Showing posts with label malayalam movie. Show all posts
Showing posts with label malayalam movie. Show all posts

Monday, January 7, 2013

ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ


ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത് 2006ൽ റിലീസായ സിനിമയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്”. കേരളത്തെ പിടിച്ചു കുലുക്കിയതും മാധ്യമങ്ങളിൽ ഏറെ വാർത്തയാവുകയും ചെയ്ത ഒരു സംഭവത്തിന്റെ ചുവടു പിടിച്ചായിരുന്നു ആ സിനിമ. “സൂര്യനെല്ലി സംഭവത്തിലെ കോടതി വിധിയിൽ കോടതിയോടും ദൈവത്തോടുമുള്ള എന്റെ എതിർപ്പ്’ ആയിരുന്നു ആ സിനിമ എന്നാണ് ‘അച്ഛനുറങ്ങാത്ത വീടി‘നെക്കുറിച്ച് ലാൽ ജോസ് തന്നെ അക്കാലത്ത് അഭിപ്രായപ്പെട്ടത്. ആ ചിത്രത്തിലെ ‘സാമുവൽ ദിവാകരൻ. എന്ന കഥാപാത്രം  2005ലെ മികച്ച സഹനടനുള്ള അവാർഡ് സലീം കുമാറിനു നേടിക്കൊടുക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് ബാബു ജനാർദ്ദൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലിസമ്മയുടെ വീട്’. രണ്ടാം ഭാഗത്തിൽ വിവാദമായ ഐസ് ക്രീം കേസിലെ പെൺകുട്ടി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും വിഷയമാകുന്നു.

കേസിന്റെ വിധിക്കും ജയിൽ വാസത്തിനും ശേഷമുള്ള ലിസമ്മയുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. ആദ്യചിത്രമായ ‘അച്ഛനുറങ്ങാത്ത വീട്’ ന്യൂസ്  ചാനലുകളിലെ വാർത്താപരിപാടികളൂടെ വെറും പകർപ്പ് ആയിരുന്നു. സാമുവൽ എന്ന അച്ഛന്റെ വികാരങ്ങളും സങ്കടങ്ങളും കുറേയൊക്കെ  പ്രേക്ഷകനെ നൊമ്പരപ്പെടുത്തി എന്നതിനപ്പുറം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേ ഭാഗത്ത് നിന്നുള്ള വീക്ഷണങ്ങളൊന്നും ആ സിനിമയിലുണ്ടായിരുന്നില്ല. ടി വി ചാനലുകളിൽ വന്നിരുന്ന റിപ്പോർട്ടുകൾ എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തത്തെ ചിത്രീകരിക്കാനും സാധിച്ചിരുന്നില്ല. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടാകട്ടെ അത്രപോലും വരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ ചേർത്തുപിടിച്ച് പ്രേക്ഷകരുടേ അനുഭാവവും അതുമൂലും കിട്ടാവുന്ന സാമ്പത്തിക വിജയവുമായിരിക്കണം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ഉദ്ദേശം

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Monday, September 17, 2012

ചട്ടക്കാരി - സിനിമാ റിവ്യൂ


മലയാള സിനിമയിലിപ്പോൾ റീമേക്കുകളുടെയും രണ്ടാംഭാഗത്തിന്റേയും കാലമാണ്. റീമേക്കുകളെന്നാൽ പഴയ ക്ലാസിക് ചിത്രങ്ങളെ പുനരവതരിപ്പിക്കുന്നു എന്നൊന്നുമല്ല, വില്പന സാദ്ധ്യതയുള്ള, സ്ത്രീ ശരീരങ്ങളെ തുറന്നു കാണിക്കാൻ കഴിയുന്ന പല ചിത്രങ്ങളും സാമ്പത്തിക നേട്ടം മോഹിച്ച് വീണ്ടും ചിത്രീകരിക്കുന്നു എന്നേയുള്ളൂ. സോഫ്റ്റ് പോൺ (അത്തരമെന്ന് കരുതുന്ന)  ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും മാർക്കറ്റുണ്ടല്ലോ ഈ കേരളത്തിൽ. 1974ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന സിനിമയാണ് ഇത്തരം റീമേക്കുകൾ തുടർച്ചയായിറക്കുന്ന സുരേഷ് കുമാർ നിർമ്മിച്ച് കെ എസ് സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ 2012ൽ പുറത്തിറക്കിയ പുതിയ ചട്ടക്കാരി.

ഇത്തരം ചിത്രങ്ങളുടെ വില്പന സാദ്ധ്യതക്കു വേണ്ടിത്തന്നെയുള്ള ശ്രമങ്ങളൊക്കെത്തന്നെയേ ഈ സിനിമയിലും ഉള്ളു. നീലത്താമരയും, രതിനിർവ്വേദവും പുനർ സൃഷ്ടിച്ചപ്പോൾ കാലഹരണപ്പെട്ട വിഷയമായിട്ടും പഴയ ചിത്രങ്ങളുടെ നിലവാരമില്ലാഞ്ഞിട്ടും ഒരു എന്റർടെയ്നർ എന്ന നിലയിൽ പല പ്രേക്ഷകർക്കെങ്കിലും കണ്ടിരിക്കാവുന്ന സിനിമകളായിരുന്നു. എന്നാൽ ചട്ടക്കാരിയുടെ പുതിയ നിർമ്മിതിക്ക് സിനിമയെടുത്തു പഠിക്കാൻ ശ്രമിക്കുന്ന ഒരു സംവിധായകന്റെ പാതി പോലും വേവാത്ത സൃഷ്ടിയെന്ന നിലവാരമേയുള്ളു. ദശാബ്ദങ്ങൾക്ക് മുൻപ് പറഞ്ഞു പഴകിയ പ്രമേയം, അഭിനേതാക്കളുടെ പരിതാപകരമായ അഭിനയം, സമയ-കാല തുടർച്ചപോലുമില്ലാത്ത അമെച്ചെറിഷ് ആയ മേക്കിങ്ങ്. കുഞ്ഞുടുപ്പിട്ട നായികയുടെ നഗ്നത കാണിക്കാനുള്ള ശ്രമം. ഇതൊക്കെയാണ് ചട്ടക്കാരി.

റിവ്യൂ വിശദമായി വായിക്കുവാനും വിശദാംശങ്ങൾക്കും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, August 8, 2012

ലാസ്റ്റ് ബെഞ്ച് - സിനിമാ റിവ്യൂ


മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിലെ പത്താം ക്ലാസ്സിൽ ലാസ്റ്റ് ബെഞ്ചിൽ ഒരുമിച്ചിരുന്നു ഉഴപ്പിയ നാലു കൂട്ടുകാരുടെ ആത്മാർത്ഥ സൌഹൃദത്തിന്റേയും വർഷങ്ങൾക്കുശേഷം അതിലൊരുവന്റെ വിവാഹത്തിനു പുനസമാഗമിക്കുന്നതിന്റേയും കഥയാണ് നവാഗതനായ ജിജു അശോകന്റെ പ്രഥമ ചിത്രമായ “ലാസ്റ്റ് ബെഞ്ച്”

തൊരു മലയാളിയുടേയും ഗൃഹാതുരമായ സ്ക്കൂൾ കാലഘട്ടവും കുസൃതികളും വർത്തമാന ജീവിതത്തിൽ നിന്ന് ഓർത്തെടുക്കുന്ന പ്രിയവിഷയം തന്നെയാണ് ജിജു അശോകന്റെ പ്രഥമ സൃഷ്ടിക്കുള്ളതെങ്കിലും പുതുസംവിധായകന്റെ വൈദഗ്ദ്യക്കുറവും പലപ്പോഴുമുള്ള അതിനാടകീയതയും  ചിത്രത്തിന്റെ ആസ്വാദനത്തിനു രസം കുറക്കുന്നു. തമിഴിലെ ചില പുതുസിനിമകളുടെ പ്രചോദനമാകാം സംവിധായകൻ തന്റെ തിരക്കഥക്കും പ്രമേയമായത്. പഴയ കാലഘട്ടത്തിലെ സ്ക്കൂൾ പരിസരവും ഗ്രാമീണാന്തരീക്ഷവുമൊക്കെ ഇത്തരം പ്രമേയമായ പല തമിഴ് സിനിമകളുടെ ഓർമ്മകളുണർത്തുമെങ്കിലും (അതിന്റെ കോപ്പി എന്നല്ല) അത്തരം തമിഴ് ചിത്രങ്ങളുടെ ശക്തിയോ അവതരണ രീതിയോ അവലംബിക്കാനായില്ല. ഇടക്ക് ‘ക്ലാസ്മേറ്റ്സ്, മാണിക്യക്കല്ല്‘ എന്നീ സിനിമകളേയും ലാസ്റ്റ് ബെഞ്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ചില പ്രമുഖ അഭിനേതാക്കളുടെ മോശം പ്രകടനവും ഗാനചിത്രീകരണത്തിലെ സാങ്കേതിക പ്രശ്നവും ഔട്ട് ഡോർ സീനുകളിലെ വെളിച്ചവിന്യാസ കുഴപ്പവും സർവ്വോപരി അവതരണത്തിലെ പാളിച്ചകളും ചിത്രത്തെ നല്ലൊരു എന്റർടെയ്നർ ആക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു.

റിവ്യൂ മുഴുവനായി വായിക്കുവാനും സിനിമയുടെ വിശദ വിവരങ്ങളും കഥാസാരവും  വായിക്കുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Tuesday, July 17, 2012

മുല്ലമൊട്ടൂം മുന്തിരിച്ചാറും - സിനിമാ റിവ്യൂ


നീഷ് അൻ വർ എന്ന ചെറുപ്പക്കാരൻ സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ് “മുല്ലമൊട്ടും മുന്തിരിച്ചാറും” നവാഗതനായ ബിജു കെ ജോസഫ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ നല്ല നടനെന്ന് ഖ്യാതിയുള്ള ഇന്ദ്രജിത് നായകനാകുന്നു,ഒപ്പം തിലകൻ, മേഘ്നാരാജ്, അനന്യ, അശോകൻ, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നു. ‘ഗ്രാമീണ നന്മയുടെ സൌന്ദര്യക്കാഴ്ച” എന്ന തലക്കെട്ടോടെ വന്ന ഈ ചിത്രം ഗ്രാമീണമായ അന്തരീക്ഷത്തിലെ പ്രണയവും ജീവിതവും പറയുന്നു എന്നാണ് വെപ്പ്. പക്ഷെ നിരവധി തവണ കണ്ടുമടുത്ത സന്ദർഭങ്ങളും സംഭാഷണങ്ങളും നായക വേഷവുമായി രണ്ടേമുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഈ സിനിമ ഇത്രയും സമയം കണ്ടു മടുക്കുമ്പോഴേക്കും “ഒന്നു നിർത്തൂ ഹേ” എന്ന് പ്രേക്ഷകൻ നിലവിളിച്ചാൽ അതിൽ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല.

80-90കളിൽ മോഹൻലാൽ നായകനായ പല സിനിമകളുടേയും സന്ദർഭങ്ങൾ ഈ സിനിമക്ക് പ്രേരകമായിട്ടുണ്ട് എന്നത് വ്യക്തം. ഒപ്പം ‘പരുത്തി വീരൻ’ പോലുള്ള തമിഴ് സിനിമകളിലെ നായക വേഷവും അന്തരീക്ഷവും ഈ സിനിമയുടെ പശ്ച്ചാത്തലമാക്കി ഇണക്കിച്ചേർക്കാനുള്ള വിഫല ശ്രമവും (“നീയേ നീയേ” എന്ന പാട്ട് സീനിൽ പരുത്തിവീരനിലെ ‘കാർത്തി‘യുടേ നടത്തവും ഷോട്ടും അതേപടി കോപ്പിയടിച്ചിട്ടുമുണ്ട്) പിന്നെ പതിവുപോലെയുള്ള ഇരുനായികമാർ,പ്രണയം, തെറ്റിദ്ധാരണ, കള്ളഷാപ്പ്, മദ്യപാനം, കൊലപാതകം, അതുവരെ സ്നേഹിച്ചവരൊക്കെ നായകനെ തെറ്റിദ്ധരിക്കൽ, എല്ലാം മറന്ന് സത്യം വെളിവാകുമ്പോൾ നായകനു നേരെയുള്ള സഹതാപം. എക്സിട്രാ എക്സിട്രാ....

റിവ്യൂ പൂർണ്ണമായും വായിക്കുവാനും സിനിമയുടെ വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Sunday, January 22, 2012

സ്പാനിഷ് മസാല−സിനിമാറിവ്യു

തൊണ്ണൂറുകളുടെ അവസാനത്തിലാണ് ലാൽ ജോസ് എന്ന കമൽ ശിഷ്യൻ സംവിധായകനായി മലയാളസിനിമയിൽ അവതരിക്കുന്നത്. അന്നത്തെ കൊമേഴ്സ്യൽ സിനിമകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളാലും പുതുമകളാലും ഏറെ അഭിപ്രായമുണ്ടാക്കിയ, ഭാവി സംവിധായകൻ എന്ന ഇമേജ് ഉണ്ടാക്കിയ സംവിധായകനായിരുന്നു ലാൽ ജോസ്. 'രണ്ടാം ഭാവം" എന്നൊരു ഭേദപ്പെട്ട ചിത്രം ബോക്സ് ഓഫീസിൽ നിലം പൊത്തിയതോടെ ഇനി 'വ്യത്യസ്ഥത' വേണ്ട എന്ന് തീരുമാനിച്ചതായി ലാൽ ജോസ് തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് 'മീശ മാധവൻ' മുതലിങ്ങോട്ട് കൊമേസ്ഴ്യൽ ചേരുവകളാൽ സൂപ്പർ ഹിറ്റുണ്ടാക്കുകയായിരുന്നു ലാൽ ജോസിന്റെ ലക്ഷ്യം. അതിൽ നല്ലൊരു ശതമാനം വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകൻ ആദ്യം നൽകിയ ഇഷ്ടം ഇപ്പോഴും ലാൽ ജോസിനു കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലാൽ ജോസിന്റെ ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടിയുണ്ട്, അഭിനയിക്കുന്നത് താരങ്ങളായാലും പുതുമുഖങ്ങളായാലും.

പക്ഷെ വർഷങ്ങൾ മുന്നോട്ട് പോകുന്തോറും ലാൽജോസിന്റെ ക്രാഫ്റ്റ് പിന്നോട്ട് പോകുന്നതായാണ് കാണുന്നത് എന്ന് ഏതൊരു പ്രേക്ഷകനും മനസ്സിലാകും. മുല്ലയും, നീലത്താമരയും, എൽസമ്മയുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. ദൃശ്യ സൗന്ദര്യത്തിന്റേയും ഗാന ചിത്രീകരണത്തിന്റേയുംമൊക്കെ ഭംഗിയാർന്ന വരച്ചുകാട്ടലുകൾ ഓരോ ചിത്രം കഴിയുമ്പോഴും ലാൽ ജോസിൽ നിന്നും അപ്രത്യക്ഷമാകുന്നതും നമുക്ക് കണ്ടെടുക്കാം. തന്റെ കരിയറിലെ പതിനഞ്ചാമത്തെ (കേരള കഫെയിലെ 'പുറം കാഴ്ചകൾ' അടക്കം) ചിത്ര(സ്പാനിഷ് മസാല)ത്തിലെത്തുമ്പോൾ ലാൽ ജോസ് എന്ന മലയാള മുഖ്യധാരയിലെ പ്രതീക്ഷയുള്ള സംവിധായകൻ തികച്ചും അസ്തമിച്ചു എന്നു തോന്നുകയാണ്. ഏറെ പറഞ്ഞു പഴകിയ ത്രികോണ പ്രേമ കഥ യാതൊരു പുതുമയോ കഥാഗതിയോ ഇല്ലാതെ ദുർബലമായ ക്ലൈമാക്സിൽ അവസാനിക്കുന്ന ഒന്നായി. ഈ മസാലയിൽ രുചിയൊത്ത മസാലക്കൂട്ടോ നിറമോ മണമോ ഗുണമോ ഇല്ല. ഉള്ളത് പഴകിയ മസാല മാത്രം.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, October 19, 2011

