Showing posts with label swapna sanchari. Show all posts
Showing posts with label swapna sanchari. Show all posts

Tuesday, November 29, 2011

സ്വപ്ന സഞ്ചാരി - റിവ്യൂ

സിനിമാ സമരങ്ങളുടേയും ചർച്ചകളുടേയും നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നാണ് 'ഗദ്ദാമ'ക്ക് ശേഷം കെ ഗിരീഷ് കുമാറെഴുതി കമൽ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി'. 'കൈക്കുടന്ന നിലാവ്' എന്ന തന്റെ ചിത്രത്തിനു ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്ന എന്ന സവിശേഷതയും കുടുംബകഥകളുടെ സംവിധായകനും നായകനും എന്ന പ്രൊമോഷനുമൊക്കെയായി സ്വപ്നസഞ്ചാരി പ്രേക്ഷകന്റെ മുന്നിലേക്കെത്തുമ്പോൾ പക്ഷെ, നല്ല സിനിമ കാണാനുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന് ചുരുക്കിയെഴുതാം.

പ്രവചനീയമായ കഥയും കഥാഗതിയും ചിത്രാന്ത്യവുമാണ് ചിത്രത്തിന്റെ മുഖ്യപോരായ്മ. കഴിഞ്ഞ കാലങ്ങളിൽ കണ്ട കുടുംബചിത്രങ്ങളുടെ സ്വഭാവവും സന്ദർഭങ്ങളുമാണ് ചിത്രത്തിലുടനീളം. തന്റെ പരിചയ സമ്പന്നതകൊണ്ട് വൃത്തിയായി അണിയിച്ചൊരുക്കാൻ കമലിനു കഴിഞ്ഞു എന്ന് മാത്രമാണ് പ്രത്യേകത. അതു കൊണ്ട് തന്നെ സീരിയൽ സ്നേഹികളും പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകരുമുണ്ടേങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിനായേക്കും. പക്ഷെ നവ ആഖ്യാന രീതികളും കഥപറച്ചിൽ രീതികളുമായി പുതിയ തലമുറ കടന്നു വന്നുകൊണ്ടിരിക്കുന്ന/ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സിനിമകളുടെ ഇക്കാലത്ത് ഈയൊരു ചിത്രം പഴയ അച്ചിൽ തീർത്ത പ്രൊഡക്റ്റ് തന്നെയാണ്. സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സംവിധായകൻ കൂടി കളം മാറ്റിച്ചവിട്ടേണ്ടിവരുമെന്നർത്ഥം.

പ്ലോട്ട് : അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക