Sunday, January 17, 2010
ഹാപ്പി ഹസ്ബെന്‍ഡ്സ്! അണ്‍ഹാപ്പി പ്രേക്ഷകന്‍!!
മറ്റു ഭാഷകളില്‍ ടി വി സീരിയല്‍ രംഗത്ത് നിന്ന് ഒരുപാട് പേര്‍ സിനിമയിലേക്ക് വന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ അങ്ങിനെ ഒരു തരംഗം ഉണ്ടായിട്ടില്ല. മലയാളത്തില്‍ ഇപ്പോഴും സിനിമ എ ഗ്രേഡും സീരിയല്‍ ബി ഗ്രേഡുമാണ്. അതുകൊണ്ടാവാം സീരിയല്‍ രംഗത്ത് നിന്ന് നല്ല സംവിധായകരോ മറ്റു ടെക്നീഷ്യന്മാരോ മുഖ്യധാരാ മലയാള സിനിമയിലേക്ക് കടന്നു വരാത്തത്. (ശ്യാമപ്രസാദ്, അഴകപ്പന്‍ എന്നിവരെ മറക്കുന്നില്ല) വന്നവര്‍ അധികം വിജയം കൊയ്തിട്ടുമില്ല. പക്ഷെ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമാ വിജയത്തിലൂടെ മുന്‍ സീരിയല്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ മലയാള മുഖ്യാധാരാ സിനിമയില്‍ ഇടം പിടിച്ചു, കോമഡി-ഫാമിലി-മെലോഡ്രാമയായിരുന്നു ഇവര്‍ വിവാഹിതരായാലിന്റെ അടിസ്ഥാനം.
തന്റെ പുതിയ സിനിമയായ ‘ഹാപ്പി ഹസ്ബെന്‍ഡ്സും’ ഇതേ ചേരുവയില്‍ തന്നെ വാര്‍ത്തെടൂത്തതാണ്. ഫാമിലി മെലോഡ്രാമയെ കോമഡിയുടെ മസാലപുരട്ടി ത്രൂ ഔട്ട് നോന്‍സെന്‍സ് സിറ്റുവേഷന്‍സ് - ഡയലോഗ് കൌണ്ടര്‍ കൊണ്ട് വറുത്തെടുത്തിരിക്കുന്നു. മുകുന്ദന്‍ മേനോന്‍, ജോണ്‍, രാഹുല്‍ എന്നീ കഥാപാത്രങ്ങളെ യഥാക്രമം ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ അവതരിപ്പിക്കുന്നു. ജയറാമിന്റെ ഭാര്യാവേഷം കൃഷ്ണേന്ദുവായി ഭാവനയും, ഇന്ദ്രജിത്തിന്റെ ഭാര്യാവേഷം ശ്രേയയുമായി സംവൃതാസുനിലും.ജയറാമിന്റെ ഓഫീസിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജയസൂര്യുയുടെ ജോണും അവന്റെ കാമുകിയായി വന്ദനയും അവര്‍ക്കിടയില്‍ വന്നെത്തുന്ന ഡയാന എന്ന ബാര്‍ ഡാന്‍സറായി റിമാ കല്ലിങ്കലും.
സിനിമയുടെ പേര്‍ കേള്‍ക്കുമ്പോഴേ പ്രവചിക്കാനാവുന്ന ചിത്രം തന്നെയാണ് ഇതും. പഴയ മലയാള സിനിമയിലെ സാജന്‍,ജോഷി, ശശികുമാര്‍ എന്നിവരുടേ ഫാമിലി ചിത്രങ്ങളുടെ പഴക്കം ചെന്ന കഥാതന്തുവും കഥാപാത്രങ്ങളും. സ്നേഹനിധിയായ ഭര്‍ത്താവും അയാളെ സംശയിക്കുന്ന ഭാര്യയും, ഫ്രോഡായ ഭര്‍ത്താവും അതറിയാതെ അയാളെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയും, യുവതിയുടെ പ്രേമാര്‍ഭ്യത്ഥനയില്‍ വീഴുന്ന പാവം സുന്ദരനായ മറ്റൊരു നായകനും. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ബാര്‍ ഡാന്‍സറായ സെക്സി ഗേളും. കുടുംബം താളം തെറ്റാന്‍ മറ്റെന്ത് വേണം? ഒടുവില്‍ ഭാര്യമാര്‍ പിണങ്ങുന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കെട്ടിപുണര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ രണ്ടര മണിക്കുറ് നീളുന്ന മലയാള സിനിമാ കോപ്രായം ശുഭപര്യവസാനിക്കുന്നു.
തമിഴിലെ ‘ചാര്‍ലി ചാപ്ലിന്‍ എന്ന കൊമേഴ്സ്യല്‍ സിനിമയുടെ ഇന്‍സ്പിറേഷന്‍ ആണീ സിനിമ എന്ന് പിന്നാമ്പുറക്കാര്‍ പറയുന്നു,. (ഹിന്ദിയിലെ ‘നോ എണ്ട്രി’ എന്ന സിനിമയും ഇതുതന്നെ)
സിനിമയുടെ ആദ്യ പകുതി പ്രേക്ഷകനെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയാണ് അല്പമെങ്കിലും കോമഡികള്‍ നിറഞ്ഞത്. കോമഡി സീനുകളില്‍ ജയറാം നന്നായി സ്കോര്‍ ചെയ്യുന്നുമുണ്ട്. അരമണിക്കൂറീലോ കൂടിവന്നാല്‍ ഒരു മണിക്കൂറിലോ പറഞ്ഞു തീര്‍ക്കാവുന്ന സിനിമ പക്ഷെ രണ്ടര മണിക്കൂറില്‍ വലിച്ചു നീട്ടുന്നുണ്ട്. അതിന് ചേര്‍ത്തെടുത്ത പല സീനുകളും സീരിയല്‍ നിലവാരത്തിന്റെ അത്രയുമേ ഉള്ളൂ (നായകരുടെ കള്ളി വെളിച്ചത്താവുന്നതിനു തൊട്ടുമുന്‍പുള്ള സീന്‍ നോക്കുക, കൃഷ്ണേന്ദു മലേഷ്യയില്‍ വെച്ച് തനിക്ക് കുളിക്കുന്നതിനു മുന്‍പ് ദേഹത്തു പുരട്ടാന്‍ കാച്ചെണ്ണ അന്വേഷിച്ച് ശ്രേയയുടേയും ജോണിന്റെ റൂമിലും ചെന്നെത്തുന്ന സീന്‍. അസഹനീയമാണത്)
സുരാജ് വെഞ്ഞാറമൂടിന്റെ പതിവു വളിപ്പുകള്‍ പ്രേക്ഷകനെ നന്നായിത്തന്നെ ബോറടിപ്പിക്കുന്നുണ്ട്. പഴകിപ്പഴകി തേഞ്ഞുപോയ പല മിമിക്രി തമാശകളും ചിത്രത്തില്‍ ധാരളമായുണ്ട്. സലിംകുമാറിന്റെ ഇരട്ട വേഷം, മണിയന്‍ പിള്ള രാജു, ഷാജു അങ്ങിനെ പലരും വന്നുപോകുന്നുണ്ട് ചിത്രത്തില്‍. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ചാനലിലെ സിനിമാലയും, രസികരാജയും തിയ്യറ്റര്‍ സ്ക്രീനില്‍ കണ്ട അവസ്ഥ!! അതാണീ ഹാപ്പി ഹസ്ബെന്‍ഡ്സ്.
ആന്തരാവയങ്ങള്‍ മുഴുവന്‍ പഴുത്ത്, അരക്കു താഴെ മുഴുവനും തളര്‍ന്ന് മുഖത്ത്മാത്രം പൌഡറും സ്പ്രേയും പൂശി നില്‍ക്കുന്ന ഒന്നാണ് മലയാള സിനിമ. മുഖം മാത്രം സുന്ദരം. ഊര്‍ദ്ധന്‍ വലിക്കുന്ന മലയാള സിനിമക്ക് അതിജീവനത്തിനു ചികിത്സിക്കേണ്ടതിനു പകരം, ചികിസ്തക്കു കൊടുക്കുന്ന മരുന്നുകളില്‍ വിഷം കലക്കുന്ന പ്രതീതിയാണ് ഇത്തരം സിനിമകള്‍ പടച്ചു വിടുന്നത്.
ഹിന്ദി സിനിമയും തമിഴ് സിനിമയും കുറച്ചു കാലം മുന്‍പ് വരെ ഗാന രംഗങ്ങളും (ചിലപ്പോള്‍ മുഴുവന്‍ സിനിമയും) വിദേശത്തായിരുന്നു ചിത്രീകരിച്ചിരുന്നത്. അന്നൊക്കെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും തമ്പടിച്ചിരിക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ ആ ഭാഷകള്‍ വിദേശത്തുനിന്നു തിരിച്ചെത്തി മലയാളിയുടെ ആതിരിപ്പിള്ളി വെള്ളച്ചാട്ടത്തിലും, കുമരകം കായലിലും, മൂന്നാറിലെ എസ്റ്റേറ്റിലും പീരുമേട്ടിലെ ഹൈറേഞ്ചിലും, വാഴച്ചാലിലെ കൊടുംകാട്ടിലും അവരുടെ സിനിമ ചിത്രീകരികുമ്പോള്‍ മലയാള സിനിമ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും കോലാലമ്പൂരിലേക്കും വിസ എടൂത്തിരിക്കുകയാണ് , പുതിയ സിനിമകള്‍ ചിത്രീകരിക്കാന്‍!
മലേഷ്യയിലെന്നല്ല ലോകത്തിന്റെ ഏതു സുന്ദര കോണില്‍ വെച്ചെടുത്താലും സൂരാജ് വെഞ്ഞാറമൂടീന്റെ തിരോന്തരം ഭാഷയും ജയസൂര്യയുടെ കൊച്ചി സ്ലാങ്ങും, സലിംകുമാറിന്റെ വിഡ്ഡിത്തവും മാറ്റപ്പെടാതെ ചിത്രീകരിക്കപ്പെടൂന്നുണ്ടോ? ഇതേ വളിപ്പുകള്‍ അവതരിപ്പിക്കാന്‍ അവരെന്തിന് മലേഷ്യയില്‍ പോണം? ലൊക്കേഷന്‍ മാറൂന്നതുകൊണ്ട് മാത്രം സിനിമ വ്യത്യസ്ഥമാകുന്നുണ്ടൊ? 70കളുടെ അവസാനത്തിലേയും 80 കളിലേയും പഴയ ഫാമിലി മെലോഡ്രാമ സിനിമകള്‍ പൊടിതട്ടിയെടൂത്ത് ഏത് വിദേശ ലൊക്കേഷനില്‍ ചിത്രീകരിച്ചിട്ടെന്ത് കാര്യം?
എങ്കിലും, വളരെ ഫാസ്റ്റ് കട്ടിങ്ങും വര്‍ണ്ണശബളമായ കോസ്റ്റൂംസും, സുന്ദരമായ മലേഷ്യയും, പാട്ടുമെല്ലാം ചില പ്രേക്ഷകരെയെങ്കിലും സംതൃപ്തിപ്പെടൂത്തുന്നുണ്ട്. മലയാള മനോരമയിലേയും മംഗളത്തിലേയും തുടരന്‍ നോവലുകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്ന ഏത് പ്രേക്ഷകനും മാനസപുത്രി, ജ്വാലയായ് അങ്ങിനെ ഒരുപാടൂള്ള ടി വി സീരിയലുകള്‍ കണ്ണ് തള്ളി കണ്ടിരുന്ന പ്രേക്ഷകനും ഈ സിനിമ വല്ലാതെ ഇഷ്ടപ്പെടൂം. അവര്‍ക്കുംകൂടി വേണ്ടിയാണല്ലോ ഇമ്മാതിരി സിനിമകള്‍ മലയാളത്തില്‍ പടച്ചുവിടൂന്നത്.
വാല്‍കഷണം : മലയാള സിനിമ വളര്‍ന്ന് വളര്‍ന്ന് എവിടം വരെയെത്തിനില്‍ക്കുന്നു എന്ന കാഴ്ചപ്പാടുകള്‍ എന്റെ മുന്‍പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം അതും ചേര്‍ത്തു വായിച്ചാല്‍ മലയാള സിനിമ എവിടം വരെയെത്തി എന്നതിനു പൂര്‍ണ രൂപം കിട്ടും.
Subscribe to:
Post Comments (Atom)
14 comments:
ആന്തരാവയങ്ങള്‍ മുഴുവന്‍ പഴുത്ത്, അരക്കു താഴെ മുഴുവനും തളര്‍ന്ന് മുഖത്ത്മാത്രം പൌഡറും സ്പ്രേയും പൂശി നില്‍ക്കുന്ന ഒന്നാണ് മലയാള സിനിമ. മുഖം മാത്രം സുന്ദരം. ഊര്‍ദ്ധന്‍ വലിക്കുന്ന മലയാള സിനിമക്ക് അതിജീവനത്തിനു ചികിത്സിക്കേണ്ടതിനു പകരം, ചികിസ്തക്കു കൊടുക്കുന്ന മരുന്നുകളില്‍ വിഷം കലക്കുന്ന പ്രതീതിയാണ് ഇത്തരം സിനിമകള്‍ പടച്ചു വിടുന്നത്.
ഞാനീ മനോരമാ മംഗളം വാരികകളിലെ തുടര്‍നോവലൊന്നും വായിച്ചിട്ടില്ല, സൂര്യപുത്രി ജ്വാലയായി സീരിയലുകള്‍ കാണറുമില്ല, 80 കളിലെ സിനിമകളുടെ കാലത്ത് തീയേറ്ററില്‍ പോകാനും കഴിഞ്ഞില്ല, തമിഴും ഹിന്ദിയും കണ്ടിട്ടുമില്ല, പക്ഷേങ്കില് ഈ സിനിമ ശ്ശി പിടിച്ചു, കുറേ ചിരിച്ചു, പറ്റിയാല്‍ ഇനിയും പോകണം, സിനിമകളുടേയും മറ്റു കലകളുടേയും സൈദ്ധാന്തിക വശങ്ങളെക്കുറിച്ച് വെല്യ പിടിയില്ല, ആകെയുള്ള ഒരു ഞായറാഴ്ച്ച അവധി ദിവസം കെട്ട്യോളുടെ കൂടെ പുറത്തു പോയി ഒരു സിനിമയും ഒരു ബിരിയാണിയും അത്രയേ ഉള്ളൂ, തീയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന കാണികളും ചിരിക്കുന്നതും കണ്ടു, പൊട്ടന്മാര്‍ അവര്‍ക്കും എന്നെപ്പോലെ ഇതിന്റെയൊന്നും സൈദ്ധാന്തിക വശം അറിയില്ലെന്നു തോന്നുന്നു, ഞങ്ങ ചെയ്തിരുന്നത് ഈ മലയാള സിനിമയെ നശിപ്പിക്കളായിരുന്നു വെന്ന് താങ്കള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്, ഞങ്ങളുടെ പ്രിയപ്പെട്ട നേരമ്പോക്കാണേ, കേട്ടപ്പോ ഒരു വിഷമം, ഈ ജന്മത്ത് ഞങ്ങക്ക് മലേഷ്യേം ഒന്നും കാണാന്‍ പറ്റില്ലേര്ക്കും, ഇതീക്കാണുമ്പോ ഒരു സുഖമുണ്ട്, അങ്ങനെ കാണുന്നതും സന്തോഷിക്കുന്നതും മലയാള സിനിമയുടെ ശാപമാണെന്നു കേള്‍ക്കുമ്പോ, സങ്കടണ്ട്, നുമ്മടെ സിനിമ അതിരപ്പിള്ളീലോ കുമരകത്തോ ഷൂട്ട് ചെയ്താ കേമാവൂച്ചാ ആയിക്കോട്ടെ, ഇതൊന്നും ഇല്ലാതാവരുത്, ഞായറാഴ്ച്ചകളീ ഞങ്ങക്ക് കാണാനുള്ളതാ ! സസ്നേഹം,
സിനിമ ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്ന് മുകളിലെ കമന്റില്‍ നിന്ന് അറിയുന്നത് ആശ്വാസം.
"ആന്തരാവയങ്ങള്‍ മുഴുവന്‍ പഴുത്ത്, അരക്കു താഴെ മുഴുവനും തളര്‍ന്ന് മുഖത്ത്മാത്രം പൌഡറും സ്പ്രേയും പൂശി നില്‍ക്കുന്ന ഒന്നാണ് മലയാള സിനിമ. മുഖം മാത്രം സുന്ദരം."
കൊള്ളാം. നല്ല നിരീക്ഷണം, ഉപമ.
@ Paachu / പാച്ചു
കച്ചവട സിനിമയില്‍ ലോജിക്കും സൈദ്ധ്യാന്തികതയൊന്നും തിരയാത്ത ആള്‍ തന്നെയാണ് ഞാനും. പക്ഷെ പ്രേക്ഷകനെ ജസ്റ്റിഫൈ ചെയ്യാനും എന്റര്‍ടൈയിന്‍ ചെയ്യാനുമുള്ള ചേരുവകള്‍ ഉണ്ടായിരിക്കണം എന്നു മാത്രം. അതുകൊണ്ടാണ് ലോജിക്കുകള്‍ ഏഴയലത്തു വരാത്ത പ്രിയദര്‍ശന്‍ സിനിമകള്‍ ഇവിടെ സൂപ്പര്‍ഹിറ്റായതും പ്രേക്ഷകന്‍ ഇഷ്ടപ്പെട്ടതും.
ജീവിതത്തിലിന്നേവരെ മലയാളമൊഴിച്ച് മറ്റു ഭാഷാ സിനിമകള്‍ കാണാത്ത പാച്ചുവിന് ഈ സിനിമ ഇഷ്ടപ്പെട്ടതില്‍ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ തമിഴും ഹിന്ദിയും ഇംഗ്ലീഷുമടക്കം മറ്റു സിനിമകള്‍ സ്ഥിരം കാണുന്ന മറ്റു പ്രേക്ഷകരുടെ അഭിപ്രായം അതല്ല. പാച്ചു ചുരുങ്ങിയ പക്ഷം ‘ചാര്‍ളി ചാപ്ലിന്‍’ എന്ന തമിഴ് സിനിമയോ ‘ ‘മസ്തി‘ എന്ന ഹിന്ദി സിനിമയോ കാണണം (സിഡി വിപണയില്‍ കിട്ടും) അപ്പോള്‍ ഹാപ്പി ഹസ്ബെന്‍ഡ്സ് എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാകും.
