Saturday, January 16, 2010

മലയാള സിനിമ എത്തിനില്‍ക്കുന്നത്

മലയാള സിനിമ 2009 കഴിഞ്ഞ് 2010ലേക്കെത്തി. തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം 75 സിനിമകളിറങ്ങിയതില്‍ മൂന്നെണ്ണം സൂപ്പര്‍ഹിറ്റ്, നാലോളം ആവറേജ് വിജയം. ഭൂരിഭാഗവും പരാജയങ്ങള്‍. എന്തായിരിക്കും കാരണം? പ്രേക്ഷകനിരാസം? എങ്കില്‍ എങ്ങിനെ എന്തുകൊണ്ട്?

മലയാള സിനിമയെപ്പറ്റി പ്രേക്ഷകന്‍ ആകുലപ്പെടുന്നത്ര ഒരു മലയാള സിനിമാ പ്രവര്‍ത്തകനും ആകുലപ്പെടുന്നുണ്ടാവില്ല. എങ്കില്‍ വര്‍ഷാ വര്‍ഷം ചര്‍വ്വിതചര്‍വ്വണങ്ങള്‍ ഇങ്ങിനെ പ്രേക്ഷകന്റെ മുഖത്തേക്ക് തുപ്പില്ലായിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ‘ഋതു, കേരള കഫേ, പാലേരിമാണിക്യം, പാസഞ്ചര്‍’ തുടങ്ങിയ ചിത്രങ്ങള്‍ കമേര്‍സ്യല്‍ പാതയില്‍ വ്യത്യസ്ഥപാതയില്‍ വന്ന പ്രമേയങ്ങളാണ്. അവാര്‍ഡ് സിനിമ എന്ന മുന്‍ വിധി ആദ്യ മൂന്നു ചിത്രങ്ങളേയും സാമ്പത്തിക വിജയത്തില്‍ നിന്നും അകറ്റി. വ്യത്യസ്ഥ ട്രീറ്റ് മെന്റും, താരങ്ങളേക്കാള്‍ കഥയും കഥാപാത്രങ്ങളും മേല്‍കൈ കൊണ്ടതും ‘പാസഞ്ചര്‍’ എന്ന ചിത്രത്തെ അത്ഭുത വിജയത്തിലേക്കെത്തിച്ചു. പതിനാലോളം നവാഗത പ്രതിഭകള്‍ കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിട്ടും പലര്‍ക്കും തന്റെ പേര് പതിപ്പിക്കാനായില്ല. അങ്ങിനെ ആലോചിച്ചു നോക്കുമ്പോള്‍ മലയാള സിനിമ മുന്നോട്ടോ പിന്നോട്ടോ?

അല്പം ഹോളിവുഡ്...
2154 ല്‍ നടക്കുന്ന ഒരു സംഭവം എന്ന രീതിയില്‍ വന്ന സയന്‍സ് ഫിക്ഷന്‍ ആയിരുന്നു ‘അവതാര്‍‘ എന്ന ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം. 2129 ല്‍ കണ്ടുപിടിച്ച പോളിഹിമിസ് എന്ന ആകാശഗംഗയിലെ പന്ദോര എന്ന ഉപഗ്രഹത്തില്‍ ഉള്ള നിരവധി ധാതുലവണങ്ങളും മറ്റു സംഗതികളും ഉണ്ടെന്ന് മനുഷ്യന്‍ പഠിച്ചെടുക്കുകയും ഈ നാവികളെ കുറിച്ചും ,മറ്റുസ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും വന സമ്പത്തും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു .......

ഈ സയന്‍സ് ഫിക്ഷന്‍ സിനിമയെ അതര്‍ഹിക്കുന്ന ടെക്നോളജി ഉപയോഗിച്ച് (അനിമേഷനും മറ്റും) അതിന്റെ അങ്ങേയറ്റത്തെ പെര്‍ഫക്ഷന്‍ നിലയില്‍ ‘അവതാര്‍’ എന്ന ചിത്രം അവതരിപ്പികുന്നു; അതും ത്രീ ഡി ഫോര്‍മാറ്റില്‍. മലയാളത്തില്‍ കാണിച്ചിരുന്ന ഫോഴ്സ് പേര്‍സ്ഫെക്റ്റീവ് തരത്തിലല്ല. സിനിമക്കുള്ളിലേക്ക് പ്രേക്ഷകന്‍ പ്രവേശിക്കുന്ന അനുഭവമുണ്ടാക്കുന്ന മനോഹര ദൃശ്യാനുഭവത്തിലൂടെയാണ് ഈ ചിത്രം.


അല്പം ബോളി വുഡ്
“പാ” എന്ന ചിത്രം അതിന്റെ വ്യത്യസ്ഥതകൊണ്ട് ശ്രദ്ധ നേടിയതാണ്. കാരണം അതിലഭിനയിച്ചിരിക്കുന്നത് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ആണെന്നതുകൊണ്ടല്ല. അച്ഛന്‍ അമിതാഭ് മകന്‍ അഭിഷേകിന്റെ ‘മകന്‍’ ആയി ഈ സിനിമയില്‍ അഭിനയിക്കുന്നു എന്നതുകൊണ്ടാണ്. ഹിന്ദി സിനിമയില്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള അമിതാഭ് വ്യത്യസ്ഥമായ മേക്കപ്പിലൂടെയും പെര്‍ഫോര്‍മന്‍സിലൂടെയും മകനാകുന്നു ഈ സിനിമയില്‍. ഇതില്‍ ഗ്ലാമര്‍, എലഗന്റ്, ക്ലാസ്സിക്ക് എന്നീ പദങ്ങളോടെ വിശേഷിക്കാറുള്ള അമിതാഭ് ബച്ചന്‍ ഇല്ല, പകരം രോഗബാധിതനായ വിചിത്രരൂപമുള്ള അഭിതാബ് ആണ് ഉള്ളത്.

ലോക സിനിമയും, പഴയ ഗോസായി സിനിമ എന്ന ലേബലില്‍ നിന്നു മാറി ഹിന്ദി സിനിമയും, കുചേലന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ സിനിമയെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുബ്രഹ്മണ്യപുരമെന്ന തമിഴ് സിനിമയുമൊക്കെ മാറ്റത്തിന്റെ കാഹളമൂതി 2010ലേക്ക് വരുമ്പോള്‍ മലയാള സിനിമ 32 വര്‍ഷം പുറകിലേക്ക് പോയി ഒരു ‘ഒണക്കത്താമരയും‘, ജീവിതത്തിലെ അച്ഛനേയും മകനേയും സിനിമയിലും അച്ഛനും മകനുമായി ‘പരീക്ഷണം’ നടത്തുകയും, പണ്ട് 90കളില്‍ മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി യഥാക്രമം തിലകനും കവിയൂര്‍ പൊന്നമ്മയും അഭിനയിച്ചത് പ്രേക്ഷകന്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതുകൊണ്ട് വീണ്ടും വീണ്ടും അളിഞ്ഞു തുടങ്ങിയ ആ നൊസ്റ്റാള്‍ജിക്കിനെ സൂപ്പര്‍ താരത്തിന്റെ ഇരുവശത്തും നിര്‍ത്തി ഇവിടം സ്വര്‍ഗ്ഗമാക്കാന്‍ വരുന്നത്.... (എന്തൊരു മുന്നേറ്റം!!)

ലോകസിനിമയും ഇന്ത്യയിലെ ഇതര ഭാഷാ സിനിമയും പരീക്ഷണങ്ങളിലൂടെ മുന്നേറുമ്പോളാണ് മലയാള സിനിമ കാലത്തിന്റെ പുറകിലേക്ക് പോകുന്നത് എന്നോര്‍ക്കണം. 75 സിനിമകളില്‍ 70 സിനിമയും പ്രേക്ഷകന്‍ തള്ളിക്കളഞ്ഞെങ്കില്‍...അതിനെന്തിന് പ്രേക്ഷകനെ കുറ്റം പറയണം?

12 comments:

NANZ said...

ലോകസിനിമയും ഇന്ത്യയിലെ ഇതര ഭാഷാ സിനിമയും പരീക്ഷണങ്ങളിലൂടെ മുന്നേറുമ്പോളാണ് മലയാള സിനിമ കാലത്തിന്റെ പുറകിലേക്ക് പോകുന്നത് എന്നോര്‍ക്കണം. 75 സിനിമകളില്‍ 70 സിനിമയും പ്രേക്ഷകന്‍ തള്ളിക്കളഞ്ഞെങ്കില്‍...അതിനെന്തിന് പ്രേക്ഷകനെ കുറ്റം പറയണം?

നന്ദന said...

വളരേ നന്നായി മലയാള സിനിമയെ വിലയിരുത്തി
മലയാളിക്കു അതൊക്കെ മതി.
അവശ്യക്കാരന്റെ ആവശ്യത്തിനാണ് ഉല്പന്നങൽ നന്നാവുന്നതും ചീത്തയാവുന്നതും.

പുള്ളിപ്പുലി said...

മലയാള സിനിമയുടെ ഈ അവസ്ഥക്ക് ഈ വ്യവസായത്തിന്റെ രക്ഷകർ എന്ന് പറയുന്നവരെ ആദ്യം തല്ലികൊല്ലണം എന്നാലെ സിനിമ രക്ഷപെടുകയുള്ളൂ

MOM said...

പുതിയ ആളുകള്‍ക്ക് അവസരങ്ങളില്ല, എന്ന് ഇനിയാരും പറയരുത് അല്ലേ. ബോധമില്ലാത്ത ‘പ്രൊഡൂസര്‍മാര്‍’ തന്നെയാണ് വില്ലന്മാര്‍.
പണം ഒരു ചാക്കില്‍ കെട്ടി, സിനിമയ്ക്ക് വേണ്ടി മുടക്കുന്നവനാണ് പ്രൊഡ്യൂസര്‍ എന്ന നില മാറി, പുറത്തേതുപോലെ പണം മുടക്കുന്ന ഫിനാന്‍ഷ്യര്‍ വേറെ, പ്രൊഡ്യൂസര്‍ വേറെ എന്ന നില വന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.

നന്ദകുമാര്‍ said...

“മലയാള സിനിമയെപ്പറ്റി പ്രേക്ഷകന്‍ ആകുലപ്പെടുന്നത്ര ഒരു മലയാള സിനിമാ പ്രവര്‍ത്തകനും ആകുലപ്പെടുന്നുണ്ടാവില്ല. എങ്കില്‍ വര്‍ഷാ വര്‍ഷം ചര്‍വ്വിതചര്‍വ്വണങ്ങള്‍ ഇങ്ങിനെ പ്രേക്ഷകന്റെ മുഖത്തേക്ക് തുപ്പില്ലായിരുന്നു.“

അതിനടിയില്‍ സൈന്‍ ചെയ്യുന്നു :)

നൊമാദ് | ans said...

മലയാള സിനിമ മാങ്ങാത്തൊലിയാണ്. അത് കാണാന്‍ പോകുന്ന സമയം കൊണ്ട് വേറെ എന്തൊക്കെ ചെയ്യാം.

anyways
ഇങ്ങനെ ചിന്തിക്കുന്ന കുറെ പേരെങ്കിലും ബാക്കിയുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസം

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മലയാള സിനിമ കാണുന്നതല്ല എന്ന തീരുമാനം വര്‍ഷങ്ങള്‍ക്ക് മുന്പ് എടുത്തത് എത്ര നന്നായി! :)

ശ്രീ said...

:)

റ്റോംസ് കോനുമഠം said...

ഹും..ഇഷ്ടായി.ഒരുപാട്..

www.tomskonumadam.blogspot.com

sherlock said...

മനസംതൃപ്തിയോടെ തിയേറ്ററില്‍ നിന്നിറങ്ങിയത് ആകെ രണ്ടു തവണ 2012 ഉം അവതാറും

പൊട്ട സ്ലേറ്റ്‌ said...

ഈ കുറിപ്പിന്റെ ആദ്യ ഭാഗത്തോട് യോജിക്കുമ്പോള്‍ തന്നെ ഈ നിരീക്ഷണം പൂര്‍ണമല്ല എന്ന് പറയട്ടെ. കൊള്ളില്ലാത്ത സിനിമകളെ തള്ളികളയുന്നു എന്ന് പറയുന്ന മലയാളി നല്ല സിനിമകളെ വിജയിപ്പിക്കുന്നുണ്ടോ ?.

"തലപ്പാവ്", കയ്യൊപ്പ്", "പകല്‍ നക്ഷത്രങ്ങള്‍", "തിരക്കഥ" തുടങ്ങിയ ശരാശരിക്കു മുകളില്‍ ഉള്ള ചിത്രങ്ങളൊന്നും എന്ത് കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ തല്ലിപ്പൊളി പടങ്ങളുടെ പകുതി പോലും കളക്ഷന്‍ നേടിയില്ല?. "കേരള കഫെ", എന്ന സിനിമ എത്ര നാള്‍ ഓടി?.

നല്ല ശ്രമങ്ങളെ പ്രേക്ഷകന്‍ പ്രോത്സഹിപ്പിക്കതിടത്തോളം നിരമാതാക്കള്‍ ആ വഴി പോകാന്‍ മടിക്കും.

ആത്യന്തികമായി സിനിമ കാശ് കൊടുത്ഹു കാണുന്ന പ്രേക്ഷകരാണ് സിനിമയുടെ ഗതി നിര്‍ണയിക്കുന്നത്.