്മണ്യപുരമെന്ന തമിഴ് സിനിമയുമൊക്കെ മാറ്റത്തിന്റെ കാഹളമൂതി 2010ലേക്ക് വരുമ്പോള്‍ മലയാള സിനിമ 32 വര്‍ഷം പുറകിലേക്ക് പോയി ഒരു ‘ഒണക്കത്താമരയും‘, ജീവിതത്തിലെ അച്ഛനേയും മകനേയും സിനിമയിലും അച്ഛനും മകനുമായി ‘പരീക്ഷണം’ നടത്തുകയും, പണ്ട് 90കളില്‍ മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി യഥാക്രമം തിലകനും കവിയൂര്‍ പൊന്നമ്മയും അഭിനയിച്ചത് പ്രേക്ഷകന്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതുകൊണ്ട് വീണ്ടും വീണ്ടും അളിഞ്ഞു തുടങ്ങിയ ആ നൊസ്റ്റാള്‍ജിക്കിനെ സൂപ്പര്‍ താരത്തിന്റെ ഇരുവശത്തും നിര്‍ത്തി ഇവിടം സ്വര്‍ഗ്ഗമാക്കാന്‍ വരുന്നത്.... (എന്തൊരു മുന്നേറ്റം!!)

ലോകസിനിമയും ഇന്ത്യയിലെ ഇതര ഭാഷാ സിനിമയും പരീക്ഷണങ്ങളിലൂടെ മുന്നേറുമ്പോളാണ് മലയാള സിനിമ കാലത്തിന്റെ പുറകിലേക്ക് പോകുന്നത് എന്നോര്‍ക്കണം. 75 സിനിമകളില്‍ 70 സിനിമയും പ്രേക്ഷകന്‍ തള്ളിക്കളഞ്ഞെങ്കില്‍...അതിനെന്തിന് പ്രേക്ഷകനെ കുറ്റം പറയണം?