മലയാള സിനിമ ഈ ആധുനിക കാലത്ത് ഇങ്ങിനെ സിനിമ എടുത്താല്‍ മതിയോ? ഈ നിലവാരത്തില്‍ തന്നെ മതിയോ എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് എന്റെ കാഴ്ചപ്പാടുകള്‍ ഈ ആസ്വാദനക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. (സാധിക്കുമെങ്കില്‍ ഇതിനു തൊട്ടൂ മുന്‍പത്തെ പോസ്റ്റ് കൂടി വായിക്കുക)
@ ശ്രീ
ഈ സിനിമ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. മിശ്രപ്രതികരണമാണ് സിനിമക്ക് തിയ്യറ്ററുകളില്‍ ലഭിക്കുന്നത്. ഈ സിനിമയെക്കുറീച്ചുള്ള എന്റെ പ്രതികരണം കുറിച്ചുവെന്ന് മാത്രം.
ഈ സിനിമ (കഥ) കുറച്ചുകൂടീ ഹോം വര്‍ക്കോടെ, പ്ലാനിങ്ങോടെ, വെട്ടിത്തിരുത്തലുകളോടെ ചെയ്തിരുന്നെങ്കില്‍ വേണമെങ്കില്‍ നല്ലൊരു എന്റര്‍ടെയ്നര്‍ ലഭിക്കുമായിരുന്നു. പക്ഷെ കോമഡിക്കുവേണ്ടി കോപ്രായങ്ങള്‍ കുത്തിനിറച്ചു ബോറഡിപ്പിച്ചു കളഞ്ഞു.
[ശ്രീയുടെ ആസ്വാദനനിലവാരത്തില്‍ ഈ സിനിമ വരുമെന്ന് എനിക്കു തോന്നുന്നില്ല :) ]
@ MOM
അഭിപ്രായത്തിനു നന്ദി. തീര്‍ച്ചയായും അത്തരമൊരു അവസ്ഥയിലാണ് മലയാള സിനിമ. നല്ല സിനിമളെ നമ്മള്‍ നിരസിക്കുകയും ഇത്തരം കോമഡി കോപ്രായങ്ങളെ പ്രോത്സാഹിപ്പികുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ നിലവാരത്തിലുള്ള ചിത്രങ്ങള്‍ തന്നെയേ വീണ്ടും വീണ്ടും പുറത്തുവരൂ. അത് ഇന്‍ഡസ്ട്രിക്കെന്നല്ല നല്ല ചിത്രങ്ങള്‍ കാണാനുള്ള പ്രേക്ഷകന്റെ അവസരത്തേയും നശിപ്പിക്കും.
മാഷേ... ഈ പുതുവര്‍ഷത്തിലെങ്കിലും നിര്‍മ്മാതാവിന്റെ കൈ പൊള്ളിയ്ക്കുന്ന തരത്തില്‍ ഒരു പടവും പൊട്ടാതിരിയ്ക്കട്ടെ എന്ന ആഗ്രഹമേ ഉള്ളൂ... ഇഷ്ടപ്പെടുന്നവര്‍ കുറച്ചു പേരെങ്കിലുമുണ്ടെങ്കില്‍ മുടക്കു മുതല്‍ തിരിച്ചു പിടിയ്ക്കാമല്ലോ.
സജി സുരേന്ദ്രന്റെ ആദ്യ ചിത്രം തന്നെ എനിയ്ക്കത്ര പിടിച്ചില്ല. ഇനിയുള്ള ചിത്രങ്ങളെങ്കിലും മെച്ചപ്പെടുമെന്ന് പ്രതീക്ഷിയ്ക്കാം. :)
മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് ഇന്നുള്ള പ്രേക്ഷകര്‍ തന്നെയാണ് ഉത്തരവാദികള്‍, ഇവര്‍ വിവാഹിതരായാല്‍ ഹിറ്റാണത്രെ, വലിച്ചു നീട്ടി സാമാന്യം പ്രേക്ഷകരെ നന്നായി ബോറടിപ്പിക്കുന്നുണ്ട് ആചിത്രം എന്നിട്ടും അത് നമ്മുടെ പ്രേക്ഷകര്‍ ആസ്വദിച്ചു, അതുകൊണ്ട് തന്നെ സംവിധായകന്‍ അടുത്ത പടം ഉടന്‍ തുടങ്ങി, പക്ഷെ മികച്ച പരീക്ഷണങ്ങളായ കേരളകെഫെ, പാലേരി മാണിക്യം, പത്താം നിലയിലെ തീവണ്ടി, ഭ്രമരം തുടങ്ങിയവ പൊട്ടി എന്നതാണ് ദുഖസത്യം. പണ്ട് പഞ്ജാഗ്നി, തനിയാവര്‍ത്തനം, ദേശാടനം, പൊന്തന്മാട, തൂവാനതുമ്പികള്‍, സ്വര്‍ഗം, സ്വാന്തനം, ആധാരം, ജാതകം, തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ തിയറ്ററില്‍നിന്ന് ലാഭം കിട്ടിയവയാണ്, ഇന്നാണെങ്കില്‍ ഇത്തരം സിനിമകള്‍ ഇറങ്ങിയ വിവരം തന്നെ ജനങ്ങള്‍ അറിയുകപോലുമില്ല.
അബ്ദുലിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, മലയാളത്തില്‍ ഇന്നും നല്ല സിനിമകള്‍ വരുന്നുണ്ട്. തലപ്പാവ്, കയ്യൊപ്പ്, ഋതു തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ സിനിമാചരിത്രത്തിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇടം പിടിക്കെണ്ടാവയാണ്. പക്ഷെ നമ്മുടെ സമൂഹത്തിനു മൊത്തത്തില്‍ സംഭവിച്ച മാറ്റത്തിന്റെ ഭാഗമായി ഇത്തരം നല്ല സിനിമകള്‍ കാണികള്‍ സ്വീകരിക്കുന്നില്ല. മക്കളെ എല്ലാം കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ആക്കണം എന്ന് ആഗ്രഹിച്ചു എന്ട്രന്‍സ് കോച്ചിങ്ങിനു ഉന്തിത്തള്ളി വിടുന്ന മലയാളിക്ക് എങ്ങനെയാണ് ആറക്ക ശമ്പളമുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചു എഴുത്തുകാരനാകാന്‍ പോകുന്ന നായകന്‍റെ കഥ പറയുന്ന ഋതു ഇഷ്ടപെടുക? കമ്മ്യൂണിസ്ടുകളും കോണ്‍ഗ്രസുകാരും ഒരേ കള്ളനാണയത്തിന്റെ ഇരു വശങ്ങലാണെന്ന് പറയുന്ന അരാഷ്ട്രീയ മധ്യവര്‍ഗം എങ്ങനെയാണ് ആദര്‍ശത്തിനു വേണ്ടി ജീവന്‍ ത്യജിച്ചവരുടെ കഥ പറയുന്ന ഗുല്‍മോഹറും തലപ്പാവും കാണുക? കാറ് വാങ്ങാനും ഇരുനില മാര്‍ബിള്‍ മാളിക പണിയാനും എടുത്ത ലോണ്‍ എങ്ങനെ അടക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ നമുക്കൊന്ന് ആശ്വസിക്കാന്‍ മലേഷ്യയും, സ്വിറ്സേര്‍ലണ്ടുമൊക്കെ തന്നെ കാണണം. യഥാര്‍ത്ഥ്യം കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ ഇയര്‍ ഫോനെ കുത്തിവച്ചു എഫ്എം കേട്ട് നടക്കുന്ന മലയാളിക്ക് കാഴ്ചയിലും ഇത്തരം മായിക ,സങ്കല്പ്പ ദൃശ്യങ്ങള്‍ തന്നെ പഥ്യമാകുന്നതില്‍ എന്തത്ഭുതം? പിന്നെ ഇടക്കൊക്കെ ഒരു മേമ്പൊടിക്ക് കേരള കഫേയിലെ ദിലീപ് പറയുന്നത് പോലെ നമ്മളും പറയും ഭരതന്‍ ,പത്മരാജന്‍, എന്നൊക്കെ. അവര്‍ക്കൊപ്പോം നില്‍ക്കുന്ന സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ കണ്ട ഭാവം നടിക്കുകയുമില്ല. അപ്പോള്‍ മൊഴിമാറ്റം നടത്തിവന്ന ആര്യയുടെ ഡാന്‍സ് ആല്‍പ്സ് പര്‍വതനിരകളില്‍ കാണാന്‍ പോകും നമ്മള്‍.
നല്ല ആസ്വാദന കുറിപ്പ്. സജി സുരേന്ദ്രന്‍ ഇനിയും സിനിമകള്‍ ചെയ്യും, ഇതുപോലത്തെ കോപ്രായങ്ങള്‍ കാണിക്കും കാരണം സജി സുരേന്ദ്രനു ആവശ്യമായ പ്രേക്ഷകര്‍ ഇവിടുണ്ട്.
മലയാള സിനിമയില്‍ ഇപ്പോഴും പഴത്തൊലിയില്‍ ചവിട്ടി വഴുക്കിവീഴുന്നതും,കോമഡി നടന്റെ അണ്ടര്‍ വെയര്‍ ഊരിപ്പോകുന്നതും, കല്ലെടുത്തെറിയുമ്പോള്‍ തലയിലെ തൈരുകുടം പൊട്ടിപോകുന്നതുമായ തമാശകള്‍ കാണിക്കുന്നത് വെറുതെയല്ല, കുടുംബവുമായി വന്ന് ഈ വിഡ്ഢിത്തങ്ങള്‍ കണ്ട് തലമറന്ന് ചിരിച്ച് ആസ്വദിക്കുവാന്‍ ഇഷ്ടം പോലെ മണ്ടന്‍ പ്രേക്ഷകര്‍ ഇപ്പോഴുമുണ്ടല്ലോ..
(ബിരിയാണിക്കൊപ്പം ആസ്വദിക്കുവാന്‍ പറ്റിയ സിനിമതന്നെയാണ് ഗാപ്പി ഗസ്ബെന്‍ഡ്സ്) :)
എനിക്ക് മനസിലാവാത്ത സിനിമയേക്കാൾ എന്തുകൊണ്ടും "തറ" ചിരി പടങ്ങളാണ് ഞാൻ കാണുക.
ഒന്നും മനസിലാവാതെ ഗൗരവത്തിൽ തീയറ്ററിൽ നിന്ന് ഇറങ്ങി പോരുന്നതിനേക്കാൾ, അല്‌പം തറയായി ചിരിക്കാനാണ് എനിക്കിഷ്ടം.
വീണ്ടും ഈ വഴി വന്നപ്പോഴാണ് തുടര്‍കമന്റുകള്‍ കണ്ടത്, വൈകിയെഴുതുന്ന എന്റേതും വരവു വെക്കുമെന്നു പ്രതീക്ഷിക്കുന്നു, അങ്ങയുടെ സ്പേസില്‍ ഒരു സിനിമയെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടില്‍ വിവരണം എഴുതുന്നതിനാല്‍ അക്കാര്യത്തില്‍ ഒരഭിപ്രായമോ മറ്റോ ഉദ്ദേശിച്ചിരുന്നില്ല, ഓരേയൊരു കാര്യത്തില്‍ മാത്രമേ സങ്കടം പറഞ്ഞിട്ടുള്ളൂ, ഈ സിനിമ ആസ്വദിച്ച ശരാശരി പ്രേക്ഷകനെ ഉപമിക്കുവാനുപയോഗിച്ച പദപ്രയോഗങ്ങളുടെ കാര്യത്തില്‍.
ദൌര്‍ഭാഗ്യ വശാല്‍ പല ബുദ്ധിജീവികളും മലയാളത്തിലെ ശരാശരി പ്രേക്ഷകരെ സിനിമയുടെ ശാപം, സിനിമയെ നശിപ്പിക്കുന്നവര്‍ എന്നെല്ലാമാണ് ഉപമിക്കാറ്, അങ്ങയുടെ പോസ്റ്റിന്റെ അന്ത്യപാദത്തിലും അത്തരം പദപ്രയോഗങ്ങള്‍ കാണുകയുണ്ടായി.
വിയര്‍പ്പിന്റെ മണമുള്ള നോട്ടുകളും ചില്ലറകളും വൈകുന്നേരങ്ങളില്‍ സിനിമാ കൊട്ടകകളില്‍ കൊടുത്തിരുന്ന ശരാശരി ജീവിതനിലവാരത്തിനു താഴെയുള്ള, സിനിമ ഒരാഘോഷമാക്കി കാണുന്ന, സാദാ കാണികളാണ് ഈ സിനിമാ വ്യവസായത്തെ എന്നും നിലനിര്‍ത്തിയിട്ടുള്ളത്, അല്ലാതെ ബുദ്ധിജീവി വര്‍ഗ്ഗങ്ങളല്ല, ആയിരുന്നേല്‍ ബുജി പടങ്ങള്‍ തകര്‍ത്തോടുമായിരുന്നു, അങ്ങനെയല്ലല്ലോ, ശരാശരിക്കാരന് സിനിമ ഏറ്റവും വലിയ വിനോദോപാധിയാണ്, വിനോദോപാധി മാത്രം, (അതു കൊണ്ടുമാണ് പുതിയ വിനോദ മാധ്യമങ്ങളുടെ വരവോടെ കാണികള്‍ കുറഞ്ഞത്), ഇടപെടല്‍ / ആത്മാവിഷ്കാര മാധ്യമമായി സിനിമയെ സമീപിക്കുന്നവരുടെ സൃഷ്ടികള്‍, വെള്ളിത്തിരകളില്‍ സ്വപ്നങ്ങളുടെ പൂര്‍ണ്ണതയും ഉല്ലാസവും പ്രതീക്ഷിച്ച് വരുന്ന ശരാശരി പ്രേക്ഷകന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന നിലപാടും അല്ലാത്തവര്‍ക്ക് പൈങ്കിളിയെന്ന വിശേഷണങ്ങളും ചാര്‍ത്തിക്കൊടുക്കുന്നത് ശരിയല്ല. അവര്‍ ഇത്തരം മാനസികോല്ലാസം ലഭിക്കുന്ന സിനാമാകാഴ്ചകള്‍ ആഘോഷിക്കുന്നു, അല്ലാത്തത് സുന്ദരമായി തള്ളിക്കളയുന്നു,
സിനിമാ വ്യവസായം ശരാശരി പ്രേക്ഷകനെന്ന വേരില്‍ നിലനില്‍ക്കുന്ന മഹാവൃക്ഷമാണ്, അതിലെ പല ശിഖിരങ്ങളില്‍ ഒന്നു മാത്രമാണ് ആര്‍ട്ട് ഹൌസ് സിനിമകള്‍, മലയാളത്തിനെ സംബന്ധിച്ച് ശുഷ്കമായ ആ ശിഖിരത്തിലിരുന്ന് അങ്ങയെപ്പോലെയുള്ളവര്‍, വൃക്ഷത്തെ നിലനിര്‍ത്തുന്ന വേരാകുന്ന ശരാശരി പ്രേക്ഷകന്റെ നേര്‍ക്ക് വെറുപ്പിന്റെ കോടാലിയെറിയുന്നു. മുകളില്‍ കാണുന്ന ശ്രീ. സന്തോഷിന്റെ കമന്റ് മറ്റൊരുദാഹരണം, “ബിരിയാണിക്കൊപ്പം ആസ്വദിക്കുവാന്‍ പറ്റിയ സിനിമതന്നെയാണ് ഗാപ്പി ഗസ്ബെന്‍ഡ്സ് :)” എന്ന അവസാന വാചകമെടുക്കുക, പുച്ഛ രസം ബഹു കേമം, ടി. സിനിമ പക്കാ കൊമേഴ്സ്യലാണെന്നറിയാതെ "കിം കി ഡൂക്ക് ” നിലവാരം പ്രതീക്ഷിച്ചാണോ ടിയാന്‍ സിനിമ കണ്ടത്, അദ്ദേഹത്തിന്റെ വിശേഷണം "മണ്ടന്‍ പ്രേക്ഷകന്‍” എന്നാണ്, ഹാസ്യവും സിനിമയും ജീവിതവും ആസ്വദിക്കുന്നത് ഓരോ വ്യക്തികളുടേയും കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിരിക്കും എന്നിരിക്കെ അദ്ദേഹത്തിന്റെ ആസ്വാദിക്കാന്‍ കഴിയാത്ത ഒരു കാര്യം മറ്റൊരാള്‍ ആസ്വദിച്ചു എന്ന ഒറ്റക്കാരണത്താല്‍ (നിലവാരത്തിന്റെ ഏറ്റക്കുറച്ചിലോ എന്തോ ആകട്ടെ) കാണികളെ മണ്ടന്‍മാര്‍ എന്നു വിളിക്കുമ്പോള്‍ നല്ല സിനിമയ്ക്കുവേണ്ടി വാദിക്കുന്നവരുടെ മാനവികത എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഹാസ്യം തവളയെപ്പോലെയാണ്, കീറിമുറിച്ച് പരിശോധിക്കാന്‍ ആരംഭിക്കുമ്പോള്‍ അതു മരിക്കുന്നു എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു. അങ്ങയുടെ വിലയിരുത്തല്‍ ആവശ്യത്തിന് മേല്‍ സിനിമയുടെ മറ്റു പതിപ്പുകള്‍ കാണേണ്ടത് അത്യാവശ്യമാണെങ്കിലും ഒരു സാദാ കാണി സിനിമയ്ക്കു പോകുമ്പോള്‍ ആ സിനിമയുടെ മുന്‍ പതിപ്പുകള്‍ കണ്ട് ശ്രീ. സന്തോഷിന്റെ നിലവാരത്തില്‍ ചിരിക്കില്ലെന്നുറപ്പിച്ച് പോകേണ്ട കാര്യമില്ല, കാരണം ആ പ്രേക്ഷകനു വേണ്ടത് ഇത്തരം സിനിമകള്‍ പ്രദാനം ചെയ്യുന്ന മാനസികോല്ലാസമാണ്. അത്തരക്കാര്‍ കുടുംബത്തേയും കൂട്ടി സിനിമയ്ക്ക് പോകുന്നത്, ചില ബ്ലോഗര്‍മാര്‍ നെഗറ്റീവ് വാക്കുകളെഴുതി "ഒരു പ്രേക്ഷകനെയെങ്കിലും" തീയേറ്ററില്‍ നിന്നകറ്റുന്നതിനേക്കാളും എത്രയോ വലിയ കാര്യമാണ്.
ശ്രമിച്ചെങ്കിലും വാക്കുകള്‍ ചുരുക്കാന്‍ കഴിഞ്ഞില്ല, സദയം ക്ഷമിക്കുമല്ലോ, സസ്നേഹം,
പടം കണ്ട് ദാ ഇപ്പൊ വന്നു. എനിക്കിഷ്ടായി.. ഞാൻ മാത്രമല്ല തീയേറ്ററിൽ മൊത്തം കൂട്ടച്ചിരിയായിരുന്നു.. കുറെ വളിപ്പുകളുണ്ടെങ്കിലും മൊത്തത്തിൽ ആസ്വദിക്കാൻ പറ്റിയ ഒരു കോമഡി ചിത്രം.. കാശു നഷ്ടമാവുകയൊന്നും ഇല്ല.
(എന്റെ നിലവാരപ്രശ്നമാവാം..)
Post a Comment