Saturday, December 31, 2011

മലയാള സിനിമ-2011-തിരിഞ്ഞുനോക്കുമ്പോൾ..


മലയാള സിനിമയുടെ 2011ലെ കണക്കെടുക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ വ്യാവസായികമായി ലാഭമുണ്ടാക്കിയതും ദേശീയ പുരസ്കാരത്തിനർഹമായതുമടക്കം അല്പം ആഹ്ലാദകരമായി അനുഭവപ്പെടാം. 2011 ജനുവരി 7 ലെ "ട്രാഫിക്" എന്ന ആദ്യ റിലീസ് മുതൽ ഡിസംബർ 25 ലെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന അവസാന റിലീസടക്കം മൊത്തം എൺപത്തിയെട്ടോളം ചിത്രങ്ങളാണു ഇക്കഴിഞ്ഞ വർഷം മലയാളത്തിലുണ്ടായത്. (9 മൊഴിമാറ്റ ചിത്രങ്ങൾ വേറെ)അതിൽ പലതും സാമ്പത്തികമായി വിജയം കണ്ടെങ്കിലും ചില ചിത്രങ്ങൾ വന്നതും പോയതും പ്രേക്ഷകൻ അറിഞ്ഞില്ല.

ജനുവരി 7 നു ആദ്യം റിലീസ് ചെയ്ത "ട്രാഫിക്ക്" മലയാള സിനിമയെയും പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നു പറയാം.അണുവിട മാറ്റങ്ങൾ സംഭവിക്കാതെ പഴയ അച്ചിൽ വാർത്ത ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ സംഭവിക്കൂ എന്ന് കരുതിയ ചില പ്രേക്ഷകരേയും പുതിയ സിനിമാ സങ്കേതങ്ങളിലേക്ക് മാറാൻ തയ്യാറാവാത്ത സിനിമാ പ്രവർത്തകരേയും ഒരുപോലെ ട്രാഫിക് അത്ഭുതപ്പെടുത്തി. താര സമ്പന്നമല്ലാത്തതും, ആദ്യ ചിത്രം അമ്പേ പരാജയപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ രണ്ടാമത്തെ സംവിധാന ചിത്രമെന്നതും ഈ അമ്പരപ്പിനു ആക്കം കൂട്ടി. ട്രാഫിക്കിന്റെ വിജയം ഇൻഡസ്ട്രിയെ വല്ലാതെ സ്വാധീനിച്ചു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന ചിലതെങ്കിലും ചിത്രങ്ങൾ. മുൻപ് ചിത്രീകരണം തുടങ്ങിയതും പുതിയ സിനിമാരീതികളിലേക്ക് മാറാൻ തയ്യാറല്ലാത്ത ചിലരെങ്കിലും ഇപ്പോഴും ഇനിയും പഴയ മട്ടിലുള്ള സിനിമകളുമായി 2011ന്റെ അവസാനത്തിലും നിൽക്കുന്നുണ്ട്. എങ്കിലും പ്രേക്ഷകൻ സ്വീകരിച്ചതും അല്ലാത്തതുമായ ചില നല്ല ചിത്രങ്ങൾ 2011ൽ ഉണ്ടായി, ട്രാഫിക്കിനു ശേഷം, സിറ്റി ഓഫ് ഗോഡ്, മേൽവിലാസം, ആദാമിന്റെ മകൻ അബു, സോൾട്ട് & പെപ്പർ, ചാപ്പാക്കുരിശ്, വീട്ടിലേക്കുള്ള വഴി, ഇന്ത്യൻ റുപ്പീ, ബ്യൂട്ടിഫുൾ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളൊക്കെ ഭേദപ്പെട്ടതും കുറേയൊക്കെ വഴിമാറി നടക്കാൻ ശ്രമിച്ചതുമായിരുന്നു; ഇതിൽ ചിലത് സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും.

തകരുന്ന വിഗ്രഹങ്ങളും പൊയ്മുഖങ്ങളും..
..........................................................................................

റിവ്യൂ പൂർണ്ണമായി വായിക്കുവാനും ചിത്രങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്കും എം3ഡിബിയുടേ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക.

Monday, December 26, 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമാറിവ്യു



സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന
അക്കു അക്ബറും ഒപ്പം ജോസും കൂടി അക്ബർ ജോസ് എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴത്തുള്ളിക്കിലുക്കവും(2002) സദാനന്ദന്റെ സമയവും(2003). പിന്നീട് ഇവർ വേർപിരിഞ്ഞ് അക്ബർ, അക്കു അക്ബറായി വെറുതെ ഒരു ഭാര്യയും(2008) കാണാ കണ്മണിയും(2009) സംവിധാനം ചെയ്തു. 2008 ലെ സൂപ്പർഹിറ്റ് സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ.

അക്കു അക്ബറിന്റെ പുതിയ സിനിമ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' സിനിമക്കുള്ളിലെ ഒരു സിനിമയെപ്പറ്റിയാണു പറയുന്നത്. ആ സിനിമയാണു വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ മുഖ്യ കഥയും. നല്ല കഥകൾ നെടു നായകത്വം വഹിച്ചിരുന്ന പഴയ കാല മലയാള സിനിമയുടേ നല്ല കാലത്തെ അയവിറക്കുന്നുണ്ട് ഈ സിനിമ. ലാളിത്യമാർന്നതും താരപരിവേഷമില്ലാത്തതും അതോടൊപ്പം തന്നെ സമീപ കാല സിനിമാ സങ്കല്പങ്ങളിൽ വിദേശ ഭാഷ സിനിമയുടേ സ്വാധീനവും കോപ്പിയടിയും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ട് വെറും വിസ്മയങ്ങൾ തീർക്കുന്നതിനെ വിമർശിക്കുകയും സിനിമക്കു പിന്നിലെ വഞ്ചനയുടേയും പൊള്ളത്തരത്തിന്റേയും നന്ദികേടിന്റേയും കഥകളെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ സമീപകാലത്തെ പുതുമയുള്ള കഥയും ആഖ്യാന രീതിയും (ചിത്രം ഒരു മണിക്കൂറോളം 35 എം എം ലും ബാക്കി സിനിമാസ്കോപ്പിലുമാണു.) ആത്മാർത്ഥതയുമൊക്കെ ഈ സിനിമയിൽ കാണമെങ്കിലും ചിത്രത്തെ പൂർണ്ണമായും ഒരു അനുഭവമാക്കുന്നതിൽ പിന്നണിക്കാർ അല്പം പരാജയപ്പെട്ടുപോകുന്നുണ്ട്. പുതുമയോടെ തുടങ്ങിയെങ്കിലും ചിത്രാന്ത്യമെത്തുമ്പോൾ നാളിതുവരെയുള്ള മലയാളസിനിമാക്കഥയിലെ അതിനാടകീയതയുടെ രീതികളിലേക്ക് സ്വയമിറങ്ങിപ്പോകുകയും അതുകൊണ്ട് തന്നെ വ്യത്യസ്ഥവും സത്യസന്ധവുമെന്ന് തോന്നിപ്പിച്ച വെള്ളരിപ്രാവ് തന്റെ സ്ഥിരം ലാവണത്തിലേക്ക് കൂടണയുന്ന ദയനീയകാഴ്ചയും കാണേണ്ടി വരുന്നുണ്ട്.

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും m3dbയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, December 18, 2011

വെനീസിലെ വ്യാപാരി - ഒരു നനഞ്ഞ പടക്കം


ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം. കാരണം ചാനൽ റൈറ്റ്സുകൾ സിനിമകളുടേ അവസാന വാക്ക് നിശ്ചയിക്കുന്ന ഈ കാലത്ത് മേശപ്പുറത്ത് ബിസിനസ്സ് നടക്കുന്ന സിനിമകൾക്കേ ജന്മമുള്ളു. സിനിമ ജനിക്കും മുൻപ് അതിന്റെ ബിസിനസ്സ് നടന്നിരിക്കണം. മലയാളത്തിലിറങ്ങുന്ന ഏതാണ്ടെല്ലാ സിനിമകളും ഇപ്പോൾ ഈ ജനുസ്സിൽ പെട്ടതു തന്നെയാണ്. വിലപിടിപ്പും മാർക്കറ്റുമുള്ള താരങ്ങൾക്കും, സാങ്കേതികപ്രവർത്തകർക്കും മാത്രമേ ഇന്ന് സാറ്റലൈറ്റ്, ഓവർ സീസ്, ഓഡിയോ & വീഡിയോ ബിസിനസ്സുള്ളു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് വളരെ ചുരുങ്ങിയ പണം മതി തുടങ്ങാൻ ബാക്കി മുൻ പറഞ്ഞവർ പണം മുടക്കിക്കോളും, പണം കൊടൂത്താൽ ചളിയൊഴിക്കാനും പാലൊഴിക്കാനും തയ്യാറാവുന്ന ഫാൻസ് മന്ദബുദ്ധികൾ ഉണ്ടെങ്കിൽ ആ പ്രൊജക്റ്റ് വിജയിപ്പിക്കുകയോ മറ്റുള്ളവന്റെ പരാജയപ്പെടുത്തുകയോ ആവാം. ആ ജനുസ്സിൽ പെട്ട മറ്റൊരു അക്രമമാണ് ഷാഫി-ജയിംസ് ആൽബർട്ട് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ വെനീസിലെ വ്യാപാരി എന്നൊരു സിനിമ.

'സൈക്കിൾ, ക്ലാസ് മേറ്റ്സ്, ഇവിടം സ്വർഗ്ഗമാണ്' എന്നീ ചില ഭേദപ്പെട്ടതും സാമ്പത്തിക വിജയം നേടിയതുമായ ചിത്രങ്ങൾക്ക് തിര നാടകമെഴുതിയ ജയിംസ് ആൽബർട്ടിന്റേതാണ് വെനീസിലെ വ്യാപാരിയുടേയും തിരക്കഥ. നിരവധി കോമഡി ഹിറ്റുകൾ ഒരുക്കിയ (2010 ഡിസംബറിൽ മേരിക്കുണ്ടൊരു കുഞ്ഞാടും, 2011 തുടക്കത്തിൽ മേക്കപ്പ് മാനും എന്ന തുടർച്ചയായ ഹിറ്റുകൾ) ഷാഫിയുടെ സംവിധാനവും, ഒപ്പം സുരാജ്, സലീം കുമാർ, ജഗതി, അടക്കം ഒരുപിടി കോമഡി നടന്മാർ, കാവ്യയെന്ന ശാലീനതയും പൂനം ബജ് വ എന്ന മറുനാടാൻ സുന്ദരിയും. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിക്കാം. പക്ഷെ പടം കണ്ട പ്രേക്ഷകനു, ആനന്ദിക്കാനും ആസ്വദിക്കാനും ഇതുപോര എന്നു തന്നെയാണ് അഭിപ്രായം.

റിവ്യൂ വിശദമായി വായിക്കുവാനും സിനിമാ ഡീറ്റെയിൽസ് ലഭിക്കുവാനും എം3ഡിബി യുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Tuesday, November 29, 2011

സ്വപ്ന സഞ്ചാരി - റിവ്യൂ

സിനിമാ സമരങ്ങളുടേയും ചർച്ചകളുടേയും നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നാണ് 'ഗദ്ദാമ'ക്ക് ശേഷം കെ ഗിരീഷ് കുമാറെഴുതി കമൽ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി'. 'കൈക്കുടന്ന നിലാവ്' എന്ന തന്റെ ചിത്രത്തിനു ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്ന എന്ന സവിശേഷതയും കുടുംബകഥകളുടെ സംവിധായകനും നായകനും എന്ന പ്രൊമോഷനുമൊക്കെയായി സ്വപ്നസഞ്ചാരി പ്രേക്ഷകന്റെ മുന്നിലേക്കെത്തുമ്പോൾ പക്ഷെ, നല്ല സിനിമ കാണാനുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന് ചുരുക്കിയെഴുതാം.

പ്രവചനീയമായ കഥയും കഥാഗതിയും ചിത്രാന്ത്യവുമാണ് ചിത്രത്തിന്റെ മുഖ്യപോരായ്മ. കഴിഞ്ഞ കാലങ്ങളിൽ കണ്ട കുടുംബചിത്രങ്ങളുടെ സ്വഭാവവും സന്ദർഭങ്ങളുമാണ് ചിത്രത്തിലുടനീളം. തന്റെ പരിചയ സമ്പന്നതകൊണ്ട് വൃത്തിയായി അണിയിച്ചൊരുക്കാൻ കമലിനു കഴിഞ്ഞു എന്ന് മാത്രമാണ് പ്രത്യേകത. അതു കൊണ്ട് തന്നെ സീരിയൽ സ്നേഹികളും പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകരുമുണ്ടേങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിനായേക്കും. പക്ഷെ നവ ആഖ്യാന രീതികളും കഥപറച്ചിൽ രീതികളുമായി പുതിയ തലമുറ കടന്നു വന്നുകൊണ്ടിരിക്കുന്ന/ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സിനിമകളുടെ ഇക്കാലത്ത് ഈയൊരു ചിത്രം പഴയ അച്ചിൽ തീർത്ത പ്രൊഡക്റ്റ് തന്നെയാണ്. സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സംവിധായകൻ കൂടി കളം മാറ്റിച്ചവിട്ടേണ്ടിവരുമെന്നർത്ഥം.

പ്ലോട്ട് : അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Thursday, November 10, 2011

മനോരമയെന്ന മനോരോഗി

സവര്‍ണ്ണ പ്രഭുക്കളും കൂട്ടാളികളും നിരായുധനായ ഒരു കീഴാളനെ ചവിട്ടിമെതിച്ചു മൃതപ്രായനാക്കിയ കഥകള്‍ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വെറും കഥയോ കെട്ടുകഥകളോ അല്ലെന്ന് കണ്ടെത്താം. പക്ഷെ, കാലത്തിന്റെ മുന്നോട്ടുള്ള ഗതിയിലും തൊഴിലാളി - രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സാമൂഹ്യ ഇടപെടലുകളിലും നാള്‍ വഴി വിപ്ലവങ്ങള്‍ കേരള സമൂഹത്തില്‍ മാറ്റം വരുത്തുകയും തദ്വാരാ കേരള സമൂഹം പുരോഗതിയിലേക്ക് കടന്നു വരികയും ചെയ്തു. എങ്കിലും മാടമ്പിത്തരത്തിന്റെയും സവര്‍ണ്ണതയുടേയും വിഷ വിത്തുകള്‍ ഇന്നും സമൂഹത്തിലും ചില മനസ്സുകളിലും മുളപൊട്ടാന്‍ കാത്തിരിക്കുന്നത് സൂഷ്മമായി വീക്ഷിച്ചാല്‍ കാണാം. അധികാര സ്ഥാപനങ്ങളായും മറ്റും അവരിന്നും നിരായുധനെ കൂട്ടത്തോടേ ആക്രമിക്കുന്നതും കാണാം. അത്തരമൊരു കൂട്ടാക്രമണമായിരുന്നു കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ ‘നിയന്ത്രണ രേഖ’ എന്ന മാടമ്പിമാര്‍ പങ്കെടൂക്കുന്ന പരിപാടിയില്‍ നടന്നത്

ഷാനി പ്രഭാകരന്‍ എന്ന് പേരുള്ള അവതാരകയും ബാബുരാജ്, എം എ നിഷാദ്, ലിജോ ജോസ് പല്ലിശ്ശേരി എന്നീ സംവിധായകരും(?) ഡോ. സി ജെ ജോണ്‍ എന്ന മനശാസ്ത്ജ്ഞന്‍ എന്നിവരും ചാനല്‍ കാശ് കൊടുത്ത് സ്റ്റുഡിയോലിരുത്തിയ കുറേ യുവാക്കളും അടങ്ങുന്ന വലിയൊരു സംഘം സന്തോഷ് പണ്ഡിറ്റെന്ന ഒരു ചെറുപ്പക്കാരനെ വട്ടം വളഞ്ഞിരുന്നാക്രമിക്കുന്ന ഒരു അശ്ലീല കാഴ്ച മനോരമയെന്ന ചാനലില്‍ കണ്ടു. എന്തടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ഇവര്‍ ആക്രമിച്ചതെന്നും എന്തിനുവേണ്ടിയാണെന്നും എന്തവകാശമുണ്ടെന്നും എത്ര ആലോചിച്ചിട്ടും ഈ ലേഖകനു മനസ്സിലായില്ല.

‘ബ്ലാക്ക് ഡാലിയ’ ‘മനുഷ്യമൃഗം’ എന്നീ രണ്ടു വൈകൃതങ്ങള്‍ സംവിധാനം ചെയ്തതും വാണി വിശ്വനാഥ് എന്നൊരു നടിയെ വിവാഹം കഴിച്ചതുമാണ് ബാബുരാജ് എന്നൊരു വ്യക്തിയെ ഈ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ ഇരുത്തിയത് എന്നാണ് എന്റെ നിഗമനം. അല്ലാതെ മറ്റെന്താണ് അങ്ങേര്‍ക്ക് യോഗ്യത. അമറേസ് പെറോസ്, ബാബേല്‍ എന്നിവയടക്കം നിരവധി വിദേശ ചിത്രങ്ങള്‍ കോപ്പിയടിച്ച് ‘സ്വന്തമായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു‘ എന്നതാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ യോഗ്യത. സാമൂഹ്യപ്രസക്തിയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടേങ്കിലും എം എ നിഷാദ് എന്ന സംവിധായകന്റെ അവസാനം ചിത്രമായ ‘ബെസ്റ്റ് ഓഫ് ലക്ക്” എം എ നിഷാദ് വരെ മുഴുവന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് പോലും അഭിപ്രായമില്ല. പിന്നെ കാശ് വാങ്ങി സ്റ്റുഡിയോലിരുന്ന കുറേ ചെറുപ്പക്കാര്‍. അവര്‍ എന്തിനും കയ്യടിക്കുന്നുണ്ടായിരുന്നു. എം എ നിഷാദ് മലയാള സിനിമയെ കുറ്റം പറഞ്ഞപ്പോഴും, സന്തൊഷ് ബുദ്ധിമാനെന്ന് പറഞ്ഞപ്പോഴും, ലിജോ ജോസ് സന്തോഷിനെ ആദ്യം സപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും ബാബുരാജ് സന്തോഷിന്റെ തന്തക്ക് വിളിച്ചപ്പോഴും മനോരോഗിയെന്ന് വിളിച്ചപ്പോഴും അങ്ങിനെ എന്തിനും ഏതിനും ഈ വിഡ്ഢിക്കൂട്ടം കയ്യടിക്കുന്നുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ നിരവധി സിനിമകളെടുത്ത് കാന്‍ അവാര്‍ഡ് വാങ്ങിയ ആളെന്ന നിലയില്‍ ഒന്നര മുറുക്കിയുടുത്ത് സന്തോഷിനെ അപമാനിക്കാന്‍ ഷാനി പ്രഭാകരന്‍ പരിപാടി തീരുംവരെ മുന്നിട്ടു നിന്നിരുന്നു.

മനോരമാ ന്യൂസിനോട് വല്ലാത്ത സഹതാപം തോന്നുന്നു, സന്തോഷ് പണ്ഡിറ്റ് എന്ന ചെറുപ്പക്കാരന്‍ (മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവരെ ചെറുപ്പക്കാര്‍ എന്നു വിളിക്കാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിനെ നൂറുവട്ടം വിളിക്കാം) ആരെയും വഞ്ചിക്കാതെ, കൂട്ടിക്കൊടുക്കാതെ, സ്വന്തം പണം മുടക്കി ‘കൃഷ്ണനും രാധയും” എന്നൊരു സിനിമയെടുത്തത് ഇത്രവലിയ തെറ്റാണോ? അയാള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പ്രസിദ്ധിയുടേ ഓരം പറ്റി അയാളിട്ട പ്രസിദ്ധിയുടേ അപ്പിക്കഷ്ണം നക്കി വിശപ്പു മാറ്റാന്‍ ശ്രമിച്ച മനോരമയല്ലേ ഏറ്റവും വലിയ തെണ്ടി? നിരായുധനായ ഒരു വ്യക്തിയെ സംഘം ചേര്‍ന്ന് അപമാനിക്കുന്നതും ആക്രമിക്കുന്നതും വലിയൊരു സാമൂഹ്യദൌത്യമാണെന്ന് മനോരമക്കും മലയാള സിനിമയിലെ കൃമികീടങ്ങള്‍ക്കും തോന്നുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് സത്യത്തില്‍ നിങ്ങള്‍ക്ക് തന്നെയാണ്. സന്തോഷിനല്ല.

സന്തോഷ് ഉന്നയിച്ച ഒരു ചോദ്യത്തിനും വ്യക്തമോ കൃത്യമോ ഉത്തരം പറയാന്‍ ശ്രമിക്കാതെ, കഴിയാതെ, അയാള്‍ ഒരു മനോരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് എന്തിനു വേണ്ടിയാണ്? ഉത്തരം സ്പഷ്ടമാണ്. സന്തോഷ് നേടിയെടുത്ത പബ്ലിസിറ്റി സ്വന്തം ഉദരപൂരണത്തിനു ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ ചെടിപ്പാണ് മനോരമക്ക്, അയാളുടേ പ്രസിദ്ധിയില്‍ അസൂയ പൂണ്ടതിന്റെ കലിപ്പാണ് മലയാള സിനിമാക്കാര്‍ക്ക്. കൃഷ്ണനും രാധയിലെ ഒരു ഗാനങ്ങളും ചാനലിലെ സംഗീത പരിപാടികളില്‍ വരുന്നില്ല, കാരണം ചാനലിനു പണം കൊടുത്ത് ടെലികാസ്റ്റ് ചെയ്യാന്‍ സന്തോഷ് ഒരു ചാനലിനും തന്റെ ഗാനങ്ങള്‍ നല്‍കിയിട്ടില്ല എന്നതു തന്നെ.

കൃഷ്ണനും രാധയും തീര്‍ച്ചയായും കലാപരതയുടേ ആവിഷ്കരണത്തില്‍ മോശമാണ്‍, കലയുടെ ലാവണ്യരീതികള്‍ പ്രകടമാക്കുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ട്, എന്നാല്‍ അതിനു മീതെ നിര്‍ത്താവുന്ന എത്ര സിനിമകളുണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാളത്തിലിറങ്ങിയതില്‍? തീര്‍ച്ചയായും ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് ഡാലിയയും മനുഷ്യമൃഗവും എം എന്‍ നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കും സന്തോഷിന്റെ കൃഷ്ണനും രാധയും തമ്മില്‍ താരതമ്യം ചെയ്താല്‍ ഒരു സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമകള്‍ തമ്മില്‍ നിലവാരത്തിന്റെ കാര്യത്തില്‍ എനിക്ക് യാതൊരു വ്യത്യാസവും തോന്നുന്നില്ല. എന്തിനേറെ, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ ചേര്‍ന്നഭിനയിച്ച “ചൈനാ ടൌണ്‍” എന്ന 2011ലെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിലവാരത്തേക്കാള്‍ അല്പം ഭേദമാണ് കൃഷ്ണനും രാധയും എന്ന സിനിമ എന്ന് ഞാന്‍ വിലയിരുത്തുന്നു. ഇത് വെറുമൊരു തമാശയല്ല, മുപ്പതിലേറെ വര്‍ഷമായി മലയാളസിനിമയിലുള്ള മോഹന്‍ലാലും അത്രതന്നെ വര്‍ഷങ്ങള്‍ പരിചയമുള്ള സഹതാരങ്ങളും റാഫി മെക്കാര്‍ട്ടിന്‍ എന്ന സംവിധായകനും മെച്ചപ്പെട്ട സൌകര്യങ്ങളും 7 കോടിയിലധികം മുടക്കുമുതലും ഉണ്ടായിട്ടും ഈ സംഘത്തിനു ചൈനാ ടൌണ്‍ എന്നൊരു കൂതറ പടച്ചുണ്ടാക്കാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിനു തന്റെ ജീവിതത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, 10 ലക്ഷത്തില്‍ താഴെ മുടക്കു മുതലുള്ള ഒരു സിനിമക്ക് ഈ നിലവാരമാകാം. അത്രയെങ്കിലുമുണ്ടെങ്കില്‍ പോലും അതല്‍ഭുതമാണ്. നിരവധി വര്‍ഷങ്ങളുടെ പരിചയസമ്പത്തുമായി മലയാള സിനിമയിലെ ലബ്ധപ്രതിഷ്ടര്‍ ചീഞ്ഞളിഞ്ഞ സിനിമകള്‍ ചെയ്യുന്നിടത്താണ്, യാതൊരു മുന്‍പരിചയവുമില്ലാതെ ഒരാള്‍ സിനിമയെടുക്കുന്നത് എന്നാലോചിക്കണം.

പിന്നെ, ‘നിയന്ത്രണരേഖ‘യില്‍ കാശ് വാങ്ങി ചിരിക്കാനും കയ്യടിക്കാനും കയറിയിരുന്ന കുറേ പ്രേക്ഷക കൂട്ടങ്ങള്‍! അവരെക്കുറിച്ച് എന്ത് പറയാന്‍? കൈ നിറയെ പച്ച നോട്ടൂകള്‍ വെച്ചു കൊടൂത്താല്‍ അമ്മയേയും മകളേയും കൂട്ടിക്കൊടുക്കാന്‍ തയ്യാറാവുന്ന മലയാളികള്‍ക്കിടയില്‍ ഒരു ചാനലിന്റെ രഹസ്യ അജണ്ട പൂര്‍ത്തിയാക്കാന്‍ വേണ്ടി കോമാളി വേഷം കെട്ടാന്‍ എത്ര പേരെ വേണം?

വാല്‍ക്കഷ്ണം : ഏത് സിനിമയുടെ ലൊക്കേഷനിലിരുന്നും മലയാള സിനിമാ (കു)ബുദ്ധിജീ‍വികള്‍ പറയും “ മലയാള സിനിമയില്‍ ഇതുവരെ പ്രതിപാദിക്കാത്ത തികച്ചും പുതുമയുള്ളതും വ്യത്യസ്ഥവുമായ സിനിമയാണിത്...”എന്ന്. രണ്ടാം ദിവസം ഹോള്‍ഡോവര്‍ ആകുന്ന അതേ സിനിമയെകുറിച്ച് മൂന്നാം ദിവസം ചാനലിരുന്നു ടോക്ക് ഷോ നടത്തും, സൂപ്പര്‍ഹിറ്റാക്കിയ പ്രേക്ഷകനു നന്ദി പറഞ്ഞ്...മൂന്നാം മാസം അതേ സിനിമ “ബ്ലോക്ക് ബസ്റ്റര്‍ സിനിമ’ എന്ന പേരില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കും. ആ ‘മാന്യന്മാരാണ്‘ ഒരു സിനിമ ചെയ്തതിന്റെ പേരില്‍ സന്തോഷ് പണ്ഡിറ്റിനെ കുരിശില്‍ തറക്കുന്നത്...മനോരോഗിയാക്കുന്നത്..... കേഴുക പ്രിയനാടെ...

Monday, October 24, 2011

കൃഷ്ണനും രാധയും - സിനിമാ റിവ്യൂ


“മലയാളത്തിലെ ആദ്യത്തെ അമേച്ച്വര്‍ ഫീച്ചര്‍ ഫിലിം“ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് ഒട്ടു മിക്ക മേഖലകളും കൈകാര്യം ചെയ്ത “കൃഷ്ണനും രാധയും” എന്ന സിനിമ(?). റിലീസ് ചെയ്യുന്നതിനു മുന്‍പേ ഇതിലെ ഗാനങ്ങള്‍ യു ട്യൂബ് വഴി ഏറെ പരിഹസിക്കപ്പെടൂകയും അതുമൂലം ഹിറ്റാകുകയും ചെയ്തതാണ്. ഗാനചിത്രീകരണങ്ങളും ട്രെയിലറുകളുമൊക്കെ യുട്യൂബ് പ്രേക്ഷകര്‍ക്ക് കൌതുകകരമാകുകയും തമാശയുണര്‍ത്തുകയും അതുവഴി ഏറെ വിവാദങ്ങളുമുണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിനു പലരും കാത്തിരുന്നു എന്നത് സത്യം. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നതിനും സിനിമയെ പരിഹസിക്കുന്നതിനും വേണ്ടിത്തന്നെ ഈ ചിത്രം കാണാന്‍ അത്യപൂര്‍വ്വ ജനത്തിരക്കുമുണ്ട്. സിനിമ റിലീസ് ആയി മൂന്നാം ദിവസവുംകഴിഞ്ഞിട്ടും ചിത്രം ഹൌസ്ഫുള്‍. സിനിമയുടേ ലാവണ്യരീതികളെ ഒട്ടും പിന്തുടരാത്ത, സമസ്തമേഖലകളിലും പരിപൂര്‍ണ്ണ നിലവാരത്തകര്‍ച്ചയുള്ള വളരെ അമച്ച്വെറിഷ് ആയ (അതിനേക്കാള്‍ താഴെയെന്നും പറയാം) ഒരു സാഹസമാണ്‍ ‘കൃഷ്ണനും രാധയും”.

റിവ്യൂ മുഴുവനായും വായിക്കുന്നതിനു എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Thursday, October 20, 2011

സാന്‍വിച്ച് - റിവ്യൂ


ലൈന്‍ ഓഫ് കളര്‍ & സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ സംയുക്ത ബാനറില്‍ എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന “സാന്‍വിച്ച്“ എം എസ് വിജയന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി കൈലാസ് എന്നീ സംവിധായകരുടെ അസിസ്റ്റന്റ് ആയിരുന്ന “എം എസ് മനു“ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പക്ഷെ ഗുരുനാഥന്മാരുടേ ഗുണവും മണവുമൊന്നും മനുവിന്റെ ആദ്യ സൃഷ്ടിക്കില്ല എന്നത് ഖേദകരം ആണ്. ഒരു ചിത്രത്തെ എക്സിക്യൂട്ട് ചെയ്തെടുക്കാനുള്ള സാങ്കേതിക അറിവും പരിചയവും എം എസ് മനുവിനുണ്ട് എന്നത് ആദ്യചിത്രത്തില്‍ നിന്നു തന്നെയറിയാം പക്ഷെ, തന്റെ ആദ്യചിത്രത്തിനു പുതുമയുള്ളൊരു നല്ല കഥ തെരഞ്ഞെടൂക്കാനും കിട്ടിയതിനെ വിശ്വാസയോഗ്യമായി തിരക്കഥാരൂപത്തിലാക്കാനും എം എസ് മനു മനസ്സു വച്ചില്ല എന്നത് ചിത്രത്തിലുടനീളം വ്യക്തം.

പ്ലോട്ട് : വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ അശ്രദ്ധ കൊണ്ട് ഒരു വാഹനാപകടം സംഭവിക്കുകയും അപകടത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ട ഗുണ്ടയുടെ അനുജനും സംഘവും ഈ യുവാവിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘത്തിന്റെ എതിര്‍ സംഘം യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷമസന്ധിയില്‍ പെട്ടുപോകുന്ന യുവാവും അയാളുടേ കുടുംബവും ജീവിതവും. അതില്‍ നിന്നും യുവാവും സുഹൃദ് സംഘവും ബുദ്ധിപൂര്‍വ്വം ഗുണ്ടാസംഘങ്ങളെ എതിരിടുന്നു.

റിവ്യൂ പൂര്‍ണ്ണമായും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക

.

Wednesday, October 19, 2011

വീരപുത്രന്‍ - റിവ്യൂ


അന്തരിച്ച ചലചിത്രകാരന്‍ പവിത്രന്‍ സംവിധാനം ചെയ്ത ‘ഉപ്പ്‘ എന്ന സിനിമയില്‍ അഭിനയിച്ചും അതിനു മുന്‍പും ശേഷവും കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത ‘ അശ്വത്വാമാവ്, സ്വരൂപം, പുരുഷാര്‍ത്ഥം’ എന്നീ സിനിമകളില്‍ നിര്‍മ്മാണ പങ്കാളിയായും പി ടി കുഞ്ഞുമുഹമ്മദ് എന്ന ചലചിത്രകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയിലെ പ്രവര്‍ത്തകനാണ്. 1993ലെ മഗ് രിബ്, 98ല്‍ ഗര്‍ഷോം, 2007ല്‍ പരദേശി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പലതും കരസ്ഥമാക്കുകയും ചെയ്തു.

സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍വ്വോപരി രാജ്യസ്നേഹിയുമായിരുന്ന ശ്രീ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ക്ക് ചലചിത്രഭാഷ്യം ചമക്കുന്നതാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ ‘വീരപുത്രന്‍’ പക്ഷെ ഒരു ചരിത്ര പുരുഷന്റെ രാഷ്ട്രീയ - മത വിശ്വാസ ജീവിതവും സാമൂഹ്യ ജീവിതവുമൊക്കെ ചലചിത്രത്തിന്റെ ആഖ്യാന രൂപത്തിലേക്കെത്തിയപ്പോള്‍ വ്യക്തി ജീവിതത്തില്‍ സാഹിബ് അനുഭവിച്ച സഹനങ്ങളും വേദനകളും, രാജ്യസ്നേഹി എന്ന നിലയിലും സത്യവിശ്വാസി എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന കര്‍ക്കശ നിലപാടുകളും സത്യസന്ധതയും അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകളും മറ്റും പുനരാവിഷ്കരിക്കുന്നതിലും പി ടി കുഞ്ഞുമുഹമ്മദ് വളരെയധികം പരാജയപ്പെട്ടു. സ്ക്കൂള്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗാവിഷ്കാരവും മറ്റും ഒരു ഫീച്ചര്‍ ഫിലിം എന്ന നിലയില്‍ നിന്നും വീരപുത്രനെ നിലവാരത്തകര്‍ച്ചയിലേക്കെത്തിച്ചു.

പ്ലോട്ട് : സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പ്രധാനമായും പറയുന്നത്. വിവാഹ ജീവിതവും സ്വകാര്യ ദു:ഖങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് പൊതുവില്‍ ഈ സിനിമ പ്രതിപാദിക്കുന്നത്.

റിവ്യൂ വിശദമായി വായിക്കുവാനും ചിത്രത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, October 9, 2011

ഇന്ത്യന്‍ റുപ്പീ - റിവ്യൂ

1987 ല്‍ തുടങ്ങുന്നു തിരക്കഥാകൃത്ത് / ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമാ ജീവിതം. 87ല്‍ വി. ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ് മാസ പുലരിയില്‍’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം, ശേഷം 2011 വരെ കഥയും തിരക്കഥയും സംവിധാനവുമായി നാല്പത്തിനാല് (44) ചിത്രങ്ങള്‍. ഇടക്ക് ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ആറു (6) ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലയാള കൊമേഴ്സ്യല്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു രഞ്ജിത്തിന്റെ തിരക്കഥയില്‍ നിന്നുള്ളതായിരുന്നു. പ്രണയവും ദാരിദ്ര്യവും അധോലോകവും മാത്രം കൈമുതലായുള്ള നായകന്‍ പഴയ മാടമ്പിത്തരത്തിന്റെ മീശപിരിയന്‍ വേഷങ്ങളുമായി അവതരിച്ചതും രഞ്ജിത്തിന്റെ എഴുത്തിലൂടെ തന്നെ. ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുവും, വെറും നാലേ നാലു ചിത്രങ്ങളോടെ തീരുന്നു ‘സവര്‍ണ്ണ ബിംബങ്ങള്‍ ‘ദൃശ്യവല്‍കരിക്കപ്പെട്ട മീശപിരിയന്‍ തമ്പ്രാക്കന്മാരുടെ ‘ആണത്ത’ങ്ങളുടെ കഥ. ബാക്കി നാല്പതോളം (40) സിനിമകളില്‍ നഷ്ട പ്രണയവും, ഗൃഹാതുരതയും, ഗ്രാമീണ പ്രണയവും, സസ്പെന്‍സ് ത്രില്ലറുമൊക്കെയായി വിഷയങ്ങള്‍ ഒരുപാടെഴുതിയെങ്കിലും മലയാള കമേഴ്സ്യല്‍ സിനിമയില്‍ സവര്‍ണ്ണ ഹൈന്ദവ ബിംബങ്ങളെ കുടിയിരുത്തിയതിന്റെ ആസ്ഥാന എഴുത്തുകാരന്‍/സംവിധായകന്‍ എന്നൊരു ചീത്തപ്പേരാണ് രഞ്ജിത്തിനുള്ളത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരയുടേ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കുമ്പോഴും.

2010 ലെ വിജയ ചിത്രവും അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്” എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് യുവതാരം പൃഥീരാജ് നായകനായി അഭിനയിച്ച പുതിയ ചിത്രം “ഇന്ത്യന്‍ റുപ്പീ”യും രഞ്ജിത്തിന്റെ വഴിമാറ്റങ്ങളുടെ ചിത്രശേണിയില്‍ പുതിയൊരെണ്ണമാണ്. ഒരിക്കല്‍ താരങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്നെങ്കില്‍ ഇന്ന് രഞ്ജിത്ത്, താരങ്ങളെ തന്റെ കഥാചിത്രങ്ങളിലെ കഥാപാത്രങ്ങളാക്കുന്നു. അതുകൊണ്ട് തന്നെ മുച്ചൂടം രോഗം ബാധിച്ച മലയാള സിനിമക്ക് രഞ്ജിത്തിന്റെ സിനിമകള്‍ ഒരു ആശ്വാസമാകുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ കോറിവരകള്‍കൊണ്ട് പ്രാഞ്ചിയേട്ടന്‍ നിര്‍മ്മല ഹാസ്യം വിരിയിക്കുകയും ഒപ്പം മലയാളിയുടേ സ്വജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരകമാവുകയും ചെയ്തെങ്കില്‍ നവ മലയാളി യുവത്വത്തിന്റെ ഇന്നിന്റെ കഥയാണ് ‘ഇന്ത്യന്‍ റുപ്പീ’. മണ്ണിലുറച്ച ഒരുപിടി കഥാപാത്രങ്ങള്‍, ജീവിതത്തില്‍ മുഖാമുഖം പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍, അതിഭാവുകത്വമോ ഹീറോയിസമോ ഇല്ലാത്ത ക്ലീന്‍ സിനിമ. ഗൃഹാതുരത്വം കൊണ്ട് കടും പായസം വെക്കുന്ന മലയാളത്തിലെ ‘ഗ്രാമീണ സംവിധായകര്‍’ മണ്ണിലിറങ്ങിയ താരത്തേയും ജീവിതപ്രതിച്ഛായകളേയും കാണണമെങ്കില്‍ ഇന്ത്യന്‍ റുപ്പീ പലവട്ടം കാണണം; മലയാള സിനിമയില്‍ പുതുമകളോ നല്ല സിനിമകളോ ഇല്ലെന്ന് വിലപിക്കുന്ന പ്രേക്ഷകന്‍ ഇന്റര്‍നെറ്റിലിറങ്ങുന്ന ടോറന്റ് ഫയലിനു കാത്തുനില്‍ക്കാതെ ഇന്ത്യന്‍ റുപ്പീ കാണാന്‍ തിയ്യേറ്ററിലേക്കെത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇന്നിന്റെ കഥപറയുന്നൊരു സിനിമയാണ്.

പ്ലോട്ട് :- പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹങ്ങളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കിറങ്ങിയ ജെ പി (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്‍ ഒരു വസ്തുക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ആകസ്മികമായി ചില ഊരാക്കുടുക്കുക്കളില്‍ പെടുകയും ചെയ്യുന്നു. അതില്‍ നിന്നു രക്ഷനേടാനും വലിയ തുക കമ്മീഷനായി ലഭിക്കാനും വേണ്ടി സുഹൃത്തായ അച്യുതമേനോന്റെ (തിലകന്‍) ബുദ്ധിയിലൂടെ ജെ പി നടത്തുന്ന ശ്രമങ്ങള്‍. ഒപ്പം ഇന്നത്തെ ചില സാമൂഹ്യ വിഷയങ്ങളും പ്രതിപാദ്യമാകുന്നു.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാനും കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാനും എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Saturday, October 1, 2011

സ്നേഹവീട് - റിവ്യൂ



എന്നും ഒരേ റൂട്ടിലോടുന്ന വണ്ടിയാണ് സത്യനന്തിക്കാട് ചിത്രങ്ങള്‍” എന്ന് പറഞ്ഞത് നടന്‍ സലീം കുമാറാണ്. അതുകൊണ്ടാണോ
എന്നറിയില്ല. ‘ഒടുവിലാനും ശങ്കരാടിയും കൃഷ്ണന്‍ കുട്ടിയും ഫിലോമിനയുമൊക്കെ ഫ്രെയിമില്‍ വരുമ്പോള്‍ തന്നെ എന്റെ സിനിമാക്കഥയിലെ ഗ്രാമത്തിന്റെ കഥാപാത്രങ്ങളാകുന്നു‘ എന്ന് പറഞ്ഞ സത്യന്‍ അന്തിക്കാട് സലീംകുമാറിനു ദേശീയവും സംസ്ഥാനവുമായ പുരസ്കാരങ്ങള്‍ കിട്ടിയപ്പോള്‍ അഭിനന്ദിച്ചതായോ ഒന്നും പറഞ്ഞതായോ എവിടേയും കണ്ടില്ല.(ഞാന്‍ കാണാത്തതാവാം) എന്തായാലും വലിയൊരു ആസ്വാദകരുടെ മനസ്സിലെ അഭിപ്രായത്തെയാണ് സത്യനു പിന്‍പേ വന്ന സലീം കുമാര്‍ തുറന്നടിച്ചത്. സലീം കുമാറിന്റെ അഭിപ്രായത്തെ കണുകിടെ തെറ്റിക്കാതെ സത്യന്‍ തന്റെ ബസ്സ് അതേ റൂട്ടില്‍ തന്നെ ഓടിക്കുന്നുണ്ട്, ഇപ്പോഴും.

1982ലെ കുറുക്കന്റെ കല്യാണം മുതല്‍ 2011 ലെ സ്നേഹ വീട് വരെയുള്ള തന്റെ 29 വര്‍ഷത്തെ സംവിധാന ജീവിതത്തിനിടയില്‍ തന്റെ അമ്പത്തൊന്നാമത്തെ(51) പടവും പൂര്‍ത്തിയാക്കിയപ്പോള്‍ സത്യന്‍ ചെയ്തത് ഒരേ അച്ചിലിട്ടു വാര്‍ത്ത ചിത്രങ്ങള്‍ . പക്ഷെ കരിയറിന്റെ ആദ്യ പകുതി വരെ അതില്‍ വ്യത്യസ്ഥജീവിതങ്ങളുടെ അടയാളങ്ങളും കേരളീയ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പുകളും ഉണ്ടായിരുന്നപ്പോള്‍ പിന്നീടുള്ളവ അതിന്റെ ആവര്‍ത്തനങ്ങളായി മാറി. എങ്കിലും ഇക്കാലമത്രയുമുള്ള സിനിമാ ജീവിതം കൊണ്ട് തന്റേതുമാത്രമായ ഒരു ആസ്വാദക സമൂഹം ഉണ്ടാക്കാനും അവരെ തൃപ്തിപ്പെടുത്താനും സത്യനു സാധിച്ചു. അതുകൊണ്ടാണ് പഴകിയ കഞ്ഞി തുടരെത്തുടരെ വിളമ്പിയിട്ടും ആ പ്രേക്ഷക സമൂഹം അവസാനകാല ചിത്രങ്ങളെ സൂപ്പര്‍ ഹിറ്റാക്കിയത്. തന്റെ പ്രേക്ഷകന്റെ പള്‍സറിയാവുന്ന ഒരു മാജിക് സംവിധായകന്‍ തന്നെയാണ് സത്യന്‍ അന്തിക്കാട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. സിനിമയിലെ സേഫ് കളിയുടേ ഉസ്താദ്. അല്ലെങ്കില്‍ ഇക്കാലയളവില്‍ യുവതാരങ്ങളെ പരീക്ഷിക്കാനോ, പുതിയ പ്രമേയങ്ങളെ പരീക്ഷിക്കാനോ ഒരു പരീക്ഷണ സിനിമയെടുക്കാനോ സത്യന്‍ ശ്രമിച്ചിട്ടില്ല. അന്തിക്കാട്ടുകാരന്റെ ഗ്രാമ നന്മ, വിശുദ്ധി, പച്ചപ്പ്, ഗൃഹാതുരത എന്നിവയ്ക്കു ചുറ്റും വട്ടമിട്ട് ‘സുരക്ഷിതമായി’ തന്റെ സ്ഥാനം നിലനിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. അതുകൊണ്ടാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ‘എനിക്ക് സിനിമയില്‍ നിന്നു കിട്ടിയത് ഞാന്‍ സിനിമയില്‍ തന്നെ നിക്ഷേപിക്കുന്നു, അല്ലെങ്കില്‍ സത്യേട്ടനെപ്പോലെ സിനിമയില്‍ നിന്നു സമ്പാദിച്ച് ഞാനുമൊരു പണക്കാരനായേനെ, അത്യാവശ്യം പണമുണ്ടെങ്കിലും സത്യേട്ടന്റെ അത്രക്കില്ല” എന്ന് ചെറൂചിരിയോടെ പറഞ്ഞത്.


റിവ്യൂ കൂടുതല്‍ വായിക്കുവാന്‍ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Friday, September 16, 2011

സെവനസ് (നോട്ട് സെവന്‍സ്) - റിവ്യൂ


പ്രേംനസീര്‍ യുഗം മുതലേ ഇപ്പോള്‍ പൃഥീരാജ് കാലം വരെ താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും മള്‍ട്ടിസ്റ്റാര്‍സിനേയും നായകനും നായകരുമാക്കി സിനിമയെടുത്ത സംവിധായകനാണ് ജോഷി (ഇപ്പോള്‍ ‘ജോഷിയി‘). അതേ ജോഷി ആദ്യമായി (?) യുവതാരങ്ങളേയും താരതമ്യേന പുതുമുഖങ്ങളേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പവിത്രം ക്രിയേഷന്‍സ് & സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സന്തോഷ് പവിത്രം & സാജൈ സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ഇക്ബാല്‍ കുറ്റിപ്പുറം കഥ, തിരക്കഥ, സംഭാഷണമെഴുതിയ ‘സെവനസ്‘ ( സെവന്‍സ്എന്ന ടൈറ്റില്‍ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത് അതിന്റെ സ്പെല്ലിങ്ങ് S E V E N E S. സംവിധായകന്‍ ജോഷിയായതുകൊണ്ട് അതു ന്യൂമറോളജി നോക്കിയാണെന്നു സംശയിക്കാം. അല്ലെങ്കില്‍ ഏഴു നായകര്‍ക്കു സമമായി സ്പെല്ലിങ്ങ് തികക്കാന്‍ നോക്കിയതാവാം. രണ്ടായാലും അളിഞ്ഞ ബുദ്ധി തന്നെ. സിനിമക്കു ഭാഗഭാക്കായ നൂറു കണക്കിനു പേരുടെ ക്രിയേറ്റിവിറ്റിയേയും അദ്ധ്വാനത്തേയും പരിഹസിക്കുന്നതായിപ്പോയി ഇത്, ഒപ്പം പ്രേക്ഷകനേയും)

രാശി നോക്കി സിനിമ നിര്‍മ്മികുന്ന ജോഷിക്ക് എന്നും പറയാനുള്ളത് ഒരേ ഫോര്‍മാറ്റിലെ ചിത്രങ്ങള്‍ തന്നെയാണ്. അത് ചിലപ്പോള്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും ചിത്രം ചെയ്യാനും വിജയം കൊയ്യാനും ജോഷിയെപ്പോലെ മിടുക്ക് മറ്റാര്‍ക്കുമില്ല (ജോഷിയുടെ വന്‍ വിജയമായിരുന്ന മോഹന്‍ലാല്‍ ചിത്രം “നാടുവാഴികള്‍” വര്‍ഷങ്ങള്‍ക്ക് ശേഷം കഥാപാത്രങ്ങളുടേ ജാതി തിരിച്ചിട്ടും കള്ളക്കടത്ത് കള്ളുകച്ചവടമാക്കി മാറ്റിയും “ലേലം” എന്ന പേരില്‍ വന്‍ വിജയ ചിത്രം തന്നെ ചെയ്തുകളഞ്ഞു ഈ ജോഷി). കാലങ്ങള്‍ മാറി, ആസ്വാദകര്‍ മാറിയെങ്കിലും ഏതു പുതിയ പ്ലോട്ട് / കഥ കിട്ടിയാലും ആദ്യത്തെ പതിനഞ്ചു മിനുട്ടു കഴിഞ്ഞാല്‍ ജോഷിയുടെ പഴയ ഫോര്‍മുല സംവിധായകന്‍ പൊടിതട്ടിയെഴുന്നേല്‍ക്കും പിന്നെ സിനിമ പഴയപോലെ ശതമാനക്കണക്ക് വെച്ച് ഫാമിലി ഡ്രാമ/കോമഡി/ആക്ഷന്‍/ത്രില്ലര്‍/ സെന്റിമെന്റ്സ് അങ്ങിനെ വീതിച്ചു വെച്ച് ഒടുക്കം എല്ലാ താരങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഗോഡൌണിലോ, ആളൊഴിഞ്ഞ കെട്ടിടത്തിലോ, ഹാര്‍ബറീലോ വെച്ച് പരസ്പരം വെടി വെച്ച് തീരും, എല്ലാ പുകയും അടങ്ങുമ്പോള്‍ നായകനും നായികയും അവരുടെ സുഹൃത്തുക്കളും മാതാപിതാക്കളും കണ്ണിരു തുടച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ സിനിമ തീരും. ഏതു പ്രമേയം ചെയ്താലും ഈയൊരു ഫോര്‍മുലയില്‍ ജോഷിക്ക് മാറ്റമൊന്നുമില്ല. (‘റോബിന്‍ ഹുഡ് ‘എന്ന അത്യാധുനിക എ ടി എം റോബറിയുടേ കഥപറയുന്ന സിനിമയും നോക്കുക)

പുതിയ സിനിമ ‘സെവനസ്’ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലാണ്‍ കഥ തുടങ്ങുന്നത്. കോഴിക്കോട് നഗരവും അതിന്റെ ഫുട്ബോള്‍ ഹരവും ഫുട്ബോള്‍ പ്ലെയേഴ്സ് ആയ ഏഴു ചെറുപ്പക്കാരുടെ ജീവിതവുമൊക്കെയായി പുതിയൊരു ബാക്ക്ഡ്രോപ്പാണ്‍ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷെ ആ പശ്ചാത്തലത്തിനു മീതെ പറയാന്‍ പുതിയൊരു കഥയില്ലാതെ പോയതും പറഞ്ഞ കഥക്ക് പുതിയ ആഖ്യാനമില്ലാതെപോയതും സിനിമയെ എല്ലാ ഘടകത്തിലും സമ്പൂര്‍ണ്ണ പരാജയത്തിലേക്കെത്തിച്ചു. ട്വിസ്റ്റിനു വേണ്ടി മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത ട്വിസ്റ്റുകളും പ്രധാനകഥാപാത്രങ്ങളേയും അവരുടേ പശ്ചാത്തലത്തേയും വേണ്ടത്ര വിശ്വസനീയമാക്കാന്‍ സാധിക്കാത്തതും സംഭവങ്ങളെ അതിഭാവുകത്വം കലര്‍ത്തി പറഞ്ഞതുമൊക്കെ സെവനസിനെ പ്രേക്ഷക പ്രീതിയില്‍ നിന്നും അകറ്റി എന്നതാണു പരമാര്‍ത്ഥം.

പ്ലോട്ട് : കോഴിക്കോട് നഗരത്തിലെ സെവന്‍സ് ഫുട്ബോള്‍ പ്ലെയേഴ്സ് ആയ് ഏഴു ചെറുപ്പക്കാര് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ചില ക്വട്ടേഷന്‍ (ഗുണ്ടാ) പ്രവര്‍ത്തിനിറങ്ങേണ്ടി വരികയും അതിനിടയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ ചതിയില്‍പ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ശത്രുക്കളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുമുള്ള ഏഴു ചെറുപ്പക്കാരുടെ ശ്രമങ്ങള്‍.

റിവ്യൂ വിശദമായി വായിക്കുവാനും വിശദാംശങ്ങള്‍ അറിയുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Thursday, September 15, 2011

ഉലകം ചുറ്റും വാലിബന്‍ - റിവ്യൂ


ചാനല്‍ റൈറ്റ്സുകള്‍ സിനിമാ ബിസിനസ്സിന്റെ അവസാന വാക്കാവുന്ന മലയാള സിനിമാ നിര്‍മ്മാണത്തില്‍ സാറ്റലൈറ്റ് റൈറ്റ്സും മാര്‍ക്കറ്റുമുള്ള ഒരു തിരക്കഥാകൃത്താണ് കൃഷ്ണാ പൂജപ്പുര. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ആറു സിനിമകളെഴുതിയതില്‍ (ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബെന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍) മിക്കതും ഹിറ്റും ആവറേജ് ഹിറ്റും സൂപ്പര്‍ ഹിറ്റും. കൃഷ്ണാ പൂജപ്പുരയുടെ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുന്ന രണ്ടാം നിര സംവിധായകരേറേ. ഒരുപക്ഷേ, മലയാള സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നെത്തിയവരില്‍ ഇത്രയധികം പ്രചാരവും ഡിമാന്റും മറ്റൊരു എഴുത്തുകാരനും ഉണ്ടായിട്ടുണ്ടാവില്ല.

പക്ഷെ, ആറു തിരക്കഥകളെഴുതിയിട്ടും തിരക്കഥാരചനയുടെ ബാലപാഠങ്ങള്‍ കൃഷ്ണാ പൂജപ്പുര ഇതുവരെ പഠിച്ചെടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഏറേ സങ്കടം. (വിജയങ്ങള്‍ സൃഷ്ടിക്കുന്നവന്റെ ബലഹീനത അന്വേഷിക്കേണ്ടതില്ല എന്നതാണ് മലയാള സിനിമയിലെ കാഴ്ചപ്പാട്!) ലോജിക്കുകള്‍ ഏഴയലത്തുവരാത്ത, പ്രേക്ഷകന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നിരവധി സീനുകളും ഒപ്പം (തന്റെ തന്നെ) പഴയ വാരികാ നര്‍മ്മക്കുറിപ്പുകളും ചേര്‍ത്തു വെച്ചാല്‍ ഒരു മലയാള സിനിമാ തിരക്കഥയായി എന്ന് തെളിയിച്ച, തെളിയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ പൂജപ്പുരയുടെ മറ്റൊരു എപ്പിസോഡാണ് ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച് രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍‘.

ചെസ്സ്, കങ്കാരു, കളേഴ്സ് എന്നീ സിനിമകള്‍ക്കു ശേഷം രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍ കൊമേഴ്സ്യല്‍ ചിത്രമെന്ന രീതിയില്‍ പോലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല. ആക്ഷന്‍ ഫാമിലി ഡ്രാമയായ രാജ് ബാബുവിന്റെ ആദ്യ ചിത്രം ‘ചെസ്സ്’ കമേഴ്സ്യലി ഇതിലുമെത്രയോ ഭേദമായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യതയിലേക്ക് പോകുന്ന മറ്റൊരു ഡയറക്ടര്‍ കൂടിയാക്കുന്നു രാജ് ബാബു. ഈ ചിത്രവും അതിനു അടിവരയിടുന്നുണ്ട്. തിരക്കഥയില്‍ എഴുതി വെച്ച സംഗതികളെ അതേപോലെ പകര്‍ത്തുക എന്നതില്‍ കവിഞ്ഞ് അത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ സാങ്കേതികതയിലൂന്നിയോ മറ്റേതെങ്കിലും തരത്തിലോ പോലും വിഭിന്നമാക്കാന്‍ രാജ് ബാബുവിനായിട്ടില്ല. (തിരക്കഥയില്‍ എഴുതിവെച്ചതൊക്കെ പടു വിഡ്ഡ്ഢിത്തം എന്നതു മറക്കുന്നില്ല)

പ്ലോട്ട് : ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ പാസ്സായിയെന്ന ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.


റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, September 11, 2011

ഡോക്ടർ ലൗ - റിവ്യൂ


കോളേജ്ക്യാമ്പസ്സെന്നാൽ മലയാളം സിനിമയിൽ പ്രണയത്തിന്റെ മാത്രം ക്യാമ്പസ്സാണെന്നാണു. പുതിയ ഓണം റിലീസായ ഡോക്ടർ ലൗ എന്ന ചിത്രവും മറ്റൊന്നല്ല ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ, ഇതിൽ പരസ്പരം പ്രണയിക്കാൻ കൊതിക്കുന്നവർക്ക് മീഡിയേറ്ററായി വർത്തിച്ച് അവരുടെ പ്രണയം പൂവണിയിക്കുന്ന ഒരു കൺസൾട്ടന്റിനെക്കുറിച്ചാണു പറയുന്നത്.

ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമാസ് ശക്തികുളങ്ങര നിർമ്മിച്ച് നവാഗതനായ കെ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ഭാവന, അനന്യ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'ഡോക്ടർ ലൗ" മഹത്തായൊരു സിനിമയൊരുക്കുക എന്നതിനു പകരം ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മമധുരമായ സംഭവങ്ങളാൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്ന നല്ലൊരു എന്റർടെയ്നർ ഒരുക്കുക എന്നതാണു ഇതിന്റെ പിന്നണിപ്രവർത്തകരുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നുണ്ട്. ആ ദൗത്യം 'ഡോ. ലൗ' ഭേദപ്പെട്ട രീതിയിൽ തന്നെ പ്രാവർത്തികമാക്കുന്നുണ്ട്. പുതിയ ക്യാമ്പസ്സ് പശ്ചാത്തലത്തിൽ കൊച്ചുകൊച്ചു നർമ്മ സംഭവങ്ങളുമായി അരങ്ങേറുന്ന ചിത്രം വളരെ ഗംഭീരവും കൂടുതൽ മിഴിവാർന്നതുമായ സിനിമാസ്വാദനമൊന്നും പകർന്നുതരുന്നില്ലെങ്കിലും പ്രേക്ഷകനെ ബോറഡിപ്പിക്കുന്നില്ല. സിനിമ കേവലം വിനോദം മാത്രം ലക്ഷ്യം വെച്ചിട്ടുള്ള പ്രേക്ഷകനു ചിത്രം നല്ലൊരു എന്റർടെയ്നർ ആയേക്കാം.

ഡോക്ടർ ലൗ-ന്റെ റിവ്യൂ വിശദമായി വായിക്കുവാനും കൂടുതൽ വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, September 7, 2011

ബ്ലെസ്സിയുടെ ‘പ്രണയം’ - റിവ്യൂ

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം 'പത്മരാജ ശിഷ്യന്‍' ബ്ലെസ്സി അണിയിച്ചൊരുക്കിയ പുതിയ ചിത്രം ‘പ്രണയം’ 2011 ലെ ഓണ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷയുളവാക്കിയ ഒരു സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറുവാന്‍ മോഹന്‍ലാലിനു പ്രതീക്ഷയുണര്‍ത്തിയതും ലാലിന്റെ മുന്നൂറാമത്തെ ചിത്രമായതും ബ്ലെസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടായതുമൊക്കെ പ്രണയത്തെ വല്ലാത്ത പ്രതീക്ഷയിലേക്കുയര്‍ത്തിയിട്ടുണ്ട് മോഹന്‍ലാല്‍ ഫാന്‍സിനേയും ഒപ്പം മറ്റു പ്രേക്ഷകരേയും.

പത്മരാജന്റെ ശിഷ്യനായും പിന്നീട് ലോഹിതദാസടക്കം പലരുടേയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ച ബ്ലെസ്സി, ‘കാഴ്ച’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ച സംവിധായകനാണ്. പക്ഷെ, ബ്ലെസ്സിയുടെ കരിയര്‍ ശ്രദ്ധിച്ചാലറിയാം ‘കാഴ്ച‘ മുതലിങ്ങോട്ട് ഗ്രാഫ് താഴേക്കാണെന്ന്. കാഴ്ചയും, (നല്ലൊരു പരിധിവരെ) തന്മാത്രയും കഴിഞ്ഞാല്‍ വേറെന്തുണ്ട് ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്ലെസ്സിയുടെ ക്രെഡിറ്റില്‍ എടുത്തു പറയാവുന്നത്? വന്‍ വിജയം നേടിയ ‘ഭ്രമരം’ പോലും ക്യാമറാ കണ്ണിന്റെ വ്യത്യസ്ഥതയും മോഹന്‍ലാലിന്റെ പ്രകടനവും ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥയില്‍ പലയിടത്തും ദുര്‍ബലമായ നൂലിഴകള്‍ പൊട്ടിയ ഒന്നായിരുന്നു. ഒരുപക്ഷെ കാഴ്ചക്കും തന്മാത്രക്കും ശേഷം എഴുതിച്ചേര്‍ക്കാവുന്ന ഒരു ബ്ലെസ്സി സിനിമയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ‘പ്രണയം’.

പ്ലോട്ട് : ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.

റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, August 13, 2011

കഥയിലെ നായിക - റിവ്യൂ



മലയാള സിനിമ ഇപ്പോള്‍ സാറ്റലൈറ്റ് റേറ്റുകളുടെ അടിസ്ത്ഹാനത്തിലാന്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും ഒരുക്കപ്പെടുന്നത് ചാനലുകാര്‍ വച്ചു നീട്ടുന്ന സാറ്റലൈറ്റ് റേറ്റിന്റെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ഡിമാന്റും പോപ്പുലാരിറ്റിയും ഉള്ള നായകന്മാരും എഴുത്തുകാരും സംവിധായകരും പുതിയ പുതിയ ചിത്രങ്ങള്‍ ദോശ ചുടുന്ന പോലെ ചുട്ടെടുക്കുന്നു. അതിന്റെ നിലവാരമോ ഗുണമോ മണമോ അവര്‍ക്ക് പ്രശ്നമല്ല കാരണം സിനിമകള്‍ പ്രേക്ഷകരെന്ന വിഭാഗത്തിനു വേണ്ടിയല്ല മറിച്ച് മേശപ്പുറത്ത് വില്പന നടക്കുന്ന സിനിമാ ബിസിനസ്സിനു വേണ്ടിയുള്ളതാണ് ചാനല്‍ വിലപേശലിനുവേണ്ടിയുള്ളതാണ്‍.

ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചോക്ലേറ്റ് ബോയിക്കു വരെയുണ്ട് മിനിമം സാറ്റലൈറ്റ് റേറ്റ്. സാധാരണ നായികമാരൊന്നും ഇതിന്റെ ഏറ്റിറക്കങ്ങളില്‍ വരാറില്ല പലപ്പോഴും. പക്ഷെ മലയാളത്തില്‍ മിനിമം സാറ്റലൈറ്റ് റേറ്റുള്ള ഒരേയൊരു നടിയേയുള്ളു - ഉര്‍വ്വശി -

ഉര്‍വ്വശിക്ക് നായികാപ്രാധാന്യമുള്ള സിനിമയാണെങ്കില്‍ അധികം താരപ്രഭയില്ലാത്ത നടന്റെ ചിത്രത്തിനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ചാനല്‍ റേറ്റ് ഉര്‍വ്വശി ചിത്രത്തിനു ഇന്നു ലഭിക്കുന്നുണ്ടെന്നാണ് പിന്‍ ശ്രുതി. ഉര്‍വ്വശിയുടേ തിരിച്ചുവരവിനു കാരണമായ അച്ചുവിന്റെ അമ്മയുടെ വന്‍ ജനപ്രീതിതന്നെയായിരുന്നു കാരണം. ശേഷം, മമ്മി & മി, സകുടുംബം ശ്യാമള എന്നിവക്കൊക്കെ തരക്കേടില്ലാത്ത സാറ്റലൈറ്റ് റേറ്റ് മാത്രമല്ല, ഭേദപ്പെട്ട ജനപ്രീതിയും ഉര്‍വ്വശി എന്നൊരു ഘടകം കൊണ്ടുണ്ടായിട്ടുണ്ട്. ശ്രേണിയില്‍ വാര്‍ത്ത പുതിയ നായികാ ചിത്രമാണ് വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നോബി - ശ്യാം എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ദിലീപ് സംവിധാനം ചെയ്തകഥയിലെ നായിക

ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, വെറുതെ ഒരു ഭാര്യ മുതല്‍ മലയാളി കണ്ടിട്ടുള്ള ഏതാണ്ടെല്ലാ (വീട്ടമ്മ)നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുടേയും മറ്റു ഉര്‍വ്വശി ചിത്രങ്ങളുടേയും പൊട്ടും പൊടിയുമെടുത്ത് തട്ടിക്കൂട്ടിയൊരുക്കിയസിനിമയാണ്കഥയിലെ നായികയും. മേമ്പോടിക്ക് സുരാജ് വെഞ്ഞാറമൂടും ക്വൊട്ടേഷന്‍ ടീമും. വിലകുറഞ്ഞതെങ്കിലും കുറച്ച് തമാശകളും ഉര്‍വ്വശിയുടെ പെര്‍ഫോമന്‍സുമായി ആദ്യപകുതി ഒരുകണക്കിനു ഭേദമായി ഒപ്പിച്ചെടുത്തെങ്കില്‍ രണ്ടാം പകുതിമുതല്‍ ഇനിയെന്തുചെയ്യണമെന്നറിയാതെ തിരക്കഥാകൃത്തും സംവിധായകനും ആ‍ശയക്കുഴപ്പത്തിലേക്ക് വീണു. അസഹ്യമാക്കിയ ക്ലൈമാക്സോടെ ചിത്രത്തെ ഒരുവിധത്തില്‍ ബോറഡിപ്പിച്ചു തീര്‍ത്തു.

റിവ്യൂ മുഴുവനായി വായിക്കാം എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Saturday, August 6, 2011

ഒരു നുണക്കഥ - റിവ്യൂ



വര്‍ഷ
ങ്ങള്‍ക്ക് മുന്‍പ് ഷൂട്ടീങ്ങ് തുടങ്ങി വൈകി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം കൂടി. തമിഴ് കോമഡി നടന്‍ വിവേക് അഭിനയിക്കുന്ന ഏറെയും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്‍പിലും പുറകിലുമായി അണിനിരക്കുന്ന “ഒരു നുണക്കഥ” എന്ന സിനിമ അഭിലാഷ് അബ്രഹാം നിര്‍മ്മിച്ച് ജോണ്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്നു.

പേരിലുള്ള നുണ പോലെത്തന്നെ നല്ല സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരോടും നുണ പറഞ്ഞിരിക്കുകയാണ് ഇതിന്റെ അണിയറക്കാര്‍. സിനിമക്കുള്ളിലെ സിനിമ എന്നും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെട്ടൊരു വിഷയമാണ്. അത് പക്ഷെ കെ. ജി ജോര്‍ജ്ജിനെപ്പോലൊരു പ്രതിഭയുടേ കയ്യിലാകുമ്പോള്‍ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്” പോലൊരു നല്ല സിനിമയുണ്ടാകുന്നു. ശ്രീനിവാസനും റോഷന്‍ ആന്‍ഡ്രൂസും ചെയ്തപ്പോള്‍ നല്ലൊരു എന്റര്‍ടെയ്നറാകുന്നു. സജ്ജീവ് രാജും കലാഭവന്‍ മണിയും ദിലീപുമൊരുക്കുമ്പോള്‍ പ്രേക്ഷകന്‍ നിരാകരിക്കുന്ന നിര്‍ഗ്ഗുണ ചിത്രമാകുന്നു. അവസാനം പറഞ്ഞ കാറ്റഗറിയിലേക്ക് ഒന്നു കൂടി എഴുതി ചേര്‍ക്കാവുന്ന മറ്റൊരു സിനിമക്കുള്ളിലെ സിനിമയാണ് “ഒരു നുണക്കഥ”യും (സിനിമക്കുള്ളിലെ സിനിമയും അതിനുള്ളിലൊരു സീരിയലും!)

ഈ സിനിമയുടെ വിശദാംശങ്ങളും റിവ്യൂ മുഴുവനായും വായിക്കുവാന്‍ എം 3 ഡിബിയുടെ ഈ പേജിലേക് പോകുക

Tuesday, August 2, 2011

ഓര്‍മ്മ മാത്രം - റിവ്യൂ


മധു കൈതപ്രം എന്ന സംവിധായകനെ മലയാളം തിരിച്ചറിയുന്നത് ഒരു സംവിധായകന്റെ ഏറ്റവും നല്ല ആദ്യചിത്രമെന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് “ഏകാന്തം” എന്ന ചിത്രത്തിനു 2006 ല്‍ ലഭിച്ചപ്പോഴാണ്. തിലകനും അന്തരിച്ച മുരളിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഏകാന്തം നല്ല നിരൂപക ശ്രദ്ധ നേടിയെങ്കിലും തിയ്യറ്ററുകളില്‍ കാണാന്‍ പ്രേക്ഷകനു സാധിച്ചില്ല. 2009ല്‍ റിലീസ് ചെയ്ത ‘മധ്യവേനല്‍” എന്ന ചിത്രം പ്രേക്ഷക സമ്മതി നേടുകയുണ്ടായില്ലെങ്കിലും നിരൂപകരുടെ ഇഷ്ടം നേടുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. മനോജ് കെ ജയന്‍, ശ്വേതാമേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച ഈ ചിത്രത്തിലെ ശ്വേതാ മേനോന്റെ ‘സരോജിനി’ എന്ന കഥാപാത്രത്തിനു ഐ എഫ് എഫ് കെ 2009 ല്‍ പ്രത്യേക പുരസ്കാരം ലഭിച്ചു. പുരസ്കാരങ്ങളും നിരൂപക ശ്രദ്ധയും ഏറെ നേടിയ സംവിധായകന്‍ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രം “ഓര്‍മ്മ മാത്രം” പക്ഷെ, ഫോര്‍മുലകളെ നിരാകരിച്ച് സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തു എന്നതിലും ജനപ്രിയനായ ഒരു താരത്തെ കോമാളിത്തരത്തില്‍ നിന്ന് ജീവിതത്തിലെ യഥാര്‍ത്ഥ വേഷത്തിലേക്ക്ക് പറിച്ചു നട്ടു എന്നൊക്കെ പേരിലായിരിക്കാം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും നല്ലൊരു ചലചിത്രാനുഭവമാക്കുന്നതിലോ, ചലചിത്ര ആഖ്യാന രീതി ഇപ്പോഴും തുടര്‍ന്നു കൊണ്ടുപോരുന്ന ക്ലീഷേ സങ്കേതങ്ങളില്‍ നിന്നോ മുക്തമാകാത്ത ഈ ചിത്രം പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടുമെന്ന് പറയുക വയ്യ.

പ്ലോട്ട് : മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.

റിവ്യൂ മുഴുവനുമായി വായിക്കുവാന്‍ എം 3ഡിബിയുടേ ഈ പേജിലേക്ക് പോകുക.

Wednesday, July 27, 2011

ബാംങ്കോക്ക് സമ്മര്‍ - റിവ്യൂ


വജ്രം എന്ന മമ്മൂട്ടീ ചിത്രത്തിലൂടേയാണ് തൃശ്ശൂര്‍ സ്വദേശികളായ പ്രമോദ് പപ്പന്‍ എന്നീ സഹോദരന്മാര്‍ മലയാള സിനിമയില്‍ സ്വതന്ത്രരാവുന്നത്. മുന്‍പ്ലെന്‍ സ് മാന്‍എന്ന ബ്രാന്‍ഡ് നെയിമില്‍ കേരളത്തില്‍ ആസിഡ് വാഷ് എന്ന സ്റ്റൈലില്‍ വ്യത്യസ്ഥ ഷര്‍ട്ടുകള്‍ വ്യാപാരം ചെയ്ത് പിന്നീട് മലയാള സിനിമകളിലെ നായകന്മാരെ സ്റ്റൈല്‍ ഷര്‍ട്ടുകള്‍ അണിയിപ്പിച്ചുമാണ് ലെന്‍സ് മാന്‍ സഹോദരന്മാരുടെ രംഗപ്രവേശം. വജ്രം എന്ന സിനിമക്കു ശേഷം മമ്മൂട്ടി നയന്താര എന്നിവരഭിനയിച്ചതസ്കര വീരന്‍’, റഹ്മാനും കലാഭവന്‍ മണിയും നായകന്മാരായഎബ്രഹാം ലിങ്കന്‍’, ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റഹ്മാന്‍, മംത മോഹന്‍ ദാസ് എന്നിവരഭിനയിച്ചമുസാഫിര്‍’, തമിഴ് മാദക സുന്ദരി നമിതയെ മലയാളത്തിലഭിനയിപ്പിച്ച ബാല, കലാഭവന്‍ മണി എന്നിവര്‍ മുഖ്യവേഷത്തില്‍ വന്നബ്ല്ലാക് സ്റ്റാലിയന്‍എന്നിവക്കു ശേഷം പൂര്‍ണ്ണമായും ബാംങ്കോക്കില്‍ ചിത്രീകരിച്ച മലയാള ചിത്രവുമായാണ് പ്രമോദ് പപ്പന്മാരുടെ വരവ്. (മലയാളത്തില്‍ ആദ്യമായി എച്ച് ഡി ക്യാമറാ സിനിമാ നിര്‍മ്മാണം കൊണ്ടു വന്നത് ഇവര്‍ തന്നെയാണൊ എന്നുറപ്പില്ല, പക്ഷെ പ്രമോദ് പപ്പന്മാരുടെ മിക്ക സിനിമകളും എച്ച് ഡി ക്യാമറയില്‍ തന്നെയാണ്. സിനിമയും)

മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത പുതുമുഖങ്ങളും പരസ്യ മോഡലുകളും അണിനിരന്നബാങ്കോക്ക് സമ്മറിന്റെ ക്യാമറയും സംവിധാനവും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ബാങ്കോക്ക് നഗരത്തിന്റെ വര്‍ണ്ണാഭമായ ദൃശ്യങ്ങള്‍ തലങ്ങും വിലങ്ങും ഒട്ടിച്ചു ചേര്‍ത്ത് കാണിക്കുക എന്നതില്‍ കവിഞ്ഞ് സിനിമ പൂര്‍ണ്ണമായും പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും മറ്റു സാങ്കേതികപ്രവര്‍ത്തകരും പുറകിലായി. അതുകൊണ്ടു തന്നെ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു ചെല്ലുന്ന പ്രേക്ഷകനു ബാങ്കോക്ക് സമ്മര്‍ ഒരു ദുരന്തം സമ്മാനിക്കും.

റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, July 17, 2011

ചാപ്പാകുരിശ് - ആകര്‍ഷിക്കാനാവാതെ പോയ നല്ലൊരു ശ്രമം


2011 ല്‍ വലിയ സാമ്പത്തിക വിജയവും പ്രേക്ഷകരെ തൃപ്തിപ്പെടൂത്തുകയും ചെയ്ത “ട്രാഫിക്” എന്ന സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരു പിടി പുതിയ സാങ്കേതികപ്രവര്‍ത്തകരേയും താരമൂല്യം ഇല്ലാത്ത അഭിനേതാക്കളേയും അണിനിരത്തിയ പുതിയ ചിത്രമായ “ചാപ്പാക്കുരിശ്” മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലെ മറ്റൊരു വ്യത്യസ്ഥ ചിത്രം കൂടിയാണ്. ട്രാഫിക് എന്ന നോണ്‍ ലീനിയര്‍ ചിത്രത്തിന്റെ വിജയം അത്തരം ട്രീറ്റുമെന്റുകളെ അനുകരിക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളെ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ “ട്രാഫികിന്റെ പ്രൊഡ്യൂസറില്‍ നിന്നും” എന്നൊരു പരസ്യ വാചകമാണ് ഈ സിനിമയുടെ മറ്റൊരു ദുരന്തം, കാരണം ; ട്രാഫിക് എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ രീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു ചാപ്പാകുരിശ് നല്ലൊരു അനുഭവമാകണമെന്നില്ല. എന്നാല്‍ മുന്‍ ധാരണകളില്ലാതെ നല്ലൊരു സിനിമാ ആസ്വാദകനോ സിനിമയെ താല്പര്യപൂര്‍വ്വം പിന്തുടരുന്നവരോ ആണു താങ്കളെങ്കില്‍ ചാപ്പാ കുരിശ് ഭേദപ്പെട്ട (അല്ല; നല്ലതു തന്നെ) ഒരു സിനിമയായി ആസ്വദിക്കാം.

താരങ്ങളല്ലാത്ത കഥാപാത്രങ്ങള്‍, അവരുടെ മികച്ച പെര്‍ഫോര്‍മന്‍സ്, സാങ്കേതിക പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രയത്നം, പുതുമയുള്ള കഥ, സ്വാഭാവികമായ സംഭാഷണ ശൈലി (പല സ്ലാങ്ങുകള്‍ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു) ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയിന്റ്സാണ്. ഒരു പക്ഷേ, മാസ്സ് ഓഡിയന്‍സിനെ തൃപ്തിപ്പെടൂത്താനാവും വിധം ഇതിനെ ഒന്നു Trim ചെയ്തിരുന്നെങ്കില്‍ സമീപകാലത്തെ മറ്റൊരു ഹിറ്റ് ആകുമായിരുന്നു ചിത്രം.

പ്ലോട്ട് : - ഹെഡ് ഓർ ടെയിൽ എന്നതിനു കൊച്ചിയിൽ പറയുന്ന ഒരു സ്ലാംഗ് ആണ് ചാപ്പാ കുരിശ്. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ വ്യത്യസ്തമായ രണ്ടു വ്യക്തിത്വങ്ങളുടെ കഥയാണ് ചാപ്പാ കുരിശിലൂടെ പറയുന്നത്. എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച്ചയുള്ളത് പോലെ പ്രകാശത്തിനു പിന്നിൽ ഇരുളുമുണ്ട്..ഉയർച്ചയും താഴ്ച്ചയും പ്രകാശവും ഇരുളും ഒരുമിച്ച് കണ്ടുമുട്ടിയാലെന്താകും എന്നതാണ് ചാപ്പാ കുരിശ് പറയുന്നത്.

റിവ്യൂ മുഴുവനായും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Saturday, July 16, 2011

കളക്ടര്‍ - ഉന്നംതെറ്റിയ വെടിയുണ്ടകള്‍

കൊച്ചി നഗരം എന്നും സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ക്രിമിനലിസത്തിന്റെയും കൊട്ടേഷന്റേയും , മറ്റു മാഫിയകളുടേയും ‘പുണ്യഭൂമി’യായാണ് പലപ്പോഴും കൊച്ചി നഗരം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് (ഈയിടെയായി അത് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമായിട്ടുണ്ട്) എ ക്യൂബ് പ്രൊഡക്ഷന്‍സ് & വൈ വൈ സിനിമാക്സിന്റെ ബാനറില്‍ അബ്ദുള്‍ അസീസും വി വി സാജനും നിര്‍മ്മിച്ച് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത “കളക്ടര്‍” എന്ന (രണ്ട് വര്‍ഷം മുന്‍പേ നിര്‍മ്മിച്ച) പുതിയ സിനിമയിലും കഥ മറ്റൊന്നുമല്ല. ഭൂ മാഫിയക്കാരും കൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്ക് തണലായി അധികാരി വര്‍ഗ്ഗങ്ങളും വിഹരിക്കുന്ന കൊച്ചി നഗരത്തില്‍ ഒരു ജില്ലാ കളക്ടര്‍ നടത്തുന്ന ഐതിസാഹസികമായ ശുദ്ധീകരണങ്ങളാണ് ഈ സുരേഷ് ഗോപി ചിത്രത്തിലും.

പ്ലോട്ട് : റിയല്‍ എസ്റ്റേറ്റ് മാഫിയയും തീവ്രവാദികളും അധികാരവും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്ന കേരളത്തിലെ കൊച്ചി നഗരത്തിലേക്ക് കേരള മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ജില്ലാ കളക്റ്ററായി വരുന്ന അവിനാശ് വര്‍മ്മ ഐ എ എസ് ജില്ലയില്‍ നടപ്പാക്കുന്ന ജനക്ഷേമ നടപടികളും അതിനെത്തുടര്‍ന്ന് മാഫിയകളുടെ എതിര്‍പ്പു നേരിടേണ്ടി വരികയും അവിനാശ് വര്‍മ്മ ഈ ക്രിമിനലുകള്‍ക്കെതിരെ നടത്തുന്ന സന്ധിയില്ലാ യുദ്ധവും.

മത്സരം, ബെന്‍ ജോണ്‍സന്‍, രാഷ്ട്രം എന്നിവയായിരുന്നു അനില്‍ സി മേനോന്റെ മുന്‍ ചിത്രങ്ങള്‍. ബെന്‍ ജോണ്‍സണ്‍ എന്ന കലാഭവന്‍ മണി ചിത്രം മികച്ച വാണിജ്യ വിജയം നേടീയ ഒന്നായിരുന്നു. മുന്‍ റിവ്യൂവിലെ പരാമര്‍ശിച്ച ഫിലിം സ്റ്റാര്‍ എന്ന ചിത്രം പോലെ കളക്ടറും ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയ ചിത്രമായിരുന്നു.

റിവ്യൂ മുഴുവനായി വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Friday, July 15, 2011

ഫിലിം സ്റ്റാര്‍ - മനസ്സിനെ മലിനീകരിക്കുന്ന സിനിമ

തിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

പ്ലോട്ട് : ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.

റിവ്യൂ മുഴുവനായി വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


Saturday, July 9, 2011

സോള്‍ട്ട് & പെപ്പര്‍ - രുചികരമായ സദ്യ!


ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.

“ഡാഡി കൂള്‍ “ എന്ന ചിത്രത്തിലൂടേ, സിനിമ കഥ പറച്ചില്‍ മാത്രമാകാതെ ഇങ്ങിനേയും ചിത്രീകരിക്കാം എന്നൊരു രീതി ആഷിക് അബു ആദ്യ സിനിമയില്‍ കൊണ്ടു വരുന്നുണ്ട്. സുഖകരമായ കളര്‍ സ്കീമും, വ്യത്യസ്ഥ കാമറാ ഫ്രെയിമുകളും ടെക്നിക്കല്‍ പെര്‍ഫക്ഷനുമൊക്കെ ഡാഡി കൂളിനെ സ്റ്റൈലിഷ് ആക്കിയിരുന്നെങ്കിലും പ്രേക്ഷകനു മുന്നില്‍ കഥ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആദ്യചിത്രത്തിലെ പോലെ സ്റ്റൈലിഷ് ട്രീറ്റുമെന്റുകള്‍ തുടരുന്നതൊടൊപ്പം ഭേദപ്പെട്ടൊരു കഥയും അവതരണരീതിയും ആഷിക് “സോള്‍ട്ട് & പെപ്പറില്‍” പ്രേക്ഷകനു കൊടുക്കുന്നുണ്ട്. ലളിതമായൊരു കഥാതന്തു ചുരുക്കം കഥാപാത്രങ്ങളിലൂടെ അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ പ്രേക്ഷകനെ അധികം ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടേ ആഷിക് അബുവിനായി.

സത്യത്തില്‍ ‘ഭക്ഷണം’ ആണ് ഈ സിനിമയുടെ മുഖ്യ കഥാപാത്രം, സിനിമയുടെ ടൈറ്റില്‍ മുതല്‍ സിനിമയുടെ പകുതിയലധികവും ഭക്ഷണവും അതിനോട് ബന്ധപ്പെട്ട സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ കണ്ടു മുട്ടുന്നതോ ബന്ധങ്ങള്‍ ഉണ്ടാവുന്നതുപോലുമോ ഭക്ഷണം മൂലമാണ്. മലയാളിയുടെ രുചിശീലങ്ങളെ ഒരു സിനിമയുടെ പ്രധാന തന്തുവാക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയിലുണ്ടോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല.

റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജ് ക്ലിക്ക് ചെയ്യുക
.

Wednesday, July 6, 2011

ത്രീ കിങ്ങ്സ് - പ്രേക്ഷകനോടുള്ള തെമ്മാടിത്തരം


നിരവധി വര്‍ഷങ്ങള്‍ പരസ്യകലാ രംഗത്തും പിന്നീട് സിനിമാ രംഗത്തും പ്രവര്‍ത്തിച്ച വി കെ പ്രകാശ് എന്ന സംവിധായകനു വിശേഷണങ്ങള്‍ ഒരു പാടുണ്ട്. മലയാള സിനിമയില്‍ സാങ്കേതികത്തികവും പുതുമകളും കൊണ്ടു വന്ന ഡയറക്ടര്‍ എന്നൊരു ക്രെഡിറ്റും വി കെ പ്രകാശ് എന്ന വി കെ പിക്കു കൊടുക്കാം. മാത്രമല്ല, സിനിമാരംഗത്തേക്ക് വന്നതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ ഒട്ടുമിക്കതിനും പിന്നീട് ചരിത്രത്തിലേക്ക് കുറിച്ചു വെക്കാവുന്ന പ്രത്യേകതകളുമുണ്ട്. ‘പുനരധിവാസംഎന്ന തന്റെ മലയാള ചിത്രം സൌത്ത് ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ബി ഡീജിറ്റല്‍ സിനിമയാണേന്ന് വികെപി അവകാശപ്പെടുന്നു. സൌത്ത് ഇന്ത്യയിലെ ആ‍ദ്യത്തെഫുള്‍ ഗ്രേഡഡ് ഡി സിനിമയാണ്പോലീസ്’, മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ മൂവി യാണ്മൂന്നാംതൊരാള്‍’, മാത്രമല്ല, സാങ്കേതികത്തികവുള്ള ‘453 ക്യാമറആദ്യമായി മലയാളത്തിലവതരിപ്പിച്ചത്മുല്ലവള്ളിയും തേന്മാവുംഎന്ന ചിത്രത്തിലൂറ്റെ വി കെ പിയാണ്‍. താര ചിത്രങ്ങള്‍ മൂന്നും നാലും കോടിയും അതിനപ്പുറവും ബഡ്ജറ്റാകുന്ന സമയത്താണ് കുഞ്ചാക്കോ ബോബനേയും ജയസൂര്യയേയും നായകന്മാരാക്കി വെറും 86 ലക്ഷത്തിനുഗുലുമാല്‍എന്നൊരു ചിത്രം ഒരുക്കിയത്. ഇത്തരം സാങ്കേതിക വിശേഷണങ്ങളും പ്രത്യേകതകളും ക്രെഡിറ്റുകളുമൊക്കെ നില്‍ക്കുമ്പോള്‍ തന്നെ വി കെ പ്രകാശ് എന്നൊരു സംവിധായകന്റെ ഇതുവരെയുള്ള സിനിമാചരിത്രത്തില്‍ പ്രേക്ഷകരും സിനിമാ പ്രേമികളും ഓര്‍ത്തു വെക്കാവുന്ന എത്ര ചിത്രങ്ങളുണ്ടായിരിക്കും? ഒരു പുനരധിവാസമോ, ഫ്രീക്കിചക്ക്രയോ അല്ലാതെ? സാങ്കേതികത്തികവുകൊണ്ടു മാത്രം ഒരു സിനിമയുണ്ടാവില്ലെന്ന മിനിമ വിഞ്ജാനം വി കെ പിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ, വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ചിത്രങ്ങളിത്ര ചെയ്തിട്ടും വി കെ പിക്ക് അഭിനന്ദാര്‍ഹമായ ഒരു സ്ക്രിപ്റ്റിനെപോലും സംവിധാനിക്കാന്‍ സാധിച്ചിട്ടീല്ല.

