Friday, September 16, 2011

സെവനസ് (നോട്ട് സെവന്‍സ്) - റിവ്യൂ


പ്രേംനസീര്‍ യുഗം മുതലേ ഇപ്പോള്‍ പൃഥീരാജ് കാലം വരെ താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും മള്‍ട്ടിസ്റ്റാര്‍സിനേയും നായകനും നായകരുമാക്കി സിനിമയെടുത്ത സംവിധായകനാണ് ജോഷി (ഇപ്പോള്‍ ‘ജോഷിയി‘). അതേ ജോഷി ആദ്യമായി (?) യുവതാരങ്ങളേയും താരതമ്യേന പുതുമുഖങ്ങളേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പവിത്രം ക്രിയേഷന്‍സ് & സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സന്തോഷ് പവിത്രം & സാജൈ സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ഇക്ബാല്‍ കുറ്റിപ്പുറം കഥ, തിരക്കഥ, സംഭാഷണമെഴുതിയ ‘സെവനസ്‘ ( സെവന്‍സ്എന്ന ടൈറ്റില്‍ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത് അതിന്റെ സ്പെല്ലിങ്ങ് S E V E N E S. സംവിധായകന്‍ ജോഷിയായതുകൊണ്ട് അതു ന്യൂമറോളജി നോക്കിയാണെന്നു സംശയിക്കാം. അല്ലെങ്കില്‍ ഏഴു നായകര്‍ക്കു സമമായി സ്പെല്ലിങ്ങ് തികക്കാന്‍ നോക്കിയതാവാം. രണ്ടായാലും അളിഞ്ഞ ബുദ്ധി തന്നെ. സിനിമക്കു ഭാഗഭാക്കായ നൂറു കണക്കിനു പേരുടെ ക്രിയേറ്റിവിറ്റിയേയും അദ്ധ്വാനത്തേയും പരിഹസിക്കുന്നതായിപ്പോയി ഇത്, ഒപ്പം പ്രേക്ഷകനേയും)

രാശി നോക്കി സിനിമ നിര്‍മ്മികുന്ന ജോഷിക്ക് എന്നും പറയാനുള്ളത് ഒരേ ഫോര്‍മാറ്റിലെ ചിത്രങ്ങള്‍ തന്നെയാണ്. അത് ചിലപ്പോള്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും ചിത്രം ചെയ്യാനും വിജയം കൊയ്യാനും ജോഷിയെപ്പോലെ മിടുക്ക് മറ്റാര്‍ക്കുമില്ല (ജോഷിയുടെ വന്‍ വിജയമായിരുന്ന മോഹന്‍ലാല്‍ ചിത്രം “നാടുവാഴികള്‍” വര്‍ഷങ്ങള്‍ക്ക് ശേഷം കഥാപാത്രങ്ങളുടേ ജാതി തിരിച്ചിട്ടും കള്ളക്കടത്ത് കള്ളുകച്ചവടമാക്കി മാറ്റിയും “ലേലം” എന്ന പേരില്‍ വന്‍ വിജയ ചിത്രം തന്നെ ചെയ്തുകളഞ്ഞു ഈ ജോഷി). കാലങ്ങള്‍ മാറി, ആസ്വാദകര്‍ മാറിയെങ്കിലും ഏതു പുതിയ പ്ലോട്ട് / കഥ കിട്ടിയാലും ആദ്യത്തെ പതിനഞ്ചു മിനുട്ടു കഴിഞ്ഞാല്‍ ജോഷിയുടെ പഴയ ഫോര്‍മുല സംവിധായകന്‍ പൊടിതട്ടിയെഴുന്നേല്‍ക്കും പിന്നെ സിനിമ പഴയപോലെ ശതമാനക്കണക്ക് വെച്ച് ഫാമിലി ഡ്രാമ/കോമഡി/ആക്ഷന്‍/ത്രില്ലര്‍/ സെന്റിമെന്റ്സ് അങ്ങിനെ വീതിച്ചു വെച്ച് ഒടുക്കം എല്ലാ താരങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഗോഡൌണിലോ, ആളൊഴിഞ്ഞ കെട്ടിടത്തിലോ, ഹാര്‍ബറീലോ വെച്ച് പരസ്പരം വെടി വെച്ച് തീരും, എല്ലാ പുകയും അടങ്ങുമ്പോള്‍ നായകനും നായികയും അവരുടെ സുഹൃത്തുക്കളും മാതാപിതാക്കളും കണ്ണിരു തുടച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ സിനിമ തീരും. ഏതു പ്രമേയം ചെയ്താലും ഈയൊരു ഫോര്‍മുലയില്‍ ജോഷിക്ക് മാറ്റമൊന്നുമില്ല. (‘റോബിന്‍ ഹുഡ് ‘എന്ന അത്യാധുനിക എ ടി എം റോബറിയുടേ കഥപറയുന്ന സിനിമയും നോക്കുക)

പുതിയ സിനിമ ‘സെവനസ്’ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലാണ്‍ കഥ തുടങ്ങുന്നത്. കോഴിക്കോട് നഗരവും അതിന്റെ ഫുട്ബോള്‍ ഹരവും ഫുട്ബോള്‍ പ്ലെയേഴ്സ് ആയ ഏഴു ചെറുപ്പക്കാരുടെ ജീവിതവുമൊക്കെയായി പുതിയൊരു ബാക്ക്ഡ്രോപ്പാണ്‍ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷെ ആ പശ്ചാത്തലത്തിനു മീതെ പറയാന്‍ പുതിയൊരു കഥയില്ലാതെ പോയതും പറഞ്ഞ കഥക്ക് പുതിയ ആഖ്യാനമില്ലാതെപോയതും സിനിമയെ എല്ലാ ഘടകത്തിലും സമ്പൂര്‍ണ്ണ പരാജയത്തിലേക്കെത്തിച്ചു. ട്വിസ്റ്റിനു വേണ്ടി മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത ട്വിസ്റ്റുകളും പ്രധാനകഥാപാത്രങ്ങളേയും അവരുടേ പശ്ചാത്തലത്തേയും വേണ്ടത്ര വിശ്വസനീയമാക്കാന്‍ സാധിക്കാത്തതും സംഭവങ്ങളെ അതിഭാവുകത്വം കലര്‍ത്തി പറഞ്ഞതുമൊക്കെ സെവനസിനെ പ്രേക്ഷക പ്രീതിയില്‍ നിന്നും അകറ്റി എന്നതാണു പരമാര്‍ത്ഥം.

പ്ലോട്ട് : കോഴിക്കോട് നഗരത്തിലെ സെവന്‍സ് ഫുട്ബോള്‍ പ്ലെയേഴ്സ് ആയ് ഏഴു ചെറുപ്പക്കാര് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ചില ക്വട്ടേഷന്‍ (ഗുണ്ടാ) പ്രവര്‍ത്തിനിറങ്ങേണ്ടി വരികയും അതിനിടയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ ചതിയില്‍പ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ശത്രുക്കളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുമുള്ള ഏഴു ചെറുപ്പക്കാരുടെ ശ്രമങ്ങള്‍.

റിവ്യൂ വിശദമായി വായിക്കുവാനും വിശദാംശങ്ങള്‍ അറിയുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

1 comment:

NANZ said...

സെവന്‍സ് എന്ന മലയാള സിനിമാ മഹാ പാതകത്തിന്റെ വിശേഷങ്ങളുമായി