Tuesday, December 15, 2009
ഒരു പാതിരാകൊലപാതകത്തിന്റെ കഥ
.മലബാറിലെ പാലേരിയെന്ന ഗ്രാമത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന സുന്ദരിയുടെ കൊലപാതകരഹസ്യങ്ങള്‍ ഹരിദാസ് എന്ന ഡിറ്റക്റ്റീവ് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ചുരുളഴിക്കാന്‍ എത്തുന്നതോടെയാണ് പാലേരി മാണിക്യം എന്ന പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങുന്നത്.
ടി.പി രാജീവിന്റെ നോവലിനു സംവിധായകന്‍ കൂടിയായ രഞ്ജിത്ത് സിനിമാ പരിഭാഷ്യം രചിക്കുന്നു. മലയാള സാഹിത്യം സിനിമാ തിരക്കഥക്കൊപ്പം പോകാത്ത നവ മലയാള സിനിമാ കാലത്താണ് ഒരു പാട് നാളുകള്‍ക്ക് ശേഷം ഒരു നോവല്‍ സിനിമയാകുന്നത്. നോവലുകള്‍ സിനിമകളാകുമ്പോള്‍ വായനക്കാരനും പ്രേക്ഷകനും ഒരാളാണെങ്കില്‍ കൂടിയും വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ ഉണ്ടാവുന്നത് വര്‍ഷങ്ങളായുള്ള സമീപന രീതിയാണ്. നോവലുകള്‍ സിനിമയാക്കിയപ്പോള്‍ എന്നും ഈയൊരു വേര്‍തിരിവ് വായനക്കാരന്/പ്രേക്ഷകനു ഉണ്ടായിട്ടുണ്ട് (ഉദാ: ദൈവത്തിന്റെ വികൃതികള്‍, അഗ്നിസാക്ഷി) ഇതെഴുതുന്നയാള്‍ നോവല്‍ വായിച്ചിട്ടില്ല എങ്കിലും നോവലും സിനിമയും സാദ്ധ്യതകളും പരിമിതികളും ഉള്ള രണ്ടു മാധ്യമമാണെന്നു തന്നെ കരുതുന്നു.
മലയാള സിനിമയില്‍ പൊതുവേ അപരിചിതമായ ഒരു രീതിയിലൂടെയാണ് ഈ കഥയുടെ ദൃശ്യാവിഷ്ക്കാരം. പ്രധാന കഥാപാത്രം നരേറ്റ് ചെയ്യുന്ന രീതിയില്‍ തുടങ്ങുന്ന കഥ അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഈ കാലഘട്ടത്തിലെ നായകനെക്കൂടി ഫ്രെയിമില്‍ നിര്‍ത്തി പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിലുള്ള ദൃശ്രാവിഷ്കാരം പുതുമയുണ്ട്. പാലേരിയിലെ ഇന്ന് ജീവിച്ചിരിക്കുന്ന പല ഗ്രാമീണരുമായുള്ള സംഭാഷണങ്ങളിലൂടെ കൊലപാതകിയെകുറിച്ചുള്ള ഒരു നിഗമനത്തിലേക്കെത്തുകയാണ് ഹരിദാസ്. ഈ കൊലപാതക രഹസ്യം ഹരിദാസിനെ സംബന്ധിച്ച് കൊലപാതകിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനോ, നീതി നടപ്പാക്കാനോ വേണ്ടിയല്ല. കാരണം ഹരിദാസ് (മമ്മൂട്ടി അവതരിപ്പിക്കുന്നു) ജനിച്ചതും പാലേരിയിലാണ്. തന്റെ ജനനം നടന്ന രാത്രിയില്‍ പാലേരിയില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നു. അതിലൊന്ന് മാണിക്യത്തിന്റേതാണ്. തന്റെ ജനനത്തോടൊപ്പം നടന്ന ഈ മരണം അന്നുമുതലേ ഒരു അസ്വസ്ഥതയായി ഹരിദാസിനൊപ്പമുണ്ട്. ദല്‍ഹിയിലെ ഫ്ലാറ്റില്‍ ഉറക്കം നഷ്ടപ്പെടുന്ന ഓരോ രാത്രിയും ഹരിദാസിനെ അലട്ടൂന്നത് മാണിക്യത്തിന്റെ ദുരൂഹതയാണ്. തന്റെ മനസാക്ഷിക്കു വേണ്ടി തന്റെ തന്നെ നിയോഗമായി ആ മരണത്തിന്റെ കാര്യ-കാരണങ്ങള്‍ അന്വേഷിച്ചിറങ്ങുക എന്ന് ദൈത്യമാണ് പിന്നെ ഹരിദാസിനുണ്ടാവുന്നത്. കൂട്ടിനു തന്റെ സുഹൃത്ത് സരയൂവും(ഗൌരി മുഞ്ചാല്‍). അമ്പതു വര്‍ഷം പിന്നിട്ട് ഹരിദാസ് ഗ്രാമത്തിലേക്കെത്തുമ്പോഴേക്കും പാലേരിയിലെ മാണിക്യം ഒരു മിത്തായി വളര്‍ന്നു കഴിഞ്ഞിരുന്നു.
പാലേരിമാണീക്യത്തിന്റെ കഥാവസാനത്തില്‍ ഉള്ള ചില പോരായ്മകളാണ് ചിത്രത്തെ ചെറുതെങ്കിലും അലോസരമാക്കുന്നത്. എങ്ങിനെ ഏതുരീതിയില്‍ ഹരിദാസ് ഈയൊരു നിഗമനത്തില്‍ എത്തി എന്നുള്ളത് വിഷ്വലി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് തോന്നിയത്. മാത്രമല്ല താരങ്ങളില്ലാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയെ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതും അവസാന നിമിഷം കല്ലുകടിയായി. എങ്കില്‍ തന്നെയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ (പ്രത്യേകിച്ച് മലബാറിലെ) പഴയ-പുതിയ നാടക നടന്മാരെ ഉപയോഗിച്ചതും, കൊമേഴ്സ്യല്‍ ചേരുവകള്‍ കുത്തി നിറക്കാഞ്ഞതുമൊക്കെ രഞ്ജിത് അഭിനന്ദനം ഏറ്റുവാങ്ങുന്ന കാര്യങ്ങളാണ്. ഒരുപാട് പോരായ്മകള്‍ ഈയൊരു ബ്രഹദ് സംരഭത്തില്‍ ഉണ്ടെങ്കിലും നല്ല ഒരു അറ്റെമ്പ്റ്റ് എന്ന നിലയില്‍ ആ പോരായ്മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ പൊറുക്കാവുന്നതേയുള്ളു. ദൃശ്യഭംഗിയും അര്‍ത്ഥഗര്‍ഭമായ ചില ഷോട്ടൂകളും അഹമ്മദ് ഹാജിയായി വരുന്ന മമ്മൂട്ടിയുടെ പെര്‍ഫൊര്‍മന്‍സും ഒക്കെ ചിത്രത്തെ വിജയിപ്പിച്ച ഘടകങ്ങള്‍ തന്നെയാണ്. അതുപോലെ പൊക്കന്‍ ആയി അഭിനയിച്ച ശ്രീജിത്ത് കൈവേലി, എടത്തേത്തൊടി കുഞ്ഞിക്കണ്ണനായി വരുന്ന ബെന്‍പാല്‍, തെങ്ങുകയറ്റക്കാരന്‍ വേലായുധനായി വരുന്ന വിജയന്‍ വി.നായര്‍, കെ.പി. ഹംസയായി വരുന്ന ടി.ദാമോദരന്‍ തുടങ്ങിയവരൊക്കെ നല്ല അഭിനയം കാഴ്ചവെച്ചവരാണ്. മലയാള സിനിമയിലെ കണ്ടുമടുത്ത താരങ്ങള്‍ ഈ സിനിമയിലില്ലാത്തത് സിനിമക്കൊരു ഫ്രെഷ്നെസ്സ് നല്‍കുന്നുണ്ട്. സംഗീതം നല്‍കിയ ബിജിപാല്‍, ഛായാഗ്രാഹകന്‍ മനോജ് പിള്ള, രഞ്ജിത് അമ്പാടിയുടെ ചമയം എല്ലം സിനിമക്കു സപ്പോര്‍ട്ട് നല്‍കിയ ഘടകങ്ങളായിരുന്നു. ഇതില്‍ മനോജ് പിള്ളയുടെ കഴിവ് എടുത്തു പറയേണ്ടതാണ്.
ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്‍ന്നാല്‍ മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാം. തീര്‍ച്ചയായും അത്തരമൊരു സ്ഥിതി വിശേഷത്തിന് മലയാള സിനിമ കൊതിക്കുന്നുണ്ട്; ഏതര്‍ത്ഥത്തിലും.
ഇത്തരമൊരു നല്ല സംരഭത്തിനു അനിവാര്യമായ ഒന്നാണ് പ്രൊമോഷന്‍ & മാര്‍ക്കറ്റിങ്ങ്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ സംരഭകരുടെ ഭാഗത്ത് നിന്ന് പൊറുക്കാനാവത്ത തരത്തിലുള്ള രീതിയിലാണ് ഈയൊരു ചിത്രത്തിന്റെ പ്രൊമോഷന്‍ ഉണ്ടായിട്ടുള്ളത്. രണ്ടു പ്രാവശ്യം മാറ്റിവെക്കേണ്ടി വന്ന റിലീസ് ഡെയ്റ്റ് ആദ്യം കരാര്‍ ചെയ്തിരുന്ന 70 തിയ്യറ്ററില്‍ നിന്ന് 45 മാറിയതും ഏറ്റവും മോശമായ തരത്തിലുള്ള പ്രൊമോഷന്‍ ഡിസൈനും മാര്‍ക്കറ്റിങ്ങും ഈ ചിത്രത്തെ സാധാരണപ്രേക്ഷകനെ സിനിമകാണുന്നതില്‍ നിന്നും കുറച്ചെങ്കിലും പിന്‍ വലിക്കുന്നുണ്ട്. ഷൂട്ടിങ്ങിനു മുന്‍പ് തന്നെ “പാലേരി മാണിക്യം” എന്ന പേരില്‍ പ്രശസ്തമായ ഈ സിനിമാ പേര്‍ ചിത്രത്തിന്റെ റിലീസോടെ “ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന്‍ പേരില്‍ പ്രൊമോട്ട് ചെയ്യപ്പെടുകയാണുണ്ടായത് പാലേരി മാണിക്യം എന്ന്‍ പേര് പോസ്റ്ററില്‍ വായിച്ചെടുക്കാന്‍ പാകത്തിനു അച്ചടിക്കപ്പെടാത്തതും ആ ചിത്രത്തിന്റെ ആകെത്തുകയൊ കഥാംശമോ അതിന്റെ ട്രീറ്റ്മെന്റോ ഒന്നും വെളിവാക്കപ്പെടാവുന്ന തരത്തില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാതിരുന്നതും ചിത്രത്തെ പരാജയത്തിലേക്ക് വിളിച്ചു വരുത്തുന്ന ഒന്നായി. മറ്റു ഭാഷകളില്‍ (തമിഴിലടക്കം) പ്രചാരത്തിലുള്ള സിനിമ പ്രൊമോഷന്‍ & മാര്‍ക്കറ്റിങ്ങ് എന്ന വിഭാഗത്തെക്കുറിച്ച് എന്നാണാവോ ഇനി മലയാള സിനിമ കേള്‍ക്കാനെങ്കിലും പോകുന്നത്?
സിനിമയില്‍ നിന്ന് :
ഹരിദാസ്, സരയൂ, ബാര്‍ബര്‍ കേശവന്‍.
