Friday, September 16, 2011

സെവനസ് (നോട്ട് സെവന്‍സ്) - റിവ്യൂ


പ്രേംനസീര്‍ യുഗം മുതലേ ഇപ്പോള്‍ പൃഥീരാജ് കാലം വരെ താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും മള്‍ട്ടിസ്റ്റാര്‍സിനേയും നായകനും നായകരുമാക്കി സിനിമയെടുത്ത സംവിധായകനാണ് ജോഷി (ഇപ്പോള്‍ ‘ജോഷിയി‘). അതേ ജോഷി ആദ്യമായി (?) യുവതാരങ്ങളേയും താരതമ്യേന പുതുമുഖങ്ങളേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പവിത്രം ക്രിയേഷന്‍സ് & സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സന്തോഷ് പവിത്രം & സാജൈ സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ഇക്ബാല്‍ കുറ്റിപ്പുറം കഥ, തിരക്കഥ, സംഭാഷണമെഴുതിയ ‘സെവനസ്‘ ( സെവന്‍സ്എന്ന ടൈറ്റില്‍ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത് അതിന്റെ സ്പെല്ലിങ്ങ് S E V E N E S. സംവിധായകന്‍ ജോഷിയായതുകൊണ്ട് അതു ന്യൂമറോളജി നോക്കിയാണെന്നു സംശയിക്കാം. അല്ലെങ്കില്‍ ഏഴു നായകര്‍ക്കു സമമായി സ്പെല്ലിങ്ങ് തികക്കാന്‍ നോക്കിയതാവാം. രണ്ടായാലും അളിഞ്ഞ ബുദ്ധി തന്നെ. സിനിമക്കു ഭാഗഭാക്കായ നൂറു കണക്കിനു പേരുടെ ക്രിയേറ്റിവിറ്റിയേയും അദ്ധ്വാനത്തേയും പരിഹസിക്കുന്നതായിപ്പോയി ഇത്, ഒപ്പം പ്രേക്ഷകനേയും)

രാശി നോക്കി സിനിമ നിര്‍മ്മികുന്ന ജോഷിക്ക് എന്നും പറയാനുള്ളത് ഒരേ ഫോര്‍മാറ്റിലെ ചിത്രങ്ങള്‍ തന്നെയാണ്. അത് ചിലപ്പോള്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും ചിത്രം ചെയ്യാനും വിജയം കൊയ്യാനും ജോഷിയെപ്പോലെ മിടുക്ക് മറ്റാര്‍ക്കുമില്ല (ജോഷിയുടെ വന്‍ വിജയമായിരുന്ന മോഹന്‍ലാല്‍ ചിത്രം “നാടുവാഴികള്‍” വര്‍ഷങ്ങള്‍ക്ക് ശേഷം കഥാപാത്രങ്ങളുടേ ജാതി തിരിച്ചിട്ടും കള്ളക്കടത്ത് കള്ളുകച്ചവടമാക്കി മാറ്റിയും “ലേലം” എന്ന പേരില്‍ വന്‍ വിജയ ചിത്രം തന്നെ ചെയ്തുകളഞ്ഞു ഈ ജോഷി). കാലങ്ങള്‍ മാറി, ആസ്വാദകര്‍ മാറിയെങ്കിലും ഏതു പുതിയ പ്ലോട്ട് / കഥ കിട്ടിയാലും ആദ്യത്തെ പതിനഞ്ചു മിനുട്ടു കഴിഞ്ഞാല്‍ ജോഷിയുടെ പഴയ ഫോര്‍മുല സംവിധായകന്‍ പൊടിതട്ടിയെഴുന്നേല്‍ക്കും പിന്നെ സിനിമ പഴയപോലെ ശതമാനക്കണക്ക് വെച്ച് ഫാമിലി ഡ്രാമ/കോമഡി/ആക്ഷന്‍/ത്രില്ലര്‍/ സെന്റിമെന്റ്സ് അങ്ങിനെ വീതിച്ചു വെച്ച് ഒടുക്കം എല്ലാ താരങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഗോഡൌണിലോ, ആളൊഴിഞ്ഞ കെട്ടിടത്തിലോ, ഹാര്‍ബറീലോ വെച്ച് പരസ്പരം വെടി വെച്ച് തീരും, എല്ലാ പുകയും അടങ്ങുമ്പോള്‍ നായകനും നായികയും അവരുടെ സുഹൃത്തുക്കളും മാതാപിതാക്കളും കണ്ണിരു തുടച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ സിനിമ തീരും. ഏതു പ്രമേയം ചെയ്താലും ഈയൊരു ഫോര്‍മുലയില്‍ ജോഷിക്ക് മാറ്റമൊന്നുമില്ല. (‘റോബിന്‍ ഹുഡ് ‘എന്ന അത്യാധുനിക എ ടി എം റോബറിയുടേ കഥപറയുന്ന സിനിമയും നോക്കുക)

പുതിയ സിനിമ ‘സെവനസ്’ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലാണ്‍ കഥ തുടങ്ങുന്നത്. കോഴിക്കോട് നഗരവും അതിന്റെ ഫുട്ബോള്‍ ഹരവും ഫുട്ബോള്‍ പ്ലെയേഴ്സ് ആയ ഏഴു ചെറുപ്പക്കാരുടെ ജീവിതവുമൊക്കെയായി പുതിയൊരു ബാക്ക്ഡ്രോപ്പാണ്‍ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷെ ആ പശ്ചാത്തലത്തിനു മീതെ പറയാന്‍ പുതിയൊരു കഥയില്ലാതെ പോയതും പറഞ്ഞ കഥക്ക് പുതിയ ആഖ്യാനമില്ലാതെപോയതും സിനിമയെ എല്ലാ ഘടകത്തിലും സമ്പൂര്‍ണ്ണ പരാജയത്തിലേക്കെത്തിച്ചു. ട്വിസ്റ്റിനു വേണ്ടി മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത ട്വിസ്റ്റുകളും പ്രധാനകഥാപാത്രങ്ങളേയും അവരുടേ പശ്ചാത്തലത്തേയും വേണ്ടത്ര വിശ്വസനീയമാക്കാന്‍ സാധിക്കാത്തതും സംഭവങ്ങളെ അതിഭാവുകത്വം കലര്‍ത്തി പറഞ്ഞതുമൊക്കെ സെവനസിനെ പ്രേക്ഷക പ്രീതിയില്‍ നിന്നും അകറ്റി എന്നതാണു പരമാര്‍ത്ഥം.

പ്ലോട്ട് : കോഴിക്കോട് നഗരത്തിലെ സെവന്‍സ് ഫുട്ബോള്‍ പ്ലെയേഴ്സ് ആയ് ഏഴു ചെറുപ്പക്കാര് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ചില ക്വട്ടേഷന്‍ (ഗുണ്ടാ) പ്രവര്‍ത്തിനിറങ്ങേണ്ടി വരികയും അതിനിടയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ ചതിയില്‍പ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ശത്രുക്കളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുമുള്ള ഏഴു ചെറുപ്പക്കാരുടെ ശ്രമങ്ങള്‍.

റിവ്യൂ വിശദമായി വായിക്കുവാനും വിശദാംശങ്ങള്‍ അറിയുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Thursday, September 15, 2011

ഉലകം ചുറ്റും വാലിബന്‍ - റിവ്യൂ


ചാനല്‍ റൈറ്റ്സുകള്‍ സിനിമാ ബിസിനസ്സിന്റെ അവസാന വാക്കാവുന്ന മലയാള സിനിമാ നിര്‍മ്മാണത്തില്‍ സാറ്റലൈറ്റ് റൈറ്റ്സും മാര്‍ക്കറ്റുമുള്ള ഒരു തിരക്കഥാകൃത്താണ് കൃഷ്ണാ പൂജപ്പുര. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ആറു സിനിമകളെഴുതിയതില്‍ (ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബെന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍) മിക്കതും ഹിറ്റും ആവറേജ് ഹിറ്റും സൂപ്പര്‍ ഹിറ്റും. കൃഷ്ണാ പൂജപ്പുരയുടെ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുന്ന രണ്ടാം നിര സംവിധായകരേറേ. ഒരുപക്ഷേ, മലയാള സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നെത്തിയവരില്‍ ഇത്രയധികം പ്രചാരവും ഡിമാന്റും മറ്റൊരു എഴുത്തുകാരനും ഉണ്ടായിട്ടുണ്ടാവില്ല.

പക്ഷെ, ആറു തിരക്കഥകളെഴുതിയിട്ടും തിരക്കഥാരചനയുടെ ബാലപാഠങ്ങള്‍ കൃഷ്ണാ പൂജപ്പുര ഇതുവരെ പഠിച്ചെടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഏറേ സങ്കടം. (വിജയങ്ങള്‍ സൃഷ്ടിക്കുന്നവന്റെ ബലഹീനത അന്വേഷിക്കേണ്ടതില്ല എന്നതാണ് മലയാള സിനിമയിലെ കാഴ്ചപ്പാട്!) ലോജിക്കുകള്‍ ഏഴയലത്തുവരാത്ത, പ്രേക്ഷകന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നിരവധി സീനുകളും ഒപ്പം (തന്റെ തന്നെ) പഴയ വാരികാ നര്‍മ്മക്കുറിപ്പുകളും ചേര്‍ത്തു വെച്ചാല്‍ ഒരു മലയാള സിനിമാ തിരക്കഥയായി എന്ന് തെളിയിച്ച, തെളിയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ പൂജപ്പുരയുടെ മറ്റൊരു എപ്പിസോഡാണ് ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച് രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍‘.

ചെസ്സ്, കങ്കാരു, കളേഴ്സ് എന്നീ സിനിമകള്‍ക്കു ശേഷം രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍ കൊമേഴ്സ്യല്‍ ചിത്രമെന്ന രീതിയില്‍ പോലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല. ആക്ഷന്‍ ഫാമിലി ഡ്രാമയായ രാജ് ബാബുവിന്റെ ആദ്യ ചിത്രം ‘ചെസ്സ്’ കമേഴ്സ്യലി ഇതിലുമെത്രയോ ഭേദമായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യതയിലേക്ക് പോകുന്ന മറ്റൊരു ഡയറക്ടര്‍ കൂടിയാക്കുന്നു രാജ് ബാബു. ഈ ചിത്രവും അതിനു അടിവരയിടുന്നുണ്ട്. തിരക്കഥയില്‍ എഴുതി വെച്ച സംഗതികളെ അതേപോലെ പകര്‍ത്തുക എന്നതില്‍ കവിഞ്ഞ് അത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ സാങ്കേതികതയിലൂന്നിയോ മറ്റേതെങ്കിലും തരത്തിലോ പോലും വിഭിന്നമാക്കാന്‍ രാജ് ബാബുവിനായിട്ടില്ല. (തിരക്കഥയില്‍ എഴുതിവെച്ചതൊക്കെ പടു വിഡ്ഡ്ഢിത്തം എന്നതു മറക്കുന്നില്ല)

പ്ലോട്ട് : ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ പാസ്സായിയെന്ന ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.


റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, September 11, 2011

ഡോക്ടർ ലൗ - റിവ്യൂ


കോളേജ്ക്യാമ്പസ്സെന്നാൽ മലയാളം സിനിമയിൽ പ്രണയത്തിന്റെ മാത്രം ക്യാമ്പസ്സാണെന്നാണു. പുതിയ ഓണം റിലീസായ ഡോക്ടർ ലൗ എന്ന ചിത്രവും മറ്റൊന്നല്ല ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ, ഇതിൽ പരസ്പരം പ്രണയിക്കാൻ കൊതിക്കുന്നവർക്ക് മീഡിയേറ്ററായി വർത്തിച്ച് അവരുടെ പ്രണയം പൂവണിയിക്കുന്ന ഒരു കൺസൾട്ടന്റിനെക്കുറിച്ചാണു പറയുന്നത്.

ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമാസ് ശക്തികുളങ്ങര നിർമ്മിച്ച് നവാഗതനായ കെ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ഭാവന, അനന്യ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'ഡോക്ടർ ലൗ" മഹത്തായൊരു സിനിമയൊരുക്കുക എന്നതിനു പകരം ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മമധുരമായ സംഭവങ്ങളാൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്ന നല്ലൊരു എന്റർടെയ്നർ ഒരുക്കുക എന്നതാണു ഇതിന്റെ പിന്നണിപ്രവർത്തകരുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നുണ്ട്. ആ ദൗത്യം 'ഡോ. ലൗ' ഭേദപ്പെട്ട രീതിയിൽ തന്നെ പ്രാവർത്തികമാക്കുന്നുണ്ട്. പുതിയ ക്യാമ്പസ്സ് പശ്ചാത്തലത്തിൽ കൊച്ചുകൊച്ചു നർമ്മ സംഭവങ്ങളുമായി അരങ്ങേറുന്ന ചിത്രം വളരെ ഗംഭീരവും കൂടുതൽ മിഴിവാർന്നതുമായ സിനിമാസ്വാദനമൊന്നും പകർന്നുതരുന്നില്ലെങ്കിലും പ്രേക്ഷകനെ ബോറഡിപ്പിക്കുന്നില്ല. സിനിമ കേവലം വിനോദം മാത്രം ലക്ഷ്യം വെച്ചിട്ടുള്ള പ്രേക്ഷകനു ചിത്രം നല്ലൊരു എന്റർടെയ്നർ ആയേക്കാം.

ഡോക്ടർ ലൗ-ന്റെ റിവ്യൂ വിശദമായി വായിക്കുവാനും കൂടുതൽ വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, September 7, 2011

ബ്ലെസ്സിയുടെ ‘പ്രണയം’ - റിവ്യൂ

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം 'പത്മരാജ ശിഷ്യന്‍' ബ്ലെസ്സി അണിയിച്ചൊരുക്കിയ പുതിയ ചിത്രം ‘പ്രണയം’ 2011 ലെ ഓണ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷയുളവാക്കിയ ഒരു സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറുവാന്‍ മോഹന്‍ലാലിനു പ്രതീക്ഷയുണര്‍ത്തിയതും ലാലിന്റെ മുന്നൂറാമത്തെ ചിത്രമായതും ബ്ലെസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടായതുമൊക്കെ പ്രണയത്തെ വല്ലാത്ത പ്രതീക്ഷയിലേക്കുയര്‍ത്തിയിട്ടുണ്ട് മോഹന്‍ലാല്‍ ഫാന്‍സിനേയും ഒപ്പം മറ്റു പ്രേക്ഷകരേയും.

പത്മരാജന്റെ ശിഷ്യനായും പിന്നീട് ലോഹിതദാസടക്കം പലരുടേയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ച ബ്ലെസ്സി, ‘കാഴ്ച’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ച സംവിധായകനാണ്. പക്ഷെ, ബ്ലെസ്സിയുടെ കരിയര്‍ ശ്രദ്ധിച്ചാലറിയാം ‘കാഴ്ച‘ മുതലിങ്ങോട്ട് ഗ്രാഫ് താഴേക്കാണെന്ന്. കാഴ്ചയും, (നല്ലൊരു പരിധിവരെ) തന്മാത്രയും കഴിഞ്ഞാല്‍ വേറെന്തുണ്ട് ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്ലെസ്സിയുടെ ക്രെഡിറ്റില്‍ എടുത്തു പറയാവുന്നത്? വന്‍ വിജയം നേടിയ ‘ഭ്രമരം’ പോലും ക്യാമറാ കണ്ണിന്റെ വ്യത്യസ്ഥതയും മോഹന്‍ലാലിന്റെ പ്രകടനവും ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥയില്‍ പലയിടത്തും ദുര്‍ബലമായ നൂലിഴകള്‍ പൊട്ടിയ ഒന്നായിരുന്നു. ഒരുപക്ഷെ കാഴ്ചക്കും തന്മാത്രക്കും ശേഷം എഴുതിച്ചേര്‍ക്കാവുന്ന ഒരു ബ്ലെസ്സി സിനിമയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ‘പ്രണയം’.

പ്ലോട്ട് : ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.

റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക