Monday, May 24, 2010

കഥ തുടരുന്നു. സത്യന്‍ അന്തിക്കാടിന്റെ മാജിക്!


ലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പരാജയങ്ങളുടെ ആക്കങ്ങളില്ലാതെ ജനപ്രിയതയുടെ പര്യായമായി സാധാരണ കേരള ജീവിതത്തിന്റെ പരിച്ഛേദമെന്ന ഖ്യാതിയില്‍ ലളിതരില്‍ ലളിതനും സാധാരണക്കാരില്‍ സാധാരണക്കാരനുമായ അന്തിക്കാട്ടുകാരന്‍ എന്ന മീഡിയയുടെ ഇമേജ് ഐക്കന്‍. 1982 ല്‍ കുറുക്കന്റെ കല്യാണമെന്ന സിനിമയിലൂടെ ഹരിശ്രീ കുറിച്ച ഈ ഹരിഹര ശിഷ്യന്‍ 28 വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ അമ്പതാമത്തെ ചിത്രത്തില്‍ എത്തിനില്‍ക്കുന്നു. ഇനിയും സത്യന്റെ കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഒരുകാലത്ത് ലളിതമായ ആഖ്യാന ശൈലി കൊണ്ട് ചിരിയും ചിന്തയും നിറച്ച സംവേദനങ്ങളായിരുന്നു സത്യന്‍ സിനിമകള്‍. സത്യനോടൊപ്പം പ്രഗത്ഭ എഴുത്തുകാരും നടീ നടന്മാരും അതിനു പിന്തുണയായും ഉണ്ടായിരുന്നു. പക്ഷെ, മലയാള സിനിമയിലെ കൊമേഡിയന്‍ താരം സലീം കുമാര്‍ പറഞ്ഞതു പോലെ ‘എന്നും ഒരേ റൂട്ടില്‍ ഓടൂന്ന ബസ്സിനേ‘പ്പോലെയായി മാറി സത്യന്‍ സിനിമകള്‍.പക്ഷെ, കേരളത്തില്‍ ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും എല്ലാ തിരഞ്ഞെടുപ്പിലും സ്ഥിരം ജയിച്ചു കയറുന്ന ചില രാഷ്ട്രീയക്കാരുണ്ട് , അതുപോലെ എല്ലാ കാലാവസ്ഥയിലും സത്യന്‍ സിനിമകള്‍ വിജയം കണ്ടെത്തി, ജനപ്രിയത കൊണ്ടാടി, മീഡിയാ ഇമേജ് കാത്തു സൂക്ഷിക്കപ്പെട്ടു. അവിടെയാണ് സത്യന്‍ അന്തിക്കാട് എന്ന ബുദ്ധിമാനായ സംവിധായകന്റെ (കു) ബുദ്ധി. രാഷ്ട്രീയക്കാരന് വോട്ട് ബാങ്ക് എന്നപോലെ കൃത്യമായ ‘ആസ്വാദക ബാങ്ക്’ കഴിഞ്ഞ 28 വര്‍ഷം കൊണ്ട് ക്രിയേറ്റു ചെയ്യുന്നതിലും അതിനെ തെല്ലും അലോസരപ്പെടൂത്താതെ, വിഷമിപ്പിക്കാതെ പ്രീണിപ്പിച്ചു നിര്‍ത്തുന്നതിലും ഈ സംവിധായകന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ പല പഴയ പുലികളും സടകൊഴിഞ്ഞ് മാളത്തിലൊളിച്ചപ്പോഴും, തനിക്ക് ശേഷം വന്ന രഞ്ജിത്ത് അടക്കമുള്ള സംവിധായകര്‍ പരീക്ഷണങ്ങളുടെ പുറകെ പോയപ്പോഴും ‘അന്തിക്കാട്ടുകാരന്‍’ എന്ന ലേബലില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഈ സംവിധായകനു കഴിഞ്ഞു.

സത്യന്റെ പുതിയ സിനിമയായ ‘കഥ തുടരുന്നു’ വും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത സത്യന്‍ സിനിമ തന്നെയാണ്. തീര്‍ച്ചയായും അത് ‘സത്യന്‍ പ്രേക്ഷകരെ’ സന്തോഷിപ്പിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് വിജയ സിനിമയുമാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി (രസതന്ത്രം എന്ന സിനിമ മുതല്‍) സത്യന്‍ സിനിമകള്‍ നിലവാരത്തിന്റെയും പ്രമേയത്തിന്റേയും കാര്യത്തില്‍ താഴേക്കാണെന്നും പിന്തിരിപ്പന്‍ ആശയങ്ങളുടെ കൊട്ടയില്‍ അടയിരിക്കുകയാണെന്നതും ഒരു പക്ഷേ, സത്യനും സത്യന്റെ പ്രേക്ഷക സമൂഹവും മാത്രമേ തിരിച്ചറിയാതുള്ളു എന്നതാണ് സത്യം. മാത്രമല്ല പഴയ കാല സത്യന്‍ സിനിമകളേയും സത്യന്റെ കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷത്തെ സിനിമകളേയും തമ്മില്‍ താരതമ്യം ചെയ്താല്‍ പണ്ട് പറഞ്ഞിരുന്ന പല ആശയ-കാഴ്ചപ്പാടുകളില്‍ നിന്നും ഈ അന്തിക്കാട്ടുകാരന്‍ പിറകോട്ട് പോകുന്നതായും പിന്തിരിപ്പന്‍ ചിന്താഗതിയുടേയും ‘സെയ്ഫ് കളി’കളുടേയും കൂടുകളിലേക്ക് പതുങ്ങിക്കയറുന്നതും കാണാം. ഒറ്റ നോട്ടത്തില്‍ സത്യന്‍ സിനിമകള്‍ പുരോമന ചിന്തകള്‍ പേറുന്നതായും സ്ത്രീ പക്ഷ സിനിമകളായുമൊക്കെ തന്റെ (മാത്രം) പ്രേക്ഷക സമൂഹത്തില്‍ കൊണ്ടാടപ്പെടുന്നുണ്ട്. പക്ഷേ പലപ്പോഴും വ്യവസ്ഥാപിത കുടുംബ- സമൂഹ-പുരുഷ കേന്ദ്രീകൃതമായ ഇടങ്ങളില്‍ തന്നെയാണ് സത്യന്‍ സിനിമകള്‍ കെട്ടിയിടപ്പെട്ടിരിക്കുന്നത് എന്ന് സൂക്ഷ്മായി നോക്കിയാല്‍ കാണാം. എങ്കിലും പല ‘നല്ല’ ഇമേജുകളുടെ ബ്രാന്‍ഡ് അംബാസഡറായ സത്യന്റെ സിനിമകളുടെ ഈ വിരുദ്ധത പലപ്പോഴും വെളിയില്‍ (തന്റെ തന്നെ പ്രേക്ഷക സമൂഹത്തിലും) ചര്‍ച്ചയായിപ്പെടുന്നില്ല എന്നതാണ് രസകരം. അതുകൊണ്ട് തന്നെ സത്യന്‍ അന്തിക്കാട് ഇന്നും വിശുദ്ധതയുള്ള- പുണ്യാളനായ സംവിധായകനായി അറിയപ്പെടുന്നു,

കഥ തുടരുന്നു എന്ന ചിത്രത്തിലേക്ക് വരാം. മുസ്ലീമായ ഷാനവാസ് അഹമ്മദിനെ (ആസിഫ് അലി) വിവാഹം കഴിച്ച വിദ്യാലക്ഷ്മി അഞ്ചുവയസ്സായ മകളുമൊത്ത് സന്തോഷ ജീവിതം നയിക്കുമ്പോള്‍ അവിചാരിതമായി ഭര്‍ത്താവ് ഷാനവാസ് കൊല്ലപ്പെടുന്നു, തന്റേയും ഭര്‍ത്താവിന്റേയും കുടുംബങ്ങള്‍ സഹായിക്കാനില്ലാതെ ആവുമ്പോള്‍ വാടകവീട്ടില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടി വരുമ്പോള്‍ ജീവിക്കാന്‍ റെയില്‍ വേ സ്റ്റേഷനില്‍ അഭയം തേടുന്നു. അവിടെ നിന്നു ഇറക്കിവിടുമ്പോള്‍ അവശേഷിക്കുന്ന സ്വര്‍ണ്ണം വിറ്റ് ചിലവു നടത്താന്‍ ശ്രമിക്കവേ തന്റെ ബാഗും കള്ളന്‍ അപഹരിക്കുന്നു. തെരുവില്‍ അനാഥയായി നില്‍ക്കുമ്പോളാണ് രക്ഷകനായി ഈശ്വരഭക്തനും ജ്യോതിഷ്യ വിശ്വാസിയും ദുശ്ശീലങ്ങളില്ലാത്തവനും ദുഷ്ചിന്തകളൊന്നുമില്ലാത്തവനുമായ നായകന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ വരുന്നത്. നായികക്ക് നായകനെ കണ്ടുമുട്ടാനുള്ള എളുപ്പ വഴി. നായകന്‍ നായികയേയും മകളേയും ചേരിയില്‍ താമസിക്കുന്ന വീട്ടുവേലക്കാരിയുടെ (ലക്ഷ്മിപ്രിയ) കൂടെ താമസിപ്പിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കപ്പുറം ചേരിയിലെ മറ്റൊരു താമസക്കാരി കുഞ്ഞമ്മ(കെ പി എ സി ലളിത)ക്ക് ഹൃദയാഘാതം വന്ന് ആശുപത്രിയിലെത്തിക്കുമ്പോഴാണ് ചേരി നിവാസികള്‍ ആ സത്യം മനസ്സിലാക്കുന്നത്. നായികയായ വിദ്യാലക്ഷ്മി എം ബി ബി എസ് പഠിച്ചിരുന്നു വെന്നും പഠനം ഇടക്ക് വെച്ച് നിര്‍ത്തിയെന്നും. ചേരിക്കാര്‍ക്ക് സഹിക്കാനായില്ല അവരുടെ തുച്ഛശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് അവര്‍ വിദ്യാലക്ഷ്മിയെ പഠിപ്പിക്കുന്നു. ഡോക്ടര്‍ പഠനം മുഴുമിപ്പിക്കുന്നു. ആ പണച്ചെലവിനു വേണ്ടി കുടിയന്മാര്‍ കുടി നിര്‍ത്തി. ദുശ്ശീലങ്ങള്‍ പലതും നിര്‍ത്തി (ആ കോളനിയൊന്ന് നേരില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്!) കഥ ദീര്‍ഘിപ്പിക്കുന്നില്ല - ദീര്‍ഘിപ്പിക്കുവാന്‍ മാത്രം അതിലൊന്നുമില്ല എന്നതാണ് സത്യം.


സത്യന്റെ ഈ സിനിമയില്‍ നിരീക്ഷിച്ച ചില കാര്യങ്ങള്‍ പരാമര്‍ശിച്ച് നിര്‍ത്താം.:

ചേരിയില്‍ തന്റേടിയായ ഒരു വീട്ടുവേലക്കാരി (മല്ലിക)-ലക്ഷ്മി പ്രിയ-യുടെ വീട്ടീലാണ് നായികക്ക് അഭയം. ഈ കഥാപാത്രം തന്റേടിയും ഒറ്റക്ക് ജീവിക്കുന്നവളുമാണ്. പണത്തിനു വേണ്ടി മറ്റുള്ളവരുടെ കിടപ്പറയില്‍ പോകുന്ന സ്വന്തം അമ്മയെ ഉപേക്ഷിച്ച് അവള്‍ ചേരിയില്‍ ഒറ്റക്കു താമസിക്കുന്നു. ജീവിക്കാന്‍ വീട്ടുവേല ചെയ്യുന്നു. ആരോടും തന്റേടത്തോടേ മറുപടി പറയുന്ന ‘ജ്വലിക്കുന്ന സ്ത്രീ‘ കഥാപാത്രം. ‘നിന്നെ ഞാന്‍ കെട്ടിക്കൊട്ടെ?’ എന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന കോര്‍പ്പറേഷന്‍ വാട്ടര്‍ സപ്ലൈയുടെ ടെമ്പോ ഡ്രൈവറോട് അവളുടെ മറുപടി ‘ എന്റെ കയ്യിന്റെ ചൂടറിയണ്ട എങ്കില്‍ മുന്നില്‍ നിന്നു മാറിക്കോ’ എന്നാണ്. കഥാഗതിയില്‍ അതാ ‘ജ്വലിക്കുന്ന സ്ത്രീ’ ടെമ്പോ ഡ്രൈവറോട് ഇഷ്ടമാണോ എന്ന നായികയുടെ ചോദ്യം മുതല്‍ ഉരുകിത്തീരുന്നു. ഡ്രൈവറുമായി അവളുടെ വിവാഹം നിശ്ചയിക്കാന്‍ തീരുമാനിക്കുന്നതോടെ ഈ സ്ത്രീ കഥാപാത്രം “വിവാഹമേ ജീവിത ലക്ഷ്യം“ എന്ന പഴയ കാല പൈങ്കിളി നോവലിലെ നായികയേപ്പോലെ നാണത്താല്‍ (സ്വഭാവികമായ നാണമല്ല..അങ്ങേയറ്റം) തല നിവര്‍ത്താന്‍ പോലും സാധിക്കാതെ തന്റെ തന്റേടത്തെയൊക്കെ കുഴിച്ച്മൂടി ചിത്രാന്ത്യം വരെ വുഡ് ബിയുടെ നിഴലില്‍-പുറകില്‍ നിലകൊള്ളൂകയാണ്. തന്റേടിയായ സ്ത്രീ കഥാപാത്രമെന്ന പുകമറ സൃഷ്ടിച്ച് പുരുഷന്റെ തണലില്‍ പെണ്ണിനെ കൊണ്ടെത്തിച്ച് കെട്ടിയിടുന്ന സത്യന്‍ മാജിക്!

സ്ത്രീയെ കളിയാക്കുന്ന സിനിമാ തമാശകള്‍ക്ക് അന്നുമിന്നും മാര്‍ക്കറ്റുണ്ട്. പ്രേക്ഷകരില്‍ കൂടുതലും പുരുഷരായതുകൊണ്ടാകാം. നായികയേയോ ഉപനായികമാരേയോ പരിഹസിക്കുന്ന /ദ്വയാര്‍ത്ഥം വരുന്ന തമാശകള്‍ക്ക് മലയാളത്തില്‍ ഇന്നും പഞ്ഞമില്ല. പക്ഷെ കുടുംബ സംവിധായകനായ സത്യന്റെ സിനിമയില്‍ തന്റെ സ്ത്രീ പ്രേക്ഷകരെകൂടി കണക്കിലെടുത്ത് സത്യന്‍ പ്രയോഗിച്ച മാജിക്ക് കാണൂ. പെണ്ണിന്റെ കണ്ണീര് പൂങ്കണ്ണിരാണെന്നും, പെണ്ണിനു കണ്ണീരു വരുത്താന്‍ നിമിഷാര്‍ദ്ധം പോലും വേണ്ടെന്നും ഒരു സ്ത്രീ കഥാപാത്രത്തെക്കൊണ്ട് പറയിക്കുകയും മാത്രമല്ല അത് ഡെമോന്‍സ്രേറ്റ് ചെയ്യിക്കുക കൂടി ചെയ്യുന്നു മാജിഷ്യന്‍ സത്യനന്തിക്കാട്. പെണ്ണിന്റെ കണ്ണീരിനെ പൂങ്കണ്ണീരെന്ന് പുരുഷ കഥാപാത്രം പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ സ്ത്രീ/അമ്മ കഥാപാത്രം പറഞ്ഞാല്‍ തന്റെ സ്ത്രീ പ്രേക്ഷകരടക്കുമുള്ളവര്‍ കയ്യടിക്കുമെന്ന് സത്യനിലെ ബുദ്ധിമാന് നന്നായറിയാം.

സിനിമയുടെ കഥാന്ത്യത്തിലും ഈ തരത്തിലുള്ള സൂത്രപ്പണികളും (അതോ എസ്കേപ്പിസമോ?) കാണാം. മുസ്ലീം ചെറുപ്പക്കാരനെ വിവാഹം കഴിച്ചെങ്കിലും താമസിയാതെ അയാള്‍ മരണപ്പെട്ടതുകൊണ്ട് അവര്‍ക്ക് ജനിച്ച കുഞ്ഞിനുവേണ്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവകാശം ഉന്നയിക്കുമ്പോള്‍ സംവിധായകന്‍ കണ്ടെത്തുന്ന പരിഹാരം രസാവഹം. നായികയുടെ കൂട്ടുകാരി ഭാവിയിലെ അരക്ഷിതാവസ്ഥയേക്കുറീച്ചും മതം കുട്ടുപിടിച്ച് ചിലര്‍ നടത്തുന്ന പ്രശ്നങ്ങളേയും കുറിച്ച് നായികയെ ബോധവല്‍ക്കരിച്ച് ‘വിദേശത്തേക്ക് പോയി ജോലി ചെയ്ത് ജീവിക്കുക’ എന്ന ഒരു ശാശ്വത പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത്. (മതപരവും വര്‍ഗ്ഗീയപരവും മറ്റുമായ സാമൂഹ്യപ്രശ്നങ്ങളാല്‍ ഈ നാടുവിട്ട് വിദേശത്ത് പോകേണ്ട ഗതികേട് നമ്മള്‍ മലയാളികള്‍ക്കുണ്ടോ എന്ന് സംവിധായകന്‍ ഒന്നു ആലോചിക്കുന്നത് നന്നായിരിക്കും.) മാത്രമല്ല ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളതിനാല്‍ എം ബി ബി എസ് പഠനം കഴിഞ്ഞ് ഡോക്ടറാവുന്ന നായികയെ ചേരിയിലെ അനാഥനും നിരക്ഷരനുമായ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കുമോ എന്ന സത്യന്റെ സ്ത്രീ പ്രേക്ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് ‘കൃത്യവും യുക്തിയും‘ നിറഞ്ഞ പരിഹാരവും സത്യന്‍ കാണുന്നു, മാത്രമല്ല ‘ഞാന്‍ വിളിച്ചാല്‍ പറന്ന് പറന്ന് വരണം’ എന്ന നായികയുടെ ഇഷ്ടം കലര്‍ന്ന ആവശ്യവും തുടര്‍ന്ന് പക്ഷി നോട്ടക്കാരന്റെ ‘കടല്‍ കടക്കാന്‍ യോഗം കാണുന്നല്ലോ’ എന്ന പ്രവചനത്താല്‍ കടല്‍ത്തീരത്ത് തിരയെണ്ണിയിരിക്കുന്ന നായകനെ കാണിച്ച് തന്റെ പുരുഷ പ്രേക്ഷകരേയും സത്യന്‍ തൃപ്തനാക്കുന്നു. ചങ്കുറപ്പില്ലാത്ത ഒരു എഴുത്തുകാരന്റെ/സംവിധായകന്റെ ദയനീയതയക്ക് നല്ലൊരു ഉദാഹരണമാണ് ഈ ചിത്രത്തിന്റെ അവസാനം.

ഫാന്‍സുകളുടെ ബഹളത്തിലും തെറിവിളിയിലും കല തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില സിനിമാകഷ്ണങ്ങള്‍ക്കിടയിലും ‘കഥ തുടരുന്നു‘ ഒരു ആശ്വാസമാകാം. പക്ഷേ,അങ്ങിനെ ഒരു താല്‍ക്കാലിക ആശ്വാസങ്ങള്‍ മാത്രം മതിയോ എന്നുകൂടി ചിന്തിക്കണം. മുഴുവന്‍ അവിശ്വസനീയത നിറഞ്ഞതും യുക്തിസഹമല്ലാത്തതും യാതൊരു പുതുമയോ ധാരണയോ ഇല്ലാത്ത ഇത്തരം സിനിമകള്‍ 28 വര്‍ഷമായി സംവിധായക രംഗത്ത് നിലനില്‍ക്കുന്ന ഒരാളില്‍ നിന്നു വരുന്നത് തികച്ചും കഷ്ടമാണെന്നു മാത്രമല്ല, ഇതാണ് നല്ല സിനിമകളെന്നും ഇത്തരം സിനിമകളാണ് നമുക്ക് വേണ്ടതെന്നും പറയേണ്ടിവരുന്ന പ്രേക്ഷകരുള്ളതും സിനിമ എന്ന കലക്കും ആസ്വാദനത്തിനും ഒട്ടും നല്ലതല്ല എന്നു കൂടി ചേര്‍ക്കേണ്ടിവരും.