ബാര്‍ബര്‍ കേശവന്‍ : “അയാള്‍ (ഹാജി)ചെയ്തു കൂട്ടിയതിനൊക്കെ അയാള്‍ അനുഭവിക്കാതിരിക്കില്ല. തന്റെ ദുഷ്പ്രവൃത്തികള്‍ക്കൊക്കെ അയാള്‍ പിന്നീട് അനുഭവിക്കുക തന്നെ ചെയ്യും.“
ഹരിദാസ് (നേര്‍ത്ത പുഞ്ചിരിയോടെ) “കേശവന്റെ ഈ വാക്കുകള്‍ ഒരു കമ്മ്യൂണിസ്റ്റിന്റേതല്ല, ഒരു വിശ്വാസിയുടേതാണ്.“
എഴുന്നേറ്റ് ദൂരെ ചുവന്ന ചക്രവാളത്തിലേക്ക് നോക്കി ബാര്‍ബര്‍ കേശവന്‍ : “ഞാനിപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റല്ല, വിശ്വാസിയുമല്ല, ഇതിനു രണ്ടിനുമിടയിലുള്ള വെറുമൊരു ക്ഷുരകന്‍”
.
.
Subscribe to:
Post Comments (Atom)
6 comments:
ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്‍ന്നാല്‍ മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാം
വ്യത്യസ്തമായ രീതിയിലുള്ള ഈ അവലോകനത്തിനു നന്ദി...
ചിത്രം കാണണമെന്നുണ്ട്.
സിനിമ കണ്ടിരുന്നു. നന്നായിരുന്നു.
ഖണ്ടശ്ഷ നോവേലുകലോട് പണ്ടേ ഒരു വിപ്രതിപത്തി ഉള്ളതിനാല്‍ പാലേരി മാണിക്കം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് വളരെ കുറച്ചു ലക്കങ്ങളേ വായിച്ചിരുന്നുള്ളൂ.പുസ്തകരൂപത്തില്‍ ഇറങ്ങിയപ്പോള്‍, വാങ്ങി വായിയ്ക്കാനും സൌകര്യപ്പെട്ടില്ല.അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു മുന്‍ ധാരണയും ഇല്ലാതെയാണ് സിനിമ കാണാന്‍ പോയത് .നോവല്‍ വായിയ്ക്കാതെ സിനിമ കാണുന്നവര്‍ക്ക് തീര്‍ച്ചയായും നല്ലൊരു സദ്യ തന്നെയാണ് പാലേരി മാണിക്കം.(എന്നാണ് എന്റെ തോന്നല്‍,റിവ്യുകള്‍ അങ്ങനെത്തന്നെ തോന്നുന്നു).കാസ്ടിങ്ങിലോ അഭിനയത്തിലോ ഒന്നും മോശം പറയാനില്ല.പുതുമുഖ നടീനടന്മാരെല്ലാം ഗംഭീരം.ബിജിബാല്‍ സംഗീതം നല്‍കി പാടിയ അവതരണഗാനം,അതിന്റെ സവിശേഷമായ ഫോക് സ്പര്‍ശത്താല്‍ വേറിട്ട് നില്‍ക്കുന്നു.
ചില കഥാപാത്രങ്ങളെ അധികം ഡെവലപ് ചെയ്യാതിരുന്നതാണ് പറയത്തക്ക പോരായ്മ.(നോവലില്‍ നിന്നും വിട്ടുകളഞ്ഞ കഥാപാത്രങ്ങളെക്കുറിച്ച് അത് വായിക്കാത്ത ഒരാള്‍ക്ക് അറിയില്ലല്ലോ).പിന്നെ ഗൌരി മുന്ജാല്‍ അവതരിപ്പിച്ച സരയൂ,വളരെ വീക്ക് ആയിപ്പോയി,അഭിനയം കൊണ്ട് പ്രത്യേകിച്ചും.ആര്‍ക്കോ വേണ്ടി സിഗരറ്റ് വലിക്കുന്നപോലെ -:).