കെ എന്‍ എം ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ നാസറുംജീവനും നിര്‍മ്മിച്ച് വൈ. വി രാജേഷ് തിരക്കഥയെഴുതി വി കെ പി സംവിധാനം ചെയ്ത ത്രീ കിങ്ങ്സ് എന്ന കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത് ചിത്രം ഒരു സിനിമയോ സീരിയലോ, അനിമേഷന്‍ ചിത്രമോ, കോമഡി സ്ക്റ്റിറ്റോ ഒന്നുമല്ല. മറിച്ച് എന്താണെന്ന് ഒരു പിടുത്തവുമില്ല. എത്ര മോശം കഥയോ തിരക്കഥയോ ആയാലും വി കെ പിയുടെ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാട് വി കെ പി ഫാന്‍സ് ഇവിടെയുണ്ട് എന്നതാണ് സത്യം. കാരണം അത്തരം ആളുകള്‍ക്ക് വേണ്ടി വി കെ പി എന്തെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. സാങ്കേതികതയുടെ പുതുമ ആ‍യാല്‍ പോലും. പക്ഷെത്രീ കിങ്ങ്സ്എന്ന പുതിയ സിനിമയില്‍സിനിമപോയിട്ട് സിനിമയുടെസിപോലുമില്ല. സ്റ്റേജിലെ കോമഡി സ്കിറ്റ് കാണുന്ന ലാഘവത്തില്‍ സിനിമ കണ്ടാല്‍ പോലും; ലോജിക്കോ കോമണ്‍സെന്‍സോ വീട്ടില്‍ വെച്ച് പോയി കണ്ടാല്‍ പോലും, നിമിഷ നേരത്തേക്കെങ്കിലും പ്രേക്ഷകനു ഏതെങ്കിലുമൊരു രസം / ആനന്ദം / അഭിപ്രായം / തൃപ്തി സിനിമ തരുന്നില്ല.


റിവ്യൂ കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.

Saturday, July 2, 2011

വയലിന്‍ - റിവ്യൂ


ഹൃദയത്തില്‍ തൊടുന്ന സിനിമകളെ നെഞ്ചിലേറ്റിയിരുന്ന പ്രേക്ഷകര്‍ സിബി മലയില്‍ എന്ന സംവിധായകനേയും ആദരിച്ചിരുന്നു. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി അന്ന് സിബി മലയില്‍ എന്ന സംവിധായകനുണ്ടായിരുന്നു. പക്ഷെ, സിബി മലയില്‍ എന്ന സംവിധായകനെ തന്റെ ആദ്യകാല ചിത്രങ്ങളുടെ പേരിലായിരിക്കും നിലവില്‍ മലയാളി ഓര്‍ക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സംവിധാനപാടവം കാണിക്കാനുള്ള സിനിമകളൊന്നും സിബി മലയില്‍ ചെയ്തിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ ലോഹിതദാസ് എന്നൊരു എഴുത്തുകാരന്‍ സിബിയെ പിരിഞ്ഞതിനു ശേഷം മലയാളിക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ തക്ക സിനിമകളൊന്നും സിബിയില്‍ നിന്നുണ്ടായിട്ടില്ല, വിജയ ചിത്രങ്ങള്‍ ചിലതുണ്ടായിട്ടു പോലും.

നീണ്ട കാലത്തെ ഗ്യാപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ‘അപൂര്‍വ്വ രാഗം’ എന്നൊരു വ്യത്യസ്ഥ കാമ്പസ് - പുതുമുഖ ചിത്രവുമായി സിബി എത്തിയത്. (പക്ഷേ ആ ചിത്രത്തിന്റെ ബാദ്ധ്യത സിബി മലയില്‍ എന്ന സംവിധായകനായിരുന്നു എന്നതാണ് സത്യം.) പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി, പുതിയ എഴുത്തുകാരെ പരീക്ഷിച്ചു ഭേദപ്പെട്ട വിജയം നേടിയതാണ് ആ ചിത്രത്തില്‍ സിബി മലയില്‍ കൈവരിച്ച നേട്ടം.

എ ഒ പി എല്‍ എന്ററ്ടെയ്മെന്റിന്റെ ബാനറില്‍ വിജു രാമചന്ദ്രന്‍ രചന നിര്‍വ്വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘വയലിനും’ താരപ്രഭയില്ലാത്ത ചിത്രമാണ്. ആസിഫ് അലിയും നിത്യാമേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘വയലിന്‍’ പക്ഷെ, അപൂര്‍വ്വ രാഗം കൈവരിച്ച പുതുമയോ ഫ്രെഷ്നസ്സോ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഏറെ പഴകിയ, പഴയ പല സിനിമകളിലും കണ്ടു മറന്ന പ്രമേയവും കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ് വിജു രാമചന്ദ്രന്റെ രചനക്കുള്ളത്. യാതൊരു പുതുമയോ സന്ദേശമോ തരുന്നില്ലെങ്കിലും വയലിന്‍, ചില നര്‍മ്മ മുഹൂര്‍ത്തങ്ങളാലും ദൃശ്യചാരുതയാലും സാധാരണ പ്രേക്ഷകനു കണ്ടിരിക്കാവുന്ന ഒരു സിനിമയാകുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതി.

പ്ലോട്ട് : ഭൂതകാലം ദുരന്തങ്ങള്‍ സമ്മാനിച്ച ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയുടേയും എബി (ആസിഫ് അലി) എന്ന ചെറുപ്പക്കാരന്റേയും സംഗീത സാന്ദ്രമായ പ്രണയ കഥ.


റിവ്യൂവിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം


അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ.

Friday, July 1, 2011

ബോംബെ മാര്‍ച്ച് 12 - റിവ്യൂ

ബാബു ജനാര്‍ദ്ദന്‍ (മുന്‍പ് ബാബു ജനാര്‍ദ്ദനന്‍) മലയാള കൊമേര്‍സ്യല്‍ സിനിമാ രംഗത്തെ ഭേദപ്പെട്ട എഴുത്തുകാരനാണ്. 95 ല്‍ പുറത്തിറങ്ങിയ മാണിക്യചെമ്പഴുക്ക എന്ന ചിത്രവുമായാണ് തുടക്കം. പിന്നീട് വര്‍ണ്ണപകിട്ട്, തച്ചിലേടത്ത് ചുണ്ടന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചതുരംഗം, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടൂണ്ട്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് പൊതുവേ നല്ല അഭിപ്രായം നേടിയെടുത്ത ചിത്രങ്ങളുമാണ്.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച് മമ്മൂട്ടിയും റോമയും പ്രധാന വേഷത്തിലഭിനയിക്കുന്ന ബോംബെ മാര്‍ച്ച് 12 എന്ന സിനിമയോടേ ബാബു ജനാര്‍ദ്ദന്‍ ആദ്യമായി സംവിധായകനുമായി.

പ്ലോട്ട് :- 1993 മാര്‍ച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ 9 വര്‍ഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീര്‍ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പില്‍ പെടുന്ന ഷാജഹാന്‍ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

റിവ്യൂ കൂടുതല്‍ വായിക്കാന്‍ ഇവിടെ...ക്ലിക്ക് ചെയ്യുക

.

Saturday, June 25, 2011

ആദാമിന്റെ മകന്‍ അബു - റിവ്യൂ,
























പതിവു
മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.

ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന ദരിദ്രനായ അത്തര്‍ വില്‍പ്പനക്കാരന്‍ അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള പരിശ്രമങ്ങളുമാണ് മുഖ്യപ്രമേയം. ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.

റിവ്യൂ കൂടുതല്‍ വായിക്കാം ഇവിടം ക്ലിക്ക് ചെയ്യുക

Tuesday, June 21, 2011

ഉപ്പുകണ്ടം ബ്രദേഴ്സ് - ബാക്ക് ഇന്‍ ആക്ഷന്‍, റിവ്യൂ














മലയാള സിനിമയില്‍ പല കാലങ്ങളില്‍ ‘ട്രെന്‍ഡു‘കള്‍ സംഭവിക്കാറുണ്ട്. വിജയകരമായ ഒരു ചിത്രത്തിന്റെ ഫോര്‍മുലയെ പിന്നീടുള്ളവര്‍ അന്ധമായി അനുകരിച്ച് ഒരേ വാര്‍പ്പില്‍ നിരവധി ചിത്രങ്ങളുണ്ടാക്കാറുണ്ട്. കുറച്ചു ചിത്രങ്ങളുടെ വിജയത്തിനു ശേഷം കനത്ത പരാജയത്തോടെ ആ ട്രെന്‍ഡുകള്‍ അവസാനിക്കുകയും ചെയ്യും. മലയാളത്തില്‍ ട്രെന്‍ഡുകള്‍ രൂപപ്പെട്ടത് കൂടുതലും സിദ്ധിഖ് - ലാല്‍ ചിത്രങ്ങള്‍ക്കായിരിക്കണം. അവരുടേ ആദ്യ മൂന്നു ചിത്രങ്ങളും മലയാളത്തില്‍ വ്യക്തമായ ട്രെന്ഡുകള്‍ ഉണ്ടാക്കിയിരുന്നു. റാംജിറാവ് സ്പീക്കിങ്ങിനു ശേഷം തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരും ആകസ്മികമായി ഏതെങ്കിലും അധോലോക സംഘങ്ങളുമായി ആളൊഴിഞ്ഞ (പണിതീരാത്ത) കെട്ടിടത്തിലെ കൂട്ടസംഘട്ടനത്തിള്‍ ഏര്‍പ്പെടൂന്നതും അളവറ്റ സ്വത്ത് കൈക്കലാക്കുന്നതുമൊക്കെ നിരവധി തവണ ആവര്‍ത്തിച്ചു. ഹരിഹര്‍ നഗറിനു ശേഷം നാലു ചെറുപ്പക്കരും (ചിലപ്പോളത് അഞ്ചോ ആറോ ആകാം) ബൈക്കും പിന്നെ ഒരു പെട്ടി അല്ലെങ്കില്‍ കുട്ടി എന്ന രീതിയില്‍ എണ്ണമറ്റ ചിലവു ചുരുങ്ങിയ ഇത്തരം ‘സൃഷ്ടി’കള്‍ വിജയം ആവര്‍ത്തിച്ചു. സിദ്ധിഖ് ലാലിന്റെ മൂന്നാമത്തെ ചിത്രമായ ഗോഡ്ഫാദര്‍, മലയാളത്തില്‍ ബദ്ധവൈരികളായ രണ്ടു കുടൂംബങ്ങളുടെ കഥ പറയാന്‍ തുടങ്ങി. കുടിപ്പക തീര്‍ക്കുന്ന അച്ഛനും മക്കളും അതിനിടയിലെ പ്രണയവും നൂറ്റൊന്നാവര്‍ത്തിച്ചു. ഈ ഫോര്‍മുലയിലെ ഒരു വിജയ ചിത്രമായിരുന്നു അന്നത്തെ ഉപ്പുകണ്ടം ബ്രദേഴ്സ്.

വിജയചിത്രങ്ങളുടെ രണ്ടാംഭാഗമോ പുനരാവിഷ്കാരമോ മലയാളത്തില്‍ അടുത്തകാലത്തായി സജ്ജീവമായിട്ടുണ്ട്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇത്തരം ഭാഗങ്ങള്‍ പലതും പരാജയത്തിലേക്ക് പോവുകയാണ് പതിവ്. ഉപ്പുകണ്ടംസഹോദരന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. 18 വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് അന്നത്തെ ആസ്വാദന തലത്തില്‍ കുറേ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരിക്കാം അതുകൊണ്ട് തന്നെ സാമ്പത്തിക വിജയം നേടിയിരിക്കാം അതിലപ്പുറം ആ സിനിമക്ക് യാതൊരു പ്രസക്തിയുമില്ല. ആ വിജയം ആവര്‍ത്തിക്കാനായിരിക്കണം മാസ്സ് റീത്സിന്റെ പേരില്‍ മന്‍സൂര്‍ നിര്‍മ്മിച്ച് റെജിമാത്യു തിരക്കഥയെഴുതി ടി. എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഈ രണ്ടാംഭാഗം.

കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക
: http://m3db.blogspot.com/2011/06/blog-post_20.html

Saturday, June 18, 2011

രതിനിര്‍വ്വേദം -2011-റിവ്യൂ




1984
ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999). മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2000ല്‍ രാജീവ് കുമാര്‍ ഒരുക്കിയ ‘ജലമര്‍മ്മര‘ത്തിനായിരുന്നു. ആ വര്‍ഷം തന്നെ മികച്ച പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും അതിനു കിട്ടി. 2002 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മാത്രമല്ല, മികച്ച സൌണ്ട് റെക്കോര്‍ഡിങ്ങ്,മികച്ച കഥ, അഭിനയത്തിനു ജയറാമിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ രാജീവ് കുമാര്‍ ഒരുക്കിയ ‘ശേഷം’ എന്ന സിനിമക്ക്. ഒരു സിനിമ ത്രൂ ഔട്ട് ‘സ്റ്റഡി കാമില്‍‘ ഷൂട്ട് ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ‘ഇവര്‍’ എന്ന ജയറാം-ബിജുമേനോന്‍-ഭാവന ചിത്രത്തിലൂടെ. ഇങ്ങിനെ സാങ്കേതികമായ വിശേഷണങ്ങളും ബഹുമതികളും രാജീവ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് ഒരുപാടുണ്ടെങ്കിലും രാജീവ്കുമാറിന്റെ കൊമേസ്യല്‍ സിനിമാ കരിയറില്‍ ശരാശരി വിജയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ മുഖ്യധാരയിലെ ജനപ്രിയ ചിത്രങ്ങളിലും പ്രേക്ഷകരുടെ ചുണ്ടുകളിലും ടി.കെ രാജീവ്കുമാറിന്റെ പേരും സിനിമകളും ഓടിയെത്താന്‍ വഴിയില്ല. ഏറ്റവും ഒടുവില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ നല്‍കിയ ‘ഒരു നാള്‍ വരും’ എന്ന ചിത്രം ഒരിക്കലും വരാത്ത നല്ല സിനിമയുടെ ഓര്‍മ്മപ്പെടുത്തലായി മാറി എന്നുള്ളതാണ് സത്യം.


1978 ല്‍ ഇറങ്ങിയ ഭരതന്‍ - പത്മരാജന്റെ രതി നിര്‍വ്വേദംഎന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം ടി കെ രാജീവ് കുമാറിന്റെ വരവ്. നീലത്താമര എന്ന പഴയ എംടി പൈങ്കിളി സിനിമയെ പുതിയ കുപ്പായമണിയിച്ച് വിപണിയിലിറക്കി ലാഭം കൊയ്തതിന്റെ അത്യാഗ്രഹം കൊണ്ടാണ് ജി സുരേഷ്കുമാര്‍ രതിച്ചേച്ചിയുടെ കഥയെ പുനരാവിഷ്കരിക്കുന്നത് എന്നത് വ്യക്തം. രതിനിര്‍വ്വേദത്തിനു രതിച്ചേച്ചിയുടേ ഉടലളവുകളുടേയും പപ്പുവിന്റെ ശാരീരികാര്‍ഷണത്തിന്റേയും മാത്രം പുനരാവിഷ്കരണം എന്ന പേരായിരിക്കും കൂടുതല്‍ ചേരുക. 78ല്‍ ഇറങ്ങിയ രതി നിര്‍വ്വേദം ക്രിയേറ്റിവിറ്റിയുടേയും സിനിമ എന്നൊരു മാധ്യമത്തോടുള്ള ആത്മാര്‍ത്ഥതയുടേയും ഫലമായുണ്ടായ നല്ലൊരു സിനിമാ സൃഷ്ടി എന്നതിനപ്പുറം മറ്റൊരു തലമില്ല എന്നതാണ് വാസ്തവം. സര്‍ഗ്ഗ പ്രതിഭകള്‍ ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതില്‍ സര്‍ഗ്ഗാത്മകതയുടേ തെളിച്ചങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പുതിയ രതിനിര്‍വ്വേദം മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സെക്സ് തരംഗമുയര്‍ത്തിയ ആവേശത്തിന്റെ ആരവങ്ങളാകുന്നു. ചിത്രത്തിന്റെ അന്ത്യത്തില്‍ രതിചേച്ചിയുടേ(ശ്വേത) മൂടിപ്പുതച്ച മൃതശരീരം ഇടവഴിയിലൂടേ കണ്ണീര്‍ യാത്രയോടെ കൊണ്ടു പോകുമ്പോള്‍ അശ്ലീലം കലര്‍ന്ന കൂക്കുവിളികളോടെ സ്ക്കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ
തിയ്യറ്ററില്‍ ആരവമുയര്‍ത്തുന്നത് കണ്ട് സുരേഷ്കുമാറും നിര്‍മ്മാതാവായ ഭാര്യ മേനകയും വീട്ടീലിരുന്ന് ആനന്ദിക്കുന്നുണ്ടാകണം......

കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക : രതിനിര്‍വ്വേദം 2011 റിവ്യു (http://m3db.blogspot.com/2011/06/2011.html)

Sunday, January 9, 2011

ട്രാഫിക് - ഒരു നല്ല ദൃശ്യാനുഭവം




രു പറഞ്ഞു മലയാള കമേഴ്സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ആരും മുതിരുന്നില്ല എന്ന്? അനേകം കോടിയാവര്‍ത്തിച്ച പഴയ ഫോര്‍മുലകളും ക്ലീഷ രംഗങ്ങളും കൊണ്ട് മലയാള സിനിമ ഇനിയും മുന്നോട്ട് പോകുമെന്ന്? എന്നാല്‍ ധാരണകളെ പാടെ തകര്‍ത്തെറിയുന്ന ഒരു സിനിമ 2011 ന്റെ ആദ്യ വാരത്തില്‍ തന്നെ പ്രേക്ഷകന്റെ മുന്നിലെത്തിയതും അവരെ തൃപ്തിപ്പെടുത്തിയതും ശുഭോദാര്‍ക്കമാണ്. പുതിയ പരീക്ഷണത്തിനും ആഖ്യാനശൈലിക്കും പേര്ട്രാഫിക്എന്നാണ്. രാജേഷ് പിള്ള എന്ന യുവസംവിധായകന്റെ കിടിലന്‍ ചിത്രം. ഒരു ത്രില്ലിങ്ങ് എക്സിപീരിയന്‍സ്.

കഥാസാരം :
സെപ്റ്റംബര്‍ 16 എന്ന ഒരു ദിവസത്തില്‍ കൊച്ചിയിലെ ഏതോ തിരക്ക് പിടിച്ച ഒരു ട്രാഫിക് സിഗ്നലില്‍ രാവിലെ നടന്ന അപ്രതീക്ഷിത അപകടവും അതിനെത്തുടര്‍ന്നുള്ള ചില ആകസ്മിക സംഭവങ്ങളുടെ തുടര്‍ച്ചയുമാണ് ട്രാഫിക്കിന്റെ ഇതിവൃത്തം.

കൂട്ടൂകാരായ റെയ്ഹാനും (ആസിഫ് അലി) രാജീവും (വിനീത് ശ്രീനിവാസന്‍) ട്രാഫിക് സിഗ്നനില്‍ ‘പച്ച’ കാത്തു കിടക്കുന്നു. രാവിലെ 9 മണിക്കു മുന്‍പായി സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥിനെ (റഹ്മാന്‍) ഇന്റര്‍വ്യൂ ചെയ്യാനുള്ള തിരക്കിലായിരുന്നു ഇന്ത്യാവിഷനിലെ ട്രെയിനിയായ രാജീവ്. അന്നാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം റിലീസാകുന്നത്. തിരക്കേറിയ ട്രാഫിക്ക് കുരുക്കില്‍ തന്റെ ഭാര്യക്ക് വിവാഹ സമ്മാനം നല്‍കാനുള്ള റൊമാന്റിക്ക് മൂഡില്‍ ഡോ.ആബേലുമുണ്ട് (കുഞ്ചാക്കോ ബോബന്‍) കൂടാതെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം തിരികെ കയറാനുള്ള ആദ്യത്തെ ദിവസത്തില്‍ ഓഫീസിലേക്ക് യാത്ര ചെയ്യുന്ന ട്രാഫിക് പോലീസുകാരന്‍ സുദേവനുമുണ്ട്. (ശ്രീനിവാസന്‍). കഥാപാത്രങ്ങള്‍ പരസ്പരം അപരിചിതരത്രെ, പക്ഷെ ട്രാഫിക് സിഗ്നലില്‍ വെച്ചുണ്ടാകുന്ന ഒരു അപകടം അജ്ഞാതരെ പരസ്പരം ബന്ധിപ്പിക്കുന്നു. അന്നത്തെ ദിവസം താന്താങ്ങളുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാവിലെ 8.30നു തുടങ്ങി വൈകീട്ട് 4 നു അവസാനിക്കുന്ന അത്രയും സമയത്തിനുള്ളില്‍ ഇവരുടേ ജീവിതങ്ങള്‍ നിലക്കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കപ്പെടുന്നുണ്ട്. അതില്‍ സ്വപ്നങ്ങളുണ്ട്, ഒറ്റപ്പെടലുകളുണ്ട്, വേദനയുണ്ട്, കാമമുണ്ട്, പ്രണയമുണ്ട് ജീവിതം സമ്മാനിച്ചതും പറിച്ചെടുത്തതുമായ ഒട്ടനവധി കാഴ്ചകളുമുണ്ട്...

മലയാളത്തിനു തികച്ചും പുതുമയുള്ളൊരു ഇതിവൃത്തം, മാത്രമോ വളരെ നന്നായി എഴുതപ്പെട്ട സ്ക്രിപ്പ്റ്റും അതിന്റെ മനോഹരവും നൂതനവുമായ ആവിഷ്കാരവും. വിജയഫോര്‍മുലകളെ നൂറ്റൊന്നാവര്‍ത്തിക്കുന്ന മലയാള സിനിമയില്‍ അത്തരം ആവര്‍ത്തന വിരസദൃശ്യങ്ങള്‍ പാടെ നിരാകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആറ്റിക്കുറുക്കിയെടുത്ത സ്ക്രിപ്റ്റ്. അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ പെര്‍ഫോമന്‍സ്. (പ്രധാന നടന്മാര്‍ മാത്രമല്ല, സഹതാരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഉദാ: പോലിസ് മിഷനില്‍ സീരിയല്‍ നടന്‍ മനോജ് പറവൂര്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം ചേരുവയായ വിജയകുമാര്‍ പോലും ഗംഭീരമാക്കിയിരിക്കുന്നു ഇതില്‍ ) ചടുലവും, ദൃശ്യസമ്പന്നവും, വെളിച്ചവിന്യാസവുമുള്ള ക്യാമറാ വര്‍ക്ക്, അളന്നു മുറിച്ച, ഒഴുക്കുള്ള എഡിറ്റിങ്ങ്, ദൃശ്യങ്ങള്‍ക്കനുയോജ്യമായ പശ്ച്ചാത്തല സംഗീതം എന്നീ സാങ്കേതിക കാര്യങ്ങള്‍ക്കൊണ്ടും ട്രാഫിക് മലയാള കച്ചവടസിനിമയിലെ ഉജ്ജ്വലമൊരു സൃഷ്ടിയാകുന്നു.

ഉള്ളുലക്കുന്ന കുറച്ച് നിമിഷങ്ങളുണ്ട് സിനിമയില്‍ (സായികുമാര്‍ തീവ്ര് വികാരത്തോടേ ഡി.കളക്റ്ററോട് ഫോണില്‍ സംസാരിക്കുന്നത്, മകളെ സ്ക്കൂളില്‍ കൊണ്ടുവിടാം എന്ന നിര്‍ദ്ദേശത്തെ മകള്‍ തള്ളിക്കളയുമ്പോള്‍ ശ്രീനിയുടെ സുദേവന്റെ ഏറ്റുപറച്ചില്‍ അങ്ങിനെയൊരുപാട്) കഥാപാത്രങ്ങളുടെ ഇത്തരം വികാരങ്ങളും സന്തോഷങ്ങളും ഒരു വാര്‍ത്താചിത്രം പോലെയോ ടിവി സീരിയല്‍ പോലെയോ നമ്മുടെ നേര്‍ക്ക് നേരെ നിന്ന് പ്രസംഗിക്കുകയല്ല. കാമറക്ക് പുറം തിരിഞ്ഞോ സഹ കഥാപാത്രത്തിന്റെ പ്രതികരണത്തിലോ മറ്റു സ്വാഭാവികമായ പെരുമാറ്റത്തിലോ പ്രതിഫലിക്കപ്പെടുകയാണ്. കഥാപാത്രങ്ങളുടെ ജീ‍വിത-പശ്ചാത്തലങ്ങളും അവരുടെ പ്രവൃത്തിമണ്ഡലങ്ങളുമൊക്കെ അവരുടെ ജീവിത പരിസരങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നതിലും പെരുമാറ്റരീതിയിലും വസ്ത്രധാരണത്തിലുമൊക്കെയായി മിതത്വത്തില്‍ കാണിച്ചിരിക്കുന്നു. അതിനു തിരക്കഥാകൃത്ത് ബോബി & സഞ്ജയ് ടീമിനും സംവിധായകന്‍ രാജേഷ് പിള്ളക്കും ഒരു ഹഗ്ഗ് നല്‍കണം.

സാമൂഹ്യവിമര്‍ശനത്തിന്റെ ചില മുള്ളാണികള്‍ സിനിമയിലുണ്ട്. അവ സമൂഹത്തിനു നേര്‍ക്കെറിയുമ്പോള്‍ തിയ്യറ്ററിലിരുന്നു ജനം ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. ‘സെലിബ്രിറ്റി ഓറയില്‍ ജീവിക്കുന്ന സിനിമാ താരങ്ങളുടെ ഉത്സവആഘോഷവേളയിലെ ചാനല്‍ പ്രഘോഷണങ്ങളുടെ പൊള്ളത്തരങ്ങളും, സിനിമാ ഫാന്‍സിനെക്കൊണ്ട് സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനു ഡാന്‍സ് ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ നന്മയില്‍ എങ്ങിനെ ഭാഗഭാക്കാകാം എന്നുമൊക്കെ സിനിമ കാണിച്ചു തരുന്നുണ്ട്.

ട്രാഫിക്കില്‍ താരങ്ങളില്ല, കഥാപാത്രങ്ങളേയുള്ളു, അവരുടെ ജീവിതങ്ങളേയുള്ളു. സൂപ്പര്‍ താരങ്ങള്‍(അല്ലാത്ത താരങ്ങളും) ഇമേജ് നോക്കി സ്വന്തം നായക കുപ്പായങ്ങള്‍ തുന്നിക്കുട്ടുമ്പൊഴും നായികയെ മുതല്‍ പ്രൊഡ്. എക്സിക്യൂട്ടീവിനെ വരെ സ്വന്തം അഭിപ്രായത്തില്‍ നിശ്ചയിക്കുന്ന സമകാലിക മലയാള സിനിമയില്‍ ഇമേജുകളെ നോക്കാതെ റോളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ഈയൊരു ടീം വര്‍ക്കില്‍ ഭാഗഭാക്കായ ഇതിലെ എല്ലാ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും നിറഞ്ഞയൊരു കയ്യടി. സിനിമ കാണുമ്പോള്‍ പ്രേക്ഷകനു ഫീല്‍ ചെയ്യും, അര്‍പ്പണബോധമുള്ള കഠിനാദ്ധ്വാനികളായ ഒരു കൂട്ടം നല്ല സിനിമാ പ്രവര്‍ത്തകര്‍ ട്രാഫിക്കിനു പുറകിലുണ്ടെന്ന്. അത് മതി...അത് മാത്രം മതി 2011 മുതല്‍ മലയാള സിനിമയെ ദിശമാറ്റി വിടാന്‍. വരാന്‍ പോകുന്നത് അന്യഭാഷകളില്‍ സംഭവിക്കുന്നു എന്ന് മലയാളിപറയുന്ന നവസിനിമകളായിരിക്കും, മലയാളി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ദൃശ്യ സമ്പന്നതയും ആഖ്യാനവും പുതുകളുമായിരിക്കും. ട്രാഫിക് അതിനുള്ളൊരു മുന്നോടിയാണ്.

പ്രിയ രാജേഷ് പിള്ള & ടീം... വെല്‍ഡന്‍, നിങ്ങളെ ഞാനെന്റെ നെഞ്ചോട് ചേര്‍ത്ത് പുല്‍കുന്നു. ഇത്തരത്തിലുള്ള ഒരു സിനിമാ അനുഭവം തന്നതിനു.