വീരപുത്രന്‍ - റിവ്യൂ


അന്തരിച്ച ചലചിത്രകാരന്‍ പവിത്രന്‍ സംവിധാനം ചെയ്ത ‘ഉപ്പ്‘ എന്ന സിനിമയില്‍ അഭിനയിച്ചും അതിനു മുന്‍പും ശേഷവും കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത ‘ അശ്വത്വാമാവ്, സ്വരൂപം, പുരുഷാര്‍ത്ഥം’ എന്നീ സിനിമകളില്‍ നിര്‍മ്മാണ പങ്കാളിയായും പി ടി കുഞ്ഞുമുഹമ്മദ് എന്ന ചലചിത്രകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയിലെ പ്രവര്‍ത്തകനാണ്. 1993ലെ മഗ് രിബ്, 98ല്‍ ഗര്‍ഷോം, 2007ല്‍ പരദേശി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പലതും കരസ്ഥമാക്കുകയും ചെയ്തു.

സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍വ്വോപരി രാജ്യസ്നേഹിയുമായിരുന്ന ശ്രീ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ക്ക് ചലചിത്രഭാഷ്യം ചമക്കുന്നതാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ ‘വീരപുത്രന്‍’ പക്ഷെ ഒരു ചരിത്ര പുരുഷന്റെ രാഷ്ട്രീയ - മത വിശ്വാസ ജീവിതവും സാമൂഹ്യ ജീവിതവുമൊക്കെ ചലചിത്രത്തിന്റെ ആഖ്യാന രൂപത്തിലേക്കെത്തിയപ്പോള്‍ വ്യക്തി ജീവിതത്തില്‍ സാഹിബ് അനുഭവിച്ച സഹനങ്ങളും വേദനകളും, രാജ്യസ്നേഹി എന്ന നിലയിലും സത്യവിശ്വാസി എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന കര്‍ക്കശ നിലപാടുകളും സത്യസന്ധതയും അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകളും മറ്റും പുനരാവിഷ്കരിക്കുന്നതിലും പി ടി കുഞ്ഞുമുഹമ്മദ് വളരെയധികം പരാജയപ്പെട്ടു. സ്ക്കൂള്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗാവിഷ്കാരവും മറ്റും ഒരു ഫീച്ചര്‍ ഫിലിം എന്ന നിലയില്‍ നിന്നും വീരപുത്രനെ നിലവാരത്തകര്‍ച്ചയിലേക്കെത്തിച്ചു.

പ്ലോട്ട് : സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പ്രധാനമായും പറയുന്നത്. വിവാഹ ജീവിതവും സ്വകാര്യ ദു:ഖങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് പൊതുവില്‍ ഈ സിനിമ പ്രതിപാദിക്കുന്നത്.

റിവ്യൂ വിശദമായി വായിക്കുവാനും ചിത്രത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, October 9, 2011

ഇന്ത്യന്‍ റുപ്പീ - റിവ്യൂ

1987 ല്‍ തുടങ്ങുന്നു തിരക്കഥാകൃത്ത് / ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമാ ജീവിതം. 87ല്‍ വി. ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ് മാസ പുലരിയില്‍’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം, ശേഷം 2011 വരെ കഥയും തിരക്കഥയും സംവിധാനവുമായി നാല്പത്തിനാല് (44) ചിത്രങ്ങള്‍. ഇടക്ക് ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ആറു (6) ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലയാള കൊമേഴ്സ്യല്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു രഞ്ജിത്തിന്റെ തിരക്കഥയില്‍ നിന്നുള്ളതായിരുന്നു. പ്രണയവും ദാരിദ്ര്യവും അധോലോകവും മാത്രം കൈമുതലായുള്ള നായകന്‍ പഴയ മാടമ്പിത്തരത്തിന്റെ മീശപിരിയന്‍ വേഷങ്ങളുമായി അവതരിച്ചതും രഞ്ജിത്തിന്റെ എഴുത്തിലൂടെ തന്നെ. ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുവും, വെറും നാലേ നാലു ചിത്രങ്ങളോടെ തീരുന്നു ‘സവര്‍ണ്ണ ബിംബങ്ങള്‍ ‘ദൃശ്യവല്‍കരിക്കപ്പെട്ട മീശപിരിയന്‍ തമ്പ്രാക്കന്മാരുടെ ‘ആണത്ത’ങ്ങളുടെ കഥ. ബാക്കി നാല്പതോളം (40) സിനിമകളില്‍ നഷ്ട പ്രണയവും, ഗൃഹാതുരതയും, ഗ്രാമീണ പ്രണയവും, സസ്പെന്‍സ് ത്രില്ലറുമൊക്കെയായി വിഷയങ്ങള്‍ ഒരുപാടെഴുതിയെങ്കിലും മലയാള കമേഴ്സ്യല്‍ സിനിമയില്‍ സവര്‍ണ്ണ ഹൈന്ദവ ബിംബങ്ങളെ കുടിയിരുത്തിയതിന്റെ ആസ്ഥാന എഴുത്തുകാരന്‍/സംവിധായകന്‍ എന്നൊരു ചീത്തപ്പേരാണ് രഞ്ജിത്തിനുള്ളത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരയുടേ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കുമ്പോഴും.

2010 ലെ വിജയ ചിത്രവും അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്” എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് യുവതാരം പൃഥീരാജ് നായകനായി അഭിനയിച്ച പുതിയ ചിത്രം “ഇന്ത്യന്‍ റുപ്പീ”യും രഞ്ജിത്തിന്റെ വഴിമാറ്റങ്ങളുടെ ചിത്രശേണിയില്‍ പുതിയൊരെണ്ണമാണ്. ഒരിക്കല്‍ താരങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്നെങ്കില്‍ ഇന്ന് രഞ്ജിത്ത്, താരങ്ങളെ തന്റെ കഥാചിത്രങ്ങളിലെ കഥാപാത്രങ്ങളാക്കുന്നു. അതുകൊണ്ട് തന്നെ മുച്ചൂടം രോഗം ബാധിച്ച മലയാള സിനിമക്ക് രഞ്ജിത്തിന്റെ സിനിമകള്‍ ഒരു ആശ്വാസമാകുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ കോറിവരകള്‍കൊണ്ട് പ്രാഞ്ചിയേട്ടന്‍ നിര്‍മ്മല ഹാസ്യം വിരിയിക്കുകയും ഒപ്പം മലയാളിയുടേ സ്വജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരകമാവുകയും ചെയ്തെങ്കില്‍ നവ മലയാളി യുവത്വത്തിന്റെ ഇന്നിന്റെ കഥയാണ് ‘ഇന്ത്യന്‍ റുപ്പീ’. മണ്ണിലുറച്ച ഒരുപിടി കഥാപാത്രങ്ങള്‍, ജീവിതത്തില്‍ മുഖാമുഖം പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍, അതിഭാവുകത്വമോ ഹീറോയിസമോ ഇല്ലാത്ത ക്ലീന്‍ സിനിമ. ഗൃഹാതുരത്വം കൊണ്ട് കടും പായസം വെക്കുന്ന മലയാളത്തിലെ ‘ഗ്രാമീണ സംവിധായകര്‍’ മണ്ണിലിറങ്ങിയ താരത്തേയും ജീവിതപ്രതിച്ഛായകളേയും കാണണമെങ്കില്‍ ഇന്ത്യന്‍ റുപ്പീ പലവട്ടം കാണണം; മലയാള സിനിമയില്‍ പുതുമകളോ നല്ല സിനിമകളോ ഇല്ലെന്ന് വിലപിക്കുന്ന പ്രേക്ഷകന്‍ ഇന്റര്‍നെറ്റിലിറങ്ങുന്ന ടോറന്റ് ഫയലിനു കാത്തുനില്‍ക്കാതെ ഇന്ത്യന്‍ റുപ്പീ കാണാന്‍ തിയ്യേറ്ററിലേക്കെത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇന്നിന്റെ കഥപറയുന്നൊരു സിനിമയാണ്.

പ്ലോട്ട് :- പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹങ്ങളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കിറങ്ങിയ ജെ പി (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്‍ ഒരു വസ്തുക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ആകസ്മികമായി ചില ഊരാക്കുടുക്കുക്കളില്‍ പെടുകയും ചെയ്യുന്നു. അതില്‍ നിന്നു രക്ഷനേടാനും വലിയ തുക കമ്മീഷനായി ലഭിക്കാനും വേണ്ടി സുഹൃത്തായ അച്യുതമേനോന്റെ (തിലകന്‍) ബുദ്ധിയിലൂടെ ജെ പി നടത്തുന്ന ശ്രമങ്ങള്‍. ഒപ്പം ഇന്നത്തെ ചില സാമൂഹ്യ വിഷയങ്ങളും പ്രതിപാദ്യമാകുന്നു.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാനും കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാനും എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Thursday, September 15, 2011

