Friday, April 9, 2010
ജനകന് - സിനിമ-പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍
ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ ഒരു പരാമര്‍ശത്തില്‍ നിന്നാണ് എന്‍ എസ് സ്വാമി ഈ തിരനാടകം രചിച്ചിരിക്കുന്നത് എന്ന് വ്യക്തം. അല്ലാതെ നല്ലൊരു കഥയില്‍ നിന്നല്ല. കോടതിയുടെ ആ പരാമര്‍ശം കൌതുകകരമാണെന്നതില്‍ സംശയമില്ല. ആ ഒരു കൌതുകവും ആശ്ചര്യവുമാണ് അതിനെ ചുറ്റിപ്പറ്റി കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിനെ കേരളത്തിലെ പെണ് വാണിഭത്തിന്റെ അന്തരീഷവും സിനിമാ ഹീറോയിസവും ചേര്‍ത്ത് മലയാളി പ്രേക്ഷകന്റെ മുന്നില്‍ വിളമ്പിയത്.
ജനകന് എന്ന സിനിമയില്‍ സംവിധായകന് ഒഴിച്ച് ബാക്കി എല്ലാവരും മലയാള സിനിമയില്‍ ‘തയക്കവും പയക്കവും’ വന്ന പുലി ജന്മങ്ങള്. എന്നാല്‍ ഒരു പുതുമുഖ സംവിധായകന് എന്നതുകൊണ്ട് സംവിധായകനോട് തോളില്‍ തട്ടി ‘പോട്ടെ മോനെ, സാരല്യ. അടുത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ മതി’ എന്നു പറയാം. പക്ഷെ, ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായും അതിനൊപ്പവും ഈ രംഗത്തുനില്‍ക്കുന്ന എസ് എന്‍ സ്വാമി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സജ്ജീവ് ശങ്കര്‍, രാജാമണി എന്നിവരെ എന്തു പറയും? സംശയമില്ല പ്രേക്ഷകന്റെ മുന്നില്‍ ഇവരെകിട്ടിയാല്‍ നാലുവരി കൊടുങ്ങല്ലൂര്‍ പൂരപ്പാട്ട് പാടി കേള്‍പ്പിക്കണം.
കുറച്ചു നാള് മുന്‍പ് റിലീസായ വൈരം എന്ന സിനിമയുടെ കഥ തന്തുവായി സാമ്യമുള്ള ജനകന് കഥാ പാത്രങ്ങളും ഡയലോഗുകളും മാത്രമുള്ള സിനിമയാണ്. കഥാപാത്രങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ടോ ഇന്‍ഡ്രൊഡ്ക്ഷനോ ഇല്ല. കഥാപാത്രങ്ങള്‍ നേരെയങ്ങ് നമ്മുടെ മുന്നില്‍ വന്നു വീഴുകയാണ്. മലയാളത്തില്‍ ഈയടുത്തകാലത്ത് ഇതാദ്യമായാവും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലാത്ത ഒരു സിനിമ. ഉള്ളവരില്‍ തന്നെ ജ്യോതിര്‍ മയി അവതരിപ്പിക്കുന്ന ഡോക്ടര്‍ക്ക് മാത്രമാണ് അല്പം പ്രാധാന്യം. പക്ഷെ അവര്‍ക്കും യാതൊരു പശ്ചാത്തലവുമില്ല. ഇത്രയും വര്‍ഷം തിരക്കഥയെഴുതിയിട്ടൂം കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെകുറിച്ചോ, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, അതിന്റെ ന്യായീകരണങ്ങള്‍, സംഭവങ്ങളോടൊപ്പം നില്ക്കുന്ന പശ്ചാത്തല വിശദീകരണങ്ങള്‍ ഒന്നും ഈ സിനിമയില്‍ വരാത്തത് തിരക്കഥാകൃത്തിന്റെ അജ്ഞതയോ വിട്ടുപോയതോ?
സിനിമയുടെ ടൈറ്റില്‍ സീന്‍ കാണുമ്പോഴേ മിനിമം ബോധമുള്ള ഒരു പ്രേക്ഷകനു ഈ സിനിമയുടെ ഭാവി മണക്കും. അത്രമാത്രം ഉദാസീനമായാണ് ഈ ത്രില്ലര്‍(?) സിനിമ തുടങ്ങുന്നത് . അതും പഴകിപഴകി ദ്രവിച്ച് അളുത്തുപോയ ‘കറുപ്പില്‍ വെളുത്ത അക്ഷരങ്ങളും അവക്കിടയില്‍ ചുവന്ന വരയുമായി.‘ പാണ്ടിപ്പടമെന്നു നമ്മള് കളിയാക്കുന്ന തമിഴ് പടങ്ങളെങ്കിലും ഈ പുങ്കവന്മാര് കാണുന്നില്ലേ എന്ന് പ്രേക്ഷകന് സംശയിച്ചാല്‍ തെറ്റില്ല.
സജ്ജീവ് ശങ്കര്‍ മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ കാമറാമാനാണ്. ഒരു തുടക്കക്കാരന്റെ സിനിമയില്‍ പലപ്പോഴും അയാളെ സഹായിക്കാനെത്തുക കാമറാമാനാണ് ( പരിചയ സമ്പന്നന്നനും കഴിവുമുള്ള ഒരു അസോസിയേറ്റ് ഡയറക്റ്ററും , കാമറാമാനും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു സിനിമ സംവിധാനം ചെയ്യാം, പക്ഷെ ഒരെണ്ണം മാത്രം, പിന്നീടങ്ങോട്ട് ചെയ്യണമെങ്കില്‍ തലക്കകത്ത് ആള്‍താമസം വേണം. ഉദാ: വിനയന്, ജോണി ആന്റണി) ഈ സിനിമയിലെ പല ദൃശ്യങ്ങളും പ്രത്യേകിച്ച് മിഡ് ഷോട്ട് & ലോങ്ങ് ഷോട്ടുകള്‍ ‘ഔട്ട്’ ആയി കാണാം. മോഹന്‍ലാലിന്റെ വീട്ടിലെ ഒരു ഇന്റീരിയര്‍ ഷോട്ടുണ്ട്, സുരേഷ് ഗോപിയും മോഹന്‍ലാലും ജ്യോതിര്‍മയിയും ബിജുമേനോനും എല്ലാവരും ചേര്‍ന്നുള്ള ഒരു കോമ്പാക്റ്റ് ഷോട്ട്. മോഹന്‍ലാല്‍ കാമറക്ക് തൊട്ടുമുന്നിലും മറ്റുള്ളവര്‍ പുറകിലുമായി ഫോക്കസ് പാന്‍ ഉപയോഗിച്ചെടുത്ത ആ ഷോട്ടില്‍ എല്ലാവരും ബ്ലര്‍ഡ് (ഔട്ട്) ആയി തന്നെ കാണുന്നു. ചിത്രീകരണ സമയത്തോ എഡിറ്റിങ്ങ് ടേബിളിലോ എന്തിനു പ്രിവ്യുവില്‍ പോലും ശ്രദ്ധിക്കാത്ത ആ ഷോട്ട് പ്രേക്ഷകനു നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇതുപോലെയും ഇതിനോടിണങ്ങും വിധവും നിരവധി ഫ്രെയിമുകള്‍ ഈ സിനിമയിലുണ്ട്. പുതുമുഖ സംവിധായകന് എന്ന ഡിസ്കൌണ്ട് കൊടുത്താലും കാമറാമന്റെ പരിചയസമ്പത്തിനെ നമ്മളെന്തുവിളിക്കും?
രാജാമണി എന്ന പശ്ചാത്തല സംഗീത സംവിധായകന് കുറേനാള്‍ എനിഗ്മ, മറ്റു വെസ്റ്റേണ്‍ ആല്‍ബങ്ങള്‍ എന്നിവയില്‍ നിന്നുമായി ‘പ്രചോദനം’ ഉള്‍ക്കൊണ്ട് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് (ഉദാ: ദി ട്രൂത്ത്, ദി കിംഗ്) പ്രേക്ഷകര്‍ വെസ്റ്റേണ്‍ മ്യൂസിക് കേള്‍ക്കുന്നില്ല എന്നൊരു തെറ്റിദ്ധാരണയാവണം അദ്ദേഹത്തിന്. ഈ ചിത്രത്തിലും തന്റെ പതിവു സിനിമകളിലെപോലെ ശബ്ദബാഹുല്യം ഉപയോഗിച്ചിട്ടുണ്ട്. കണ്ണടച്ച് ബാഗ്രൌണ്ട് സ്കോര്‍ കേട്ടാല്‍ പണ്ട് കൊടമ്പാക്കത്തു നിന്നു നിര്‍മ്മിച്ചു വരുന്ന തുണ്ട് (സെക്സ്) പടങ്ങളുടെ നിലവാരമുണ്ട്.
തുടക്കം മുതല്‍ വിരസമായി നീങ്ങുന്ന ജനകനില്‍ പ്രേക്ഷകന് കയ്യടിക്കുന്നതു ഒരേയൊരു സീനിലാണ്,. ഇന്റര്‍വെല്‍ പഞ്ചില്‍. പിന്നീടും ഈ സിനിമ വിരസമായി നീങ്ങുന്നു. യാതൊരു ബഹളങ്ങളുമില്ലാതെ അവസാനിക്കുന്നു.
ജനകന്റെ കഥ ഒരുപാട് റിവ്യൂകളില്‍ വന്നതുകൊണ്ട് ഞാനിവിടെ വിവരിക്കുന്നില്ല. പക്ഷെ, ഇതിന്റെ റിവ്യുവോ ഷൂട്ടിങ്ങ് റിപ്പോര്‍ട്ടോ വായിക്കാതെ ഈ സിനിമ കാണാനെത്തുന്ന പ്രേക്ഷകന് ഇതിലെ കഥാപാത്രങ്ങളേയോ അവരുടെ ഗരിമയോ ബന്ധമോ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടും എന്നാണെന്റെ നിഗമനം. കാരണം അതിനുള്ള വിവരണമോ, ഇന്‍ഡ്രൊഡ്യുസ് സീനോ സംവിധായകന് കാണിക്കുന്നില്ല. തികച്ചും ഈ സിനിമ സംവിധായകന്റെ പരാജയമാണ്. എഴുതിപൂര്‍ത്തിയാക്കിയ ഒരു സ്ക്രിപ്റ്റും(അങ്ങിനെയാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്) രണ്ടു സൂപ്പര്‍ താരങ്ങളും ഉണ്ടായിട്ടും ഒരു ശരാശരി കൊമേഴ്സ്യല്‍ ചിത്രമൊരുക്കാന്‍ ഈ സംവിധായകനു കഴിഞ്ഞിട്ടീല്ല, മാത്രമല്ല, സീനുകളുടെ ഡിലേ, ഷോട്ടൂകളുടെ പഴമ (അഡ്വ. സൂര്യനാരയണന് എന്ന പ്രശസ്തനായ ക്രിമിനല്‍ വക്കീലിനെ -മോഹന്‍ലാല്‍ അഭിനയിക്കുന്നു- ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്ന സീന്‍ ഉദാഹരണം. വീട്ടുപടിക്കലെ അഡ്വക്കേറ്റിന്റെ നെയിം ബോര്‍ഡ് ക്ലോസപ്പില്‍ കാണിക്കുന്നു -ടു - വീട്ടിനകത്ത് മോഹന്‍ലാല്‍ ഇരിക്കുന്ന ക്രെയിന്‍ ഷോട്ട്. തീര്‍ന്നു. )
സൂര്യനാരായണനായി മോഹന്‍ലാല്‍ അനായാസം ആടി തീര്‍ക്കുന്നു. അദ്ദേഹത്തിന്റെ റേഞ്ച് അളക്കുന്ന കഥാപാത്രമല്ലെങ്കിലും. സുരേഷ് ഗോപിയെന്ന നടന്(?) ഇനിയും താന്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടാക്കിയാല്‍ കൊള്ളാം. പ്രൊഫഷണല്‍ നാടകങ്ങളിലെ ഭാവാഭിനയവുമായി ക്ലോസ് അപ് ഷോട്ടുകളില്‍ പോലും വരുന്നതാണ് അഭിനയം എന്ന് അദ്ദേഹവും സിനിമാ പ്രവര്‍ത്തകരും ധരിച്ചുവെച്ചിട്ടുണ്ടേങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു!
കൂടുതല്‍ പറയാനില്ല, മൈനസ് പോയന്റുകള്‍ പറയണമെങ്കില്‍ മിനിമം രണ്ടു പോസ്റ്റെങ്കിലും വേണം. പെണ് വാണിഭവും, അച്ഛന്റെ ദു:ഖവും,മകളുടെ മരണവും, സമൂഹ മനസ്സാക്ഷിയും, നീതി നിഷേധവും, ഉപദേശവുമെല്ലാം ഇഷ്ടപെടുന്ന പ്രേക്ഷകരുണ്ടെങ്കില്‍ ചിലപ്പോള്‍ ജനകന് ഇഷ്ടപ്പെടും അതല്ലാ എന്നുള്ളവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നായകന്‘ കാണുക. കാരണം, ആരുടെയും ദീര്‍ഘകാല അസിസ്റ്റന്റാകാതെ, പരിമിതമായ ബഡ്ജറ്റില്‍, പോപ്പുലര്‍ താരങ്ങളില്ലാതെ എങ്ങിനെ ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാം എന്ന് ആ പുതുമുഖ സംവിധായകന് കാണിച്ചു തരുന്നുണ്ട്. സ്റ്റാര്‍ ഡയറക്ടര്‍മാര്‍ എന്ന് വിശേഷിക്കപ്പെടൂന്ന ജോഷിയേക്കാളും ഷാജികൈലാസിനേക്കാളും ഒരു പാട് ഒരുപാട് മുകളില്‍...
പിന് കുറിപ്പ് : സജ്ജീവ് എന്ന ഡയറക്ടര്‍ കുറച്ചു കാലം കൂടി അസോസിയേറ്റ് ഡയറക്ടര്‍ ആയി നില്കുന്നതാകും അദ്ദേഹത്തിനും മലയാള സിനിമക്കും നല്ലത്.
Subscribe to:
Post Comments (Atom)
16 comments:
പെണ് വാണിഭവും, അച്ഛന്റെ ദു:ഖവും,മകളുടെ മരണവും, സമൂഹ മനസ്സാക്ഷിയും, നീതി നിഷേധവും, ഉപദേശവുമെല്ലാം ഇഷ്ടപെടുന്ന പ്രേക്ഷകരുണ്ടെങ്കില്‍ ചിലപ്പോള്‍ ജനകന് ഇഷ്ടപ്പെടും
"പാണ്ടിപ്പടമെന്നു നമ്മള് കളിയാക്കുന്ന തമിഴ് പടങ്ങളെങ്കിലും" -
മനസ്സിലായില്ല. എന്തിനാ ഇങ്ങനെ സ്വയം നാറുന്നത്?
എന്റെ സുഹൃത്തെ അതാണ് പടങ്ങള്‍...
കളിയാക്കലൊക്കെ പണ്ട്. അവര്‍ തിരിച്ചൊന്നും പറയില്ല. പക്ഷേ അവരുടെ ചിത്രങ്ങള്‍ക്ക് മുന്പില് നമ്മള് തലകുനിയ്ക്കും. ഗോവ എന്ന തനി കച്ചവട സിനിമ പോലും നോക്കൂ, തമിഴ് സിനിമയാണ് അതില്‍ നിര്‍ണ്ണായക റോള്‍ ചെയ്യുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് നമുക്ക് എന്തുണ്ട്?
ദാ, കൊട്ടിഘോഷിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സും പോക്കിരിരാജയും എന്തായിരിയ്ക്കുമെന്ന് ഒരു കൊച്ചു കുട്ടിയ്ക്കും അറിയാം.
ടി.വി.കൊച്ചുബാവയുടെ ഒരു കഥയുണ്ട്- 'വില്ലന്മാര് സംസാരിയ്ക്കുമ്പോള്‍ യാതൊന്നും മറയ്ക്കുന്നില്ല'- ഇപ്പോഴും വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം എഴുതിയപോലെ തന്നെയാണ് സിനിമ. മലയാളസിനിമ ഇന്നും നാടകമാണ്. സിനിമയുടെ ഭാഷ ഇവിടെ എത്ര സംവിധായകര്‍ക്കറിയാം? 'വാരണം ആയിരം' പോലെ കഥയല്ലാതെ 'സിനിമാറ്റിക്' ആകാന്‍ ആര്‍ക്ക് കഴിയുന്നു? ഇനി പ്രേക്ഷകരുടെ കാര്യവും തഥൈവ. അതു പോലൊരു സിനിമയെ മലയാളി ഇതില്‍ എന്ത് കഥ? എന്ന് പരിഹസിക്കാനാണിട. (കേരളത്തിലെ ആ ചിത്രത്തിന്റെ വിജയത്തില്‍ ഇവിടുത്തെ തമിഴ് ആളുകള്‍ക്ക് ആണ് പ്രധാന പങ്ക്)
പിതാവേ!
ഈ സിൽമയെ കുറിച്ചാണോ ഒരു വെബ് സൈറ്റിൽ ദാ താഴെക്കാണുന്ന രീതിയിൽ ആസ്വാദനക്കുറിപ്പു വന്നത്!
ജനകന്: ഒരു ഗംഭീര സിനിമ!
എഴുതിയത്:യാത്രി ജെസെന്‍
പേരില്‍ തുടങ്ങുന്ന വ്യത്യസ്തത പ്രമേയത്തിലും ആഖ്യാനത്തിലും നിലനിര്‍ത്തി, ഒരു സൂപ്പര്‍ ത്രില്ലര്‍ റിലീസ് ചെയ്തു. ആദ്യ ഷോ കാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒഴുകിയെത്തിയത്. പടം അവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു - ഇതൊരു ഗംഭീര സിനിമ!
വിശ്വാസം വരാത്തവർ വായിക്കൂ!
http://malayalam.webdunia.com/entertainment/film/review/1004/08/1100408039_1.htm
തിരുവനന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ വൈകുന്നേരം നാലു മണിക്ക് അത്ര വലിയ ജനസമുദ്രമൊന്നും കണ്ടില്ല!
:-)
മുന്നിലും പിന്നിലുമുള്ള ആളുകളെ മാറി മാറി ഫോക്കസ് ചെയ്തെടുക്കുവാന്‍ നോക്കി കുളമാക്കിയ ആ ഷോട്ടിനെക്കുറിച്ച് ഞാനും എഴുതണമെന്നു കരുതിയതാണ്, പിന്നെ എന്തിനാന്നു കരുതി. ‘വൈര’ത്തിലും / ‘രൌദ്ര’ത്തിലുമൊക്കെ (രണ്ടിന്റെയും ക്യാമറ സഞ്ജീവ് ശങ്കര്‍) ഇതൊക്കെ തന്നെ പറയേണ്ടി വന്നതാണ്.
ഇന്റര്വെല്ലില് എന്തുവായിരുന്നു പഞ്ച്?
--
മലയാള സിനിമ മരണശയ്യയില്‍. ഇനി അന്ത്യകൂദാശയ്ക്ക് അച്ചനെ വരുത്തിയാല്‍ മതി.
കലികാല വൈഭവം!!!. ഈ ലോകാവസാനം സംഭവിക്കാന്‍ പോകുന്നു എന്ന് പറയുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെ ആയിരിക്കും.
webdunia യിലെ ആ റിവ്യൂ അങ്ങനെ ഹിറ്റായി.എല്ലാ ബ്ലോഗിലും അതിനേപ്പറ്റി മോശമാക്കി പറയുന്നതാണെങ്കിലും ആ പേരില്‍ ലവര്‍ക്ക് കുറെ ഹിറ്റുകള്‍ കിട്ടിക്കാണും...പിന്നെ ഒരു സംശയം പരിമിതമായ ബഡ്ജറ്റിലാണോ നായകന് എടുത്തത്?! അല്ലെന്നാണ് തോന്നുന്നത്...ബ്ലോഗുകളിലെ റിവ്യൂവിനെല്ലാം ഒരേ ഭാഷ, അത്രയ്ക്ക് മികച്ച പടമാണെന്ന് മനസ്സിലായി!!...
അറിഞ്ഞില്ലേ...പണ്ടൊക്കെ മറ്റു ഭാഷയിലേക്ക് ഇവിടുന്നു കൊണ്ടുപോയിരുന്നു. ഇന്നിപ്പോ അപ്പുറത്ത് നിന്ന് ഇങ്ങോട്ടാ. മനസ്സിലായില്ലാ?!!..പ്രമോദ് പപ്പന് പോക്കിരി ഇങ്ങു മലയാളത്തില്‍ എടുക്കുന്നെന്നു.
S N സ്വാമിയ്ക്ക് ഇത് എന്ത് പറ്റി?
കനത്ത മഴയേയും ധിക്കരിച്ച് ആദ്യദിവസം തന്നെ സിനിമ കണ്ട പാവം ഒരു ഹത ഭാഗ്യനാണ് ഞാന്‍!! :(
ഫ്രെയിമുകള്‍ കണ്ടപ്പോള്‍ തിയ്യറ്റര്‍ പ്രൊജക്ഷന്റെ കുഴപ്പമാണൊ എന്നു ആദ്യം സംശയിച്ചു, പക്ഷെ ക്ലോസ് അപ്പ് ഷോട്ടൂകളെല്ലാം നല്ല ഷാര്‍പ്പ്, മിഡ് & ലോങ്ങ് ഷോട്ടുകള്‍ ഒട്ടുമുക്കാലും ബ്ലര്‍ഡ്. പ്രത്യേകിച്ച് രാത്രി സീനുകളില്‍.സജ്ജീവ് ശങ്കറില്‍ നിന്നു ഇത്രയും നിരുത്തരവാദിത്വം പ്രതീക്ഷിച്ചില്ല. രാജാമണി ഈ പണി നിര്‍ത്തുന്നതായിരിക്കും മലയാള സിനിമക്ക് നല്ലത്. അതുപോലെ സുരേഷ് ഗോപിയും. ചങ്ങായി റിട്ടയര്‍ ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു. ആ പേരിനൊപ്പം ‘ഭരത്’ എന്നു ചേര്‍ത്തു വെച്ചപ്പോള്‍ നാളിതുവരെ നല്ല നടനുള്ള ദേശീയ അവാര്‍ഡ് കൊടുത്തവരെ മുഴുവന്‍ അവഹേളിക്കുന്നതായി തോന്നി. :) കുറ്ച്ചു സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതി എന്നതുകൊണ്ട് ഇപ്പോഴും എസ് എന്‍ സ്വാമിയെ സഹിക്കേണ്ടി വരുന്ന മലയാള സിനിമക്കും പ്രേക്ഷകനും ഇങ്ങിനെ തന്നെ വേണം..:)
കാല് കാശിനു കൊള്ളാത്ത സിനിമ
പ്രചോദനം അല്ല..പ്രചോതനം.. :)
അപ്പോള്‍ ഇതും കാണണ്ട..
പ്ലീസ്, താങ്കൾ റിവ്യൂ നിർത്തൂ, ആസ്ഥാനനിരൂപകരെ കണ്ടുപഠിക്കൂ.
ജനകൻ എന്ന സിനിമ മഹത്തായ സിനിമയാണ്. സത്യജിത് റേ കഴിഞ്ഞാൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാൻ വകയുണ്ടാക്കാൻ സാധ്യതയുള്ളയാളാണ് ഈ സംവിധായകൻ. (എന്താ പുള്ളീടെ പേര്, ഹൊ, മറന്നൂ) അല്ലെങ്കിലും നമ്മടെ ലാലേട്ടൻ അഭിനയിക്കാനുണ്ടെങ്കിൽ സംവിധായകനെ ആര് നോക്കുന്നു. ലാലേട്ടൻ അഭിനയിക്കാനുണ്ടെങ്കിൽ കൂടെ അഭിനയിക്കുന്നവർ അതിഗംഭീരമായി അഭിനയിച്ചിരിക്കും, ഇല്ലെങ്കിൽ ഞങ്ങൾ അങ്ങിനെയായി പരിഗണിക്കും. ക്യാമറ ഔട്-ഓഫ്-ഫോക്കസ് ആയാലെന്താ, ഞങ്ങടെ ഫോക്കസ് മുഴുവൻ ലാലേട്ടനിലല്ലെ. ലാലേട്ടനെ കണ്ടാൽ കൂവൽ മറക്കും.
റിവ്യൂ ഇതുപോലെ എഴുതിപഠിക്കൂ. വേണമെങ്കിൽ മോഹൻലാലിന്റെ പുതിയ ബെൻസ് കാറിനെക്കുറിച്ചുള്ള റിവ്യൂവും വായിച്ചുപഠിക്കൂ. റിവ്യൂ ആയാൽ ഇങ്ങിനെ വേണം, അല്ലാതെ ചുമ്മാ കഥ പോരാ, ആംഗിൾ പോരാ, കോപ്പിയടി എന്നിങ്ങിനെ പറഞ്ഞാൽ റിവ്യൂ ആവില്ല.
പക്ഷെ, മമ്മൂട്ടിയോ പൃഥ്വിരാജോ ഒക്കെയണെങ്കിൽ ഇതുപോലെ എഴുതിക്കോളൂട്ടൊ, വിരോധമില്ല.
എന്റെ പൊന്നണ്ണാ... സഞ്ജീവ് ശങ്കര്‍ ഈ ഔട്ട് ഓഫ് ഫോക്കസ് പണി തുടങ്ങിയിട്ടു കുറേ നാളായി... പുള്ളിയുടെ എല്ലാ പടങ്ങളിലും ഉണ്ട് ഇത്... ഇതില്‍ നിന്നും ഒരു കാര്യം എനിക്കു മനസ്സിലായി.. ഒന്നെങ്കില്‍ പുള്ളിക്ക് ഒരു ചുക്കും അറിയില്ല... അല്ലെങ്കില്‍, നമ്മളെല്ലാം മണ്ടന്മാര്, പുള്ളീ വലിയ എന്തോ ഒരു സംഭവമാണ് സിനിമകളില്‍ ചെയ്യുന്നത്...
@ അപ്പൂട്ടാ.
മോനേ ദിനേശാ... അതു കലക്കി.. ഇപ്പടി കൂലിയെഴുത്ത് നടത്തി സിനിമ ഹിറ്റാണെന്ന് വരുത്താന്‍ എന്താണാവോ കൂലി...? അപാരം തന്നണ്ണാ.. അപാരം തന്നെ.. മോഗന്ലാല് ഫാനിനെക്കൊണ്ടേ ഇതൊക്കെ പറ്റൂ... ബാക്കിയുള്ള ആര്‍ക്കും ഇത്രയും തൊലിക്കട്ടി കാണില്ലാ..
പിള്ളാച്ചോ...
തെറ്റിദ്ധരിക്കല്ലെ, ഫാൻസ് അസോസിയേഷന്റെ ബ്ലോഗിനെത്തന്നെ കളിയാക്കിയെഴുതിയതാണ്, അതെനിക്കു തന്നെ പാരയായോ എന്നൊരു സംശയം. ആ ബ്ലോഗിൽ കമന്റ് മോഡറേഷൻ വെച്ചിട്ടുണ്ട്, ഇല്ലെങ്കിൽ ഒരു അഭിപ്രായം പറഞ്ഞേനെ.
പിള്ളാച്ചന് തെട്ടിദ്ധരിച്ചേ...ഹ ഹ ഹ...പിന്നെ ഫാന്‍സിന്റെ സൈറ്റല്ലേ, അപ്പൊ എങ്ങനയാ ഒരു മോശം റിവ്യൂ അവിടെ ഇടുന്നത്? അപ്പൊ പിന്നെ വെബ്ദുനിയയിലെ ആ റിവ്യൂ തന്നെ വേണം..ജയന് അവിടെ ഇട്ട ലിങ്ക് കണ്ടോ അപ്പൂട്ടാ? അത് തന്നെയാണ് ഫാന്‍സിന്റെ ബ്ലോഗില്‍ കടപ്പാടും ചാര്‍ത്തി ഇട്ടതു...പക്ഷെ അങ്ങനെയൊക്കെ ഒരു റിവ്യൂ വന്നത് നന്നായില്ലേ...വായിച്ചു ചിരിക്കാനെങ്കിലും...
പ്രിയ സുഹൃത്തുക്കളെ,
മറുപടിയും നന്ദിയും പറയാന്‍ വൈകി. ക്ഷമിക്കണം.
@ആത്മന്
എന്റെ ആ വാചകം താങ്കള്‍ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. തമിഴനെ കളിയാക്കുന്ന മലയാളിയെ കുറ്റപ്പെടുത്തിയതായിരുന്നു ആ വാചകം’
ജയന് ഏവൂര്‍ : നന്ദി
ഹരി : നന്ദി
ഏറനാടന്‍ : നന്ദി
സതീഷ് ഹരിപ്പാട് : നന്ദി
വിനയന് : നന്ദി. ഫാന്‍സിന്റെ അഭിപ്രായം കേട്ട് സിനിമക്കു പോയാല്‍..ഗോവിന്ദ!!! :)
ശ്രീ, നന്ദകുമാര്‍, ഷെര്‍ലോക്ക് : നന്ദി
@ അപ്പൂട്ടന് : :) ഹഹ കൂലിക്കെഴുതുന്നവര്‍ക്ക് അതല്ല അതിനപ്പുറവും പറ്റും.
പിള്ളാച്ചാ : നന്ദി. അപ്പൂട്ടനെ തെറ്റിദ്ധരിക്കല്ലേ..
എല്ലാവരുടേയും അഭിപ്രായങ്ങള്ക്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ഇനിയും വരിക
Post a Comment