Monday, December 7, 2009

ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ


ന്ത്യന്‍ പരസ്യരംഗത്ത് വളരെയധികം ശ്രദ്ധേയനായ ഡയറ്കടര്‍ ആയിരുന്നു വി. കെ പ്രകാശ്. 1999ല്‍ ആണ് ‘പുനരധിവാസം’ എന്ന മനോഹര ചിത്രത്തിലൂടെ വി കെ പി മലയാളത്തില്‍ വരുന്നത്. കെ. ബാലചന്ദ്രന്റെ നല്ലൊരു സ്ക്രിപ്റ്റോടെ നന്ദിതാ ദാസ്, മനോജ് കെ ജയന്‍, പ്രവീണ എന്നീ താരനിരകളോടെ രവി.കെ. ചന്ദ്രന്റെ കാമറാ മികവോടെ ഇറങ്ങിയ ചിത്രം പക്ഷെ നല്ല സിനിമയെന്ന് പേരെടുത്തെങ്കിലും സാമ്പത്തിക വിജയം നേടിയില്ല ( മലയാളത്തിലെ എക്കാലത്തേയും മികച്ച ടൈറ്റില്‍ ഡിസൈന്‍ കൂടിയായിരുന്നു പുനരധിവാസത്തിന്റേത്)

മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി വി കെ പി നിരവധി ചിത്രങ്ങള്‍ ചെയ്തു. 2003 ല്‍ ചെയ്ത ‘ഫ്രീക്കി ചക്ക്ര’ ശ്രദ്ധേയമാകുകയും ചെയ്തു. അതേ വര്‍ഷം തന്നെ മലയാളത്തിലിറങ്ങിയ ‘മുല്ലവള്ളിയും തേന്മാവും’ പിന്നീടുവന്ന ‘പോലീസ്’ ‘മൂന്നാമതൊരാള്‍’ ‘പോസറ്റീവ്’ എന്നീ മലയള ചിത്രങ്ങളൊന്നും സാമ്പത്തിക വിജയമായിരുന്നില്ല എങ്കിലും ആ ചിത്രങ്ങളില്‍ വി കെ പി അവതരിപ്പിച്ച ട്രീറ്റ് മെന്റും സാങ്കേതികത്തികവും മലയാളത്തില്‍ അന്നുവരെ കാണത്തതായിരുന്നു. മുല്ലവള്ളിയൂം തേന്മാവും എന്ന സിനിമയിലെ ദൃശ്യങ്ങള്‍, ഗാന ചിത്രീകരണം തുടങ്ങിയവ എക്കാലത്തേയും മികച്ച അവതരണമായിരുന്നെങ്കിലും ബലവത്തായ ഒരു സ്ക്രിപ്റ്റ് ഇല്ലാത്തത് ആ ചിത്രത്തെ ദുര്‍ബലപ്പെടുത്തി. പിന്നീടുള്ള ‘പോലീസ്‘ എന്ന സിനിമയിലെ ആക്ഷന്‍ സീനുകള്‍, (മലയാളത്തില്‍ ആദ്യമായി 500 ഫ്രെയിം സ്ലോമോഷന്‍ ചിത്രീകരിച്ചത് ഈ സിനിമയിലാണ്) മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ ഫോര്‍മാറ്റ് സിനിമ ‘മൂന്നാമതൊരാള്‍’. പിന്നെ ‘പോസറ്റീവി‘ലും വി കെ പി മാജിക് ആവര്‍ത്തിച്ചു. പക്ഷെ സാങ്കേതിക മികവില്‍ അഗ്രഗണ്യരായ മറ്റു സംവിധായകരെപ്പോലെ (മറ്റൊരാള്‍ അമല്‍ നീരദ്) വി കെ പിക്കും സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടേണ്ടിവന്നു. നല്ലൊരു തിരക്കഥ ലഭികുമെങ്കില്‍ നല്ല ട്രീറ്റ്മെന്റോടെ മികച്ച ചിത്രങ്ങള്‍ ഒരുക്കാന്‍ വികെപിക്കാവുമെന്നതില്‍ സംശയമില്ല.

വികെപിയുടെ പുതിയ സിനിമ ‘ഗുലുമാല്‍’ പക്ഷെ, ഇതില്‍ നിന്നും അല്പം വ്യത്യസ്ഥമാണ്. കൊച്ചി നഗരത്തില്‍ ഫ്രോഡ് ജീവിതം നയിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ രണ്ടു മൂന്നു ദിവസത്തെ കഥയാണ് ‘ഗുലുമാല്‍ ദ എസ്കേപ്പി‘ലൂടെ പറയുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ജെറി മാത്യു എന്ന കഥാപാത്രം ജന്മാനാ ഫ്രോഡാണ്. ജോലിയെടുക്കാതെ തരികിടകളിലൂടെ ജീവിക്കുന്ന ജെറിയുടെ മുന്നില്‍ ഒരു ദിവസം കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രവി വര്‍മ്മ പ്രത്യക്ഷപ്പെടുന്നു. അവിടുന്നങ്ങോട്ട് രവി വര്‍മ്മ ജെറിയുടെ പാര്‍ട്ടണറാകാന്‍ ശ്രമിക്കുകയാണ്. ജീവിതാവസ്ഥകൊണ്ട് രവിക്കും തരികിടകളുമായി പണം ഉണ്ടാക്കണം. വീടുമായും കൂടപ്പിറപ്പുകളുമായി യാതൊരു അറ്റാച്ച്മെന്റും ഇല്ലാത്ത ജെറിയുടെ മുന്നില്‍ രവി തന്റെ കഥപറയുന്നു. ഒരു ചീറ്റിങ്ങ് കേസില്‍ റിമാന്റിലായ അച്ഛനെ പുറത്തിറക്കാന്‍ 25 ലക്ഷം എത്രയും പെട്ടെന്ന് ഉണ്ടാക്കണം ആകെ 5 ലക്ഷം മാത്രമാണ് തന്റെ കയ്യിലുള്ളതെന്ന് തുറന്നുപറയുമ്പോള്‍ പണക്കൊതിയനായ ജെറി അവനോട് അടുക്കുന്നു. പിന്നീട് ജെറിയുടെ പഴയ മിത്രമായ കള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മികുന്ന ആര്‍ട്ടിസ്റ്റ് പുല്ലേപ്പടി ബോസ് ഒരു രഹസ്യം അറിയിക്കുന്നു. കൊച്ചിയിലെ ഒരു റിസോര്‍ട്ടീല്‍ തങ്ങിയിരിക്കുന്ന ഒരു എന്‍ ആര്‍ ഐ ബിസിനസ്സ് പേഴ്സണ്‍ വിലപിടിച്ച അപൂര്‍വ്വമായ പെയിന്റിങ്ങുകള്‍ ശേഖരിക്കുന്നുണ്ടെന്നും തന്റെ കയ്യില്‍ അത്തരം ഒരു ചിത്രത്തിന്റെ കോപ്പി ഉണ്ടെന്നും അത് അയാള്‍ക്ക് കൈമാറിയാല്‍ ലക്ഷങ്ങള്‍ കിട്ടുമെന്നും. പിന്നീട് ജെറിയും രവിയും എന്‍ ആര്‍ ഐയുമായി ഒരു ഡീല്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. പക്ഷെ മുന്നോട്ടുള്ള അവരുടെ കാര്യങ്ങള്‍ തകിടം മറിയുകയും വീണ്ടും അതിനു വേണ്ടിയുള്ള ശ്രമവുമാണ്. ഒടൂവില്‍ ഡീല്‍ ഉറപ്പിക്കാറാകുമ്പോള്‍ എന്‍ ആര്‍ ഐ (അവതരിപ്പിച്ചിരിക്കുന്നത് ദേവന്‍) ഒരു ആവശ്യം പറയുന്നു. ജെറീയെ മാനസികമായി തകര്‍ക്കുന്ന ഒന്നാണെങ്കിലും പണത്തിനോട് അത്യാര്‍ത്തിയുള്ള ജെറി അതിനു സമ്മതിക്കുന്നു. പിന്നീട് വികാരമുഹൂര്‍ത്തങ്ങള്‍ നിറയുന്ന സ്വീക്കന്‍സിലൂടെ സിനിമ മുന്നോട്ട് പോകുന്നു. ഒടുവില്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് സിനിമയുടെ ക്ലൈമാക്സ്.

ജയസൂര്യയും കുഞ്ചാക്കോയും ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ അപാര റേഞ്ചിലേക്ക് വരുവാനൊന്നും ആയിട്ടില്ലെങ്കിലും അവരുടെ ഇതുവരെയുള്ള പെര്‍ഫോര്‍മന്‍സില്‍ നിന്ന് വളരെ മുന്നിട്ടു നില്‍ക്കുന്നു. രണ്ടു നായകന്മാരുമായി രസകരമായി മുന്നേറുന്ന സിനിമയുടെ അവസാനഭാഗത്ത് നമ്മള്‍ തിരിച്ചറിയുന്നുണ്ട് ആരാണ് നായകന്‍ ആരാണ് വില്ലന്‍. ചില ഭാഗങ്ങളില്‍ ജയസൂര്യയും കുഞ്ചാക്കോയും പ്രേക്ഷകരുടെ നല്ല കയ്യടി നേടുന്നുമുണ്ട്.

നടി രേവതിയുടെ ‘മിത്ര് മൈ ഫ്രെണ്ടി’ലൂടെ ശ്രദ്ധേയയായ ഫൈസിയ ഫാത്തിമയാണ് ഗുലുമാലിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മൂന്ന് എച്ച്.ഡി കാമറകളിലാണ് ഗുലുമാല്‍ ചിത്രീകരിച്ചിരിക്കുന്നത്.കൂടുതല്‍ സമയവും കൊച്ചി നഗരത്തിലും നഗരത്തിന്റെ പുറം ഭാഗങ്ങളിലും ചിത്രീകരിച്ച ഈ ചിത്രം ഒരു റോഡ് മൂവി എന്നവകാശപ്പെടുന്നുണ്ടെങ്കിലും ആ റേഞ്ചിലുള്ളതല്ല. പക്ഷെ, റോഡുകളിലും, ഷോപ്പിങ്ങ് കോമ്പ്ലക്സുകളുലും മറ്റും സ്വാഭാവിക വെളിച്ചത്തില്‍ ചിത്രീകരിച്ചിരിക്കുന്ന, സ്റ്റഡി കാം കാമറയുടെ മോഡില്‍ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്ന കാമറ തികച്ചും വ്യത്യസ്ഥമായ ഒരു ദൃശ്യ സാന്നിദ്ധ്യമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. അതുപോലെ മലയാള സിനിമയുടെ സ്ഥിരം ഇടങ്ങളില്‍/ഫ്രെയിമുകളില്‍ കാമറ വെക്കാതെ, ഹോട്ടലിന്റെ അരണ്ട ഇടനാഴി, മൂത്രപ്പുര, ലിഫ്റ്റ്, തെരുവ്, അങ്ങിനെ പുതുമകള്‍ സമ്മാനിക്കുന്ന രീതി ഓരോ സ്വീക്കന്‍സും സമ്മാനിക്കുന്നുണ്ട്.

എടുത്തു പറയേണ്ട ചില സീനുകളുണ്ട്. പക്ഷെ കഥാഗതിയുടെ രസം പോകുമെന്നതിനാള്‍ അത് പറയുന്നതില്‍ ഔചിത്യകുറവുണ്ട്. എങ്കിലും; ദേവന്റെ എന്‍ ആര്‍ ഐ ഡീല്‍ ഉറപ്പിക്കുവാന്‍ പോകുന്ന സമയത്ത് ജയസൂര്യയുടെ ജെറിയോട് ആവശ്യപ്പെടുന്ന സീന്‍ അതിലൊന്നാണ്. ആവശ്യം കേട്ട പാടെ ജെറിയുടെ മാനസിക നില കാണിക്കുന്ന സ്വീക്കന്‍സ് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ഒന്നാണ്. അതുപോലെ എന്‍. ആര്‍. ഐ കഥാപാത്രത്തിന്റെ ആവശ്യം വീട്ടില്‍ സഹോദരിയോട് പറയുന്നതും, അവളുടെ ആവശ്യപ്രകാരം അമ്മയുടേയും സഹോദരിയുടേയും അനിയന്റേയും മുന്നില്‍ വെച്ച് പറയുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സീനുകള്‍ വി കെ പിയുടെ സംവിധാനമികവിന് ഉദാഹരണങ്ങളാണ്.പിന്നെ ജെറിയുടെ പപ്പ മരിച്ചത് തന്റെ പെങ്ങള്‍ മൂലമാണെന്ന് കള്ളം പറയുന്നതും മറ്റംഗങ്ങളുടെ ദു:ഖഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഇടുങ്ങിയ അരണ്ട ലിഫ്റ്റ് റൂമില്‍ വെച്ചാണ്. മറ്റൊന്ന് ക്ലൈമാക്സ് ആണ്. അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലേക്ക് ക്ലൈമാക്സ് മാറുമ്പോള്‍ അതിനു ഉപയോഗിച്ചിരിക്കുന്ന ട്രീറ്റ്മെന്റ് വളരെ അഭിനന്ദാര്‍ഹമാണ്.

സൈമണ്‍ പാലുവായും എസ്. രമേശന്‍ നായരും രചിച്ച ഗാനങ്ങള്‍ക്ക് മനു രമേശ്‌ ഈണം പകര്‍ന്നിരിക്കുന്ന, 2ഡി അനിമേഷനും ‘ക്രോമ’യും ഉപയോഗിച്ച് ചെയ്തതടക്കമുള്ള ഗാനങ്ങളെല്ലാം പ്രത്യേകിച്ചൊരു പുതുമയുമില്ല, നല്ല നിലവാരം പുലര്‍ത്തുന്നുമില്ല.

‘ഗുലുമാല്‍ ദി എസ്കേപ്പ്‘ മലയാള സിനിമയിലെ വളരെ മികച്ച സിനിമയൊന്നുമല്ല. ലോജിക്കിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടെങ്കിലും രസച്ചരട് പൊട്ടിക്കാതെ അത് പറഞ്ഞിരിക്കുന്നതിനാല്‍ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാകുന്നില്ല. വി കെ പിയുടെ മുന്‍ ചിത്രങ്ങളുടെ (ഉദാ:പുനരധിവാസം) നിലവാരം ഇതിനില്ലെങ്കിലും വെറും നേരമ്പോക്കിനായി, ചിരിക്കുവാന്‍ മാത്രം സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ ഈ ചിത്രം നിരാശപ്പെടുത്തുന്നില്ല. പ്രധാന കഥയോടൊപ്പം സൂരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന തമാശയും സമാന്തര ട്രാക്കില്‍ ഉണ്ട്. സിനിമയില്‍ അല്ലെങ്കിലും പണ്ടുമുതലേ പോലീസുകാര്‍ മണ്ടന്മാരാണല്ലോ, ഇതിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ട് പേരുടേയും തമാശ എനിക്ക് വെറുപ്പ് സമ്മാനിച്ചെങ്കിലും തിയ്യറ്ററില്‍ പലപ്പോഴും കയ്യടി വീഴുന്നുണ്ട്. ദ്വായാര്‍ത്ഥങ്ങളൊ അശ്ലീലമോ ഇല്ല എന്നതാണൊരാശ്വാസം.

18 comments:

NANZ said...

‘ഗുലുമാല്‍ ദി എസ്കേപ്പ്‘ മലയാള സിനിമയിലെ വളരെ മികച്ച സിനിമയൊന്നുമല്ല. ലോജിക്കിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടെങ്കിലും രസച്ചരട് പൊട്ടിക്കാതെ അത് പറഞ്ഞിരിക്കുന്നതിനാല്‍ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാകുന്നില്ല. വെറും നേരമ്പോക്കിനായി, ചിരിക്കുവാന്‍ മാത്രം സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ ഈ ചിത്രം ഒട്ടും നിരാശപ്പെടുത്തുന്നില്ല.

Nat said...

I am giving this blog's link to my blog...

Rakesh R (വേദവ്യാസൻ) said...

എന്തായാലും ഉടനെ കാണുന്നുണ്ട് :)

എഴുത്ത് നന്നായിട്ടുണ്ട് :)

Haree said...

:-) അങ്ങിനെ സിനിമകളുമായി മറ്റൊരു ബ്ലോഗ് കൂടി. സിനിമാ വിഷയങ്ങള്‍ മാത്രമേ ഈ ബ്ലോഗില്‍ എഴുതുകയുള്ളൂവെന്നു കരുതുന്നു.

വി.കെ. പ്രകാശിനെ ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഇഷ്ടമാണ്. മുന്‍ ചിത്രമായ ‘പോസിറ്റീവ്’ തരക്കേടില്ലാത്ത ഒന്നായിരുന്നു. നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മികച്ചതാക്കുവാനുള്ള കെല്പ് പ്രകാശിനുണ്ടെന്നു തന്നെ കരുതുന്നു. ‘ഗുലുമാല്‍’ കണ്ടില്ല ഇതുവരെ.
--

nandakumar said...

സുഹൃത്തേ,
ഫിലിം കണ്ടിരുന്നു. ഇതേ അഭിപ്രായങ്ങള്‍ തന്നെയാണ് എന്റേത് :) ഇന്നു ഒരു സുഹൃത്തിനോട് ഇതേപ്പറ്റി രാവിലെ പറഞ്ഞതേ ഉള്ളു.
പടം അത്ര കുഴപ്പമുള്ളതായി തോന്നിയില്ല. jst watchable. മേക്കിങ്ങ് തന്നെയാണ് നന്നായി എന്ന് തോന്നിയത്.

(ഏതോ വിദേശ സിനിമയുടെ എക്സാറ്റ് കോപ്പി ആണെന്നു പറയുന്നുണ്ട്. അതിനെക്കുറിച്ച് അറിയാമൊ?)

Kiranz..!! said...

കൊള്ളാം നാൻസേ...ഫ്രീക്കി ചക്രയിൽ കൊണ്ടുവന്നിട്ട് മുല്ലവള്ളിയിൽ ഉടഞ്ഞു പോയതാ വികെപി,ഇത് കാണണം

jayanEvoor said...

നല്ല നിരൂപണം.
സിനിമ കണ്ടുകളയാം!

ഇനി മുടങ്ങാതെ എഴുതുമല്ലോ...

Sanal Kumar Sasidharan said...

നന്നായി എഴുതിയിരിക്കുന്നു.

NANZ said...

നതാഷ
തീര്‍ച്ചയായും. വളരെ നന്ദി. ഇനിയു, വരിക.

വേദവ്യാസന്‍
ഫ്രീ ആകുമ്പോള്‍ ഈ സിനിമ കണ്ടുനോക്കു. ഒരുപാട് പ്രതീക്ഷിക്കരുത്

ഹരീ
തീര്‍ച്ചയായും, സിനിമയെക്കുറീച്ചു മാത്രമേ ഈ ബ്ലോഗില്‍ എഴുതുന്നുള്ളൂ. മലയാളമായാലും മറു ഭാഷയായാലും. വികെപി എനിക്കും ഇഷ്ടമുള്ളോരു സംവിധായകനാണ്. പക്ഷേ, സ്ക്രിപ്ത് തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടൂന്നു എന്നാണെന്റെ കാഴ്ചപ്പാട്

നന്ദകുമാര്‍
അത് അത്ഭുതമായിരിക്കുന്നല്ലോ. ഒരേ അഭിപ്രായമോ? ഏതോ വിദേശ സിനിമയുടെ കോപ്പി ആണെന്നു പിന്നീട് കേട്ടു. ഞാനത് തിരഞ്ഞുകൊണ്ടിരിക്കുകയാണ്

കിരണ്‍സ്,
നന്ദി,. സന്തോഷം

ജയന്‍ ഏവൂര്‍
ഇത് എന്റെ അഭിപ്രായമാണ് പറഞ്ഞത്. പ്രതീക്ഷകളോടെ പോയാല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ പറയരുത് :)

സനാതനന്‍
ഈ ബ്ലോഗില്‍ വന്നതില്‍ ഞാന്‍ ധന്യനായി. സന്തോഷം, നന്ദി. ഇനിയും വരിക

aneeshans said...

it seems the film is good. nice review. will see this sooon

ശ്രീ said...

കൊള്ളാം നല്ല റിവ്യൂ.

പടം വലിയ മോശമില്ല എന്ന് പറഞ്ഞു കേള്‍ക്കുന്നു

Sanal Kumar Sasidharan said...

സിനിമ കണ്ടു. ഒരൽ‌പ്പം വ്യത്യസ്തമായ ക്ലൈമാക്സിന്റെ പച്ചയിൽ നിൽക്കുന്ന (ഡോട്ട് ദി ഐ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് ഏതാണ്ടിതുതന്നെ.ഇൻ ഹരിഹർ നഗർ ടുവും ഇതല്ലേ)സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന ഒരു സിനിമ. അത്രതന്നെ എന്ന് തോന്നിപ്പോയി. കാമറയുടെ ഉപയോഗം ഹൊറിബിൾ ആണ്. എക്സ്റ്റീരിയർ കമ്മിറ്റ് ചെയ്യുന്ന ഇന്റീരിയർ ഷോട്ടുകളിലൊക്കെ ഓവർ എക്സ്പോഷറിന്റെ പ്രശ്നമുണ്ട്.പലേടത്തും ബാക്ഗ്രൌണ്ട് ഡീറ്റെയിത്സ് ബ്ലീച്ച് ഔട്ട് ആയിരിക്കുന്നു. ഹെച്.ഡി യുടെ കുഴപ്പമാണിതെന്ന് പറയാമെങ്കിലും കുറച്ച് കടന്നുപോയി. ആകെക്കൂടി സമ്മതിക്കാൻ ജയസൂര്യമാത്രം. അത് അഭിനയമഹത്വം കൊണ്ടല്ല..ഇത്രയും നെഗറ്റീവ് ആയ ഒരു കഥാപാത്രം ചെയ്യാൻ സന്നദ്ധത കാട്ടിയതിൽ.

സ്വപ്നാടകന്‍ said...

പുനരധിവാസം,ഫ്രീകി ചക്ര,മൂന്നാമതൊരാള്‍ എന്നിവയൊഴികെയുള്ള ബാക്കി വി കെ പി ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ട്.(അങ്ങനൊരു ദുര്‍വ്വിധി വന്നുപെട്ടുപോയി).ഇതില്‍ പുനരധിവാസം വളരെയധികം നിരൂപകശ്രദ്ധ നേടിയ ചിത്രമാണെന്ന് കേട്ടിട്ടുണ്ട്,പക്ഷെ അത് കാണണമെന്ന് ആദ്യം തോന്നിയ ആവേശം പോലും ചോര്‍ത്തിക്കളയുന്നതായിരുന്നു ബാക്കി സിനിമ അനുഭവങ്ങള്‍.പോലിസ് എന്ന സിനിമ സഹിക്കാന്‍ പറ്റാതെ തിയേറ്റര്‍ വിട്ടു ഇടയ്ക്ക് ഇറങ്ങിപ്പോരേണ്ടിവന്നിട്ടുമുണ്ട്.സില്‍വെസ്ടര്‍ സ്ടാലനും കര്‍ട്ട് റസ്സലും അഭിനയിച്ച "ടാംഗോ ആന്‍ഡ്‌ കാഷ്" ന്റെ വികല അനുകരണം.അല്ല സുഹൃത്തേ ഒന്ന് ചോദിച്ചോട്ടെ,എന്തിനാണ് സിനിമയില്‍ ഈ 500 ഫ്രേംസ് സ്ലോ മോഷന്‍?ഒരു കാമ്പുമില്ലാത്ത സിനിമയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഇത്തരം ടെക്നിക്കല്‍ ഗിമ്മിക്കുകള്‍ ആവശ്യമാണ് എന്നാണോ??ഇത്തരം ജാടകളൊന്നുമില്ലാതെ എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താമെന്നത് നല്ല സിനിമകള്‍ കണ്ടു പഠിക്കട്ടെ അദ്ദേഹം.വിഷ്വല്‍ എക്സ്ട്രാവാഗന്സ മാത്രമാണോ സിനിമ?അല്ലെന്നത് സാവരിയ അടക്കമുള്ള സിനിമകളിലൂടെ വ്യക്തമാണല്ലോ..(മാട്രിക്സ് സീരീസ് ഭൂലോക ഹിറ്റ്‌ ആയതിനു പിന്നില്‍ അതിലെ ഗഹനമായ ഫിലോസഫിക്കല്‍ എലെമെന്റ് കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.)
തന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെയല്ലേ ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത്?അല്ലാതെ, "മികച്ച കഥ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കലക്കുമായിരുന്നു" എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത് ?അങ്ങനെ പറയാവുന്ന വിധത്തില്‍ പ്രതിഭയുടെ ഒരു മിന്നലാട്ടവും വി കെ പ്രകാശിന്റെ മുന്‍ചിത്രങ്ങളില്‍ കാണാനെനിയ്ക്ക് സാധിച്ചില്ല,ടെക്ക്നിക്കല്‍ ഗിമ്മിക്സല്ലാതെ;ക്ഷമിയ്ക്കണം.പതിവുപോലെ, പ്രേക്ഷകരെ വളരെയധികം നിരാശപ്പെടുത്തുന്ന മറ്റൊരു വി കെ പ്രകാശ് ചിത്രമാണ് ഗുലുമാലും.ഫ്രോഡ് പണികളെ മഹത്വവല്‍ക്കരിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നപോലെ.ക്ലൈമാക്സില്‍ ജയസൂര്യയുടെ കഥാപാത്രം തന്റെ ഫ്രോഡ് ജീവിതം തുടരാന്‍ തന്നെ തീരുമാനിയ്ക്കുന്നിടത്ത്,സംവിധായകന്റെ പ്രസക്തി പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നു.സുരാജും ബിജുക്കുട്ടനും ചേര്‍ന്നൊരുക്കുന്ന തമാശകള്‍(?) മിക്കവയും അസഹനീയം.പ്രേക്ഷകരുടെ സാമാന്യബോധത്തെ പരിഹസിക്കാത്ത ഒരു സീനും സിനിമയിലില്ല.ആകെക്കൂടി എടുത്തുപറയാവുന്നത് ഇത്തരമൊരു നെഗറ്റീവ് റോള്‍ ഏറ്റെടുക്കാന്‍ ജയസൂര്യ കാണിച്ച ആര്‍ജവം മാത്രം.ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കാവുന്ന ഒരു ചിത്രമേയല്ല ഗുലുമാല്‍.പരസ്യചിത്രരംഗത്തുതന്നെ തുടരുന്നതായിരുന്നു അദ്ദേഹത്തിനും മലയാള സിനിമയ്ക്കും നല്ലതെന്ന് തന്നെയേ ഇപ്പോഴും പറയാനാവൂ..

NANZ said...

സനാതനന്‍
സിനിമ കണ്ടതിനു ശേഷമുള്ള തിരിച്ചു വരവിനു നന്ദി. ജയസൂര്യ സ്വീകരിച്ച തന്റേടം ഞാന്‍ എടുത്തുപറയേണ്ടതായിരുന്നു. വിട്ടുപോയി. ജയസൂര്യ ചില സിനിമകളില്‍ അത്തരം നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

എച്ച് ഡിയുടെ പരിമിതിയാണോ പോസ്റ്റ് പ്രൊഡക്ഷനില്‍ വന്ന മിസ്റ്റേക്കാണോ എന്നറിയില്ല പലപ്പോഴും ഔട്ട്ഡോര്‍ സീനുകളില്‍ ഷേഡ്സ് കൂടുതലായി വന്നിട്ടുണ്ട് (ബ്ലാക്ക് പാച്ച്) കാമറയെപ്പറ്റി ഞാന്‍ പോസ്റ്റില്‍ പറഞ്ഞിടത്ത് ‘ഗംഭീര കാമറ വര്‍ക്ക്’ എന്നൊരു ധ്വനി വന്നിട്ടുള്ളതായി തോന്നുന്നു എന്ന് മറ്റൊരു സുഹൃത്തും പറഞ്ഞു. സത്യത്തില്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ചില സ്വീക്വന്‍സുകള്‍ ചിത്രീകരികാന്‍ ഉപയോഗിച്ച ഇടങ്ങള്‍ പുതുമയുള്ളതായി തോന്നി.(ജെന്റ്സ് ടോയ്ലറ്റ്, ലിഫ്റ്റ് അങ്ങിനെ)
ക്ലൈമാക്സ് തന്നെയാണ് ആ സിനിമയുടെ പുതുമ.(കോപ്പിയടിയാണെങ്കില്‍ കൂടിയും)
രണ്ടാമത്തെ കമന്റിനും കൂടി നന്ദി. ഇനിയും ഇതുപോലെ പ്രോത്സാഹ ജനകമായ അഭിപ്രായങ്ങള്‍ കൊണ്ട് എന്റെ ബ്ലോഗ്ഗ് സമ്പുഷ്ടമാക്കുമെങ്കില്‍ സന്തോഷം

NANZ said...

പ്രിയ ഏകാന്ത പഥികന്‍
വി കെ പി മലയാള സിനിമയിലെ എക്കാലത്തേയും നല്ല ഡയറക്ടര്‍ എന്നൊരു പ്രസ്താവനയൊന്നും ഞാന്‍ ചെയ്തിട്ടില്ല. പക്ഷെ മികച്ചൊരു ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയാണ്. സിനിമ ഈ ആധുനിക കാലത്ത് കഥ പറച്ചിലിനു മാത്രമുള്ളതല്ലല്ലോ. കാലാകാലങ്ങളായുള്ള സാങ്കേതികത്വം സിനിമയില്‍ കൂടിയും ഉപയോഗപ്പെടേണ്ടതല്ലേ. അതുകൊണ്ട് തന്നെയല്ലേ മികച്ച കഥകളുണ്ടായിട്ടൂം മലയാള സിനിമയില്‍ പ്രേക്ഷകനെ പിടിച്ചിരുത്താനോ നല്ല രീതിയില്‍ സിനിമ എക്സിക്യൂട്ട് ചെയ്യാനോ സാധിക്കാതെ വരുന്നത്. സിനിമയില്‍ നടക്കുന്ന സാങ്കേതിക വിപ്ലവത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ കാര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല, അത് പക്ഷെ കഥയോടൊപ്പം വേണം താനും.
‘മാട്രിക്സ്‘ ആ ഒരു ട്രീറ്റ്മെന്റ് അല്ലായിരുന്നുവെങ്കില്‍ ആസ്വാദനത്തിനും പ്രേക്ഷകപ്രീതിക്കും തടസ്സമാകുമെന്നാണ് എന്റെ വിലയിരുത്തല്‍, എത്ര വലിയ ഗഹനമായ ഫിലോസഫിക്കല്‍ ആസ്പെക്റ്റ്സ് ഉണ്ടായാലും.

വി കെ പി പുനരധിവസം, ഫ്രീക്കി ചക്ര എന്നീ സിനിമകളില്‍ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം (എന്റെ മാത്രമാകാം) അദ്ദേഹം സിനിമയില്‍ തുടക്കക്കാരന്‍ തന്നെയാണ്. പ്രതിഭയും നല്ല സിനിമയും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിന്റെ മിന്നലാട്ടം അദ്ദേഹത്തില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നാണ് ഞാന്‍ മുന്‍പും ഇപ്പോഴും പറയുന്നത് അല്ലാതെ, എല്ലാ പ്രതിഭയും തെളിയിച്ചു കഴിഞ്ഞ വെല്‍ എസ്റ്റാബ്ലിഷ്ഡ് ഡയറക്ടര്‍ എന്നല്ല (പിന്നെ ഇതെല്ലാം പറയുന്നത് മലയാള മുഖ്യധാരാ സിനിമയുടെ ഉള്ളില്‍/ചുറ്റുവട്ടത്തു നിന്നുകൊണ്ടാണ് അതിന്റെ രീതിയില്‍ തന്നെവേണം ഈ അഭിപ്രായങ്ങളെ കാണാന്‍)
കാലത്തിനൊത്തു ചലിക്കുന്നതുകൂടിയാണ് സിനിമ അതുകൊണ്ട് അതാതു കാലങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. 500 ഫ്രെയിം സ്ലോമോഷന്‍ ഒരു സിനിമക്ക് ആവശ്യമെങ്കില്‍ അതുപയോഗിക്കുക തന്നെ വേണം. (കച്ചവട സിനിമ ആത്യന്തികമായി പ്രേക്ഷക പ്രീതികുവേണ്ടിയാണല്ലോ.)
ഇന്ത്യയിലെ മുഖ്യധാരാ സിനിമയില്‍ ആധുനിക ടെക്നൊളജി ഏറ്റവും ഒടുവിലാണ് മലയാള സിനിമയില്‍ എത്തുന്നതെന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ഇപ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പോലും അറിയാത്ത സംവിധായകരും എഴുത്തുകാരുമുള്ള ഫീല്‍ഡാണ് മലയാള സിനിമ. (ടെക്നോളജിയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ മലയാള സിനിമയില്‍ കാണിക്കുന്ന വിഡ്ഢിത്തങ്ങള്‍ ഓര്‍ക്കുക)
എനിവേ, മലയാള സിനിമയില്‍ ആധുനിക സങ്കേതങ്ങള്‍ കൊണ്ടുവരാന്‍ വി കെ പിയുടെ ആഗമനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. നല്ല പ്രതിഭയുള സംവിധായകനാണോ എന്ന് കാലം(കൂടി) തെളിയിക്കും
നല്ല വിലയിരുത്തലുകള്‍ക്ക് നന്ദി. ഇനിയും വിമര്‍ശനാത്മകമായ അഭിപ്രായങ്ങളുമായി വീണ്ടും വരുമെന്ന പ്രത്യാശീക്കുന്നു,

(യാത്രയിലായതുകൊണ്ടാണ് മറൂപടി എഴുതാന്‍ വൈകിയത്. ക്ഷമിക്കുമല്ലോ)

സ്വപ്നാടകന്‍ said...

അതെ..കഥയോടൊപ്പം വേണമെന്നുതന്നെയെ ഞാനും പറഞ്ഞുള്ളൂ..അല്ലാതെ ഒരു കാമ്പുമില്ലാത്ത സിനിമയില്‍ ഇങ്ങനെ സാങ്കേതിക ലീലാവിലാസങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ലെന്ന്.മാട്രിക്സില്‍ അത്തരം ട്രീട്മെന്റ്റ് അര്‍ഹിക്കാനുള്ള വകുപ്പുണ്ടായിരുന്നു.പിന്നെ മലയാളത്തില്‍ മികച്ച കഥകളുണ്ടായിട്ടും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കാതെ വരുന്നതിനു കാരണം സാങ്കേതികമായി പിന്നാക്കം നില്‍ക്കുന്നതുകൊണ്ടാണെന്നു അധികം പേര്‍ക്കും അഭിപ്രായമുണ്ടായിരിക്കാന്‍ വഴിയില്ല.500 ഫ്രെയിം സ്ലോമോഷന്‍, കഥ ആവശ്യപ്പെട്ടതുകൊണ്ട് ചെയ്തതൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം.അതെ,കാലം തെളിയിക്കട്ടെ!(ഏകാന്തപഥികന്‍ എന്ന പേരില്‍ കമന്റിയതും ഞാന്‍ തന്നെയാണ്)

Roby said...

ജോണ്‍ സി റെയിലിയും ഡിയഗോ ലൂനയും ഒക്കെ അഭിനയിച്ച Criminal(2004) എന്ന ഹോളിവുഡ് പടത്തിന്റെ അതേ കഥയാണ് ഈ പടത്തിനും. അതും സീന്‍ ബൈ സീന്‍.

Criminal, Nueve reinas (2000) എന്നൊരു അര്‍ജന്റീനിയന്‍ ഫിലിമിന്റെ റീമേക്ക് ആയിരുന്നു.

ഗുലുമാലില്‍ ഇടയ്ക്ക് കോട്ടയം നസീര്‍ വരുന്ന രംഗം പണ്ടത്തെ The Sting (1973)-ല്‍ നിന്നുള്ളതാണ്.

സ്വപ്നാടകന്‍ said...

കോട്ടയം നസീര്‍ വരുന്ന ആ സീന്‍ മറ്റൊരു പഴയ മലയാളം പടത്തില്‍ക്കൂടി ഉണ്ട്..ശ്രീനിവാസനും ജഗതിയും അഭിനയിച്ച പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു എന്ന ചിത്രത്തില്‍..അതും ഇതുപോലത്തെ തട്ടിപ്പുജീവിതത്തിന്റെ കഥയാണു..ഇതേ കഥയാണോന്നറിയില്ല,സീന്‍ ചാനെലില്‍ കണ്ടതാ..