Saturday, January 28, 2012

കാസനോവ - റിവ്യൂ


ണ്ണഞ്ചിപ്പിക്കുന്ന വിദേശ ലൊക്കേഷനുകൾ, ക്രെയിനും ജിപ്പുമായി ചാഞ്ഞും ചെരിഞ്ഞുമുള്ള ഷോട്ടുകൾ, (സീനുകൾക്കും ഷോട്ടൂകൾക്കും ഹോളിവുഡ് സിനിമകളുടെ ഡിവിഡി റെഫറെൻസാകാം) വിദേശ കാറുകൾ, (ഹെലികോപ്ടറും കൂടീ ഉണ്ടായാൽ നല്ലത്) മലയാളത്തിനുപുറമേ ഇടക്കിടക്ക് അറബി, ഹിന്ദി, ഇംഗ്ലീഷ് ഡയലോഗുകൾ, ബിക്കിനിയണിഞ്ഞ സുന്ദരി(?)കൾ, ഒന്നിലധികം നായികമാർ, നായകനായി മോഹൻലാൽ മാത്രം, ഇടക്കിടക്ക് അദ്ദേഹം വാ തുറക്കണം ഫിലോസഫി പറയാൻ മാത്രം അതും പ്രണയത്തെക്കുറിച്ചായാൽ വളരെ നല്ലത്. എല്ലാത്തിനും കൂടി പത്തു പതിനഞ്ചു കോടിയിലധികം മുടക്കാൻ ഒരു നിർമ്മാതാവിനെക്കൂടി കിട്ടിയാൽ ‘കാസനോവ’ എന്ന ചിത്രമായി.

മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമെന്നും മൂന്നുവർഷമായി ഷൂട്ട് ചെയ്തെടുത്ത ചിത്രമെന്നുമുള്ള ഖ്യാതിയുമായി വമ്പൻ പ്രചരണത്തോടെ റിലീസ് ചെയ്ത കാസനോവ കേവലം വിനോദോപാധിക്കുള്ള വകപോലും നൽകുന്നില്ല എന്നതാണ് ദു:ഖകരം. ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ നൽകിയ റോഷൻ ആൻഡ്രൂസും ‘ട്രാഫിക്കി‘ലൂടേ പുതിയ പ്രമേയവും ആഖ്യാനശൈലിയുമൊക്കെ പകർന്ന ബോബി സഞ്ജയും പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്നു. അഭിനയത്തിൽ മോഹൻലാലും. തനിക്ക് ഇനിയുള്ള സിനിമാ ജീവിതത്തിൽ പഴയൊരു തിരിച്ച് വരവ് ആകില്ലെന്ന സൂചനയായും അതു കാണാം. അത്രമാത്രം നിരാശാജനകമാണ് ലാലിന്റെ പ്രകടനം. തടിച്ചു വീർത്ത കവിളും കുടവയറും ദുർമ്മേദസ്സും കൊണ്ട് ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ലാൽ അവശനാകുന്നുണ്ട്. ഈ സിനിമയിൽ കഥയില്ല പകരം കഥാപാത്രങ്ങളേയുള്ളു അവയ്ക്കാവട്ടെ പശ്ചാത്തലമോ ഭൂതകാലമോ വ്യക്തിത്വമോ ഇല്ല.കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളോ മറ്റോ ഒരു വിശ്വസനീയതും ജനിപ്പിക്കുന്നില്ല. മാറി മാറി സ്യൂട്ട് ധരിച്ചു വരുന്ന നായകനു ചുറ്റും വട്ടമിടുന്ന വെറും ഉപഗ്രഹങ്ങൾ മാത്രമാണ് മറ്റു കഥാപാത്രങ്ങൾ. നായകനാകട്ടെ എല്ലാം തികഞ്ഞ, വായ് തുറന്നാൽ ഫിലോസഫി മാത്രം ഉരുവിടുന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരൻ. സ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, പ്രേക്ഷകനെ ഒരു നിമിഷം പോലും സ്പർശിക്കാത്ത ഈ കഥയില്ലായ്മയാണ് കോൺഫിഡന്റ് ഗ്രൂപ്പിനു വേണ്ടീ ഡോ.സി ജെ റോയ് യും ആന്റണി പെരുമ്പാവൂരും സംയുക്തമായി നിർമ്മിച്ച “കാസനോവ” എന്ന ബ്രഹ്മാണ്ഡ ചിത്രം.

വിശദമായ റിവ്യൂവിനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക




5 comments:

NANZ said...

ബ്രഹ്മാണ്ഡ ചിത്രം കാസനോവ-യെക്കുറീച്ച് റിവ്യൂ.

വായിച്ചു അഭിപ്രായം രേഖപ്പെടൂത്തുമല്ലോ

Pheonix said...

തനി ബോറന്‍ പടമാണെങ്കിലും കളക്ഷന്‍ റെക്കോഡ് തകര്‍ക്കുന്നെന്നാണ്‌ കേള്‍വി. സന്തോഷ് പണ്ഡിറ്റും വിജയിക്കുന്നുണ്ടല്ലോ.

NANZ said...

@ ഫിയൊനിക്സ്
കളക്ഷൻ റെക്കോർഡുകൾ തകർക്കുന്നുണ്ടെങ്കിൽ ലാൽ ഫാൻസടക്കമുള്ള കളക്ഷൻ റെക്കോർഡു നോക്കികൾ ആദ്യം കയ്യടിക്കേണ്ടതു സന്തോഷ് പണ്ഡിറ്റിനു വേണ്ടിയായിരിക്കും :) :) കയ്യടിക്കുന്നോ??!!

Harinath said...

ഇത് കേരളീയ പശ്ചാത്തലത്തിലുള്ള ഒരു സിനിമയല്ല. ഈ വിഭാഗത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം. ഇത് മലയാളസിനിമ ആണെങ്കിലും കേരളീയ സിനിമ അല്ല. ഈ സിനിമയ്ക്ക് അതിന്റേതായ അർത്ഥ തലങ്ങളുണ്ട്. മികച്ച ഛായാഗ്രഹണത്തിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല Ambience.

NANZ said...

കേരളീയമല്ലാത്ത ഈ ‘മലയാളസിനിമ’ക്ക് ഹരിനാഥ് കണ്ടെത്തിയ അർത്ഥതലങ്ങൾ എന്തൊക്കെയാണ്? ഒന്നു പങ്കു വെക്കാമോ? ഞാൻ കണ്ടിട്ട് എനിക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മികച്ച ഛായാഗ്രഹണവും ആയി തോന്നിയില്ല. ഇതിനേക്കാൾ മികച്ച ഛായാഗ്രഹണമുള്ള സിനിമകൾ ഞാൻ കണ്ടിട്ടുള്ളതുകൊണ്ടാകും..