ആരു പറഞ്ഞു മലയാള കമേഴ്സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ആരും മുതിരുന്നില്ല എന്ന്? അനേകം കോടിയാവര്‍ത്തിച്ച പഴയ ഫോര്‍മുലകളും ക്ലീഷ രംഗങ്ങളും കൊണ്ട് മലയാള സിനിമ ഇനിയും മുന്നോട്ട് പോകുമെന്ന്? എന്നാല്‍ ആ ധാരണകളെ പാടെ തകര്‍ത്തെറിയുന്ന ഒരു സിനിമ 2011 ന്റെ ആദ്യ വാരത്തില്‍ തന്നെ പ്രേക്ഷകന്റെ മുന്നിലെത്തിയതും അവരെ തൃപ്തിപ്പെടുത്തിയതും ശുഭോദാര്‍ക്കമാണ്. ഈ പുതിയ പരീക്ഷണത്തിനും ആഖ്യാനശൈലിക്കും പേര് “ട്രാഫിക്” എന്നാണ്. രാജേഷ് പിള്ള എന്ന യുവസംവിധായകന്റെ കിടിലന്‍ ചിത്രം. ഒരു ത്രില്ലിങ്ങ് എക്സിപീരിയന്‍സ്.
കഥാസാരം :
സെപ്റ്റംബര്‍ 16 എന്ന ഒരു ദിവസത്തില്‍ കൊച്ചിയിലെ ഏതോ തിരക്ക് പിടിച്ച ഒരു ട്രാഫിക് സിഗ്നലില്‍ രാവിലെ നടന്ന അപ്രതീക്ഷിത അപകടവും അതിനെത്തുടര്‍ന്നുള്ള ചില ആകസ്മിക സംഭവങ്ങളുടെ തുടര്‍ച്ചയുമാണ് ട്രാഫിക്കിന്റെ ഇതിവൃത്തം.
കൂട്ടൂകാരായ റെയ്ഹാനും (ആസിഫ് അലി) രാജീവും (വിനീത് ശ്രീനിവാസന്‍) ട്രാഫിക് സിഗ്നനില്‍ ‘പച്ച’ കാത്തു കിടക്കുന്നു. രാവിലെ 9 മണിക്കു മുന്‍പായി സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥിനെ (റഹ്മാന്‍) ഇന്റര്‍വ്യൂ ചെയ്യാനുള്ള തിരക്കിലായിരുന്നു ഇന്ത്യാവിഷനിലെ ട്രെയിനിയായ രാജീവ്. അന്നാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം റിലീസാകുന്നത്. ആ തിരക്കേറിയ ട്രാഫിക്ക് കുരുക്കില്‍ തന്റെ ഭാര്യക്ക് വിവാഹ സമ്മാനം നല്‍കാനുള്ള റൊമാന്റിക്ക് മൂഡില്‍ ഡോ.ആബേലുമുണ്ട് (കുഞ്ചാക്കോ ബോബന്‍) കൂടാതെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം തിരികെ കയറാനുള്ള ആദ്യത്തെ ദിവസത്തില്‍ ഓഫീസിലേക്ക് യാത്ര ചെയ്യുന്ന ട്രാഫിക് പോലീസുകാരന്‍ സുദേവനുമുണ്ട്. (ശ്രീനിവാസന്‍). ഈ കഥാപാത്രങ്ങള്‍ പരസ്പരം അപരിചിതരത്രെ, പക്ഷെ ഈ ട്രാഫിക് സിഗ്നലില്‍ വെച്ചുണ്ടാകുന്ന ഒരു അപകടം ഈ അജ്ഞാതരെ പരസ്പരം ബന്ധിപ്പിക്കുന്നു. അന്നത്തെ ദിവസം താന്താങ്ങളുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാവിലെ 8.30നു തുടങ്ങി വൈകീട്ട് 4 നു അവസാനിക്കുന്ന അത്രയും സമയത്തിനുള്ളില്‍ ഇവരുടേ ജീവിതങ്ങള്‍ നിലക്കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കപ്പെടുന്നുണ്ട്. അതില്‍ സ്വപ്നങ്ങളുണ്ട്, ഒറ്റപ്പെടലുകളുണ്ട്, വേദനയുണ്ട്, കാമമുണ്ട്, പ്രണയമുണ്ട് ജീവിതം സമ്മാനിച്ചതും പറിച്ചെടുത്തതുമായ ഒട്ടനവധി കാഴ്ചകളുമുണ്ട്...
മലയാളത്തിനു തികച്ചും പുതുമയുള്ളൊരു ഇതിവൃത്തം, മാത്രമോ വളരെ നന്നായി എഴുതപ്പെട്ട സ്ക്രിപ്പ്റ്റും അതിന്റെ മനോഹരവും നൂതനവുമായ ആവിഷ്കാരവും. വിജയഫോര്‍മുലകളെ നൂറ്റൊന്നാവര്‍ത്തിക്കുന്ന മലയാള സിനിമയില്‍ അത്തരം ആവര്‍ത്തന വിരസദൃശ്യങ്ങള്‍ പാടെ നിരാകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആറ്റിക്കുറുക്കിയെടുത്ത സ്ക്രിപ്റ്റ്. അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ പെര്‍ഫോമന്‍സ്. (പ്രധാന നടന്മാര്‍ മാത്രമല്ല, സഹതാരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഉദാ: പോലിസ് മിഷനില്‍ സീരിയല്‍ നടന്‍ മനോജ് പറവൂര്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം ചേരുവയായ വിജയകുമാര്‍ പോലും ഗംഭീരമാക്കിയിരിക്കുന്നു ഇതില്‍ ) ചടുലവും, ദൃശ്യസമ്പന്നവും, വെളിച്ചവിന്യാസവുമുള്ള ക്യാമറാ വര്‍ക്ക്, അളന്നു മുറിച്ച, ഒഴുക്കുള്ള എഡിറ്റിങ്ങ്, ദൃശ്യങ്ങള്‍ക്കനുയോജ്യമായ പശ്ച്ചാത്തല സംഗീതം എന്നീ സാങ്കേതിക കാര്യങ്ങള്‍ക്കൊണ്ടും ട്രാഫിക് മലയാള കച്ചവടസിനിമയിലെ ഉജ്ജ്വലമൊരു സൃഷ്ടിയാകുന്നു.
ഉള്ളുലക്കുന്ന കുറച്ച് നിമിഷങ്ങളുണ്ട് ഈ സിനിമയില്‍ (സായികുമാര്‍ തീവ്ര് വികാരത്തോടേ ഡി.കളക്റ്ററോട് ഫോണില്‍ സംസാരിക്കുന്നത്, മകളെ സ്ക്കൂളില്‍ കൊണ്ടുവിടാം എന്ന നിര്‍ദ്ദേശത്തെ മകള്‍ തള്ളിക്കളയുമ്പോള്‍ ശ്രീനിയുടെ സുദേവന്റെ ഏറ്റുപറച്ചില്‍ അങ്ങിനെയൊരുപാട്) കഥാപാത്രങ്ങളുടെ ഇത്തരം വികാരങ്ങളും സന്തോഷങ്ങളും ഒരു വാര്‍ത്താചിത്രം പോലെയോ ടിവി സീരിയല്‍ പോലെയോ നമ്മുടെ നേര്‍ക്ക് നേരെ നിന്ന് പ്രസംഗിക്കുകയല്ല. കാമറക്ക് പുറം തിരിഞ്ഞോ സഹ കഥാപാത്രത്തിന്റെ പ്രതികരണത്തിലോ മറ്റു സ്വാഭാവികമായ പെരുമാറ്റത്തിലോ പ്രതിഫലിക്കപ്പെടുകയാണ്. കഥാപാത്രങ്ങളുടെ ജീവിത-പശ്ചാത്തലങ്ങളും അവരുടെ പ്രവൃത്തിമണ്ഡലങ്ങളുമൊക്കെ അവരുടെ ജീവിത പരിസരങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നതിലും പെരുമാറ്റരീതിയിലും വസ്ത്രധാരണത്തിലുമൊക്കെയായി മിതത്വത്തില്‍ കാണിച്ചിരിക്കുന്നു. അതിനു തിരക്കഥാകൃത്ത് ബോബി & സഞ്ജയ് ടീമിനും സംവിധായകന്‍ രാജേഷ് പിള്ളക്കും ഒരു ഹഗ്ഗ് നല്‍കണം.
സാമൂഹ്യവിമര്‍ശനത്തിന്റെ ചില മുള്ളാണികള്‍ ഈ സിനിമയിലുണ്ട്. അവ സമൂഹത്തിനു നേര്‍ക്കെറിയുമ്പോള്‍ തിയ്യറ്ററിലിരുന്നു ജനം ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. ‘സെലിബ്രിറ്റി ഓറ‘യില്‍ ജീവിക്കുന്ന സിനിമാ താരങ്ങളുടെ ഉത്സവആഘോഷവേളയിലെ ചാനല്‍ പ്രഘോഷണങ്ങളുടെ പൊള്ളത്തരങ്ങളും, സിനിമാ ഫാന്‍സിനെക്കൊണ്ട് സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനു ഡാന്‍സ് ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ നന്മയില്‍ എങ്ങിനെ ഭാഗഭാക്കാകാം എന്നുമൊക്കെ ഈ സിനിമ കാണിച്ചു തരുന്നുണ്ട്.
ട്രാഫിക്കില്‍ താരങ്ങളില്ല, കഥാപാത്രങ്ങളേയുള്ളു, അവരുടെ ജീവിതങ്ങളേയുള്ളു. സൂപ്പര്‍ താരങ്ങള്‍(അല്ലാത്ത താരങ്ങളും) ഇമേജ് നോക്കി സ്വന്തം നായക കുപ്പായങ്ങള്‍ തുന്നിക്കുട്ടുമ്പൊഴും നായികയെ മുതല്‍ പ്രൊഡ്. എക്സിക്യൂട്ടീവിനെ വരെ സ്വന്തം അഭിപ്രായത്തില്‍ നിശ്ചയിക്കുന്ന ഈ സമകാലിക മലയാള സിനിമയില്‍ ഇമേജുകളെ നോക്കാതെ റോളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ഈയൊരു ടീം വര്‍ക്കില്‍ ഭാഗഭാക്കായ ഇതിലെ എല്ലാ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും നിറഞ്ഞയൊരു കയ്യടി. ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകനു ഫീല്‍ ചെയ്യും, അര്‍പ്പണബോധമുള്ള കഠിനാദ്ധ്വാനികളായ ഒരു കൂട്ടം നല്ല സിനിമാ പ്രവര്‍ത്തകര്‍ ട്രാഫിക്കിനു പുറകിലുണ്ടെന്ന്. അത് മതി...അത് മാത്രം മതി 2011 മുതല്‍ മലയാള സിനിമയെ ദിശമാറ്റി വിടാന്‍. വരാന്‍ പോകുന്നത് അന്യഭാഷകളില്‍ സംഭവിക്കുന്നു എന്ന് മലയാളിപറയുന്ന നവസിനിമകളായിരിക്കും, മലയാളി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ദൃശ്യ സമ്പന്നതയും ആഖ്യാനവും പുതുകളുമായിരിക്കും. ട്രാഫിക് അതിനുള്ളൊരു മുന്നോടിയാണ്.
പ്രിയ രാജേഷ് പിള്ള & ടീം... വെല്‍ഡന്‍, നിങ്ങളെ ഞാനെന്റെ നെഞ്ചോട് ചേര്‍ത്ത് പുല്‍കുന്നു. ഇത്തരത്തിലുള്ള ഒരു സിനിമാ അനുഭവം തന്നതിനു.
23 comments:
ട്രാഫിക് എന്ന സിനിമയില്‍ കുറ്റങ്ങളും കുറവുകളുമില്ലെന്നല്ല, (ഉണ്ടെങ്കില്‍ തന്നെ അവ പെറുക്കിയെടുക്കാന്‍ മാത്രം എണ്ണവും വലിപ്പവുമില്ല.) എങ്കില്‍ പോലും മലയാള സിനിമയിലെ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമുള്ള ഈ ടീം വര്‍ക്കിനെ പ്രോത്സാഹിപ്പിക്കാതെ പോകുന്നത് മലയാള സിനിമയിലെ നല്ല മാറ്റങ്ങളോട് ചെയ്യുന്ന അക്ഷന്ത്യവ്യമായ തെറ്റായിരിക്കും.
പ്രിയ വായനക്കാരാ, ഈ സിനിമ മിസ്സ് ചെയ്യരുത്, അഥവാ ഈ സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍; മലയാള സിനിമയില്‍ മാറ്റങ്ങളില്ല, നല്ല സിനിമയില്ല എന്ന് വായിട്ടലക്കാന്‍ നിങ്ങള്‍ അര്‍ഹനല്ല!!
വായനക്കാരെ സിനിമ കാണുവാനുള്ള ആഗ്രഹം ജനിപ്പിക്കുന്ന വരികൾ...മലയാള സിനിമ പുതിയ തലത്തിലേക്ക് മാറട്ടെ മാറ്റപ്പെടട്ടെ..!
തീര്‍ച്ചയായും ... ഈ സിനിമ മിസ്സാക്കിയാല്‍ മലയാളത്തില്‍ ഇറങ്ങിയ ഒരു പുതുമയുള്ള മികച്ച സിനിമയാണ് പ്രേക്ഷകര്‍ മിസ്സാക്കുന്നത് ... നാന്‍സ് , പ്ലോട്ട് അധികം എഴുതേണ്ടിയിരുന്നില്ല , അല്ലെങ്കില്‍ ഒരു സ്പോയിലര്‍ വെച്ച ശേഷം എഴുതുന്നതായിരുന്നു നല്ലത് ...ഓരോ നിമിഷവും അങ്ങനെ കാണികള്‍ക്ക് നല്ല ദ്രിശ്യാനുഭവം ആവട്ടെ :)...ഒപ്പം ഉഗ്രന്‍ റിവ്യൂ ...കണ്ടുവെങ്കില്‍ ഒരു റിവ്യൂ ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
കാണാന്‍ കാത്തിരിക്കുന്നു.
നല്ല റിവ്യൂ നാന്‍സ്..........
ഇത് കാണാതെ ഇനി രക്ഷ ഇല്ലെന്നായി. അത്രയ്ക്ക് നല്ല റിവ്യൂ ആണല്ലോ കിട്ടിയിരിക്കുന്നത്.
ഈ പടത്തെ കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായം തന്നെ ആണല്ലോ ?
അപ്പൊ കാണാം അല്ലെ .....താങ്ക്സ്
@ വിനയന്‍
കഥ ഞാന്‍ അധികം പറഞ്ഞുവോ? കൂടുതല്‍ സസ്പെന്‍സ് പറഞ്ഞില്ല എന്നാണെന്റെ തോന്നല്‍. എങ്കിലും വിനയന്റെ കമന്റ് കണ്ട് ഞാനൊന്നുകൂടി വായിച്ചു ശേഷം തിരുത്തലുകള്‍ ചെയ്തു. :)
ശരിയാണ് കഥ ഒരല്പം പോലും കേള്‍ക്കാതെ ഒരു ക്ലൂ പോലുമില്ലാതെ അപ്രതീക്ഷിതമായി ഈ ചിത്രം കാണണം. ഗംഭീരമായിരിക്കും ആ ആസ്വാദനം.
താങ്കളുടെ ആദ്യ കമന്റ് തീര്‍ത്തും ഞാന്‍ ശരിവെക്കുന്നു.
മുന്‍പ് ഒരു നല്ല കൊച്ചു മലയാള ചിത്രത്തിന്റെ വിജയത്തിനായി അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു പോസ്റ്റ് തന്നെ ഞാനെന്റെ ബ്ലോഗ്ഗില്‍ എഴുതി ഇട്ടിരുന്നു..ആ സിനിമ കാണാതെ തന്നെ..
ഇത്തരം നല്ല ചിത്രങ്ങളെ വിജയിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യാതെ മലയാള സിനിമ കണ്മുന്നില്‍ ചീഞ്ഞളിയുന്നത് നോക്കി നില്‍ക്കാന്‍ ആണു ശരാശരി സിനിമാപ്രേമികളൂടെ വിധി..
വല്ല പ്പോഴും തെളിനീരു പോലെ ഒഴുകിയെത്തുന്ന ഇത്തരം ചിത്രങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ബാധ്യത തന്നെയാണു..
അല്ലാതെ മലയാള സിനിമ ഫാന്‍സുകാരുടേയും സൂപ്പര്‍ താരങ്ങളുടേയും കോലം കെട്ടിയാടലിനു വേദിയാവുമ്പോള്‍ അത് നോക്കി നിന്ന് സമകാലിക മലയാള സിനിമ എന്നു കേള്‍ക്കുമ്പഴേ ഓക്കാനിക്കല്‍ അല്ല!
കണ്ടു.... ഇഷടപെട്ടു... പുതുമയുള്ള പരീക്ഷണം...
തിരക്കഥയാണ് ചിത്രത്തെ കൂടുതല്‍ മനോഹരമാക്കിയത് എന്ന് തോന്നി...
ചിത്രം തീര്‍ന്ന് തിയറ്റര്‍ വിടുംമുന്‍പ് ചെറൂപ്പക്കാരടക്കമുള്ള പ്രേക്ഷകര്‍ എഴുന്നേറ്റൂനിന്ന് കയ്യടിക്കുന്ന അപൂര്‍വമായ കാഴ്ചകണ്ടു :)
Excellent Script..Excellent Movie. Just like the promotions say:
You can say NO to this movie, but if you say YES, that will change the history(future) of Malayalam movies. This is certainly an original script. Rajesh Pillai and crew deserve a big HUG.
Watch it and promote good cinema.
http://lifendreamz.wordpress.com/2011/01/08/emotional-traffic/
നല്ലതെന്ന് എല്ലാവരും പറയുന്നു.
അപ്പോൾ തീർച്ചയായും കാണണം; കാണും!
this review prompt me to see traffic.thks to writer
മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു
കാണണം.....
കഥ വായിച്ചില്ല ...വിദേശത്ത് ആയതുകൊണ്ട് റിലീസിന്റെ അന്ന് കണ്ടില്ല... അതുകൊണ്ട് വായിക്കുന്നില്ല ...എനിക്ക് കാണാനുള്ളത... കേട്ടോ .....
നല്ല റിവ്യൂ !
കാണണം.....
ഈ ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ ഒരു ഭാഗത്തെ മുന്‍ നിര്‍ത്തി ചിലര്‍ ബ്ലോഗിലും ഗൂഗില്‍ ബസ്സിലുമായി ന്യൂനപക്ഷ (മുസ്ലീം)വിരുദ്ധത ആരോപിക്കുന്നു. രാജേഷ് പിള്ളയുടെ പേരിലെ പിള്ളയെ വെച്ച് ആരോപണങ്ങള്‍ മെനയുന്നു.
കഷ്ടം!!!! ആള്‍ക്കുട്ടത്തില്‍ മേനി ചമയാന്‍, വ്യത്യസ്ഥനാണെന്ന് കാണിക്കാന്‍ എന്ത് തറവേലയും കാണിക്കാമോ?
ഇവരൊക്കെ ദിവസവും അവിപത്തി ചൂര്‍ണ്ണം കലക്കിക്കുടിക്കുന്നത് നന്നായിരിക്കും. അകത്തെ ദഹിക്കാത്ത വേസ്റ്റ് ഇളകിപോകുമല്ലോ!!!
സ്റ്റുപിഡ്സ്
>>ഇവരൊക്കെ ദിവസവും അവിപത്തി ചൂര്‍ണ്ണം കലക്കിക്കുടിക്കുന്നത് നന്നായിരിക്കും. അകത്തെ ദഹിക്കാത്ത വേസ്റ്റ് ഇളകിപോകുമല്ലോ!!!
സ്റ്റുപിഡ്സ്<< +1 :))) ...അല്ല മാഷേ അവിടെ ബസ്സില്‍ പക്ഷെ കമന്റൊന്നും കണ്ടില്ലല്ലോ?!
@ വിനയന്‍
ഒരു ബ്ലോഗ് സുഹൃത്ത് ബസ്സ് ലിങ്ക് അയച്ചു തന്നപോഴാണ് അത് കാണുനന്ത്. കമന്റ് ഇടണമെന്ന് കരുതിയതാണ് പക്ഷെ മനപ്പൂര്‍വ്വം ഇഗ്നോര്‍ ചെയ്തു. ഇത്തരക്കാരൊട് അതാണ് നല്ലത്. കാരണം വിനയനടക്കം സിനിമ കണ്ട പലരും അവിടെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ച് വിശദമായ കമന്റുകള്‍ ചെയ്തിട്ടും തന്റെ തെറ്റിദ്ധാരണയെ പുനപരിശോധികാനൊന്നും ബസ്സര്‍ മിനക്കെട്ടു കണ്ടില്ല. കൂടാതെ ട്രാഫിക് കാണാത്തവരാണ് അവിടെ യോജിപ്പ് പ്രകടിപ്പിച്ച് കമന്റിട്ടു കളിക്കുന്നത്. നടക്കട്ടെ. :)
a case of brain death(cerebral artery bleed extending to the ventricles)....a case of failing heart(cardiomyopathy with all sorts of arrythmias)...and the story of course stimulate your brain and touches ur heart.
Traffic is really a film that diserves standing ovation
its a very gud film..we must support this film if we need these type of films in future..pls see this film before it goes frm the theater..if we miss this oppurtunity to support a good movie..history will blame us..
കൂട്ടൂകാരായ റെയ്ഹാനും (ആസിഫ് അലി) രാജീവും (വിനീത് ശ്രീനിവാസന്‍) ......there is small mistake my dear...raihan-vineeth, rajeev-asif ali...confusion akkalle....
വൈകാതെ കണ്ടിരിയ്ക്കും, തീര്‍ച്ച :)
Post a Comment