Thursday, April 22, 2010
ആറ് ബി-യിലെ ടി.ഡി ദാസനുള്ള കത്തുകള്‍
ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് ആറ് ബി മലയാളത്തിലിന്നേവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായ കലാ സൃഷ്ടിയൊന്നുമല്ല. പക്ഷെ, 2010ല്‍ ഇറങ്ങിയ മലയാള സിനിമയിലെ ഒരേയൊരു നല്ല സിനിമയാണ്. പുതുമയാര്‍ന്ന പ്രമേയം കൊണ്ടും ഔചിത്യമാര്‍ന്ന തിരക്കഥകൊണ്ടും അമാനുഷികമല്ലാത്ത കഥാപാത്ര സൃഷ്ടികൊണ്ടും അതിനിണങ്ങുന്ന അഭിനേതാക്കളേക്കൊണ്ടും നിര്‍മ്മിക്കപ്പെട്ട; നന്മയിലും സ്നേഹത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, അതിനെ പൂര്‍ത്തീകരിക്കുന്ന ഒരു നല്ല സിനിമ.
തൊട്ടടുത്ത കഥാപാത്രത്തോട് പോലും അലറിവിളിച്ചും അണ്ടര്‍വെയര്‍ കാണിച്ചുകൊണ്ടും ആറിലധികം ഭീമന്മാരെ ഒരൊറ്റയിടിയാല്‍ പറത്തിവിട്ടും നായികയുമൊത്ത് മൌറീഷ്യസിലും മലേഷ്യയിലും ആടിപ്പാടുന്ന സ്വത്വം നഷ്ടപ്പെട്ട, ആത്മാവില്ലാത്ത സമകാലീന മലയാള സിനിമയില്‍; വേനലിലെ കുളിര്‍മഴപോലെ അല്ലെങ്കില്‍ പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ആത്മാവും ജീവനും ഊര്‍ജ്ജവുമായി മോഹന്‍ രാഘവനെന്ന ഫിലിം ഇന്‍സ്റ്റിട്യൂട്ട് സന്തതി മലയാളിക്കുവേണ്ടി സ്നേഹത്തിന്റേയും സ്നേഹ നിരാസത്തിന്റെയും, പ്രകൃതി പരിചരണത്തിന്റേയും ചൂഷണത്തിന്റേയുമൊക്കെ ഒരു കഥ പറഞ്ഞു തന്നിരിക്കുകയാണ്. അതും സൂപ്പര്‍ സ്റ്റാറുകളുടെ എന്നല്ല വലിയ പോപ്പുലാരിറ്റി പോലുമില്ലാത്ത താരങ്ങളെ വെച്ചും പുതിയ കുട്ടികളെ ഉപയോഗിച്ചും.
കഥാസാരം
ബാംഗ്ലൂരില്‍ ആഡ് ഫിലിം മേക്കറായ നന്ദകുമാറിന്റെ വീട്ടിലേക്ക് ദിവാകരന് എന്ന മേല്‍ വിലാസത്തില്‍ ഒരു കത്തു വരുന്നു. യാദൃശ്ചിയാ ആ കത്തു വായിച്ച് നന്ദകുമാര്‍ അതിലെ അച്ഛന് നഷ്ടപ്പെട്ട ഒരു കുഞ്ഞു മനസ്സിന്റെ വേദന മനസ്സിലാക്കുന്നു. ദിവാകരനെ അന്വേഷിച്ച് കത്തേല്‍പ്പിക്കുവാന്‍ കാര്യസ്ഥനെ ഏല്‍പ്പിച്ചെങ്കിലും കാര്യസ്ഥന് അത് ചവറ്റുകൊട്ടയില്‍ എറിയുന്നു, അമ്മയെ വേര്‍പിരിഞ്ഞ് അച്ഛനൊപ്പം താമസികുന്ന നന്ദകുമാറിന്റെ മകള്‍ അമ്മു ആ കത്ത് വായിച്ച് ടി.ഡി ദാസന് എന്ന കുട്ടിക്ക് മറുപടി എഴുതി തുടങ്ങുന്നു; അവന്റെ അച്ഛനായി. ആ കത്തിലെ വരികള്‍ ഹോണ്ട് ചെയ്ത നന്ദകുമാര്‍ അതിലൊരു സിനിമാ സാദ്ധ്യത കാണുകയും അതിന്റെ സ്റ്റോറി ഡിസ്കഷന് തുടങ്ങുകയും ചെയ്യുന്നു. പാലക്കാട് ചിറ്റൂര്‍ എന്ന ഗ്രാമത്തിലെ ടി ഡി ദാസന്, എപ്പോഴും ദ്വേഷ്യപ്പെടുന്ന തന്റെ അമ്മയറിയാതെ ആ കത്തുകളെ നിധിപോലെ സൂക്ഷിക്കുന്നു. സ്കൂളിലെ കൂട്ടുകാരന്റെ ‘തന്തയില്ലാത്തവനെ’ എന്ന വിളിക്ക് ഈ കത്തുകൊണ്ടൊരു മറുപടി കൊടുക്കണം എന്നതാണ് ദാസന് അച്ഛന് കത്തെഴുതുന്നതിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്.