Showing posts with label asuravithu. Show all posts
Showing posts with label asuravithu. Show all posts

Wednesday, January 11, 2012

അസുരവിത്ത്-സിനിമാറിവ്യു

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ് ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്. രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു. പക്ഷെ 2012 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സാത്താന്റെ മകൻ അസുരവിത്തിന് പൗരുഷവും കാർക്കശ്ശ്യവും തീരെയില്ലെന്നു മാത്രമല്ല, രണ്ടര മണിക്കൂർ മുഷിപ്പില്ലാതെ കൂടെയിരുത്താനുള്ള ത്രാണി പോലുമില്ല.

ഫോർട്ട്കൊച്ചിയിലും പരിസരപ്രദേശത്തുമായി ഷൂട്ടു ചെയ്തെടുത്ത കുറേ ക്യാമറാ ദൃശ്യങ്ങൾ ഡബിൾ ഫ്രെയിമായോ മൾട്ടി ഫ്രെയിമായോ എഡിറ്റിങ്ങ് എഫക്റ്റും കളർ കറക്ഷനുംചെയ്തെടുത്താൽ തികഞ്ഞ സാങ്കേതികവിദ്യയായി എന്നു എ കെ സാജൻ കൂട്ടരും കരുതുന്നുണ്ടെന്നു തോന്നുന്നു. അതിനൊപ്പം കുറേ ചെറുപ്പക്കാരെ നിരത്തി നിർത്തി എല്ലാവർക്കും കറുത്ത കൂളിംഗ്ലാസ്സുകളും(എത്രയെണ്ണമെങ്കിലുമാവാം) കറുത്ത കോട്ടുകളും നൽകണം (വസ്ത്രത്തിന്റെ നിറം എല്ലാവർക്കും കറുപ്പാകാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇതൊരു മാഫിയാ ചിത്രമാണ്!) ഇടക്കിടക്ക് സ്കെച്ച്, കലിപ്പ്, തുളയിടുക, ഓഡിയോ മ്യൂട്ട് ചെയ്ത 'ഫക്ക്', ക്വൊട്ടേഷൻ എന്നീ വാക്കുകൾ ആവർത്തിപ്പിക്കുക. ഇടക്ക് ഗുണ്ടാ ചരിത്രം പറയുന്നപോലെ ചെങ്കീരി ജോസ്, മട്ടഞ്ചേരി മമ്മദ്, വല്ലാർപാടം ഔസേപ്പ്, കോടാലി, മരപ്പട്ടി അങ്ങിനെ എന്തെങ്കിലും ഇടിവെട്ടു പേരുകളും, ഇടക്ക് വല്ല ഗോഡൗണുകളിൽ സംഘട്ടനങ്ങൾ (ഗോഡൗണുകളിൾ ഒഴിഞ്ഞ വീപ്പകൾ നിരത്തിവെക്കാൻ മറക്കരുത്) ഇവയൊക്കെയായാൽ ഏകദേശം കൊച്ചി കേന്ദ്രമായ ഒരു ക്വൊട്ടേഷൻ സിനിമയായി. എ കെ സാജന്റെ അസുരവിത്തിനും ഇതിനപ്പുറം കൂടുതലുമൊന്നും പറയാനുമില്ല കാണിക്കാനുമില്ല.