Monday, April 8, 2013

സൗണ്ട് തോമ - സിനിമാ റിവ്യൂ






ബെന്നി പി നായരമ്പലം, ദിലീപ്, വൈശാഖ് എന്നിവർ ഒത്തു ചേരുമ്പോൾ ഉണ്ടാവുന്ന സിനിമയെന്തോ അതുതന്നെയാണ് സൗണ്ട് തോമ. അതിലപ്പുറം പേരിനു പോലുമില്ല പുതുമയും വിശേഷവും. ഭാവപ്രകടനങ്ങൾക്ക് താൻ പ്രാപ്തനല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണോ എന്തോ വേഷപ്പകർച്ചക്കാണ് പലപ്പോഴും പ്രാധാന്യം കൊടുക്കുന്നതെന്ന് ദിലീപിന്റെ സിനിമകൾ കണ്ടാലറിയാം. വേഷങ്ങളുടെ(രൂപങ്ങളുടെ) വൈവിധ്യം കൊണ്ട് സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുകയും ഒന്നാം നിരയിൽ എന്നും സജ്ജീവമായും ഈ നടൻ നിൽക്കുന്നു. (വേഷ-രൂപ പകർച്ചകളില്ലാത്ത ചിത്രങ്ങളിലെ പ്രകടനം കണ്ടാൽ ഇത് മനസ്സിലാകും) കുഞ്ഞിക്കൂനനേയും, ചാന്തുപൊട്ടിനേയും സൃഷ്ടിച്ച ബെന്നി പി നായരമ്പലമാണ് മുറിച്ചുണ്ടനായ തോമയേയും സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ശാരീരിക പ്രത്യേകതയുള്ളവർ ഭൂരിഭാഗം അതില്ലാത്ത ആളുകൾക്കിടയിൽ ജീവിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും അതിലൂടെ സംഭവിക്കുന്ന തമാശകളുമാണ് ബെന്നിയുടെ തൂലിക എന്നും ശ്രദ്ധിച്ചിട്ടുള്ളത്. അല്ലാതെ സമൂഹത്തിൽ ഇത്തരം ആളുകൾ അനുഭവിക്കുന്ന വേർതിരിവിന്റേയോ പരിഹാസത്തിന്റേയോ നല്ലൊരു ശതമാനം പേർ അത്തരം പരിമിതികളെ അത്ഭുതകരമായി അതിജീവിക്കുന്നതോ ഒന്നും ബെന്നിയിലെ കച്ചവട എഴുത്തുകാരൻ ഒരിക്കലും കണ്ടിട്ടില്ല.(നായകനോട് പ്രേക്ഷക സഹാനുഭൂതി ഉണ്ടാക്കാവുന്ന വിലകുറഞ്ഞ ചില സെന്റിമെന്റൽ സീനുകളല്ലാതെ). സൗണ്ട് തോമയും മറ്റൊന്നല്ല. ദിലീപെന്ന മിമിക്രി കലാകാരനും സിനിമാ ബിസിനസ്സുകാരനും കൂടിയാകുമ്പോൾ സൌണ്ട് തോമയിൽ ചിരിയല്ലാതെ മറ്റെന്താണ് പ്രേക്ഷകർ പ്രതീക്കേണ്ടത്. ദോഷം പറയരുതല്ലോ, തോമയുടെ പ്രകടനങ്ങൾക്ക് മിമിക്രിയുടെ ഓവർകോട്ടുണ്ടെങ്കിലും ദിലീപ് തോമയെ ഭേദപ്പെട്ടതായി ചെയ്തു.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബി പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, March 6, 2013

ഷട്ടർ-സിനിമാറിവ്യൂ


ലളിതമായൊരു ആഖ്യാനപരിസരത്തിൽ ഒട്ടും ലളിതമല്ലാത്തതും പുതുമയുള്ളതുമായൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നതാണ് ഷട്ടറിന്റെ പ്രത്യേകത. അതി നാടകീയമായ രംഗങ്ങളും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കടന്നു വരാതെ (അസഭ്യം പറയാവുന്ന സന്ദർഭങ്ങളുണ്ടാക്കാൻ സാദ്ധ്യത വേണ്ടുവോളമുണ്ടായിട്ടും അതിനു ശ്രമിച്ചില്ല എന്നത് എടുത്തുപറയണം) വിഷയത്തിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടും പ്രേക്ഷകനെ കൂടെക്കൂട്ടിക്കൊണ്ടും ഒതുക്കത്തോടെ പറയുവാൻ ജോയ് മാത്യ എന്ന കന്നിസംവിധായകനായി.

ഗൾഫ് മലയാളിയായ റഷീദിന്റെ വീടിനു സമീപത്തെ റഷീദിന്റെ തന്നെ കടമുറികെട്ടിടത്തിലൊന്ന് പ്രവർത്തിക്കുന്നില്ല. റഷീദും കൂട്ടുകാരും രാത്രിയിൽ ഒത്തുചേരുന്നതും മദ്യപിക്കുന്നതും അതിനുള്ളിലാണ്. മകളുടെ വിവാഹാവശ്യത്തിനു വന്ന റഷീദും തന്റെ സുഹൃത്തുക്കളും കൂടി ഒരുദിവസം രാത്രിയിൽ അവിടെ കൂടുന്നു. റഷീദിനു മദ്യം എത്തിച്ചു കൊടുക്കുന്നത് ഓട്ടോഡ്രൈവറായ സുരയാണ്. സുരയാകട്ടെ രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ഒരു സിനിമാ സംവിധായകൻ മറന്നു വെച്ച ബാഗുമായാണ് ആ രാത്രിയിലെത്തിയത്. മദ്യപാനത്തിനു ശേഷം ബസ്റ്റ് സ്റ്റോപ്പിൽ നിന്ന് ഒരു പെണ്ണിനെ (ലൈംഗിക തൊഴിലാളിയെ) സുര റഷീദിനുവേണ്ടി കൊണ്ടുവരുന്നു. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങളാൽ റഷീദും പെണ്ണും കടമുറിക്കുള്ളിൽ കുടുങ്ങുകയും...
റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദവിവരങ്ങൾക്കും എം3ഡിബിയുടെ ഈ ലിങ്ക് സന്ദർശിക്കുക.

റോസ് ഗിറ്റാറിനാൽ - സിനിമാ റിവ്യൂ


രണ്ടാംഭാവം, മീശമാധവൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, നരൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫർ എന്ന സിനിമയിലൂടെ സംവിധായകനുമായിത്തീർന്ന വ്യക്തിയാണ് രഞ്ജൻ പ്രമോദ്. 'ഫോട്ടോഗ്രാഫർ' എന്ന സിനിമയുടെ പരാജയത്തിനുശേഷം അജ്ഞാതവാസത്തിലായിരുന്നു രഞ്ജൻ. നീണ്ട ഇടവേളക്കു ശേഷം തിരക്കഥയ്ക്കും സംവിധാനത്തിനും പുറമേ ചിത്രത്തിലെ ഗാനങ്ങൾകൂടിയും എഴുതിക്കൊണ്ടാണ് രഞ്ജൻ പ്രമോദിന്റെ രണ്ടാം വരവ്. പുതുമുഖങ്ങൾ അണി നിരന്ന ഒരു പ്രേമ കഥയാണ് ഇത്തവണ “ റോസ് ഗിറ്റാറിനാൽ..” എന്ന സിനിമയിലൂടെ രഞ്ജൻ പ്രമോദ് പറയുന്നത്.

ജനപ്രിയസിനിമകൾ എക്കാലവും പറഞ്ഞ അതേ ത്രികോണപ്രേമകഥതന്നെയാണ് റോസ് ഗിറ്റാറിനാൽ. പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു എന്നല്ലാതെ കഥക്കും സന്ദർഭങ്ങൾക്കും തരിമ്പുപോലുമില്ല പുതുമ. പുതുമുഖങ്ങളും പുതു തലമുറയുടെ ഹൈ ഫൈ ജീവിതവും എട്ടു പാട്ടുകളോടൊപ്പം വിരസമായിപറഞ്ഞു കാണികളെ ബോറഡിപ്പിക്കുകയാണ് രഞ്ജന്റെ തിരിച്ചു വരവായ ചിത്രം.

Sunday, March 3, 2013

കിളി പോയി - സിനിമാ റിവ്യൂ


യുവ നടന്മരായ ആസിഫ് അലിയും അജു വർഗ്ഗീസും പ്രധാന വേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രം ‘കിളി പോയി’ പേരു സൂചിപ്പിക്കുന്ന പോലെ കോമഡി ട്രാക്കിലുള്ളൊരു സിനിമയാണ്. രണ്ടു ചെറുപ്പക്കാരുടെ ബാംഗ്ലൂർ നഗരജീവിതത്തിലെ ആഘോഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയുടെ മുഖ്യപ്രമേയം. 

കഞ്ചാവ് വലിച്ചാൽ ഉണ്ടാകുന്ന ഫിറ്റായ അവസ്ഥക്ക് ചെറുപ്പക്കാർക്കിടയിൽ പറയുന്ന ശൈലിയാണ് ‘കിളി പോയി’ എന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ചാക്കോയും(ആസിഫ് അലി) ഹരിയും(അജുവർഗ്ഗീസ്)മാണ് ഇവിടെ കഞ്ചാവ് വലി ശീലമായ ചെറുപ്പക്കാർ. ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും അമിതമായ ജോലിഭാരത്താലും ബോസിന്റെ ചീത്തവിളിയാലും മനം മടുത്ത് കുറച്ച് ദിവസം അവധിയെടുത്ത് ട്രിപ്പിനു പോകുന്നു. ഗോവയിലെ ആഘോഷത്തിനിടയിൽ അപരിചിതമായൊരു ബാഗ് ഇവരുടെ കൈവശം വരികയും അത് പിന്നീട് അവരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതുമാണ് കഥാസാ‍രം.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, February 1, 2013

ലോക് പാൽ - സിനിമാ റിവ്യൂ

 
പഴയകാല സംവിധായകരിൽ ഇന്നും പ്രേക്ഷകപ്രീതി ലഭിക്കുകയും സൂപ്പർ ഹിറ്റുകളൊരുക്കുകയും ചെയ്യുന്ന ഒരേയൊരു സംവിധായകനേയുള്ളു,. ജോഷി. കാലമിത്ര കഴിഞ്ഞിട്ടും, പ്രേം നസീർ യുഗം മുതൽ സംവിധാനിച്ച് തുടങ്ങിയിട്ടും ജോഷിയിന്നും ഹിറ്റ് ചാർട്ടിൽ ഒന്നാമൻ തന്നെ. മലയാളസിനിമയിലേക്ക് സി.ബി.ഐ-യേയും കുറ്റാന്വേഷണപരമ്പരകളേയും രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും അണിയറക്കഥകളേയും കൊണ്ടുവന്ന ജനപ്രിയ തിരക്കഥാകൃത്താണ് എസ് എൻ സ്വാമി. ഈ രണ്ടു പേരും സൂപ്പർ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന മോഹൻലാലും ഒത്തുചേർന്നാൽ ഈ “ന്യൂ ജനറേഷൻ കാലത്തും” എന്തൊക്കെയോ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചത് പ്രേക്ഷകരായിരുന്നു. പക്ഷേ, ‘പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്നാണ് ‘ലോക് പാൽ’ കണ്ടിറങ്ങിയാൽ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നത്.

ഇന്റർനെറ്റും കമ്പ്യൂട്ടറും സാധാരണക്കാരനു  ചിരപരിചിതമാകാതിരുന്ന / ഇത്രത്തോളം ദൈനം ദിന ജീവിതത്തിൽ ഇടപഴകാതിരുന്ന ഒരു കാലത്തായിരുന്നു ഈ സിനിമയെങ്കിൽ ഒരു പക്ഷേ വാണിജ്യ വിജയം നേടുമായിരിക്കാം ‘ലോകപാൽ’. തമിഴ് സിനിമയിൽ സംവിധായകൻ ശങ്കർ പക്ഷേ, തൊണ്ണൂറുകളുടെ ഒടുക്കത്തിലും രണ്ടായിരമാണ്ടിന്റെ ആദ്യ കാലങ്ങളിലും ഈ വിഷയത്തെ അന്നത്തെ സൂപ്പർ ഹിറ്റുകളാക്കിയിട്ടുണ്ട്. ജന്റിൽമാൻ, അന്യൻ, പിന്നെ കന്തസ്വാമി എന്നീ തമിഴ് ചിത്രങ്ങളുടെ പ്ലോട്ട് തന്നെയാണ് ജോഷിയുടെ ‘ലോക് പാലും’. അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം. ഇന്റർനെറ്റും വെബ് സൈറ്റും ഉപയോഗിച്ച് ജനങ്ങളുടെ പരാതി കേട്ട് തെറ്റായ മാർഗ്ഗത്തിലൂടെ ശരിയായ ലക്ഷ്യത്തിലേക്കെത്തുന്ന നായകൻ. (ജയരാജിന്റെ ‘ഫോർ ദി പ്യൂപ്പിൾ” നാല് യുവ നായകന്മാരായിരുന്നു)

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം 3 ഡി ബിയുടെ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Monday, January 7, 2013

ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ


ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത് 2006ൽ റിലീസായ സിനിമയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്”. കേരളത്തെ പിടിച്ചു കുലുക്കിയതും മാധ്യമങ്ങളിൽ ഏറെ വാർത്തയാവുകയും ചെയ്ത ഒരു സംഭവത്തിന്റെ ചുവടു പിടിച്ചായിരുന്നു ആ സിനിമ. “സൂര്യനെല്ലി സംഭവത്തിലെ കോടതി വിധിയിൽ കോടതിയോടും ദൈവത്തോടുമുള്ള എന്റെ എതിർപ്പ്’ ആയിരുന്നു ആ സിനിമ എന്നാണ് ‘അച്ഛനുറങ്ങാത്ത വീടി‘നെക്കുറിച്ച് ലാൽ ജോസ് തന്നെ അക്കാലത്ത് അഭിപ്രായപ്പെട്ടത്. ആ ചിത്രത്തിലെ ‘സാമുവൽ ദിവാകരൻ. എന്ന കഥാപാത്രം  2005ലെ മികച്ച സഹനടനുള്ള അവാർഡ് സലീം കുമാറിനു നേടിക്കൊടുക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് ബാബു ജനാർദ്ദൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലിസമ്മയുടെ വീട്’. രണ്ടാം ഭാഗത്തിൽ വിവാദമായ ഐസ് ക്രീം കേസിലെ പെൺകുട്ടി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും വിഷയമാകുന്നു.

കേസിന്റെ വിധിക്കും ജയിൽ വാസത്തിനും ശേഷമുള്ള ലിസമ്മയുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. ആദ്യചിത്രമായ ‘അച്ഛനുറങ്ങാത്ത വീട്’ ന്യൂസ്  ചാനലുകളിലെ വാർത്താപരിപാടികളൂടെ വെറും പകർപ്പ് ആയിരുന്നു. സാമുവൽ എന്ന അച്ഛന്റെ വികാരങ്ങളും സങ്കടങ്ങളും കുറേയൊക്കെ  പ്രേക്ഷകനെ നൊമ്പരപ്പെടുത്തി എന്നതിനപ്പുറം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേ ഭാഗത്ത് നിന്നുള്ള വീക്ഷണങ്ങളൊന്നും ആ സിനിമയിലുണ്ടായിരുന്നില്ല. ടി വി ചാനലുകളിൽ വന്നിരുന്ന റിപ്പോർട്ടുകൾ എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തത്തെ ചിത്രീകരിക്കാനും സാധിച്ചിരുന്നില്ല. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടാകട്ടെ അത്രപോലും വരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ ചേർത്തുപിടിച്ച് പ്രേക്ഷകരുടേ അനുഭാവവും അതുമൂലും കിട്ടാവുന്ന സാമ്പത്തിക വിജയവുമായിരിക്കണം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ഉദ്ദേശം

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

അന്നയും റസൂലും - സിനിമാറിവ്യൂ


പ്രമുഖ ഛായാഗ്രാഹകൻ രാജീവ് രവിയുടേ ആദ്യ ചിത്രം ‘അന്നയും റസൂലും’ തീർച്ചയായും ഒരു പ്രണയചിത്രവും അതിലുപരി യഥാർത്ഥ ജീവിതത്തിന്റെ നേർപകർപ്പ് കൂടിയാണെന്ന് പറയാം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ എന്നീ ഭൂമികകളിലെ ജീവിതങ്ങളെ; അവരുടെ പ്രണയം, വിരഹം, വേദന, സന്തോഷം, ജീവിതമാകെത്തന്നെ അവരറിയാതെ ഒപ്പിയെടുത്ത പ്രതീതിയാണ് സിനിമക്ക്. അതിഭാവുകത്വവും ക്ലീഷേ സന്ദർഭ- സംഭാഷണങ്ങളും പാടേ ഒഴിവാക്കാൻ നടത്തിയ ശ്രമവും അഭിനേതാക്കളുടെ തന്മയത്ഥമാർന്ന പ്രകടനവും സാങ്കേതികത്തികവും സമീപകാലത്ത് മലയാളത്തിൽ വന്ന സിനിമകളിൽ നിന്ന് ‘അന്നയും റസൂലിനേയും’ വലിയൊരളവിൽ മാറ്റി നിർത്തുന്നു. സിനിമ വെറും കാഴ്ചകളിൽ നിന്ന് മനസ്സിലേക്ക് പതിക്കുകയും തിയ്യറ്ററ് വിട്ടിറങ്ങിപ്പോരുമ്പോൾ കൂടെപ്പോരുകയും സന്ദർഭങ്ങളും കഥാപാത്രങ്ങളും പിന്നീടും പിന്നീടും നമ്മുടെ മനസ്സിലേക്ക് കയറിവരികയും ചെയ്യുന്നു എന്നതാണ് ‘അന്നയും റസൂലും’ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Wednesday, January 2, 2013

മലയാള സിനിമ-2012-അവലോകനം


2012 ജനുവരി 5നു റിലീസായ “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന സിനിമ മുതൽ ഡിസംബർ 28 നു റിലീസായ “ആകസ്മികം” എന്ന സിനിമ വരെ 2012ൽ മലയാളത്തിൽ മൊത്തം 127 സിനിമകളാണുണ്ടായത്.(ഇതുകൂടാതെ 12 മൊഴിമാറ്റ ചിത്രങ്ങളും)* മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറിൽ‌പ്പരം ചിത്രങ്ങൾ റിലീസായി എന്നത് 2012ന്റെ പ്രധാന സവിശേഷതയാണ്. 2011 ജനുവരിയിൽ റിലീസ് ചെയ്ത “ട്രാഫിക്” എന്ന സിനിമ മലയാളത്തിൽ കൊണ്ടുവന്ന പ്രമേയ-ആഖ്യാന-ആസ്വാദനപരമായ മാറ്റം 2012ലും തുടർന്നു എന്നു മാത്രമല്ല കൂടുതൽ വ്യാപകമായി എന്നുള്ളത് എടുത്തുപറയേണ്ടതാണ്. രണ്ടു സൂപ്പർതാരങ്ങൾക്കും ചില താരങ്ങൾക്കും ചുറ്റിലുമായി വട്ടം കറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമയെ താര രഹിതമാക്കിയതും പ്രമേയത്തിലോ ആഖ്യാനത്തിലോ വ്യത്യസ്ഥതകളുണ്ടെങ്കിൽ അത് ആസ്വദിക്കാൻ പ്രേക്ഷകൻ തയ്യാറായി എന്നതും ട്രാഫിക്കിനും ശേഷവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ 2012ൽ താര രഹിതവും പുതുമകളുമുള്ളതുമായ ഒരുപിടി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുകയും സാമ്പത്തികവിജയങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സൂപ്പർ താര ചിത്രങ്ങൾ പലതും പ്രേക്ഷക നിരാസത്തിനു പാത്രമായി എന്നതും എടുത്തു പറയണം.

അവലോകനം പൂർണ്ണമായി വായിക്കുവാനും മുഴുവൻ ചിത്രങ്ങളുടെ ലിസ്റ്റ് അറിയുവാനും എം3ഡിബിയുടെ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക.