Showing posts with label Nivil Pauly. Show all posts
Showing posts with label Nivil Pauly. Show all posts

Thursday, September 27, 2012

പുതിയ തീരങ്ങൾ - സിനിമാ റിവ്യൂ

ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ദങ്ങളും സ്വപ്നങ്ങളും പ്രണയങ്ങളും കൊച്ചു കൊച്ചു കുസൃതികളുമൊക്കെ നാട്ടു പച്ചയുടെ പശ്ചാത്തലത്തിൽ നർമ്മ മധുരമായ മുഹൂർത്തങ്ങൾ കൊണ്ട് കോറിയിട്ടവയായിരുന്നു സത്യൻ അന്തിക്കാടിന്റെ പഴയ കാല സിനിമകൾ. ഇന്നും ഓൺലൈനിലും പുറത്തും ഗൃഹാതുരതയോടെ മലയാള സിനിമാ പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുന്ന സിനിമാ മുഹൂർത്തങ്ങളും സത്യന്റെ പഴയ സിനിമകളാണ്. മലയാളിയുടെ ജീവിത ഭാഷണങ്ങളിൽ പലപ്പോഴും സന്ദർഭങ്ങളെ വ്യക്തമാക്കുന്ന സംഭാഷണങ്ങൾ പോലും ആ സിനിമകളിൽ നിന്നു തന്നെയാണ്. ‘പവനായി ശവമായി’, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്”,‘ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല’ ഇങ്ങിനെ പോകുന്നു. ദാസനും വിജയനും, തങ്കമണിയും, തട്ടാനും, വെളിച്ചപ്പാടും, ഹാജ്യാരുമൊക്കെ മലയാളി ജീവിതത്തിന്റെ സിൽ വർ സ്ക്രീൻ കാരിക്കേച്ചറുകളായിരുന്നു. കാലം മാറവേ, സിനിമയും മാറി, ശരിക്കും പറഞ്ഞാൽ സത്യൻ അന്തിക്കാടും മാറി.പക്ഷെ, “മണ്ണിലിറങ്ങിയ കഥാപാത്രങ്ങളുള്ള ഗ്രാമീണ നന്മ” എന്ന ബ്രാൻഡു മാത്രം ബാക്കിയായി.‘സുരക്ഷിതവിജയം’ നേടുന്ന പാതിവെന്ത പിന്തിരിപ്പൻ സിനിമകൾ,  പ്രചരിച്ചു പോയ ആ ബ്രാൻഡിന്റെ പുറത്ത് നിർമ്മിച്ച് വിൽക്കുന്ന അസ്സലൊരു ബ്രാൻഡ് മുതലാളി മാത്രമായി സത്യൻ അന്തിക്കാട്. ബ്രാൻഡിന്റെ പഴയ ക്വാളിറ്റിയും ഈടുമൊക്കെ ഇപ്പോഴുമുണ്ടാവുമെന്ന് വിശ്വസിക്കുന്ന  ഒരു കൂട്ടം ഉപഭോക്താക്കൾ ഇപ്പോഴുമുണ്ടെന്ന് ഒരു പക്ഷെ സത്യൻ അന്തിക്കാട് വിശ്വസിക്കുന്നുണ്ടാവണം.

നീണ്ട ഇടവേളക്കു ശേഷം ഇത്തവണ മറ്റൊരു തിരക്കഥാകൃത്താണ് (ബെന്നി പി നായരമ്പലം) സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. അഭിനയിക്കുന്നവരിൽ പലരും സത്യന്റെ സ്ഥിരം സിനിമാ അഭിനേതാക്കളല്ല. സൂപ്പറോ അല്ലാത്തതോ ആയ നായക നടനുമില്ല. മാത്രമല്ല ഇതൊരു ന്യൂ ജനറേഷൻ മൂവി കൂടിയാണെന്ന് സംവിധായകൻ സിനിമക്കു മുൻപിറങ്ങിയ പ്രൊമോഷനിലും പറഞ്ഞിരിക്കുന്നു. ഇതൊക്കെത്തന്നെ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ആകർഷക ഘടകങ്ങൾ തന്നെയാണ്. മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഇറങ്ങിയ സിനിമകളൊക്കെത്തന്നെ സത്യൻ അന്തിക്കാടിനോടുള്ള പ്രേക്ഷകന്റെ പ്രിയം കുറക്കുന്നതും സത്യൻ അന്തിക്കാട് ഇനി മറ്റാരുടേയെങ്കിലും തിരക്കഥ സിനിമയാക്കണം എന്ന അഭിപ്രായം ഉണ്ടാക്കുന്നവയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ ബെന്നി പി നായരമ്പലവും സത്യൻ അന്തിക്കാടും പുതിയ താരങ്ങളും കൂടി ചേരുന്ന ‘പുതിയ തീരങ്ങൾക്ക്” പുതുമയുണ്ടാകേണ്ടതും സത്യനിലെ പഴയ സംവിധായകനെ കാണിച്ചു തരേണ്ടതുമാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, September 16, 2012

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം - സിനിമാ റിവ്യൂ

വിടപറയും മുൻപേ, ഓർമ്മയ്ക്കായി തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച നിർമ്മാതാവാണ് ഡേവീഡ് കാച്ചപ്പിള്ളി. ചെറിയൊരു ഇടവേളക്കു ശേഷം ‘ഡേവീഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസി‘ന്റെ ബാനറിൽ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം” എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ഡേവീഡ് കാച്ചപ്പിള്ളി വീണ്ടുമെത്തുന്നത്. ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സേതുവിന്റേതാണ്.  സിനിമയുടെ പേരു പോലെത്തന്നെ മലയാളത്തിന്റെ സിനിമാഭൂപടത്തിൽ ഒരിടം ഇല്ലാതാകുന്ന സിനിമയാണിതെന്ന് നിശ്ശംസയം പറയാം. വളരെ ദുർബലമായ തിരക്കഥ, ബോറടിപ്പിക്കുന്ന കഥാഗതി, പരിതാപകരമായ മേക്കിങ്ങ്, അഭിനേതാക്കളുടെ മോശം പ്രകടനം എന്നിവയാൽ മലയാള സിനിമാപ്രേക്ഷകന്റെ മനസ്സിൽ ഒരിടം തേടുന്നതിൽ ഈ സിനിമ ഒരു ശതമാനം പോലും വിജയിക്കുന്നില്ല.

ഗ്രാമത്തിൽ നടന്നൊരു മോഷണത്തിന്റെ പേരിൽ മോഷ്ടാവിനെ കണ്ടുപിടിക്കാൻ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും (ഇന്നസെന്റ്) ഗ്രാമത്തിൽ വർഷങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന പ്രസിഡണ്ട് എഴുത്തച്ഛനും (നെടൂമുടി വേണു) ഈ പ്രശ്നത്തിനു പരിഹാരം കാണുന്നത് ഏതെങ്കിലുമൊരു സ്ഥിരം മോഷ്ടാവിനെ കണ്ടുപിടിച്ച് കേസിന്റെ ബലത്തിനു ക്രെഡിബിലിറ്റിയുള്ള ഒരാളുടെ സാക്ഷിമൊഴി ഉണ്ടാക്കുക എന്ന തന്ത്രമാണ്. അതിനു വേണ്ടി ഇവർ കണ്ടെത്തുന്ന മാധവൻ കുട്ടീ മാഷാ(ശ്രീനിവാസൻ)കട്ടെ, തന്റെ മനസാക്ഷിയെ വഞ്ചിച്ച് കള്ള സാക്ഷി പറയാൻ തയ്യാറാവുന്നില്ല. പോലീസിന്റെ ഭീഷണിയിൽ ഭയന്ന മാഷ്, പക്ഷെ സാക്ഷിമൊഴി കള്ളമാണെന്ന് കോടതിയറിഞ്ഞാൽ ജയിൽ ശിക്ഷക്ക് വിധേയനാകുമെന്നതും അറിഞ്ഞതോടെ ഭയത്താലും അസ്വസ്ഥതകളാലും വ്യക്തിജീവിതവും കുടൂംബജീവിതവും തകരാറിലാവുന്നതാണ് സിനിമയുടെ ഏറിയ ഭാഗവും. 

റിവ്യൂ വിശദമായി വായിക്കുവാനും മറ്റു വിശദാംശങ്ങൾക്കും എം 3 ഡി ബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക