ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ ഒരു പരാമര്‍ശത്തില്‍ നിന്നാണ് എന്‍ എസ് സ്വാമി ഈ തിരനാടകം രചിച്ചിരിക്കുന്നത് എന്ന് വ്യക്തം. അല്ലാതെ നല്ലൊരു കഥയില്‍ നിന്നല്ല. കോടതിയുടെ ആ പരാമര്‍ശം കൌതുകകരമാണെന്നതില്‍ സംശയമില്ല. ആ ഒരു കൌതുകവും ആശ്ചര്യവുമാണ് അതിനെ ചുറ്റിപ്പറ്റി കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിനെ കേരളത്തിലെ പെണ്‍ വാണിഭത്തിന്റെ അന്തരീഷവും സിനിമാ ഹീറോയിസവും ചേര്‍ത്ത് മലയാളി പ്രേക്ഷകന്റെ മുന്നില്‍ വിളമ്പിയത്.
ജനകന്‍ എന്ന സിനിമയില്‍ സംവിധായകന്‍ ഒഴിച്ച് ബാക്കി എല്ലാവരും മലയാള സിനിമയില്‍ ‘തയക്കവും പയക്കവും’ വന്ന പുലി ജന്മങ്ങള്‍. എന്നാല്‍ ഒരു പുതുമുഖ സംവിധായകന്‍ എന്നതുകൊണ്ട് സംവിധായകനോട് തോളില്‍ തട്ടി ‘പോട്ടെ മോനെ, സാരല്യ. അടുത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ മതി’ എന്നു പറയാം. പക്ഷെ, ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായും അതിനൊപ്പവും ഈ രംഗത്തുനില്‍ക്കുന്ന എസ് എന്‍ സ്വാമി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സജ്ജീവ് ശങ്കര്‍, രാജാമണി എന്നിവരെ എന്തു പറയും? സംശയമില്ല പ്രേക്ഷകന്റെ മുന്നില്‍ ഇവരെകിട്ടിയാല്‍ നാലുവരി കൊടുങ്ങല്ലൂര്‍ പൂരപ്പാട്ട് പാടി കേള്‍പ്പിക്കണം.
കുറച്ചു നാള്‍ മുന്‍പ് റിലീസായ വൈരം എന്ന സിനിമയുടെ കഥ തന്തുവായി സാമ്യമുള്ള ജനകന്‍ കഥാ പാത്രങ്ങളും ഡയലോഗുകളും മാത്രമുള്ള സിനിമയാണ്. കഥാപാത്രങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ടോ ഇന്‍ഡ്രൊഡ്ക്ഷനോ ഇല്ല. കഥാപാത്രങ്ങള്‍ നേരെയങ്ങ് നമ്മുടെ മുന്നില്‍ വന്നു വീഴുകയാണ്. മലയാളത്തില്‍ ഈയടുത്തകാലത്ത് ഇതാദ്യമായാവും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലാത്ത ഒരു സിനിമ. ഉള്ളവരില്‍ തന്നെ ജ്യോതിര്‍ മയി അവതരിപ്പിക്കുന്ന ഡോക്ടര്‍ക്ക് മാത്രമാണ് അല്പം പ്രാധാന്യം. പക്ഷെ അവര്‍ക്കും യാതൊരു പശ്ചാത്തലവുമില്ല. ഇത്രയും വര്‍ഷം തിരക്കഥയെഴുതിയിട്ടൂം കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെകുറിച്ചോ, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, അതിന്റെ ന്യായീകരണങ്ങള്‍, സംഭവങ്ങളോടൊപ്പം നില്‍ക്കുന്ന പശ്ചാത്തല വിശദീകരണങ്ങള്‍ ഒന്നും ഈ സിനിമയില്‍ വരാത്തത് തിരക്കഥാകൃത്തിന്റെ അജ്ഞതയോ വിട്ടുപോയതോ?
സിനിമയുടെ ടൈറ്റില്‍ സീന്‍ കാണുമ്പോഴേ മിനിമം ബോധമുള്ള ഒരു പ്രേക്ഷകനു ഈ സിനിമയുടെ ഭാവി മണക്കും. അത്രമാത്രം ഉദാസീനമായാണ് ഈ ത്രില്ലര്‍(?) സിനിമ തുടങ്ങുന്നത് . അതും പഴകിപഴകി ദ്രവിച്ച് അളുത്തുപോയ ‘കറുപ്പില്‍ വെളുത്ത അക്ഷരങ്ങളും അവക്കിടയില്‍ ചുവന്ന വരയുമായി.‘ പാണ്ടിപ്പടമെന്നു നമ്മള്‍ കളിയാക്കുന്ന തമിഴ് പടങ്ങളെങ്കിലും ഈ പുങ്കവന്മാര്‍ കാണുന്നില്ലേ എന്ന് പ്രേക്ഷകന്‍ സംശയിച്ചാല്‍ തെറ്റില്ല.
സജ്ജീവ് ശങ്കര്‍ മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ കാമറാമാനാണ്. ഒരു തുടക്കക്കാരന്റെ സിനിമയില്‍ പലപ്പോഴും അയാളെ സഹായിക്കാനെത്തുക കാമറാമാനാണ് ( പരിചയ സമ്പന്നന്നനും കഴിവുമുള്ള ഒരു അസോസിയേറ്റ് ഡയറക്റ്ററും , കാമറാമാനും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു സിനിമ സംവിധാനം ചെയ്യാം, പക്ഷെ ഒരെണ്ണം മാത്രം, പിന്നീടങ്ങോട്ട് ചെയ്യണമെങ്കില്‍ തലക്കകത്ത് ആള്‍താമസം വേണം. ഉദാ: വിനയന്‍, ജോണി ആന്റണി) ഈ സിനിമയിലെ പല ദൃശ്യങ്ങളും പ്രത്യേകിച്ച് മിഡ് ഷോട്ട് & ലോങ്ങ് ഷോട്ടുകള്‍ ‘ഔട്ട്’ ആയി കാണാം. മോഹന്‍ലാലിന്റെ വീട്ടിലെ ഒരു ഇന്റീരിയര്‍ ഷോട്ടുണ്ട്, സുരേഷ് ഗോപിയും മോഹന്‍ലാലും ജ്യോതിര്‍മയിയും ബിജുമേനോനും എല്ലാവരും ചേര്‍ന്നുള്ള ഒരു കോമ്പാക്റ്റ് ഷോട്ട്. മോഹന്‍ലാല്‍ കാമറക്ക് തൊട്ടുമുന്നിലും മറ്റുള്ളവര്‍ പുറകിലുമായി ഫോക്കസ് പാന്‍ ഉപയോഗിച്ചെടുത്ത ആ ഷോട്ടില്‍ എല്ലാവരും ബ്ലര്‍ഡ് (ഔട്ട്) ആയി തന്നെ കാണുന്നു. ചിത്രീകരണ സമയത്തോ എഡിറ്റിങ്ങ് ടേബിളിലോ എന്തിനു പ്രിവ്യുവില്‍ പോലും ശ്രദ്ധിക്കാത്ത ആ ഷോട്ട് പ്രേക്ഷകനു നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇതുപോലെയും ഇതിനോടിണങ്ങും വിധവും നിരവധി ഫ്രെയിമുകള്‍ ഈ സിനിമയിലുണ്ട്. പുതുമുഖ സംവിധായകന്‍ എന്ന ഡിസ്കൌണ്ട് കൊടുത്താലും കാമറാമന്റെ പരിചയസമ്പത്തിനെ നമ്മളെന്തുവിളിക്കും?
രാജാമണി എന്ന പശ്ചാത്തല സംഗീത സംവിധായകന്‍ കുറേനാള്‍ എനിഗ്മ, മറ്റു വെസ്റ്റേണ്‍ ആല്‍ബങ്ങള്‍ എന്നിവയില്‍ നിന്നുമായി ‘പ്രചോദനം’ ഉള്‍ക്കൊണ്ട് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് (ഉദാ: ദി ട്രൂത്ത്, ദി കിംഗ്) പ്രേക്ഷകര്‍ വെസ്റ്റേണ്‍ മ്യൂസിക് കേള്‍ക്കുന്നില്ല എന്നൊരു തെറ്റിദ്ധാരണയാവണം അദ്ദേഹത്തിന്. ഈ ചിത്രത്തിലും തന്റെ പതിവു സിനിമകളിലെപോലെ ശബ്ദബാഹുല്യം ഉപയോഗിച്ചിട്ടുണ്ട്. കണ്ണടച്ച് ബാഗ്രൌണ്ട് സ്കോര്‍ കേട്ടാല്‍ പണ്ട് കൊടമ്പാക്കത്തു നിന്നു നിര്‍മ്മിച്ചു വരുന്ന തുണ്ട് (സെക്സ്) പടങ്ങളുടെ നിലവാരമുണ്ട്.
തുടക്കം മുതല്‍ വിരസമായി നീങ്ങുന്ന ജനകനില്‍ പ്രേക്ഷകന്‍ കയ്യടിക്കുന്നതു ഒരേയൊരു സീനിലാണ്,. ഇന്റര്‍വെല്‍ പഞ്ചില്‍. പിന്നീടും ഈ സിനിമ വിരസമായി നീങ്ങുന്നു. യാതൊരു ബഹളങ്ങളുമില്ലാതെ അവസാനിക്കുന്നു.
ജനകന്റെ കഥ ഒരുപാട് റിവ്യൂകളില്‍ വന്നതുകൊണ്ട് ഞാനിവിടെ വിവരിക്കുന്നില്ല. പക്ഷെ, ഇതിന്റെ റിവ്യുവോ ഷൂട്ടിങ്ങ് റിപ്പോര്‍ട്ടോ വായിക്കാതെ ഈ സിനിമ കാണാനെത്തുന്ന പ്രേക്ഷകന്‍ ഇതിലെ കഥാപാത്രങ്ങളേയോ അവരുടെ ഗരിമയോ ബന്ധമോ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടും എന്നാണെന്റെ നിഗമനം. കാരണം അതിനുള്ള വിവരണമോ, ഇന്‍ഡ്രൊഡ്യുസ് സീനോ സംവിധായകന്‍ കാണിക്കുന്നില്ല. തികച്ചും ഈ സിനിമ സംവിധായകന്റെ പരാജയമാണ്. എഴുതിപൂര്‍ത്തിയാക്കിയ ഒരു സ്ക്രിപ്റ്റും(അങ്ങിനെയാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്) രണ്ടു സൂപ്പര്‍ താരങ്ങളും ഉണ്ടായിട്ടും ഒരു ശരാശരി കൊമേഴ്സ്യല്‍ ചിത്രമൊരുക്കാന്‍ ഈ സംവിധായകനു കഴിഞ്ഞിട്ടീല്ല, മാത്രമല്ല, സീനുകളുടെ ഡിലേ, ഷോട്ടൂകളുടെ പഴമ (അഡ്വ. സൂര്യനാരയണന്‍ എന്ന പ്രശസ്തനായ ക്രിമിനല്‍ വക്കീലിനെ -മോഹന്‍ലാല്‍ അഭിനയിക്കുന്നു- ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്ന സീന്‍ ഉദാഹരണം. വീട്ടുപടിക്കലെ അഡ്വക്കേറ്റിന്റെ നെയിം ബോര്‍ഡ് ക്ലോസപ്പില്‍ കാണിക്കുന്നു -ടു - വീട്ടിനകത്ത് മോഹന്‍ലാല്‍ ഇരിക്കുന്ന ക്രെയിന്‍ ഷോട്ട്. തീര്‍ന്നു. )
സൂര്യനാരായണനായി മോഹന്‍ലാല്‍ അനായാസം ആടി തീര്‍ക്കുന്നു. അദ്ദേഹത്തിന്റെ റേഞ്ച് അളക്കുന്ന കഥാപാത്രമല്ലെങ്കിലും. സുരേഷ് ഗോപിയെന്ന നടന്‍(?) ഇനിയും താന്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടാക്കിയാല്‍ കൊള്ളാം. പ്രൊഫഷണല്‍ നാടകങ്ങളിലെ ഭാവാഭിനയവുമായി ക്ലോസ് അപ് ഷോട്ടുകളില്‍ പോലും വരുന്നതാണ് അഭിനയം എന്ന് അദ്ദേഹവും സിനിമാ പ്രവര്‍ത്തകരും ധരിച്ചുവെച്ചിട്ടുണ്ടേങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു!
കൂടുതല്‍ പറയാനില്ല, മൈനസ് പോയന്റുകള്‍ പറയണമെങ്കില്‍ മിനിമം രണ്ടു പോസ്റ്റെങ്കിലും വേണം.
പെണ്‍ വാണിഭവും, അച്ഛന്റെ ദു:ഖവും,മകളുടെ മരണവും, സമൂഹ മനസ്സാക്ഷിയും, നീതി നിഷേധവും, ഉപദേശവുമെല്ലാം ഇഷ്ടപെടുന്ന പ്രേക്ഷകരുണ്ടെങ്കില്‍ ചിലപ്പോള്‍ ജനകന്‍ ഇഷ്ടപ്പെടും അതല്ലാ എന്നുള്ളവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നായകന്‍‘ കാണുക. കാരണം, ആരുടെയും ദീര്‍ഘകാല അസിസ്റ്റന്റാകാതെ, പരിമിതമായ ബഡ്ജറ്റില്‍, പോപ്പുലര്‍ താരങ്ങളില്ലാതെ എങ്ങിനെ ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാം എന്ന് ആ പുതുമുഖ സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. സ്റ്റാര്‍ ഡയറക്ടര്‍മാര്‍ എന്ന് വിശേഷിക്കപ്പെടൂന്ന ജോഷിയേക്കാളും ഷാജികൈലാസിനേക്കാളും ഒരു പാട് ഒരുപാട് മുകളില്‍...
പിന്‍ കുറിപ്പ് : സജ്ജീവ് എന്ന ഡയറക്ടര്‍ കുറച്ചു കാലം കൂടി അസോസിയേറ്റ് ഡയറക്ടര്‍ ആയി നില്‍കുന്നതാകും അദ്ദേഹത്തിനും മലയാള സിനിമക്കും നല്ലത്.