ഉലകം ചുറ്റും വാലിബന്‍ - റിവ്യൂ


ചാനല്‍ റൈറ്റ്സുകള്‍ സിനിമാ ബിസിനസ്സിന്റെ അവസാന വാക്കാവുന്ന മലയാള സിനിമാ നിര്‍മ്മാണത്തില്‍ സാറ്റലൈറ്റ് റൈറ്റ്സും മാര്‍ക്കറ്റുമുള്ള ഒരു തിരക്കഥാകൃത്താണ് കൃഷ്ണാ പൂജപ്പുര. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ആറു സിനിമകളെഴുതിയതില്‍ (ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബെന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍) മിക്കതും ഹിറ്റും ആവറേജ് ഹിറ്റും സൂപ്പര്‍ ഹിറ്റും. കൃഷ്ണാ പൂജപ്പുരയുടെ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുന്ന രണ്ടാം നിര സംവിധായകരേറേ. ഒരുപക്ഷേ, മലയാള സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നെത്തിയവരില്‍ ഇത്രയധികം പ്രചാരവും ഡിമാന്റും മറ്റൊരു എഴുത്തുകാരനും ഉണ്ടായിട്ടുണ്ടാവില്ല.

പക്ഷെ, ആറു തിരക്കഥകളെഴുതിയിട്ടും തിരക്കഥാരചനയുടെ ബാലപാഠങ്ങള്‍ കൃഷ്ണാ പൂജപ്പുര ഇതുവരെ പഠിച്ചെടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഏറേ സങ്കടം. (വിജയങ്ങള്‍ സൃഷ്ടിക്കുന്നവന്റെ ബലഹീനത അന്വേഷിക്കേണ്ടതില്ല എന്നതാണ് മലയാള സിനിമയിലെ കാഴ്ചപ്പാട്!) ലോജിക്കുകള്‍ ഏഴയലത്തുവരാത്ത, പ്രേക്ഷകന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നിരവധി സീനുകളും ഒപ്പം (തന്റെ തന്നെ) പഴയ വാരികാ നര്‍മ്മക്കുറിപ്പുകളും ചേര്‍ത്തു വെച്ചാല്‍ ഒരു മലയാള സിനിമാ തിരക്കഥയായി എന്ന് തെളിയിച്ച, തെളിയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ പൂജപ്പുരയുടെ മറ്റൊരു എപ്പിസോഡാണ് ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച് രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍‘.

ചെസ്സ്, കങ്കാരു, കളേഴ്സ് എന്നീ സിനിമകള്‍ക്കു ശേഷം രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍ കൊമേഴ്സ്യല്‍ ചിത്രമെന്ന രീതിയില്‍ പോലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല. ആക്ഷന്‍ ഫാമിലി ഡ്രാമയായ രാജ് ബാബുവിന്റെ ആദ്യ ചിത്രം ‘ചെസ്സ്’ കമേഴ്സ്യലി ഇതിലുമെത്രയോ ഭേദമായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യതയിലേക്ക് പോകുന്ന മറ്റൊരു ഡയറക്ടര്‍ കൂടിയാക്കുന്നു രാജ് ബാബു. ഈ ചിത്രവും അതിനു അടിവരയിടുന്നുണ്ട്. തിരക്കഥയില്‍ എഴുതി വെച്ച സംഗതികളെ അതേപോലെ പകര്‍ത്തുക എന്നതില്‍ കവിഞ്ഞ് അത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ സാങ്കേതികതയിലൂന്നിയോ മറ്റേതെങ്കിലും തരത്തിലോ പോലും വിഭിന്നമാക്കാന്‍ രാജ് ബാബുവിനായിട്ടില്ല. (തിരക്കഥയില്‍ എഴുതിവെച്ചതൊക്കെ പടു വിഡ്ഡ്ഢിത്തം എന്നതു മറക്കുന്നില്ല)

പ്ലോട്ട് : ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ പാസ്സായിയെന്ന ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.


റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക