"watching a movie at home is a lot more fun than going out" എന്നത് ഏതു സിഡി/വീഡിയോ കമ്പനിയുടെ പരസ്യ വാചകമെന്നറിയില്ല. പക്ഷെ ആ ഒരു ബോധത്തിലാണ് ഇന്ന് കേരളത്തിലെ മിക്ക പ്രേക്ഷകരും. അല്ലായിരുന്നെങ്കില്‍ ഈ കൊച്ചു കേരളത്തില്‍ വ്യാജസിഡികള്‍ നിര്‍ബാധം വിലസുകയോ പ്രചരിക്കുകയോ ചെയ്യുമായിരുന്നില്ല. സിനിമ എന്ന വ്യവസായം തഴച്ചു വളര്‍ന്നതിനൊപ്പം പഴയ ഗള്‍ഫുകാരന്റെ ടിവി വീസിയാര് തരംഗത്തിലൂടെ കേരളത്തില്‍ വീഡിയോ അഥവാ സിനിമാ വീഡിയോ കാസറ്റ് തരംഗവും വന്നെത്തി. പിന്നീട് അതൊരു വ്യവസായമാകുകയാണ് ചെയ്തത്. കേരളത്തില്‍ മുക്കിനുമുക്കിന് കാസറ്റ് കടകള്‍ (റെന്റ്) മുളച്ചുപൊന്തി. അതോടൊപ്പം വ്യാജ കാസറ്റുകളും. പഴയ വി എച്ച് സി യില്‍ നിന്ന് സിഡി തരംഗത്തിലേക്ക് വന്നപ്പോള്‍ ഈ വ്യവസായം കൂടുതല്‍ വിപുലപ്പെടൂകയാണുണ്ടായത്. മാത്രമല്ല സീഡി കമ്പനികളും സിനിമാ സീഡി റിലീസിങ്ങ് കമ്പനികളും ഒരുപാട് കൂടി, പിന്നീട് നടന്നതൊക്കെ ചരിത്രം. മലയാള സിനിമാവ്യവസായത്തെ തകര്‍ക്കുമാറ് വ്യാജസീഡികള്‍ പെരുകി. സിനിമാ നിര്‍മ്മാതാക്കള്‍ അതേക്കുറിച്ച് വ്യാകുലരായി, പൈറസി സെല്‍ നിലവില്‍ വന്നു. ഒടുക്കം ഉത്തരേന്ത്യയില്‍ നിന്ന് തലപ്പാവണിഞ്ഞ സിങ്ങ് തലപ്പത്തെത്തി കേരളം അരിച്ചു പെറൂക്കി. (അതിനു പുറകിലെ രാഷ്ട്രീയമവിടെ നിക്കട്ടെ, എന്തെങ്കിലുമുണ്ടെങ്കില്‍) പൈറസി തലവന്‍ ചോദ്യം ചെയ്യപ്പെട്ടു. വ്യാജ സീഡി കമ്പനികള്‍/മാഫിയകള്‍ കച്ചവടം നിര്‍ത്തി ഇരുളിലേക്ക് പോയി. എങ്കിലും ഇന്നും ഹിന്ദി-തമിഴ്-മലയാളം റിലീസുകളുടെ പുതുപുത്തന്‍ സീഡികള്‍ റിലീസ് ദിവസം പല മലയാളിയുടേയും കയ്യിലെത്തുന്നു, പ്രചരിക്കപ്പെടുന്നു. മലയാള സിനിമയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് സിനിമാപ്രവര്‍ത്തകര്‍ പ്രേക്ഷകനോട് കരഞ്ഞു പറഞ്ഞു, എങ്കിലും പല മലയാളിയും പുതിയ റിലീസിന്റെ സിഡി (വ്യാജന് തന്നെ) കിട്ടിയാല്‍ അതിനെ നിയമത്തിന്റെ കയ്യിലേല്‍പ്പിക്കുകയല്ല മറിച്ച് വീട്ടിലിരുന്ന് കാണാനും കൂടുതല്‍ പേര്‍ക്ക് എത്തിച്ചു കൊടുക്കാനും തയ്യാറാവുന്നു. watching a movie at home is a lot more fun than going out... കാരണം??
ഈ ഞാനും വ്യാജ സിഡി കാണാന്‍ താല്‍പ്പര്യപ്പെടൂന്നു. കാരണം???
എന്തിനാണ് സുഹൃത്തേ ഞാന്‍ തിയ്യറ്ററില്‍ പോയി റിലീസ് സിനിമ കാണുന്നത്? ഞാനെന്ന, സിനിമയെ പ്രേമിക്കുന്ന പ്രേക്ഷകനു വേണ്ടി സിനിമാ തിയ്യറ്ററുകാരനും സിനിമാ നിര്‍മ്മാതക്കളും വിതരണക്കാരനും എന്താണ് എനിക്ക് തരുന്നത്?
തിയ്യറ്ററിലെ അസഹ്യമായ തിക്കും തിരക്കും സഹിക്കുന്നത് പോട്ടെ, ഒരു സിനിമാപ്രേമി എന്ന നിലയില്‍ അതുള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. റിലീസ് ദിവസങ്ങളില്‍ (ഒരാഴ്ചയോളമെങ്കിലും) ഫാന്‍സുകാരുടെ പേക്കുത്തു കാണണം , സഹിക്കണം, അമ്മ പെങ്ങന്മാരെ കണ്ണുകൊണ്ടും കയ്യുകൊണ്ടുമുഴിയുന്ന തെമ്മാടികളെ പേടിക്കണം, അവരില്‍ നിന്നെന്റെ അമ്മ പെങ്ങന്മാരെ രക്ഷിച്ചെടുക്കണം, അമിതമായ പാര്‍ക്കിങ്ങ് ചാര്‍ജ്ജ് കൊടുക്കണം. ഇതൊക്കെ സഹിച്ച് തിയ്യറ്ററിനകത്ത് കടന്നാല്‍ പ്രവര്‍ത്തിപ്പിക്കാത്ത ഏ.സി (ആ നിരക്കും നമ്മള് കൊടൂക്കണം) കറങ്ങാത്ത ഫാന്‍, ഫാന്‍സിന്റെ അസഭ്യവര്‍ഷം, കടലാസ്സേറ്, ഇടക്കൊന്നു മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൃത്തിയും വെടുപ്പുമുള്ള എത്ര റ്റോയ്ലറ്റുകള് കേരളത്തിലെ തിയ്യറ്ററുകളില്‍ ഉണ്ട്? ഇടവേളക്ക് എനിക്കോ എന്റെ കൂടെയുള്ളവര്‍ക്കോ വല്ലതും വാങ്ങിക്കഴിക്കണമെന്നു തോന്നിയാല്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്ന കാന്റീനുകള്‍. സാങ്കേതിക വിദ്യയുടെ ജാജ്വലപ്രകടനങ്ങള്‍ ഉള്ള തമിഴ് / ഹിന്ദി സിനിമകള്‍ കാണിക്കാന്‍ പര്യാപ്തമായ ദൃശ്യ-ശ്രാവ്യ സൌകര്യമുള്ള എത്ര തിയ്യറ്ററുകള്‍ കേരളത്തിലുണ്ട്? എത്ര തിയ്യറ്റര്‍ ഉടമകള്‍ അതിനെക്കുറിച്ച് ബോധവാരാണ്? ടിക്കറ്റ് കൊടുത്തു തുടങ്ങുമ്പോഴേക്കും ‘ബാല്‍ക്കണി ഫുള്‍’ എന്ന ബോര്‍ഡ് വെക്കാത്ത എത്ര തിയ്യറ്ററൂകള്‍ കാണും? തിയ്യറ്ററുകാരുടെ ഒത്താശയോടേയും അല്ലാതേയും ടിക്കറ്റ് കരിഞ്ചന്ത കച്ചവടം നടത്തുന്ന ഫാന്‍സുകാരും മാഫിയക്കാരും..
ഈ തെരുക്കൂത്തുകള്‍ക്കിടയിലേക്ക് ഞാനും എന്റെ കുടുംബവും എന്തിനു സിനിമ കാണാന്‍ പോണം? അതിനു പകരം എന്റെ മുന്നിലെത്തുന്ന സിഡി അത് വ്യാജനോ ഒറിജിനലോ ആകട്ടെ അത് കാണാന്‍ ഞാനെന്തിനു മടിക്കണം? തിയ്യറ്ററിലെത്തുന്ന ലക്ഷക്കണക്കിന് പ്രേക്ഷകനെക്കുറിച്ച് യാതൊരു ആലോചനയുമില്ലാത്ത അവന്റെ സൌകര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്ത സിനിമാ പ്രവര്‍ത്തകരുടെ പ്രഘോഷണത്തിന് ഞാനെന്തിന് ചെവി കൊടുക്കണം? (കഴിഞ്ഞ മാസം തിരുവനന്തപുരത്തും എറണാകുളത്തും ‘പഴശ്ശിരാജ’ സിനിമ റിലീസ് കണ്ടവര്ക് അനുഭവമുണ്ടാകും; ആദ്യ ഒന്നര മണിക്കൂര്‍ എ സി പ്രവര്‍ത്തിപ്പിക്കാതെ സിനിമ പ്രദര്‍ശിപ്പിച്ചത്.)
ഇതെല്ലാം എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി. സിനിമാ നിര്‍മ്മാതക്കള്‍ക്കും വിതരണക്കാര്‍ക്കും തിയ്യറ്റര്‍ ഉടമകള്‍ക്കും പ്രേക്ഷകന്റെ കാശ് മതി. അവന്റെ സൌകര്യങ്ങളെക്കുറിച്ച് ബോധവാനാകേണ്ട, അവന് തരുന്ന കാശിനു സൌകര്യങ്ങള്‍ കൊടൂക്കണ്ട. എന്തായാലും പ്രേക്ഷകന് സിനിമ വന്ന് കണ്ടോളുമല്ലോ!!
പ്രേക്ഷകന്റെ മുന്നില്‍ ഈ ഗീര്‍വാണങ്ങള്‍ ഉയര്‍ത്തുന്നതിനു മുന്‍പ് പ്രേക്ഷകനെ പറ്റി ഒരു വട്ടം, ഒരുവട്ടമെങ്കിലും ചിന്തിക്കാന്‍ ഇവിടത്തെ സിനിമപ്രവര്‍ത്തകര്‍ക്കു കഴിയട്ടെ, അല്ലെങ്കില്‍ കേരളത്തില്‍ ഇനി അവശേഷിക്കുന്ന തിയ്യറ്ററുകളെങ്കിലും കല്യാണമണ്ഡപങ്ങളാകും. കാരണം, ഈ പേക്കുത്തുകള്‍ക്കിടയിലിരുന്ന് ഞങ്ങള്‍ക്ക് സിനിമ കാണണ്ട പകരം ഞങ്ങള്‍ക്ക് വ്യാജ സിഡി മതി.
14 comments:
മലയാള സിനിമയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് സിനിമാപ്രവര്‍ത്തകര്‍ പ്രേക്ഷകനോട് കരഞ്ഞു പറഞ്ഞു, എങ്കിലും പല മലയാളിയും പുതിയ റിലീസിന്റെ സിഡി (വ്യാജന് തന്നെ) കിട്ടിയാല്‍ അതിനെ നിയമത്തിന്റെ കയ്യിലേല്‍പ്പിക്കുകയല്ല മറിച്ച് വീട്ടിലിരുന്ന് കാണാനും കൂടുതല്‍ പേര്‍ക്ക് എത്തിച്ചു കൊടുക്കാനും തയ്യാറാവുന്നു. watching a movie at home is a lot more fun than going out... കാരണം??
ഇവിടെ(ഗള്‍ഫില്‍) വ്യാജ സി ഡി സുലഭം ..വഴിയോരതു നിന്നും കിട്ടും ... ഒരിയ്കല് സി ഡി കടയില്‍ ചെന്നപോള്‍ അവിടെ നില്കുന്ന പയ്യന്റെ ചോദ്യം .."സ്പീഡ്" ഇറക്കിയ സി ഡി ഉണ്ട് ..വേണോ ?.. "സ്പീഡ്" എന്നുള്ളത് ഇവടെ കിട്ടാറുള്ള വ്യാജ സി ഡി യുടെ ഒരു ബ്രാന്‍ഡ് , വ്യാജന് ആണെങ്കിലും നല്ല ക്ലിയര്‍ പ്രിന്റ് ..... :) അങ്ങനെ പോണു ഗള്‍ഫ് വ്യജന്മാരുടെയ് കഥ ..
താങ്കള്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരി തന്നെയാണ്.
വളരെ പ്രസക്തമായ ചിന്തകള്‍...
കൂടുതല്‍ പേര് ഈ പോസ്റ്റ് ശ്രദ്ധിയ്ക്കാന്‍ ഇട വരട്ടെ.
കാര്യമാത്ര പ്രസക്തമായ ലേഖനം . ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ തീയേറ്ററില്‍ പോയുള്ള സിനിമാ കാണല്‍ കുറവാണ്
ബ്ലോഗിങ്ങിലേക്ക് സ്വാഗതം
ടാക്കീസില്‍ പോയിരുന്ന് സിനിമ കാണാന്‍ ഒരു ധൈര്യവും ഇന്ന് എനിക്കില്ല. സിനിമാ വ്യവസായം തകരുന്നതിനു മുന്‍പ് ഞാന്‍ മറ്റുള്ള പെണ്‍കുട്ടികളോടൊത്ത് ടാക്കീസില്‍ പോകാറുണ്ട്. ഇന്ന് എങ്ങനെ പോകും? പെണ്‍കുട്ടികളെ അകറ്റിയതോടെ സിനിമ വീട്ടില്‍ മാത്രമായി.
good thought. all the best.
കഴിഞ്ഞ ഒന്നര രണ്ട്ട് വര്‍ഷത്തിനുള്ളില്‍ തിയേടരിനുള്ളില് പോയി സിനിമ കണ്ടത് ഒരെണ്ണം മാത്രം.
കൂടുതലും ടിവിയിലെ സിനിമ തന്നെ ശരണം. പിന്നെ വല്ലപ്പോഴും കിട്ടുന്ന വ്യാജന്മാരെ എന്തുകൊന്റ്റ് കാണാതിരിക്കണം.
ഒരു സിനിമ റിലീസ് ആയി ഒരു മാസത്ത്തിനുള്ളിലെങ്കിലും സിഡി/ ഡിവിഡി പ്രിന്റ് ഇറക്കട്ടെ. അപ്പോള്‍ കാശു കൊടുത്ത് ഒറിജിനല്‍ ഡിവിഡി വാങ്ങ്ങ്ങിച്ച്ച് കാണും.
ഞാനാകെ രണ്ടു സിനിമയെ തിയറ്ററില്‍ കണ്ടിട്ടുള്ളൂ...
- എന്റെ ഹോം തിയറ്റര്‍ സിസ്റ്റം ഒരുമാതിരി നല്ല തിയറ്ററിനേക്കാള്‍ വളരെ ഭേതം...
- രണ്ട് സ്മൊളടിച്ച്, ഇഷ്ടപ്പെട്ട സീനുകള്‍ മാത്രം കണ്ട്, പകുതിക്കുറങ്ങം...
ഇതിലും കൂടുതല്‍ എന്തിനാ കാരണങ്ങള്‍??
വ്യാജ സീഡി എന്ന് പറയരുത്. കോപ്പി ചെയ്ത സീഡി എന്നു പറയാം. കോപ്പി ചെയ്യപ്പെടുക എന്നത് സീഡിയുടെ സ്വഭാവമാണ്.
നാം ആരുടേങ്കിലും സിനിമ കാണണമെങ്കില്‍ നമുക്കല്ലെ പണം ഇങ്ങോട്ട് തരേണ്ടത്? നമ്മുടെ സമയത്തിന് ഒരു വിലയുമില്ലേ?
കോപ്പി ചെയ്ത് കാണുക, ഇഷ്ടപ്പെട്ടാല്‍ ചെറിയൊരു തുക അയച്ചുകൊടുക്കുക.
സിനിമ സൗജന്യവും സ്വതന്ത്രവുമാക്കുക.
സുഹ്രുത്തെ, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.
ഇതു സംബന്ധിച്ച് ഞാനുമൊരു കുറിപ്പ് എഴുതിയിരുന്നു.
http://madonmovies.wordpress.com/2009/11/03/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE/
:-)
വ്യാജ സിഡിയുടേയും കാലം കഴിഞ്ഞില്ലേ? ഇപ്പോള്‍ ടൊറന്റുകളോടല്ലേ എല്ലാവര്ക്കും പ്രിയം? ക്യാമറ പ്രിന്റ്, വി.സി.ഡി. കോപ്പി, ഡി.വി.ഡി. കോപ്പി, ഹൈ ഡെഫനിഷന്‍ കോപ്പി, ബ്ല്യൂ-റേ കോപ്പി - ഇനി ഇതൊക്കെ മൊബൈലില്‍ ഇടുവാന്‍ തക്കവണ്ണം 300 MB മുതല്‍ ഡ്യുവല്‍ ലെയര്‍ ഡി.വി.ഡി.യില്‍ ബേണ്‍ ചെയ്യുവാന്‍ കഴിയുന്ന രീതിയില്‍ 8 GB വരെ! സ്ക്രീനിന്റെ വലിപ്പം ഒന്നഡ്ജസ്റ്റ് ചെയ്യാമെങ്കില്‍ തിയേറ്ററിനേക്കാള്‍ മികച്ച ശബ്ദവിന്യാസത്തോടെ, വീട്ടിനുള്ളില്‍ ചിത്രം ആസ്വദിക്കാം. ഒരു പ്രൊജക്ടര്‍ സംഘടിപ്പിക്കാമെങ്കില്‍ അത്യാവശ്യം വലുപ്പത്തിലും ചിത്രം കാണാം.
ഓഫ്: ഒരു സിനിമ കാണുവാന്‍ പോയപ്പോള്‍ കാപ്പിക്ക് വില 8 രൂപ, ഒരാഴ്ച കഴിഞ്ഞ് അടുത്തതിന് ചെന്നപ്പോള്‍ വില 10 രൂപ! ഇനി ഏതായാലും കാപ്പി കുടിയില്ല!
--
watching a movie at home is a lot more fun than going out... കാരണം??
ഞാനിവിടെ മുംബയിൽ നിന്നാണ്. ഇവിടെ മലയാള സിനിമകൾ വരുന്നത് റിലീസ് ഡെയിറ്റിൽ നിന്നും ഇത്തിരി വൈകിയാണെങ്കിലും സാരമില്ലാ എന്ന് വയ്ക്കാം. പക്ഷെ, ഒരു ടികറ്റിന് 225 രൂപ. ഇന്റർവെല്ലിന് ഒരു ചായ കുടിക്കണമെങ്കിൽ 45 രൂപയും. എന്നാൽ പോലും ഞാൻ പോകാറൂണ്ട്... ഒരു കൊതി കൊണ്ട്.
2 ഹരിഹർ നഗർ ഇവിടെ റിലീസായ നേരത്താണ് എന്റെ ബന്ധുക്കളും മറ്റും നാട്ടിൽ നിന്ന് വന്നത്. അവരും പിന്നെ ഇവിടെ എന്റെ കൂട്ടുകാരും എല്ലാം കൂടി കാണാൻ പോയി. ഞങ്ങൾ 17 പേർ, ടികറ്റിന് 3825 രൂപയേ... ഇടക്ക് ചിലർക്ക് ചായ വേണമെന്ന് പറഞ്ഞപ്പോ എന്റെ ചങ്കാ കത്തിയത്....!! എന്താ ചെയ്കാ....??? ഇങ്ങനെ ഉള്ള നേരത്ത് തോന്നില്ലേ... വ്യാജനാണേലും സിഡി കിട്ടിയാൽ എല്ലാരേംമിരുത്തി കാണിക്കാരുന്നു. ഒരു ടെൻഷനുമില്ലാതെ എന്ന്...!!!!
പിന്നെ ഒന്നുണ്ട്... ഇവിടെ ആർക്കും... അത് ആണെന്നോ പെണ്ണെന്നോ ഇല്ലാ... ആർക്കും ഏത് ഷോയിക്കും ആരേയും ഭയക്കാതെ ഒരു സിനിമ കാണാൻ കയറാൻ പറ്റും... നാട്ടിലെ അവസ്ഥ ഇല്ലാ... ഫാമിലിയെ കൂടീ കൊണ്ടുപൊയി സിനിമക്കു പോകാൻ മടീ തോന്നുന്ന ഒരവസ്ഥ...!!!
സത്യം വ്യാജന് കഥ ...
Post a Comment