ആരു പറഞ്ഞു മലയാള കമേഴ്സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ആരും മുതിരുന്നില്ല എന്ന്? അനേകം കോടിയാവര്‍ത്തിച്ച പഴയ ഫോര്‍മുലകളും ക്ലീഷ രംഗങ്ങളും കൊണ്ട് മലയാള സിനിമ ഇനിയും മുന്നോട്ട് പോകുമെന്ന്? എന്നാല്‍ ആ ധാരണകളെ പാടെ തകര്‍ത്തെറിയുന്ന ഒരു സിനിമ 2011 ന്റെ ആദ്യ വാരത്തില്‍ തന്നെ പ്രേക്ഷകന്റെ മുന്നിലെത്തിയതും അവരെ തൃപ്തിപ്പെടുത്തിയതും ശുഭോദാര്‍ക്കമാണ്. ഈ പുതിയ പരീക്ഷണത്തിനും ആഖ്യാനശൈലിക്കും പേര് “ട്രാഫിക്” എന്നാണ്. രാജേഷ് പിള്ള എന്ന യുവസംവിധായകന്റെ കിടിലന്‍ ചിത്രം. ഒരു ത്രില്ലിങ്ങ് എക്സിപീരിയന്‍സ്.
കഥാസാരം :
സെപ്റ്റംബര്‍ 16 എന്ന ഒരു ദിവസത്തില്‍ കൊച്ചിയിലെ ഏതോ തിരക്ക് പിടിച്ച ഒരു ട്രാഫിക് സിഗ്നലില്‍ രാവിലെ നടന്ന അപ്രതീക്ഷിത അപകടവും അതിനെത്തുടര്‍ന്നുള്ള ചില ആകസ്മിക സംഭവങ്ങളുടെ തുടര്‍ച്ചയുമാണ് ട്രാഫിക്കിന്റെ ഇതിവൃത്തം.
കൂട്ടൂകാരായ റെയ്ഹാനും (ആസിഫ് അലി) രാജീവും (വിനീത് ശ്രീനിവാസന്‍) ട്രാഫിക് സിഗ്നനില്‍ ‘പച്ച’ കാത്തു കിടക്കുന്നു. രാവിലെ 9 മണിക്കു മുന്‍പായി സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥിനെ (റഹ്മാന്‍) ഇന്റര്‍വ്യൂ ചെയ്യാനുള്ള തിരക്കിലായിരുന്നു ഇന്ത്യാവിഷനിലെ ട്രെയിനിയായ രാജീവ്. അന്നാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം റിലീസാകുന്നത്. ആ തിരക്കേറിയ ട്രാഫിക്ക് കുരുക്കില്‍ തന്റെ ഭാര്യക്ക് വിവാഹ സമ്മാനം നല്‍കാനുള്ള റൊമാന്റിക്ക് മൂഡില്‍ ഡോ.ആബേലുമുണ്ട് (കുഞ്ചാക്കോ ബോബന്‍) കൂടാതെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം തിരികെ കയറാനുള്ള ആദ്യത്തെ ദിവസത്തില്‍ ഓഫീസിലേക്ക് യാത്ര ചെയ്യുന്ന ട്രാഫിക് പോലീസുകാരന്‍ സുദേവനുമുണ്ട്. (ശ്രീനിവാസന്‍). ഈ കഥാപാത്രങ്ങള്‍ പരസ്പരം അപരിചിതരത്രെ, പക്ഷെ ഈ ട്രാഫിക് സിഗ്നലില്‍ വെച്ചുണ്ടാകുന്ന ഒരു അപകടം ഈ അജ്ഞാതരെ പരസ്പരം ബന്ധിപ്പിക്കുന്നു. അന്നത്തെ ദിവസം താന്താങ്ങളുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാവിലെ 8.30നു തുടങ്ങി വൈകീട്ട് 4 നു അവസാനിക്കുന്ന അത്രയും സമയത്തിനുള്ളില്‍ ഇവരുടേ ജീവിതങ്ങള്‍ നിലക്കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കപ്പെടുന്നുണ്ട്. അതില്‍ സ്വപ്നങ്ങളുണ്ട്, ഒറ്റപ്പെടലുകളുണ്ട്, വേദനയുണ്ട്, കാമമുണ്ട്, പ്രണയമുണ്ട് ജീവിതം സമ്മാനിച്ചതും പറിച്ചെടുത്തതുമായ ഒട്ടനവധി കാഴ്ചകളുമുണ്ട്...
മലയാളത്തിനു തികച്ചും പുതുമയുള്ളൊരു ഇതിവൃത്തം, മാത്രമോ വളരെ നന്നായി എഴുതപ്പെട്ട സ്ക്രിപ്പ്റ്റും അതിന്റെ മനോഹരവും നൂതനവുമായ ആവിഷ്കാരവും. വിജയഫോര്‍മുലകളെ നൂറ്റൊന്നാവര്‍ത്തിക്കുന്ന മലയാള സിനിമയില്‍ അത്തരം ആവര്‍ത്തന വിരസദൃശ്യങ്ങള്‍ പാടെ നിരാകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആറ്റിക്കുറുക്കിയെടുത്ത സ്ക്രിപ്റ്റ്. അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ പെര്‍ഫോമന്‍സ്. (പ്രധാന നടന്മാര്‍ മാത്രമല്ല, സഹതാരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഉദാ: പോലിസ് മിഷനില്‍ സീരിയല്‍ നടന്‍ മനോജ് പറവൂര്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം ചേരുവയായ വിജയകുമാര്‍ പോലും ഗംഭീരമാക്കിയിരിക്കുന്നു ഇതില്‍ ) ചടുലവും, ദൃശ്യസമ്പന്നവും, വെളിച്ചവിന്യാസവുമുള്ള ക്യാമറാ വര്‍ക്ക്, അളന്നു മുറിച്ച, ഒഴുക്കുള്ള എഡിറ്റിങ്ങ്, ദൃശ്യങ്ങള്‍ക്കനുയോജ്യമായ പശ്ച്ചാത്തല സംഗീതം എന്നീ സാങ്കേതിക കാര്യങ്ങള്‍ക്കൊണ്ടും ട്രാഫിക് മലയാള കച്ചവടസിനിമയിലെ ഉജ്ജ്വലമൊരു സൃഷ്ടിയാകുന്നു.
ഉള്ളുലക്കുന്ന കുറച്ച് നിമിഷങ്ങളുണ്ട് ഈ സിനിമയില്‍ (സായികുമാര്‍ തീവ്ര് വികാരത്തോടേ ഡി.കളക്റ്ററോട് ഫോണില്‍ സംസാരിക്കുന്നത്, മകളെ സ്ക്കൂളില്‍ കൊണ്ടുവിടാം എന്ന നിര്‍ദ്ദേശത്തെ മകള്‍ തള്ളിക്കളയുമ്പോള്‍ ശ്രീനിയുടെ സുദേവന്റെ ഏറ്റുപറച്ചില്‍ അങ്ങിനെയൊരുപാട്) കഥാപാത്രങ്ങളുടെ ഇത്തരം വികാരങ്ങളും സന്തോഷങ്ങളും ഒരു വാര്‍ത്താചിത്രം പോലെയോ ടിവി സീരിയല്‍ പോലെയോ നമ്മുടെ നേര്‍ക്ക് നേരെ നിന്ന് പ്രസംഗിക്കുകയല്ല. കാമറക്ക് പുറം തിരിഞ്ഞോ സഹ കഥാപാത്രത്തിന്റെ പ്രതികരണത്തിലോ മറ്റു സ്വാഭാവികമായ പെരുമാറ്റത്തിലോ പ്രതിഫലിക്കപ്പെടുകയാണ്. കഥാപാത്രങ്ങളുടെ ജീവിത-പശ്ചാത്തലങ്ങളും അവരുടെ പ്രവൃത്തിമണ്ഡലങ്ങളുമൊക്കെ അവരുടെ ജീവിത പരിസരങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നതിലും പെരുമാറ്റരീതിയിലും വസ്ത്രധാരണത്തിലുമൊക്കെയായി മിതത്വത്തില്‍ കാണിച്ചിരിക്കുന്നു. അതിനു തിരക്കഥാകൃത്ത് ബോബി & സഞ്ജയ് ടീമിനും സംവിധായകന്‍ രാജേഷ് പിള്ളക്കും ഒരു ഹഗ്ഗ് നല്‍കണം.
സാമൂഹ്യവിമര്‍ശനത്തിന്റെ ചില മുള്ളാണികള്‍ ഈ സിനിമയിലുണ്ട്. അവ സമൂഹത്തിനു നേര്‍ക്കെറിയുമ്പോള്‍ തിയ്യറ്ററിലിരുന്നു ജനം ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. ‘സെലിബ്രിറ്റി ഓറ‘യില്‍ ജീവിക്കുന്ന സിനിമാ താരങ്ങളുടെ ഉത്സവആഘോഷവേളയിലെ ചാനല്‍ പ്രഘോഷണങ്ങളുടെ പൊള്ളത്തരങ്ങളും, സിനിമാ ഫാന്‍സിനെക്കൊണ്ട് സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനു ഡാന്‍സ് ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ നന്മയില്‍ എങ്ങിനെ ഭാഗഭാക്കാകാം എന്നുമൊക്കെ ഈ സിനിമ കാണിച്ചു തരുന്നുണ്ട്.
ട്രാഫിക്കില്‍ താരങ്ങളില്ല, കഥാപാത്രങ്ങളേയുള്ളു, അവരുടെ ജീവിതങ്ങളേയുള്ളു. സൂപ്പര്‍ താരങ്ങള്‍(അല്ലാത്ത താരങ്ങളും) ഇമേജ് നോക്കി സ്വന്തം നായക കുപ്പായങ്ങള്‍ തുന്നിക്കുട്ടുമ്പൊഴും നായികയെ മുതല്‍ പ്രൊഡ്. എക്സിക്യൂട്ടീവിനെ വരെ സ്വന്തം അഭിപ്രായത്തില്‍ നിശ്ചയിക്കുന്ന ഈ സമകാലിക മലയാള സിനിമയില്‍ ഇമേജുകളെ നോക്കാതെ റോളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ഈയൊരു ടീം വര്‍ക്കില്‍ ഭാഗഭാക്കായ ഇതിലെ എല്ലാ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും നിറഞ്ഞയൊരു കയ്യടി. ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകനു ഫീല്‍ ചെയ്യും, അര്‍പ്പണബോധമുള്ള കഠിനാദ്ധ്വാനികളായ ഒരു കൂട്ടം നല്ല സിനിമാ പ്രവര്‍ത്തകര്‍ ട്രാഫിക്കിനു പുറകിലുണ്ടെന്ന്. അത് മതി...അത് മാത്രം മതി 2011 മുതല്‍ മലയാള സിനിമയെ ദിശമാറ്റി വിടാന്‍. വരാന്‍ പോകുന്നത് അന്യഭാഷകളില്‍ സംഭവിക്കുന്നു എന്ന് മലയാളിപറയുന്ന നവസിനിമകളായിരിക്കും, മലയാളി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ദൃശ്യ സമ്പന്നതയും ആഖ്യാനവും പുതുകളുമായിരിക്കും. ട്രാഫിക് അതിനുള്ളൊരു മുന്നോടിയാണ്.
പ്രിയ രാജേഷ് പിള്ള & ടീം... വെല്‍ഡന്‍, നിങ്ങളെ ഞാനെന്റെ നെഞ്ചോട് ചേര്‍ത്ത് പുല്‍കുന്നു. ഇത്തരത്തിലുള്ള ഒരു സിനിമാ അനുഭവം തന്നതിനു.