തീപ്പെട്ടിക്കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മക്കൊപ്പവും ദാസനോട് അധിക വാത്സല്യമുള്ള മുത്തശ്ശിക്കൊപ്പം ദരിദ്രമായ കൊച്ചു വീട്ടിലാണ് ദാസന്റെ താമസം. ഗ്രാമത്തിലെ വേലകളും, പുഴയിലെ കുളിയും കളികളും മലമുകളിലിരുന്നു ഗ്രാമത്തിന്റെ വിശാലതയേയും, ഗ്രാമത്തിന്റെ പച്ചപ്പിനെ കീറിമുറിച്ചുപോകുന്ന തീവണ്ടിയേയും വീക്ഷിച്ചാണ് അവന്റെ ജീവിതചക്രം തിരിയുന്നത്. അതിനിടയിലാണ് അച്ഛന്റെ മറുപടികളും സമ്മാനങ്ങളും. ഇതോടൊപ്പമാണ് ദാസന്റെ ഗ്രാമത്തില്‍ കോള കമ്പനിക്കെതിരെയുള്ള സമരവും മറ്റും. ദാസന്റെ കത്തുകളും അമ്മുവിന്റെ ‘അച്ഛനാ’യുള്ള മറുപടികളും മുന്നോട്ട് നീങ്ങവേ ദാസന് ഒരാഗ്രഹം പറയുന്നു, ‘ഈ വരുന്ന വെക്കേഷന് അച്ഛനെ കാണാന്‍ ഞാന്‍ ബാംഗ്ലൂര്‍ക്ക് വരട്ടെ’ എന്ന്. സിനിമ അവിടന്നങ്ങോട്ട് വൈകാരികമായ തലങ്ങളിലേക്ക്.
മുഖ്യകഥാപാത്രമായ ദാസനെ അവതരിപ്പിച്ച അലക്സാണ്ടര്‍ അസാമാന്യമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്ന നിര്‍ദ്ധനകുടുംബാംഗമായ ദാസനേയും അവന്റെ വികാരങ്ങളേയും രൂപം കൊണ്ടും ഭാവം കൊണ്ടും അലക്സാണ്ടര്‍ തെളിമയുള്ളതാക്കി. (അവന്റെ മൌനത്തിനുപോലുമുണ്ട് നാനാര്‍ത്ഥങ്ങള്‍) ദാസനൊപ്പം അമ്മുവായി അഭിനയിച്ച ടീന റോസും നന്നായി. ദാസന്റെ അമ്മയായി വന്ന ശ്വേതാ മേനോന് നന്നായിത്തന്നെ അഭിനയിച്ചെങ്കിലും അവരുടെ മുന്‍ കാല ചിത്രങ്ങളുടെ പ്രകടനത്തിലേക്ക് ഉയരുന്നില്ല എന്നു മാത്രമല്ല, അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് വളരെ നല്ലൊരു സാദ്ധ്യതയുമുണ്ടായിരുന്നു ഈ കഥാപാത്രത്തിന്. എടുത്തു പറയേണ്ട രണ്ടു പെര്‍ഫോര്‍മന്‍സ് ദാസന്റെ മുത്തശ്ശിയായി വരുന്ന വത്സലാമേനോന്റേയും, സ്ക്കൂള് അദ്ധ്യാപകനായ മാള അരവിന്ദന്റേയും, ദാസന്റെ കൂട്ടുകാരന് തോമാസുകുട്ടിയായി അഭിനയിച്ച തടിയന് കുട്ടിയു (ആ കുട്ടിയുടെ പേര് അറിയില്ല) ടേതുമാണ്. ദാസന്റെ അച്ഛന്റെ കൂട്ടുകാരനായെത്തിയ സുരേഷ് കൃഷ്ണയുടെ അഭിനയം ആകാരം കൊണ്ടും മിതത്വമാര്‍ന്ന ശൈലി കൊണ്ടും നന്നായി. ഏറെ സാദ്ധ്യതകളുണ്ടായിരുന്നിട്ടും അതിന്റെ വൈകാരിക ഭാവങ്ങളുടെ ഏറ്റക്കുറച്ചിലുകളിലേക്ക് വരാതിരുന്ന ബിജുമേനോന്റെ അഭിനയം അതുകൊണ്ട് തന്നെ ഉള്ളില്‍ തട്ടിയില്ല (ബിജുമേനോന് മോശമായി എന്നല്ല, പക്ഷെ നല്ല സാദ്ധ്യകളുണ്ടായിരുന്ന പല ഭാഗങ്ങളും അദ്ദേഹം വേണ്ടവിധം ഉപയോഗിച്ചില്ല) ശ്രുതി മേനോന്, ജഗതി എന്നിവരുടെ കഥാപാത്രങ്ങളും അഭിനയവും അത്ര നന്നായില്ല എന്നുമാത്രമല്ല ചിത്രത്തിന് ആവശ്യമാണെന്നു പോലും തോന്നിയില്ല. പക്ഷെ ഇടക്കു വന്നു പോകുന്ന ചില കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വളരെ നന്നായി (ദാസനും തോമസുകുട്ടിയും വഴിയില്‍ വഴക്കു കൂടുമ്പോള്‍ പനചെത്തുകാരന്‍ അവരെ വഴക്കു പറഞ്ഞു ഓടിക്കുന്നത്)
ടി.ഡി ദാസന്റെ കഥയും തിര നാടകവും അതിന്റെ ആവിഷ്കാരവും എടൂത്തു പറയേണ്ടതാണ്. അധികം പരത്തിപറഞ്ഞു പോകാതെ മുഖ്യപ്രമേയത്തിലേക്ക് കോണ്‍സെണ്ട്രേറ്റ് ചെയ്ത തിരക്കഥ അടക്കവും ഔചിത്യവും കൊണ്ട് മികച്ചു നിന്നു, സാമൂഹ്യപ്രശ്നങ്ങള്‍ മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം നിര്‍ത്തിക്കൊണ്ട് സിനിമയില്‍ മുഴച്ചു നില്‍ക്കാതെ അവതരിപ്പിക്കാനുമായി. അതുപോലെ മുഖ്യപ്രമേയത്തിനോട് ചേരാത്ത നന്ദകുമാറിന്റെ സിനിമാ കഥാ ചര്‍ച്ച 35 എം എം ഫോര്‍മാറ്റില്‍ ട്രീറ്റ് ചെയ്തതും കൌതുകവും ഭംഗിയുള്ളതുമായി. ശ്രീവത്സന്‍ ജെ മേനോന്റെ സംഗീത സംവിധാനം എടുത്തു പറയേണ്ടതാണ്. അരുണ്‍ വര്‍മ്മയുടെ കാമറയും വിനോദ് സുകുമാരന്റെ എഡിറ്റിങ്ങും ചിത്രത്തിനോട് ചേര്‍ന്നു നില്ക്കുന്നു. മോഹന്‍ രാഘവന് എന്ന സംവിധായകന്റെ പ്രതിഭയുടെ കയ്യൊപ്പു തന്നെയാണ് ഈ പുതുമകള്‍. ആദ്യ സിനിമയില്‍ തന്നെ തന്റെ കയ്യൊപ്പു ചാര്‍ത്താനായതില്‍ സംവിധായകന് ഏറെ അഭിമാനിക്കാം.
എങ്കിലും...
പാലക്കാട് ചിറ്റൂര്‍ എന്ന ഗ്രാമം കഥയില്‍ എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് പാലക്കാടന്‍ ഭാഷ കൊണ്ടു വരാന്‍ തിരക്കഥാകൃത്തിനും സംവിധായകനുമായില്ല. (വത്സലാമേനോനും മാള അരവിന്ദനുമാണ് ഗ്രാമ്യ ഭാഷ പലപ്പോഴും പറയുന്നത്, അത് പക്ഷേ തൃശ്ശൂര്‍ സ്ലാങ്ങിനോട് ചേര്‍ന്നു നില്ക്കുന്നു. ശ്വേതയുടെ കഥാപാത്രം പലപ്പോഴും ഗ്രാമ്യ ഭാഷ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അത് കൈമോശം വരുന്നു.) ജഗതിയുടെ സംഭാഷണങ്ങള്‍ മുഖ്യധാരാസിനിമയിലെ സ്ഥിരം പാറ്റേണ്‍ ആണ്. ഇതൊക്കെ പറയാന്‍ കാരണം ചിറ്റൂര്‍ എന്നൊരു ഗ്രാമത്തെ കഥയില്‍/സിനിമയില്‍ വ്യക്തമായി എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട് എന്നുള്ളതുകൊണ്ടാണ്. ഗ്രാമത്തിന്റെ പുരാവൃത്തങ്ങള്‍, വിശ്വാസം, ലാന്‍ഡ് സ്കേപ്പ്, ഗ്രാമ ജീവിതങ്ങള്‍ ഇതൊക്കെ വരുമ്പോള്‍ ഭാഷക്കും തികച്ചും പ്രാധാന്യമുണ്ട്.
അതുപോലെ സിനിമയിലെ സീനുകളില്‍ നിന്ന് സീനുകളിലേക്കുള്ള വളര്‍ച്ചയില്‍ സമയം-ദിവസം എന്നിവയുടെ വ്യത്യാസങ്ങളെ/മാറ്റങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാനോ (അതിനിടയില്‍ ഫില്ലര്‍ ഫ്രെയിംസ് ഉപയോഗിക്കാനോ) സംവിധായകന് ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു ‘ജമ്പ്’ ഫീല്‍ ചെയ്യുന്നു. (ഒരു ഉദാഹരണം പറയാം. ശ്രുതി മേനോന്റെ കഥാപത്രം സിനിമയില്‍ വന്ന് അടുപ്പിച്ചുള്ള മൂന്നാമത്തെ സീനില്‍ അവരുടെ അമ്മയോട് പറയുന്നു.” അമ്മ ടെന്‍ഷന്‍ അടിക്കണ്ട, ഞാന്‍ വന്നിട്ട് രണ്ടു മാസമല്ലേ ആയുള്ളു” എന്ന്. ഈ രണ്ടു മാസത്തെ ദൈര്‍ഘ്യം കാണിക്കാന്‍/പറയാന്‍ സംവിധായകന് ശ്രമിക്കാത്തത് പ്രേക്ഷകനു കണ്‍ഫ്യ്യൂഷനുണ്ടാക്കുന്നു)
ടി ഡി ദാസന് ഒരു പുതിയ സംവിധായകന്റെ ആദ്യ സിനിമയാണ്. അതുകൊണ്ട് തന്നെ കൈകുറ്റപ്പാടുകള്‍ അനേകമായുണ്ട്. അത് പക്ഷെ പൊറുക്കാവുന്നതാണ് (25 വര്‍ഷമായി അമ്പതോളം സിനിമകള്‍ ചെയ്തിട്ടും ഇനിയും നല്ലൊരു സിനിമ ക്രെഡിറ്റിലില്ലാത്ത സ്റ്റാര്‍ ഡയറക്റ്റേഴ്സ്, 20 വര്‍ഷം കഴിയുമ്പോള്‍ ന്യൂമറോളജി പ്രകാരം പേരിന്റെ സ്പെല്ലിങ്ങ് മാറ്റുന്നവര്‍, കഴിഞ്ഞ 10 വര്‍ഷമായി അച്ചിലിട്ട് വാര്‍ത്ത ഒരേ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതുന്നവരും അതിനു വേഷം കെട്ടുന്ന സൂപ്പര്‍ സ്റ്റാര്‍സുമുള്ള ഈ മലയാള സിനിമയില്‍ പുതു സംവിധായകന്റെ ആദ്യ സിനിമയുടെ പോരായ്മകള്‍ ഒരു വിഷയമേ അല്ല എന്നുള്ളതാണ് സത്യം) എങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കാതെ, ഇടക്ക് നന്മയുടെ രൂപങ്ങളെ മുന്നില്‍ കണ്ട് കണ്ണീരിന്റെ ഉറവയെ ഉണര്‍ത്തിയും, ശാന്തമായും സ്വച്ഛന്ദമായും ടി ഡി ദാസന് കണ്ട് പുറത്തിറങ്ങുമ്പോള്‍ ഏറെക്കാലത്തിനു ശേഷം സംതൃപ്തി തന്ന ഒരു മലയാള സിനിമയാണിതെന്ന് മനസ്സ് ഉറപ്പിച്ചു പറയുന്നു.
തികഞ്ഞ കാഴ്ച്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ സിനിമയാണ് ടി.ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് 6 ബി. നന്മയും സ്നേഹവും അടിയൊഴുക്കായുള്ള, സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ക്ക് കണ്ണടക്കാതെ പ്രധാന കഥക്കൊപ്പം എന്നാല്‍ തെല്ലും അലോസരപ്പെടൂത്താതെ അതിനെ വിമര്‍ശികാനുള്ള ഔചിത്യവും, കഥയുടെ ‘ധാരാളിത്ത’ത്തിനു വേണ്ടിയും കൊമേഴ്സ്യലിസത്തിനുവേണ്ടിയും പാട്ടുകളും ആട്ടവും കുത്തിനിറക്കാതെ, കോമാളിത്താരങ്ങളെ വേഷം കെട്ടിച്ചിറക്കാതെ ഏതൊരു കേരള ഗ്രാമീണന്റെ ജീവിതത്തില്‍ നിന്ന് ഒരേട് ചീന്തിയെടുത്തതാണ് ടി. ഡി. ദാസന്.
പിന് കുറിപ്പ് : പഴയൊരു മലയാള സിനിമാപരസ്യത്തിലെ വാചകം കടമെടുത്തു പറഞ്ഞാല്‍ ‘ ഈ സിനിമ കണ്ടില്ല്ലെങ്കില്‍ മലയാളത്തില്‍ 2010 ഇതുവരെ ഇറങ്ങിയ നല്ലൊരു സിനിമ നിങ്ങള്‍ കണ്ടിട്ടില്ല’
Subscribe to:
Post Comments (Atom)
21 comments:
ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് ആറ് ബി മലയാളത്തിലിന്നേവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായ കലാ സൃഷ്ടിയൊന്നുമല്ല. പക്ഷെ, 2010ല്‍ ഇറങ്ങിയ മലയാള സിനിമയിലെ ഒരേയൊരു നല്ല സിനിമയാണ്. പുതുമയാര്‍ന്ന പ്രമേയം കൊണ്ടും ഔചിത്യമാര്‍ന്ന തിരക്കഥകൊണ്ടും അമാനുഷികമല്ലാത്ത കഥാപാത്ര സൃഷ്ടികൊണ്ടും അതിനിണങ്ങുന്ന അഭിനേതാക്കളേക്കൊണ്ടും നിര്‍മ്മിക്കപ്പെട്ട; നന്മയിലും സ്നേഹത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, അതിനെ പൂര്‍ത്തീകരിക്കുന്ന ഒരു നല്ല സിനിമ.
ചിറ്റൂരിലെ ഭാഷയുടെ കാര്യം, സിനിമയിലെ സമയം പ്രേക്ഷകനു ഫീല്‍ ചെയ്യിക്കുന്നതിലെ പരിമിതി (ശ്രുതിയുടെ കാര്യം പറഞ്ഞത്; രണ്ടു മാസമായി ദാസനും അമ്മുവും തമ്മില്‍ പരിചയമായിട്ട് എന്ന കാര്യം പറയുവാനാണ്. അപ്പോള്‍ പിന്നെ അതിന് ആഴമുണ്ടാക്കുക എന്നു പറയുമ്പോള്‍ അല്പം തല കാര്യമായി പുകയ്ക്കേണ്ടി വരും. കാര്യമായ പ്രാധാന്യം ശ്രുതിക്ക് കഥയിലില്ല എന്നതു കൂടി കണക്കിലെടുക്കണം.), നവസംവിധായകന്റെ കൈ കുറ്റപ്പാടുകള്‍ ഇവയോടൊക്കെ യോജിക്കുന്നു. അതേ സമയം തന്നെ ഈ പോരായ്മകള്‍ ഒരു വിഷയമേ അല്ല എന്നുള്ളതാണ് പരമമായ സത്യം! :-)
ചെറിയൊരു തിരുത്ത്: “2010ല്‍ ഇറങ്ങിയ മലയാള സിനിമയിലെ ഒരേയൊരു നല്ല സിനിമയാണ്.” - ‘ഇതുവരെ ഇറങ്ങിയ’ എന്നു പറയാം. അത്രയ്ക്ക് പ്രതീക്ഷയറ്റവരാവണോ? :-) ഇനി എങ്ങാനും ഈ വാചകം ശരിയായാല്‍ അത് NANZ-ന്റെ നാവില്‍ ഗുളികന് കയറിയതു തന്നെ! (സൂരജും ഉമേഷുമൊന്നും കാണണ്ട...)
“തൊട്ടടുത്ത കഥാപാത്രത്തോട് പോലും അലറിവിളിച്ചും അണ്ടര്‍വെയര്‍ കാണിച്ചുകൊണ്ടും ആറിലധികം ഭീമന്മാരെ ഒരൊറ്റയിടിയാല്‍ പറത്തിവിട്ടും നായികയുമൊത്ത് മൌറീഷ്യസിലും മലേഷ്യയിലും ആടിപ്പാടുന്ന സ്വത്വം നഷ്ടപ്പെട്ട, ആത്മാവില്ലാത്ത സമകാലീന മലയാള സിനിമയില്‍ വേനലിലെ കുളിര്‍മഴപോലെ, പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ആത്മാവും ജീവനും ഊര്‍ജ്ജവുമായി മോഹന്‍ രാഘവനെന്ന ഫിലിം ഇന്‍സ്റ്റിട്യൂട്ട് സന്തതി മലയാളിക്കുവേണ്ടി സ്നേഹത്തിന്റേയും സ്നേഹ നിരാസത്തിന്റെയും, പ്രകൃതി പരിചരണത്തിന്റേയും ചൂഷണത്തിന്റേയുമൊക്കെ ഒരു കഥ പറഞ്ഞു തന്നിരിക്കുകയാണ്.” -
ഒറ്റ ശ്വാസത്തില്‍ പറയാമോ? ;-)
--
ഹരീ അഭിപ്രായത്തിനു നന്ദി,
സിനിമയുടെ മൊത്തം വിശകലനത്തിനു വേണ്ടിയുമാണ് എനിക്ക് ഫീല്‍ ചെയ്ത ആ പോരായ്മകള്‍ പറഞ്ഞത്.നല്ലൊരു സിനിമയാണെങ്കിലും നമുക്കു തോന്നിയ പോരായ്മകളും പറയണമല്ലോ (പറയാതിരിക്കാന്‍ നമ്മളൊന്നും ഫാന്സല്ലല്ലോ) :)
ഇതുവരെ ഇറങ്ങിയ - അത് തിരുത്തിയിട്ടുണ്ട് (എന്നാലും പുതുതായി വരുന്ന സംവിധായകരില്‍ ആണ് പ്രതീക്ഷ. സിനിമ കാണല്‍ നിര്‍ത്തിയാലോ എന്നു വരെ ആലോചിക്കുന്നു) :)
ഹോ!! ഒറ്റശ്വാസത്തില്‍ ടൈപ്പുചെയ്തെങ്കിലും പറഞ്ഞു നോക്കിയപ്പോ ഊപ്പാടെളകിപ്പോയി :) ഒരു കുത്തും കോമയും ഒരു വാക്കും ചേര്‍ത്ത് അവനെ സെക്കന്റ് ഗിയറിലാക്കിയുണ്ട്. :) :)
"25 വര്‍ഷമായി അമ്പതോളം സിനിമകള്‍ ചെയ്തിട്ടും ഇനിയും നല്ലൊരു സിനിമ ക്രെഡിറ്റിലില്ലാത്ത സ്റ്റാര്‍ ഡയറക്റ്റേഴ്സ്, 20 വര്‍ഷം കഴിയുമ്പോള്‍ ന്യൂമറോളജി പ്രകാരം പേരിന്റെ സ്പെല്ലിങ്ങ് മാറ്റുന്നവര്‍, കഴിഞ്ഞ 10 വര്‍ഷമായി അച്ചിലിട്ട് വാര്‍ത്ത ഒരേ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതുന്നവരും അതിനു വേഷം കെട്ടുന്ന സൂപ്പര്‍ സ്റ്റാര്‍സുമുള്ള ഈ മലയാള സിനിമയില്‍ പുതു സംവിധായകന്റെ ആദ്യ സിനിമയുടെ പോരായ്മകള്‍ ഒരു വിഷയമേ അല്ല എന്നുള്ളതാണ് സത്യം"
ഇവരൊക്കെ ഇതൊക്കെ ഒന്നു കണ്ടു പഠിക്കണം.
രാകേഷ്
തീര്‍ച്ചയായും, നവ സംവിധായകരിലും എഴുത്തുകാരിലുമാണ് ഇനി പ്രതീക്ഷ. ചന്തിയില്‍ തഴമ്പുള്ള പഴയ കാര്ന്നോന്മാര് സിനിമാ തറവാടിന്റെ നാലുകെട്ടിനുള്ളില്‍ ചാരുകസേരയിട്ട് വിശ്രമിക്കുന്നതാവും നല്ലത്.
അഭിപ്രായത്തിനു നന്ദി
അടുത്ത കാലത്തൊന്നും എല്ലാ റിവ്യുകളും,നിരുപകരും ഇത്രയേറെ പോസിറ്റീവായി പറഞ്ഞ മറ്റൊരു സിനിമയില്ല. പറഞ്ഞിട്ടെന്ത് കാര്യം, ഈ നല്ല സിനിമയുടെ ഗതിയെന്തായി. നല്ല സിനിമ വരുന്നില്ലന്ന് വിലപിക്കാനും,ചർച്ച നടത്താനും ,തമ്മിൽ തല്ലാനുമല്ലാതെ ഒന്നിനും കഴിവില്ലാത്ത നമ്മൾ മലയാളി പ്രേക്ഷകർക്കിപ്പോളുമിഷ്ടം ഗോസ്റ്റ്കളുടെ കോപ്രായങ്ങളും, താന്തോന്നിത്തരങ്ങളും കാണാനാണ്. നാട്ടിലെങ്ങാനുമായിരുന്നേൽ വീട്ട്കാരെയും,നാട്ടുകാരെയും ടിക്കറ്റെടുത്ത് കൊടുത്തെങ്കിലും ഈ സിനിമ കാണിച്ചേനെ..
നല്ല റിവ്യു, NANZ..
പറയാതെ വയ്യ.... വായിച്ചപ്പോൾ കാണണമെന്നു തോന്നി. ഇത്തരം ഒരു പടം... ഇവിടെ തിയറ്ററിൽ വരുമെന്ന പ്രതീക്ഷയില്ലാ. എന്നാലും ഞാൻ കാത്തിരിക്കുന്നു...!! നല്ല സിനിമക്കായി കാത്തിരുന്നല്ലേ മതിയാവൂ...!!! കാരണം നാൻസ് പറഞ്ഞത് തന്നെ.... നവ സംവിധായകരിലും എഴുത്തുകാരിലുമാണ് ഇനി പ്രതീക്ഷ. ചന്തിയില്‍ തഴമ്പുള്ള പഴയ കാര്ന്നോന്മാര് സിനിമാ തറവാടിന്റെ നാലുകെട്ടിനുള്ളില്‍ ചാരുകസേരയിട്ട് വിശ്രമിക്കുന്നതാവും നല്ലത്.
നാൻസിന്റെ ഒറ്റശ്വാസത്തിൽ പറയാൻ പറ്റാത്ത ആ മുഴുനീളൻ ഡയലോഗിനു മുന്നിൽ, 2010ൽ ഇറങ്ങിയ എല്ലാ പടങ്ങളിലേയും ഡയലോഗു മുതൽ ഡയറക്ടർ വരെ എല്ലാം ശുഭം...!!!
നല്ല എഴുത്തും... വൈഡ് ആയ അന്വേഷണങ്ങളും...!! കൊള്ളാം...!!!
നല്ല സിനിമയാണ്. പക്ഷെ പതിവു ആസ്വാദന ശീലങ്ങളുള്ള മലയാളി എങ്ങിനെ ഈ സിനിമയെ സ്വീകരിക്കും എന്നു കണ്ടറിയണം.
@ sijo george & ജോസ്മോന് വാഴയില്‍
2010ല്‍ ഇതുവരെ ഇറങ്ങിയ സിനിമകളുമായി കമ്പയര്‍ ചെയ്യുമ്പോള്‍ ആണ് ടി.ഡി ദാസന് ഒരു വ്യത്യസ്ഥവും തൃപ്തിപ്പെടുത്തുന്നതുമായ സിനിമ ആകുന്നത്. അതിനര്‍ത്ഥം വളരെ ഉദാത്തമായ ഒരു കലാസൃഷ്ടി എന്നല്ല. പോരായ്മകളുണ്ട്. പക്ഷെ ഒരു പുതു സംവിധായകന്റെ ആദ്യ ചിത്രമെന്ന പരിഗണന കൂടി വരുമ്പോള്‍ തീര്‍ച്ചയായും അതെല്ലാം മാറ്റിവെച്ച് ഇ സിനിമ നന്നായി ആസ്വദിക്കാവുന്നതേയുള്ളു. അതുകൊണ്ട് തന്നെ ഈ സംവിധായകന് നല്ല പ്രതീക്ഷ തരുന്നു. ഒരു നിര്‍മ്മാതാവിനെ ലഭിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങളുടേയോ ജനപ്രിയതാരങ്ങളുടേയോ പിന്നാലെ പോകാതെ, കോമഡി കോമാളികളേയും ഉ-ഡാന്‍സുകാരെയും കൊണ്ട് തറ കച്ചവട സിനിമ ചെയ്തില്ല്ലല്ലോ. അതിനൊരു സലാം കൊടുക്കാം :)
നല്ല സിനിമായാണേല് ഒന്ന് കണ്ട് കളയാം ഒരു സൂപ്പര്‍ സ്റ്റാറില്ലാത്ത ഒരു പടം കണ്ടിട്ട് കാലമേറെയായി!
നാന്‍സ്, നല്ല റിവ്യു.എങ്കിലും എനിക്ക് ആ എങ്കിലും...അത്ര ഇഷ്ട്ടപ്പെട്ടില്ല.കാരണം ഇതൊരു പുതുമുഖ സംവിധായകന്റെ സംരംഭമല്ലേ.അതിനെ കീറി മുറിക്കേണ്ടിയിരുന്നില്ല. അതേസമയം;'എങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കാതെ, ഇടക്ക് നന്മയുടെ രൂപങ്ങളെ മുന്നില്‍ കണ്ട് കണ്ണീരിന്റെ ഉറവയെ ഉണര്‍ത്തിയും, ശാന്തമായും സ്വച്ഛന്ദമായും ടി ഡി ദാസന് കണ്ട് പുറത്തിറങ്ങുമ്പോള്‍ ഏറെക്കാലത്തിനു ശേഷം സംതൃപ്തി തന്ന ഒരു മലയാള സിനിമയാണിതെന്ന് മനസ്സ് ഉറപ്പിച്ചു പറയുന്നു.', ഈ എങ്കിലും എനിക്ക് ഇഷ്ട്ടപ്പെട്ടു.
ആ ഒരു സംതൃപ്തി തന്നെയാണ് എനിക്കും കിട്ടിയത്.
സിനിമ വളരെ വളരെ ഇഷ്ട്ടപ്പെട്ടു. ഈ പടം വിജയിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
വിനയന്
അഭിപ്രായത്തിനു നന്ദി.
ആ ‘എങ്കിലും’ എന്നതിനെ പരാമര്‍ശിച്ച് ഞാന്‍ ഹരിക്കുള്ള ആദ്യ മറുപടി കമന്റില്‍ പറഞ്ഞിട്ടുണ്ട്. കുറവുകളേകൂടി പരാമര്‍ശിക്കാതെ എഴുതിയാല്‍ ‘ഒട്ടൂം പോരായ്മകളും കുറവുകളും ഇല്ലാത്ത ക്ലാസ്സി സിനിമ’ എന്ന ഒരു വിശേഷണം വായനക്കാര്‍ വായിച്ചെടൂക്കും (എന്ന് തോന്നി)
പിന്നെ, പോരായ്മകള്‍ ചൂണ്ടി കാണിക്കുക എന്നേ അതിനു ഉദ്ദേശിച്ചിട്ടുള്ളു, ആ പോരായ്മകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍...എന്ന ഒരു നെടുവീര്‍പ്പ് മാത്രം. എങ്കില്‍ എത്രമാത്രം ഈ ചിത്രം ഗംഭീരമായേനെ.
ചിത്രത്തിനോട് പോസറ്റീവ് സമീപനമാണ് എനിക്ക്, മുഴുവന്‍ വിശകലനത്തിനുവേണ്ടിയാണ് ആ ‘എങ്കിലും’ എന്നു മനസ്സിലാക്കുമല്ലോ :)
അങ്ങനെയാവട്ടെ.പക്ഷെ ആ പോരായ്മകള്‍ എന്നിലെ ആസ്വാദകനെ ഒട്ടും ബാധിച്ചില്ല. :)
എന്താ കഥ ഇത്.ബ്ലോഗിലെ പുലികളായ സിനിമാ നിരൂപകര്‍ എല്ലാം ഇവിടെ ഉണ്ടല്ലോ!!അവര്‍ എല്ലാം ഒരേ സ്വരത്തില്‍ പറയുന്നു,ഒരു 'എങ്കിലും' ഉണ്ടെങ്കിലും നല്ല സിനിമയാണെന്ന്.മലയാള സിനിമക്ക് ഭാവിയുണ്ട് എന്ന് വിശ്വസിക്കാം അല്ലേ.ഈ സിനിമ വിജയിക്കട്ടെ.
ദോഹയില്‍ വന്നാല്‍ കാണണം.
നല്ല റിവ്യൂ.
ഷാജി ഖത്തര്‍.
തീര്‍ച്ചയായും കാണാം.
ഒരു ഡിഫറന്റ് ഫിലിം ഇറങ്ങുമ്പോളെക്കും ഇതിനു മുന്‍പു മലയാളികളെ ആനന്ദിപ്പിച്ച സംവിധായകരെയും നടന്മാരെയും അവര്‍ക്കില്ലാത്ത സകല കുറ്റവും കുറവും പറഞ്ഞ് ഇതിനെ ഒക്കെ പൊക്കുക എന്നുള്ളത് ബ്ലോഗിലെ ഉണ്ണാക്കന്മാര്ക്കു ഒരു ഹോബി ആയിട്ടുണ്ട്!!! ഇതു പോലൊക്കെ തന്നെ സൂപ്പര്‍സ്റ്റാര്‍സും ഇടക്കൊക്കെ ഡിഫറന്റായിട്ടുള്ള ഫിലിംസ് ആയിട്ടു വരുന്നുണ്ട്. പക്ഷെ അതൊക്കെ ഈ റിവ്യൂസ് എഴുതി കൂട്ടുന്നവരും കമന്റുന്നവരും സൌകര്യപൂര്‍വ്വം മറക്കുന്നു!!!
വിന്‍സ്
ഒരു താരത്തിന്റെ ഫാന്‍ ആയ താങ്കളുടെ വികാരം മനസ്സിലാക്കുന്നു. പക്ഷെ,ഒരു ഡിഫറന്റ് ഫിലിം ഇറങ്ങുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ് റിവ്യൂ എഴുതുന്നവരൊക്കെ ഉണ്ണാക്കന്മാരാണെന്ന താങ്കളുടെ നിഗമനം അന്ധമായ താരാധനയാണെന്നു കരുതുന്നു. ഈ ബ്ലോഗില്‍ ഇതിനു മുന്‍പ് എഴുതിയിട്ടുള്ള മറ്റു ഫിലിം റിവ്യൂസ് താങ്കള്‍ വായിച്ചിട്ടില്ല എന്നു ഞാന്‍ വിചാരിക്കുന്നു. അല്ലെങ്കില്‍ ഇങ്ങിനെ ഒരു പരാമര്‍ശം താങ്കളില്‍ നിന്നുണ്ടാവുകയില്ലായിരുന്നു. പാലേരിമാണിക്യത്തേയും ഗുലുമാല് എന്ന സിനിമയെക്കുറിച്ചുമുള്ള റിവ്യ്യൂസ് ഒന്നു വായിച്ചു നോക്കുക സമയം കിട്ടുമെങ്കില്‍.
പിന്നെ, മലയാള സിനിമയുടെ അവസ്ഥയെക്കുറിച്ച് മറ്റെല്ലാവരേയും പോലെ താങ്കള്‍ക്കും അറിയാമെന്നു കരുതുന്നു. സൂപ്പര്‍താരമായാലും സൂപ്പറല്ലാത്ത താരങ്ങളായാലും പുതുമുഖങ്ങളായാലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുകയോ അവന്റെ ആസ്വാദ്യശീലത്തെ ഉയര്‍ത്തുകയോ ചെയ്യുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ട് എത്ര കാലമായി? ഒരു നല്ല സിനിമ വന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണു ശരി. അതു സൂപ്പര്‍താരമായാലും അല്ലെങ്കിലും.
സിനിമ കണ്ടില്ല. റിവ്യു വായിച്ചപ്പോൾ കാണണമെന്നു തോന്നി. നന്ദി.
അഭിപ്രയങ്ങളോട് യോജിക്കുന്നു.
Nanz, what you have mentioned is not a mistake in timescaling.
am new comer in blogging.
ma blog is based on cinema
"cine dooshanam"
pls visit whn u gt free time and gv me valuable suggstions...
http://cinedooshanam.blogspot.com/2010/04/std-6-b.html
Post a Comment