ഡിറ്റക്ടീവ് ഹരിദാസ് അവസാനഭാഗത്ത് ,കൊലപാതകി ആരാണെന്നും എങ്ങനെ കൃത്യം നിര്‍വഹിച്ചുവെന്നും പറയുന്നത് അല്പം അതിശയോക്തിപരമാണെങ്കിലും,ചിന്തിച്ചു നോക്കുമ്പോള്‍ ന്യായീകരിക്കാവുന്നതാണ്.കാരണം കൃത്യം നടത്തിയവര്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് ഹരിദാസ് അറിയുന്നുണ്ട്,ഖാലിദ് അഹമ്മദ് അലിഗഡിലാണ് പഠിച്ചിരുന്നതെന്നും.കൂടാതെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി കൊലപാതകം കുഴിച്ചുമൂടാന്‍ പത്തേക്കര്‍ ഭൂമി കൈക്കൂലി കൊടുക്കുന്നുണ്ട്.അപ്പോള്‍ വ്യക്തമാണല്ലോ,ഒന്നുകില്‍ ഹാജി അല്ലെങ്കില്‍ ഹാജിയ്ക്ക് വേണ്ടപ്പെട്ട അടുത്ത ആരെങ്കിലുമാകും കൃത്യത്തിനു പിന്നിലെന്ന്.ഹിന്ദിയും അലിഗഡും ഹാജിയുടെ കൈക്കൂലിയും തമ്മില്‍ കണക്ടാന്‍ ഭാവനയുള്ള ഏതൊരു കുറ്റാന്വേഷകനും സാധിക്കില്ലേ?കൂടാതെ ആ ഗസല്‍ പാടുന്ന സമയത്ത് ഹരിദാസിന്റെ മുഖഭാവം ശ്രദ്ധിക്കുക,ഗാനം ആസ്വദിച്ച് ലയിച്ചിരിക്കുകയായിരുന്നില്ല അദ്ദേഹം,പകരം ചിന്തകളാല്‍ വലിഞ്ഞുമുറുക്കപ്പെട്ട മുഖമായിരുന്നു.ആ സമയത്ത് ഹരിദാസ് തന്റെ അവസാന നിഗമനങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നുവെന്നു കരുതാന്‍ എല്ലാ ന്യായങ്ങളുമുണ്ട്."നിഗമനങ്ങളാണ് ഖാലിദ് ഭായ്, നിഗമനങ്ങള്‍!!" എന്ന് ഹരിദാസ് പറയുന്നുമുണ്ടല്ലോ.
പിന്നെ അര്‍ദ്ധപ്രാണയായ മാണിക്കത്തെ വേലായുധനും കൂട്ടാളിയും ചേര്‍ന്ന് കടവത്ത് കൊണ്ടുപോകുന്നതും,അവിടെവച്ച് അവര്‍ മാണിക്കത്തെ ബലാല്‍സംഗം ചെയ്യുന്നതും,ബ്രഹ്മദത്തന്‍ നമ്പൂതിരിയെ കൊല്ലുന്നതുമായ സംഭവങ്ങള്‍ ഹരിദാസ് വിവരിയ്ക്കുന്നതിലാണ് ഇത്തിരി കല്ലുകടി.പക്ഷെ അതിനെ ഒരു വന്‍ പോരായ്മയായി കാണാതെ,അവസാനത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ലക്ഷ്മണിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കിട്ടിയതായിരിക്കും ഹരിദാസിന് ആ വിവരങ്ങള്‍ എന്ന് കരുതിയാല്‍പ്പോരെ..?കേസന്വേഷണം ഏറ്റെടുക്കുമ്പോള്‍ ലക്ഷ്മണ്‍ അതിനെപ്പറ്റി ചോദിച്ചറിയുന്നുണ്ടുതാനും.
ആകെ മൊത്തം എനിക്കിഷ്ടായി സിനിമ.ഒരു സംശയമുണ്ട്,കലാസംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കട നമ്മുടെ കവി മുരുകന്‍ തന്നെയാണോ?
ക്ഷുരകന്റെ ആ സംഭാഷണം കലക്കി...
നല്ല എഴുത്ത്....ആശംസകള്‍.
മുകളില്‍ സ്വപ്നാടകന്‍ പ്രകടിപ്പിച്ച സംശയം ...: കലാസംവിധാനം മുരുകന്‍ കാട്ടാക്കട തന്നെയാണോ? ഈയടുത്ത് ഒരു ചാനലിലും ഞാന്‍ കേട്ടിരുന്നു....
സ്വപ്നാടകന്‍, കുരാകാരന്‍
കവി മുരുകന്‍ കാട്ടാക്കടയല്ല. മറ്റൊരു മുരുകനാണ് ഇതിന്റെ കലാസംവിധാനം
Post a Comment