അറുപതുകളും എഴുപതുകളും മുഖ്യധാരാസിനിമകള്‍ നമ്മളറിയാതെ ഒരു ബോധത്തിനു വിത്തുപാകിയെന്നതു സത്യമാണ്. സിനിമാ ശാലകള്‍ വന്നതിനുശേഷമാണല്ലൊ നമ്മുടെ ചിരിക്കും ഉടലിനും പ്രവൃത്തിക്കും വരെ റോള്‍ മോഡലുകള്‍ ഉണ്ടാവാന്‍ തുടങ്ങിയത്. കൊട്ടകകള്‍ അല്ലെങ്കില്‍ ടാക്കീസുകള്‍ കേരള ഗ്രാമങ്ങളില്‍ സന്ധ്യകളേയും രാത്രികളേയും ധന്യമാക്കിയ ആ കാലങ്ങള്‍ ഓരോ ആണിന്റേയും പെണ്ണിന്റേയും ഉടലുകളും അതിനുള്ളിലെ മനസ്സിനേയും ചിന്തകളേയും ഒരു പാടു സ്വാധീനിച്ചെന്നതും വിസ്മരിക്കാവതല്ല. ടാക്കീസുകളും അതിലെ തിരശ്ശീലയിലെ ഭംഗിയേറിയ മേനികളുമാണ് നമ്മുടെ ‘അപ്പിയറന്‍സ്’ എന്ന കാഴ്ചപ്പാടിനെ വളര്‍ത്തിയതും. നസീറിനേപ്പോലെയും ഷീലയേപ്പോലെയും താന്താങ്ങളെ താരതമ്യപ്പെടൂത്തിയതും നഗരങ്ങളെക്കുറിച്ചുള്ള ആശകളും അതിരുകളില്ലാത്ത സ്വപ്നങ്ങളും കേരളീയ സമൂഹത്തില്‍ വേരു പടര്‍ന്നതില്‍ ഈ ടാക്കീസുകള്‍ രൂപപ്പെടുത്തിയ സ്വാധീനം ചെറുതല്ല.
മതങ്ങളും ജാതികളും സമ്പത്തും തൊലിനിറവും വിദ്യാഭ്യാസവും വേര്‍തിരിവു കാട്ടാതിരുന്ന, ഒരു ‘റിയല്‍ സോഷ്യലിസ്റ്റ് സമൂഹ’മായിരുന്ന ആ ഓലക്കൊട്ടക്കകം ഇന്ന് മലയാളിക്കില്ല. ഒരു ഇരുളില്‍, മുന്‍പു പറഞ്ഞ വകഭേദങ്ങളൊന്നുമില്ലാതെ ആഹ്ലാദാരവങ്ങള്‍ പുലര്‍ത്തിയ സമൂഹം പല പരീക്ഷണങ്ങള്‍ക്കും ജീവിതപാച്ചിലിലും ബഹുദൂരം മുന്നോട്ടു പോയി. നല്ലതെന്നോ ചീത്തയെന്നോ അത് കാലം കണക്കെഴുതും. അപ്പോള്‍ പറഞ്ഞു വന്നത് ആ ഇരുള് സമൂഹത്തില്‍ ഒത്തിരി ജീവിച്ചിരുന്ന ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്; സിനിമയെക്കുറിച്ച് കുറച്ചു പറയാന്‍ ശ്രമിക്കുകയാണീ ടാക്കീസിലൂടെ...
അവകാശ വാദങ്ങളില്ല, നല്ലതും ചീത്തയുമായതോ ഒരു ഇരുള്‍വെളിച്ചത്തില്‍ തലയില്‍ കയറിയ സിനിമാ ചിന്തയോ എന്തുമാവട്ടെ...സമാന മനസ്കരോടും അല്ലാത്തവരോടും പങ്കുവെക്കാനാഗ്രഹിക്കുന്നു. വിയോജിപ്പുകളുണ്ടാവാം. ഉണ്ടാവണം. എങ്കിലും ഊര്‍ദ്ധ്വന്‍ വലിക്കുന്ന (എന്ന് പലരെങ്കിലും കരുതുന്ന) ഒരു സിനിമാ സംസ്കാരത്തിനു ചേര്‍ന്നു നിന്നുകൊണ്ട്, അതിനോടൊപ്പമോ തൊട്ടു പിന്നിലോ സഞ്ചാരം നടത്തുന്ന ഒരു സിനിമാപ്രേമിയുടെ ഈ ഇ-താളുകളില്‍ സിനിമാ ചിന്തകളും അഭിപ്രായങ്ങളും വിലയിരുത്തലുകളുമെല്ലാമുണ്ടാവണമെന്നു കരുതുന്നു,
കാത്തിരുപ്പുകളോടെ...
സിനിമാടാക്കീസിലേക്ക്....എല്ലാവര്ക്കും സ്വാഗതം.