Tuesday, February 28, 2012

നിദ്ര(2012)-സിനിമാറിവ്യു


അന്തരിച്ച സംവിധായകൻ ഭരതൻ, രചനയും സംവിധാനവും നിർവ്വഹിച്ച് 1984 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നിദ്ര'. വിജയ് മേനോനും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച നിദ്രയുടെ റീമേക്കാണ് 2012ലെ നിദ്ര. സംവിധാനം, അന്തരിച്ച ഭരതന്റെ മകൻ സിദ്ധാർത്ഥ്. തിരക്കഥ അഡാപ്റ്റ് ചെയ്തിരിക്കുന്ന സന്തോഷ് എച്ചിക്കാനത്തോടൊപ്പം സിദ്ധാർത്ഥും, ഒപ്പം പ്രധാന വേഷവും ചെയ്തിരിക്കുന്നു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മൂന്നു പ്രധാന വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ഭരതന്റെ ആദ്യ സിനിമാ സംരംഭം (മുൻപ് സംവിധായകൻ കമലിന്റെ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ നടനായി രംഗപ്രവേശം ചെയ്ത്, കാക്കക്കറുമ്പൻ, രസികൻ അടക്കം കുറച്ച് ചിത്രങ്ങളിൽ അഭിനയിക്കുക കൂടി ചെയ്തിട്ടൂണ്ട് സിദ്ധാർത്ഥ്)

എൺപതുകളുടെ സമാന്തര സിനിമാ വിഭാഗത്തിലാണ് പഴയ നിദ്ര പുറത്തിറങ്ങിയത്. താരതമ്യേന അപ്രശസ്തരോ താരങ്ങളല്ലാത്തവരോ ആയ അഭിനേതാക്കളെ അണിനിരത്തിയ പഴയ നിദ്ര പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടി. പ്രധാന കഥാപാത്രത്തിന്റെ മാനസിക യാത്രയും-അസ്വസ്ഥതകളുമാണ് നിദ്രയുടെ പ്രധാന പ്രമേയം. പ്രധാന കഥാപാത്രങ്ങളിൽ മാത്രം കേന്ദ്രീകൃതമായ ചിത്രം പ്രണയഭാവങ്ങളൂടേയും ദൃശ്യസമ്പന്നതയുടേയും കാഴ്ചകളായിരുന്നു. നിദ്ര 2012ലെത്തുമ്പോൾ കഥയെ കാലഘട്ടത്തിനനുസരിച്ച് പുതുക്കിപ്പണിതിട്ടുമുണ്ട്. താരങ്ങളോ ജനപ്രിയ നടന്മാരോ അണി നിരക്കാത്ത നിദ്ര ചുരുക്കത്തിൽ നവ സംവിധായകന്റെ പരിചയക്കുറവുകളെ ചിലയിടങ്ങളിൽ എടൂത്തുകാണിക്കുന്നുണ്ടെങ്കിലും വളരെ ഭേദപ്പെട്ട ഒരു സൃഷ്ടിയാകുന്നുണ്ട്. സിദ്ധർത്ഥിന്റെ ആദ്യ സംരംഭമെന്ന നിലക്ക് പ്രത്യേകിച്ചും.

റിവ്യൂ വിശദമായി വായിക്കുവാനും കഥാസാരം അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, February 26, 2012

ഈ അടുത്ത കാലത്ത് - സിനിമാറിവ്യു


സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു. കുടുംബങ്ങളൂടെ കുടിപ്പകയും, ഗ്രാമത്തിലെ/ഇടവകയിലെ വിഗ്രഹ/പൊൻ കുരിശു മോഷണങ്ങൾ, ഉത്സവ / പെരുന്നാളു നടത്താനുള്ള അവകാശത്തർക്കങ്ങൾ പഴയ ബോംബേന്നു വരുന്ന ദാദോം കീ ദാദ, അധോ‍ലോകം, ശാസ്ത്രീയ-ഹിന്ദുസ്ഥാനി സംഗീതമയം, അങ്ങിനെ ഏതൊക്കെ വഴിക്ക് ചുറ്റിപ്പടർന്ന് പോയാലും അമ്പല-പള്ളി മുറ്റത്തെ കൂട്ടത്തല്ലിലോ, പണിതീരാത്ത കെട്ടിടസമുച്ചയത്തിലോ, കല്യാണപ്പന്തലിലോ, കൊച്ചിയിലെ കണ്ടെയ്നർ കൂമ്പാരത്തിലോ മറ്റുമായി അവസാനിക്കുകയായിരുന്നു നമ്മുടെ കമേഴ്സ്യൽ മലയാള സിനിമ.സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത് ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന നാട്യമൊഴിയിറക്കും. ഇതിനിടയിലൊക്കെ പുതുതലമുറയുടെ പുതു ചലനത്തിന്റെ ചില തിളക്കങ്ങൾ മിന്നിമറഞ്ഞെങ്കിലും അതൊന്നും കാണാൻ കാഴ്ചാശീലങ്ങൾ അനുവദിച്ചില്ല, പലരേയും. 2011 ന്റെ തുടക്കം മുതലാണ് മലയാളസിനിമയിൽ പുതുഭാവുകത്വങ്ങൾ പൂർണ്ണമായും തലയുയർത്തിവന്നത് എന്ന് സാമാന്യേന പറയാം. ട്രാഫിക്, സോൾട്ട് & പെപ്പർ, സിറ്റി ഓഫ് ഗോഡ്, ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ തുടങ്ങിയ പുതു സിനിമകൾ പുതിയ തലമുറകളുടെ ആഖ്യാന-ആസ്വാദന ശീലങ്ങളുടെ നേർപകർപ്പുകളായി. ഈ ജനുസ്സിൽ‌പ്പെട്ട പല സിനിമകൾക്കും വിദേശ സിനിമകളുടെ പകർപ്പെന്ന ആരോപണം (അല്ല, സത്യം) ഉണ്ടായെങ്കിലും ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്ന മലയാള സിനിമയിൽ പുതിയ രീതികളെ പരീക്ഷിക്കാൻ (കടം കൊണ്ടതാണെങ്കിലും) പലരും ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന പുതിയ കാഴ്ചകൾ ഉണ്ടായി എന്നതാണ് ആശ്വസകരം. വർഷങ്ങൾക്ക് മുൻപേ ഹിന്ദി സിനിമാലോകത്ത് വ്യാപകമായ മൾട്ടിപ്ലെക്സ് സിനിമാ സംസ്കാരത്തിന്റെ രീതികൾ പക്ഷേ, മലയാളത്തിൽ തുടങ്ങുന്നതേയുണ്ടായുള്ളു. 2011 തുടക്കത്തിലെ ‘ട്രാഫിക്’ എന്ന നോൺ ലീനിയർ സിനിമ ഇൻഡസ്ട്രിയിലെ പുതിയ ആളുകളെ അത്തരത്തിലുള്ള സിനിമകളെടുക്കാൻ ആവേശം കൊള്ളിച്ചു. അതിന്റെ തുടർച്ചയിൽ ഇപ്പോൾ അവസാനം വന്നൊരു സിനിമയാണ് “ ഈ അടുത്ത കാലത്ത്”

പേരു സൂചിപ്പിക്കുന്നപോലെതന്നെ ഇതൊരു വ്യത്യസ്ഥമായ സിനിമയും കൂടിയാണ്, നായകനും വില്ലനും നായികയും അവർക്ക് ചുറ്റുമുള്ള നർമ്മ-സങ്കട-സംഘട്ടന രംഗങ്ങളെ പകുത്തുവെച്ചൊരു സ്ഥിരം വാർപ്പു മാതൃകയിലല്ല, പകരം വ്യത്യസ്ഥ സിനിമകളെ നെഞ്ചേറ്റാൻ തയ്യാറായ പുതു പ്രേക്ഷകരെ പ്രതീക്ഷിച്ചുകൊണ്ടുള്ള നോൺ ലീനിയർ ആഖ്യാന ശൈലിയിലുള്ള സിനിമ തന്നെയാണിതും. അതുകൊണ്ട് തന്നെ ഇതിൽ നായകനില്ല, നായികയില്ല, വില്ലനോ, കൊമേഡിയന്മാരോ അങ്ങിനെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളോ സന്ദർഭങ്ങളൊ ഇല്ല. കാഴ്ചപ്പാടുകളിൽ ചില പിന്തിരിപ്പൻ നിലപാടുകളെ പൂർണ്ണമായും കുടഞ്ഞു കളയാൻ ഈ സിനിമക്കായിട്ടുണ്ടോ എന്നതൊരു ചിന്താവിഷയമാണ്, മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ അവിടവിടെ ഇപ്പോഴും ബാക്കിവെച്ചിട്ടുതന്നെയാണ് പുതുഭാവുകത്വങ്ങളെ പേറുന്ന പുതുതലമുറയുടെ ഈ ചിത്രവും കടന്നു പോകുന്നത്. എങ്കിലും ഉദാത്തവും ഉത്കൃഷ്ടവുമെന്ന് ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കിലുക്കമുള്ള പുളിച്ചു തികട്ടിയ പഴംകഞ്ഞി സിനിമകളേക്കാൾ പ്രമേയ-ദൃശ്യ-ആഖ്യാന-അഭിനയ ഘടകങ്ങളിൽ തികച്ചും പുതുമ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, February 18, 2012

ഈ തിരക്കിനിടയിൽ - സിനിമ റിവ്യു


മലയാള സിനിമയും, ആഖ്യാനരീതികളും ആസ്വാദക വൃന്ദവും ഏറെ മാറിയെങ്കിലും അതൊന്നും തിരിച്ചറിയാതെ ഇപ്പൊഴും വള്ളുവനാടിനും അതിന്റെ ഭാഷക്കും, തറവാടും, പാടവും, കുളവും, മനയും, ഗ്രാമീണ നിഷ്കളങ്ക യുവതിക്കുമൊക്കെ മലയാള സിനിമയിൽ പ്രമുഖമായ സ്ഥാനമോ അല്ലെങ്കിൽ അങ്ങിനെയുള്ള കഥകളേ സിനിമക്കു ചേരുകയുള്ളുവെനന്നൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കൂട്ടം നവപ്രതിഭ(?)കളുടെ, ചർവ്വിതചർവ്വണം ചെയ്യപ്പെട്ട സിനിമാക്കഥ-ആവിഷ്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമാസ് ആലുക്കൽ നിർമ്മിച്ച് പി ആർ അജിത്കുമാർ തിരക്കഥയെഴുതി അനിൽ കാരകുളം സംവിധാനം ചെയ്ത് വിനുമോഹൻ പ്രധാന കഥാപാത്രമായി നടിച്ച “ ഈ തിരക്കിനിടയിൽ” എന്ന ചിത്രം.

പ്രധാനമായും സ്ക്രിപ്റ്റ്, സംവിധാനം, സംഗീതം, നിർമ്മാണം എന്നിവയിലൊക്കെ തികച്ചും നവാഗതരാണ് ഈ സിനിമക്കു പിന്നിൽ (പിന്നണിയിൽ പിന്നേയും നിരവധി പേരുണ്ട് പുതുതായി) മലയാള സിനിമയിൽ ഇന്ന് കാണുന്ന പുതിയ മാറ്റങ്ങൾക്ക് പിന്നിൽ നവാഗതാരായെത്തുന്നവരോ താരതമ്യേന ഇൻഡസ്ട്രിയിൽ പുതുമുഖങ്ങളായവരോ ആണെങ്കിൽ “ഈ തിരക്കിനിടയിൽ“ എന്ന സിനിമക്കു പിന്നിലെ പുതിയ പ്രതിഭകളിൽ ഈ സിനിമകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷ പുലർത്തുക വയ്യ. അതിനുമാത്രമുള്ള മിന്നലാട്ടങ്ങളൊന്നും ഈ സിനിമയില്ല. ക്യാമറക്കു മുൻപിലും പിന്നിലും പരിചയക്കുറവിന്റേയും പ്രതിഭാദാരിദ്രത്തിന്റേയും നിരവധി തെളിവുകൾ ഉണ്ടുതാനും.

വിശദമായ റിവ്യൂവിനും സിനിമയുടെ വിശദവിവരങ്ങൾക്കും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Thursday, February 16, 2012

മുല്ലശ്ശേരി മാധവൻകുട്ടി നേമം പി ഒ-സിനിമാറിവ്യു


ആട്ടുകട്ടിലും, പൂമുഖവും, കിണ്ടിയുമുള്ളൊരു തറവാട്, സ്നേഹമയിയായ അമ്മ, ഇടക്ക് പരിഭവിക്കുമെങ്കിലും സർവ്വം സഹയായ ഭാര്യ, കുസൃതിക്കുടുക്കയായ മകൾ. നായകൻ നായരെന്നു മാത്രമല്ല നന്നായി പാട്ടുപാടും, വയലിൻ വായിക്കും കളിവീണ മീട്ടി മകളെ സന്തോഷിപ്പിക്കും. നായകൻ ആട്ടുകട്ടിലിരുന്നു വയലിൻ വായിക്കുമ്പോൾ ഭാര്യ ഭരതനാട്യമാടും, പ്രാരാബ്ദവും കഷ്ടപ്പാടുമൊക്കെയുണ്ടെങ്കിലും ആദർശവാനായ അന്തരിച്ച അച്ഛനെക്കുറിച്ച് നായകൻ നെടുവീർപ്പിടും, പരോപകാരി, ദയാശീലൻ, നിഷ്കളങ്കൻ. ഇതൊക്കെയാണ് നേമത്തെ മുല്ലശ്ശേരി തറവാട്ടിലെ മാധവൻ കുട്ടി. പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്നപ്പോൾ തല്ലുകൊള്ളിയായിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു. അന്ന് ആ കൂട്ടുകാരനു മിഠായി കൊടുത്തില്ലെന്നോ, ഐസ് ഫ്രൂട്ട് കൊടുത്തില്ലെന്നോ, മഷിത്തണ്ട് കടം വാങ്ങിയിട്ട് തിരിച്ചു കൊടുത്തില്ലെന്നോ അങ്ങിനെയെന്തോ കാരണത്താൽ ആ കൂട്ടുകാരൻ പത്തിരുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും ഈ മാധവൻ കുട്ടിയോട് ‘അടങ്ങാത്ത പക’യുമായി നടക്കുകയാണ്. മാധവൻ കുട്ടി ഏജീസ് ഓഫീസിലെ ക്ലർക്കായി. പക്ഷെ കളിക്കൂട്ടുകാരൻ സമ്പന്നനായി,സിനിമാ പിടുത്തം തുടങ്ങി. അതറിയാതെ മാധവൻ കുട്ടിയുടെ മറ്റൊരു സുഹൃത്തിന്റെ ക്ഷണപ്രകാരം ടിയാന്റെ സിനിമാസെറ്റിൽ നിന്നു ഒരു ചായ കുടിച്ചെന്ന കാരണത്താൽ ഈ കളിക്കൂട്ടുകാരൻ മാധവൻ കുട്ടിയെ അപമാനിച്ചു, അതും പോരാഞ്ഞ് മാധവൻ കുട്ടി സ്മാളടിക്കുന്ന ബാറിലും ചെന്ന് പഴയ മഷിത്തണ്ടിന്റെ പേരും പറഞ്ഞ് അപമാനിച്ചു. തറവാട്ടിൽ തറവാടിയായ മുല്ലശ്ശേരി തറവാട്ടിലെ മാധവൻ കുട്ടി നായർക്ക് സഹിക്കുമോ? ആ ബാറിൽ വെച്ചു തന്നെ മാധവൻ നായർ അങ്കം കുറിച്ചു. “ഇന്നേക്ക് ആറു മാസത്തിനുള്ളിൽ ഞാനൊരു സിനിമ നിർമ്മിച്ച് കാണിക്കും...ഗാവിലമ്മയാണേ..സത്യം..അ...സത്യം..” നിഷ്കളങ്കനും സൽഗ്ഗുണ സമ്പന്നനുമായ നായരുടെ സിനിമാപിടുത്തവും കഷ്ടപ്പാടും അലച്ചിലും, ഭാര്യയുടെ പിണക്കവും ഇറങ്ങിപ്പോക്കൂം ഒടുക്കം എല്ലാ തടസ്സങ്ങളും അതി ജീവിച്ച് സിനിമ റിലീസാകുന്നതും (ഏതു മലയാള സിനിമയിലുമെന്നപോലെ) മാധവൻ കുട്ടിയുടെ ഈ സിനിമയും സൂപ്പർ ഹിറ്റാവുകയാണ്. സൂപ്പർ ഹിറ്റായ ആ സിനിമയുടെ ലാഭ വിഹിതത്തിൽ നിന്ന് തനിക്കുണ്ടായ ലക്ഷങ്ങളുടെ കടങ്ങൾ വീട്ടുന്നു. പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വരുന്നു എല്ലാവരും മംഗളം പാടി സിനിമ അവസാനിപ്പിക്കുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദവിവരങ്ങൾക്കും എം3ഡിബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Monday, February 6, 2012

സെക്കന്റ് ഷോ ( Second show) - റിവ്യൂ

പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകളുമായും താരങ്ങളില്ലാതെയും കഴിഞ്ഞ വർഷം റിലീസായട്രാഫിക്ആയിരുന്നു 2011ന്റെ തുടക്കം. അതിന്റെ വിജയത്തിൽ നിന്നാവാം കുറച്ചെങ്കിലും നല്ലതും ഭേദപ്പെട്ടതുമായ ചിത്രങ്ങൾ കഴിഞ്ഞ വർഷം മലയാളത്തിലുണ്ടായി. പക്ഷെ 2012 ലെ ഇതുവരെയുള്ള റിലീസ് ചിത്രങ്ങളിൽ ഒന്നിനുപോലും പുതുമയോ വ്യത്യസ്ഥതയോ ഉണ്ടായിരുന്നില്ല. പക്ഷെ വർഷം ഫെബ്രുവരിയിലെ ആദ്യ റിലീസായ പി എൽ എന്റെർടെയ്മെന്റ് നിർമ്മിച്ച് നവാഗതരായ വിനു വിശ്വലാൽ തിരക്കഥയെഴുതി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തസെക്കന്റ് ഷോപ്രമേയപരമായി പുതുമകളൊന്നും പറയുന്നില്ലെങ്കിലും ആവിഷ്കാരത്താലും അഭിനയത്തിലും ചില പുതുമകളും അല്പം വേറിട്ട വഴികളുമൊക്കെയായി മലയാള സിനിമയിലെത്തിയിട്ടുണ്ട്. ക്യാമറയുടെ മുന്നിലും പുറകിലുമായി നിരവധി പുതുമുഖങ്ങൾ അണിനിരത്തിയ ചിത്രം നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സിനിമാ സംരംഭമാണ്. ആദ്യ ചിത്രത്തിന്റെ സമ്മർദ്ദവും പരിചയക്കുറവും സിനിമയുടെ ചില പോരായ്മകളായി ഉണ്ടെങ്കിലും കോടികൾ ചിലവഴിച്ചു ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്ന, ലബ്ധപ്രതിഷ്ഠരുടെ പാതി വെന്ത മസാലക്കൂട്ടുകൾക്കിടയിൽ സിനിമ പുതു തലമുറയുടെ വേറിട്ട സിനിമാ കാഴ്ചയാകുന്നുണ്ട്. (മലയാളത്തിലെ നടൻ മമ്മൂട്ടിയുടെ മകൻ ദുൽഖൻ സൽമാൻ ആദ്യമായി നായകനാകുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്).

മലയാള സിനിമയിലും ഏറെപ്പറഞ്ഞ ക്വൊട്ടേഷൻ കഥതന്നെയാണ് ആദ്യ ചിത്രത്തിനു വേണ്ടി പുതു സംവിധായകനും തിരക്കഥാകൃത്തും തിരഞ്ഞെടുത്തത്. എങ്കിലും അതിനെ ആഖ്യാനത്താൽ പുതുമയുള്ളതാക്കാൻ കഴിഞ്ഞിട്ടുണ്ട്. മിഴിവാർന്ന കഥാപാത്രങ്ങളും അവർക്ക് ചേരുന്ന സംഭാഷണങ്ങളും, Forced അല്ലാത്ത രീതിയിലുള്ള സിനിമാ സറ്റയറുകൾ, ചില രസകരമായ ജീവിത നിരീക്ഷണങ്ങൾ, കഥാപാത്രങ്ങൾക്ക് പുതുമുഖങ്ങളും അത്ര പോപ്പുലറല്ലാത്ത അഭിനേതാക്കളുമായി ‘സെക്കന്റ് ഷോ’ ഭേദപ്പെട്ടൊരു ചിത്രമാകുന്നുണ്ട്. മലയാളത്തിലെ എസ്റ്റാബ്ലിഷ്ഡ് ആയ തിരക്കഥയെഴുത്തുകാരും സംവിധായകരും എഴുതാനും ചിത്രീകരിക്കാനും മടിക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളുമൊക്കെ ഈ നവാഗതർക്ക് ആത്മവിശ്വാസത്തോടെ പ്രയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്സാര കാര്യമല്ല. (ചിത്രാന്ത്യം ഉദാഹരണം) അമച്വറിസിത്തിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും വിട്ടു പോയിട്ടില്ലെങ്കിലും പുതുമുഖ - താര രഹിത അഭിനേതാക്കളുടെ മികച്ച അഭിനയത്താലും, സ്വാഭാവിക നർമ്മ രംഗങ്ങളാലും അപ്രതീക്ഷിത ട്വിസ്റ്റുകളുമായൊക്കെ ചിത്രം പ്രേക്ഷകനെ രസിപ്പിക്കും.

റിവ്യൂ മുഴുവനായി വായിക്കുവാനും വിശദാംശങ്ങൾക്കും എം3ഡിബിയുടെ ഈ പേജിലേക്ക് പോകുക