Tuesday, November 29, 2011

സ്വപ്ന സഞ്ചാരി - റിവ്യൂ

സിനിമാ സമരങ്ങളുടേയും ചർച്ചകളുടേയും നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നാണ് 'ഗദ്ദാമ'ക്ക് ശേഷം കെ ഗിരീഷ് കുമാറെഴുതി കമൽ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി'. 'കൈക്കുടന്ന നിലാവ്' എന്ന തന്റെ ചിത്രത്തിനു ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്ന എന്ന സവിശേഷതയും കുടുംബകഥകളുടെ സംവിധായകനും നായകനും എന്ന പ്രൊമോഷനുമൊക്കെയായി സ്വപ്നസഞ്ചാരി പ്രേക്ഷകന്റെ മുന്നിലേക്കെത്തുമ്പോൾ പക്ഷെ, നല്ല സിനിമ കാണാനുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന് ചുരുക്കിയെഴുതാം.

പ്രവചനീയമായ കഥയും കഥാഗതിയും ചിത്രാന്ത്യവുമാണ് ചിത്രത്തിന്റെ മുഖ്യപോരായ്മ. കഴിഞ്ഞ കാലങ്ങളിൽ കണ്ട കുടുംബചിത്രങ്ങളുടെ സ്വഭാവവും സന്ദർഭങ്ങളുമാണ് ചിത്രത്തിലുടനീളം. തന്റെ പരിചയ സമ്പന്നതകൊണ്ട് വൃത്തിയായി അണിയിച്ചൊരുക്കാൻ കമലിനു കഴിഞ്ഞു എന്ന് മാത്രമാണ് പ്രത്യേകത. അതു കൊണ്ട് തന്നെ സീരിയൽ സ്നേഹികളും പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകരുമുണ്ടേങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിനായേക്കും. പക്ഷെ നവ ആഖ്യാന രീതികളും കഥപറച്ചിൽ രീതികളുമായി പുതിയ തലമുറ കടന്നു വന്നുകൊണ്ടിരിക്കുന്ന/ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സിനിമകളുടെ ഇക്കാലത്ത് ഈയൊരു ചിത്രം പഴയ അച്ചിൽ തീർത്ത പ്രൊഡക്റ്റ് തന്നെയാണ്. സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സംവിധായകൻ കൂടി കളം മാറ്റിച്ചവിട്ടേണ്ടിവരുമെന്നർത്ഥം.

പ്ലോട്ട് : അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Thursday, November 10, 2011

മനോരമയെന്ന മനോരോഗി

സവര്‍ണ്ണ പ്രഭുക്കളും കൂട്ടാളികളും നിരായുധനായ ഒരു കീഴാളനെ ചവിട്ടിമെതിച്ചു മൃതപ്രായനാക്കിയ കഥകള്‍ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വെറും കഥയോ കെട്ടുകഥകളോ അല്ലെന്ന് കണ്ടെത്താം. പക്ഷെ, കാലത്തിന്റെ മുന്നോട്ടുള്ള ഗതിയിലും തൊഴിലാളി - രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സാമൂഹ്യ ഇടപെടലുകളിലും നാള്‍ വഴി വിപ്ലവങ്ങള്‍ കേരള സമൂഹത്തില്‍ മാറ്റം വരുത്തുകയും തദ്വാരാ കേരള സമൂഹം പുരോഗതിയിലേക്ക് കടന്നു വരികയും ചെയ്തു. എങ്കിലും മാടമ്പിത്തരത്തിന്റെയും സവര്‍ണ്ണതയുടേയും വിഷ വിത്തുകള്‍ ഇന്നും സമൂഹത്തിലും ചില മനസ്സുകളിലും മുളപൊട്ടാന്‍ കാത്തിരിക്കുന്നത് സൂഷ്മമായി വീക്ഷിച്ചാല്‍ കാണാം. അധികാര സ്ഥാപനങ്ങളായും മറ്റും അവരിന്നും നിരായുധനെ കൂട്ടത്തോടേ ആക്രമിക്കുന്നതും കാണാം. അത്തരമൊരു കൂട്ടാക്രമണമായിരുന്നു കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ ‘നിയന്ത്രണ രേഖ’ എന്ന മാടമ്പിമാര്‍ പങ്കെടൂക്കുന്ന പരിപാടിയില്‍ നടന്നത്

ഷാനി പ്രഭാകരന്‍ എന്ന് പേരുള്ള അവതാരകയും ബാബുരാജ്, എം എ നിഷാദ്, ലിജോ ജോസ് പല്ലിശ്ശേരി എന്നീ സംവിധായകരും(?) ഡോ. സി ജെ ജോണ്‍ എന്ന മനശാസ്ത്ജ്ഞന്‍ എന്നിവരും ചാനല്‍ കാശ് കൊടുത്ത് സ്റ്റുഡിയോലിരുത്തിയ കുറേ യുവാക്കളും അടങ്ങുന്ന വലിയൊരു സംഘം സന്തോഷ് പണ്ഡിറ്റെന്ന ഒരു ചെറുപ്പക്കാരനെ വട്ടം വളഞ്ഞിരുന്നാക്രമിക്കുന്ന ഒരു അശ്ലീല കാഴ്ച മനോരമയെന്ന ചാനലില്‍ കണ്ടു. എന്തടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ഇവര്‍ ആക്രമിച്ചതെന്നും എന്തിനുവേണ്ടിയാണെന്നും എന്തവകാശമുണ്ടെന്നും എത്ര ആലോചിച്ചിട്ടും ഈ ലേഖകനു മനസ്സിലായില്ല.

‘ബ്ലാക്ക് ഡാലിയ’ ‘മനുഷ്യമൃഗം’ എന്നീ രണ്ടു വൈകൃതങ്ങള്‍ സംവിധാനം ചെയ്തതും വാണി വിശ്വനാഥ് എന്നൊരു നടിയെ വിവാഹം കഴിച്ചതുമാണ് ബാബുരാജ് എന്നൊരു വ്യക്തിയെ ഈ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ ഇരുത്തിയത് എന്നാണ് എന്റെ നിഗമനം. അല്ലാതെ മറ്റെന്താണ് അങ്ങേര്‍ക്ക് യോഗ്യത. അമറേസ് പെറോസ്, ബാബേല്‍ എന്നിവയടക്കം നിരവധി വിദേശ ചിത്രങ്ങള്‍ കോപ്പിയടിച്ച് ‘സ്വന്തമായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു‘ എന്നതാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ യോഗ്യത. സാമൂഹ്യപ്രസക്തിയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടേങ്കിലും എം എ നിഷാദ് എന്ന സംവിധായകന്റെ അവസാനം ചിത്രമായ ‘ബെസ്റ്റ് ഓഫ് ലക്ക്” എം എ നിഷാദ് വരെ മുഴുവന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് പോലും അഭിപ്രായമില്ല. പിന്നെ കാശ് വാങ്ങി സ്റ്റുഡിയോലിരുന്ന കുറേ ചെറുപ്പക്കാര്‍. അവര്‍ എന്തിനും കയ്യടിക്കുന്നുണ്ടായിരുന്നു. എം എ നിഷാദ് മലയാള സിനിമയെ കുറ്റം പറഞ്ഞപ്പോഴും, സന്തൊഷ് ബുദ്ധിമാനെന്ന് പറഞ്ഞപ്പോഴും, ലിജോ ജോസ് സന്തോഷിനെ ആദ്യം സപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും ബാബുരാജ് സന്തോഷിന്റെ തന്തക്ക് വിളിച്ചപ്പോഴും മനോരോഗിയെന്ന് വിളിച്ചപ്പോഴും അങ്ങിനെ എന്തിനും ഏതിനും ഈ വിഡ്ഢിക്കൂട്ടം കയ്യടിക്കുന്നുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ നിരവധി സിനിമകളെടുത്ത് കാന്‍ അവാര്‍ഡ് വാങ്ങിയ ആളെന്ന നിലയില്‍ ഒന്നര മുറുക്കിയുടുത്ത് സന്തോഷിനെ അപമാനിക്കാന്‍ ഷാനി പ്രഭാകരന്‍ പരിപാടി തീരുംവരെ മുന്നിട്ടു നിന്നിരുന്നു.

മനോരമാ ന്യൂസിനോട് വല്ലാത്ത സഹതാപം തോന്നുന്നു, സന്തോഷ് പണ്ഡിറ്റ് എന്ന ചെറുപ്പക്കാരന്‍ (മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവരെ ചെറുപ്പക്കാര്‍ എന്നു വിളിക്കാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിനെ നൂറുവട്ടം വിളിക്കാം) ആരെയും വഞ്ചിക്കാതെ, കൂട്ടിക്കൊടുക്കാതെ, സ്വന്തം പണം മുടക്കി ‘കൃഷ്ണനും രാധയും” എന്നൊരു സിനിമയെടുത്തത് ഇത്രവലിയ തെറ്റാണോ? അയാള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പ്രസിദ്ധിയുടേ ഓരം പറ്റി അയാളിട്ട പ്രസിദ്ധിയുടേ അപ്പിക്കഷ്ണം നക്കി വിശപ്പു മാറ്റാന്‍ ശ്രമിച്ച മനോരമയല്ലേ ഏറ്റവും വലിയ തെണ്ടി? നിരായുധനായ ഒരു വ്യക്തിയെ സംഘം ചേര്‍ന്ന് അപമാനിക്കുന്നതും ആക്രമിക്കുന്നതും വലിയൊരു സാമൂഹ്യദൌത്യമാണെന്ന് മനോരമക്കും മലയാള സിനിമയിലെ കൃമികീടങ്ങള്‍ക്കും തോന്നുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് സത്യത്തില്‍ നിങ്ങള്‍ക്ക് തന്നെയാണ്. സന്തോഷിനല്ല.

സന്തോഷ് ഉന്നയിച്ച ഒരു ചോദ്യത്തിനും വ്യക്തമോ കൃത്യമോ ഉത്തരം പറയാന്‍ ശ്രമിക്കാതെ, കഴിയാതെ, അയാള്‍ ഒരു മനോരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് എന്തിനു വേണ്ടിയാണ്? ഉത്തരം സ്പഷ്ടമാണ്. സന്തോഷ് നേടിയെടുത്ത പബ്ലിസിറ്റി സ്വന്തം ഉദരപൂരണത്തിനു ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ ചെടിപ്പാണ് മനോരമക്ക്, അയാളുടേ പ്രസിദ്ധിയില്‍ അസൂയ പൂണ്ടതിന്റെ കലിപ്പാണ് മലയാള സിനിമാക്കാര്‍ക്ക്. കൃഷ്ണനും രാധയിലെ ഒരു ഗാനങ്ങളും ചാനലിലെ സംഗീത പരിപാടികളില്‍ വരുന്നില്ല, കാരണം ചാനലിനു പണം കൊടുത്ത് ടെലികാസ്റ്റ് ചെയ്യാന്‍ സന്തോഷ് ഒരു ചാനലിനും തന്റെ ഗാനങ്ങള്‍ നല്‍കിയിട്ടില്ല എന്നതു തന്നെ.

കൃഷ്ണനും രാധയും തീര്‍ച്ചയായും കലാപരതയുടേ ആവിഷ്കരണത്തില്‍ മോശമാണ്‍, കലയുടെ ലാവണ്യരീതികള്‍ പ്രകടമാക്കുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ട്, എന്നാല്‍ അതിനു മീതെ നിര്‍ത്താവുന്ന എത്ര സിനിമകളുണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാളത്തിലിറങ്ങിയതില്‍? തീര്‍ച്ചയായും ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് ഡാലിയയും മനുഷ്യമൃഗവും എം എന്‍ നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കും സന്തോഷിന്റെ കൃഷ്ണനും രാധയും തമ്മില്‍ താരതമ്യം ചെയ്താല്‍ ഒരു സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമകള്‍ തമ്മില്‍ നിലവാരത്തിന്റെ കാര്യത്തില്‍ എനിക്ക് യാതൊരു വ്യത്യാസവും തോന്നുന്നില്ല. എന്തിനേറെ, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ ചേര്‍ന്നഭിനയിച്ച “ചൈനാ ടൌണ്‍” എന്ന 2011ലെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിലവാരത്തേക്കാള്‍ അല്പം ഭേദമാണ് കൃഷ്ണനും രാധയും എന്ന സിനിമ എന്ന് ഞാന്‍ വിലയിരുത്തുന്നു. ഇത് വെറുമൊരു തമാശയല്ല, മുപ്പതിലേറെ വര്‍ഷമായി മലയാളസിനിമയിലുള്ള മോഹന്‍ലാലും അത്രതന്നെ വര്‍ഷങ്ങള്‍ പരിചയമുള്ള സഹതാരങ്ങളും റാഫി മെക്കാര്‍ട്ടിന്‍ എന്ന സംവിധായകനും മെച്ചപ്പെട്ട സൌകര്യങ്ങളും 7 കോടിയിലധികം മുടക്കുമുതലും ഉണ്ടായിട്ടും ഈ സംഘത്തിനു ചൈനാ ടൌണ്‍ എന്നൊരു കൂതറ പടച്ചുണ്ടാക്കാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിനു തന്റെ ജീവിതത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, 10 ലക്ഷത്തില്‍ താഴെ മുടക്കു മുതലുള്ള ഒരു സിനിമക്ക് ഈ നിലവാരമാകാം. അത്രയെങ്കിലുമുണ്ടെങ്കില്‍ പോലും അതല്‍ഭുതമാണ്. നിരവധി വര്‍ഷങ്ങളുടെ പരിചയസമ്പത്തുമായി മലയാള സിനിമയിലെ ലബ്ധപ്രതിഷ്ടര്‍ ചീഞ്ഞളിഞ്ഞ സിനിമകള്‍ ചെയ്യുന്നിടത്താണ്, യാതൊരു മുന്‍പരിചയവുമില്ലാതെ ഒരാള്‍ സിനിമയെടുക്കുന്നത് എന്നാലോചിക്കണം.

പിന്നെ, ‘നിയന്ത്രണരേഖ‘യില്‍ കാശ് വാങ്ങി ചിരിക്കാനും കയ്യടിക്കാനും കയറിയിരുന്ന കുറേ പ്രേക്ഷക കൂട്ടങ്ങള്‍! അവരെക്കുറിച്ച് എന്ത് പറയാന്‍? കൈ നിറയെ പച്ച നോട്ടൂകള്‍ വെച്ചു കൊടൂത്താല്‍ അമ്മയേയും മകളേയും കൂട്ടിക്കൊടുക്കാന്‍ തയ്യാറാവുന്ന മലയാളികള്‍ക്കിടയില്‍ ഒരു ചാനലിന്റെ രഹസ്യ അജണ്ട പൂര്‍ത്തിയാക്കാന്‍ വേണ്ടി കോമാളി വേഷം കെട്ടാന്‍ എത്ര പേരെ വേണം?

വാല്‍ക്കഷ്ണം : ഏത് സിനിമയുടെ ലൊക്കേഷനിലിരുന്നും മലയാള സിനിമാ (കു)ബുദ്ധിജീ‍വികള്‍ പറയും “ മലയാള സിനിമയില്‍ ഇതുവരെ പ്രതിപാദിക്കാത്ത തികച്ചും പുതുമയുള്ളതും വ്യത്യസ്ഥവുമായ സിനിമയാണിത്...”എന്ന്. രണ്ടാം ദിവസം ഹോള്‍ഡോവര്‍ ആകുന്ന അതേ സിനിമയെകുറിച്ച് മൂന്നാം ദിവസം ചാനലിരുന്നു ടോക്ക് ഷോ നടത്തും, സൂപ്പര്‍ഹിറ്റാക്കിയ പ്രേക്ഷകനു നന്ദി പറഞ്ഞ്...മൂന്നാം മാസം അതേ സിനിമ “ബ്ലോക്ക് ബസ്റ്റര്‍ സിനിമ’ എന്ന പേരില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കും. ആ ‘മാന്യന്മാരാണ്‘ ഒരു സിനിമ ചെയ്തതിന്റെ പേരില്‍ സന്തോഷ് പണ്ഡിറ്റിനെ കുരിശില്‍ തറക്കുന്നത്...മനോരോഗിയാക്കുന്നത്..... കേഴുക പ്രിയനാടെ...