Showing posts with label Asif ali. Show all posts
Showing posts with label Asif ali. Show all posts

Sunday, March 3, 2013

കിളി പോയി - സിനിമാ റിവ്യൂ


യുവ നടന്മരായ ആസിഫ് അലിയും അജു വർഗ്ഗീസും പ്രധാന വേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രം ‘കിളി പോയി’ പേരു സൂചിപ്പിക്കുന്ന പോലെ കോമഡി ട്രാക്കിലുള്ളൊരു സിനിമയാണ്. രണ്ടു ചെറുപ്പക്കാരുടെ ബാംഗ്ലൂർ നഗരജീവിതത്തിലെ ആഘോഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയുടെ മുഖ്യപ്രമേയം. 

കഞ്ചാവ് വലിച്ചാൽ ഉണ്ടാകുന്ന ഫിറ്റായ അവസ്ഥക്ക് ചെറുപ്പക്കാർക്കിടയിൽ പറയുന്ന ശൈലിയാണ് ‘കിളി പോയി’ എന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ചാക്കോയും(ആസിഫ് അലി) ഹരിയും(അജുവർഗ്ഗീസ്)മാണ് ഇവിടെ കഞ്ചാവ് വലി ശീലമായ ചെറുപ്പക്കാർ. ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും അമിതമായ ജോലിഭാരത്താലും ബോസിന്റെ ചീത്തവിളിയാലും മനം മടുത്ത് കുറച്ച് ദിവസം അവധിയെടുത്ത് ട്രിപ്പിനു പോകുന്നു. ഗോവയിലെ ആഘോഷത്തിനിടയിൽ അപരിചിതമായൊരു ബാഗ് ഇവരുടെ കൈവശം വരികയും അത് പിന്നീട് അവരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതുമാണ് കഥാസാ‍രം.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Tuesday, November 27, 2012

ഇഡിയറ്റ്സ് - സിനിമാ റിവ്യൂ


സിനിമ കാണുന്ന പ്രേക്ഷകനേയും ‘ഇഡിയറ്റ്സ്’ ആക്കാനുള്ള ശ്രമമാണോ നവാഗതനായ കെ എസ് ബാവ എന്ന സംവിധായകന്റെ ശ്രമം എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോയാൽ കുറ്റം പറയാനാവില്ല. അത്രമേൽ അസഹ്യവും ബോറിങ്ങുമാകുന്നുണ്ട് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെ ‘ഇഡിയറ്റ്സ്’ വ്യക്തമായൊരു കഥാതന്തുവോ പ്രമേയമോ ഈ സിനിമക്കില്ല, അതു വേണമെന്നു നിർബന്ധമൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂറിൽ കാണിക്കുന്ന സിനിമക്ക് എന്തെങ്കിലും പറയുവാനോ  പറയുന്നത് രസംകൊല്ലിയാകാതെ പ്രേക്ഷകനെ പിടിച്ചിരുത്താനോ മിനിമ സാധിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഇഡിയറ്റ്സിനു അത് സാധിക്കുന്നില്ല.

പ്രണയ നൈരാശ്യം മൂലം ജീവിതം മടുത്ത് തന്നെത്തന്നെ കൊലപ്പെടുത്തുവാൻ ഒരു പെൺകുട്ടി ഗുണ്ടാസംഘത്തിനു ക്വൊട്ടേഷൻ കൊടുക്കുകയും വിഡ്ഢിയായൊരു കില്ലർ ദൈത്യമേൽക്കുകയും ആ പെൺകുട്ടിയെ രക്ഷപ്പെടുത്താനും പ്രണയിക്കാനും മറ്റൊരു ചെറുപ്പക്കാരൻ ശ്രമിക്കുകയും ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ(മാകേണ്ട) സന്ദർഭങ്ങളാണ് സിനിമ.

റിവ്യൂ മുഴുവനായി വായിക്കുവാൻ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, September 8, 2012

ഒഴിമുറി - സിനിമാ റിവ്യൂ

2008ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ മധുപാലിന്റെ രണ്ടാമത്തെ സിനിമയായ “ഒഴിമുറി”യിൽ സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ നേടിയ ലാൽ, ശ്വേതാമേനോൻ, മല്ലിക എന്നിവർ പ്രധാനവേഷങ്ങണിയുന്നു എന്നൊരു പ്രത്യേകയുണ്ട്.  ‘അങ്ങാടിത്തെരു‘, ‘നാൻ കടവുൾ‘, തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയ തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹൻ തിരക്കഥയെഴുതുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഭാഷാപോഷിണി വാരികയിൽ വന്ന ജയമോഹന്റെ ഓർമ്മക്കുറിപ്പുകളുടെ സമാ‍ഹാ‍രമായ ‘ഉറവിടങ്ങളി’ലെ ‘എന്നിരിക്കിലും’ എന്ന സ്വാനുഭവം കൂടിയായ ഒരു ഓർമ്മക്കുറിപ്പാണ് ‘ഒഴിമുറി’ സിനിമയായി വികസിപ്പിച്ചിരിക്കുന്നത്.



പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം തെക്കൻ പ്രദേശങ്ങളിലാണ്  ഒഴിമുറിയുടെ കഥ നടക്കുന്നത്. തമിഴ് നാടിന്റെ ഭാഗമാണെങ്കിലും ഇപ്പോഴും മനസ്സുകൊണ്ടും പഴയ രാജഭക്തികൊണ്ടും തിരുവിതാംകൂറിനോട് അടുപ്പമുള്ള മലയാളികളൂടെ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റേയും ഭാഷയുടേയുമൊക്കെ സമ്മിശ്രഭാവമാണ് ഒഴിമുറി. കുടുംബങ്ങളിൽ സ്ത്രീകൾക്ക്  പ്രാധ്യാന്യമുണ്ടായിരുന്ന പഴയ മരുമക്കാത്തായ സമ്പ്രദായവും സ്ത്രീകളുടെ അധികാരവും പിന്നീടുവന്ന മക്കത്തായ സമ്പ്രദായവുമൊക്കെ കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെ ദൃശ്യവൽക്കരിക്കുന്നുണ്ട്. തെക്കൻ തിരുവിതാംകൂറിൽ പ്രബലമായ നായർ - നാടാർ സമുദായത്തിന്റെ ജീവിതരീതികളുമായും സിനിമ ബന്ധപ്പെട്ട് കിടക്കുന്നു. ഒരു പ്രദേശത്തിന്റെ/കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ് ‘ഒഴിമുറി’.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, January 11, 2012

അസുരവിത്ത്-സിനിമാറിവ്യു

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ് ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്. രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു. പക്ഷെ 2012 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സാത്താന്റെ മകൻ അസുരവിത്തിന് പൗരുഷവും കാർക്കശ്ശ്യവും തീരെയില്ലെന്നു മാത്രമല്ല, രണ്ടര മണിക്കൂർ മുഷിപ്പില്ലാതെ കൂടെയിരുത്താനുള്ള ത്രാണി പോലുമില്ല.

ഫോർട്ട്കൊച്ചിയിലും പരിസരപ്രദേശത്തുമായി ഷൂട്ടു ചെയ്തെടുത്ത കുറേ ക്യാമറാ ദൃശ്യങ്ങൾ ഡബിൾ ഫ്രെയിമായോ മൾട്ടി ഫ്രെയിമായോ എഡിറ്റിങ്ങ് എഫക്റ്റും കളർ കറക്ഷനുംചെയ്തെടുത്താൽ തികഞ്ഞ സാങ്കേതികവിദ്യയായി എന്നു എ കെ സാജൻ കൂട്ടരും കരുതുന്നുണ്ടെന്നു തോന്നുന്നു. അതിനൊപ്പം കുറേ ചെറുപ്പക്കാരെ നിരത്തി നിർത്തി എല്ലാവർക്കും കറുത്ത കൂളിംഗ്ലാസ്സുകളും(എത്രയെണ്ണമെങ്കിലുമാവാം) കറുത്ത കോട്ടുകളും നൽകണം (വസ്ത്രത്തിന്റെ നിറം എല്ലാവർക്കും കറുപ്പാകാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇതൊരു മാഫിയാ ചിത്രമാണ്!) ഇടക്കിടക്ക് സ്കെച്ച്, കലിപ്പ്, തുളയിടുക, ഓഡിയോ മ്യൂട്ട് ചെയ്ത 'ഫക്ക്', ക്വൊട്ടേഷൻ എന്നീ വാക്കുകൾ ആവർത്തിപ്പിക്കുക. ഇടക്ക് ഗുണ്ടാ ചരിത്രം പറയുന്നപോലെ ചെങ്കീരി ജോസ്, മട്ടഞ്ചേരി മമ്മദ്, വല്ലാർപാടം ഔസേപ്പ്, കോടാലി, മരപ്പട്ടി അങ്ങിനെ എന്തെങ്കിലും ഇടിവെട്ടു പേരുകളും, ഇടക്ക് വല്ല ഗോഡൗണുകളിൽ സംഘട്ടനങ്ങൾ (ഗോഡൗണുകളിൾ ഒഴിഞ്ഞ വീപ്പകൾ നിരത്തിവെക്കാൻ മറക്കരുത്) ഇവയൊക്കെയായാൽ ഏകദേശം കൊച്ചി കേന്ദ്രമായ ഒരു ക്വൊട്ടേഷൻ സിനിമയായി. എ കെ സാജന്റെ അസുരവിത്തിനും ഇതിനപ്പുറം കൂടുതലുമൊന്നും പറയാനുമില്ല കാണിക്കാനുമില്ല.

Saturday, July 9, 2011

സോള്‍ട്ട് & പെപ്പര്‍ - രുചികരമായ സദ്യ!


ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.

“ഡാഡി കൂള്‍ “ എന്ന ചിത്രത്തിലൂടേ, സിനിമ കഥ പറച്ചില്‍ മാത്രമാകാതെ ഇങ്ങിനേയും ചിത്രീകരിക്കാം എന്നൊരു രീതി ആഷിക് അബു ആദ്യ സിനിമയില്‍ കൊണ്ടു വരുന്നുണ്ട്. സുഖകരമായ കളര്‍ സ്കീമും, വ്യത്യസ്ഥ കാമറാ ഫ്രെയിമുകളും ടെക്നിക്കല്‍ പെര്‍ഫക്ഷനുമൊക്കെ ഡാഡി കൂളിനെ സ്റ്റൈലിഷ് ആക്കിയിരുന്നെങ്കിലും പ്രേക്ഷകനു മുന്നില്‍ കഥ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആദ്യചിത്രത്തിലെ പോലെ സ്റ്റൈലിഷ് ട്രീറ്റുമെന്റുകള്‍ തുടരുന്നതൊടൊപ്പം ഭേദപ്പെട്ടൊരു കഥയും അവതരണരീതിയും ആഷിക് “സോള്‍ട്ട് & പെപ്പറില്‍” പ്രേക്ഷകനു കൊടുക്കുന്നുണ്ട്. ലളിതമായൊരു കഥാതന്തു ചുരുക്കം കഥാപാത്രങ്ങളിലൂടെ അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ പ്രേക്ഷകനെ അധികം ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടേ ആഷിക് അബുവിനായി.

സത്യത്തില്‍ ‘ഭക്ഷണം’ ആണ് ഈ സിനിമയുടെ മുഖ്യ കഥാപാത്രം, സിനിമയുടെ ടൈറ്റില്‍ മുതല്‍ സിനിമയുടെ പകുതിയലധികവും ഭക്ഷണവും അതിനോട് ബന്ധപ്പെട്ട സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ കണ്ടു മുട്ടുന്നതോ ബന്ധങ്ങള്‍ ഉണ്ടാവുന്നതുപോലുമോ ഭക്ഷണം മൂലമാണ്. മലയാളിയുടെ രുചിശീലങ്ങളെ ഒരു സിനിമയുടെ പ്രധാന തന്തുവാക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയിലുണ്ടോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല.

റിവ്യൂ വിശദമായി വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജ് ക്ലിക്ക് ചെയ്യുക
.

Saturday, July 2, 2011

വയലിന്‍ - റിവ്യൂ


ഹൃദയത്തില്‍ തൊടുന്ന സിനിമകളെ നെഞ്ചിലേറ്റിയിരുന്ന പ്രേക്ഷകര്‍ സിബി മലയില്‍ എന്ന സംവിധായകനേയും ആദരിച്ചിരുന്നു. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി അന്ന് സിബി മലയില്‍ എന്ന സംവിധായകനുണ്ടായിരുന്നു. പക്ഷെ, സിബി മലയില്‍ എന്ന സംവിധായകനെ തന്റെ ആദ്യകാല ചിത്രങ്ങളുടെ പേരിലായിരിക്കും നിലവില്‍ മലയാളി ഓര്‍ക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സംവിധാനപാടവം കാണിക്കാനുള്ള സിനിമകളൊന്നും സിബി മലയില്‍ ചെയ്തിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ ലോഹിതദാസ് എന്നൊരു എഴുത്തുകാരന്‍ സിബിയെ പിരിഞ്ഞതിനു ശേഷം മലയാളിക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ തക്ക സിനിമകളൊന്നും സിബിയില്‍ നിന്നുണ്ടായിട്ടില്ല, വിജയ ചിത്രങ്ങള്‍ ചിലതുണ്ടായിട്ടു പോലും.

നീണ്ട കാലത്തെ ഗ്യാപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ‘അപൂര്‍വ്വ രാഗം’ എന്നൊരു വ്യത്യസ്ഥ കാമ്പസ് - പുതുമുഖ ചിത്രവുമായി സിബി എത്തിയത്. (പക്ഷേ ആ ചിത്രത്തിന്റെ ബാദ്ധ്യത സിബി മലയില്‍ എന്ന സംവിധായകനായിരുന്നു എന്നതാണ് സത്യം.) പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി, പുതിയ എഴുത്തുകാരെ പരീക്ഷിച്ചു ഭേദപ്പെട്ട വിജയം നേടിയതാണ് ആ ചിത്രത്തില്‍ സിബി മലയില്‍ കൈവരിച്ച നേട്ടം.

എ ഒ പി എല്‍ എന്ററ്ടെയ്മെന്റിന്റെ ബാനറില്‍ വിജു രാമചന്ദ്രന്‍ രചന നിര്‍വ്വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘വയലിനും’ താരപ്രഭയില്ലാത്ത ചിത്രമാണ്. ആസിഫ് അലിയും നിത്യാമേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘വയലിന്‍’ പക്ഷെ, അപൂര്‍വ്വ രാഗം കൈവരിച്ച പുതുമയോ ഫ്രെഷ്നസ്സോ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഏറെ പഴകിയ, പഴയ പല സിനിമകളിലും കണ്ടു മറന്ന പ്രമേയവും കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ് വിജു രാമചന്ദ്രന്റെ രചനക്കുള്ളത്. യാതൊരു പുതുമയോ സന്ദേശമോ തരുന്നില്ലെങ്കിലും വയലിന്‍, ചില നര്‍മ്മ മുഹൂര്‍ത്തങ്ങളാലും ദൃശ്യചാരുതയാലും സാധാരണ പ്രേക്ഷകനു കണ്ടിരിക്കാവുന്ന ഒരു സിനിമയാകുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതി.

പ്ലോട്ട് : ഭൂതകാലം ദുരന്തങ്ങള്‍ സമ്മാനിച്ച ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയുടേയും എബി (ആസിഫ് അലി) എന്ന ചെറുപ്പക്കാരന്റേയും സംഗീത സാന്ദ്രമായ പ്രണയ കഥ.


റിവ്യൂവിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം


അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ.

Sunday, January 9, 2011

ട്രാഫിക് - ഒരു നല്ല ദൃശ്യാനുഭവം




ആരു പറഞ്ഞു മലയാള കമേഴ്സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ആരും മുതിരുന്നില്ല എന്ന്? അനേകം കോടിയാവര്‍ത്തിച്ച പഴയ ഫോര്‍മുലകളും ക്ലീഷ രംഗങ്ങളും കൊണ്ട് മലയാള സിനിമ ഇനിയും മുന്നോട്ട് പോകുമെന്ന്? എന്നാല്‍ ആ ധാരണകളെ പാടെ തകര്‍ത്തെറിയുന്ന ഒരു സിനിമ 2011 ന്റെ ആദ്യ വാരത്തില്‍ തന്നെ പ്രേക്ഷകന്റെ മുന്നിലെത്തിയതും അവരെ തൃപ്തിപ്പെടുത്തിയതും ശുഭോദാര്‍ക്കമാണ്. ഈ പുതിയ പരീക്ഷണത്തിനും ആഖ്യാനശൈലിക്കും പേര് “ട്രാഫിക്” എന്നാണ്. രാജേഷ് പിള്ള എന്ന യുവസംവിധായകന്റെ കിടിലന്‍ ചിത്രം. ഒരു ത്രില്ലിങ്ങ് എക്സിപീരിയന്‍സ്.

കഥാസാരം :
സെപ്റ്റംബര്‍ 16 എന്ന ഒരു ദിവസത്തില്‍ കൊച്ചിയിലെ ഏതോ തിരക്ക് പിടിച്ച ഒരു ട്രാഫിക് സിഗ്നലില്‍ രാവിലെ നടന്ന അപ്രതീക്ഷിത അപകടവും അതിനെത്തുടര്‍ന്നുള്ള ചില ആകസ്മിക സംഭവങ്ങളുടെ തുടര്‍ച്ചയുമാണ് ട്രാഫിക്കിന്റെ ഇതിവൃത്തം.

കൂട്ടൂകാരായ റെയ്ഹാനും (ആസിഫ് അലി) രാജീവും (വിനീത് ശ്രീനിവാസന്‍) ട്രാഫിക് സിഗ്നനില്‍ ‘പച്ച’ കാത്തു കിടക്കുന്നു. രാവിലെ 9 മണിക്കു മുന്‍പായി സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥിനെ (റഹ്മാന്‍) ഇന്റര്‍വ്യൂ ചെയ്യാനുള്ള തിരക്കിലായിരുന്നു ഇന്ത്യാവിഷനിലെ ട്രെയിനിയായ രാജീവ്. അന്നാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം റിലീസാകുന്നത്. ആ തിരക്കേറിയ ട്രാഫിക്ക് കുരുക്കില്‍ തന്റെ ഭാര്യക്ക് വിവാഹ സമ്മാനം നല്‍കാനുള്ള റൊമാന്റിക്ക് മൂഡില്‍ ഡോ.ആബേലുമുണ്ട് (കുഞ്ചാക്കോ ബോബന്‍) കൂടാതെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം തിരികെ കയറാനുള്ള ആദ്യത്തെ ദിവസത്തില്‍ ഓഫീസിലേക്ക് യാത്ര ചെയ്യുന്ന ട്രാഫിക് പോലീസുകാരന്‍ സുദേവനുമുണ്ട്. (ശ്രീനിവാസന്‍). ഈ കഥാപാത്രങ്ങള്‍ പരസ്പരം അപരിചിതരത്രെ, പക്ഷെ ഈ ട്രാഫിക് സിഗ്നലില്‍ വെച്ചുണ്ടാകുന്ന ഒരു അപകടം ഈ അജ്ഞാതരെ പരസ്പരം ബന്ധിപ്പിക്കുന്നു. അന്നത്തെ ദിവസം താന്താങ്ങളുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാവിലെ 8.30നു തുടങ്ങി വൈകീട്ട് 4 നു അവസാനിക്കുന്ന അത്രയും സമയത്തിനുള്ളില്‍ ഇവരുടേ ജീവിതങ്ങള്‍ നിലക്കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കപ്പെടുന്നുണ്ട്. അതില്‍ സ്വപ്നങ്ങളുണ്ട്, ഒറ്റപ്പെടലുകളുണ്ട്, വേദനയുണ്ട്, കാമമുണ്ട്, പ്രണയമുണ്ട് ജീവിതം സമ്മാനിച്ചതും പറിച്ചെടുത്തതുമായ ഒട്ടനവധി കാഴ്ചകളുമുണ്ട്...

മലയാളത്തിനു തികച്ചും പുതുമയുള്ളൊരു ഇതിവൃത്തം, മാത്രമോ വളരെ നന്നായി എഴുതപ്പെട്ട സ്ക്രിപ്പ്റ്റും അതിന്റെ മനോഹരവും നൂതനവുമായ ആവിഷ്കാരവും. വിജയഫോര്‍മുലകളെ നൂറ്റൊന്നാവര്‍ത്തിക്കുന്ന മലയാള സിനിമയില്‍ അത്തരം ആവര്‍ത്തന വിരസദൃശ്യങ്ങള്‍ പാടെ നിരാകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആറ്റിക്കുറുക്കിയെടുത്ത സ്ക്രിപ്റ്റ്. അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ പെര്‍ഫോമന്‍സ്. (പ്രധാന നടന്മാര്‍ മാത്രമല്ല, സഹതാരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഉദാ: പോലിസ് മിഷനില്‍ സീരിയല്‍ നടന്‍ മനോജ് പറവൂര്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം ചേരുവയായ വിജയകുമാര്‍ പോലും ഗംഭീരമാക്കിയിരിക്കുന്നു ഇതില്‍ ) ചടുലവും, ദൃശ്യസമ്പന്നവും, വെളിച്ചവിന്യാസവുമുള്ള ക്യാമറാ വര്‍ക്ക്, അളന്നു മുറിച്ച, ഒഴുക്കുള്ള എഡിറ്റിങ്ങ്, ദൃശ്യങ്ങള്‍ക്കനുയോജ്യമായ പശ്ച്ചാത്തല സംഗീതം എന്നീ സാങ്കേതിക കാര്യങ്ങള്‍ക്കൊണ്ടും ട്രാഫിക് മലയാള കച്ചവടസിനിമയിലെ ഉജ്ജ്വലമൊരു സൃഷ്ടിയാകുന്നു.

ഉള്ളുലക്കുന്ന കുറച്ച് നിമിഷങ്ങളുണ്ട് ഈ സിനിമയില്‍ (സായികുമാര്‍ തീവ്ര് വികാരത്തോടേ ഡി.കളക്റ്ററോട് ഫോണില്‍ സംസാരിക്കുന്നത്, മകളെ സ്ക്കൂളില്‍ കൊണ്ടുവിടാം എന്ന നിര്‍ദ്ദേശത്തെ മകള്‍ തള്ളിക്കളയുമ്പോള്‍ ശ്രീനിയുടെ സുദേവന്റെ ഏറ്റുപറച്ചില്‍ അങ്ങിനെയൊരുപാട്) കഥാപാത്രങ്ങളുടെ ഇത്തരം വികാരങ്ങളും സന്തോഷങ്ങളും ഒരു വാര്‍ത്താചിത്രം പോലെയോ ടിവി സീരിയല്‍ പോലെയോ നമ്മുടെ നേര്‍ക്ക് നേരെ നിന്ന് പ്രസംഗിക്കുകയല്ല. കാമറക്ക് പുറം തിരിഞ്ഞോ സഹ കഥാപാത്രത്തിന്റെ പ്രതികരണത്തിലോ മറ്റു സ്വാഭാവികമായ പെരുമാറ്റത്തിലോ പ്രതിഫലിക്കപ്പെടുകയാണ്. കഥാപാത്രങ്ങളുടെ ജീ‍വിത-പശ്ചാത്തലങ്ങളും അവരുടെ പ്രവൃത്തിമണ്ഡലങ്ങളുമൊക്കെ അവരുടെ ജീവിത പരിസരങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നതിലും പെരുമാറ്റരീതിയിലും വസ്ത്രധാരണത്തിലുമൊക്കെയായി മിതത്വത്തില്‍ കാണിച്ചിരിക്കുന്നു. അതിനു തിരക്കഥാകൃത്ത് ബോബി & സഞ്ജയ് ടീമിനും സംവിധായകന്‍ രാജേഷ് പിള്ളക്കും ഒരു ഹഗ്ഗ് നല്‍കണം.

സാമൂഹ്യവിമര്‍ശനത്തിന്റെ ചില മുള്ളാണികള്‍ ഈ സിനിമയിലുണ്ട്. അവ സമൂഹത്തിനു നേര്‍ക്കെറിയുമ്പോള്‍ തിയ്യറ്ററിലിരുന്നു ജനം ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. ‘സെലിബ്രിറ്റി ഓറ‘യില്‍ ജീവിക്കുന്ന സിനിമാ താരങ്ങളുടെ ഉത്സവആഘോഷവേളയിലെ ചാനല്‍ പ്രഘോഷണങ്ങളുടെ പൊള്ളത്തരങ്ങളും, സിനിമാ ഫാന്‍സിനെക്കൊണ്ട് സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനു ഡാന്‍സ് ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ നന്മയില്‍ എങ്ങിനെ ഭാഗഭാക്കാകാം എന്നുമൊക്കെ ഈ സിനിമ കാണിച്ചു തരുന്നുണ്ട്.

ട്രാഫിക്കില്‍ താരങ്ങളില്ല, കഥാപാത്രങ്ങളേയുള്ളു, അവരുടെ ജീവിതങ്ങളേയുള്ളു. സൂപ്പര്‍ താരങ്ങള്‍(അല്ലാത്ത താരങ്ങളും) ഇമേജ് നോക്കി സ്വന്തം നായക കുപ്പായങ്ങള്‍ തുന്നിക്കുട്ടുമ്പൊഴും നായികയെ മുതല്‍ പ്രൊഡ്. എക്സിക്യൂട്ടീവിനെ വരെ സ്വന്തം അഭിപ്രായത്തില്‍ നിശ്ചയിക്കുന്ന ഈ സമകാലിക മലയാള സിനിമയില്‍ ഇമേജുകളെ നോക്കാതെ റോളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ഈയൊരു ടീം വര്‍ക്കില്‍ ഭാഗഭാക്കായ ഇതിലെ എല്ലാ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും നിറഞ്ഞയൊരു കയ്യടി. ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകനു ഫീല്‍ ചെയ്യും, അര്‍പ്പണബോധമുള്ള കഠിനാദ്ധ്വാനികളായ ഒരു കൂട്ടം നല്ല സിനിമാ പ്രവര്‍ത്തകര്‍ ട്രാഫിക്കിനു പുറകിലുണ്ടെന്ന്. അത് മതി...അത് മാത്രം മതി 2011 മുതല്‍ മലയാള സിനിമയെ ദിശമാറ്റി വിടാന്‍. വരാന്‍ പോകുന്നത് അന്യഭാഷകളില്‍ സംഭവിക്കുന്നു എന്ന് മലയാളിപറയുന്ന നവസിനിമകളായിരിക്കും, മലയാളി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ദൃശ്യ സമ്പന്നതയും ആഖ്യാനവും പുതുകളുമായിരിക്കും. ട്രാഫിക് അതിനുള്ളൊരു മുന്നോടിയാണ്.

പ്രിയ രാജേഷ് പിള്ള & ടീം... വെല്‍ഡന്‍, നിങ്ങളെ ഞാനെന്റെ നെഞ്ചോട് ചേര്‍ത്ത് പുല്‍കുന്നു. ഇത്തരത്തിലുള്ള ഒരു സിനിമാ അനുഭവം തന്നതിനു.