Sunday, February 26, 2012

ഈ അടുത്ത കാലത്ത് - സിനിമാറിവ്യു


സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു. കുടുംബങ്ങളൂടെ കുടിപ്പകയും, ഗ്രാമത്തിലെ/ഇടവകയിലെ വിഗ്രഹ/പൊൻ കുരിശു മോഷണങ്ങൾ, ഉത്സവ / പെരുന്നാളു നടത്താനുള്ള അവകാശത്തർക്കങ്ങൾ പഴയ ബോംബേന്നു വരുന്ന ദാദോം കീ ദാദ, അധോ‍ലോകം, ശാസ്ത്രീയ-ഹിന്ദുസ്ഥാനി സംഗീതമയം, അങ്ങിനെ ഏതൊക്കെ വഴിക്ക് ചുറ്റിപ്പടർന്ന് പോയാലും അമ്പല-പള്ളി മുറ്റത്തെ കൂട്ടത്തല്ലിലോ, പണിതീരാത്ത കെട്ടിടസമുച്ചയത്തിലോ, കല്യാണപ്പന്തലിലോ, കൊച്ചിയിലെ കണ്ടെയ്നർ കൂമ്പാരത്തിലോ മറ്റുമായി അവസാനിക്കുകയായിരുന്നു നമ്മുടെ കമേഴ്സ്യൽ മലയാള സിനിമ.സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത് ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന നാട്യമൊഴിയിറക്കും. ഇതിനിടയിലൊക്കെ പുതുതലമുറയുടെ പുതു ചലനത്തിന്റെ ചില തിളക്കങ്ങൾ മിന്നിമറഞ്ഞെങ്കിലും അതൊന്നും കാണാൻ കാഴ്ചാശീലങ്ങൾ അനുവദിച്ചില്ല, പലരേയും. 2011 ന്റെ തുടക്കം മുതലാണ് മലയാളസിനിമയിൽ പുതുഭാവുകത്വങ്ങൾ പൂർണ്ണമായും തലയുയർത്തിവന്നത് എന്ന് സാമാന്യേന പറയാം. ട്രാഫിക്, സോൾട്ട് & പെപ്പർ, സിറ്റി ഓഫ് ഗോഡ്, ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ തുടങ്ങിയ പുതു സിനിമകൾ പുതിയ തലമുറകളുടെ ആഖ്യാന-ആസ്വാദന ശീലങ്ങളുടെ നേർപകർപ്പുകളായി. ഈ ജനുസ്സിൽ‌പ്പെട്ട പല സിനിമകൾക്കും വിദേശ സിനിമകളുടെ പകർപ്പെന്ന ആരോപണം (അല്ല, സത്യം) ഉണ്ടായെങ്കിലും ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്ന മലയാള സിനിമയിൽ പുതിയ രീതികളെ പരീക്ഷിക്കാൻ (കടം കൊണ്ടതാണെങ്കിലും) പലരും ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന പുതിയ കാഴ്ചകൾ ഉണ്ടായി എന്നതാണ് ആശ്വസകരം. വർഷങ്ങൾക്ക് മുൻപേ ഹിന്ദി സിനിമാലോകത്ത് വ്യാപകമായ മൾട്ടിപ്ലെക്സ് സിനിമാ സംസ്കാരത്തിന്റെ രീതികൾ പക്ഷേ, മലയാളത്തിൽ തുടങ്ങുന്നതേയുണ്ടായുള്ളു. 2011 തുടക്കത്തിലെ ‘ട്രാഫിക്’ എന്ന നോൺ ലീനിയർ സിനിമ ഇൻഡസ്ട്രിയിലെ പുതിയ ആളുകളെ അത്തരത്തിലുള്ള സിനിമകളെടുക്കാൻ ആവേശം കൊള്ളിച്ചു. അതിന്റെ തുടർച്ചയിൽ ഇപ്പോൾ അവസാനം വന്നൊരു സിനിമയാണ് “ ഈ അടുത്ത കാലത്ത്”

പേരു സൂചിപ്പിക്കുന്നപോലെതന്നെ ഇതൊരു വ്യത്യസ്ഥമായ സിനിമയും കൂടിയാണ്, നായകനും വില്ലനും നായികയും അവർക്ക് ചുറ്റുമുള്ള നർമ്മ-സങ്കട-സംഘട്ടന രംഗങ്ങളെ പകുത്തുവെച്ചൊരു സ്ഥിരം വാർപ്പു മാതൃകയിലല്ല, പകരം വ്യത്യസ്ഥ സിനിമകളെ നെഞ്ചേറ്റാൻ തയ്യാറായ പുതു പ്രേക്ഷകരെ പ്രതീക്ഷിച്ചുകൊണ്ടുള്ള നോൺ ലീനിയർ ആഖ്യാന ശൈലിയിലുള്ള സിനിമ തന്നെയാണിതും. അതുകൊണ്ട് തന്നെ ഇതിൽ നായകനില്ല, നായികയില്ല, വില്ലനോ, കൊമേഡിയന്മാരോ അങ്ങിനെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളോ സന്ദർഭങ്ങളൊ ഇല്ല. കാഴ്ചപ്പാടുകളിൽ ചില പിന്തിരിപ്പൻ നിലപാടുകളെ പൂർണ്ണമായും കുടഞ്ഞു കളയാൻ ഈ സിനിമക്കായിട്ടുണ്ടോ എന്നതൊരു ചിന്താവിഷയമാണ്, മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ അവിടവിടെ ഇപ്പോഴും ബാക്കിവെച്ചിട്ടുതന്നെയാണ് പുതുഭാവുകത്വങ്ങളെ പേറുന്ന പുതുതലമുറയുടെ ഈ ചിത്രവും കടന്നു പോകുന്നത്. എങ്കിലും ഉദാത്തവും ഉത്കൃഷ്ടവുമെന്ന് ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കിലുക്കമുള്ള പുളിച്ചു തികട്ടിയ പഴംകഞ്ഞി സിനിമകളേക്കാൾ പ്രമേയ-ദൃശ്യ-ആഖ്യാന-അഭിനയ ഘടകങ്ങളിൽ തികച്ചും പുതുമ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

2 comments:

കണ്ണന്‍ | Kannan said...

nice review.. film udane thanne kaanananm

loverofevening.blogspot.com said...

nice review.. film udane thanne kaanananm