Saturday, October 20, 2012
അയാളും ഞാനും തമ്മിൽ - സിനിമാ റിവ്യൂ
Sunday, January 22, 2012
സ്പാനിഷ് മസാല−സിനിമാറിവ്യു
തൊണ്ണൂറുകളുടെ അവസാനത്തിലാണ് ലാൽ ജോസ് എന്ന കമൽ ശിഷ്യൻ സംവിധായകനായി മലയാളസിനിമയിൽ അവതരിക്കുന്നത്. അന്നത്തെ കൊമേഴ്സ്യൽ സിനിമകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളാലും പുതുമകളാലും ഏറെ അഭിപ്രായമുണ്ടാക്കിയ, ഭാവി സംവിധായകൻ എന്ന ഇമേജ് ഉണ്ടാക്കിയ സംവിധായകനായിരുന്നു ലാൽ ജോസ്. 'രണ്ടാം ഭാവം" എന്നൊരു ഭേദപ്പെട്ട ചിത്രം ബോക്സ് ഓഫീസിൽ നിലം പൊത്തിയതോടെ ഇനി 'വ്യത്യസ്ഥത' വേണ്ട എന്ന് തീരുമാനിച്ചതായി ലാൽ ജോസ് തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് 'മീശ മാധവൻ' മുതലിങ്ങോട്ട് കൊമേസ്ഴ്യൽ ചേരുവകളാൽ സൂപ്പർ ഹിറ്റുണ്ടാക്കുകയായിരുന്നു ലാൽ ജോസിന്റെ ലക്ഷ്യം. അതിൽ നല്ലൊരു ശതമാനം വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകൻ ആദ്യം നൽകിയ ഇഷ്ടം ഇപ്പോഴും ലാൽ ജോസിനു കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലാൽ ജോസിന്റെ ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടിയുണ്ട്, അഭിനയിക്കുന്നത് താരങ്ങളായാലും പുതുമുഖങ്ങളായാലും.
പക്ഷെ വർഷങ്ങൾ മുന്നോട്ട് പോകുന്തോറും ലാൽജോസിന്റെ ക്രാഫ്റ്റ് പിന്നോട്ട് പോകുന്നതായാണ് കാണുന്നത് എന്ന് ഏതൊരു പ്രേക്ഷകനും മനസ്സിലാകും. മുല്ലയും, നീലത്താമരയും, എൽസമ്മയുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. ദൃശ്യ സൗന്ദര്യത്തിന്റേയും ഗാന ചിത്രീകരണത്തിന്റേയുംമൊക്കെ ഭംഗിയാർന്ന വരച്ചുകാട്ടലുകൾ ഓരോ ചിത്രം കഴിയുമ്പോഴും ലാൽ ജോസിൽ നിന്നും അപ്രത്യക്ഷമാകുന്നതും നമുക്ക് കണ്ടെടുക്കാം. തന്റെ കരിയറിലെ പതിനഞ്ചാമത്തെ (കേരള കഫെയിലെ 'പുറം കാഴ്ചകൾ' അടക്കം) ചിത്ര(സ്പാനിഷ് മസാല)ത്തിലെത്തുമ്പോൾ ലാൽ ജോസ് എന്ന മലയാള മുഖ്യധാരയിലെ പ്രതീക്ഷയുള്ള സംവിധായകൻ തികച്ചും അസ്തമിച്ചു എന്നു തോന്നുകയാണ്. ഏറെ പറഞ്ഞു പഴകിയ ത്രികോണ പ്രേമ കഥ യാതൊരു പുതുമയോ കഥാഗതിയോ ഇല്ലാതെ ദുർബലമായ ക്ലൈമാക്സിൽ അവസാനിക്കുന്ന ഒന്നായി. ഈ മസാലയിൽ രുചിയൊത്ത മസാലക്കൂട്ടോ നിറമോ മണമോ ഗുണമോ ഇല്ല. ഉള്ളത് പഴകിയ മസാല മാത്രം.