Saturday, December 31, 2011

മലയാള സിനിമ-2011-തിരിഞ്ഞുനോക്കുമ്പോൾ..


മലയാള സിനിമയുടെ 2011ലെ കണക്കെടുക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ വ്യാവസായികമായി ലാഭമുണ്ടാക്കിയതും ദേശീയ പുരസ്കാരത്തിനർഹമായതുമടക്കം അല്പം ആഹ്ലാദകരമായി അനുഭവപ്പെടാം. 2011 ജനുവരി 7 ലെ "ട്രാഫിക്" എന്ന ആദ്യ റിലീസ് മുതൽ ഡിസംബർ 25 ലെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന അവസാന റിലീസടക്കം മൊത്തം എൺപത്തിയെട്ടോളം ചിത്രങ്ങളാണു ഇക്കഴിഞ്ഞ വർഷം മലയാളത്തിലുണ്ടായത്. (9 മൊഴിമാറ്റ ചിത്രങ്ങൾ വേറെ)അതിൽ പലതും സാമ്പത്തികമായി വിജയം കണ്ടെങ്കിലും ചില ചിത്രങ്ങൾ വന്നതും പോയതും പ്രേക്ഷകൻ അറിഞ്ഞില്ല.

ജനുവരി 7 നു ആദ്യം റിലീസ് ചെയ്ത "ട്രാഫിക്ക്" മലയാള സിനിമയെയും പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നു പറയാം.അണുവിട മാറ്റങ്ങൾ സംഭവിക്കാതെ പഴയ അച്ചിൽ വാർത്ത ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ സംഭവിക്കൂ എന്ന് കരുതിയ ചില പ്രേക്ഷകരേയും പുതിയ സിനിമാ സങ്കേതങ്ങളിലേക്ക് മാറാൻ തയ്യാറാവാത്ത സിനിമാ പ്രവർത്തകരേയും ഒരുപോലെ ട്രാഫിക് അത്ഭുതപ്പെടുത്തി. താര സമ്പന്നമല്ലാത്തതും, ആദ്യ ചിത്രം അമ്പേ പരാജയപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ രണ്ടാമത്തെ സംവിധാന ചിത്രമെന്നതും ഈ അമ്പരപ്പിനു ആക്കം കൂട്ടി. ട്രാഫിക്കിന്റെ വിജയം ഇൻഡസ്ട്രിയെ വല്ലാതെ സ്വാധീനിച്ചു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന ചിലതെങ്കിലും ചിത്രങ്ങൾ. മുൻപ് ചിത്രീകരണം തുടങ്ങിയതും പുതിയ സിനിമാരീതികളിലേക്ക് മാറാൻ തയ്യാറല്ലാത്ത ചിലരെങ്കിലും ഇപ്പോഴും ഇനിയും പഴയ മട്ടിലുള്ള സിനിമകളുമായി 2011ന്റെ അവസാനത്തിലും നിൽക്കുന്നുണ്ട്. എങ്കിലും പ്രേക്ഷകൻ സ്വീകരിച്ചതും അല്ലാത്തതുമായ ചില നല്ല ചിത്രങ്ങൾ 2011ൽ ഉണ്ടായി, ട്രാഫിക്കിനു ശേഷം, സിറ്റി ഓഫ് ഗോഡ്, മേൽവിലാസം, ആദാമിന്റെ മകൻ അബു, സോൾട്ട് & പെപ്പർ, ചാപ്പാക്കുരിശ്, വീട്ടിലേക്കുള്ള വഴി, ഇന്ത്യൻ റുപ്പീ, ബ്യൂട്ടിഫുൾ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളൊക്കെ ഭേദപ്പെട്ടതും കുറേയൊക്കെ വഴിമാറി നടക്കാൻ ശ്രമിച്ചതുമായിരുന്നു; ഇതിൽ ചിലത് സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും.

തകരുന്ന വിഗ്രഹങ്ങളും പൊയ്മുഖങ്ങളും..
..........................................................................................

റിവ്യൂ പൂർണ്ണമായി വായിക്കുവാനും ചിത്രങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്കും എം3ഡിബിയുടേ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക.

Monday, December 26, 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമാറിവ്യു



സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന
അക്കു അക്ബറും ഒപ്പം ജോസും കൂടി അക്ബർ ജോസ് എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴത്തുള്ളിക്കിലുക്കവും(2002) സദാനന്ദന്റെ സമയവും(2003). പിന്നീട് ഇവർ വേർപിരിഞ്ഞ് അക്ബർ, അക്കു അക്ബറായി വെറുതെ ഒരു ഭാര്യയും(2008) കാണാ കണ്മണിയും(2009) സംവിധാനം ചെയ്തു. 2008 ലെ സൂപ്പർഹിറ്റ് സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ.

അക്കു അക്ബറിന്റെ പുതിയ സിനിമ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' സിനിമക്കുള്ളിലെ ഒരു സിനിമയെപ്പറ്റിയാണു പറയുന്നത്. ആ സിനിമയാണു വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ മുഖ്യ കഥയും. നല്ല കഥകൾ നെടു നായകത്വം വഹിച്ചിരുന്ന പഴയ കാല മലയാള സിനിമയുടേ നല്ല കാലത്തെ അയവിറക്കുന്നുണ്ട് ഈ സിനിമ. ലാളിത്യമാർന്നതും താരപരിവേഷമില്ലാത്തതും അതോടൊപ്പം തന്നെ സമീപ കാല സിനിമാ സങ്കല്പങ്ങളിൽ വിദേശ ഭാഷ സിനിമയുടേ സ്വാധീനവും കോപ്പിയടിയും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ട് വെറും വിസ്മയങ്ങൾ തീർക്കുന്നതിനെ വിമർശിക്കുകയും സിനിമക്കു പിന്നിലെ വഞ്ചനയുടേയും പൊള്ളത്തരത്തിന്റേയും നന്ദികേടിന്റേയും കഥകളെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ സമീപകാലത്തെ പുതുമയുള്ള കഥയും ആഖ്യാന രീതിയും (ചിത്രം ഒരു മണിക്കൂറോളം 35 എം എം ലും ബാക്കി സിനിമാസ്കോപ്പിലുമാണു.) ആത്മാർത്ഥതയുമൊക്കെ ഈ സിനിമയിൽ കാണമെങ്കിലും ചിത്രത്തെ പൂർണ്ണമായും ഒരു അനുഭവമാക്കുന്നതിൽ പിന്നണിക്കാർ അല്പം പരാജയപ്പെട്ടുപോകുന്നുണ്ട്. പുതുമയോടെ തുടങ്ങിയെങ്കിലും ചിത്രാന്ത്യമെത്തുമ്പോൾ നാളിതുവരെയുള്ള മലയാളസിനിമാക്കഥയിലെ അതിനാടകീയതയുടെ രീതികളിലേക്ക് സ്വയമിറങ്ങിപ്പോകുകയും അതുകൊണ്ട് തന്നെ വ്യത്യസ്ഥവും സത്യസന്ധവുമെന്ന് തോന്നിപ്പിച്ച വെള്ളരിപ്രാവ് തന്റെ സ്ഥിരം ലാവണത്തിലേക്ക് കൂടണയുന്ന ദയനീയകാഴ്ചയും കാണേണ്ടി വരുന്നുണ്ട്.

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും m3dbയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, December 18, 2011

വെനീസിലെ വ്യാപാരി - ഒരു നനഞ്ഞ പടക്കം


ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം. കാരണം ചാനൽ റൈറ്റ്സുകൾ സിനിമകളുടേ അവസാന വാക്ക് നിശ്ചയിക്കുന്ന ഈ കാലത്ത് മേശപ്പുറത്ത് ബിസിനസ്സ് നടക്കുന്ന സിനിമകൾക്കേ ജന്മമുള്ളു. സിനിമ ജനിക്കും മുൻപ് അതിന്റെ ബിസിനസ്സ് നടന്നിരിക്കണം. മലയാളത്തിലിറങ്ങുന്ന ഏതാണ്ടെല്ലാ സിനിമകളും ഇപ്പോൾ ഈ ജനുസ്സിൽ പെട്ടതു തന്നെയാണ്. വിലപിടിപ്പും മാർക്കറ്റുമുള്ള താരങ്ങൾക്കും, സാങ്കേതികപ്രവർത്തകർക്കും മാത്രമേ ഇന്ന് സാറ്റലൈറ്റ്, ഓവർ സീസ്, ഓഡിയോ & വീഡിയോ ബിസിനസ്സുള്ളു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് വളരെ ചുരുങ്ങിയ പണം മതി തുടങ്ങാൻ ബാക്കി മുൻ പറഞ്ഞവർ പണം മുടക്കിക്കോളും, പണം കൊടൂത്താൽ ചളിയൊഴിക്കാനും പാലൊഴിക്കാനും തയ്യാറാവുന്ന ഫാൻസ് മന്ദബുദ്ധികൾ ഉണ്ടെങ്കിൽ ആ പ്രൊജക്റ്റ് വിജയിപ്പിക്കുകയോ മറ്റുള്ളവന്റെ പരാജയപ്പെടുത്തുകയോ ആവാം. ആ ജനുസ്സിൽ പെട്ട മറ്റൊരു അക്രമമാണ് ഷാഫി-ജയിംസ് ആൽബർട്ട് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ വെനീസിലെ വ്യാപാരി എന്നൊരു സിനിമ.

'സൈക്കിൾ, ക്ലാസ് മേറ്റ്സ്, ഇവിടം സ്വർഗ്ഗമാണ്' എന്നീ ചില ഭേദപ്പെട്ടതും സാമ്പത്തിക വിജയം നേടിയതുമായ ചിത്രങ്ങൾക്ക് തിര നാടകമെഴുതിയ ജയിംസ് ആൽബർട്ടിന്റേതാണ് വെനീസിലെ വ്യാപാരിയുടേയും തിരക്കഥ. നിരവധി കോമഡി ഹിറ്റുകൾ ഒരുക്കിയ (2010 ഡിസംബറിൽ മേരിക്കുണ്ടൊരു കുഞ്ഞാടും, 2011 തുടക്കത്തിൽ മേക്കപ്പ് മാനും എന്ന തുടർച്ചയായ ഹിറ്റുകൾ) ഷാഫിയുടെ സംവിധാനവും, ഒപ്പം സുരാജ്, സലീം കുമാർ, ജഗതി, അടക്കം ഒരുപിടി കോമഡി നടന്മാർ, കാവ്യയെന്ന ശാലീനതയും പൂനം ബജ് വ എന്ന മറുനാടാൻ സുന്ദരിയും. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിക്കാം. പക്ഷെ പടം കണ്ട പ്രേക്ഷകനു, ആനന്ദിക്കാനും ആസ്വദിക്കാനും ഇതുപോര എന്നു തന്നെയാണ് അഭിപ്രായം.

റിവ്യൂ വിശദമായി വായിക്കുവാനും സിനിമാ ഡീറ്റെയിൽസ് ലഭിക്കുവാനും എം3ഡിബി യുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക